Monday, January 28, 2008

മൂകദൂതന്‍

മുംബൈയില്‍ നിന്ന് കാഠ്മാണ്ഡുവിലേക്കുള്ള വിമാനത്തിലിരിക്കുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍ വീര്‍ ബഹാദൂര്‍ പലപ്പോഴായ് ഒരതിഭാവുകത്തോടെ വര്‍ണ്ണിച്ചീട്ടുള്ള അവന്റെ ഗ്രാമമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അവനോടൊപ്പം ആ ഗ്രാമം കാണാന്‍ ചെല്ലുമെന്ന് ഞാനവന് വാക്കുകൊടുത്തിരുന്നു. പക്ഷെ അതിങ്ങനെ ഒരു യാത്രയാവുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്. ഒരു ബാങ്കിന്റെ സാമ്പത്തികോപദേഷ്ടാവ് എന്ന നിലയില്‍ അതിന്റെ ബാലന്‍സ് ഷീറ്റുകള്‍ എത്ര പൂര്‍ണ്ണതയോടെയാണ് തയ്യാറാവേണ്ടത് എന്ന് നിഷ്ക്കര്‍ശിച്ചിരുന്ന എന്റെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുകള്‍ പലപ്പോഴും ടാലിയാവാതെ, പാളീച്ചകള്‍ തിരിച്ചറിയാതെ എന്തൊക്കെയോ ആയിത്തീരുന്നത് ഒരു നിസംഗതയോടെ മാത്രം ഞാന്‍ കണ്ടു.


ഐ.ടി ഹെഡ് അതുല്‍ കുല്‍ക്കര്‍ണിയാണ് ഒരു ദിവസം കാലത്ത് വീര്‍ ബഹാദൂറിനെ എന്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. നല്ല വെളുത്ത്, പാകത്തിന് ഉയരമുള്ള, നനുത്ത മീശയുള്ള, ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍ ഭവ്യതയോടെ കൈ കൂപ്പി നിന്നു. അതുല്‍ കുല്‍ക്കര്‍ണി ആദ്യം എന്നെ വീര്‍ ബഹാദൂറിന് ഇങ്ങനെ പരിചയപ്പെടുത്തി.
“മീറ്റ് മിസ്റ്റര്‍ യദുനന്ദന്‍, ഇക്കണോമിക് അഡ്വവൈസര്‍, യു ഹാവ് ടു ഡെവലപ് മെനി പ്രോഗ്രാംസ് ആസ് റിക്വയേര്‍ഡ് ബൈ ഹിം ഫ്രെം ടൈം ടു ടൈം”
പിന്നെ എനിക്കവനെ പരിചയപ്പെടുത്തി,

“സാര്‍, ഔര്‍ ന്യൂ അപ്പോയിന്റ്മെന്റ് മിസ്റ്റര്‍ വീര്‍ ബഹാദൂര്‍ കഡ്ക്ക, പ്രോഗ്രാമര്‍, എസ്പെഷലി അപ്പോയിന്റഡ് ടു ടേക് കെയര്‍ ഓഫ് യുവര്‍ പ്രോജക്റ്റ്സ്”.


തൊഴുതു നിന്ന അവന്റെ നേരെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ കൈ നീട്ടി. സദാ പുഞ്ചിരി തൂകി നില്‍ക്കുന്ന അവന്റെ മുഖം ഒന്നു കൂടി സന്തോഷം കൊണ്ട് വിടര്‍ന്നുവെന്ന് തോന്നി. ഷേക് ഹാന്‍ഡ് നല്കിയപ്പോള്‍ മുതല്‍ തനിക്കൊരു അനുജനെ കിട്ടിയ പ്രതീതിയായിരുന്നു മനസ്സില്‍. അന്ന് മുതല്‍ അവന്‍ എന്നെ യദു ഭായ് എന്നേ വിളിച്ചീട്ടുള്ളു. എനിക്കവന്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ബഹദൂറായിരുന്നു. ഞാനവനെ ബഹദൂറേ എന്ന് നീട്ടിവിളിക്കുന്നത് ഓഫീസില്‍ ചിരിയുണര്‍ത്തിയിരുന്നുവെങ്കിലും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമായിരുന്നു. ബഹാദൂര്‍ ഒരു നേപ്പാളിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ കണ്ടീട്ടുള്ള നേപ്പാളികളുടെ മട്ടും മാതിരിയുമൊന്നും അവനില്‍ ലേശം പോലും ഏശിയിരുന്നില്ല. അഞ്ചുമണി ആകുമ്പോഴേക്കും ഓഫീസ് പടിയിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരിക്കലും ബഹാദൂര്‍ ഉണ്ടായിരുന്നില്ല. എന്റെ സങ്കല്പത്തിനേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു എല്ലാ പ്രോജക്റ്റിലും അവന്റെ കയ്യൊപ്പുകള്‍. ജോയിന്‍ ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ആദ്യമായ് അവന്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയത്. തന്റെ ഗ്രാമത്തിലേക്ക് വരുന്നോ എന്നവന്‍ പോകുമ്പോള്‍ എന്നോട് അന്വേഷിച്ചിരുന്നു. ഇനിയൊരിക്കലാവട്ടെ എന്ന് പറഞ്ഞൊഴിഞ്ഞു. വര്‍ഷങ്ങള്‍ക്കപ്പുറം പിന്നീടവന്‍ ക്ഷണിച്ചത് രജിസ്ട്രാറുടെ ഓഫീസിലേക്കായിരുന്നു. വിവാഹ രജിസ്ട്രേഷനില്‍ സാക്ഷിയുടെ സ്ഥാനത്ത് എന്റെ ഒരു കയ്യൊപ്പിടാനായിരുന്നു അത്. ‘വീര്‍ ബഹാദൂര്‍ വെഡ്സ് രുക്സാന.’ എവിടെയോ കേട്ടു പരിചയമുള്ള ഈ പേരിന്റെ ഉടമയെ ഞാന്‍ സാകൂതം നോക്കിയപ്പോള്‍ നാണത്താല്‍ സാരി കൊണ്ട് മുഖം മറച്ചവള്‍ നിന്നു. ‘അമ്പടീ, നീയായിരുന്നോ‘ എന്നാണ് പൊടുന്നനെ മനസ്സിലേക്ക് വന്നത്. ബാങ്കിന്റെ ഏതോ ഒരു ഡിപ്പാര്‍ട്ടുമെന്റില്‍ ഞാനവളെ പലപ്പോഴും കണ്ടീട്ടുണ്ട്. ഞാന്‍ കാണുന്ന കണ്ണുകളോടെയല്ലല്ലോ ബഹാദൂര്‍ അവളെ കണ്ടത്. അങ്ങനെ ഒരനുജന്റെ വിവാഹത്തില്‍ പങ്കെടുത്ത സന്തോഷത്തിലായിരുന്നു അന്ന് ഞാന്‍.


അന്ന് പതിവില്ലാതെ ഞാനല്പം കൂടുതല്‍ കുടിച്ചിരുന്നുവെന്ന് തോന്നുന്നു. ഒരു പക്ഷെ എനിക്ക് ബന്ധുവിന്റെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായ് വര്‍ദ്ധിച്ചതിന്റെ സന്തോഷമായിരിക്കാം. ബഹാദൂറിന്റെ വീട്ടില്‍ ഞാന്‍ ചെല്ലുന്നതും രുക്സാന വെച്ചു വിളമ്പിയ ആഹാരം കഴിക്കുന്നതുമൊക്കെ ആലോചിച്ച് പുതിയ ബന്ധങ്ങളുടെ മറ്റൊരു തരം ലഹരിയില്‍ ഞാന്‍ മയങ്ങി. എനിക്ക് ബന്ധങ്ങള്‍ വിധിച്ചീട്ടില്യാത്തതുകൊണ്ടാവും അവരുടെ മധുവിധുനാളുകള്‍ തീരും മുമ്പേ ഹിന്ദു മുസ്ലീം ലഹളയില്‍ ബഹാദൂറിനേയും, രുക്സാനയേയും മതഭ്രാന്തന്മാര്‍ തിരഞ്ഞുപിടിച്ചു കൊന്നത്. അന്നായിരുന്നു ഞാന്‍ രണ്ടാമതും സ്വയം മറന്ന് മദ്യപിച്ചത്.



കാഠ്മാണ്ഡു വിമാനത്താവളത്തിലിറങ്ങുമ്പോള്‍ നട്ടുച്ചയായിരുന്നു. സൂര്യന്‍ നെറുകയില്‍ കത്തി നിന്നീട്ടും എന്തോ എനിക്ക് നല്ല കുളിര്‍മ്മയാണനുഭവപ്പെട്ടത്. വടക്ക് പര്‍വ്വതസാനുക്കളില്‍ മഞ്ഞുപാളികള്‍ മൂടിക്കിടന്നു. ദേവന്മാരുടെ നാട് ഒരുപക്ഷെ ഇവിടെ നിന്നാവാം ആരംഭിക്കുന്നതെന്ന് എനിക്ക് തോന്നി. ബഹാദൂര്‍ ഒരിക്കല്‍ വിവരിച്ച വഴികള്‍ മനസ്സില്‍ നിന്നും ചികഞ്ഞെടുത്ത് ഞാന്‍ അവന്റെ ഗ്രാമത്തിലേക്കുള്ള യാത്ര തുടര്‍ന്നു. അടച്ചുപൂട്ടിയ വാഗണ്‍ പോലെ തോന്നിയ ഒരു ബസ്സില്‍ വിരാട് നഗറിലേക്ക്. ബസ്സിന്റെ പുറമേ മോശമായ് തോന്നിയെങ്കിലും അകം വിശാലമായതും വൃത്തിയുള്ളതും ആയിരുന്നു. വൈകുന്നേരമായപ്പോഴാണ് വിരാട് നഗറിലെത്തിയത്. ഇനിയങ്ങോട്ടുള്ള യാത്രയെക്കുറിച്ച് ഒരവ്യക്തമായ ചിത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. നേപ്പാളിന്റെ അതിര്‍ത്തിയില്‍ ഹിമാലയസാനുക്കളിലെവിടെയോ ആണവന്റെ ‘ബാവുലിയ’ ഗ്രാമം. അല്ലെങ്കില്‍ നേപ്പാളിനും ചൈനക്കുമിടയിലെവിടെയെങ്കിലും ആയിരിക്കണം. വിരാട് നഗറില്‍ നിന്ന് പിന്നേയും മൈലുകള്‍ താണ്ടി നേപ്പാളിന്റെ അതിര്‍ത്തി പ്രദേശത്ത് ചെന്ന് അവിടെ നിന്ന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും നടന്നാലേ ഗ്രാമത്തിലെത്തുകയുള്ളുവെന്നാണവന്‍ പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. വിരാട് നഗറില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ വന്ന ബസ്സൊഴിച്ച് മറ്റൊരു വാഹനവും അവിടെ കണ്ടില്ല. കുറച്ച് കഴുതകള്‍ ഭാണ്ഡങ്ങള്‍ പേറി അവിടവിടെ മേയുന്നുണ്ടായിരുന്നു. വഴിയോരങ്ങളിലെ ഡാബകളില്‍ നിന്ന് ഹിന്ദി ഗാനങ്ങളും, പഞ്ചാബി ഗാനങ്ങളും ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അതിനിടയില്‍ നേപ്പാളികളുടെ കലമ്പലും കലര്‍ന്ന് പാട്ടുകള്‍ പലപ്പോഴും അപശബ്ദങ്ങളായ് പുറത്തേക്കൊഴുകി. ഇനിയെങ്ങോട്ട് എന്ന മട്ടില്‍ വഴിവക്കില്‍ നിന്നിരുന്ന എന്നോട് ആരും ഒന്നും തന്നെ ചോദിച്ചില്ല. ഡാബകളിലേക്ക് എവിടെ നിന്നോ ചിലര്‍ വരുന്നതു കാണാം. അതുപോലെ ചിലര്‍ പുറത്തേക്ക് പോകുന്നതും കാണാം. പിന്നെ അവര്‍ എവിടെ അപ്രത്യക്ഷരാവുന്നുവെന്ന് കുറച്ച് നേരം ഞാന്‍ അത്ഭുതപ്പെട്ടു നോക്കി നിന്നു.
എയര്‍ ബാഗും തൂക്കി പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്ണിളകിയ റോഡിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ പുറകില്‍ ഒരു കുതിരവണ്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നിന്നു. ഹിന്ദി കലര്‍ന്ന നേപ്പാളിയില്‍ കുതിരവണ്ടിക്കാരന്‍ എനിക്ക് പോകേണ്ട ഇടം തിരക്കി. അതിര്‍ത്തിയിലെത്തിച്ചു തരാന്‍ പറയുന്നതിനായ് ഞാന്‍ കിട്ടാവുന്ന ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. രാത്രിയിലെപ്പോഴോ ആണ് നേപ്പാളിന്റെ അതിര്‍ത്തിയിലെത്തിയത്. മയക്കത്തിലാണ്ടുപോയ എന്നെ കുതിരവണ്ടിക്കാരന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. ഞാനെഴുന്നേറ്റ് ചുറ്റും നോക്കി. വന്‍ മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന കാടാണു ചുറ്റും. കുതിരവണ്ടിക്കാരനെ കാശുകൊടുത്ത് സന്തോഷിപ്പിച്ച് ഞാന്‍ പുറത്തേക്കിറങ്ങി. റോഡെന്ന് പറയാവുന്നതിന്റെ അവസാന ഞെരമ്പില്‍ നിന്നും കുതിരയെ അയാള്‍ പുറകോട്ട് നടത്തി. പിന്നെ കുതിരവണ്ടി അകന്നകന്ന് പോകുന്ന ശബ്ദം രാത്രിയുടെ നിശബ്ദതയില്‍ പേടി മാറ്റാന്‍ സഹായിക്കുന്ന സംഗീതമായ് എനിക്ക് തോന്നി. മുന്നോട്ടുള്ളത് മനുഷ്യര്‍ ചവിട്ടി മെതിച്ചിട്ടിരിക്കുന്ന നടവഴികള്‍ മാത്രം.

എയര്‍ബാഗില്‍ നിന്നും ഞാന്‍ ടോര്‍ച്ച് തപ്പിയെടുത്തു. അകലെയെവിടെയോ തീയിട്ടു കായുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. അസമയങ്ങളില്‍ കരയുന്ന ചില പക്ഷികളുടെ ശബ്ദവും കേട്ട് ടോര്‍ച്ച് തെളിയിച്ച് ഞാന്‍ മുന്നോട്ടു നടന്നു. തീയിട്ടു കായുന്നവരുടെ സങ്കേതമായിരുന്നു എന്റെ ലക്ഷ്യം. നടപ്പാതകള്‍ ക്രമേണ തെളിയാതെയായി. മുന്നില്‍ ചെറിയ മലകളുടെ ഏറ്റിറക്കങ്ങള്‍ മാത്രം. കുറേ നടന്നപ്പോള്‍ വെളിച്ചം കണ്ടത് അത്രയൊന്നും അടുത്തല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു പക്ഷെ മലയുടെ രണ്ടാമത്തെ മടക്കിലായിരിക്കും ആളുകള്‍ തമ്പടിച്ചിരിക്കുന്നത്. ശക്തമായ തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ വിറയ്കാന്‍ തുടങ്ങി. എയര്‍ ബാഗില്‍ നിന്നും ഒരു സ്വെറ്റര്‍ എടുത്തിട്ടു. നൈക്കിന്റെ ചെവി മൂടുന്ന തൊപ്പിയും കൂടി ധരിച്ചപ്പോള്‍ തണുപ്പില്‍ നിന്നും നല്ല ആശ്വാസം കിട്ടി. ഞാനെത്തുമ്പോഴേക്കും തീ അണയാന്‍ തുടങ്ങിയിരുന്നു. ആകെ അഞ്ചുപേരുണ്ടായിരുന്നു അവിടെ. പിന്നെ കുറേ കഴുതകളും, ചുമടുകളും. തീയ്യിട്ടതിന്റെ അരികെ മൂന്നുപേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. രണ്ടുപേര്‍ എന്തോ ചുരുട്ടിക്കത്തിച്ച് അതിന്റെ പുക വലിച്ചു കയറ്റുന്നുണ്ടായിരുന്നു. എന്നെ കണ്ടീട്ടാവണം ഉറങ്ങിക്കിടക്കുന്നവരെ അവര്‍ വിളിച്ചുണര്‍ത്തിയത്. കേട്ടറിഞ്ഞ ബഹാദൂറിന്റെ ഗ്രാമത്തെ കുറിച്ച് ഞാനവരോട് ഹിന്ദിയില്‍ പറഞ്ഞു. മനസ്സിലായെന്നതുപോലെ അവര്‍ തലകുലുക്കി. പുകവലിച്ചുകൊണ്ടിരുന്ന ഒരാള്‍ ആ ചുരുട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ സ്നേഹത്തോടെ അത് നിരസിച്ചു. തീ നാളം അണയാന്‍ പോകുന്നതു കണ്ടപ്പോള്‍ ഒരാള്‍ പോയി ഒരു ചെറിയ മരക്കൊമ്പു മുറിച്ചുകൊണ്ടു വന്നു തീയില്‍ കാട്ടിയതും അത് ആളിക്കത്താന്‍ തുടങ്ങിയത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒന്ന് പുകയുക പോലും ചെയ്യാതെ ഇത്ര ഭംഗിയായ് കത്തുവാന്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ആ മരത്തിന്റെ പേര്‍ ‘ദുപ്പി’ എന്നാണെന്നവര്‍ പറഞ്ഞു.


നേരം പുലരാന്‍ തുടങ്ങുമ്പോള്‍ അവര്‍ എന്നെ വിളിച്ചെഴുന്നേല്പിച്ചു. വീണ്ടും യാത്ര തുടര്‍ന്നു, കുറേ കയറ്റവും, ഇറക്കവുമൊക്കെ കഴിഞ്ഞപ്പോള്‍ ചെന്നു നിന്നത് ഒരു ചെറിയ നദിക്കരയിലാണ്. മഞ്ഞുപടലങ്ങളിലൂടെ സൂര്യന്റെ നേരിയ പ്രകാശം ചില പ്രത്യേക നിറങ്ങളില്‍ നദിയിലേക്ക് ചിതറി വീഴുന്നു. കൂടെയുള്ള അഞ്ചുപേരും നദിയില്‍ നിന്ന് വെള്ളം കോരിയെടുത്ത് കുടിക്കുകയും, മുഖം കഴുകുകയുമൊക്കെ ചെയ്യുന്നതുകണ്ടപ്പോള്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു. കഴുതകള്‍ നദിയിലേക്ക് അധികം ഇറങ്ങാതെ മുഖം മാത്രം നീട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. നദിക്കരികിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന ഒരു ചെറിയ തോണി കിടന്നിരുന്നു. അതിലൊരാള്‍ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. കൂടെ വന്നവരിലൊരാള്‍ അയാളെ വിളിച്ചുണര്‍ത്തി. യാതൊരു ഈര്‍ഷ്യയും പ്രകടിപ്പിക്കാതെ ആ മനുഷ്യന്‍ എഴുന്നേറ്റ് തോണി എല്ലാവര്‍ക്കും കയറാവുന്ന ഒരു സ്ഥലത്തേക്ക് അടുപ്പിച്ചു. ആദ്യം ഒരാള്‍ തോണിയില്‍ കയറി. മറ്റുള്ളവര്‍ ചുമടെടുത്ത രണ്ടു കഴുതകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ചു. ഇങ്ങനെ ആ ചെറിയ നദിയുടെ കുറുകെ തോണി പലവട്ടം സഞ്ചരിച്ചു. ഒടുവിലെ ഊഴമായിരുന്നു എനിക്ക്. അവരെന്തോ ചില്ലറയെണ്ണി കടത്തുകാരനു നല്‍കി. അയാളതു വാങ്ങി എളിയില്‍ തിരുകിയ ഒരു കൊച്ചു സഞ്ചിയിലിട്ട് പിന്നെ ആകാംഷയോടെ എന്നെ നോക്കി. കൂടെയുള്ളവരെ മുഷിപ്പിക്കാതിരിക്കാന്‍ കുറച്ച് നാണയങ്ങള്‍ മാത്രം ഞാനും അയാള്‍ക്ക് നല്‍കി. വീണ്ടും ഞങ്ങളെല്ലാവരും മല കയറാന്‍ തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അവര്‍ വിശാലമായ ഒരു സ്ഥലത്ത് വിശ്രമിച്ചു. പക്ഷെ എനിക്ക് ഒട്ടും ക്ഷീണം തോന്നിയിരുന്നില്ല. ഭാണ്ഡങ്ങളഴിച്ച് അവര്‍ ചപ്പാത്തിയും ഉരുളക്കിഴങ്ങ് സബ്ജിയും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ദുപ്പി മരങ്ങളെ തലോടി നിന്നു. പക്ഷെ സല്‍ക്കാരപ്രിയരായിരുന്ന അവര്‍ കൊണ്ടുവന്നതില്‍ ഒരു പങ്ക് എന്നെയും നിര്‍ബ്ബിന്ധിച്ച് കഴിപ്പിച്ചു. വെള്ളം മാത്രം അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അതിനു പകരം അവര്‍ കുറച്ച് ഇലകള്‍ പൊട്ടിച്ചുകൊണ്ടു വന്ന് തിന്നു. ഒന്നു രണ്ടെണ്ണം ഞാനും കഴിച്ചു. അതോടെ ദാഹം മാറുകയും ചെയ്തു.


ബഹാദൂര്‍ പറഞ്ഞീട്ടുള്ളത് നദി കഴിഞ്ഞ് മല കയറി വൈകുന്നേരത്തോടെ ഒരു ബുദ്ധക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ്. നടന്നും, വിശ്രമിച്ചും, മലയിടുക്കള്‍ താണ്ടി സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ സ്തോത്രങ്ങളും മണിയൊച്ചയുമെല്ലാം അടുത്തടുത്തായ് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ കൂടെയുള്ള അഞ്ചുപേരും നിന്നു. ഒരാള്‍ എന്നോടു പറഞ്ഞു, ഞങ്ങള്‍ മറ്റൊരു വഴിക്കാണ്. താങ്കള്‍ ഇന്നിവിടെ തങ്ങുക. ഭക്ഷണവും താമസവും എല്ലാം ക്ഷേത്രത്തില്‍ സൌജന്യമാണ്. നാളെ മലയിറങ്ങുക. ഉച്ചയാവുമ്പോള്‍ അടിവാരത്ത് കുറേ ഗ്രാമങ്ങള്‍ കാണാം. അവിടെ നിന്ന് ഒരു ചെറിയ മല കയറിയാല്‍ താങ്കള്‍ പറഞ്ഞ ബാവുലിയ ഗ്രാമത്തിലെത്തും. ഹിന്ദിയും, ബോജ്‌പുരിയും, നേപ്പാളിയുമൊക്കെ കലര്‍ത്തിയാണവര്‍ എന്നോട് സംസാരിച്ചത്. ബഹാദൂറിന്റെ വിവരണങ്ങളെ തൊട്ടുണര്‍ത്താന്‍ അവരുടെ ഭാഷക്ക് കഴിയുന്നുണ്ടെന്ന് ഞാന്‍ അതിശയത്തോടെ ഓര്‍ത്തു. അവര്‍ക്ക് നന്ദി പറഞ്ഞ് ഞാന്‍ നേരെ ക്ഷേത്രത്തിലേക്ക് നടന്നു. മുണ്ഡിത ശിരസ്കനായ, കാഷായവും, രുദ്രാക്ഷവുമണിഞ്ഞ ഒരു ബുദ്ധസന്ന്യാസി എന്നെ ക്ഷേത്ര കവാടത്തില്‍ എതിരേറ്റു. പണ്ടെപ്പോഴോ കണ്ട ബ്രൂസിലി സിനിമകളിലെ ഷാവ്‌ലിന്‍ മാതൃകയായിരുന്നു ക്ഷേത്രത്തിന്. അതിന്റെ വിചിത്രമായ ചിത്രത്തൂണുകളും, കൊത്തുപണികളുള്ള വാ‍തിലുകളും, വാതിലുകളില്‍ തൂങ്ങിക്കിടക്കുന്ന കൊച്ചു കൊച്ചു മണികളും ഞാന്‍ കൌതുകത്തോടെ നോക്കി നടന്നു. സന്ന്യാസി എന്നെ ഇടനാഴികകളിലൂടെ നടത്തി പിന്നെ വിശാലമായ അകത്തളത്തിലെത്തിച്ചു. അവിടെ കിടന്നിരുന്ന ഭംഗിയുള്ള ഒരു പീഠത്തിലിരിക്കാന്‍ അപേക്ഷിച്ച് തല കുനിച്ച് വന്ദിച്ച് അദ്ദേഹം വന്ന വഴിയെ തിരിച്ചുപോയി.

ക്ഷേത്രത്തിലെ മണിനാദവും, സ്തോത്രങ്ങളും നിലച്ചപ്പോള്‍ അവിടം പരിപൂര്‍ണ്ണ നിശബ്ദതയിലമരുന്നത് ഞാന്‍ ഭക്തിയുടെ നിറവോടെ തിരിച്ചറിഞ്ഞു. ഇവിടെ ഒരുപാട് ബുദ്ധഭിക്ഷുക്കള്‍ ഉണ്ടെന്നാണല്ലോ ബഹാദൂര്‍ പറഞ്ഞിരിക്കുന്നത്. അവരൊക്കെ മൌനവ്രതത്തിലായിരിക്കുമോ എന്ന് ഒരു നിമിഷം ഞാന്‍ ശങ്കിച്ചു. അവര്‍ സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് ഇന്നൊരു രാത്രി കഴിച്ചു കൂട്ടണം. അത്ര തന്നെ. ആരെയെങ്കിലും കണ്ടാല്‍ കുളിക്കാനുള്ള സൌകര്യങ്ങള്‍ തിരക്കാമായിരുന്നുവെന്ന് വിചാരിക്കുമ്പോഴാണ് മറ്റൊരു ഭിക്ഷു കടന്നുവന്നത്. എന്റെ മനസ്സറിഞ്ഞതുപോലെ കുളിക്കാന്‍ സൌകര്യം ഒരുക്കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരം ഇരുട്ടിയതുകൊണ്ട് തടാകത്തിലേക്ക് പോകുന്നത് പന്തിയല്ലെന്നും തത്ക്കാലം കുളിമുറിയില്‍ കുളിക്കാമെന്നും അദ്ദേഹം വിനയത്തോടെ അറിയിച്ചു. നല്ല ഹിന്ദിയിലായിരുന്നു ഭിക്ഷു സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം ഇടനാഴി താണ്ടി കെട്ടിടത്തിന്റെ ഒരു മൂലയിലെത്തി. അവിടെ കോണ്‍ക്രീറ്റ്കൊണ്ടുള്ള വലിയൊരു തറയുണ്ടായിരുന്നു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും സൌകര്യങ്ങളുണ്ടായിരുന്നു. പച്ചമരുന്നിട്ട് തിളപ്പിച്ച വെള്ളം ഒരു ചെമ്പുകലം നിറയെ വെച്ചിരുന്നു. സ്വെറ്റര്‍ ഊരിയപ്പോള്‍ ശരീരം തണുത്തുറഞ്ഞുപോകുമെന്ന് കരുതി. പക്ഷെ പച്ചമരുന്നിന്റെ മണമുള്ള ചൂടുവെള്ളം ശരീരത്തില്‍ വീണപ്പോള്‍ എല്ലാ ക്ഷീണവും മാറി കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്തു. കുളിക്കാന്‍ എന്നെ കൊണ്ടുപോയതുപോലെ മറ്റൊരു സന്ന്യാസി വന്ന് ഭക്ഷണത്തിനും എന്നെ കൊണ്ടുപോയി. അപ്പോഴാണ് ബഹാദൂര്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് ബോധ്യമായത്. നിരവധി ബുദ്ധ സന്ന്യാസിമാര്‍ വരിവരിയായി ചമ്രം പടിഞ്ഞ് ഭക്ഷണത്തിനായ് ഇരിക്കുന്നു. അതിലൊരുവനായ് ഞാനും ഇരുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. എങ്ങോട്ട്, എന്തിന് എന്നൊക്കെയുള്ള അനാവശ്യ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുക എന്നത് എന്റെ ആവശ്യമാണ്. ഭക്ഷണം കഴിഞ്ഞപ്പോള്‍ കിടക്കാനുള്ള മുറിയിലേക്ക് മറ്റൊരു സന്ന്യാസി കൊണ്ടുപോയി.


കട്ടിയുള്ള തറയില്‍ കമ്പിളിയും വെള്ളയും വിരിച്ചിട്ടിരുന്നു. ശുഭരാത്രി പറഞ്ഞ് അദ്ദേഹം പോയി. കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. നാളെ ഉച്ചയോടെ ഞാന്‍ ബഹാദൂറിന്റെ ഗ്രാമത്തിലെത്തും. അവന്റെ വയസ്സായ അച്ഛനേയും, അമ്മയേയും, കൊച്ചു സഹോദരിയേയും ഞാന്‍ കാണും. അവന്റേതെന്ന് പറയാന്‍ മാത്രം പോലീസുകാര്‍ എന്നെ ഏല്പിച്ച വാച്ചും, മോതിരവും ബാങ്കിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത പണവും എനിക്കവരെ ഏല്പിക്കണം. മകന്റെ അകാലമരണത്തില്‍ എനിക്കാവുന്നതുപോലെ അവരെ ആശ്വസിപ്പിക്കണം. പറ്റുമെങ്കില്‍ അവരോടൊപ്പം കുറച്ചുനാള്‍ ഒരു മകന്റെ സ്നേഹം പകര്‍ന്ന് കൊടുത്ത് അതുപോലെ ഒരച്ഛന്റേയും, അമ്മയുടേയും, സഹോദരിയുടേയും സ്നേഹം നുകര്‍ന്ന് കഴിയുക. അവള്‍ ഓടി വന്ന് എന്നെ ചേട്ടാ എന്ന് വിളിക്കുന്നതും, അവന്റെ അമ്മ എന്നെ സ്നേഹത്തോടെ മോനേ എന്നു വിളിക്കുന്നതും, അവന്റെ അച്ഛന്‍ എന്റെ തോളില്‍ കയ്യിട്ട് തൊടിയിലൂടെ നടന്ന് ജീവിത സായാഹ്നങ്ങളിലേക്ക് നടന്ന് കയറിയതിന്റെ കഥ പറയുന്നതും ഞാന്‍ മനസ്സില്‍ കണ്ടു. മെല്ലെ മെല്ലെ വീര്‍ ബഹാദൂറിന്റെ വര്‍ണ്ണപകിട്ടുള്ള കഥകള്‍ നിറഞ്ഞ ഗ്രാമം അവന്റെ വാക്കുകളിലൂടെ സ്വപ്നത്തില്‍ തെളിഞ്ഞുവന്നു.

********

വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴായിരുന്നു ബഹാദൂര്‍ എന്നെ വീട്ടിലേക്ക് അത്താഴത്തിനു വിളിച്ചത്. രുക്സാന അത്താഴം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നെ ബഹാദൂര്‍ ടെറസ്സിന്റെ മുകളിലേക്ക് കൊണ്ടു പോയി. അവിടെ വിസ്കിയുടെ കുപ്പിയും, ഗ്ലാസും, കപ്പലണ്ടിയുമൊക്കെ അവന്‍ ആരും കാണാതെ എനിക്ക് വേണ്ടി ഒളിപ്പിച്ചു വെച്ചിരുന്നു. ഹേയ്, വേണ്ടിയിരുന്നില്ല, ഞാന്‍ പറഞ്ഞു. പക്ഷെ അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അനുജന്‍ ചേട്ടനുവേണ്ടി ഗ്ലാസില്‍ വിസ്കി പകര്‍ന്ന് തന്നു. ഞാനത് നുണഞ്ഞുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോള്‍ വീര്‍ ബഹാദൂര്‍ ഏറെ സന്തോഷത്തോടെ തന്റെ ഗ്രാമത്തെ പറ്റി പറയാന്‍ തുടങ്ങി. ഗ്രാമത്തിലെ പല സംഭവങ്ങളും പലപ്പോഴായി എന്നോട് പറഞ്ഞീട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ അവന്‍ ഒരടുക്കും ചിട്ടയോടും കൂടിയാണ് ഗ്രാമത്തിന്റെ കഥ പറയുന്നത്. അതുകൊണ്ടു തന്നെ കേള്‍ക്കുവാന്‍ എനിക്ക് നല്ല മൂഡുണ്ടായിരുന്നു. ഞാന്‍ എന്നോ വായിച്ചീട്ടുള്ള ഇര്‍വിംഗ് വാലസ്സിന്റെ ഏതോ ഒരു നോവലിലെ ഗ്രാമത്തെ പറ്റിയാണോ അവന്‍ പറയുന്നതെന്നു പോലും ഞാന്‍ സംശയിച്ചു. അവന്‍ ആയിരം നാവോടെ പറയുകയാണ്.


“..........ഓരോ മലയിടുക്കുകളിലും പത്തിരുപത് വീടുകളുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. മഞ്ഞു പുതച്ചു കിടക്കുന്ന സുന്ദരിയായ ബാവുലിയാ ഗ്രാമം. യദുഭായ്, ഞങ്ങളുടെ ഗ്രാമത്തിലെ ആചാരങ്ങളും, ആഘോഷങ്ങളും മനോഹരങ്ങളായിരുന്നു. പരസ്പരം അറിയാത്ത, സംസാരിക്കാത്ത ആരുമുണ്ടായിരുന്നില്ല ആ ഗ്രാമത്തില്‍. ഉരുളന്‍ കിഴങ്ങ് പുഴുങ്ങിയതും, പച്ചിലക്കറികളും, ആട്ടിറച്ചിയുമൊക്കെയാണ് പ്രധാന ഭക്ഷണം. ആര്‍ക്കും പട്ടിണിയൊന്നും ഇല്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ഗവണ്മെന്റ് വക ഒരു സ്കൂള്‍. അതും വെറും രണ്ടാം ക്ലാസ് വരെ മാത്രം. ആടുമേച്ച് നടക്കാനായിരുന്നു ഗ്രാമങ്ങളിലെ കുട്ടികള്‍ക്കിഷ്ടം. മിക്കവാറും ചെറുപ്പക്കാരെ അതിര്‍ത്തി കാവലിനായ് പട്ടാളത്തിലേക്കെടുക്കുന്നു. മറ്റു ചിലര്‍ ഷേര്‍പ്പകളായ് എവറസ്റ്റ് കയറുന്നവര്‍ക്ക് കൂട്ടായ് തീരുന്നു. പട്ടാളത്തില്‍ പോയവരും, എവറസ്റ്റ് കയറിയവരും തിരിച്ചുവരുന്നതും കാത്തിരിക്കുന്നവരുടെ എണ്ണം ഏറെയാണ് ഗ്രാമത്തില്‍. ചിലരൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം വന്നുവെന്നു വരും. എന്റെ ഓര്‍മ്മയില്‍ തിരിച്ചുവരാത്തവര്‍ ഒരുപാടുണ്ട്. പക്ഷെ അവരൊക്കെ വരുമെന്നുള്ള ഉറച്ച വിശ്വാസം ഞങ്ങളുടെ ഗ്രാമീണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെ, സ്നേഹത്തോടെ, സഹകരണത്തോടെ ജീവിച്ചു. ഞാന്‍ സ്കൂള്‍ മാസ്റ്ററായ സാംബുദേവ് മാസ്റ്ററുടെ നിഴല്‍ പറ്റി നടക്കാനാണ് ഏറെ ഇഷ്ടപ്പെട്ടത്. ആ ഗ്രാമത്തിലേക്ക് വരുന്ന കത്തുകള്‍ വായിക്കാന്‍ എല്ലാവരും ആശ്രയിച്ചത് സാംബുദേവ് മാസ്റ്ററെ ആയിരുന്നു. മാസിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നതിനായ് വിരാട് നഗറില്‍ പോകുന്നവരാണ് കത്തുകള്‍ കൊണ്ടുപോകുകയും, കൊണ്ടുവരികയും ചെയ്യുന്നത്. സ്കൂളിന്റെ തിണ്ണയിലിരുന്ന് മാസ്റ്റര്‍ കത്തുകള്‍ ഉറക്കെ വായിക്കും.അതുകൊണ്ടുതന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് ഓരോ വീട്ടിലേയും കാര്യങ്ങള്‍ ഹൃദ്യസ്ഥമാണ്. വായിച്ച കത്തുകള്‍ ഗ്രാമവാസികളെ ഏല്പിക്കുമ്പോള്‍ അവര്‍ പറയും. അതിന് മാഷ് തന്നെ എല്ലാ കാര്യങ്ങളും കാണിച്ച് ഒരു മറുപടിയും എഴുതണം. അങ്ങനെ മാസ്റ്റര്‍ക്ക് രാവും, പകലും തിരക്കോടു തിരക്കായിരുന്നു. ആടുമേയ്ക്കാതെ, വെയില്‍ കൊള്ളാതെ സ്കൂളിനകത്തിരുന്ന് മാസ്റ്റര്‍ ഗ്രാമവാസികളുടെ സ്നേഹവും, പരിചരണവും കൊണ്ട് തടിച്ചു കൊഴുത്തിരുന്നു. ഏതാണ്ട് മദ്ധ്യവയസ്കനായിരുന്ന സാംബുദേവ് മാസ്റ്റര്‍ ആ ഗ്രാമത്തിലെ യുവതികളുടെ ആരാധനാപാത്രമായിരുന്നു. നല്ല പ്രായത്തില്‍ തന്നെ മാസ്റ്റരുടെ ഭാര്യ മരിച്ചു പോയിരുന്നു. പിന്നീട് വിവാഹം ചെയ്യാനൊന്നും മാസ്റ്റര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കല്ല്യാ‍ണം കഴിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മാസ്റ്റര്‍ക്ക് ചുറ്റും എപ്പോഴും യുവതികളുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു മോളുണ്ടായിരുന്നു. മാസ്റ്റര്‍ യുവതികളെ സഹായിക്കുന്നതുകൊണ്ട് മോളുടെ കാര്യം നോക്കാന്‍ യുവതികള്‍ തമ്മില്‍ മത്സരമായിരുന്നു. ഒരുപക്ഷെ മാസ്റ്ററെ പോലെയാവാനുള്ള എന്റെ ഉള്ളിന്റെ ഉള്ളിലെ മോഹമാവാം കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.




രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ അകലെയുള്ള വിരാട് നഗറിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിപ്പു തുടര്‍ന്നു. അവിടെ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. മാസിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ എന്റെ മുഴുവന്‍ ജീവിതവും പുറം നാട്ടിലായിരുന്നു. പിന്നീട് ജോലി തേടി മുംബൈ നഗരത്തില്‍ വന്നതും, ഹോട്ടല്‍ ജോലി ചെയ്ത് നൈറ്റ് സ്കൂളില്‍ പഠിച്ചതും, ഗോള്‍ഡ് മെഡലോടെ ഡിഗ്രിയെടുത്തതുമൊക്കെ ദാ ഇന്നലത്തെ പോലെ തോന്നുന്നു. യദുഭായ്‌ക്കറിയാമോ, ഒരു പക്ഷെ മഞ്ഞുമലയില്‍ നിന്നുള്ള ഏറ്റവും വലിയ ഉദ്യോഗസ്ഥന്‍ ഞാനായിരിക്കും ഓരോ തവണയും ഗ്രാമത്തിലെത്തുമ്പോള്‍ യുവതികള്‍ ഒരു വീരപുരുഷനെ സ്വീകരിക്കുന്ന മട്ടിലായിരുന്നു എന്നെ സ്വീകരിച്ചിരുന്നത്. സാംബുദേവ് മാസ്റ്ററെ മറന്ന പെണ്‍കുട്ടികളുടെ ദിവാസ്വപ്നങ്ങളില്‍ ഇപ്പോള്‍ ഞാനൊരു ഗന്ധര്‍വ്വനായ് നിറഞ്ഞു നില്‍ക്കുകയാണോന്നൊരു സംശയം. എന്റെ സന്ദര്‍ശനങ്ങള്‍ ഗ്രാമവാസികള്‍ക്കുത്സവമായി. അവരുടെ നിറവേറാന്‍ ബുദ്ധിമുട്ടുള്ള ആശകളൊക്കെയായിരുന്നു ഞാന്‍ കൊടുക്കുന്ന വിദേശ മദ്യത്തിലും, സുഗന്ധദ്രവ്യങ്ങളിലുമൊക്കെയായി അലിഞ്ഞു ചേര്‍ന്നത്. പഠിപ്പും, ജോലിയുമായ് നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന എനിക്ക് സാംബുമാസ്റ്ററുടെ വിറയാര്‍ന്ന കൈപ്പടകളിലൂടെയാണ് ഗ്രാമവിശേഷങ്ങളെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങളോളം ഗ്രാമത്തിലെ വിശേഷങ്ങളൊന്നും അറിയാതിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായ് പെട്ടെന്ന് ഗ്രാമത്തിലെത്തി.

സാംബുമാസ്റ്റര്‍ തളര്‍വാതം പിടിച്ച് കിടപ്പിലായെന്നും അതുകൊണ്ടിനി ഞാന്‍ ഗ്രാമത്തില്‍ നിന്ന് പോകരുതെന്നും ഗ്രാമവാസികള്‍ അപേക്ഷിച്ചു. വസന്തോത്സവത്തിനു തുടക്കമാവാന്‍ വെറും രണ്ടു ദിവസമുള്ളപ്പോഴായിരുന്നു ഞാന്‍ അന്ന് ഗ്രാമത്തിലെത്തിയത്. കുറ്റിക്കാടുകള്‍ വെടുപ്പാക്കി ദേവിമാതായുടെ വിഗ്രഹത്തില്‍ ചെമ്മരിയാടിനെ ബലിയര്‍പ്പിച്ച് ആ ചോരകൊണ്ട് വിഗ്രഹം കഴുകി, ചെമന്ന കാട്ടുപൂക്കളണിയിക്കുന്നതോടെ ആഹ്ലാദത്തിന്റെ ദിവസം ആരംഭിക്കുന്നു. ബലിയര്‍പ്പിച്ച ചെമ്മരിയാടിന്റെ മാംസം അവിടെ തന്നെ പാകം ചെയ്ത് പ്രസാദമായ് എല്ലാവരും ഭക്ഷിച്ചുകൊണ്ട് കലാ പരിപാടികളിലേക്ക് കടക്കുക എന്നതാണ് ഉത്സവം. ഓരോ വര്‍ഷവും ദേവിമാതയ്ക്ക് ബലിയര്‍പ്പിക്കാനുള്ള അവകാശം ഗ്രാമത്തിലെ ഏത് വീട്ടുകാര്‍ക്കാണ് എന്നത് ദേവി സ്വപ്നദര്‍ശനത്തിലൂടെ ഗ്രാമത്തലവന് വെളിപ്പെടുത്തുമത്രെ. അതുകൊണ്ടു തന്നെ ദേവിക്കു ബലിയര്‍പ്പിക്കാനുള്ള അവകാശത്തിനുവേണ്ടി ഓരോ വീട്ടുകാരും ആശയോടെ കാത്തിരിക്കും. മാനിറച്ചിയും, കഞ്ചാവും കാഴ്ച വെക്കുന്നവര്‍ പിന്നീട് ഗ്രാമത്തലവന്റെ സ്വപ്നദര്‍ശനത്തില്‍ ബലിയര്‍പ്പിക്കാന്‍ യോഗ്യരായ് തീരുന്ന വിവരം പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കിയിരുന്നു. സാംബുമാസ്റ്റര്‍ കിടപ്പിലായതോടെ പട്ടാളത്തിലും, എവറസ്റ്റിലും പോയ മക്കളുടെ വിശേഷങ്ങളറിയാതെ അമ്മമാരും, ഭാര്യമാരും മനം നൊന്തു ജീവിച്ചു. അതുകൊണ്ടുതന്നെ എനിക്ക് മുംബൈയിലേക്കാള്‍ തിരക്കേറി. കത്തുകള്‍ വായിക്കുകയും, മറുപടി എഴുതുകയുമൊക്കെ എനിക്ക്ഏറ്റെടുക്കേണ്ടി വന്നു. ഭര്‍തൃവിരഹത്തില്‍ പലരും എന്റെ നെഞ്ചിലും, പുറത്തും ചാരി നിന്നു വിതുമ്പി. നിയന്ത്രിക്കാനാവാത്ത വിധം മാംസളതയുടെ സ്പര്‍ശനവും, ചുടുനിശ്വാസങ്ങളുമൊക്കെ ഏറ്റുവാങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് ഗ്രാമം വിടാന്‍ ഞാന്‍ നിശ്ചയിക്കുകയായിരുന്നു. പാവങ്ങളായ സ്ത്രീകളെ മയക്കിയെടുത്ത് ഒരു കാമദേവനായ് വേണമെങ്കില്‍ എനിക്കു കഴിയാമായിരുന്നീട്ടും ഞാനതിനു തയ്യാറായില്ല.


പിറ്റേന്ന് തിരിച്ചുപോകാനായ് വസ്ത്രങ്ങള്‍ എയര്‍ബാഗിലൊതുക്കുമ്പോള്‍ തൊട്ടടുത്തായ് കുപ്പിവളകള്‍ ചിരിച്ചു. വിരഹാതുരയായ ഏതെങ്കിലും തരുണി ഒരു കത്തെഴുതാന്‍ എന്നോട് പറയാന്‍ വന്നതായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. അതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ വസ്ത്രങ്ങളെല്ലാം അടുക്കി വെക്കുന്നതുവരെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയതേയില്ല. പിന്നെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോള്‍ പോയിരിക്കും എന്ന് കരുതി. പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ യൌവനയുക്തയായ ഒരു സുന്ദരി. കണ്ണാടി കഷ്ണങ്ങള്‍ വെച്ചു തുന്നിയ ചോളിയും തുട മറയ്ക്കുന്ന ജംബറുമിട്ട് ഇടതു കയ്യിലെ കുപ്പി വളകള്‍ കിലുക്കി പാതി മിഴികള്‍ വളകളിലും പാതി എന്നിലുമര്‍പ്പിച്ച് അവള്‍ നിന്നു. ജനലില്‍ കൂടി അകത്തു കടന്ന സൂര്യപ്രകാശം അവളുടെ ചോളിയില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ചിമ്മി. എനിക്ക് വിശ്വസിക്കാനായില്ല. അവള്‍ സാംബുദേവ് മാസ്റ്റരുടെ മകള്‍ ബാബുനി തന്നെയാണോ. കുട്ടിക്കാലത്ത് മാസ്റ്റരോടൊപ്പം നടന്നപ്പോള്‍ മറ്റൊരു കൂട്ടായ് ബാബുനിയും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിനടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്ന അവളെ കെട്ടിപ്പിടിച്ച് ചുംബിച്ചത് ഞാനെന്തേ ഇത്ര പെട്ടെന്ന് മറന്നു പോയതെന്നാലോചിച്ച് കുറ്റബോധം തോന്നി. ബാബുനി എന്നേയും, വസ്ത്രങ്ങള്‍ നിറച്ച എയര്‍ബാഗിലും മാറി മാറി നോക്കി നിന്നു. ഞാനപ്പോള്‍ രുക്സാനയെകുറിച്ചോര്‍ത്തു. പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോന്നീട്ട് നാളേറെയായി. അവള്‍ക്ക് ഒരു കത്തു പോലും അയച്ചീട്ടില്ല.


“എന്താ വീര്‍ സാഹബ് ആലോചിക്കുന്നത്? ഞാന്‍ വന്നതിഷ്ടമായില്ലേ”
അവള്‍ ഗദ്ഗദത്തോടെയാണത് ചോദിച്ചത്. എനിക്ക് വേദന കലര്‍ന്ന ഒരു ചിരി സമ്മാനിക്കാനേ കഴിഞ്ഞുള്ളു. അച്ഛന്‍ കിടപ്പിലായതിനുശേഷം ആരും അങ്ങോട്ട് വരാറില്ലെന്നും, വീട്ടില്‍ നിന്ന് പോന്നീട്ട് അധിക നേരമായെന്നും അതുകൊണ്ട് തിരിച്ചുപോകുന്നെന്നും പറഞ്ഞ് അവള്‍ നടന്നകന്നു. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു. ബാബുനി എനിക്കു വേണ്ടിയാണോ കാത്തിരിക്കുന്നത്. വീട്ടുകാരും ഒരു പക്ഷെ അതു തന്നെ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ എന്റെ വീട്ടില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ കടന്നു വരില്ലായിരുന്നു. പക്ഷെ ഞാന്‍ അവളോട് അങ്ങനെയൊന്നും ഇതുവരെ പറഞ്ഞീട്ടില്ല. അതേ സമയം ഞാന്‍ വാക്കുകൊടുത്തു കഴിഞ്ഞൊരു പെണ്ണ് എനിക്കുവേണ്ടി മുംബൈയില്‍ കാത്തിരിപ്പുണ്ട്. ഈ ഗ്രാമം കാത്തിരിപ്പിന്റെ ഗ്രാമമായതിനാല്‍ ബാബുനിയും കുറച്ചു നാള്‍ എന്നെ കാത്തിരുന്ന് പിന്നെ ക്രമേണ എല്ലാംമറക്കുകയും ഏതെങ്കിലും പട്ടാളക്കാരനൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ആശ്വസിച്ച് ഞാന്‍ ഗ്രാമത്തോട് യാത്രപറഞ്ഞ്, മലയും താഴ്വാരങ്ങളും താണ്ടി മുംബൈ നഗരത്തിലെത്തി. അപ്പോഴാണ് രുക്സാനയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. എന്റെ യദുഭായ് അത് ഭംഗിയായ് നടത്തി തരികയും ചെയ്തു. ശരി, യദുഭായ്ക്ക് കുറേ ദൂരം പോണ്ടതല്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം.

************
ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദവും, പ്രാര്‍ത്ഥനയും കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്. സ്വപ്നം കണ്ട് കിടന്നതുകൊണ്ട് ഉറക്കം തീരെ ശരിയായില്ല. നേരത്തേ ഇവിടെ നിന്ന് മലയിറങ്ങിയാലേ ഉച്ചതിരിയുമ്പോഴേക്കും ബഹാദൂറിന്റെ ഗ്രാമത്തിലെത്തുകയുള്ളു. പക്ഷെ ഒന്നിനും ഒരുന്മേഷമില്ലാത്തതുപോലെ. വാതില്‍ക്കല്‍ ഒരു സന്ന്യാ‍സി പ്രത്യക്ഷപ്പെട്ടു. ഓരോ സമയത്തും വേറെ വേറെ സന്ന്യാസിമാര്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. വന്നവരോടൊക്കെ ഒന്നോ രണ്ടോ വാക്ക് മാത്രമേ സംസാരിച്ചീട്ടുള്ളുവെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. സന്ന്യാസി ശിരസ്സ് കുനിച്ച് വന്ദിച്ച് പറഞ്ഞു, “അങ്ങയെ കാണാന്‍ ഗുരുജിക്ക് താത്പര്യമുണ്ട്. എന്റെ കൂടെ വന്നാലും.” “പക്ഷെ ഞാന്‍ പ്രഭാതകര്‍മ്മങ്ങളൊന്നും ചെയ്തീട്ടില്ല, അതുകഴിഞ്ഞ് വന്നാല്‍ പോരേ?” ഞാന്‍ ചോദിച്ചു.ഗുരുജിക്ക് മറ്റു ചില ചടങ്ങുകളുണ്ടെന്നും ഇവിടെ വരുന്നവരെ കാലത്ത് തന്നെ കാണുക പതിവാണെന്നും അറിയിച്ച അദ്ദേഹം എന്നേയും കൂട്ടി ഗുരുജിയുടെ മന്ദിരത്തിലേക്ക് പോയി. നിലത്ത് കരിമ്പടം വിരിച്ച് അതില്‍ പത്മാസനത്തില്‍ ഇരിക്കുന്ന ഗുരുജിയെ സന്ന്യാസി വണങ്ങിയപ്പോള്‍ ഞാനും അതുപോലെ വണങ്ങി. സന്ന്യാസി തിരിച്ചുപോയി. ഗുരുജി എന്നോട് ഉപവിഷ്ടനാവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.


ഗുരുജി മനോഹരമായ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇന്ന് വിരാട്നഗറിലേക്ക് തിരിച്ച് കാട്ടിലൂടെ ഒറ്റക്ക് പോകുന്നത് ഉചിതമല്ല. ഇനി രണ്ടുനാള്‍ കഴിഞ്ഞാല്‍ ബാവുലിയായില്‍ നിന്നും യാത്രക്കാരുണ്ടാവും. അവരുടെ കൂടെ പോകാം. അതുവരെ ഇവിടെ വിശ്രമിക്കാം.”
ഞാന്‍ എന്റെ ആഗമനോദ്ദേശ്യം ഗുരുജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറേ നേരം ഒന്നും മിണ്ടാതെ കണ്ണടച്ച് ധ്യാനിച്ചിരുന്നു. പിന്നെ മെല്ലെ കണ്ണു തുറന്നു. വളരെ ശാന്തമായ ആ മുഖത്ത് നോക്കിയപ്പോള്‍ എന്റെ മനസ്സും തിരകളടങ്ങിയ കടലിന്റെ ശാന്തതയായി അനുഭവപ്പെട്ടു. എങ്കിലും ബഹാദൂറിന്റെ മരണത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കുമോയെന്നും വീണ്ടും കഥകളോരോന്നായ് പറയുമ്പോള്‍ അതുവരെ പിടിച്ചു നിന്ന എന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നും ഞാന്‍ ഭയന്നു.

പക്ഷെ ഗുരുജി ചോദിച്ചത് എന്നെക്കുറിച്ചായിരുന്നു, “യദുനന്ദനന്റെ അച്ഛനും, അമ്മയും എവിടെയാണ്?”

പ്രതീക്ഷിച്ച ചോദ്യമല്ലാത്തതിനാല്‍ പൊടുന്നനെ ഉത്തരം പറയാനായില്ല. തെല്ലിട മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു,

“അച്ഛനും, അമ്മയും ഇല്ല” എന്റെ ശബ്ദത്തിനു വിറയലുള്ളതായ് തോന്നി.
“രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണോ ഉദ്ദേശിച്ചത്?” ഗുരുജി വീണ്ടും ചോദിച്ചു.

“അച്ഛന്‍ മരിച്ചുപോയി. അമ്മയെ ഞാന്‍ മറന്നുപോയി.” വായില്‍ വന്നത് അതുപോലെ പറയുകയായിരുന്നു. മറുപടി കേട്ട് ഗുരുജിയുടെ മുഖം മങ്ങിയതുപോലെ തോന്നി. ചിലപ്പോള്‍ എന്റെ വെറും തോന്നലാകാം എന്നാശ്വസിച്ചു.

“മരിച്ചതിന്റെ കാരണം പറഞ്ഞില്ലെങ്കിലും, മറന്നതിന്റെ കാരണം പറയുന്നത് യദുവിന് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ നല്ലതാണ്.” ഗുരുജി ഉപദേശരൂപേണയാണത് പറഞ്ഞത്.

എന്റെ മനസ്സിനെ ഗുരുജി വര്‍ഷങ്ങള്‍ പുറകിലേക്ക് കൊണ്ടുപോകുകയായിരുന്നു. വലിയ വലിയ സ്ഥാനമാനങ്ങളില്‍ തിരക്കിലായിരുന്ന അച്ഛന്റെ മകനായിരുന്നു ഞാന്‍. എന്തിനും നിറയെ പരിചാരകര്‍. പക്ഷെ അമ്മയെ മാത്രം ഞാന്‍ അടുത്തു കണ്ടില്ല. പലപ്പോഴും പാര്‍ട്ടിയില്‍ ആരുടെയെങ്കിലും കൈകളില്‍ തൂങ്ങി, അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും തോളില്‍ തൂങ്ങി.... എന്നെ ഒന്നു തൊടുകയോ, എന്നോട് ചിരിക്കുകയോ ചെയ്തില്ല. അമ്മയുടെ ഇഷ്ടമില്ലാതെ എന്നെ സൃഷ്ടിച്ചുവെന്ന കുറ്റമായിരുന്നു അച്ഛനും ഞാനും ജീവിതകാലം പേറിയത്. അതിന്റെ പ്രതികാരം എന്നേക്കാള്‍ അച്ഛനെയാണ് തകര്‍ത്തതെന്ന് തോന്നി. പക്ഷെ അച്ഛന്‍ സമയം കിട്ടുമ്പോഴൊക്കെ എന്നോടൊപ്പം കൂടി. ഒരു ചങ്ങാതിയെപോലെ ആയിരുന്നു അച്ഛന്‍. സ്വന്തം അനുഭവങ്ങളില്‍ നിന്ന് നല്ലത് മാത്രം എനിക്ക് പകര്‍ന്നു തന്നു.. പലതും പറയുമ്പോള്‍ അച്ഛന്റെ കണ്ണു നിറയുന്നത് ഞാന്‍ നോക്കി നിന്നു. അപ്പോള്‍ ഞാനും കൂടെ കരഞ്ഞു. മനസ്സ് പിടയുമ്പോള്‍ അദ്ദേഹം ഒന്നിനു പുറകെ ഒന്നായ് ചുരുട്ട് വലിച്ച് തള്ളുന്നത് ഞാന്‍ കണ്ടീട്ടുണ്ട്. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന് ഭക്ഷണമെല്ലാം ദ്രാവകരൂപത്തില്‍ കൊടുക്കുമ്പോഴും കഴുത്തിലെ ദ്വാരത്തിലൂടെ അവയൊക്കെ പുറത്തേക്കൊഴുകുമായിരുന്നു. ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞ അമ്മ ഞങ്ങളെ തനിച്ചാക്കി ആരുടെ കൂടെയോ പോയി. പരിചാരകരുടെ തിരക്ക് കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ വീട്ടില്‍ അച്ഛനും, ഞാനും തനിച്ചായി. അച്ഛന്റെ കുഴിഞ്ഞ കണ്ണുകളും, ശോഷിച്ച ശരീരവും, വിറയാര്‍ന്ന ശബ്ദവും എന്റെ മനസ്സില്‍ എന്നും പച്ച പിടിച്ച് നില്‍ക്കും. എന്റെ പഠിപ്പിനൊരു കുറവും വരുത്താതിരിക്കാന്‍ അച്ഛന്‍ വേണ്ടതൊക്കെ ചെയ്തുവെച്ചിരുന്നു. അച്ഛന്റെ മകനായ് എല്ലാ ക്ലാസിലും ഒന്നാമനായ് ചെല്ലുമ്പോള്‍ കെട്ടിപ്പിടിച്ചുകൊണ്ടച്ഛന്‍ പറയും, “മോനേ യദൂ, ഓരോ വിജയത്തിലും ആഹ്ലാദിക്കുമ്പോള്‍, പരാജയത്തിന്റെ മുന്നിലൂടെ കടന്നാണ് വിജയത്തിലെത്തിയതെന്ന് നീ എപ്പോഴും മനസ്സില്‍ കരുതണം. കാരണംഎന്നെങ്കിലുമൊരിക്കല്‍ പരാജയത്തിനപ്പുറം പോകാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെ മനസ്സ് പതറാതിരിക്കാന്‍ വേണ്ടിയാണ് അച്ഛനിത് പറയുന്നത്”. അത് പറഞ്ഞ് തീര്‍ന്നപ്പോള്‍ ആ കുഴിഞ്ഞ കണ്ണുകളില്‍ കണ്ണീരിന്റെ നനവ് ഞാന്‍ കണ്ടു. അച്ഛന്റെ ഉപദേശം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാനും അതില്‍ അഹങ്കരിക്കാതിരിക്കാനും എന്നെ പഠിപ്പിച്ചു.


എന്റെ കഥ തുടരാതിരിക്കാനാവാം ഗുരുജി പെട്ടെന്ന് പറഞ്ഞു തുടങ്ങി, “ബാവുലിയ ഗ്രാമത്തില്‍ മകന്റെ വരവിനായ് കാത്തിരിക്കുന്ന ഒരു കുടുംബമല്ല, മക്കള്‍ക്കായ് കാത്തിരിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. അതില്‍ അവര്‍ക്ക് പുതുമകളില്ല. ബഹാദൂറിന്റെ മാതാപിതാക്കളുടെ ആ പ്രതീക്ഷ നില നില്‍ക്കുകയാണ് വേണ്ടത്. ഒരു മരണ ദൂതനായ് യദുനന്ദന്‍ അവിടെ കടന്നു ചെല്ലരുതെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ക്കതുകൊണ്ട് ഒന്നും നേടാനില്ല. കഴിയുമെങ്കില്‍ അവന്റെ ആനുകൂല്യങ്ങള്‍ മാസാമാസങ്ങളില്‍ അവര്‍ക്ക് കിട്ടത്തക്ക വിധത്തില്‍ എന്തെങ്കിലും ചെയ്യൂ. അതും അവര്‍ക്ക് ഇനിയെത്ര നാള്‍”ഗുരുജി പറഞ്ഞവസാനിപ്പിച്ചതും പെട്ടെന്നായിരുന്നു. അദ്ദേഹം എഴുന്നേറ്റപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞാനും എഴുന്നേറ്റു. “എല്ലാം മംഗളകരമാവാന്‍ ദൈവം തുണയ്ക്കട്ടെ” അദ്ദേഹം എന്നെ അനുഗ്രഹിച്ചു അവിടെ നിന്നും പുറത്തേക്ക് പോയി.


പ്രായം കൂടിയ ഒരു സന്ന്യാസി വന്ന് പ്രഭാത കര്‍മ്മങ്ങള്‍ക്കായ് എന്നെ കൂട്ടിക്കൊണ്ടുപോയി. മലയിടുക്കിലെ തടാക കരയില്‍ ഞാനാവശ്യപ്പെടാതെ തന്നെ ഒരാള്‍ വന്നെന്റെ തല മുണ്ഡനം ചെയ്തു. കുളിച്ച് കയറുമ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു സുഖം തോന്നി. തടാകത്തിനരികില്‍ കുറച്ചധികം സന്ന്യാസിമാര്‍ എന്നെ മാത്രം നോക്കി കൊണ്ടു നിന്നിരുന്നു. സന്ന്യാസിമാര്‍ക്കിടയില്‍ നിന്ന് ഗുരുജി മുന്നോട്ട് വന്ന് എന്നോട് കൈനീട്ടുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൈ നീട്ടി. മുണ്ഡിതശിര്‍സ്കനായ എന്റെ കയ്യിലേക്ക് കാഷായ വസ്ത്രവും, രുദ്രാക്ഷമാലയും നല്‍കി ഗുരുജി മന്ത്രങ്ങളുരുവിടുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. താഴ്വാരങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു. ഇപ്പോള്‍ താഴ്വാരങ്ങള്‍ക്കപ്പുറം മലമടക്കുകളില്‍ വസന്തോത്സവമായിരിക്കുമോ! എന്റെ മുണ്ഡനം ചെയ്ത തലയില്‍ സൂര്യന്റെ ആദ്യ  കിരണങ്ങള്‍ തഴുകി.








- 0 -

Friday, January 25, 2008

ഓരോരെ പേരോളെ, ഒക്കെ ഒന്നന്നെ!


മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ലക്കങ്ങളെല്ലാം തപ്പിയെടുത്ത് കലാമണ്ഡലം ഗോപിയുടെ ‘ഓര്‍മ്മയിലെ പച്ചകള്‍’ എന്ന പരമ്പര വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരോ ഗേറ്റിന്റെ കൊളുത്ത് തുറക്കുന്ന ശബ്ദം കേട്ടത്. നോക്കുമ്പോള്‍ കുമാരേട്ടനാണ്. എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത്. പക്ഷെ ഇനി രക്ഷയില്ല. റോട്ടില്‍ കൂടി പോകുമ്പോള്‍ ഞാനിവിടെ ഇരിക്കുന്നത് കണ്ടീട്ടാവും ഇങ്ങോട്ട് കയറിയത്. പണ്ട് പറമ്പില്‍ കിളക്കാനും, തേങ്ങ പൊതിക്കാനുമൊക്കെ വന്നിരുന്ന ആളാണ്. ഇപ്പോള്‍ പ്രായം 65 ലും 70 ലും ഇടയില്‍ ഏതെങ്കിലും ഒരു സംഖ്യയായിരിക്കണം. പണിയെടുത്തിരുന്ന അന്നും സ്വന്തം ആര്‍ഭാടങ്ങളൊക്കെ കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടെങ്കിലേ വീട്ടില്‍ കൊടുത്തിരുന്നുള്ളു. അടുപ്പ് പുകയണമെങ്കില്‍ മറ്റു വല്ലവരും പണിയെടുക്കണം എന്ന നില വന്നപ്പോള്‍ ആണ്‍കുട്ടികള്‍ രണ്ടും പഠിപ്പ് നിര്‍ത്തി പല പണിക്കും പോയി. അതുകൊണ്ട് എല്ലാവരും മൂന്നുനേരം ഭക്ഷണം കഴിച്ച് ജീവിച്ചു. കുമാരേട്ടന്റെ ആഹ്ലാദം പതിവില്‍ കൂടുകയും ചെയ്തു. എന്തെങ്കിലും കൊടുത്താല്‍ പുള്ളി സ്ഥലം വിടുമെങ്കിലും അതൊരു ശീലമാക്കുന്നതിലൊന്നും കുമാരേട്ടന് ഒട്ടും ലജ്ജയില്ല. ലജ്ജിക്കാനും പിണങ്ങാനൊന്നും എന്നെക്കിട്ടില്ല എന്നൊരു മട്ട്.

 

ഞാനധികം സ്നേഹപ്രകടനത്തിനൊന്നും നില്‍ക്കാതെ വായനയില്‍ മുഴുകിയിരിക്കുന്നതായ് അഭിനയിച്ചു. പക്ഷെ ഗേറ്റിനും വീടിനും തമ്മില്‍ വലിയ അകലമൊന്നും ഇല്ലാത്ത സ്ഥിതിക്ക് കുമാരേട്ടന്‍ എന്റെ മുന്നില്‍ എത്തേണ്ട സമയം അതിക്രമിച്ചിരുന്നു. ഇനിയെങ്ങാന്‍ തിരിച്ചുപോയിരിക്കുമോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഒളിക്കണ്ണിട്ട് മുറ്റത്തേക്ക് നോക്കി. അപ്പോള്‍ കുമാരേട്ടന്‍ എന്റെ ബൈക്കിന്റെ സൈഡ് മിററില്‍ നോക്കി മീശ ഉഴിയുകയും മുഖം തുടയ്ക്കുകയുമൊക്കെ ചെയ്തുകൊണ്ട് പ്രായത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ്. എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ ഒന്നും ചോദിക്കാന്‍ പോയില്ല. ചിലപ്പോള്‍ വീട്ടില്‍ നിന്നും ശരിക്ക് കണ്ണാടി നോക്കാന്‍ പറ്റാത്തതുകൊണ്ട് ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി ഭംഗി നോക്കി പോയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കുമാരേട്ടന്‍ ചോദിച്ചു, “ഡാ മൊരളിയേ, ഈ ബൈക്ക് പുതീതാ?” ഒരു നിസംഗതയോടെ ഞാന്‍ പറഞ്ഞു, “അല്ല, പഴേത് തന്ന്യാ”.

 

ആ ചോദ്യത്തോടൊപ്പം കുമാരേട്ടന്‍ എന്റെ മുന്നില്‍ വന്നു നിന്നു. സംഭാഷണവും ആരംഭിച്ചു.

കുമാരേട്ടന്‍: ഡാ, മൊരളിയേ, നീയപ്പോ എന്നാ വന്നേ?

ഞാന്‍: ഒരാഴ്ചയായി

കുമാരേട്ടന്‍: ഇതെന്തൂട്ട് കോലാ നിന്റെ. നീ ഒന്നും തിന്നാറും കുടിക്കാറൊന്നും ഇല്ല്യേ?

ഞാന്‍: ഹേയ്, അതല്ല, വയസ്സായി വര്വല്ലേ, അപ്പോ ശരീരം തടിക്കണതൊന്നും അത്ര നല്ലതല്ല.

കുമാരേട്ടന്‍: ഇതാപ്പ നന്നായേ..നെനക്ക് വയസ്സായി, ഞങ്ങളൊക്കെ ചെറുപ്പോം. ഇവടെ മസിലും പിടിച്ച് നടന്നാര്‍ന്ന ഒരു ചെക്കന്റെ കോലം കണ്ടട്ട് കുമാരേട്ടന് നല്ല വെഷമം ഇണ്ട് അതോണ്ട് ചോദിച്ചതാ.

 

[കുമാരേട്ടന്റെ ഉള്ളിലെ ദ്രാവകം സൂര്യന്റെ ചൂടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുമാരേട്ടന്‍ വികാരം കൊള്ളുവാന്‍ തുടങ്ങിയിരിക്കുന്നു.]


ഞാന്‍: ഹേയ്. അതൊന്നും അല്ല എന്റെ കുമാരേട്ടാ, ഞാന്‍ യോഗ ചെയ്യണോണ്ട് ശരീരം അധികം തടിക്കാതിരിക്കണതാ.

കുമാരേട്ടന്‍: നിന്റെ ഒരു യോഗം അല്ലാണ്ടെന്താ പറയാ.. അതല്ലാ, നീയെവിടിക്ക്യാ പോയാര്‍ന്നേ?

ഞാന്‍: ആഫ്രിക്കേല്

കുമാരേട്ടന്‍: ങാ, ഇമ്മടെ ലോഹീം അവടന്ന്യാ.


[ആറുമാസം മുമ്പ് നാട്ടില്‍ ലോറി ഓടിച്ചു നടന്നിരുന്ന കുമാരേട്ടന്റെ താഴെയുള്ള ചെക്കനാണ് ലോഹിയെന്നു വിളിക്കുന്ന ലോഹിതാക്ഷന്‍. അവന്‍ ആഫ്രിക്കയില്‍ പോയെന്ന് കേട്ടപ്പോള്‍ സ്വാഭാവികമായും അവന്‍ ആഫ്രിക്കയില്‍ എവിടെയാണെന്നറിയാന്‍ എനിക്കാകാംഷയുണ്ടായി ]


ഞാന്‍: ആഫ്രിക്കയില്‍ എവട്യാ?

കുമാരേട്ടന്‍: അവന്‍ ഇമ്മടെ .... ഹെയ്, എന്തൂട്ടണ്

പറയാൻ ശ്രമിക്കുന്നതിനിടക്ക്  കയറി ചോദിച്ചു. കെനിയാ?

കുമാരേട്ടന്‍ എന്തോ അനാവശ്യം കേട്ടതു പോലെ തല വെട്ടിച്ചു. ഞാന്‍ വീണ്ടും ചോദിച്ചു.

ഞാന്‍: ടാന്‍സാനിയാ? കുമാരേട്ടന്റെ ചിന്തകള്‍ക്ക് ഞാന്‍ തടസ്സം നിന്നെന്നപോലെ തല കുടഞ്ഞ് എന്നെ ദേഷ്യത്തോടെ നോക്കിയപ്പോള്‍ ഞാന്‍ ഒരെണ്ണം കൂടി ചോദിച്ചവസാനിപ്പിച്ചു.  ഉഗാണ്ടാ?

 

കുമാരേട്ടന്‍ തലകുടഞ്ഞ് പറഞ്ഞു: ഹയ്, കേനും ഉണ്ടേം ഒന്നും അല്ല, ഇമ്മടെ ഹൈദ്രാ....ബ്ദ്.

ഞാന്‍: ഹൈദരാബാദോ?


കുമാരേട്ടന്‍: അതന്നെ, ഹൈദ്രാ..ബ്ദ്. അതും ഇമ്മടെ നീ പറഞ്ഞ ആന്ധ്രേല് തന്ന്യല്ലേ?

ഞാന്‍ ഒന്നും മിണ്ടിയില്ല, ഇനി കുമാരേട്ടനെ ലോകമാപ്പിന്റെ മുന്നില്‍ കുത്തിയിരുത്താനുള്ള ശേഷി എനിക്കില്ല. അതൊക്കെ താങ്ങാനുള്ള ശേഷി കുമാരേട്ടനും. അതുകൊണ്ട് തന്നെ ഞാന്‍ മാതൃഭൂമിയുടെ മറ്റൊരു ലക്കം കയ്യിലെടുത്തു.

 

എന്റെ ശ്രദ്ധ മാറിപ്പോകുന്നതിനു മുമ്പ് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് കുമാരേട്ടനെ ആരും പഠിപ്പിക്കണ്ട ആവശ്യമില്ലാത്തതോണ്ട് കുമാരേട്ടന്‍ എന്റെ അടുത്തേക്ക് വന്ന് മുഖം കുനിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.

“ദേ, നീ, കുമാരേട്ടന് ഒരു 200 ഉറുപ്പിക താട്ട്, ഇമ്മടെ ലോഹീടെ ഭാര്യേടെ പാപ്പന്‍ കള്ളുഷാപ്പീന്ന് സൈക്കിള്മ്മെ വരുമ്പോ സൈക്കിളടക്കം കൊളത്തില് വീണൂന്ന്. ഇതറിഞ്ഞട്ട് ഇമ്മള് പോയി കണ്ടില്ലെങ്ങ്യേ മോശല്ലേ..”

 

ഞാന്‍: (ഒരു മോശോം ഇല്യ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും): അതിപ്പോ 200 രൂപാന്നൊക്കെ പറഞ്ഞാ.

കുമാരേട്ടന്‍: മൊരളിയേ, വെറുതെ വേണ്ടാന്ന്, ഇമ്മടെ ലോഹി അടുത്ത മാസം വണ്ടി കൊണ്ട് വരുമ്പോ നീ നേരിട്ടാ വേടിച്ചോ എന്ത്യേ..


എന്തെങ്കിലും പറഞ്ഞ് കാശു വാങ്ങി കള്ളു കുടിക്കാനാണെന്ന് അറിയാവുന്നതുകൊണ്ടും ഒന്നും കൊടുക്കാതെ വിട്ടാല്‍ വീണ്ടും വീണ്ടും വന്ന് ശല്യപ്പെടുത്തുമെന്നുള്ളതുകൊണ്ടും ഞാനകത്തുപോയി ഒരു 50 രൂപ ചുരുട്ടി പിടിച്ചു കൊണ്ടു വന്ന് കുമാരേട്ടന്റെ കയ്യില്‍ വച്ചുകൊടുത്ത് പറഞ്ഞു.


“അതേ, 50 രൂപേ ഉള്ളു. ഇതെനിക്ക് കുമാരേട്ടന്‍ തിരിച്ച് തരണ്ട.”

കുമാരേട്ടന്‍: ഹയ്, ഡാ നീ കുമാരേട്ടനെ വെഷമിപ്പിക്ക്യാ.... എനിക്ക് വെര്‍തെ വേണ്ടാന്ന്...ഞാന്‍ തിരിച്ചു തരും. ഇമ്മടെ ലോഹി..

ഞാന്‍: അത് സാരല്ല്യാ, കുമാരേട്ടന്‍ ചെല്ല്..

കുമാരേട്ടന്‍: അപ്പോ ശരി, ഞാന്‍ പോയിട്ട് പിന്നെ വരാം...

നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന് സ്വകാര്യം പറയുന്ന പോലെ പറഞ്ഞു,


കുമാരേട്ടന്‍: നിന്റെ ചേച്ചീടെ കയ്യീന്ന് പറമ്പില് വെള്ളം തിരിക്കാംന്ന് പറഞ്ഞ് ഒരു 100 രൂപ കൂടല് വാങ്ങീട്ട്ണ്ട്. അത് നീ ഒന്ന് കൊടുത്ത് സെറ്റില് ചെയ്തേക്ക് ട്ടാ. കാര്യങ്ങള് കണിശായില്ലെങ്ങ്യേ, ചേച്ചീടെ മോത്തയ്ക്ക് നോക്കാന്‍ എനിക്കൊരു മട്യാ അതോണ്ടാ...പിന്നഡ്ജസ്റ്റ് ചെയ്യാം..


 

ഇനിയിപ്പോള്‍ അതിനെക്കുറിച്ചൊക്കെ സംസാ‍രിക്കാന്‍ നിന്നാല്‍ വല്ല്യ ശല്യാവുന്ന് അറിയുന്നോണ്ട് ‘അങ്ങന്യാവട്ടെ’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കുമാരേട്ടന്‍ ഗേറ്റിന്റെ കൊളുത്ത് അടയ്ക്കുമ്പോള്‍ ഉറക്കെ ചോദിച്ചു.


കുമാരേട്ടന്‍: അപ്പോ ഒരു കാര്യം ചോയ്ക്കാന്‍ വിട്ട്വോയി. നീ അവടെ ഇമ്മടെ ലോഹ്യേ കാണാറ്ണ്ടാ?

 ഞാന്‍: ഇല്ല്യ

കുമാരേട്ടന്‍: നെന്റെ സ്ഥലത്ത്ന്ന് കൊറേ പോണോ ലോഹീടെ അബടക്ക്?

ഉം. ഞാനൊന്നു മൂളി.

[കുമാരേട്ടന്‍ ഇപ്പോള്‍ നല്ലവണ്ണം നിന്നിടത്ത് നിന്ന് ആടുന്നുണ്ട്]

കുമാരേട്ടന്‍: ഇമ്മടെ മാപ്രാണത്ത്ന്ന് തൃശൂര്‍ക്ക് പോണ ദൂരംണ്ടാവ്വോ?

എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു. “എന്റെ കുമാരേട്ടാ ലോഹി ആന്ധ്രാപ്രദേശിലല്ലേ, ഞാന്‍ ആഫ്രിക്കേലായിരുന്നു.”


കുമാരേട്ടന്‍: (വേച്ച് വേച്ച് നടന്നുകൊണ്ട്, റോട്ടില്‍ കൂടി പോകുന്നവരോടായി ഞാന്‍ പറഞ്ഞത് മനസ്സിലായെന്ന മട്ടില്‍) ഹയ് അപ്പ അതാണ് കാര്യം. സ്ഥലത്തിന്റെ ഓരോരൊ പേരോളേ, ഒക്കെ ഒന്നന്നെ...


- 0 -








































Saturday, January 12, 2008

ഇങ്ങനെയും ചിലര്‍

ഒരു ഫെബ്രുവരി മാസത്തിലായിരുന്നുവെന്നു തോന്നുന്നു. ഡിഗ്രി അവസാനവര്‍ഷത്തെ പരീക്ഷക്കു മുമ്പുള്ള സ്റ്റഡി ഹോളിഡേയ്സില്‍ പറമ്പിലെ ഒരു മരത്തണലില്‍ പ്ലാസ്റ്റിക് കസേരയിലിരുന്ന് ഞാന്‍ മൈക്രോ ഇക്കണോമിക്സ് പഠിക്കുകയായിരുന്നു. കണാരന്‍ ചേട്ടന്‍ തൊട്ടപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പില്‍ കല്ലുവെട്ടുന്നുണ്ടായിരുന്നു. കണാരന്‍ ചേട്ടന് ഏകദേശം 50 വയസ്സുണ്ടാവും. ഉറച്ച ശരീരം. അല്പം നരച്ച കുറ്റിത്തലമുടിയും പൂര്‍ണ്ണമായും നരച്ച കനമുള്ള നീളന്‍ മീശയും. മീശയുടെ അറ്റം ചുരുട്ടി മുകളിലേക്ക് വെച്ചിരിക്കുന്നു. ചുവന്നിരിക്കുന്ന കണ്ണുകള്‍. കാലത്തും, ഉച്ചക്കും, വൈകീട്ടും മിനുങ്ങുന്ന സ്വഭാവം പണ്ടേ അദ്ദേഹത്തിനുണ്ടായിരുന്നു. വെറുമൊരു തോര്‍ത്തുമുണ്ടാണ് കല്ലുവെട്ടുമ്പോള്‍ യൂണിഫോം. പിന്നെ ചെവിയില്‍ തിരുകിയിരിക്കുന്ന ബീഡി, തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്ത്. കല്ലുവെട്ടുന്നതിനിടയില്‍ വടക്കന്‍ പാട്ടു പാടുകയും, കുറച്ച് വെള്ളം അധികം അകത്തുണ്ടെങ്കില്‍ ദേഷ്യമുള്ളവരുടെ പേരെടുത്ത് പറഞ്ഞുള്ള ഭരണിപ്പാട്ടും ഉണ്ടായിരിക്കും.തല്ല് എരന്നു വാങ്ങാന്‍ ഒരു പ്രത്യേക മിടുക്കു തന്നെ കണാരേട്ടനുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല.


കണാരേട്ടന്‍ പാട്ടുപാടി കല്ലുവെട്ടിക്കൊണ്ടിരിക്കുമ്പോഴാണ്, അദ്ദേഹത്തിന്റെ പാ‍ട്ടിന് ശ്രുതിഭംഗം വരുത്തിക്കൊണ്ട് മറ്റൊരു ഈണം അലയടിച്ചത്, “പായേ പായം, പാ‍യേ പായം”. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി ആ പുതിയ ശബ്ദത്തിനുടമയെ നോക്കി. നല്ല ഭംഗിയുള്ള തഴപ്പായകള്‍ ചുമന്നുകൊണ്ടൊരു മദ്ധ്യവയസ്കന്‍ നടന്നു വരുന്നു. പായയുടെ വക്കുകളില്‍ ചുവന്നതും നീലയും നിറങ്ങള്‍ ചാര്‍ത്തിയിരിക്കുന്നത് അകലെ നിന്നു തന്നെ കാണാം. പായകളുടെ കെട്ടിനു നല്ല കനമുണ്ടെന്ന് അയാളുടെ മുഖഭാവം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. അയാള്‍ ഓരോ വീട്ടിലേക്കും നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”.


കണാരേട്ടന്‍ കല്ലുവെട്ടുന്നത് നിര്‍ത്തി, നിവര്‍ന്ന് പായ വില്പനക്കാരനെ നോക്കി. കല്ലുവെട്ടു സാമഗ്രികള്‍ തറയിലിട്ട് കൈ തോര്‍ത്തുമുണ്ടില്‍ തന്നെ തുടച്ച്, തലയിലെ തോര്‍ത്തഴിച്ച് മുഖം തുടച്ച് വീണ്ടും തോര്‍ത്ത് തലയില്‍ കെട്ടി ബീഡി കത്തിച്ച് കല്ലുവെട്ടാം കുഴിയില്‍ നിന്നും പുറത്ത് വന്ന് പായ വില്പനക്കാരനെ വിളിച്ചു. “ഡോ, അവടെ നിന്നേ, ഒരു കാര്യം പറയട്ടെ”പായ വില്പനക്കാരന്‍ ഒരു കസ്റ്റമറെ കിട്ടിയ ആശ്വാസത്തോടെ നിന്നു. കണാരേട്ടന്‍ പായ വില്പനക്കാരന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തിയപ്പോള്‍ പായവില്പനക്കാരന്‍ തലച്ചുമടിറക്കാനായ് ഒന്നു കുനിഞ്ഞു. കണാരേട്ടന്‍ ബീഡി ഒന്നാഞ്ഞുവലിച്ച് കൈ കൊടുത്ത് സഹായിച്ച് പായക്കെട്ട് ഇറക്കി ഇടവഴിയിലെ വേലിക്കരികിലായ് വെച്ചു. പായവില്പനക്കാരന്‍ പൊടുന്നനെ കെട്ടഴിച്ച് പായകള്‍ ഒന്നൊന്നായ് നിവര്‍ത്തിയിട്ട് കാണിച്ചു കൊടുക്കുന്നതും അതിന്റെ ഇഴകളെക്കുറിച്ചും, പായ് നെയ്ത്തിനെക്കുറിച്ചും വിശദമായ് സംസാരിക്കുന്നതും ഒരു തരം നിര്‍വ്വികാരതയോടെ കണാരേട്ടന്‍ നോക്കി നിന്നു. സത്യത്തില്‍ എന്തിനാണ് കണാരേട്ടന്‍ തന്റെ ജോലി നിര്‍ത്തി അങ്ങോട്ടു വന്നതെന്നു പോലും മറന്നുപോയിരുന്നുവെന്ന് തോന്നും ആ നില്പ് കണ്ടാല്‍. അതിനിടയില്‍ പായ് വില്പനക്കാരന്‍ അകലേക്ക് നോക്കി വിളിച്ചു പറഞ്ഞു, “പായേ പായം”. അതു കേട്ടതും കണാരേട്ടന് താന്‍ എന്തിനാണ് പായ വില്പനക്കാരനെ വിളിച്ചു നിര്‍ത്തിയതെന്ന് ഓര്‍മ്മ വന്നു. കണാരേട്ടന്‍ പറഞ്ഞു,“എടോ, താനെന്തൂട്ടായീ വിളിച്ച് പറയണേ, പായേ പായം ന്നോ?”പായ വില്പനക്കാരന്‍ അന്താളിച്ച് നിന്നു. ഞാന്‍ മൈക്രോ ഇക്കണോമിക്സ് തെങ്ങിന്‍ ചോട്ടിലിട്ട് എഴുന്നേറ്റ് നിന്നു. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയ പായ വില്പനക്കാരന്‍ മെല്ലെ നിവര്‍ത്തിയിട്ട പായകള്‍ ചുരുട്ടി. അപ്പോള്‍ വീണ്ടും കണാരേട്ടന്‍ ചോദിച്ചു, “ഡോ, തന്നോടാ ഞാന്‍ ചോദിച്ചേ, എന്തൂട്ടാ തന്റെ ഈ പായേ പായം? ‘പായ, പായ’ എന്ന് ക്ലീന്‍ ക്ലീനായിട്ട് പറയണം, മനസ്സിലായാ?”


കച്ചവടക്കാരന്‍ തന്റെ നഷ്ടപ്പെട്ട സമയത്തില്‍ വിഷണ്ണനായ് ഒന്നും മിണ്ടാതെ പായ അടുക്കി കെട്ടാന്‍ തുടങ്ങുമ്പോള്‍ ചോദിച്ചു, “അല്ലാ, അപ്പോള്‍ ചേട്ടന് പായ വേണ്ടേ?”തന്റെ ചോദ്യത്തിനുത്തരം നല്‍കാതെ അവഗണിക്കുന്നത് സഹിക്കാന്‍ കണാരേട്ടനാകുമായിരുന്നില്ല. അല്പം ദേഷ്യത്തോടെ കണാരേട്ടന്‍ പറഞ്ഞു,


“ഞാന്‍ പായ വാങ്ങണോ വേണ്ടേന്നൊള്ളത് പിന്നത്തെ കാര്യം. നീ ആദ്യം ശരിക്ക് വിളിച്ച് പറയ്, ‘പായ, പായ, പായ, പായേ....’ അങ്ങനെ പറയണം മനസ്സിലായാ.” കച്ചവടക്കാരന്‍ അതിനുത്തരമൊന്നും പറഞ്ഞില്ല. അയാളുടെ മുഖത്ത് സങ്കടവും ദേഷ്യവും കൂടിച്ചേര്‍ന്ന ഒരു ഭാവമായിരുന്നു അപ്പോള്‍. ഇത് പായക്കച്ചവടക്കാരന്റെ തല്ലു കൊണ്ടേ കണാരേട്ടന്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു. കാരണം ഇതിനു മുമ്പ് ഒരു പഴം വില്പനക്കാരനെ ഇതേ ഇടവഴിയില്‍ തന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതിന് അയാളുടെ കയ്യില്‍ നിന്നും തരക്കേടില്ലാതെ തല്ലു വാങ്ങിയിരുന്നു. അയാള്‍ അന്ന് ‘പഴേ പഴം’ എന്ന് വിളിച്ചാണ് കച്ചവടം നടത്തിയിരുന്നത്, അതിഷ്ടപ്പെടാതെ കണാരേട്ടന്‍ പറഞ്ഞു, “പഴേ പഴം ഇവിടെ വിക്കാന്‍ പറ്റില്ല, പുത്യേ പഴം മാത്രം വിറ്റാ മതി. അതോണ്ട് ഒന്നില്ലെങ്കില്‍, ‘പഴം, പഴം’ എന്ന് വിളിച്ച് പറയാ, അല്ലെങ്കില്‍ പുത്യേ പഴം എന്ന് വിളിച്ച് പറയാ...” ആ തര്‍ക്കത്തിന്റെ ഒടുവില്‍ അല്ല തടിമിടുക്കുള്ള പഴം വില്പനക്കാരന്‍ കാണാരേട്ടനെ പഴം ചവിട്ടിയ മട്ടിലാക്കിക്കളഞ്ഞു. ഇന്ന് ഇതിനി എവിടെ ചെന്ന് അവസാനിക്കും എന്ന ആകാംഷയില്‍ ഞാന്‍ ഇക്കണോമിക്സ് മറന്ന് ഇടവഴിയിലേക്ക് നോക്കി നിന്നു.


തോര്‍ത്തുമുണ്ടുടുത്ത് മുറിബീഡി വലിച്ച് ചുവന്ന കണ്ണുകളോടെ തന്റെ മുന്നില്‍ തന്നെ ചോദ്യം ചെയ്ത് നില്‍ക്കുന്ന ആളോട് പായക്കെട്ട് തലയിലേറ്റാന്‍ സഹായിക്കാമോ എന്ന് ചോദിക്കുന്നത് അനര്‍ത്ഥങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് ശങ്കിച്ച് പായക്കെട്ട് തലയിലേറ്റാനായ് ഒന്ന് കൈ വെക്കാന്‍ ഇനി ആരോട് പറയും എന്ന മട്ടില്‍ ചുറ്റിനും നോക്കി. അപ്പോഴാണ് കാഴ്ച കാണുന്ന എന്നെ കണ്ടത്. കച്ചവടക്കാരന്‍ എന്നെ നോക്കി വിളറിയ ചിരിയോടെ ചോദിച്ചു, “ഒരു കൈ തന്ന് സഹായിക്ക് മോനെ”. ഇത് കേട്ടതും കണാരേട്ടന്റെ രക്തം തിളച്ചു. തന്റെ ചോദ്യത്തിനുത്തരം പറയുന്നില്ലെന്നു മാത്രമല്ല, പായക്കെട്ട് പിടിച്ചിറക്കാന്‍ സഹായിച്ച തന്നെ തീര്‍ത്തും അവഗണിക്കുന്ന ഇയാളെ അങ്ങനെ വിടാന്‍ പറ്റില്ലാ എന്ന തീരുമാനത്തില്‍ കണാരേട്ടന്‍ അയാളെ തടഞ്ഞു നിര്‍ത്തി പറഞ്ഞു,“അതേ, ഈ നാട്ടില് പായ വിക്കണങ്ങിലേ, ‘പായ, പായ, പായ’ എന്നു വിളിച്ച് പറഞ്ഞേ തനിക്ക് വിക്കാന്‍ പറ്റുള്ളു ട്ടാ...പിന്നെ തന്റെ ഈ ചുമട് ഇവിടെ എറക്കാന്‍ എനിക്ക് സഹായിക്കാംന്നിണ്ടെങ്കിലേ അത് തന്റെ തലേല് കേറ്റി വെച്ചു തരാനും എനിക്ക് പറ്റും. കെട്ടു പോയ ബീഡിക്കുറ്റി ചെവിയില്‍ തിരുകി, അയാള്‍ പായക്കെട്ടില്‍ കൈ വെച്ചു. കച്ചവടക്കാരന്‍ ഉടനെ കണാരേട്ടനെ അനുസരിച്ചു. പായക്കെട്ട് തലയിലേറ്റിയതും അയാള്‍ ശീലം കൊണ്ട്പഴയതുപോലെ വിളിച്ചു പറഞ്ഞു, 

“പായേ, പായം”.


അതു കേട്ടതും കണാരേട്ടന്‍ അയാളുടെ മുന്നിലേക്ക് ഓടിക്കയറി കൈ വിരിച്ച് പിടിച്ച് അയാള്‍ക്കു തടസ്സമായ് നിന്നു, എന്നീട്ടൊരു ചോദ്യം.


“അമ്പടാ, നീയെന്താ ആളെ കളിയാക്ക്വാ?, ‘പായ, പായ പായ’ എന്ന് പറഞ്ഞട്ട് ഇവടന്ന് പോയാ മതി.” കച്ചവടക്കാരന്റെ ക്ഷമ നശിച്ചെന്ന് തോന്നി. അയാള്‍ പായക്കെട്ട് തലയില്‍ വെച്ച് തന്നെ കണാരേട്ടനെ പിടിച്ചൊരു തള്ളുകൊടുത്തു. അപ്രതീക്ഷിതമായ ആ തള്ളലില്‍ കണാരേട്ടന്‍ വേലിയുടെ മുകളിലൂടെ കല്ലുവെട്ടാം കുഴിയിലേക്ക് വീണു. വേണ്ടത്ര തൊലി പോകുകയും അവിടവിടെ അത്യാവശ്യം മുറിവേല്‍ക്കുകയും ചെയ്ത കണാരേട്ടന് അത്ര പെട്ടെന്ന് ആ കുഴിയില്‍ നിന്ന് കയറാന്‍ പറ്റിയില്ല.


“പായേ, പായം” കുറച്ചകലെയായ് പായക്കച്ചവടക്കാരന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കല്ലുവെട്ടാം കുഴിയില്‍ നിന്ന് പുതിയൊരു ഭരണിപ്പാട്ട് കേള്‍ക്കാറായി. ആ പാട്ടിലെ കഥാപാത്രം സ്വാഭാവികമായും ആ പായക്കച്ചവടക്കാരനായിരുന്നു. ഞാന്‍ തെങ്ങിന്‍ ചോട്ടിലുപേക്ഷിച്ച മൈക്രോ ഇക്കണോമിക്സിന്റെ പേജുകള്‍ ഇളം കാറ്റില്‍ മറിഞ്ഞുകൊണ്ടിരുന്നു.

- 0 -

Tuesday, January 01, 2008

യെന്തൊരോ മഹാനു ഭാവലു!


പേര് സുശീലന്‍ എന്നായിരുന്നെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അറിഞ്ഞോ അറിയാതെയോ പലപ്പോഴും ദുശ്ശീലങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ടൌണില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവരുന്ന അവന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് അവനെ നേര്‍ക്കു നേരെ കാണുന്നതു തന്നെ ചതുര്‍ത്ഥിയായിരുന്നു. ബി.എസ്.സി മാത്തമാറ്റിക്സ് ഫസ്റ്റ് ക്ലാസ്സോടെ പാസാകാന്‍ പഠിച്ച സുശീലന് സെക്കന്റ് ക്ലാസ്സെങ്കിലും കിട്ടുമെന്ന് അവനെ കുറിച്ച് ശരിക്ക് അറിയാത്തവര്‍ വിചാരിച്ചിരുന്നു. ആള്‍ കേമനായതുകൊണ്ട് കഷ്ടിച്ച് പാസായി പേരുദോഷം കേള്‍പ്പിച്ചില്ല. പക്ഷെ കണക്കുകളുടെ കളിയില്‍ സുശീലന്‍ അഗ്രഗണ്യനായിരുന്നു. എത്ര വിഷമം പിടിച്ച കണക്കും ശരിയാക്കിയെടുക്കാന്‍ കുട്ടികള്‍ സുശീലനെയാണ് ആശ്രയിച്ചിരുന്നത്. എല്ലാം വളരെ നിഷ്പ്രയാസം അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സുശീലന് പ്രത്യേക മിടുക്കായിരുന്നു. പക്ഷെ തന്നെ പരീക്ഷിക്കാന്‍ ഒരുങ്ങുന്ന കോളേജിന്റെ സമ്പ്രദായത്തോട് തികഞ്ഞ അതൃപ്തിയായിരുന്നു സുശീലന്. അതുകൊണ്ട് കൂട്ടുകാര്‍ നല്ല മാര്‍ക്ക് വാങ്ങി പാസായപ്പോഴും സുശീലന്‍ കഷ്ടിച്ച് പാസായതേ ഉള്ളു.


ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്ന നിലയില്‍ തേരാ പാരാ നടന്നപ്പോള്‍ അച്ഛന്‍ അമ്മ വഴി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് കരിമ്പടത്തിനടിയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന സുശീലന്‍ കേട്ടു.


“എടീ, ഇനിയെങ്കിലും അവനോട് പറയ്, ആ ഹോട്ടലില്‍ വന്നിരുന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍, എനിക്കൊന്ന് വിശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇനി ഇവനൊരു ഉദ്യോഗം കിട്ടിയിട്ട് വിശ്രമിക്കാമെന്ന് വെച്ചാല്‍ അത് അന്ത്യവിശ്രമമാകുന്ന ലക്ഷണമായതോണ്ട് പറയാന്ന് കൂട്ടിക്കോ”.

അമ്മയുടെ മറുമൊഴിയൊന്നും കേട്ടില്ല. അച്ഛന്റെ ശബ്ദവും കേള്‍ക്കാത്തതുകൊണ്ട് അച്ഛന്‍ ഹോട്ടലിലേക്ക് പോയിരിക്കുമെന്നൂഹിച്ചു. മണ്ടികളായ പെണ്‍കുട്ടികളെ കണക്കു ട്യൂഷന്‍ കൊടുത്തുകൊണ്ടിരുന്നപ്പോള്‍ നല്ലവണ്ണം കാശു കിട്ടിക്കൊണ്ടിരുന്നതാണ്. പക്ഷെ സ്ഥലം മാറി വന്ന സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്ററുടെ മോള്‍ക്ക് തന്നോട് പ്രേമം തോന്നിയതാ തനിക്കൊരു പാരയായത്. അത് പറഞ്ഞ് കേട്ട അന്ന് തന്നെ കൂട്ടുകാരോട് പോയി പറഞ്ഞ് ഷൈന്‍ ചെയ്യാന്ന് കരുതിയപ്പോഴല്ലേ കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. ഇതിനു മുമ്പ് താമസിച്ച സ്ഥലത്ത് ഇതുപോലെ ഒരു ട്യൂഷന്‍ മാഷോട് പ്രണയം അറിയിക്കുകയും ആ പാവം മനുഷ്യന്‍ അവളെ ആത്മാര്‍ത്ഥമായ് സ്നേഹിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്റര്‍ രണ്ടുപേരേയും വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുകയും പെണ്ണ് നിന്ന് കരയുകയും ഇന്‍‌സ്പെക്റ്റര്‍ ട്യൂഷന്‍ മാഷുടെ കൂമ്പിടിച്ച് വാട്ടുകയും ചെയ്തുവത്രെ. അപ്പോ തന്നെ ഇനി മുതല്‍ ആര്‍ക്കും ട്യൂഷന്‍ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.


സന്ധ്യ കഴിഞ്ഞാലേ കൂട്ടുകാര്‍ ഫ്രീ ആകുകയുള്ളു. താനൊഴിച്ച് എല്ലാവര്‍ക്കും എന്തെങ്കിലും കൈത്തൊഴിലൊക്കെയുണ്ട്. സന്ധ്യക്ക് ഒത്തുകൂടി പുളുവടിച്ച് ഇരിക്കുക, ചീട്ടുകളിക്കുക, രാത്രി റോട്ടുവക്കിലെ തെങ്ങില്‍ കയറി കരിക്ക് ഇട്ടു കുടിക്കുക, ഏതെങ്കിലും പറമ്പില്‍ കയറി കപ്പ മാന്തിയെടുത്ത് പുറത്ത് എവിടെയെങ്കിലും അടുപ്പു കൂട്ടി അതൊക്കെ ചുട്ടു തിന്നുക എന്നതൊക്കെ ഒരു ഹരമായ് മാറിക്കഴിഞ്ഞിരുന്നു.


കൂട്ടുകാരന്‍ സുഗുണന്‍ ഇന്നലെ ചോദിച്ചത് കാര്യമായെടുക്കാന്‍ പറ്റുന്ന കേസ് തന്നെയായിരുന്നു. വല്ല്യച്ഛനെ പോലെ അല്പം ജ്യോതിഷവും,മന്ത്രവാദവും വശത്താക്കിയാല്‍ പിന്നെ കാശിന്റെ ഒരു കളിയായിരിക്കുമെന്ന്. പക്ഷെ വല്ല്യച്ഛന്‍ ദേശാടനത്തിലാണ്. ഹൈദരാബാദിലാണെന്നാ കേള്‍വി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വന്നാലായി. വന്നു കഴിഞ്ഞാല്‍ പിന്നെ പൂജയും, മന്ത്രവാദവും ജ്യോതിഷവുമൊക്കെയായ് നല്ല കോളായിരിക്കും. അച്ഛന്റെ മുന്നില്‍ ചെന്നു പെടാതിരിക്കാനും, നേരം പോകാനും വല്ല്യച്ഛന്റെ സഹായിയായി കൂടുന്നത് പതിവായിരുന്നു. നല്ല ശാപ്പാടും, ഇടക്കൊക്കെ കിട്ടുന്ന പൂജിച്ച ചാരായവും വല്ല്യച്ഛന്റെ സഹായിയാവാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. ഇനി വരുമ്പോള്‍ വല്ല്യച്ഛന്റെ കയ്യില്‍ നിന്ന് പൂജാവിധികളും മന്ത്രങ്ങളും ജ്യോതിഷവുമൊക്കെ പഠിച്ചെടുക്കണം എന്ന് സുശീലന്‍ നിശ്ചയിച്ചു. ഉച്ചയൂണു കഴിഞ്ഞ് കുറച്ച് നേരം പത്രം വായിച്ചിരുന്നപ്പോള്‍ ഉറക്കം വന്നു. പിന്നെ എഴുന്നേറ്റത് നാലുമണിക്കാണ്. മുഖം കഴുകി ചായ കുടിച്ച് ഷേര്‍ട്ടും മുണ്ടും മാറ്റി പുറത്തേക്കിറങ്ങി. കൂട്ടുകാര്‍ വരാന്‍ ഇനിയും സമയം ഏറെയുണ്ട്. കനാല്‍ വക്കത്ത് പോയിരുന്ന് അതിലൂടെ വരുന്നവരേയും പോകുന്നവരേയും നിരീക്ഷിക്കാം എന്ന് കരുതി നടന്നു. കനാല്‍ വക്കത്ത് എത്തിയപ്പോള്‍ കൂനന്‍ മാണിക്യന്‍ ഇരുന്ന് ചൂണ്ടയിടുന്നു. വെറുതെ ഒരു കുശലാന്വേഷണമാവാം എന്ന് കരുതി മാണിക്യനോട് ചോദിച്ചു,


“എന്തൊക്കെയുണ്ട് മാണിക്യാ, നല്ലവണ്ണം കൊത്തുന്നുണ്ടോ?”


അതിഷ്ടപ്പെടാതെ മാണിക്യന്‍ പറഞ്ഞു,
“വേണെങ്കിലിരുന്ന് ചൂണ്ടിക്കോ, നീയൊക്കെ ചൂണ്ടിയാലേ ചില മീനുകള്‍ കൊത്തൂ”.


മാണിക്യന്‍ തന്നോട് കൊരുക്കാനുള്ള പരിപാടിയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറി. ഒന്നും പറയാതെ മാണിക്യന്‍ ഇരിക്കുന്നതിന്റെ കുറച്ച് ദൂരെയായി വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നയുടെ തണലില്‍ പോയി ഇരുന്നു. ഇടക്കിടെ മാണിക്യന്‍ സുശീലനെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. മാണിക്യന് മീനൊന്നും കിട്ടാത്തതിന്റെ ദേഷ്യമായിരിക്കും എന്ന് സുശീലനു തോന്നി. ചൂണ്ടയും, ഒഴിഞ്ഞ കൂടയുമായ് മാണിക്യന്‍ എഴുന്നേറ്റ് കൂനിക്കൂടി സുശീലന്റെ അടുത്തേക്ക് വന്നു. അടുത്തെത്തിയതും സുശീലനെ ചീത്ത പറയാന്‍ തുടങ്ങി,


“കൊറച്ച് കാലം കോളേജില്‍ പോയ് പഠിച്ചൂന്ന് കരുതി ഇത്തിരി മേലനങ്ങി പണിയെടുത്താ കൊറച്ചലൊന്നും വരില്ലട ചെക്കാ. നിന്റെ അച്ഛനും അമ്മേം രാവും പകലും കഷ്ടപ്പെട്ടുണ്ടാക്കുന്നത് ചെന്ന് വെട്ടി വിഴുങ്ങി ഇങ്ങനെ വായ് നോക്കി നടന്നോ, എന്റെ അനിയനെങ്ങാനുമായിരുന്നെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ തല്ലിയൊടിച്ചേനെ”


സുശീലന്റെ സര്‍വ്വ നിയന്ത്രണവും പോയി. മാണിക്യന്‍ പറഞ്ഞ് തീര്‍ന്നതും, വികലാംഗനാണെന്ന പരിഗണന പോലുമില്ലാതെ മാണിക്യനെ ഒറ്റ ചവിട്ടു കൊടുത്തു. മാണിക്യന്‍ കനാലിന്റെ ഓരത്ത് ചരലില്‍ മൂക്കും കുത്തി വീണു.


“അയ്യോ” എന്ന മാണിക്യന്റെ ദീനരോദനം കേള്‍ക്കാന്‍ നില്‍ക്കാതെ സുശീലന്‍ അവിടെ നിന്നും എഴുന്നേറ്റ് ഓടി. മാണിക്യനെ കാര്യമായ് ഉപദ്രവിക്കണമെന്നൊന്നും താന്‍ കരുതിയിരുന്നതല്ല, പക്ഷെ ചവിട്ട് നല്ല ഊക്കിലായെന്ന് ചവിട്ടിയ തന്റെ കാലിന്റെ വേദനയും, അവന്റെ ചോരയിറ്റ് വീഴുന്ന മൂക്കും ദയനീയമായ നിലവിളിയും ഒക്കെ ബോദ്ധ്യപ്പെടുത്തുന്നു. ഈശ്വരാ ഇനിയിപ്പോള്‍ വല്ല പോലീസ് കേസും ആവുമോ എന്തോ. ഈ നാട്ടില്‍ നിന്ന് ഓടിപ്പോയാലോ എന്ന് വരെ സുശീലന്‍ ചിന്തിച്ചു. വല്ല്യച്ഛന്റെ ഹൈദ്രാബാദിലെ അഡ്രസ്സ് ഒന്ന് കിട്ടിയിരുന്നെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടാമായിരുന്നു. പക്ഷെ അദ്ദേഹം ഇനിയിപ്പോള്‍ ഹൈദ്രാബാദില്‍ തന്നെയാണോ എന്നൊന്നും ആര്‍ക്കും ഒരു പിടിയുമില്ല. വൈകീട്ട് കൂട്ടുകാരെ കണ്ടപ്പോള്‍ അവരും തന്റെ മൂഡൌട്ടിന്റെ കാരണം തിരക്കി, പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല. ഒരാഴ്ച ഒരു പ്രശ്നവുമില്ലാതെ കടന്നുപോയപ്പോള്‍ സുശീലന്‍ എല്ലാം മറന്ന് പഴയ പടിയായി.
വെളുപ്പാന്‍ കാലത്ത് തലവഴി മൂടിപ്പുതച്ച് കിടന്ന് നല്ല നല്ല സ്വപ്നങ്ങള്‍ കണ്ടു കൊണ്ടിരുന്നപ്പോഴാണ് മുറ്റത്ത് കുറച്ചാളുകളുടെ ബഹളം കേട്ടത്. സ്വപ്നത്തില്‍ നിന്നുണര്‍ന്ന് പുതപ്പ് കഴുത്തോളം താഴ്ത്തി ഉമ്മറത്തെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു. ശബ്ദം കേട്ടീട്ട് കുറച്ചധികം ആളുകളുണ്ടാവണം. ഇടക്ക് അച്ഛന്‍ എന്തോ പറയുന്നുണ്ട്. ഒന്നും വ്യക്തമല്ല, വല്ല പഴയ വടയോ, ബോണ്ടയോ കഴിച്ച് വയറിളക്കം പിടിച്ചവര്‍ അച്ഛനെ ചീത്ത പറയാന്‍ വന്നതാവും. അപ്പോള്‍ അവിടെ ചെന്ന് നാണം കെടേണ്ടതില്ല എന്ന് കരുതി വീണ്ടും പുതപ്പ് തലവഴി മൂടിപ്പുതച്ച് കിടന്നു. അപ്പോള്‍ അച്ഛന്റെ ശബ്ദം ശരിക്കും കേട്ടു, “എടീ സുഭദ്രേ, അവനോട് എഴുന്നേറ്റ് വരാന്‍ പറയടീ, മാണിക്യനും ബന്ധുക്കളും കാണാന്‍ വന്ന് നിക്കണൂന്ന് പറയ്”അതുകേട്ട സുശീലന്റെ സപ്തനാഡികളും തളര്‍ന്നു പോയതുപോലെ, കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറകിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ആഗ്രഹിച്ചെങ്കിലും അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്തതുപോലെ. അപ്പോഴേക്കും അമ്മ അങ്ങോട്ട് കടന്ന് വന്നു.


“ആ ഹാ, നീ എല്ലാം കേട്ട് കണ്ണു തുറന്നിങ്ങനെ കെടക്ക്വാ, നിന്നെ ആ മാണിക്യനും വീട്ടുകാര്‍ക്കും ഒന്ന് കാണണംന്ന്. അവരെന്തൊക്കെയോ പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നു. നിനക്ക് തരാനാണെന്ന്. നീ ഒന്ന് വേഗം എഴുന്നേറ്റ് ചെല്ല്. കുറേ നേരമായ് പാവങ്ങള്‍ കാത്ത് നിക്കണൂ”.


“ഉം. പൊതിഞ്ഞ് കെട്ടി കൊണ്ടു വന്നിരിക്കുന്നത് വല്ല വടിവാളോ വെട്ടുകത്തിയോ ആവും. ഞാന്‍ ചെന്നതും അതെടുത്ത് വെട്ടും ഉറപ്പാ. ഇനിയിപ്പോള്‍ പുറകിലെ വാതിലൂടെ രക്ഷപ്പെടുകയേ നിവര്‍ത്തിയുള്ളു”.
സുശീലന്‍ ആത്മഗതത്തോടെ കിടക്ക വിട്ട് എഴുന്നേറ്റു. പുറകിലെ വാതില്‍ കടക്കുമ്പോള്‍ അച്ഛന്‍ പുറകില്‍ നിന്ന് കോളറില്‍ പിടിച്ച് വലിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇങ്ങനെ പറഞ്ഞു,


“നിന്റെ സമയത്തിനു വിലയില്ലെന്ന് കരുതി ആ പാവങ്ങളുടെ സമയത്തിനു വിലയില്ലാന്ന് ധരിക്കരുത്. എന്താ കാര്യം എന്ന് തിരക്കിയിട്ടവരൊന്നും പറയുന്നുമില്ല, നിന്നോട് തന്നെ പറയണംത്രെ”


“അതിന് ഞാനൊന്നും ചെയ്തില്ല അച്ഛാ, അവരെന്തോ തെറ്റിദ്ധരിച്ചതാ”, സുശീലന്‍ പറഞ്ഞു.

ഉമ്മറത്തെത്തിയതും മാണിക്യന്‍ വന്ന് കാലില്‍ വീണു. സുശീലന്‍ അത്ഭുതപ്പെട്ട് നിന്നു. മാണിക്യന്റെ കൂനെല്ലാം പോയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഒരു സാധാരണ മനുഷ്യനായിരിക്കുന്നു. മാണിക്യനെ അനുകരിച്ച് എല്ലാവരും സുശീലനെ സാഷ്ടാംഗം പ്രണമിച്ചു. “സ്വാമീ അവിടുത്തെ അറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു, അവിടുന്ന് അടിയനോട് ക്ഷമിക്കണം”, മാണിക്യന്‍ കാലില്‍ പിടിച്ച് കിടന്ന് കരഞ്ഞു. “ഓ, രക്ഷപ്പെട്ടു, അപ്പോള്‍ മാണിക്യന്‍ തന്നെ ഉപദ്രവിക്കാന്‍ വന്നതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സുശീലനു സമാധാനമായ്. അയാള്‍ മാണിക്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു, പിന്നെ പല്ലു തേക്കാത്ത വായകൊണ്ട് അപ്പോള്‍ തോന്നിയത് പറഞ്ഞു,


“മാണിക്യന്‍, സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കാനിരിക്കുന്നതും നല്ലതിന്”. വന്നവരെല്ലാം എഴുന്നേറ്റ് കയ്യിലെ പൊതികള്‍ സുശീലനു കാണിക്കയായ് സമര്‍പ്പിച്ച്, സുശീലന്‍ സ്വാമികള്‍ക്ക് ജയഭേരി മുഴക്കി നടന്നുപോയ്. കൃഷ്ണന്‍ നായര്‍ ഒന്നും വിശ്വസിക്കാനാവാതെ തൂണും ചാരി നിന്നു. സുശീലന്റെ അമ്മയും അനുജത്തിയും ഉമ്മറവാതില്‍ മറഞ്ഞ് നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. മാണിക്യനും ബന്ധുക്കളും പോയപ്പോള്‍ അവര്‍ വന്ന് കാണിക്ക സമര്‍പ്പിച്ചിരിക്കുന്നത് തുറന്ന് നോക്കി. അടക്കയും, വെറ്റിലയും, പുകയിലയും, നൂറിന്റെ നോട്ടുകളും എല്ലാ പൊതികളിലും ഉണ്ടായിരുന്നു. അവര്‍ അത്ഭുതത്തോടെ സുശീലനെ നോക്കി. ഇതൊക്കെ എത്ര നിസാരം എന്ന മട്ടില്‍ സുശീലന്‍ അവരെ നോക്കി പിന്നെ അമ്മയോട് കാപ്പിയെടുത്തു വെക്കാന്‍ പറഞ്ഞ് പല്ലുതേക്കാന്‍ പോയി. അന്ന് സുശീലനു വീട്ടില്‍ നല്ല സല്‍ക്കാരം ലഭിച്ചു. അച്ഛന്‍ പതിവിനു വിപരീതമായ് ഊണുകഴിക്കുമ്പോള്‍ അവനെ ചീത്ത പറഞ്ഞില്ല. ഊണിനുശേഷം കഴിക്കാന്‍ അമ്മ ഓറഞ്ചും ആപ്പിളും, മുന്തിരിയും അവനു കൊടുത്തു. ഇതെല്ലാം കഴിച്ച് സുഖമായ് കിടന്നുറങ്ങി. വൈകീട്ടെഴുന്നേറ്റപ്പോള്‍ മാണിക്യന്‍ ഉമ്മറത്ത് നില്‍ക്കുന്നു.കൂടെ കൂനുള്ള രണ്ടുപേരെ കൂടി കൊണ്ടുവന്നിരിക്കുന്നു. മാണിക്യന്‍ സുശീലനെ കണ്ട് തൊഴുതു, മറ്റു കൂനന്മാരും സുശീലനെ തൊഴുതു. മാണിക്യന്‍ പറഞ്ഞു, സ്വാമി, അങ്ങ് എന്റെ കൂനു ഭേദമാക്കിയതുപോലെ ഇവരുടെ കൂനും മാറ്റിക്കൊടുക്കണം.” അവര്‍ കൊണ്ടു വന്ന കാണിക്ക പൊതി സുശീലന്റെ മുന്നില്‍ വെച്ചു. സുശീലന്റെ കയ്യും കാലും വിറച്ചു. അയാള്‍ പറഞ്ഞു,


“മാണിക്യന്‍ അന്നതു സംഭവിച്ചുവെന്ന് കരുതി, എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ഇതൊക്കെ എടുത്തുപോക്കോളു”. സുശീലന്‍ അകത്തേക്ക് നടക്കുമ്പോള്‍ മാണിക്യന്‍ കാലില്‍ വീണു തൊഴുതുകൊണ്ട് പറഞ്ഞു, “അങ്ങയുടെ പാദസ്പര്‍ശം ഏറ്റാല്‍ മാത്രം മതി, ഈ കൂനുകള്‍ നേരെയാവും. ഓരോ ചവിട്ട് കൊടുത്തീട്ട് പോകൂ, അങ്ങയെ ദേഷ്യം പിടിപ്പിച്ചീട്ടണെങ്കിലും ചവിട്ടാതെ ഞാന്‍ വിടില്ല.” മാണിക്യന്‍ കാലില്‍ തൂങ്ങി. “ഉം. ശരി, ശരി, ചവിട്ട് കിട്ടിയാലേ പോകൂ എന്നാണെങ്കില്‍ ചവിട്ടാം. രണ്ടു പേരും പിന്തിരിഞ്ഞു നിന്നോളു, പിന്നെ അതും പറഞ്ഞ് എന്നെ ശല്യപ്പെടുത്തരുത്.” സുശീലന്‍ ദേഷ്യത്തോടെ പറഞ്ഞു. അവര്‍ രണ്ടുപേരും തിരിഞ്ഞു നിന്നു. സുശീലന്‍ രണ്ടുപേരുടെ കൂനിലും ആഞ്ഞു ചവിട്ടി. സുശീലന്റെ കാല്‍ നന്നായ് വേദനിച്ചു. രണ്ടു കൂനന്മാരും മുറ്റത്ത് മൂക്കു കുത്തി വീണു. മാണിക്യന്‍ രണ്ടിനേയും കാറിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയ്.


കൃഷ്ണന്‍ നായര്‍ ഹോട്ടല്‍ വിറ്റ് വീട്ടുവളപ്പില്‍ ആശ്രമം പണിതു. കാവിമുണ്ടും, കാവി ജുബ്ബയും അണിഞ്ഞ സുശീലന്റെ താടി നീണ്ടു വളരാന്‍ തുടങ്ങിയിരുന്നു. മാണിക്യന്‍ സുശീലന്റെ സഹായിയും പരസ്യക്കമ്പനിയും ആയി. ആയിടക്ക് വല്ല്യച്ഛന്‍ നാട്ടില്‍ വന്നു. ചാരായം മണക്കുന്ന വല്ല്യച്ഛന്‍ സുശീലനെ കെട്ടിപ്പിടിച്ച് പറഞ്ഞു,


“ഇനി സ്വാമിയെ വിട്ട് ഞാനെങ്ങും പോണില്ല. യെന്തൊരോ മഹാനു ഭാവലു!”