Wednesday, October 31, 2007

ജനന-മരണ രജിസ്ട്രേഷന്‍

ജനന-മരണങ്ങള്‍ പഞ്ചായത്തില്‍ നിശ്ചിത ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം അറിയാവുന്ന ഗ്രാമീണന്‍ തന്റെ ഭാര്യ പ്രസവിച്ച ഉടന്‍ തന്നെ പഞ്ചായത്താപ്പീസില്‍ കയറി ചെന്നു. മേശമേല്‍ കാല്‍ കയറ്റി വച്ചിരുന്നെഴുതിക്കൊണ്ടിരുന്ന ആളോട് പറഞ്ഞു,

ഗ്രാമീണന്‍: അതേ കുറച്ച് മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു

ക്ലാര്‍ക്ക്:(വളരെ ഗൌരവത്തോടെ) അതിന്റെ ആളു ഞാനല്ല. (എന്നീട്ട് അറ്റത്തിരിക്കുന്ന സൂപ്രണ്ടിനെ ചൂണ്ടി) ദേ അയാളാ.

Sunday, October 28, 2007

ദേശാടനപക്ഷി

ഞാനിന്നൊരു ദേശാടനപക്ഷി
നീരുറവ തേടി കാതങ്ങള്‍ താണ്ടി
കൈതയും കല്‍പവും കാണാത്തൊരീ
നഗര വീഥിയില്‍ ചേക്കേറി ഞാന്‍

‍നിളാ നദി പിന്നിട്ടു നീങ്ങുമ്പോളെന്‍
‍നെഞ്ചം വിതുമ്പിയതാരറിഞ്ഞൂ
കൊക്കിലൊതുങ്ങുന്നതൊക്കയും
കൊത്തിപ്പെറുക്കി കൂട്ടി വെക്കുമ്പോളെന്‍
‍സ്വപ്നത്തിനായിരം വര്‍ണ്ണങ്ങള്‍

‍ഇവിടെ ചേക്കേറിയ നാള്‍ മുതല്‍
‍കാണ്‍മു ഞാന്‍ മറ്റൊരു ദേശാടനം
പക്ഷങ്ങള്‍ തളരുന്നതിന്‍ മുമ്പെ
പാണി കൊട്ടുയരുന്ന,പഞ്ചാരി
കേള്‍ക്കുന്ന തേക്കു പാട്ടുയരുന്ന
ഹരിതാഭമാം ഗ്രാമത്തിലെത്താ-
നുഴറുന്നുവെങ്കിലും, അന്തരാ-
ളത്തിലാരോ തടയുന്നു വീണ്ടും
മൊഴിയുന്നു കാതില്‍ കാത്തിരിക്കാന്‍

ചക്രവാളങ്ങള്‍ക്കപ്പുറം വഴി-
ക്കണ്ണുമായ്‌ നെടുവീര്‍പ്പിട്ടുകൊണ്ട-
വളെന്റെ കൊച്ചു കിളികള്‍ക്കായ്‌
പഴഞ്ചൊല്ലുകള്‍, പഴങ്കഥകള്‍
‍പാടിയുറക്കി സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍
‍കൊഴിയുന്ന തൂവലിന്‍ സാന്ത്വനം

ഇവിടെ ചേക്കേറും ചില്ലയില്‍
കനം തൂങ്ങിയാടുന്ന കൂട്ടിലായ്‌
ചിറകനക്കുവാനാകാതെ ഞാനിന്നു
ചിത്തമുരുകി തളര്‍ന്നു പോകുന്നുവോ

ഓരോ മാരി പെയ്‌തിറങ്ങുമ്പോഴും
ഓരോ ഇലകള്‍ പൊഴിയുമ്പോഴും
നിന്‍ തപ്ത നിശ്വാസങ്ങളെന്നില-
ലിയുന്നുവോ, ഞാനറിയാത്തൊരു
പൂവിന്റെ ഗന്ധമുയരുന്നുവോ

മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം

സമര്‍പ്പണം: പ്രവാസി മലയാളികള്‍ക്ക്

Monday, October 22, 2007

ബലി കുടീരങ്ങൾ


“സഖാവ് സി.പി.കരുണനെ നിങ്ങള്‍ അറിയുമോ?”
പബ്ലിക് പ്രോസിക്യൂട്ടര്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന വര്‍ഗ്ഗീസിനോട് ചോദിച്ചു.
“ഇല്ല”
സാക്ഷിക്കൂടിന്റെ അഴികളില്‍ പിടിച്ച് തലകുനിച്ച് അയാള്‍ മന്ത്രിച്ചു. കോടതിമുറിയില്‍ വാദം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി പിറുപിറുത്തു. അത് പിന്നെ ഒരു ആരവമായ് മാറിയപ്പോള്‍ മജിസ്ട്രേറ്റ് കൊട്ടുവടി ഉയര്‍ത്തി മേശമേല്‍ അടിച്ച് ‘ഓര്‍ഡര്‍’ എന്ന് പറഞ്ഞു. ആരവമടങ്ങിയപ്പോള്‍ പ്രോസിക്യൂട്ടര്‍ വീണ്ടും ചോദിച്ചു.

“ഒരേ പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചീട്ടും സഖാവ് സി.പി.യെ നിങ്ങള്‍ അറിയില്ലെന്നാണോ പറയുന്നത്?”

“ഇല്ല”

നിങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍?
പ്രോസിക്യൂട്ടര്‍ ചോദ്യം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു,

“അങ്ങനൊരാളെ ഞാനറിയില്ല”

വര്‍ഗ്ഗീസ് ഉറക്കെയാണതു പറഞ്ഞതെങ്കിലും ശബ്ദം പതറിയിരുന്നു. ജനങ്ങളില്‍ പലരും ആശ്ചര്യപ്പെടുകയും, ചിലര്‍ തോളിലിട്ടിരുന്ന ചുവന്ന തോര്‍ത്ത് തലയില്‍ കെട്ടി ദേഷ്യത്തോടെ കോടതിമുറിയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ജനക്കൂട്ടം തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞ് കോടതി ശബ്ദമുഖരിതമായപ്പോള്‍ മജിസ്ട്രേറ്റ് രണ്ടാമതും കൊട്ടുവടി കൊണ്ട് മേശമേല്‍ അടിച്ച് ശബ്ദത്തെ നിയന്ത്രിച്ചു.

പ്രോസിക്യൂട്ടറുടെ മൂന്നു ചോദ്യത്തിനും കരുണനെ അറിയില്ലെന്നു പറഞ്ഞതിനെ ന്യായീകരിക്കാനെന്നവണ്ണം വര്‍ഗ്ഗീസ് ആരേയും ശ്രദ്ധിക്കാതെ മെല്ലെ പറഞ്ഞു,

“ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനൊന്നുമല്ല, അതുകൊണ്ടുതന്നെ എനിക്ക് സഖാവിനെ വലിയ പരിചയമില്ല”.

പ്രതികള്‍ ദീര്‍ഘനിശ്വാസത്തോടെ തങ്ങളുടെ വക്കീലിനെ നോക്കി. അദ്ദേഹം അവരെ നോക്കി ഒന്നു മന്ദഹസിച്ചു.

സാക്ഷിക്കൂട്ടില്‍ നിന്ന് ഇറങ്ങി ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ സ്വയം പുലമ്പി വര്‍ഗ്ഗീസ് പുറത്തേക്ക് നടക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് തനിക്ക് പരിചയമുള്ള ഒരു തേങ്ങല്‍. കരഞ്ഞു വിളറിയ മുഖത്തോടെ കരുണന്റെ അമ്മ മകളുടെ തോളില്‍ തല ചായ്ച്ച് കിടക്കുന്നത് കണ്ട് അയാള്‍ മുഖം കുനിച്ച് കോടതി മുറിയില്‍ നിന്നും ഇറങ്ങി നടന്നു.

ഏലിക്കുട്ടി ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് മുട്ടുകുത്തി നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു.

“കര്‍ത്താവേ എന്റെ മോനെ കാത്തോളണേ”.

ഏലിക്കുട്ടിയുടെ അടുത്ത് മൂത്രം നനഞ്ഞ തഴപ്പായില്‍ കിടന്ന് താഴെയുള്ള മകന്‍ കൈകാലിട്ടടിച്ച് അവ്യക്തമായ ഭാഷയില്‍ എന്തോ ശബ്ദമുണ്ടാക്കി. അടുക്കളയില്‍ നിന്നും പുകയൂതി കലങ്ങിയ കണ്ണുകളുമായ് വന്ന രണ്ടാമത്തെ മകള്‍ സെലീന ഉമിനീര്‍ ഒലിച്ചിറങ്ങി നനഞ്ഞ അനുജന്റെ മുഖം വൃത്തിയാക്കി അവനെ ചെരിച്ചു കിടത്തി തലോടിക്കൊണ്ട് അമ്മയോട് പറഞ്ഞു,

“അമ്മേ, അതിനു ചേട്ടനെ സാക്ഷി പറയാനാ വിളിപ്പിച്ചിരിക്കണേ, അല്ലാണ്ട് ശിക്ഷിക്കാനല്ല”

അതൊന്നും ശ്രദ്ധിക്കാതെ ആ അമ്മ കര്‍ത്താവിന്റെ രൂപത്തില്‍ നോക്കി പറഞ്ഞുകൊണ്ടിരുന്നു,

“പള്ളിക്കാരും, പട്ടക്കാരും പറഞ്ഞിട്ട് അങ്ങേരു പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തീല്യ. പാര്‍ട്ടീടെ പേരും പറഞ്ഞ് അങ്ങേരെ കുത്തികൊന്നപ്പോ എനിക്കും പിള്ളേര്‍ക്കും മാത്രല്ലേ നഷ്ടപ്പെട്ടുള്ളു. ദാ ഇപ്പോ അങ്ങേരടെ വഴിയേ അവന്റെ ചങ്ങാതിയും പോയി. ഇനിയവനെ പിടിച്ചാ കിട്ടുമെന്ന് എനിക്കു തോന്നിണില്യ. ഈശോമിശിഹായേ, ഇതൊന്നും കാണാനും കേക്കാനും നിക്കാണ്ടെ ഈ രണ്ടു കൊച്ചുങ്ങളേം എന്നേം അങ്ങോട്ട് വിളിക്കണേ”

ഏലിക്കുട്ടി ഹൃദയം നൊന്തു ഉറക്കെ പ്രാര്‍ത്ഥിച്ചു.

“ചേട്ടനൊന്നും സംഭവിക്കില്ല എന്റമ്മേ, ഈ അമ്മേടൊരു കാര്യം”
അവള്‍ വന്ന് മുട്ടുകുത്തി കുരിശുവരച്ച് അമ്മയുടെ കയ്യില്‍ നിന്നും ബൈന്റടര്‍ന്ന് തുന്നല്‍ വിട്ട ബൈബിള്‍ വാങ്ങി സ്റ്റാന്റില്‍ വെച്ച് അടുക്കളയിലേക്ക് പോയി.

കോടതി വളപ്പില്‍ നിന്നും വര്‍ഗ്ഗീസ് പുറത്തിറങ്ങിയപ്പോള്‍ കുറേ പേര്‍ അവന്റെ മേലെ കുങ്കുമം വാരി വിതറി സന്തോഷം പ്രകടിപ്പിച്ചു. കുറച്ചുപേര്‍ അവനു ചുറ്റും നൃത്തം ചെയ്തു. വര്‍ഗ്ഗീസിനെ ദത്തെടുക്കാന്‍ തയ്യാറായ ഒരു സംഘം ആളുകള്‍ അയാള്‍ക്കുവേണ്ടി ജയ് വിളിച്ച് പിന്നാലെ കൂടിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളൊന്നും ശ്രദ്ധിക്കാതെ വര്‍ഗ്ഗീസ് നടന്നത് ഭ്രാന്ത് മാറ്റാനുള്ള ഔഷദം തേടിയായിരുന്നു.

അപ്പന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നാള്‍ അപ്പന്റെ വലം കയ്യായിരുന്നു കരുണന്‍. എന്നും ജാഥയുടെ ഇടയില്‍ അറിയപ്പെടാത്ത ഒരാളായ് നടന്നിരുന്ന തന്നെ മുന്നിലേക്ക് കൊണ്ടുവന്ന് കൊടി പിടിപ്പിച്ചത് കരുണനായിരുന്നു. അപ്പന്‍ രക്തസാക്ഷിയായപ്പോള്‍ തന്നേക്കാള്‍ പ്രതികാരദാഹം അവനായിരുന്നു. അവന്റെ എല്ലാ പദ്ധതികള്‍ക്കും താനന്നുമുതല്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ ഗ്ലാസ്സില്‍ പകുതിയോളം ഒഴിച്ച മദ്യത്തില്‍ നോക്കിയിരുന്ന് വര്‍ഗ്ഗീസ് പൊട്ടിക്കരഞ്ഞു. പിന്നെ മദ്യത്തില്‍ കണ്ണീരു നിറച്ചയാള്‍ പലവട്ടം മോന്തി. അന്നൊരു രാത്രിയില്‍ പാര്‍ട്ടി ആപ്പീസില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ താന്‍ കാണുന്ന സമത്വ സുന്ദര ഭാരതത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചപ്പോള്‍ കരുണന്‍ തന്റെ തോളില്‍ കയ്യിട്ട് ഒരു സ്വകാര്യം പറഞ്ഞു,

“എന്റെ വര്‍ഗ്ഗീസേ, നിന്റപ്പനുണ്ടായിരുന്ന കാലത്തെ പാര്‍ട്ടിയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ പാര്‍ട്ടി. ഒക്കെ ഒരു കണക്കാ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതി പ്രവര്‍ത്തനം നടത്തുന്നുവെന്നേ ഉള്ളു. നിന്റെ അപ്പനും എന്നോട് ഇത്തരം സ്വപ്നങ്ങള്‍ പറയുമായിരുന്നു. ഇപ്പോള്‍ നീയും. വര്‍ക്കീ, നീ വല്യ വല്യ സ്വപ്നങ്ങള്‍ കാണാതിരുന്നാല്‍ അത്രയും വെഷമം നിനക്ക് കൊറയും. ഒന്ന് നിര്‍ത്തി ശബ്ദം താഴ്ത്തി കരുണന്‍ പറഞ്ഞു, ചിലപ്പോള്‍ വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല.” അത് പറഞ്ഞ് അവന്‍ പെട്ടെന്ന് മൂകനായ് എന്തോ ആലോചിച്ചു നടന്നു.
സഖാവ് കരുണനില്‍ നിന്നും അത്രയും നിരാശാജനകമായ ഒരു വര്‍ത്തമാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മുഖഭാവം കണ്ടീട്ടാവും പിന്നെ അവന്‍ ഉറക്കെയുറക്കെ ചിരിച്ചു. എന്നത്തേയും പോലെ അവനെ പിന്‍പറ്റി താന്‍ നടന്നു. നടന്ന് നടന്ന് ഇടവഴിയിലേക്ക് കയറുമ്പോള്‍ ഒരലര്‍ച്ചയോടെ ചാടിവീണ ശത്രുക്കള്‍ തലങ്ങും വിലങ്ങും വെട്ടുമ്പോള്‍ കരുണന്റെ ദയനീയമായ കരച്ചില്‍ കേട്ടു.

“വര്‍ഗ്ഗീസേ നീ രക്ഷപ്പെട്ടോ, അവരെന്നെ വെട്ടിയെടാ”

ഭീരുവായ താനപ്പോള്‍ ഇരുട്ടിന്റെ മറവിലൂടെ ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്യുകയായിരുന്നു. താനും കൂടെ നിന്ന് അവരെ ചെറുത്തിരുന്നെങ്കില്‍ കരുണനു രക്ഷപ്പെടാന്‍ കഴിയുമായിരുന്നോ, അറിഞ്ഞുകൂടാ.

കരുണന്‍ ഉശിരോടെ പറഞ്ഞേറ്റു ചൊല്ലിയ മുദ്രവാക്യങ്ങള്‍ കാതുകളില്‍ ആര്‍ത്തലച്ചു. പലവട്ടം തന്നെ നിറച്ചൂട്ടിയ അവന്റെ അമ്മയുടെ തേങ്ങല്‍, പരിചിതമല്ലാത്ത പുത്തന്‍ സ്നേഹത്തിന്റെ വഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തിയ അവന്റെ സഹോദരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍. എല്ലാം വര്‍ഗ്ഗീസിന്റെ ഓര്‍മ്മയില്‍ കൂടുതല്‍ ശക്തിയോടെ തെളിഞ്ഞു വന്നു. വേണമെങ്കില്‍ എല്ലാം തുറന്ന് പറഞ്ഞ് പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ വാങ്ങിക്കൊടുക്കാമായിരുന്നു. അങ്ങനെ കരുണന്റെ അമ്മയുടെ മിഴിനീര്‍ തുടച്ച് അവന്റെ സഹോദരിയുടെ സ്നേഹം ഒരിക്കല്‍ കൂടി ഏറ്റുവാങ്ങാമായിരുന്നു. പക്ഷെ പ്രതിസന്ധികളില്‍ കൂടുതല്‍ സ്നേഹം സ്വന്തം നിലനില്പിനുവേണ്ടി മാത്രമായിരിക്കുമെന്ന സത്യം അയാളതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാ ഓര്‍മ്മകളില്‍ നിന്നും ഓടിയകലാന്‍ അയാള്‍ വീണ്ടും വീണ്ടും ഗ്ലാസു നിറക്കുകയും കുടിക്കുകയും ചെയ്തു.

“കരുണാ, നീയെന്നോട് പൊറുക്കില്ലേടാ, എനിക്കിനിയും ജീവിക്കണം. ഞാനില്ലാതായാല്‍ പിന്നെ......”

അവന്റെ ഗദ്ഗദങ്ങള്‍ നിലവിളിയായ് രൂപം കൊണ്ടപ്പോള്‍ സപ്ലൈര്‍മാര്‍ ഓടിവന്ന് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അടുത്തുള്ള ടേബിളിനു ചുറ്റും ഇരുന്നവര്‍ ഒരു കോമാളിയെ കണ്ട പോലെ അയാളെ നോക്കി ഉറക്കെയുറക്കെ ചിരിച്ചു. അയാള്‍ അപ്പോഴും അറിയാതെ തേങ്ങിക്കൊണ്ടിരുന്നു. അയാളുടെ തേങ്ങലും, കണ്ണീരുണങ്ങിയ മുഖവും കണ്ട് മറ്റു മദ്യപാനികള്‍ പലരും ആര്‍ത്ത് ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ വേച്ച് വേച്ച് പുറത്തേക്ക് നടന്നു. മദിരാലയത്തില്‍ നിന്ന് ചിരി പിന്തുടരുന്നതുപോലെ അയാള്‍ക്ക് തോന്നി.

തന്റെ ചങ്ങാതിയുടെ ജഡവും വഹിച്ച് മൌന ജാഥ കടന്നുപോയ മെയിന്‍ റോഡ് വിട്ട് അയാള്‍ പാടത്തേക്കിറങ്ങി. മൌനജാഥയുടെ മുന്നില്‍ നടക്കാന്‍ പോകാത്തതിനും, സഖാവിന്റെ കൊലയാളികള്‍ക്കെതിരെ പ്രതിഷേധിക്കുവാനും ഒരുങ്ങാത്ത തന്നെ പാര്‍ട്ടിയിലെ ഒറ്റുകാരനായ് കണ്ടതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കരുണന്റെ വിപ്ലവഗാനങ്ങളും, തീപ്പൊരി പ്രസംഗങ്ങളും, ഉശിരന്‍ മുദ്രവാക്യങ്ങളും കേട്ട് അവനെ പിന്‍പറ്റി നടന്ന തനിക്ക് എങ്ങനെ തുന്നിക്കെട്ടിയ, വികാരമില്ലാ‍ത്ത അവന്റെ ശരീരത്തിനൊപ്പം യാത്ര ചെയ്യാനാവും. മാനം മൂടിക്കെട്ടി നിന്നു. വീട്ടിലെത്തുന്നതിനു മുമ്പേ മഴ പെയ്തേക്കാം എന്നയാള്‍ക്കു തോന്നി. മഴ നനഞ്ഞങ്ങനെ നടന്നാല്‍ ഒരു പക്ഷെ തന്റെ ചുട്ടു നീറുന്ന മനസ്സിനൊരാശ്വാസമാവുമെന്ന് അയാള്‍ കരുതി. അയാള്‍ തന്നോടു തന്നെ സംസാരിച്ച് എല്ലാറ്റിനും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പാടത്ത് നിറയെ വെള്ളം കെട്ടി കിടന്നിരുന്നു. നടക്കുമ്പോള്‍ പലപ്പോഴും വരമ്പില്‍ നിന്ന് പാടത്തേക്ക് അയാളുടെ കാലുകള്‍ വഴുതി. പാടം കടന്ന് അമ്പലപ്പറമ്പിന്റെ പുറകിലൂടെ പോയാ‍ല്‍ ആരും തന്നെ കാണില്ല. കാലത്തും വൈകീട്ടും കുറച്ചുനേരം മാത്രമേ അമ്പലപരിസരത്ത് ആളുകളുണ്ടാവു. ആടിയാടി വരുന്ന അവരുടെ മാതൃകാ സഖാവിനെ കണ്ട് പാര്‍ട്ടിക്കതൊരു കോട്ടമാവരുതെന്ന് തന്നെ അപ്പോഴും അയാള്‍ വെറുതെ ആഗ്രഹിച്ചു. അമ്പല നടയിലെത്തിയപ്പോള്‍ എന്തിനെന്നറിയാതെ ഒരു നിമിഷം അടഞ്ഞു കിടക്കുന്ന നടയിലേക്ക് നോക്കി. പിന്നെ അമ്പലപ്പറമ്പിലെ മതിലിനടുത്തേക്ക് നടന്നു.

വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മദ്യപിച്ച തന്നെ കണ്ട് അമ്മ ചിലപ്പോള്‍ കുറച്ചുനേരം കരയുമായിരിക്കും. അപ്പനോ താനോ ഇതുവരെ മദ്യപിച്ച് അമ്മ കണ്ടീട്ടില്ലല്ലോ. നസ്രാണികളെ നല്ല സ്വഭാവം പഠിപ്പിച്ച പാര്‍ട്ടിയെന്നാണ് അമ്മ ഒരിക്കല്‍ പറഞ്ഞതെന്നയാളോര്‍ത്തു. അപ്പനും, താനും പറയുന്നതായിരുന്നു അമ്മയുടെ പാര്‍ട്ടി. പക്ഷെ സെലീനക്ക് ചേട്ടന്റെ മനസ്സ് കാണാന്‍ പറ്റും. തന്റെ ചങ്ങാതിയെ തള്ളിപറഞ്ഞ് സ്വയം ബോധത്തോടെ തനിക്ക് ഉറങ്ങാനാവില്ലെന്ന് അവള്‍ക്കു മനസ്സിലാക്കാനാവും. അനിയനാണൊരര്‍ത്ഥത്തില്‍ ഭാഗ്യവാനെന്ന് അയാള്‍ക്ക് തോന്നി. ഒന്നും അറിയാതങ്ങനെ കിടക്കുക. ദേഷ്യമില്ല, സങ്കടങ്ങളില്ല, പ്രത്യയശാസ്ത്രത്തിന്റെ വേവലാതികളില്ല. ഒരു നിമിഷം അയാള്‍ അമ്പരന്നു നിന്നു. പത്തു പതിനഞ്ചു വയസ്സായ അവന്‍ കൊച്ചു കുട്ടിയൊന്നുമല്ല, എല്ലാം അവന്‍ അറിയുന്നുണ്ടാവണം. അവനു സ്നേഹവും, സങ്കടവും ഒന്നുമില്ലെന്ന് താന്‍ സ്വയം നിശ്ചയിച്ച് സമാധാനിച്ചതല്ലേ, അവന്റെ അടുത്തിരുന്ന് അതൊക്കെ ചോദിച്ചറിയാന്‍ താനിതുവരെ മിനക്കെട്ടീട്ടില്ലല്ലോ. ഇനിയങ്ങോട്ട് അവനെ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചീട്ട് ആരെന്തുനേടാന്‍. കരുണന്‍ പറഞ്ഞതുപോലെ എല്ലാം കണക്കാ.

അമ്പലപ്പറമ്പിന്റെ പൊട്ടി പൊളിഞ്ഞ മതിലിന്നപ്പുറത്തെ ഇടവഴിയിലെത്തിയപ്പോള്‍ വര്‍ഗ്ഗീസ് ഒരു നിമിഷം നിന്നു. അന്ന് താന്‍ ഇവിടെ വെച്ചാണ് കരുണനെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. കരുണനെകുറിച്ചുള്ള ഓര്‍മ്മകള്‍ അതുവരെ കുടിച്ച മദ്യത്തിന്റെ ലഹരിയെ തീര്‍ത്തും ഇല്ലാതാക്കി. ഇടവഴിയില്‍ നിന്ന് കുറ്റിക്കാടു താണ്ടിയാല്‍ അതിനപ്പുറം വേലിയില്ലാത്ത ഒരു കൊച്ചു പറമ്പില്‍ തന്നെ കാത്തിരിക്കുന്ന വീട്ടിലെത്താം. അയാള്‍ കുറ്റിക്കാട്ടിലൂടെ നടന്നു.

പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നാലുപേര്‍ വര്‍ഗ്ഗീസിനെ പൊതിഞ്ഞു നിന്നു. പരിചിതരായ സഖാക്കളെ കണ്ട് അയാള്‍ മനസ്സു തുറന്നു ചിരിച്ചു. അവര്‍ എല്ലാവരും വലതുകൈ പുറകില്‍ വെച്ചിരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു. എന്താ എല്ലാവരും ഒരു കൈ മാത്രം പുറകില്‍ വെച്ചിരിക്കുന്നത്? അപ്പോള്‍ ഓരോരുത്തരും പുറകില്‍ നിന്നും കൈ മുന്നോട്ടെടുത്തു. ആ കൈകളിലെല്ലാം തിളങ്ങുന്ന കൊടുവാളുകള്‍ ഉണ്ടായിരുന്നു. സഖാവ് രാഘവന്‍ ഒരടി മുന്നോട്ട് കയറി വന്ന് അയാളോട് ചോദിച്ചു,

“അപ്പോള്‍ നീ സഖാവ് കരുണനെ അറിയില്ല അല്ലേ?”

ചോദ്യം തീരുന്നതിനു മുമ്പേ സഖാവ് രാഘവന്റെ കൊടുവാള്‍ അയാളുടെ കഴുത്തില്‍ ആഞ്ഞുപതിച്ചു. അയാള്‍ രാഘവന്റെ കൈകളിലേക്ക് നോക്കി, ഇല്ല, ചോരയില്‍ കുതിര്‍ന്ന അവന്റെ കൈ അല്പം പോലും വിറക്കുന്നുണ്ടായിരുന്നില്ല. പണ്ട് ആദ്യമായ് അവന്റെ കയ്യില്‍ കൊടുവാള്‍ കൊടുത്തപ്പോള്‍ ഒരു വെളിച്ചപ്പാടിനെ പോലെ വിറച്ചിരുന്ന അവനു വാളു പിടിച്ച് ഒരു മുന്‍പരിചയം പോലുമില്ലാതിരുന്ന താനായിരുന്നു വീര്യം പകര്‍ന്നതും അവന്റെ കൈ കൂട്ടിപ്പിടിച്ച് ധൈര്യം പകര്‍ന്നതും. ‘വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല’ കരുണന്റെ ശബ്ദം അയാള്‍ ഒരിക്കല്‍ കൂടി കേട്ടു. അതിനുശേഷമുള്ള അവന്റെ മൌനത്തിന്റെ പൊരുളും അപ്പോഴയാളറിഞ്ഞു. ചുറ്റും നിന്നവര്‍ സമയം പാഴാക്കിയില്ല പുറകില്‍ നിന്നും വശങ്ങളില്‍ നിന്നും അയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കൊടുവാളുകള്‍ പലവട്ടം കയറിയിറങ്ങി. അയാള്‍ കുറ്റിച്ചെടികള്‍ക്കടിയില്‍ കമിഴ്ന്നടിച്ചു വീണു.

ഞരമ്പുകളിലൂടെ രക്തം പുറത്തേക്ക് കുതിച്ചുപായുന്ന ഇരമ്പല്‍ അയാള്‍ കേട്ടു. രക്തത്തിന്റെ ഒഴുക്കില്‍ ശരീരം തരിക്കുന്നതിന്റെ ഒരു സുഖം അയാള്‍ അറിഞ്ഞു. ചുറ്റും പുല്ലില്‍ പരക്കുന്ന രക്തം അയാള്‍ കൈകൊണ്ട് തഴുകി. തനിക്കേറെ പ്രിയമുള്ള കടും ചുവപ്പു നിറം ക്രമേണ മാറി പല നിറങ്ങളായ് പരിണമിക്കുന്നതും പിന്നീട് നിറങ്ങളൊന്നും ഇല്ലാതാവുന്നതും അയാള്‍ അറിഞ്ഞു. അതാ പ്രകാശം പരത്തുന്ന കണ്ണുകളുമായ് ചിരിച്ചുകൊണ്ട് കൊച്ചരിപ്രാവിന്റെ അടയാളമുള്ള ഒരു വെളുത്ത കൊടിയുമായ് കരുണനും, അപ്പനും അയാളുടെ അടുത്തേക്കു വരുന്നു. അയാള്‍ ഉന്മേഷവാനായ് കരുണനില്‍ നിന്നും കൊടി ഏറ്റുവാങ്ങി അവരുടെ കൂടെ ധൃതിയില്‍ നടക്കുമ്പോള്‍ ശവം തീനി ഉറുമ്പുകള്‍ ജഡം സ്വന്തമാക്കി മൌനജാഥ തുടങ്ങിയിരുന്നു.
- 0 -

സമര്‍പ്പണം:   ആര്‍ക്കുവേണ്ടിയെന്നറിയാതെ, എന്തിനുവേണ്ടിയെന്നറിയാതെ വാളെടുത്ത് വാളാല്‍ നശിച്ച രാഷ്ട്രീയ ബലിയാടുകളുടെ ഓര്‍മ്മയില്‍ ജീവിതം പേറാന്‍ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് - മറ്റൊരര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക്.

Friday, October 19, 2007

കിനാവും, കവിതയും

കവിത രചിക്കാനിരുന്നു ഞാന്‍
കതിരോന്‍ മറഞ്ഞതറിഞ്ഞില്ല ഞാന്‍
കണ്മുന്നിലുള്ളതെല്ലാം മറന്നു ഞാന്‍
‍കിനാവില്‍ കണ്ടതെല്ലാം കുറിച്ചു ഞാന്‍
എന്‍ കിനാവിലെ നായികയായി നീ
നായകനാവാന്‍ കൊതിച്ചു ഞാന്‍

‍നീ പാടിയപ്പോള്‍ ഞാനേറ്റുപാടി
നീ ആടിയപ്പോള്‍ ഞാന്‍ താളമേകി
നീ ചിരിക്കുമ്പോള്ളെന്നധരം തുടിച്ചു
നീ വിതുമ്പുമ്പോളെന്‍ മിഴിയൊരു പുഴയായ്

കതിരോനൊളി വീശിയപ്പോള്‍
നിന്‍ ചിലങ്കതന്‍ ശബ്ദമകന്നുപോയി
ചിറകറ്റ പക്ഷിപോല്‍ ഞാനിരുന്നു
കിനാവില്‍ നിന്നുണര്‍ന്നു ഞാന്‍
കടലാസില്‍ നോക്കിയിരുന്നു ഞാന്‍
കണ്ണീരില്‍ കുതിര്‍ന്ന കവിതയുണ്ടോ
കടലാസിനുള്ളില്‍ തെളിഞ്ഞിടുന്നു

Monday, October 15, 2007

കുന്നംകുളം പള്ളിയില്‍ കളിച്ച നാടകം - രാമായണം


എല്ലാ വര്‍ഷവും ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗമെടുത്ത് നാടകമൊരുക്കിയിരുന്ന ഇടവകയിലെ ചെറുപ്പക്കാര്‍ അതിനൊരു മാറ്റം വരട്ടെ എന്നു കരുതി രാമായണത്തില്‍ നിന്നൊരു ഭാഗമെടുത്ത് അവതരിപ്പിച്ച കഥയാണിത്..

[1980കളുടെ ആദ്യം ജയറാമും, സൈനുദ്ദീനുമെല്ലാം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകത്തിന്റെ ഒരു പുനരാവിഷ്ക്കരണം. അല്പസ്വല്പം മാറ്റങ്ങളോടെ ഇപ്പോഴത്തെ തലമുറയില്‍ അറിയാത്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു]

രംഗം ഒന്ന്അയോദ്ധ്യ രാജകൊട്ടാരം. ദശരഥനായ് അഭിനയിക്കുന്ന പൌലോസേട്ടന്‍ ചിന്താമഗ്നനായ് സിംഹാസനത്തിലിരുന്ന് നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ പിച്ചള ലോട്ടയില്‍ പട്ടച്ചാരായമടിക്കുന്നു. വലതു വശത്തായ് കെട്ടിയുണ്ടാക്കിയ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുകയും പുക ഉയരുകയും ചെയ്യുന്നതുകണ്ട് പൌലോസ് ദശരഥന്‍ ഭയത്തോടെ ചോദിക്കുന്നു,

ദശരഥന്‍: ആരാണ്ടത്?

കുറ്റിക്കാട്ടില്‍ നിന്നൊരു ശബ്ദം

“ഞാന്‍‌ണ്”

ദശരഥന്‍: ഞാന്‍‌ണ് ന്ന് പറഞ്ഞാ ആരണ്ടാ, തെളിച്ച് പറയടാ മൂര്യേ, നെനക്ക് പേരില്ലേ ദശരഥനണ് ചോദിക്കണേ, ആളോളെ പേടിപ്പിക്കാണ്ട് കാര്യം പറട ചെക്കാ

(ശബ്ദം) : ഞാന്‍‌ണ് അപ്പാ, രാമനണ്. എന്തൂട്ടാ അപ്പന്റെ പ്രശ്നം?

ദശരഥന്‍: ങാ, നീയായിരുന്നാ, എന്തൂട്ടാ ക്ടാവേ നീയാ കുറ്റിക്കാട്ടില് ഏട്ക്കണേ,

രാമന്‍: (കുറ്റിബീഡി ആഞ്ഞുവലിച്ചതിനുശേഷം വലിച്ചെറിഞ്ഞ്) ഒന്നൂല്യപ്പാ, ഞാനിവ്ടെ ബെറ്തെ നിന്ന് ഒന്നു വലിച്ചതാ.

ദശരഥന്‍: ങ് ഹ ഹാ, അപ്പ നീയണ് പലരേം പിടിച്ച് വലിച്ച് പ്രശ്നംണ്ടാക്കണത് അല്ലേ? നാട്ടിലിള്ള പിള്ളേരെ പിടിച്ച് വലിക്കാണ്ട് വീട്ടില് വന്നട്ട് എന്തൂട്ടെങ്കിലും ചെയ്യറ ചെക്കാ. നിനക്കായിട്ട് ഒരു പിശാശ് മോറീനേ പണ്ടാരടങ്ങീട്ട്ണ്ട് ല്ലാ ഇവടെ.

രാമന്‍: ആ വലി അല്ലപ്പാ, ബെറ്തെ നിന്നൊരു ബീഡി വലിച്ചതാ.

ദശരഥന്‍: (പാത്രത്തിലുള്ളത് വലിച്ചു മോന്തി എഴുന്നേറ്റ് ഒന്നുരണ്ടു ചാല്‍ നടന്ന്) ടാ രാമാ, ബേറ്തെ അബടെ നിന്ന് ബീഡി വലിക്കാണ്ട് നെനക്ക് കാട്ടിലിക്ക്യാ പൊക്കൂടേ?

രാമന്‍: ഹയ് എന്തൂട്ടിനാപ്പാ ഞാന്‍ കാട്ടിലിക്ക് പോണേ?

ദശരഥന്‍: ചോദ്യം ചോക്കാണ്ട് പറഞ്ഞതാ കേക്കടാ ശവ്യേ.
രാമന്‍: ശര്യപ്പാ. ഞാന്‍ സീതേനോടൊന്ന് പറഞ്ഞട്ട് പൂവ്വാം ( അകലേക്ക് നടക്കുന്നു)

ദശരഥന്‍: ടാ, അവടെ നിന്നേ, (രാമന്‍ തിരിഞ്ഞു നില്‍ക്കുന്നു) പിന്നൊരു കാര്യംണ്ട്, പതിന്നാലു വര്‍ഷം കഴിഞ്ഞട്ടിങ്ങട് വന്നാ മതിട്ടാ. അതിനുള്ളിലെങ്ങാന്‍ വന്നാ, ചവിട്ട്യാ എട്ത്ത് പൊറത്തിടും, ഈ ദശരഥനണ് പറയണേ അതാ ഓര്‍മ്മവച്ചോ.

രാമന്‍: അതെന്തൂട്ടാ അപ്പാ 14 കൊല്ലത്തിന്റെ കണക്ക്?

ദശരഥന്‍: ചോദ്യം വേണ്ടറ മൂര്യേ, നീ പറഞ്ഞതാ കേക്കറാ കന്നാലീ

രാമന്‍: ശരി അപ്പാ. (പോകുന്നു)

രാമന്‍ നടന്നകലുന്നത് വിഷമത്തോടെ നോക്കി നില്‍ക്കുന്ന ദശരഥന്‍. പിന്നെ കുപ്പിയിലവശേഷിച്ച ചാരായം വാറ്റി കുടിക്കുന്നു.

പ്രകാശം മങ്ങുന്നു.

[രംഗം രണ്ട്]

അയോദ്ധ്യയിലെ അന്ത:പുരം.
സീതയും തോഴിമാരും കൊത്താംകല്ലുകളിച്ചുകൊണ്ടിരിക്കുന്നു. രാമന്‍ അങ്ങോട്ടു കടന്നു വരുന്നു. തോഴിമാര്‍ എഴുന്നേറ്റു പോകുന്നു.

സീത നിന്ന് കൈ നഖം കടിച്ച് കാല്‍ നഖം കൊണ്ട് കളം വരക്കുന്നു.
രാമന്‍: ട്യേ, ഞാന്‍ പൂവാണ്ട്യേ?
സീത: നിങ്ങളെങ്ങടിക്ക്യാ പോണേ?
രാമന്‍: ഞാന്‍ കാട്ടിലിക്ക് പൂവ്വണ്ട്യേ?
സീത: നിങ്ങളെന്തൂട്ടിനാ കാട്ടിലിക്ക് പോണേ?
രാമന്‍: അപ്പന്‍ പറഞ്ഞ് കാട്ടിലിക്ക് പൂവാന്‍
‍സീത: ന്നാ ഞാനും കൂടി പോര്ണ്ട് ട്ടാ
രാമന്‍: നീയെന്തൂട്ടിനാണ്ട്യേ കാട്ടിലിക്ക് വരണേ..
സീത: നിങ്ങളെവട്യാണോ അവടെ ഞാനുംണ്ടാവും*
രാമന്‍: ഹയ് ഇത് വല്യ കുരിശായല്ലോ, എവടെ പോയാലും പിന്നാലെ വര്വേ...
(സീത പിണങ്ങുന്നു. തേങ്ങുന്നു).
ലക്ഷ്മണന്‍ പ്രവേശിക്കുന്നു. രണ്ടുപേരേയും കണ്ട് ചോദിക്കുന്നു.
ലക്ഷ്മണന്‍: ഹയ്, എന്തൂട്ടാ ഇവടെ പ്രശ്നം?

രാമന്‍: [ലക്ഷ്മണനെ നോക്കി, രംഗ ബോധമില്ലാതെ] ഡാ ഡേവീസേ,
(ലക്ഷ്മണന്‍ തൊട്ടടുത്ത് ചെന്ന് ഡേവീസല്ല, ലക്ഷ്മണന്‍ )

രാമന്‍ (വീണ്ടും ഡേവീസിനെ നോക്കി ചോദിക്കുന്നു): എന്തൂട്ടണ്ടാ ഞാന്‍ ഡയലോഗ് പറയണേന്റെടേല് നീ നിന്ന് പിറുപിറുക്കണേ?

ലക്ഷ്മണന്‍ (രാമന്റെ പുറകിലൂടെ പോയ് കാണികള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ വീണ്ടും ചെവിട്ടില്‍ പറയുന്നു):സ്റ്റേജിലു ഞാനിപ്പ ലക്ഷ്മണനാ അല്ലാണ്ടു ഡേവീസല്ല.

രാമന്‍ (അതുകേട്ട് ദേഷ്യത്തില്‍ -സ്റ്റേജില്‍ കേറുന്നതിനു മുമ്പ് പേടി പോകാന്‍ അടിച്ച ക്വാര്‍ട്ടര്‍ തലക്ക് പിടിച്ചു തുടങ്ങിയിരുന്നു)‍) ഒന്നു പോട ചെക്കാ, നീയാ എന്ന പഠിപ്പിക്കാന്‍ വരണേ, എനിക്കറിഞ്ഞൂടേ, നീയ് ലക്ഷ്മണന്‍, ഞാന്‍ രാമന്‍, അതുകള (എന്നീട്ട് ലക്ഷ്മണനെ ഒന്ന് ഇരുത്തി നോക്കീട്ട്) ങാ, ഡാ ലക് മണാ ഇമ്മടെ അപ്പന്‍ പറഞ്ഞേ ഈ യെന്നോട് കാട്ടിലിക്ക് പൂവ്വാന്‍, പിന്നെ ഇമ്മക്ക് പൂവ്വാണ്ടു പറ്റോ? ദിവള് കൂടെ വലിഞ്ഞാ കേറി വര്വാണ്ടാ, ഈ പിശാശിനെ നീയൊന്നു പറഞ്ഞ് മനസ്സിലാക്കടാ എന്റെ മൂരിക്കുട്ടാ ലക് മണാ‍..

ലക്ഷ്മണന്‍: (സീതയോട്) ഹയ്, എന്തൂട്ടിനണ് ചേടത്തി കാട്ടിലിക്ക് പോണേ, ഈ രാജകൊട്ടാരം‌ല്യേ, തോഴിമാരില്യേ, ഞാനില്യേ. ഇക്കണ്ട ആളോളൊക്കില്യേ ഇബടെ. പിന്നെന്തൂട്ടിനണ് ചേട്ടത്തി കാട്ടിലിക്ക് പോണേ? അങ്ങേരു കാട്ടിലിക്ക് പൂവ്വേ, ആറ്റിലിക്ക് പൂവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന്. ഹെയ് ഇതാപ്പ നല്ല കൂത്ത്.

(തിരിഞ്ഞ് രാമനോട്)

നീ പൊക്കോടാ ചേട്ടാ കാട്ടിലിക്ക്, ചേട്ടത്തിടെ കാര്യം ഞാനേറ്റു....
(ലക്ഷ്മണന്‍ ചെന്ന് സീതയുടെ കയ്യില്‍ പിടിക്കുന്നു) സീത മുഖം പൊത്തി കരയുന്നു.

[രംഗം ഇരുളുന്നു. കര്‍ട്ടന്‍ വീഴുന്നു.]

സീതയുടെ കയ്യില്‍ നിന്നും ലക്ഷ്മണന്‍ പിടി വിടുന്നില്ല. സീത കൈ വിടുവിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തുന്നു. തിരിഞ്ഞു നടക്കാന്‍ പോയ രാമനതു കാണുന്നു. ലക്ഷ്മണന്‍ ഡേവീസ് സീത ലൂസിയോടു ചോദിക്കുന്നു, ഓ, റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ. നിന്നെ ഇപ്പ ഞാന്‍ വിടാന്‍ കണ്ടട്ടില്യ. നീ ഉന്തൂട്ടാ ചെയ്യാ. ലൂസി ഡേവീസിന്റെ കണ്ണിലൊരു കുത്തു വച്ചു കൊടുക്കുന്നു. ഡേവീസ് കണ്ണു പൊത്തി സ്റ്റേജിലിരിക്കുന്നു. രാമന്‍ ജാക്കോവ് വന്ന് ഡേവീസിനെ തല്ലുന്നു. ഉന്തിന്റെ കൂടെ തള്ളും എന്ന പോലെ ആയപ്പോള്‍ ഡേവീസിനതു സഹിക്കാന്‍ പറ്റിയില്ല, അയാള്‍ ജാക്കോവിനെ ഇടിക്കുന്നു. രണ്ടുപേരും മല്പിടുത്തം തുടരുന്നു.ഇതൊന്നും അറിയാതെ കര്‍ട്ടന്റെ പുറകില്‍ നിന്ന് സംവിധായകന്‍ ഒരു പ്രത്യേക ശബ്ദത്തിലും താളത്തിലും അനൌണ്‍സ് ചെയ്യുന്നു,

രാമനും സീതയും ലക്ഷ്മണനും കൂടി കാട്ടിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ അടുത്ത രംഗത്തോടെ ഞങ്ങളുടെ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്.

കര്‍ട്ടന്‍ ഉയരുന്നു. വെളിച്ചം വീഴുമ്പോള്‍, കീറിയ വസ്ത്രങ്ങളുമായ് ലക്ഷ്മണനും രാമനും വെറും ഡേവീസും ജാക്കോവുമായുള്ള മല്‍പ്പിടുത്തവും സീതയുടെ സാരിത്തുമ്പ് അവരുടെ വേഷവിധാനത്തിലെവിടെയോ ഉടക്കിയതിനാല്‍ അവളും അവരുടെ ഇടയില്‍ ഒരു റഫറിയെപോലെ കളിക്കുകയായിരുന്നു. അതുപിന്നെ ഇടവകയിലെ ആളുകള്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുകയും ഒരു ജനകീയ അടിയായ് രൂപാന്തരം പ്രാപിക്കുകയും, പെരുന്നാളിനൊരു അടിയില്ലാതെ പിരിയേണ്ടി വന്നില്ലല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു.അതിനുശേഷം ഒരിക്കലും ബൈബിള്‍ നാടകമല്ലാതെ മറ്റൊന്നും കളിക്കേണ്ടതില്ലെന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായ് എന്നു കേള്‍ക്കുന്നു.
*പിന്നീട് ഏതോ പരസ്യക്കമ്പനിക്കാര്‍ പ്രചോദനമുള്‍ക്കൊണ്ടത് ഈ ഡയലോഗില്‍ നിന്നാണെന്ന് വിശ്വസിക്കുന്നു. കോപ്പി റൈറ്റ്, അക്കൊല്ലത്തെ കുന്നംകുളം പള്ളിയിലെ ആഘോഷകമ്മിറ്റിക്ക്.

Monday, October 08, 2007

കഥാക്യാമ്പ്

നാളെ കഥാക്യാമ്പില്‍ ആദ്യം വായിക്കുന്ന കഥ തന്റേതായിരിക്കും. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ആദ്യത്തെ സാഹിതീസംരംഭമാണ്. യോഗ്യതയായി പറഞ്ഞിരിക്കുന്നത് ഇതുവരെ കഥയൊന്നും അച്ചടിമഷി പുരളാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാമെന്നാണ്. സമ്മാനദാനത്തിനു വരുന്നത് ഒന്നാം ക്ലാസില്‍ തന്നെ പഠിപ്പിച്ച രാമനാഥന്‍ മാഷാണ്. അദ്ദേഹം അറിയപ്പെടുന്ന ബാലസാഹിത്യകാരനും പ്രസിഡണ്ടിന്റെ അവാര്‍ഡ് വാങ്ങിയിട്ടുള്ള അദ്ധ്യാപകനുമാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഒരു സമ്മാനം വാങ്ങിക്കുന്നതും അദ്ദേഹം അനുഗ്രഹിക്കുന്നതും ഓര്‍ത്ത് 40കാരനായ കുട്ടിശങ്കരന്‍ ഒരു നിമിഷം കോള്‍മയിര്‍ കൊണ്ടു. തന്റെ കഥ കേട്ട്, ഓഹോ ഇയാള്‍ കഥയും എഴുതുമോ എന്ന് ചിന്തിച്ച് മാഷും, തളിയക്കോണം ഗ്രാമവാസികള്‍ മുഴുവനും അത്ഭുതപരതന്ത്രരായ് നില്‍ക്കുന്ന കാഴ്ച കിനാവ് കണ്ട് കുട്ടിശങ്കരന്‍ കുറേ നേരം നിലത്തങ്ങനെ വെറുതെ കിടന്നു.

പക്ഷെ നാളെയെന്നു പറയാനായി ഇനി അധികസമയമില്ല. കഥക്കാണെങ്കില്‍ വലിയ പുരോഗതിയും വന്നീട്ടില്ലല്ലോ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. ഊണു കഴിഞ്ഞ ഉടനെ മക്കളുടെ പഠനമുറിയില്‍ കയറി വാതിലടച്ചതാണ്. അമ്മയുടെ കഥകള്‍ കേട്ട് കുട്ടികള്‍ ഉറങ്ങിയിട്ട് അധിക നേരമായെന്ന് ഭാര്യയുടെ നേര്‍ത്ത കൂര്‍ക്കം വലിയില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളു.

അധിക നേരം കുനിഞ്ഞിരുന്നാല്‍ കഴുത്തും പുറവും വേദനിക്കുമെന്നതുകൊണ്ട് റൈറ്റിംഗ് പാഡില്‍ നോട്ട് ബുക്ക് തിരുകി ചുമരില്‍ ചാരി വെച്ച്, നിന്നാണ് എഴുതിതുടങ്ങിയത്. പക്ഷെ വാക്കുകള്‍ ഒഴുകിയില്ല. പിന്നെ മനസ്സിലായി, ചുമരില്‍ ചാരി വെച്ചെഴുതിയാല്‍ മനസ്സില്‍ നിന്നു മാത്രമല്ല, പേനയിലൂടെയും ഒന്നും ഒഴുകില്ലെന്ന്. അതുകൊണ്ട് ഇരുന്നും കിടന്നുമായ് കുറെയേറെ എഴുതിക്കൂട്ടി. എഴുതിയതൊക്കെ ഒന്നുകൂടി വായിച്ചപ്പോള്‍ കീറിക്കളയാന്‍ തോന്നി. കുറേ കഴിഞ്ഞപ്പോള്‍ മുറി നിറയെ കീറിയെറിഞ്ഞ കടലാസു തുണ്ടുകള്‍ കണ്ട് അത്ഭുതം തോന്നി . ഹോ, ഇത്രമാത്രം താന്‍ എഴുതുകയും കീറിക്കളയുകയും ചെയ്തോ! “എഴുതിയത് സ്വയം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും എഴുതണം” എന്നാണു പ്രശസ്തരായ എഴുത്തുകാര്‍ പറഞ്ഞീട്ടുള്ളത് എന്ന് കുട്ടിശങ്കരന്‍ ഓര്‍ത്തു. നമ്മള്‍ കീറിയില്ലെങ്കില്‍ പിന്നെ നമ്മളെഴുതുന്നത് പത്രാധിപര്‍ കീറി ചവറ്റു കുട്ടയിലിടുമത്രെ!

എവിടെയോ ഒരു കോഴി കൂവിയെന്ന് അയാള്‍ക്ക് തോന്നി. പ്രായമായ കോഴി ഉറക്കം കിട്ടാതെ കൂവിയതാവാനേ തരമുള്ളു. അതോ ഇനി നേരം ശരിക്കും പുലരാറായോ. തന്റെ കഥയെ കുറിച്ചും, ക്യാമ്പിനെ കുറിച്ചും കോഴിക്കറിയേണ്ട കാര്യമില്ലല്ലോ. എന്റെ സരസ്വതീ ദേവീ, ഇനിയിപ്പോള്‍ പുതിയ ഒരാശയം എഴുതിയുണ്ടാക്കി വരുമ്പോഴേക്കും കഥാക്യാമ്പും തീരും. ക്യാമ്പില്‍ വന്നവരൊക്കെ മലയാള സാഹിത്യത്തിനു നാളെ മുതല്‍കൂട്ടാവേണ്ട ഈ കുട്ടിശങ്കരനെ കാണാതെ പോകേണ്ടിയും വരും.

അയാള്‍ കീറിയ കടലാസു തുണ്ടുകളൊക്കെ ഓരോന്നായ് വായിച്ച് അതില്‍ നിന്നും കൊള്ളാവുന്ന വാക്യങ്ങള്‍ പകര്‍ത്തി എഴുതാന്‍ തുടങ്ങി. ഇടയ്ക്ക് വെച്ച് കുട്ടിശങ്കരന്‍ ഓര്‍ത്തു. അയ്യോ, ഒരു നല്ല പേരിടണ്ടേ തന്റെ കഥക്ക്. ചെലപ്പോ പേരിട്ടതിനുശേഷം കഥയെഴുതാന്‍ തുടങ്ങിയാല്‍ ഒരൊഴുക്ക് കിട്ടിയെന്നുവരും. ‘കഥയില്ലായ്മ’ എന്നു കൊടുത്താലോ, - ഹേയ് വേണ്ട, അത് തന്നെപ്പറ്റി തന്നെഎഴുതിയതാണെന്ന് പറഞ്ഞ് ആളുകള്‍ ചിരിക്കും. ആളുകള്‍ ചിരിക്കുന്നത് സഹിക്കാം. പക്ഷെ തന്റെ ഭാര്യ ചിരിക്കുമ്പോഴാണ് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. എന്നാല്‍ അതു മനസ്സിലാക്കി അവള്‍ ചിരിക്കാതിരിക്കോ അതൊട്ടില്ലതാനും. - ഗ്രാമത്തിന്റെ പേരു ചേര്‍ത്തൊരെണ്ണം കൊടുത്താലോ, ‘തളിയക്കോണം കഥകള്‍’ എന്ന്. -‘അവന്റെയൊരു കോണത്തിലെ കഥയെന്ന്‘ പറയാന്‍ അത് ആരെയെങ്കിലും പ്രേരിപ്പിച്ചാലോ, അതും വേണ്ട.. ഓ അല്ലെങ്കില്‍ തന്നെ “പേരിലെന്തിരിക്കുന്നു” എന്നല്ലേ വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ‘ഇന്നത്തെ കഥ’ എന്നു തന്നെ ആയിക്കോട്ടെ.

പ്രപഞ്ചത്തിന്റെ ചലനങ്ങളൊപ്പിയെടുത്ത് മനസ്സില്‍ കൊണ്ടു നടന്നതും, ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞതും, പഴയ മാ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചതും, കീറിയ കടലാസു തുണ്ടുകളിലെഴുതിയതുമൊക്കെയായ് കുട്ടിശങ്കരന്‍ മഹത്തായ തന്റെ സൃഷ്ടി പൂര്‍ത്തീകരിച്ചു. സൃഷ്ടിയുടെ ആലസ്യത്തിലമര്‍ന്ന് മയങ്ങിപ്പോയ അയാള്‍ എപ്പോഴോ ഗാഢനിദ്രയിലാണ്ടു.

“അമ്മേ ഓടിവായോ, ദേ ഈ അച്ഛന്‍.....”

മകന്റെ കരച്ചില്‍ കേട്ട് കടലാസു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിശങ്കരന്‍ ഞെട്ടിയെഴുന്നേറ്റ് ചുമരില്‍ ചാരിയിരുന്നു. ഉറക്കം വിട്ടുമാറാത്തതിനാല്‍ പെട്ടെന്ന് എഴുന്നേറ്റു പോകാന്‍ ഒരു മടി തോന്നി. അടുക്കളയില്‍ നിന്നും ഓടിയെത്തിയ അയാളുടെ ഭാര്യ മകനെ ചീത്ത പറഞ്ഞു,

“ഓ, നീ ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ ചെക്കാ. നിന്റച്ഛനൊന്നും പറ്റീട്ടില്ലല്ലോ ദേ പൊട്ടൊരുളി പണയം വെച്ച പോലെ ചുമരില്‍ ചാരി വെച്ചിരിക്കണു”.

“ആഹാ, അച്ഛനൊന്നും പറ്റിയില്ല പക്ഷെ ഞാന്‍ കണക്കു ചെയ്തു പഠിക്കണ നോട്ട്ബുക്കിന്റെ പേജുകളാ മുറിയിലാകെ കീറിയിട്ടിരിക്കണത്. അതമ്മ കണ്ടോ?”

അവനതും പറഞ്ഞ് ചിണുങ്ങാന്‍ തുടങ്ങി. അവള്‍ മകനെ കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോകുമ്പോള്‍ പറഞ്ഞു,

“സാരല്യ, മോന്റച്ഛനല്ലേ കീറിക്കളിച്ചത്. അച്ഛന്‍ ജ്ഞാനപീഠം വാങ്ങാനുള്ള പരിശ്രമത്തിലാണെന്നു മോനെന്താ മനസ്സിലാക്കാത്തേ. പീഠം വാങ്ങി വരുന്ന വഴി അതിന്റെ മോളില് വച്ചെഴുതാന്‍ അച്ഛന്‍ മോനു പുതിയ നോട്ട്ബുക്ക് വാങ്ങിച്ചു കൊണ്ടരുംട്ടോ.” പിന്നെ മകന്റെ തലയില്‍ തലോടി ഉറക്കെ ചിരിച്ചു. പോകുമ്പോള്‍ തിരിഞ്ഞു നോക്കി അവള്‍ എന്തോ ഗോഷ്ടി കാട്ടിയോ, ഏയ് തനിക്കു തോന്നിയതാവാം.

അമ്മയുടെ ചിരി കണ്ട് അവന്‍ ചിണുക്കം നിര്‍ത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു.ഓ, കാലത്തെഴുന്നേല്‍ക്കുമ്പോള്‍ വലതു വശം തിരിഞ്ഞ് സരസ്വതീ ദേവിയെ പ്രാര്‍ത്ഥിച്ച് എഴുന്നേല്‍ക്കണമെന്നു കരുതിയതാ, അതാണീ ചെക്കന്‍ വന്ന് നശിപ്പിച്ചത്. പിന്നെ തന്റെ ഭാര്യയാണെന്നു പറഞ്ഞീട്ടൊന്നും കാര്യമില്ല. കേട്ടില്ലേ, ജ്ഞാനപീഠം വാങ്ങാന്‍ പോകുകയാണെന്ന്. അവള്‍ പറ്റാവുന്ന സമയത്തൊക്കെ തന്നിലെ കഥാകൃത്തിനെ ഇട്ട് ചവിട്ടുന്നത് താനറിയില്ലെന്നാ അവളുടെ വിചാരം. അല്ലെങ്കിലും പല സാഹിത്യകാരന്മാരും അവിവാഹിതരായ് കഴിയുന്നതു കൊണ്ടായിരിക്കും അവര്‍ക്ക് നല്ല സൃഷ്ടികള്‍ നടത്താനാവുന്നത് എന്നും ഇങ്ങനെ പോയാല്‍ ഒരു വിവാഹമോചനത്തിലേ ഇത് ചെന്നവസാനിക്കൂ എന്നും അയാള്‍ക്ക് തോന്നാതിരുന്നില്ല. കഥാക്യാമ്പില്‍ നിന്നും സമ്മാനം കൊണ്ടു വന്ന് താനവളുടെ മുഖത്തെറിയും‍. അമ്മയും മക്കളും കണക്കാ. പിന്നേ..., ഈ ആറാംക്ലാസ്സില്‍ പഠിക്കുന്ന ഇവന്‍ കണക്ക് പഠിക്കേണ്ട ആവശ്യം തന്നെയുണ്ടോന്നാ തന്റെ സംശയം. ഇത്ര കാലായിട്ടും തനിക്ക് കണക്കറിയില്ലല്ലോ, എന്നീട്ടെന്താ ജീവിക്കുന്നില്ലേ. പിന്നെയാണവന്റെയൊരു കണക്കു പുസ്തകം. ഇനി ഇവനും കൂടി കണക്കു പഠിച്ചട്ട് വേണം അമ്മയുടെ പോലെ തന്റെയടുത്ത് വന്ന് കണക്കു പറയാന്‍. തന്റെ പട്ടി വാങ്ങിക്കൊണ്ടരും നോട്ട്ബുക്ക്. അയാളങ്ങനെ പിറുപിറുത്ത് സമയം നോക്കിയപ്പോള്‍ മണി 7 ആയിരിക്കുന്നു. 8 മണിക്ക് ക്യാമ്പ് തുടങ്ങും. കഥ വായിച്ചു കഴിഞ്ഞ്, അതിനെക്കുറിച്ച് ചര്‍ച്ച, പിന്നെ കഥ പറയാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കഥകള്‍, പിന്നെ ക്ലാസ്, സമ്മാനദാനം, സമാപനം.

ഒട്ടും സമയം കളയാതെ ധൃതിയിലൊരു തയ്യാറെടുപ്പായിരുന്നു. നല്ല ചൂടുള്ള ഇഡ്ഡലിയും, എരിവുള്ള തേങ്ങാ ചട്ണിയും കഴിക്കാനിരുന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന കഥ അധികം മടക്കാതെ ജുബ്ബയുടെ പോക്കറ്റില്‍ തിരുകി. അത് പുറത്തേക്കു തള്ളി നില്‍ക്കുന്നതുകണ്ട് മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോളു ചോദിച്ചു,

“എന്താ അച്ഛാ, കീശേല്?”
വായിലിരുന്ന വലിയ ഇഡ്ഡലി കഷ്ണം പെട്ടെന്നിറക്കിയതുകൊണ്ട് തൊണ്ടയിലൊരു പിടുത്തം പോലെ, കുറച്ച് വെള്ളം കുടിച്ച് അയാള്‍ പറഞ്ഞു,

“ങാ, പിന്നെ അത് മോളെ, അച്ഛന്‍ എഴുതിയ ഒരു കഥയാണ്. അച്ഛനിന്ന് നമ്മുടെപഞ്ചായത്ത് ഹാളില്‍ മൈക്കിലൂടെ എല്ലാവരും കേള്‍ക്കെ ഈ കഥ പറയും”.

അവള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. എന്നീട്ട് അമ്മയോടു ചോദിച്ചു,

“അമ്മേ, നമ്മുടെ അച്ഛന്‍ കഥ പറയോ? അമ്മയല്ലേ രാത്രി ഞങ്ങക്ക് കഥ പറഞ്ഞു തരാറ്. അച്ഛന്‍ എപ്പഴും വഴക്ക് പറയാറല്ലേ ഉള്ളു.”

അയാള്‍ അതുകേട്ടില്ലെന്ന ഭാവത്തില്‍ ഒരു ഇഡ്ഡലി കൂടി എടുത്ത് ചട്ണി ഇല്ലാതെ കഴിച്ചു. ഹോട്ടലില്‍ സപ്ലൈര്‍ ചായ കൊണ്ടു വന്ന് മേശപ്പുറത്ത് ഊക്കോടെ വെക്കുന്നതുപോലെയായിരുന്നു ഭാര്യ തന്റെ മുന്നില്‍ ചായ കൊണ്ടു വെച്ചത്. തിരിച്ച് അടുക്കളയിലേക്ക് നടക്കുമ്പോള്‍ അവള്‍ മോളോടു പറഞ്ഞു,

“മോളേ, ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞീട്ടുണ്ട്, കര്‍മ്മഫലം അനുഭവിച്ചേ മതിയാവൂന്ന്”.

ഇഡ്ഡലിക്ക് പുളിപ്പു കൂടിപ്പോയോ എന്നയാള്‍ക്കപ്പോള്‍ തോന്നാതിരുന്നില്ല. മോള്‍ ഭാര്യയുടെ സാരിതുമ്പില്‍ പിടിച്ച് നടന്ന് വീണ്ടും കൊഞ്ചി ചോദിച്ചു,

“അതെന്താ അമ്മേ ഭഗവാന്‍ അങ്ങനെ പറഞ്ഞത്‍?”

എരിവുള്ള ചട്ണിയില്‍ ഇഡ്ഡലി മുക്കി രണ്ടെണ്ണത്തിന്റേം കണ്ണു നോക്കി ഒരേറു വെച്ചുകൊടുക്കാന്‍ തോന്നി. പിന്നെ സ്വയം നിയന്ത്രിച്ചു. മനസ്സ് കലുഷിതമായാല്‍ അത് കഥാ വായനയെ ബാധിക്കും. അയാള്‍ മറ്റൊരു ഇഡ്ഡലി എടുത്ത് ചട്ണിയില്‍ മുക്കി കടിച്ചു, ചവച്ചിറക്കുന്നതിനുമുന്‍പേ അവള്‍ മോളോട് കര്‍മ്മഫലത്തിനു വിശദീകരണം കൊടുക്കുന്നതുകേട്ടു. ചവച്ചു ശബ്ദമൂണ്ടാക്കാതെ ഭാര്യ പറയുന്നത് ചെവി കൂര്‍പ്പിച്ച് കേട്ടു.

“മോളു പറഞ്ഞില്ലേ, അമ്മ കഥ പറയും അച്ഛന്‍ വഴക്കു പറയുംന്ന്, ഇന്ന് കാലചക്രം തിരിയും, അച്ഛന്‍ കഥ പറയും, പിന്നെ ബാക്കി നാട്ടുകാരു നോക്കിക്കോളും. അമ്മ വേഗം പോയി പുറത്ത് വെറകു കൂട്ടി കുറച്ച് വെള്ളം തിളപ്പിച്ചിടട്ടെ, തിരിച്ചു വരുമ്പോ അച്ഛനു എന്നെക്കൊണ്ടങ്ങനെയെങ്കിലും ഒരുപകാരംണ്ടാവട്ടെ‍”

ചിരിച്ച് ചിരിച്ച് അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് പോകുന്ന പോക്കില്‍ ഇഡ്ഡലി കടിച്ച് ചവക്കാതെ ഇരിക്കുന്ന തന്നെ നോക്കി നിയന്ത്രിക്കാനാവാതെ വായ പൊത്തി പിടിച്ച് അവള്‍ ചിരിച്ചു. ഇഡ്ഡലിക്ക് പുളിപ്പു മാത്രമല്ല നിറയെ ഉപ്പും കൂടിയിരിക്കുന്നതായ് അപ്പോളയാള്‍ക്ക് തോന്നി. ഓ, അവള്‍ക്ക് ഇന്നെന്താ പതിവില്ലാത്ത ഒരു സന്തോഷം, അവളുടെ തനി പകര്‍പ്പു തന്നെ മോളും. അവളും അതുകേട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ പോലും ചിരിച്ച് തുള്ളിച്ചാടി അമ്മയുടെ കൂടെ പോകുന്നു. അവളും അമ്മയെ പോലെ തന്നെ നോക്കി വായ് പൊത്തി ചിരിക്കുന്നു. ഒരു കഥാകൃത്തിന്റെ വികാര വിക്ഷുബ്ദമായ മനസ്സു കാണാത്ത, അവന്റെ ലോലമായ ചിന്തകള്‍ മനസ്സിലാക്കാത്ത അമ്മയും മക്കളും. ഇവരുടെ കൂടെ കഴിയുന്ന തനിക്ക് എങ്ങനെ കഥയുണ്ടാവും.. അയാള്‍ തുള്ളിച്ചാടി പോകുന്ന അമ്മയേയും മകളേയും നോക്കി ദേഷ്യം കടിച്ചമര്‍ത്തി കയ്യെത്തിച്ച് ചട്ണി എടുത്ത് ചായയിലൊഴിച്ച് ഒറ്റ വലിക്ക് കുടിച്ചു. തൊണ്ടയിലൂടെ എരിവ് പടര്‍ന്നപ്പോള്‍ അയാള്‍ ചുമച്ച് ചുമച്ച് കണ്ണില്‍ കൂടി വെള്ളം ചാടി. അതുകണ്ടുവന്ന മോന്‍ ചിരിച്ച് ഓടിപ്പോയ് ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞു,

“ദേ അച്ഛനവിടെ ആ എരിവുള്ള ചട്ണി ചായയിലൊഴിച്ചു കുടിക്കുന്നു.”

ദാ, ഇപ്പോള്‍ മൂന്നുപേരും കൂടി ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കാം. വേണ്ട ഇനി ഒരു നിമിഷം ഇവിടെ നിന്നാല്‍ കൊലപാതക കഥയായിരിക്കും കഥാക്യാമ്പില്‍ പറയേണ്ടി വരിക. അയാള്‍ മനസ്സില്‍ പറഞ്ഞു ഇനി അവിടെ സമയം കളയുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ കുട്ടിശങ്കരന്‍ തിരിഞ്ഞുനോക്കാതെ ഇറങ്ങി ഓടി. വീട്ടില്‍ നിന്നുള്ള ചിരി കേള്‍ക്കാത്ത സ്ഥലം വരെ ഓടിയതിനുശേഷം അയാള്‍ കിതച്ചുകൊണ്ടു നടന്നു. അരസികന്മാരായ എല്ലാറ്റിനേം ഞാന്‍ ശരിയാക്കിത്തരാം അയാള്‍ മനസ്സില്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ഉവ്വെടാ നെനക്ക് കണക്ക് പൊത്തകം കൊണ്ടരണം അല്ലേ, പിന്നെ എടീ കൊച്ചു കാന്താരി, അമ്മയുടെ സാരിത്തുമ്പു പിടിച്ച് അമ്മയോടൊപ്പം എന്നെ കളിയാക്കി നടക്കുന്ന വാലാട്ടീ, നെനക്ക് മുഠായി, അല്ലേ, എല്ലാം കൊണ്ടരാം, എടീ ഭാര്യേ, നീ എന്താ പറഞ്ഞത്, ജ്ഞാനപീഠം കൊണ്ടരാന്‍ പോണൂന്ന് അല്ലേ, ഉം.പഞ്ചാ‍യത്ത് ഹോളീന്ന് രാമനാഥന്‍ മാഷടെ കയ്യീന്ന് സമ്മാനമൊന്നു കിട്ടിക്കോട്ടെ, വന്നട്ട് എല്ലാത്തിനേം ഞാനവിടെ നിര്‍ത്തി പൊരിക്കും.”

കഥാക്യാമ്പില്‍ എത്തുമ്പോള്‍ അവിടെ ഒരു വിധം ആളുകള്‍ ഉണ്ടായിരുന്നു. കഥാകൃത്തുക്കള്‍ക്കും അതിഥികള്‍ക്കും സ്റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പടം ഒരുക്കിയിരുന്നു. സ്റ്റേജില്‍ അറിയപ്പെടുന്ന ആധുനികരും അത്യന്താധുനികരുമായ കഥാകൃത്തുക്കള്‍. കുട്ടിശങ്കരന്‍ ചെന്നിരുന്നത് രാമനാഥന്‍ മാഷിന്റെ അടുത്തായിരുന്നു. ഹോ എന്തൊരു ഭാഗ്യം. മാഷ് കട്ടികൂടിയ കണ്ണടക്കുള്ളിലൂടെ കുട്ടിശങ്കരനെ ഒന്നു നോക്കി. പിന്നെ എന്തോ ആലോചിച്ചിരുന്നു. അയാള്‍ക്കു തോന്നി മാഷ്‌ക്ക് തന്നെ മനസ്സിലായിട്ടില്ല. വയസ്സായില്ലേ, ഒന്നില്‍ പഠിപ്പിച്ചതാണ്. പഠിക്കാന്‍ മടിയായിരുന്ന തന്നെ കുറേ തല്ലുകയും ചെയ്തീട്ടുണ്ട്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നതോണ്ട് പിന്നീട് പലപ്പോഴും കണ്ട് പഴയ കാര്യങ്ങള്‍ പറഞ്ഞീട്ടുണ്ട്.ഒന്ന് ഓര്‍മ്മപ്പെടുത്തിയാല്‍ മനസ്സിലാവും. കുട്ടിശങ്കരന്‍ സ്വയം പരിചയപ്പെടുത്തി,

“മാഷേ, ഞാന്‍ കുട്ടിശങ്കരന്‍, വില്ലേജാപ്പീസറായിരുന്ന വിശ്വനാഥന്റെ മോനാ. മാഷാ എന്നെ മലയാളം തല്ലി പഠിപ്പിച്ചത്”. ഇന്നിവിടെ ഞാന്‍ കഥ വായിക്കുന്നുണ്ട്. അത് സാഹിത്യനായകന്മാര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്”
മാഷ് കുട്ടിശങ്കരനെ നോക്കി പുഞ്ചിരിച്ചു. എന്നീട്ട് കുറച്ചുറക്കെ തന്നെ ചോദിച്ചു,

“അ” എന്ന് ഇപ്പോ ശരിക്ക് എഴുതാന്‍ പഠിച്ചോ നീയ്യ് ?.

ആ ചോദ്യം ആരെങ്കിലും കേട്ടോ എന്ന് കുട്ടിശങ്കരന്‍ ഒളിക്കണ്ണിട്ട് ചുറ്റും നോക്കി. ഹേയ് ഇല്ല, ആരും ശ്രദ്ധിച്ചീട്ടില്ല.

“അതൊക്കെ അന്നല്ലേ മാഷേ, ഇന്ന് സാഹിത്യമെന്നു വെച്ചാല്‍ എനിക്ക് ജീവനാ. അതൊരു പ്രൊഫഷനാക്കി മാറ്റാന്‍ പോലും തീരുമാനിക്കാമെന്ന് മനസ്സിലൊരു മോഹം. മാഷോട് എനിക്കതിനു ഒരുപാട് കടപ്പാടുണ്ട്.”
മാഷുടെ നരച്ച പുരികത്തിനടിയില്‍ കുഴിയിലാണ്ട കണ്ണുകളില്‍ ചുവപ്പ് പൊടിഞ്ഞതുപോലെ കുട്ടിശങ്കരനു തോന്നി.മാഷ് കണ്ണുകള്‍ ഇറുക്കിയടച്ചു.കണ്ണടച്ച് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ആശിര്‍വദിക്കുകയുമാവും എന്ന് കുട്ടിശങ്കരന്‍ കരുതി.

അതാ കഥ വായിക്കുവാന്‍ കുട്ടിശങ്കരനെ ക്ഷണിച്ചിരിക്കുന്നു.

കുട്ടിശങ്കരന്‍ ജുബ്ബയുടെ കീശയില്‍ നിന്നും കഥ വലിച്ചെടുത്ത് സ്റ്റേജിലേക്ക് കയറി. കുറേ ചെറുപ്പക്കാര്‍ ഹാളില്‍ നിന്നും വാതില്‍ക്കലേക്ക് നടന്നു. കുട്ടിശങ്കരന്‍ മൈക്കിനു മുന്നില്‍ നിന്നും വെളിയിലേക്കു പോകുന്നവരെ നോക്കി. എല്ലാം തനിക്കു പരിചയമുള്ളവരാണ്. ഇവരെന്താണ് തന്റെ കഥ കേള്‍ക്കാതെ പോകുന്നത്. കഥ മോശമാണെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥലം വിടാനായിരിക്കും. അതോ കഥ കേള്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനാണോ, ഏയ്. അങ്ങനെയാവില്ല. കുട്ടിശങ്കരന്‍ കഥ വായിക്കാന്‍ തുടങ്ങി.

“ഠേ, ഠേ, ഠേ, ഒറ്റവെടി.”

രാമനാഥന്‍ മാഷ് കസേരയില്‍ നിന്ന് മറിഞ്ഞുവീണു. ഭാഗ്യത്തിനൊന്നും പറ്റിയില്ല. ഞെട്ടി കണ്ണു തുറന്ന് കുട്ടിശങ്കരനെ ഒന്ന് രൂക്ഷമായ് നോക്കി അടുത്തുള്ള കസേര കൂടി അടുപ്പിച്ച് വെച്ച് കയ്യിനൊരു താങ്ങ് കൊടുത്ത് മാഷ് ചാരിയിരുന്നു വീണ്ടും കണ്ണുകളടച്ചു. മാഷ് അങ്ങനെയാണ് എന്തെങ്കിലും ശ്രദ്ധിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. കുട്ടിശങ്കരന്‍ വാതില്‍ക്കലേക്ക് നോക്കി അതാ വാതില്‍ക്കല്‍ പോയി നിന്നവര്‍ വീണ്ടും ഹാളിനകത്തേക്ക് വന്ന് കസേരയിലിരിക്കുന്നു . ഇനിയിപ്പോ അവരെ വെടിവെക്കുമോ എന്ന് പേടിച്ചീട്ടായിരിക്കുമോ അവര്‍ തിരിച്ചു വന്നത്, ഏയ് അതാവില്ല, കഥയുടെ ആദ്യത്തെ വരി തന്നെ വായനക്കാരെ (കേള്‍വിക്കാരെ) പിടിച്ചിരുത്താന്‍ തക്ക മികവുറ്റതാവണം എന്ന് ഏതോ വാരഫലക്കാരന്‍ എഴുതിയിരുന്നത് കുട്ടിശങ്കരന്‍ ഓര്‍ത്തു. എന്തായാലും തന്റെ തുടക്കം മോശമായില്ല എന്നയാള്‍ക്ക് തോന്നി. ആ തോന്നല്‍ അയാള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നു. വായന തുടര്‍ന്നു.

“കാറിലിരുന്ന് കാട്ടിക്കുളം കറുപ്പന്‍ തന്റെ ശത്രുവിനു നേരെ സൈലന്‍സര്‍ ഘടിപ്പിച്ച റിവോള്‍വര്‍ കൊണ്ട് വെടി വെച്ചു. അവന്‍ ഇനി ജീവിച്ചിരിക്കരുത് . അത് തന്റെ ആദ്യത്തെ അന്ത്യാഭിലാഷമാണ്. വെടിശബ്ദത്തിന്റെ ഒച്ച ആ കാടാകെ മാറ്റൊലി കൊണ്ടു , നഗരം വിറകൊണ്ടു, വിജ്രംഭിതമായി, വികാരവതിയായി, വ്രീളാവിവശയായി, നമ്രമുഖിയായ് പിന്നെ നഖം കടിച്ച് കളം വരച്ചു കളിക്കാന്‍ തുടങ്ങി.”

സദസ്സില്‍ നിന്ന് കയ്യടി ഉയര്‍ന്നു. സ്റ്റേജിലിരുന്നവര്‍ പരസ്പരം നോക്കി പകച്ചിരുന്നു. രാമനാഥന്‍ മാഷ് മുന്നിലെ കസേര വലിച്ചടിപ്പിച്ച് അതില്‍ മുന്നോട്ടാഞ്ഞ് തല താഴ്ത്തി കിടന്നു. മാഷ് ഉറങ്ങുകയാണോ എന്ന് വായനക്കിടയിലും കുട്ടിശങ്കരന്‍ ഓട്ടക്കണ്ണിട്ട് നോക്കി. കാലാടുന്നുണ്ട്. അപ്പോള്‍ തന്റെ കഥ ശ്രദ്ധിക്കുക തന്നെയാവും, വായന തുടര്‍ന്നു.

“വെടിയൊച്ച കേട്ട് പക്ഷി മൃഗാദികള്‍ കറപ്പന്റെ തോക്കില്‍ കാഷ്ടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു.”
സദസ്സ് വായ്ത്താരി മുഴക്കി. അതോ കൂകലാണോ, ഏയ് അതൊക്കെ കൂടുതല്‍ ശ്രദ്ധിച്ചാല്‍ കഥയുടെ ഒഴുക്കു പോകും.

“കറപ്പന്‍ ശത്രുവിനെ ഓടിച്ചിട്ട് പിടിക്കാന്‍ കാറിന്റെ ആക്സിലേറ്ററില്‍ കാലമര്‍ത്തി. വണ്ടി ഒരു ഞരക്കത്തോടെ നിന്നു. പിന്നെ ബൈക്കില്‍ നിന്നും പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച കോടാലിയുമായ് മുന്നോട്ട് അടിവെച്ച് അടിവെച്ച് ശബ്ദമുണ്ടാക്കാതെ പടാ പടാന്ന് അയാള്‍ ഓടി. എങ്ങും കനത്ത നിശബ്ദത. കുറുക്കന്മാരുടെ ഓരിയിടലും, ചിവീടുകളുടെ ശബ്ദവും അയാള്‍ക്ക് തെല്ല് ഭയമുണ്ടാക്കിയെങ്കിലും ശത്രുവിനെ വകവരുത്താനുള്ള ചിന്തയില്‍ ഭയം പേടിക്കു വഴിമാറി കൊടുത്തു. വികാരം വിവേകത്തിനു വഴിമാറി കൊടുത്തു. കാട്ടുചെടികള്‍ കറപ്പനു വഴിമാറി കൊടുത്തു. താന്‍ ഇട്ടിരിക്കുന്ന ബൂട്ടിന്റെ ശബ്ദം മാത്രം കേള്‍ക്കാം. ടപ്, ടപ്, ടപ്, പാന്റില്‍ ഇയ്യാം പുല്ലുകള്‍ കുത്തിക്കയറിയിരിക്കുന്നു. കറപ്പന്‍ മുണ്ട് മാടിക്കുത്തി മുന്നോട്ട് നടന്നു. രാത്രിയായിട്ടും ലേശം പോലും വെയിലില്ലാ എന്നു മാത്രമല്ല കൂറ്റാകൂരിരുട്ട്. നിലാവ് പരന്നൊഴുകുന്നു. നക്ഷത്രങ്ങള്‍ കറപ്പനെ നോക്കി കണ്ണു ചിമ്മുന്നതുപോലെ.അതൊക്കെ ശ്രദ്ധിക്കാന്‍ കറപ്പനു മോഹമുണ്ടായിരുന്നെങ്കിലും കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് പിന്നാക്കം പോകാനോ മറ്റൊരു മസ്തിഷ്കപ്രക്ഷാളനത്തിനോ, അയാള്‍ തയ്യാറല്ലാത്തതിനാല്‍ കുറേ നേരം ചന്ദ്രനെ നോക്കി നിന്ന് ഒരു മൂളിപ്പാട്ടു പാടി, എവിടെയോ ഉറക്കമില്ലാത്ത ഒരു കഴുത അതേറ്റുപാടി. പിന്നെ മൂത്രമൊഴിച്ച് ആശ്വസിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ പുറകില്‍ കാല്പെരുമാറ്റങ്ങള്‍. കറപ്പന്‍ കാര്‍ക്കോടകനായി, ജാഗരൂകനായി, ജഗജില്ലിയായ്, ജടാധാരിയായ് , ജംബുലിംഗമായി, ദത്തശ്രദ്ധനായ്, ദയവില്ലാത്തവനായ് പിക്കാസുമായ് പതുങ്ങി പതുങ്ങി ചെന്ന് മരത്തിനപ്പുറത്തെ നിഴല്‍ നോക്കി ഒറ്റ വെടി. ‘കറപ്പന്റമ്മേ‘യെന്നൊരലര്‍ച്ച കേട്ട കറപ്പന്‍, അവന്‍ തന്റെ അമ്മയ്ക്കു വിളിച്ചതല്ലേ എന്നൊരു നിമിഷം സംശയിച്ചു. പിന്നെ ആ വനാന്തര സുന്ദര നഗരത്തെ വിറപ്പിച്ചു കൊണ്ട് ചിരിച്ചു, ഹ ഹ ഹ..... മാരീചന്‍ രാമനെതിരെ പ്രയോഗിച്ചതാണോ നീ എന്റെ അടുത്ത് എടുക്കുന്നത്. ഇതാ എന്റെ മുന്നില്‍ ഒരു ശവം ചത്തുവീണിരിക്കുന്നു.... അതുകണ്ട് പ്രകൃതി രോമാവൃതയായി.....ഭൂമിദേവി പുഷ്പിണിയായി. കാലചക്രം തിരിഞ്ഞു, ശരപഞ്ജരം, കോളിളക്കം, ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍.... കറപ്പന്‍ കാളവണ്ടിയില്‍ കയറി ചാട്ടവാര്‍ ആകാശത്തു ചുഴറ്റി ബഹിരാകാശത്തേക്ക് കുതിച്ചു പാഞ്ഞു”

സദസ്സാകെ ഇളകി മറിഞ്ഞു. ചിലര്‍ കസേരയില്‍ കയറി നിന്നു, ചിലരതു കയ്യിലെടുത്ത് കാവടിയാടാന്‍ തയ്യാറായി നിന്നു. ചിലര്‍ കസേരയില്‍ നിന്നും മറിഞ്ഞുവീണു. മാഷ് അപ്പോഴും കണ്ണടച്ച് മുന്നിലെ കസേരയിലേക്ക് മുഖം കുനിച്ചിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ വേദിയിലിരുന്നവര്‍ മിനറല്‍ വാട്ടര്‍ മാറി മാറി കുടിച്ച് അസ്ഥപ്രജ്ഞരായ് ഇരുന്നു.

കഥ നിര്‍ത്തി വിയര്‍ത്തൊഴുകിയ കുട്ടിശങ്കരന്‍ മാഷുടെ അടുത്ത് ചെന്ന് മിണ്ടാതിരുന്നു. മാഷ് തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിക്കുന്നത് അയാള്‍ മനസ്സില്‍ കണ്ടു. വേദിയിലിരുന്ന ആധുനികരും അത്യന്താധുനികരും ഓരോരുത്തരായ് കഥയെ അപഗ്രഥിക്കാന്‍ തുടങ്ങി.

ആധുനികന്‍1: “കഥയുടെ തുടക്കം ഞെട്ടിക്കുന്നതും ആളുകളെ പിടിച്ചിരുത്തുന്നതും ആയിരുന്നു.”

കുട്ടിശങ്കരന്‍ അഭിമാനത്തോടെ മാഷുടെ അടുത്ത് കസേരയില്‍ നെഞ്ച് വിരിച്ച് ഇരുന്നു. മാഷ് ചുമലിലിട്ടിരുന്ന രണ്ടാം‌മുണ്ടെടുത്ത് ചെവിയും തലയും മൂടിക്കെട്ടി തന്റെ ഇരിപ്പിടത്തില്‍ നിന്നും അടുത്ത കസേരയിലേക്ക് ചെരിഞ്ഞു. പിന്നീട് സംസാരിച്ച സാഹിത്യകാരന്‍ കഥയിലെ ഭാഷാ സൌന്ദര്യത്തെ കുറിച്ച് പറഞ്ഞു,

ആധുനികന്‍2: ഒരാള്‍ക്കും പിടി തരാതെ വഴുതി മാറുന്ന സംഭവങ്ങളുടെ സത്തയാണു ശങ്കരന്റെ കഥ, ‘പക്ഷികളോടൊപ്പം മൃഗങ്ങളും പറന്നുയരുന്ന ഒരു ഫാന്റസി തന്നെ കഥാകൃത്ത് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു.’ ഇത്ര നാളും കഥയെഴുതാതെ, പ്രസിദ്ധീകരിക്കാതെ ഇരുന്നത് ഇങ്ങനെയൊരു സൃഷ്ടിക്കുവേണ്ടിയായിരുന്നുവെങ്കില്‍ അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. അതോടൊപ്പം മലയാള സാഹിത്യത്തിനു ഇത്ര നാളും നല്ല കഥകള്‍ കുട്ടിച്ചങ്കരന്റെ കയ്യില്‍ നിന്നും കിട്ടാതെ പോയതില്‍ വ്യക്തിപരമായ വേദന രേഖപ്പെടുത്തുകയും ചെയ്യുന്നു.

അത്യന്താധുനികന്‍1: ‘കഥയാണെങ്കില്‍ ഇങ്ങനെ വേണം‘ കാരണം, വായനക്കാരനു ഇഷ്ടമുള്ളതു വേണം കഥാകൃത്ത് കൊടുക്കാന്‍, ഇരുട്ടിനെ സ്നേഹിക്കുന്നവനു ഇരുട്ട്, നിലാവ് വേണ്ടവനു നക്ഷത്രങ്ങളും ചന്ദ്രനും, നിശബ്ദത വേണ്ടവനു നിശബ്ദത, അല്ലാത്തവര്‍ക്ക് അതിനെ കീറിമുറിക്കുന്ന ചിവീടുകളും കുറുക്കന്റെ ഓരിയിടലും. പരത്തി പറയാതെ വളരെ ചുരുക്കി ഒരു മഹാസംഭവം വിവരിച്ചിരിക്കുന്നു. കുറച്ചു വരികളില്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ശ്രീ ശങ്കരന്‍കുട്ടിക്ക് കഴിഞ്ഞു.

അത്യന്താധുനിക നിരൂപകന്‍: കഥയില്‍ സ്പേസ് ടെക്നോളജി പരീക്ഷിച്ച മലയാളത്തിലെ ആദ്യത്തെ കഥയായിരിക്കും ശങ്കരനാരായണന്റെ ‘ഇന്നത്തെ കഥ’. കാളവണ്ടിയില്‍ കാശിക്കു പോകുന്നതു വരെ മാത്രമേ നമ്മുടെ മഹാന്മാരായ സാഹിത്യകാരന്മാര്‍ എഴുതിയിട്ടുള്ളു. ഇതാ നമ്മുടെ ഗോവിന്ദന്‍ കുട്ടി പറയുന്നു, കാളവണ്ടിയില്‍ ചാട്ടവാര്‍ ചുഴറ്റി ബഹിരാകാശത്തേക്ക് കുതിച്ചു പാഞ്ഞു എന്ന്. എത്ര ഉദാത്തമായ പ്രയോഗം. ഇത് ഇന്നത്തെ കഥ മാത്രമല്ല കുട്ടികൃഷ്ണാ, നാളത്തെ കഥയും കൂടിയാണ്. കാളവണ്ടി സ്പേസ് ഷട്ടിലും, ചാട്ടവാര്‍ റിമോട്ട് കണ്ട്രോളുമാണെന്ന് യൂറോപ്യന്‍ എഴുത്തുകാര്‍ ആരും ഇതുവരെ എഴുതിയിട്ടില്ലെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ മിസ്റ്റര്‍ ഗബ്രീസ് മാള്‍ട്ടോസ് ഒക്ടോപസ് പ്ലാറ്റിപ്പസിന്റെ രചനയില്‍ പലയിടത്തും ഇതുപോലെയുള്ള ചില ബിംബങ്ങള്‍ കണ്ടതായ് ഞാന്‍ ഓര്‍ക്കുന്നു. എല്ലാം കൊണ്ടും നാരായണന്‍ കുട്ടി ഒരു അത്യന്താധുനിക കഥാകൃത്താണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു, തളിയക്കോണം ഗ്രാമത്തിന്റെ കഥാകാരന്‍ മാത്രമല്ല, ഈ കൃഷ്ണന്‍‌കുട്ടി നാളത്തെ മലയാള സാഹിത്യത്തിനൊരു വാഗ്ദാനമാണ്.”

അപ്പോള്‍ ഹാള്‍ നിശബ്ദമായിരുന്നു. ഭൂരിപക്ഷം പേരും എഴുന്നേറ്റ് നിന്ന് ഒരു നിമിഷം മൌനം അവലംബിച്ചു. എഴുന്നേല്‍ക്കാത്തവര്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് തോന്നുന്നു. പിന്നീട് മൌനം ഭഞ്ജിക്കാനായ് അവര്‍ പതിന്മടങ്ങ് ഉച്ചത്തില്‍ കൂവി. ചിലര്‍ അതിനു താളക്കൊഴുപ്പേകാന്‍ കയ്യടിച്ചു. അതിനിടയില്‍ കുട്ടിശങ്കരന്‍ വേദിയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു, അതേയ്, എന്റെ പേര് കുട്ടിശങ്കരന്‍, കഥ വായിച്ചത് ഞാനാ കുട്ടിശങ്കരന്‍..... എന്റെ പേര്‍....‍.നിങ്ങള്‍ പറഞ്ഞതല്ല എന്റെ പേര്‍. ഞാന്‍...... കയ്യടിയിലും കൂക്കുവിളിയിലും കുട്ടിശങ്കരന്‍ വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല. അയാള്‍ മുന്നിലെ കസേരയില്‍ കൈ വെച്ച് കമിഴ്ന്നടിച്ച് കിടക്കുന്ന മാഷെ തൊട്ടുവിളിച്ചു,

“മാഷേ, ഇതു ഞാനാ, കുട്ടിശങ്കരന്‍. കഥ വായിച്ചു കഴിഞ്ഞു. അവരൊക്കെ എന്നെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്ക്വാ. മാ‍ഷ് കേക്കണില്ലേ?”

മാഷുടെ കയ്യില്‍ നിന്നും സമ്മാനം വാങ്ങും മുമ്പ് തന്റെ ശിഷ്യനെ കുറിച്ച് മാഷ് നേരിട്ട് പറയുന്ന വാക്കുകള്‍ കേള്‍ക്കാ‍ന്‍ കുട്ടിശങ്കരന്‍ കൊതിച്ചു. മാഷ് കണ്ണടച്ചുകൊണ്ടു തന്നെ മെല്ലെ എഴുന്നേറ്റിരുന്നു. പിന്നെ കുട്ടിശങ്കരന്റെ ചെവിയിലേക്ക് കൈ നീട്ടി. കുട്ടിശങ്കരന്‍ അറിയാതെ തന്നെ ചെവി മാഷുടെ കയ്യിലേക്ക് അടുപ്പിച്ചു കൊടുത്തു. മാഷുടെ പതിവു ശൈലി മാറിയിട്ടില്ലെന്ന് കുട്ടിശങ്കരന്‍ തെല്ല് ഭയത്തോടെ ഓര്‍ത്തു. ഹേയ്. പണ്ടത്തെ പോലെ ചെവി പിടിച്ച് തിരുമ്മുകയൊന്നുമില്ല എന്ന് തന്നെ കുട്ടിശങ്കരന്‍ വിശ്വസിച്ചു. പക്ഷെ മാഷ് ചെവിയില്‍ തിരുമ്മാതെ അയാളുടെ ചെവി മാഷുടെ വായിലേക്ക് വലിച്ചടുപ്പിച്ചു. അപ്പോഴും മാഷ് കണ്ണ് തുറന്നിരുന്നില്ല. വായുടെ അടുത്ത് ചെവി കിട്ടിയപ്പോള്‍ മാഷ് കുട്ടിശങ്കരന്റെ ചെവിയില്‍ പറഞ്ഞു,

“ എടാ, കഴുവേറി, എന്റെ കണ്ണെങ്ങാന്‍ തുറന്നാല്‍ നീ ദഹിച്ച് ഭസ്മമായി പോകും. എന്നീട്ടും ദഹിച്ചില്ലെങ്കില്‍ നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും. അതിനു മുമ്പ് എഴുന്നേറ്റ് ഓടിക്കോ.. ഇനി നീ എന്റെ മുമ്പില്‍ അറിയാതെ പോലും വന്നുപോകരുത്. ശപിച്ചു കളയും ഞാന്‍. മേലാല്‍ മലയാളം അക്ഷരമാല മണലിലോ, സ്ലേറ്റിലോ, ബ്ലോഗിലോ എഴുതി പഠിക്കുകയല്ലാതെ ഒരു വാക്കുപോലും കൂട്ടി നീ കടലാസിലെവിടെയെങ്കിലും എഴുതിക്കണ്ടാല്‍ ഞാന്‍ വയസ്സായി എന്ന് നീ കരുതണ്ട, അന്ന് എന്റെ കൈ കൊണ്ടാവും നിന്റെ അന്ത്യം.”

ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍, മാഷ് പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പ്രകൃതമാണ് എന്നറിയുന്ന കുട്ടിശങ്കരന്‍, മാഷ് തന്റെ ചെവിയില്‍ നിന്ന് കൈ ഏടുത്തതും, അദ്ദേഹം കണ്ണു തുറന്ന് അനിഷ്ടസംഭവങ്ങളെ ക്ഷണിച്ചുവരുത്താതിരിക്കാന്‍ കിട്ടാവുന്ന വേഗത്തില്‍ എഴുന്നേറ്റ് ഓടിയത് ആ ബഹളത്തിനിടയില്‍ ആരും ശ്രദ്ധിച്ചില്ല.

വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കുട്ടിശങ്കരന്റെ കയ്യില്‍ രണ്ടുമൂന്നു നോട്ടുബുക്കുകളും, ചോക്ലേറ്റുകളും, വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുമുണ്ടായിരുന്നു. കുട്ടികള്‍ വന്ന് നോട്ടുബുക്കുകളും, ചോക്ലേറ്റുകളും വാങ്ങി. ഭാര്യ വന്ന് പലവ്യഞ്ജനങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍ പതിവില്ലാതെ സ്നേഹപൂര്‍ണ്ണമായ് അയാളെ നോക്കി ചിരിച്ചതും മന:പൂര്‍വ്വം അയാളുടെ വിരലില്‍ അമര്‍ത്തിയതും ശ്രദ്ധിക്കാതിരുന്നില്ല. തിന്നതിനേക്കാള്‍ കൂടുതല്‍ ചോക്ലേറ്റ് മുഖത്ത് തേച്ചു വെച്ച് കുഞ്ഞുമോള്‍ വന്ന് അയാളുടെ കൈകളില്‍ തൂങ്ങി ചോദിച്ചു,

“അച്ഛാ, അച്ഛന്റെ കഥ കഴിഞ്ഞോ?” അവളുടെ മുന്നില്‍ കുനിഞ്ഞു നിന്ന് ചോക്ലേറ്റ് ഒട്ടിപ്പിടിച്ച നിഷ്ക്കളങ്കമായ കവിളത്ത് ഉമ്മ വെച്ച് അയാള്‍ പറഞ്ഞു,

“ഉം. അച്ഛന്റെ കഥ കഴിഞ്ഞുമോളേ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് അമ്മയുടെ കഥ കേള്‍ക്കാം”.

അപ്പോള്‍ കുഞ്ഞുമോള്‍ രണ്ടു കൈകളും ചുറ്റി അയാളുടെ കഴുത്തില്‍ ഞാന്നു കിടന്നു. പിന്നെ കൈകള്‍ വിടുവിച്ച് തുള്ളിച്ചാടി ചിരിച്ചു, അതു കണ്ട് അയാളും മകനും ചിരിച്ചു. പക്ഷെ, എന്തോ, തന്റെ ഭാര്യ മാത്രം സാരിത്തലപ്പുകൊണ്ട് കണ്ണു തുടക്കുന്നത് അയാള്‍ കണ്ടു. അയാള്‍ അവളെ ആദ്യമായ് ഗാഢമായ് ആലിംഗനം ചെയ്തു. അവളുടെ കണ്ണുനീര്‍ ആവിയായ് മേഘപടലങ്ങളില്‍ കലര്‍ന്ന് നല്ലൊരു മഴപെയ്തു.

Monday, October 01, 2007

ആനേ വാങ്ങണോ പശൂനെ വാങ്ങണോ?

പഴങ്കഞ്ഞി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒന്നു മുറുക്കാനായ് ചെല്ലം തുറന്നു നോക്കിയ കുഞ്ഞുണ്ണി നായര്‍ നിരാശനായി. ചെല്ലത്തില്‍ ഒരു പുകയില ഞെട്ടിയല്ലാതെ വേറൊന്നുമില്ല. വെറുതെ വെള്ളം തെളിഞ്ഞുവരുന്ന വായില്‍ മുറുക്കാനിട്ട് ചവച്ചു തുപ്പിയാലേ ഒരു സുഖമുള്ളു. കുഞ്ഞുണ്ണി നായര്‍ ചെല്ലം അടച്ചുവെച്ച് തൊട്ടടുത്തുള്ള നെടുമ്പിള്ളി മനയിലേക്കു നടന്നു. അവിടെയാവുമ്പോള്‍ തിരുമേനിയുടെ ചെല്ലത്തില്‍ നിറയെ തളിര്‍വെറ്റിലയുണ്ടാവും, പിന്നെ ചവര്‍പ്പില്ലാത്ത അടക്കയും. ഒരാളെ സംസാരിക്കാന്‍ കിട്ടിയാല്‍ തിരുമേനി ചെല്ലം തുറന്നു മുന്നിലോട്ട് വെക്കും. പറയുന്നത് മുഴുവന്‍ കേട്ടിരിക്കാനുള്ള സഹിഷ്ണുതയുണ്ടാവണം. അത്രയേ വേണ്ടു. പ്രത്യേകിച്ച് പണിയൊന്നും അന്നില്ലാതിരുന്നതുകൊണ്ട് കുഞ്ഞുണ്ണി നായര്‍ക്കിന്ന് ഇഷ്ടം‌പോലെ സമയമുണ്ട്.


നായര്‍ മനയുടെ മുറ്റത്തു ചെല്ലുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് തിരുമേനി പാള വിശറി കൊണ്ട് വീശികൊണ്ടിരിക്കയായിരുന്നു. പഴയ പ്രതാപ കാലത്ത് എങ്ങനെയായിരുന്നോ അങ്ങിനെതന്നെയാണ് ഇപ്പഴും തിരുമേനിയുടെ വീട്. ഗ്രാമം മുഴുവന്‍ വൈദ്യുതി എന്നൊക്കെ സര്‍ക്കാരു പറഞ്ഞപ്പഴും തിരുമേനി കുലുങ്ങിയില്ല. ഇലക്ട്രിസിറ്റി ബോര്‍ഡും പഞ്ചായത്തു മെമ്പറും വീട്ടില്‍ വന്ന് തിരുമേനിയെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. അപ്പോ തിരുമേനി പറഞ്ഞു,

“ഉഷ്ണിച്ചാല്‍ പാള വിശറി കൊണ്ടു വീശ്വാ. സന്ധ്യക്ക് നിലവിളക്ക് കൊളുത്ത്വാ, ഇരുട്ടിയാല്‍ മേശവിളക്ക് കൊളുത്ത്വാ. അതൊക്കെ ഇത്തിരി നേരത്തേ കാര്യോള്ളൂ. അപ്പളക്കും ഒറക്കം വരും. കെടന്നൊറങ്ങി നേരം വെളുത്താ പിന്നെന്താ ഹയ്....അതോണ്ട് ഇതൊന്നും പറഞ്ഞ് ഇവടെ നിന്ന് നേരം കളയണ്ട, അങ്ങട് നടന്നോളു.“ (ഇന്നു വരെ ചോദിക്കുന്നവര്‍ക്കൊക്കെ വാരി വലിച്ചു കൊടുത്ത തന്റെ കയ്യില്‍ ഒരു ഓട്ടക്കാലിണ പോലും ഇല്ലെന്നു പറയാന്‍ തിരുമേനിക്കു മനസ്സു വന്നില്ല - ദുരഭിമാനമായി വേണമെങ്കില്‍ കരുതിക്കോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് വീഴാതിരിക്കാന്‍ പതിയെ ചാരുകസേരയില്‍ കൈകളൂന്നി)

ഇലക്ട്രിസിറ്റിക്കാരും, പഞ്ചായത്തു മെമ്പറും വന്ന വഴിയേ പോയി.


തിരുമേനി വിശറികൊണ്ട് വീശി ചാരുകസേരയില്‍ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു. ചാരുകസേരക്കടുത്തു തന്നെ മുറുക്കാന്‍ ചെല്ലം ഇരിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞുണ്ണി നായര്‍ക്ക് സന്തോഷമായി. ഏതാണ്ട് ആറടി പൊക്കവും, കാതില്‍ ചുവന്ന കടുക്കനുമണിഞ്ഞ്, നെഞ്ചിലെ നരച്ച രോമത്തിനു കുറുകെയിട്ടിരിക്കുന്ന പൂണൂലും നെഞ്ചിനൊപ്പം ചേര്‍ത്തുകെട്ടിയിരിക്കുന്ന മുണ്ടും ഒക്കെയായി കുഞ്ഞുണ്ണി നായരുടെ മുന്നില്‍ ആ പഴയ നെടുമ്പിള്ളി മനയിലെ ആഢ്യന്‍ തിരുമേനി നിറഞ്ഞു നിന്നു. ഉമ്മറത്തു നിന്ന് കുഞ്ഞുണ്ണി നായര്‍ മുരടനക്കി. തിരുമേനി വിശറി താഴ്ത്തി അവിടെ കിടന്നുകൊണ്ടുതന്നെ കുഞ്ഞുണ്ണിയെ നോക്കി. തിമിരം ബാധിച്ച കണ്ണുകളിലൂടെ പോലും പഴയ ചങ്ങാതിയെ തിരുമേനി തിരിച്ചറിഞ്ഞു,

“ങാ, കുഞ്ഞുണ്ണ്യല്ലേ, താനിങ്ങട് അടുത്ത് വര്വാ, ഇരിക്ക്വാ.“

കുഞ്ഞുണ്ണിനായര്‍ ഭവ്യതയോടെ അദ്ദേഹം കിടക്കുന്ന ഇറയത്തിനടുത്ത് ചെന്നിരുന്നു.

“ഹയ്, ശ്ശി കാലായി തന്നെ ഇങ്ങട് കണ്ടട്ട്, എവിട്യാരുന്നു?“ തിരുമേനി ചോദിച്ചു.

എന്താണു മറുപടി പറയേണ്ടതെന്ന് കുഞ്ഞുണ്ണി നായര്‍ക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. പഴയതുപോലെ ഇവിടെ വന്നീട്ട് എന്തിനാണ്, ഒന്നും കിട്ടാനില്ലല്ലോ, അതുകൊണ്ട് മറ്റെവിടെയെങ്കിലും പോയി മൂന്നു നേരം കഴിച്ചുകൂട്ടാന്‍ പോകുന്ന തത്രപ്പാടിനിടയില്‍ ഇങ്ങോട്ടു വരാന്‍ ഒത്തില്ല തിരുമേനി എന്നൊക്കെ അദ്ദേഹത്തോട് പറയാന്‍ തനിക്കാവില്ല, അതുകൊണ്ട് കുഞ്ഞുണ്ണി ഭവ്യതയോടെ പറഞ്ഞു,

“പഴയ പോലെ അങ്ങനെ ഓടി നടക്കാന്‍ പറ്റുന്ന പ്രായം അല്ല, എന്നാലും എന്തെങ്കിലുമൊക്കെ പറ്റാവുന്ന പണിയൊക്കെ ചെയ്ത് നേരം ഇശ്ശ്യാവും വീട്ടിലെത്തുമ്പോ അതോണ്ടാ ഇങ്ങടൊന്നും എറങ്ങാന്‍ പറ്റാഞ്ഞേ. ഇന്നെന്തോ ഒരസ്ഖ്യത, എവടേം പോയില്ല എന്നാ പിന്നെ തിരുമേന്യേ ഒന്നു കാണാന്ന്‌ച്ചു, അത്രേ ഉള്ളു.“

തിരുമേനി ചാരുകസേരയില്‍ നീര്‍ന്നിരുന്നു. പിന്നെ കുനിഞ്ഞ് മുറുക്കാന്‍ ചെല്ലം എടുത്ത് കുഞ്ഞുണ്ണി നായരുടെ മുന്നിലേക്ക് നീട്ടി വെച്ചീട്ട് പറഞ്ഞു,

“താന്‍ ഒന്നങ്ങട് മുറുക്ക്വാ എന്നട്ട് നമുക്കൊന്നും രണ്ടും പറഞ്ഞങ്ങനിരിക്കാം. ന്താ...“

കുഞ്ഞുണ്ണി നായര്‍ ഭവ്യതയോടെ പറഞ്ഞു, ഓ .. എന്നീട്ട് ചെല്ലം തുറന്ന് രണ്ടു വെറ്റിലയെടുത്ത് ചുണ്ണാമ്പു തേക്കാന്‍ തുടങ്ങുമ്പോള്‍ തിരുമേനി വിളിച്ചു,


തിരുമേനി: കുഞ്ഞിണ്ണീ

കുഞ്ഞുണ്ണി വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് നിര്‍ത്തി തിരുമേനിയെ നോക്കി: ഓ

തിരുമേനി: ഒരാനേ വാങ്ങിച്ചാലോന്ന് ഒരാലോചന.

കുഞ്ഞുണ്ണി: (ചുണ്ണാമ്പുതേക്കുന്നത് തുടര്‍ന്നുകൊണ്ട്): അതെന്തായാലും നന്നായി.
(കുഞ്ഞുണ്ണി വെറ്റില മടക്കി വായിലേക്ക് വെക്കാന്‍ പോകുമ്പോള്‍)

തിരുമേനി: ആ ഒറ്റപ്പാലത്തെ അര്‍ജ്ജുനനെ വാങ്ങിച്ചാലോ, ന്താ തന്റെ അഭിപ്രായം?

കുഞ്ഞുണ്ണി: (മടക്കിയ വെറ്റില കയ്യില്‍ പിടിച്ച്) കൊള്ളാം നല്ല പേരു കേട്ട ആനയാ. ഈ മനക്കല് വന്നു കേറാന്‍ പറ്റിയ ആന തന്നെ
( മുറുക്കാന്‍ വായിലേക്ക് വെക്കുമ്പോള്‍, പെട്ടെന്ന് തിരുമേനി)

തിരുമേനി: പക്ഷെ അവരതിനെ കൊടുക്ക്വോന്നാ ഒരു സംശയം. ന്താ ശര്യല്ലേ കുഞ്ഞുണ്ണി?

കുഞ്ഞുണ്ണി (വായിലേക്ക് ഇടാ‍ന്‍ വെച്ച മുറുക്കാന്‍ വീണ്ടും കയ്യില്‍ വെച്ച്): ങാ അതു ശര്യാ.. കൊടുക്ക്വോന്ന് സംശാ.

തിരുമേനി: അപ്പ പിന്നെ എന്താ ചെയ്യാ? നമ്മടെ കാട്ടുമാടത്തെ കര്‍ണ്ണനായാലോ?

മുറുക്കാന്‍ വായിലിട്ടാല്‍ അതൊന്ന് കടിച്ച് രസായി വരണവരെ സംസാരിക്കാന്‍ കുഞ്ഞുണ്ണിക്കിഷ്ടമില്ലാത്തോണ്ട് കുഞ്ഞുണ്ണി മുറുക്കാന്‍ കയ്യില്‍ തന്നെ പിടിച്ച് തിരുമേനിക്ക് മറുപടി കൊടുത്തു.

കുഞ്ഞുണ്ണി: കാട്ടുമാടത്തെ കര്‍ണ്ണന്‍ കൊള്ളാം. കണ്ടാ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. അതോണ്ട് അതങ്ങട് ഒറപ്പിച്ചോളു.

കുഞ്ഞുണ്ണി മുറുക്കാന്‍ ഒന്നുകൂടി നിവര്‍ത്തിനോക്കി ചേരുവകകള്‍ വല്ലതും കുറഞ്ഞു പോയിട്ടുണ്ടോ എന്നു നോക്കി, പിന്നെ മടക്കി, അപ്പോ‍ള്‍ തിരുമേനി പറഞ്ഞു,

തിരുമേനി: കുഞ്ഞുണ്ണി, അതിലൊരു കൊഴപ്പംണ്ട്, അവന്‍ കേമന്‍ തന്ന്യാ, പക്ഷെ വാലിനല്പം നീട്ടം കൊറവും, പിന്നെ രോമണങ്കി തീരില്യാന്ന് തന്നെ പറയാം.

കുഞ്ഞിണ്ണി: ങാ അത് നേരാ, വാലത്ര പോരാ

തിരുമേനി: എന്നാ പിന്നെ മഹേന്ദ്ര വര്‍മ്മേടെ നകുലനെ വാങ്ങിക്കാം, അതാവുമ്പോ..കുഞ്ഞുണ്ണി മുറുക്കാനുള്ള ധൃതിയില്‍ വേഗം പറഞ്ഞു,

കുഞ്ഞുണ്ണി: നകുലന്‍ നമ്മടെ ഗുരുവായൂര്‍ കേശവനൊപ്പം നിക്കും. അതോണ്ട് അതു മതി തിരുമേനി. എന്താ അവന്റെ തലയെടുപ്പ്.

(കുഞ്ഞുണ്ണി മുറുക്കാന്‍ വായിലേക്ക് വെക്കും മുമ്പ് തിരുമേനി വിളിച്ചു)
തിരുമേനി: കുഞ്ഞുണ്ണി, അതോണ്ടായില്യ. അവന്റെ കൊമ്പിനൊരു ദ്വാരംണ്ട്ന്ന് ഒരു ശ്രുതിണ്ട്.

കുഞ്ഞുണ്ണി വായിലേക്കു കൊണ്ടു പോയ മുറുക്കാന്‍ കയ്യില്‍ തന്നെ പിടിച്ച് പറഞ്ഞു,
ഞാനും അങ്ങനെ കേക്ക‌്ണ്ടായി, ഇനിപ്പോ വേറെ ഏതാ ഒരാന?

തിരുമേനി: അല്ലാ, ആനേ വാങ്ങിച്ചാലും കഷ്ടാവും, പണ്ടത്തെപോലെ അതിനെ നോക്കാനും പിടിക്കാനുമൊന്നും ആളില്യാ. നമ്മടെ മനക്കലെ സ്ഥിതീം അത്ര ഗംഭീരൊന്നും അല്ലാന്ന് കുഞ്ഞുണ്ണിക്കും അറിയാലോ.

അതു കേട്ടപ്പോള്‍ കുഞ്ഞുണ്ണിക്ക് ഒരല്പം വെഷമം തോന്നി. തിരുമേനീടെ ദയനീയമായ മുഖഭാവം കൂടി കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന മട്ടില്‍ കുഞ്ഞുണ്ണി ചോദിച്ചു,

കുഞ്ഞുണ്ണി: എന്നാ പിന്നെ നമുക്ക് വേറെ എന്തെങ്കിലും...

തിരുമേനി: അതാ ഞാനും ആലോചിക്കണേ... നമുക്കൊരു പശൂനെ വാങ്ങ്യാലോ?
കുഞ്ഞുണ്ണി: ആ ആലോചന നന്നായി. ഞാനങ്ങട് പറയണംന്ന് കരുതീതാരുന്നു. അപ്പളക്കും തിരുമേനി പറഞ്ഞു.
തിരുമേനി: താനെന്റെ കൂടെ കൂടീട്ട് ശ്ശി കാലായില്ലേ.. അതങ്ങന്യേ വരൂ.
കുഞ്ഞുണ്ണി: നല്ലൊരു പശൂനെ കിട്ടാനാ‍യിട്ട്...
തിരുമേനി: നല്ല സിന്ധി പശ്വായിക്കോട്ടെ

കുഞ്ഞുണ്ണി: അതു പിന്നെ പറയണ്ട കാര്യംണ്ടോ, വാങ്ങിക്കുമ്പോ സിന്ധി പശു തന്നെ വേണം

തിരുമേനി: നല്ല നാടന്‍ പശുക്കള്‍ക്കും ഇപ്പ നല്ലോണം പാലു കിട്ടുംന്നാ കേക്കണേ.
കുഞ്ഞുണ്ണി: പാലിനൊന്നും കൊറവ്ണാവില്യ

തിരുമേനി: എന്നാ പിന്നെ നാടന്‍ പശ്വായാലോ കുഞ്ഞുണ്ണി.

കുഞ്ഞുണ്ണി: അതു മതീന്ന് പറയാന്‍ വര്വാരുന്നു. അതാവുമ്പോ ഇവിടെ അടുത്തെങ്ങാന്‍ കിട്ടും ചെയ്യും. (ഇനിയും കാത്ത് നിന്നാല്‍ മുറുക്കുന്ന കാര്യം നടക്കില്ലെന്നറിഞ്ഞ് കുഞ്ഞുണ്ണി മുറുക്കാന്‍ വായിലിട്ട് ചവക്കാന്‍ തുടങ്ങി)

തിരുമേനി: പക്ഷെ പശൂനെ വാങ്ങീന്ന് വയ്ക്ക്വാ. അതിനെ എവട്യാ സൌകര്യം ഒരുക്ക്വാന്നാ ഇപ്പഴത്തെ ചിന്ത.

കയ്യു കൊണ്ട് ഒരു നിമിഷം എന്ന് ആംഗ്യം കാട്ടി കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി, അല്പ നേരം അവിടെ നിന്ന് നല്ലവണ്ണം ചവച്ച് ലേശം തുപ്പിക്കളഞ്ഞ് തിരിച്ചു വന്നു.

കുഞ്ഞുണ്ണി: നമ്മടെ കയ്യാലക്കപ്പുറത്ത് ചെറിയൊരു തൊഴുത്ത് പണിഞ്ഞാലോ തിരുമേനി?

തിരുമേനി: എന്നട്ട് വേണം അതിന്റെ ചാണോം മൂത്രോം നാറാന്‍. മാത്രം‌ല്ലാ കൊതൂം കൂടും

കുഞ്ഞുണ്ണി: അത് ശര്യാ. അപ്പ പിന്നെ ഇനിപ്പോ എന്താ ചെയ്യാ

തിരുമേനി: ഒന്നും ചെയ്യാനില്യ - പശൂനെ വാങ്ങണ്ടാന്നു വെയ്ക്ക്വ അത്ര തന്നെ.

കുഞ്ഞുണ്ണി: അതാ അതിന്റെ ശരി. ഞാനതെങ്ങന്യാ തിരുമേന്യോട് പറയണ്ടേന്ന് വിചാരിക്ക്വായിരുന്നു.

തിരുമേനി: തന്റെ മുറുക്കലു കഴിഞ്ഞോ കുഞ്ഞുണ്ണി?

കുഞ്ഞുണ്ണി: ങാ അത് കഴിഞ്ഞു.

തിരുമേനി: ന്നാ കുഞ്ഞുണ്ണി നടന്നോളു.. ഞാനൊന്ന് വിശ്രമിക്കട്ടെ. തിരുമേനി ചാരുകസേരയിലേക്ക് ചെരിഞ്ഞ് പാള വിശറിയെടുത്ത് വീശിക്കൊണ്ട് ആലോചനയിലാണ്ടു.

കുഞ്ഞുണ്ണി മനയുടെ പടിവാതില്‍ കടന്ന് പുറത്തേക്കു നടന്നു. തിരിഞ്ഞുനോക്കാന്‍ മനസ്സു വെമ്പിയെങ്കിലും തിരുമേനിയെ ഇനി നോക്കാന്‍ തനിക്കാവില്ല എന്ന തിരിച്ചറിവില്‍ കുഞ്ഞുണ്ണി സ്വയം മനസ്സിനെ നിയന്ത്രിച്ചു. മുറുക്കാന്‍ മുഴുവാനായും തുപ്പിക്കളഞ്ഞ് കുഞ്ഞുണ്ണി എങ്ങോട്ടെന്നില്ലാതെ നടന്നു.