Sunday, October 28, 2007

ദേശാടനപക്ഷി

ഞാനിന്നൊരു ദേശാടനപക്ഷി
നീരുറവ തേടി കാതങ്ങള്‍ താണ്ടി
കൈതയും കല്‍പവും കാണാത്തൊരീ
നഗര വീഥിയില്‍ ചേക്കേറി ഞാന്‍

‍നിളാ നദി പിന്നിട്ടു നീങ്ങുമ്പോളെന്‍
‍നെഞ്ചം വിതുമ്പിയതാരറിഞ്ഞൂ
കൊക്കിലൊതുങ്ങുന്നതൊക്കയും
കൊത്തിപ്പെറുക്കി കൂട്ടി വെക്കുമ്പോളെന്‍
‍സ്വപ്നത്തിനായിരം വര്‍ണ്ണങ്ങള്‍

‍ഇവിടെ ചേക്കേറിയ നാള്‍ മുതല്‍
‍കാണ്‍മു ഞാന്‍ മറ്റൊരു ദേശാടനം
പക്ഷങ്ങള്‍ തളരുന്നതിന്‍ മുമ്പെ
പാണി കൊട്ടുയരുന്ന,പഞ്ചാരി
കേള്‍ക്കുന്ന തേക്കു പാട്ടുയരുന്ന
ഹരിതാഭമാം ഗ്രാമത്തിലെത്താ-
നുഴറുന്നുവെങ്കിലും, അന്തരാ-
ളത്തിലാരോ തടയുന്നു വീണ്ടും
മൊഴിയുന്നു കാതില്‍ കാത്തിരിക്കാന്‍

ചക്രവാളങ്ങള്‍ക്കപ്പുറം വഴി-
ക്കണ്ണുമായ്‌ നെടുവീര്‍പ്പിട്ടുകൊണ്ട-
വളെന്റെ കൊച്ചു കിളികള്‍ക്കായ്‌
പഴഞ്ചൊല്ലുകള്‍, പഴങ്കഥകള്‍
‍പാടിയുറക്കി സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍
‍കൊഴിയുന്ന തൂവലിന്‍ സാന്ത്വനം

ഇവിടെ ചേക്കേറും ചില്ലയില്‍
കനം തൂങ്ങിയാടുന്ന കൂട്ടിലായ്‌
ചിറകനക്കുവാനാകാതെ ഞാനിന്നു
ചിത്തമുരുകി തളര്‍ന്നു പോകുന്നുവോ

ഓരോ മാരി പെയ്‌തിറങ്ങുമ്പോഴും
ഓരോ ഇലകള്‍ പൊഴിയുമ്പോഴും
നിന്‍ തപ്ത നിശ്വാസങ്ങളെന്നില-
ലിയുന്നുവോ, ഞാനറിയാത്തൊരു
പൂവിന്റെ ഗന്ധമുയരുന്നുവോ

മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം

സമര്‍പ്പണം: പ്രവാസി മലയാളികള്‍ക്ക്

36 comments:

Murali K Menon said...

കഴിഞ്ഞ വര്‍ഷം എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ദേശാടനപക്ഷി എന്ന ഈ കവിത ഒരു ദിവസം കഴിഞ്ഞപ്പോള്‍ അറിയാതെ ഡിലീറ്റ് ചെയ്തുപോയി. അതുകൊണ്ട് ഒരു റെക്കോര്‍ഡിനുവേണ്ടി ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.

ഈ കവിത കുടുംബത്തെ നാട്ടിലാക്കി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ക്കായ് സമര്‍പ്പിക്കുന്നു.

വേണു venu said...

നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം'
മാഷേ എല്ലാ പ്രവാസിയും സ്വപ്നം കാണുന്നു ഒരിക്കലും ഉണ്ടാകാത്ത ആ കാലം.
ചിറകു നീര്‍ത്തുവാനാവാതെ ഞാ-
നിന്നു മൌനം കുടിച്ചിരിക്കുന്നു
ദേശാടന പക്ഷികള്‍‍ക്കു് കരയാനേ കഴിയൂ.
നല്ല വരികളില്‍ പ്രവാസിയുടെ ദീര്‍ഘ നിശ്വാസങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.:)

ശ്രീ said...

മുരളിയേട്ടാ...

മനോഹരമായിരിക്കുന്നു, നല്ല വരികള്‍‌...


‍നിളാ നദി പിന്നിട്ടു നീങ്ങുമ്പോളെന്‍
‍നെഞ്ചം വിതുമ്പിയതാരറിഞ്ഞൂ”

നാട്ടില്‍‌ നിന്നും മാറി നില്‍ക്കുന്ന എല്ലാ മലയാളികളികള്‍‌ക്കും തിരിച്ചറിയാനാകും ഈ നൊമ്പരം...

സഹയാത്രികന്‍ said...

“മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം“

മുരളിയേട്ടാ... ഒരുപാടിഷ്ടായി...

ഇങ്ങനെയുള്ള കുറേ സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമാണിവിടുത്തെ കൂട്ട്... :(

ശെഫി said...

നല്ല വരികള്‍‌

പരമാര്‍ഥങ്ങള്‍ said...

സുഹൃത്തേ,
ഗൃഹാതുരത്വത്തിന്റെ നൊമ്പരം.
നല്ല കവിത.
വീണ്ടും വീണ്ടും എഴുതൂ.

കുറുമാന്‍ said...

മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം - നന്നായിരിക്കൂന്നു മുരളിയേട്ടാ കവിത. പ്രവാസിയുടെ സ്വപ്നങ്ങള്‍ ഇതൊക്കെ തന്നെ.

മന്‍സുര്‍ said...

മുരളി ഭായ്‌...

ഈ വരികള്‍ എത്ര മനോഹരം...

ചക്രവാളങ്ങള്‍ക്കപ്പുറം വഴി-
ക്കണ്ണുമായ്‌ നെടുവീര്‍പ്പിട്ടുകൊണ്ട-
വളെന്റെ കൊച്ചു കിളികള്‍ക്കായ്‌
പഴഞ്ചൊല്ലുകള്‍, പഴങ്കഥകള്‍
‍പാടിയുറക്കി സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍
‍കൊഴിയുന്ന തൂവലിന്‍ സാന്ത്വനം

ഒരു കവിയുടെ മനസ്സിനെ ആര്‍ക്കും കെട്ടിയിടാന്‍ കഴിയിലെന്നത്‌ എത്ര സത്യം...ഇനി അവന്‍ കവിത എഴുതാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും...

അഭിനന്ദനങ്ങള്‍...

നന്‍മകള്‍ നേരുന്നു...

ഉപാസന || Upasana said...

മേന്‌നെ കവിത ഒക്കെ കൊള്ളാം

ഒരു വരി തെറ്റാ

“‍നിളാ നദി പിന്നിട്ടു നീങ്ങുമ്പോളെന്‍
‍നെഞ്ചം വിതുമ്പിയതാരറിഞ്ഞൂ “

നിളയൊന്നും ഇന്നില്ല മാഷെ.
ഒക്കെ മണല്‍‌വാരലുകാര്‍കൊണ്ടോയി
:)
ഉപാസന

ശ്രീഹരി::Sreehari said...

nice one :)

Murali K Menon said...

വേണു, ശ്രീ, സഹയാത്രികന്‍, ശെഫി, പരമാര്‍ത്ഥങ്ങള്‍, കുറുമാന്‍, മന്‍സൂര്‍, ഉപാസന, ശ്രീഹരി കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.
ഉപാസന: മണല്‍‌വാരി വെള്ളമില്ലെങ്കിലും പേരിലെങ്കിലും കിടക്കട്ടെ നിളാനദിയെന്ന്. അല്ലെങ്കില്‍ “നിളാപാടം“ ഒന്നു തിരുത്തി വായിച്ച് സമാധാനപ്പെടാം അല്ലേ.

Dhanesh Nair said...

വിധഗ്ധ പ്രതികരണം തരാന്‍ ആളല്ല. നന്നായിട്ടുണ്ട്‌ :-)

Sherlock said...

വീണ്ടുമൊരു പ്രവാസ കവിത...കൊള്ളാം :)

ഓ ടോ: മാപ്രാണത്താട്ടോ ഈ ജന്മം പിറന്നു വീണത്..:)

aneeshans said...

നല്ല ശ്രമം. നന്നായിരിക്കുന്നു

എന്നാലും

1) ചിറകു നീര്‍ത്തുവാനാവാതെ
.........................

2)
.......................
ഞാനിന്നു മൌനം കുടിച്ചിരിക്കുന്നു

മാഷേ ഒന്നു നോക്കൂ, എവിടെയോ കണ്ട ഒരു ഓര്‍മ്മ.

Murali K Menon said...

ധനേഷ്, ജിഹേഷ്, വാല്‍മീകി നന്ദി
ആരോ ഒരാള്‍: നന്ദി - രണ്ടു വാക്കുകള്‍ “മൌനം കുടിച്ചിരിക്കുന്നു” എന്നതും “ചിറകു നീര്‍ത്തുവാന്‍“ എന്നതും ബാലചന്ദ്രന്‍ ചുള്ളിക്കാട് “സന്ദര്‍ശനം“ എന്ന കവിതയില്‍ പ്രയോഗിച്ചിട്ടുണ്ട്.

ഞാന്‍ രണ്ടു വാക്കുകളേയും എന്റെ കാര്യങ്ങള്‍ പറയാന്‍ മറ്റൊരു രൂപത്തിലുപയോഗിച്ചുവെന്നുമാത്രം

അലി said...

മുരളിയേട്ടാ...
നന്നായിരിക്കുന്നു...
ദേശാന്തരങ്ങള്‍ താണ്ടുന്ന ഈ യാത്രയില്‍ ചേക്കേറിയ ഈ തുരുത്തുകളിലിരുന്ന് സ്വപ്നങ്ങളുടെ വര്‍ണ്ണത്തൂവലുകള്‍ കൊഴിയാത്തൊരു കാലത്തിനായി ആശിക്കാം..
നന്മകള്‍ നേരുന്നു.

ആവനാഴി said...

പ്രിയ മേനോന്‍,
“പക്ഷങ്ങള്‍ തളരുന്നതിന്‍ മുമ്പെ
പാണി കൊട്ടുയരുന്ന,പഞ്ചാരി
കേള്‍ക്കുന്ന തേക്കു പാട്ടുയരുന്ന
ഹരിതാഭമാം ഗ്രാമത്തിലെത്താ-
നുഴറുന്നുവെങ്കിലും, അന്തരാ-
ളത്തിലാരോ തടയുന്നു വീണ്ടും
മൊഴിയുന്നു കാതില്‍ കാത്തിരിക്കാന്‍”

കറക്റ്റ്. പ്രവാസി സ്വന്തം നാട്ടില്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ അവസാന നാളുകളെങ്കിലും ജന്മനാട്ടില്‍ കഴിയണം എന്നയാള്‍ ആഗ്രഹിക്കുന്നു. ഗ്രാമത്തിലെ ഹരിതാഭമായ വയലുകളും തേക്കുപാട്ടും അയാളില്‍ മധുരസ്മരണകളുണര്‍ത്തുന്നു.

പക്ഷെ പോകാന്‍ കഴിയുന്നില്ല. അത്രയധികം പ്രാരാബ്ധങ്ങള്‍ അയാളുടെ ചുമലിലുണ്ട്. പെണ്മക്കളുടെ എല്ലാവരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. മൂത്തമകളുടെ ഭര്‍ത്താവിനു ഇനി ഒരു സ്കൂട്ടര്‍ വേണമെന്നാഗ്രഹം. അയാള്‍ക്കു ജോലിസ്ഥലത്തേക്കും തിരിച്ചും ബസ്സിലുള്ള യാത്ര മടുത്തു. “ഡാഡ്, ഇഫ് യു കുഡ് കൈന്‍‌ഡ്‌ലി ബൈ ഹിം എ മോട്ടോര്‍ ബൈക്...” മകളുടെ കത്തിലെ പരിദേവനം.

അയാളുടെ പക്ഷങ്ങള്‍ക്കു ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ “.......അന്തരാളത്തിലാരോ തടയുന്നു വീണ്ടും മൊഴിയുന്നു കാതില്‍ കാത്തിരിക്കാന്‍ "

അതെ, നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി അയാള്‍ വീണ്ടും മറുനാട്ടില്‍ കഴിഞ്ഞുകൂടുന്നു.

ആശയസമ്പുഷ്ടമായ കവിത!

സസ്നേഹം
ആവനാഴി

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

സുരേഷ് ഐക്കര said...

മേനോന്‍ മാഷേ,
പല കവിതകളിലും ഉപയോഗിച്ചു തേഞ്ഞ പ്രയോഗങ്ങള്‍ മാഷ് ഉപയോഗിക്കരുത്.അതുകൊണ്ടുതന്നെ വിരസത തോന്നി.മൌനം കുടിച്ചിരിക്കുന്നു എന്നതൊക്കെ ചുള്ളിക്കാടിലൂടെ കേട്ടുമടുത്തതാണ്.പുതിയവയ്കായി ശ്രമിക്കുക.(കോപമരുതെന്നോടുപാവമാണു ഞാന്‍)

Murali K Menon said...

അലി, ആവനാഴി, ദ്രൌപതി നന്ദി.
സുരേഷ്: ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. വായനയില്‍ നിന്നും വലിഞ്ഞുകേറി ചിലപ്പോള്‍ വരികള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയാണു രചനാ സൌന്ദര്യം നില നിര്‍ത്താന്‍ നല്ലത്. നല്ലതു പറയുമ്പോള്‍ എന്തിനു ദേഷ്യം തോന്നണം. അങ്ങനെ ചൂണ്ടിക്കാണിക്കുന്നതാണു തെറ്റുകള്‍ ഒഴിവാക്കുവാന്‍ എഴുത്തുകാരനു പറ്റുന്നത്. ഉപയോഗിച്ച് കഴിഞ്ഞ് അത് തിരിച്ചറിഞ്ഞു പക്ഷെ മാറ്റി ഉപയോഗിക്കാന്‍ മാത്രം പദ സഞ്ചയങ്ങള്‍ കൂട്ടിനില്ലാത്ത ഒരാള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും. ഹ ഹ - ക്ഷമി....

Sethunath UN said...

മുര‌ളിയേട്ടാ,
വ‌ള‌രെ മ‌നോഹ‌ര‌മായ മധുര‌മായ കവിത.
ഞാന്‍ വൈകിവന്ന ആളായതുകൊണ്ട് ഇപ്പോഴിങ്ങനെയിട്ടത് ന‌ന്നായി.

മയൂര said...

നന്നായിരിക്കുന്നു കവിത:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"ചക്രവാളങ്ങള്‍ക്കപ്പുറം വഴി-
ക്കണ്ണുമായ്‌ നെടുവീര്‍പ്പിട്ടുകൊണ്ട-
വളെന്റെ കൊച്ചു കിളികള്‍ക്കായ്‌
പഴഞ്ചൊല്ലുകള്‍, പഴങ്കഥകള്‍
‍പാടിയുറക്കി സ്വര്‍ണ്ണ വര്‍ണ്ണങ്ങള്‍
‍കൊഴിയുന്ന തൂവലിന്‍ സാന്ത്വനം"

മനോഹരമായ വരികള്‍.ഒരു നേര്‍ത്ത നൊമ്പരം എവിടെയോ ചിറകിട്ടടിക്കുന്നപോലെ...

Murali K Menon said...

ആരോ ഒരാള്‍, സുരേഷ് ഐക്കര എന്നിവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അനുകരണ, സാമ്യ പദങ്ങളെ അഴിച്ചുമാറ്റി വീണ്ടും പോസ്റ്റ് ചെയ്തു. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച രണ്ടുപേര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി. തുടര്‍ന്നും നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു

aneeshans said...

മാഷേ രണ്ട് വട്ടം ആലോചിച്ചിട്ടാ ആ കമന്റ് ഇട്ടത്. പോസിറ്റീവ് ആയി എടുത്തതിനു ഒരുപാട് സന്തോഷം.
ഇപ്പോള്‍ ഒന്നു കൂടെ നന്നായി എന്ന് പറയേണ്ടതില്ലല്ലോ. :)

സ്നേഹത്തോടെ

asdfasdf asfdasdf said...

മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം
..

എല്ലാവരുടെയും സ്വപ്നങ്ങള്‍ ഇതൊക്കെ തന്നെ. നടക്കണ്ടേ..

Murali K Menon said...

നിഷ്ക്കളങ്കന്‍, മയൂര, പ്രിയ, കുട്ടന്മേനോന്‍ അഭിപ്രായത്തിനു നന്ദി
ആരോ ഒരാള്‍: നിങ്ങളെപ്പോലെ നല്ല കവിത എഴുതാന്‍ കഴിയുന്ന ആളുകള്‍ പറയുന്ന വാക്കുകള്‍ തുടര്‍ന്നെഴുതാന്‍ ആഗ്രഹിക്കുന്ന ആരും മുഖവിലക്കെടുക്കും, എടുക്കണം. പിന്നെ അഹങ്കരിക്കാന്‍ മാത്രം എന്തെങ്കിലും എന്റെ കൈവശം ഉണ്ടെന്ന് ചിന്തിക്കുന്നവനല്ലേ മറ്റൊരര്‍ത്ഥത്തില്‍ എടുക്കാനാവൂ. ഇനി കമന്റിടാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ലെന്ന് കരുതട്ടെയോ,
സസ്നേഹം

ഫസല്‍ ബിനാലി.. said...

കവിത നന്നായിരിക്കുന്നു,

മുന്‍പ് എന്‍റെ ബ്ലോഗ് കണ്ട് ചില തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നിരുന്നു.
കഴിയുന്നതൊക്കെ ശരിയാക്കിയിട്ടുണ്ട്. മലയാളം ടൈപ്പ് നല്ല വശമില്ല. തെറ്റുചൂണ്ടി കാണിച്ചു തന്നതിനും പ്രോല്‍സാഹനങ്ങള്‍ക്കും നന്ദി

ഗുപ്തന്‍ said...

എന്റെ ബ്ലോഗില്‍ വന്ന ഒരുകമന്റില്‍ നിന്നാണേ ഇതു കണ്ടുപിടിച്ചത്. :)

നന്നായിരിക്കുന്നു.:) പക്ഷെ നൊസ്റ്റാള്‍ജിയ എങ്കിലും ബാക്കിയുള്ളവര്‍ക്ക് എന്ത് ദേശാടനം മാഷേ.. മനസ്സൊരു കൂട്ടിലല്ലേ.......

Murali K Menon said...

വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദിയുണ്ട് ഫസല്‍, മനു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല കവിത.പ്രവാസിയുടെ വേദന മുഴുവനും ഇതില്‍ ഉണ്ടല്ലോ മാഷേ.

Murali K Menon said...

നന്ദി കിലുക്കാം‌പെട്ടി

അഭിലാഷങ്ങള്‍ said...

കവിത നന്നായിട്ടുണ്ട് കേട്ടോ..

ഇഷ്‌ടപ്പെട്ട വരിയേതെന്ന് മനസ്സിനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം “എല്ലാ വരിയും ഇഷ്‌ടപ്പെട്ടു..” എന്നാണ് . :-)

എന്നാലും,

ഓരോ മാരി പെയ്‌തിറങ്ങുമ്പോഴും
ഓരോ ഇലകള്‍ പൊഴിയുമ്പോഴും
നിന്‍ തപ്ത നിശ്വാസങ്ങളെന്നില-
ലിയുന്നുവോ, ഞാനറിയാത്തൊരു
പൂവിന്റെ ഗന്ധമുയരുന്നുവോ

മറുതീരം കാണാത്ത കടലില്‍
മിഴി നട്ടു ഞാനിരിക്കുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
ദേശാടനമില്ലാത്തൊരു കാലം
ജന്‍മനാടിന്നുമപ്പുറം നീരിന്നു-
റവകള്‍ തേടേണ്ടതില്ലാത്ത എന്‍
വര്‍ണ്ണങ്ങള്‍ കൊഴിയാത്തൊരു കാലം

മനോഹരം..

-അഭിലാഷ്

Kaippally said...

സഹിക്കable

Murali K Menon said...

വായനക്കും, അഭിപ്രായത്തിനും അഭിലാഷിനും, കൈപ്പിള്ളിക്കും നന്ദി.

Sunnyzspot said...

സൂപ്പർ