Friday, September 21, 2007

ഒരു കര്‍മ്മയോഗിയുടെ കുമ്പസാരം

അന്ന്
ഞാന്‍ യേശുവിനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ അയല്‍ക്കാരനേയും
യൂദാസും, പിലാത്തോസും
എന്റെ ബൈബിളില്‍
തെളിയാത്ത രേഖാചിത്രങ്ങള്‍


അന്ന്
ഞാന്‍ രാധേയനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ രാധയേയും
പാര്‍ത്ഥനും സാരഥിയും
എന്റെ മഹാഭാരതത്തില്‍
തിളങ്ങാത്ത കഥാപാത്രങ്ങള്‍


അന്ന്
ഞാന്‍ കാറല്‍മാര്‍ക്സിനെ സ്നേഹിച്ചിരുന്നു
അതുകൊണ്ടു തന്നെ കമ്മൂണിസത്തേയും
കമ്മൂണിസ്റ്റും, അവന്റെ മൂലധനവും
എന്റെ ദാസ് കാപിറ്റലില്‍
എഴുതാത്ത ഭൌതികവാദങ്ങള്‍


പിന്നെ
ഞാന്‍ സ്നേഹിച്ചു ലെനിനിനെ
സ്റ്റാന്‍ലിനെ, ചെഗ്വേരയെ
കാട്ടുതീ ഊതി തെളിക്കും
ചുവന്ന സൂക്തങ്ങളെ, സ്വപ്നങ്ങളേ


പിന്നെ
ഞാനെപ്പഴോ കര്‍മ്മയോഗിയായ്
കനവ് കരിഞ്ഞവര്‍ കണ്ണീരു വറ്റിയോര്‍
അന്നമില്ലാത്തവര്‍, വസ്ത്രമില്ലാത്തവര്‍
കാലം തളിര്‍ക്കുവാന്‍ കനിവ് തേടുന്നവര്‍
ആരാന്റെ ചിത്തവും ആരാന്റെ വിത്തവും
ആടി തിമര്‍ത്തു ഞാന്‍ രാസലീല


പിന്നെ
അണികളില്‍ അഗ്നി പടര്‍ത്തി
അടരാടാനലറുമ്പോഴും
അരുതേയെന്നോതിയണഞ്ഞൊരു ജീവനെ
അലിവില്ലാതെ അറുത്തെറിയുമ്പോഴും
കര്‍മ്മം ചെയ്യുകയായിരുന്നു
ഞാന്‍ യോഗിവര്യനായിരുന്നു.


***

ഇന്ന്
പള്ളിമേടയും പാതിരിയുമില്ലാതെ
ഞാന്‍ കുമ്പസാരിക്കട്ടെ
എവിടെയോ എന്നോ മറന്നുവെച്ച
മന:സാക്ഷിയിലെ മാറാല നീക്കി
ഞാന്‍ സത്യമന്വേഷിക്കട്ടെ
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ


[ഇവിടെ കുമ്പസാരിക്കുന്ന കര്‍മ്മയോഗി ദേശ-ജാതി-മത-ഭാഷാ ഭേദമന്യേയുള്ള വിപ്ലവാന്ധതയുടെ പ്രതീകം മാത്രം]

14 comments:

Murali K Menon said...

ഇവിടെ കുമ്പസാരിക്കുന്ന കര്‍മ്മയോഗി ദേശ-ജാതി-മത-ഭാഷാ ഭേദമന്യേയുള്ള വിപ്ലവാന്ധതയുടെ പ്രതീകം മാത്രം.
അവനെ ബൂലോക കോടതി മുമ്പാകെ ഹാജരാക്കുന്നു. അവനെ കുരിശിലേറ്റാം, മാപ്പു നല്‍കാം.
ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ

ശ്രീ said...

മുരളിയേട്ടാ...

കര്‍‌മ്മയോഗിയുടെ കുമ്പസാരത്തിന്‍ തേങ്ങ എന്റെ വക.
“ഠേ!”
വളരെ നന്നായിരിക്കുന്നു
“അരുതേയെന്നോതിയണഞ്ഞൊരു ജീവനെ
അലിവില്ലാതെ അറുത്തെറിയുമ്പോഴും
കര്‍മ്മം ചെയ്യുകയായിരുന്നു
ഞാന്‍ യോഗിവര്യനായിരുന്നു.”

ഇഷ്ടമായി
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ" കോമരത്തിന്റെ സ്രഷ്റികള്‍ക്ക് അഭിപ്രായം പറയനുള്ള വിവരം ഒന്നും എനിക്കില്ല.എല്ലാം വായിച്ചു അന്തം വിട്ടിരിക്കുവാ ഞാന്‍.
എന്തു പറഞ്ഞാലും മതിയാവില്ല. അതു കൊണ്ട്.............................

ആവനാഴി said...

പ്രിയ മുരളീ മേനോന്‍,

എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ!

വൈരുധ്യാല്‍മകത അങ്ങിനെ കിടന്നു തിളച്ചു മറിയുന്നു. യേശുവിനെ സ്നേഹിച്ചിരുന്നപ്പോഴും യൂദാസും പിലാത്തോസും ആരെന്നറിയാത്തോന്‍, രാധയേയും രാധേയനേയും സ്നേഹിച്ചിരുന്നിട്ടും ‍ പാര്‍ത്ഥനും പാര്‍ത്ഥസാരഥിയും കണ്ണില്‍പ്പെടാത്തോന്‍‍, കാറല്‍ മാര്‍ക്സിനെ സ്നേഹിച്ചിരുന്നിട്ടും അങ്ങേരുടെ ദാസ് കാപ്പിറ്റല്‍ ആട്ടിന്‍ കാട്ടമോ കൂര്‍ക്കക്കിഴങ്ങോ എന്നറിയാത്തോന്‍‍.

അതെ പ്രാക്റ്റിക്കല്‍ മൈന്റായിപ്പോയവന്‍ തന്‍ കാര്യം നോക്കാനുള്ള ത്വരയില്‍ തത്വങ്ങളും തത്വശാസ്ത്രങ്ങളും മൈന്‍ഡു ചെയ്യുന്നില്ല.

സസ്നേഹം
ആവനാഴി.

Murali K Menon said...

ആദ്യം ഉടച്ച തേങ്ങയുടെ കൊത്തെടുത്തു ഞാന്‍ തിന്ന് നന്ദി പറയുന്നു ശ്രീ... കിലുക്കാം പെട്ടിക്കും ആവനാഴിക്കും നന്ദി..

വേണു venu said...

ഈശോമിശിഹായ്ക്കു് സ്തുതിയായിരിക്കട്ടെ.
ആവനാഴി മാഷിന്‍റെ കമന്‍റും ഇഷ്ടമായി.:)

ഉപാസന || Upasana said...

ആമേന്‍...
:)
ഉപാസന

മനോജ് കുമാർ വട്ടക്കാട്ട് said...

സ്തുതിയായിരിക്കട്ടെ...

Murali K Menon said...

നന്ദി പടിപ്പുര - മടക്കയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ താങ്കള്‍ ഇനി എന്നാണു യാത്ര പുറപ്പെടുന്നതെന്ന് നോക്കിയിരിക്കയാണു ഞാന്‍. അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിലായിരിക്കുമെന്ന പ്രതീക്ഷയോടെ
സസ്നേഹം

Sethunath UN said...

എപ്പോഴുമിപ്പോഴും സ്തുതി!
താമസ്സിച്ചാണേലും വേണ്ടില്ല ഒരിയ്ക്കലും ചെയ്യാത്തത് ഇപ്പോഴെങ്കിലും ചെയ്യണമെന്നു തോന്നുന്നത് നന്ന്‍.
ന‌‌ന്നായിട്ടുണ്ട് മുര‌ളിസാ‌ര്‍.

മന്‍സുര്‍ said...

മുരളിഭായ്‌...

തികച്ചും വ്യത്യസ്‌തമായ ശൈലി...
വക്കുകളുടെ അകലം..ഒഴുക്ക്‌
അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Aravishiva said...

കര്‍മ്മയോഗിയുടെ അന്ത:സംഘര്‍ഷങ്ങള്‍ തണുപ്പിയ്ക്കാന്‍ ഗീതാപാനം കൊണ്ട് സാധിയ്ക്കാതെ വരാറുണ്ടെന്നുള്ളത് ഒരു സത്യം തന്നെ..സ്വന്തമായി ശരിയും തെറ്റും വേര്‍തിരിയ്ക്കാന്‍ ഓരോ കര്‍മ്മയോഗിയും വിധിയ്ക്കപ്പെടുകയാണിവിടെ...കര്‍മ്മയോഗിയ്ക്ക് ആത്മശാന്തി നേരുന്നു...

Murali K Menon said...

വിശദമായ വായനക്കും അഭിപ്രായത്തിനും മന്‍സൂറിനും അരവിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

ദാസ്‌ said...

ഇതെന്താനിഷ്ടാ താന്‍സാനിയായില്‍ നിന്നരുളപ്പാടൊ... എന്തായലും നടക്കട്ടെ. ചിലതെല്ലാം വായിച്ചു നന്നായിട്ടുണ്ട്‌.

സത്യമിദം ബ്ലൊഗ്‌ വായിക്കുക.

ശെഷം പിന്നീട്‌. - ദാസ്‌, മുംബൈ.