Monday, September 10, 2007

നിഷേധി (4)

ആഗ്രഹങ്ങളില്ലാതിരുന്നീട്ടും ഇന്നലെ ഞങ്ങള്‍ സംസാരിച്ചത്‌ ചില വീട്ടുകാര്യങ്ങളായിരുന്നു. എങ്ങനെയോ സംസാരം അതിലേക്കു വഴുതിപ്പോകുകയായിരുന്നു. അയാള്‍ സ്വന്തം അച്‌ഛനേയും അമ്മയേയും നിന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്‌. അതെന്നെ വികാരാധീനനാക്കി. കുട്ടിക്കാലത്തെ ചില സംഭവങ്ങളായിരിക്കും അയാളെ ഇതിനു പ്രേരിപ്പിക്കുന്നതെന്ന്‌ ഞാന്‍ വിശ്വസിച്ചു. ആര്‍ക്കും ഇത്തരം ബാല്യങ്ങള്‍ ഉണ്ടാകാമെന്നും ഒരു പക്ഷെ താത്ക്കാലിക ചുറ്റുപാടില്‍ ഏതു മാതാപിതാക്കളിലുമുണ്ടാകുന്ന കോപം മാത്രമാണെന്നും ഞാന്‍ വിശദീകരിച്ചു. അയാള്‍ എല്ലാം കേള്‍ക്കുകയും കണ്‍ത്തടങ്ങളെ മൂടിയിരുന്ന തലമുടി ഒരിക്കല്‍ പോലും വകഞ്ഞുമാറ്റാതെ തലകുമ്പിട്ടു നടന്നുപോകുകയുമാണുണ്ടായത്‌. 


അതാ അയാള്‍ വരുന്നു. മുഷിഞ്ഞ ഒറ്റമുണ്ടാണയാള്‍ ഉടുത്തിരുന്നത്‌. അവിടവിടെ തുന്നലുകള്‍ വിട്ടുപോയ ഒരു വെള്ള കുപ്പായവും. താടിരോമങ്ങള്‍ വളര്‍ന്നു നീണ്ടിരുന്നുവെങ്കിലും അത്‌ വെട്ടി ഭംഗിയാക്കിയിരുന്നില്ല. നെഞ്ചുവിരിച്ചു നടക്കാനാണയാള്‍ ആഗ്രഹിച്ചതെങ്കിലും കണ്‍ത്തടങ്ങള്‍ മറച്ചിരുന്ന മുടി അയാളെ തല കുമ്പിട്ടു നടക്കാനേ അനുവദിച്ചുള്ളു. ഞങ്ങളൊരുമിച്ചു കലാസമിതി മന്ദിരത്തിലേക്കു നടക്കുമ്പോള്‍ അയാള്‍ എന്റെ ചുമലില്‍ ബലമായ്‌ പിടിച്ചിരുന്നു. മദ്യത്തിന്റെ ഗന്ധം നേര്യ തോതില്‍ എനിക്കനുഭവപ്പെട്ടതായ്‌ തോന്നി. ഞങ്ങള്‍ സാഹിതീ സദസ്സിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ ഇരുന്നു. നിമിഷങ്ങള്‍ക്കകം യോഗം ആരംഭിച്ചു. അയാളുടെ കഥകളെക്കുറിച്ചായിരുന്നു ചര്‍ച്ച തുടങ്ങിയത്‌.
ങേ, അയാള്‍ കഥകള്‍ എഴുതാറുണ്ടായിരുന്നോ എന്ന്‌ നിങ്ങള്‍ ചോദിച്ചാല്‍, ഉണ്ടായിരുന്നുവെന്ന്‌ ഞാന്‍ അല്‍പം വൈകിയാണെങ്കിലും പറഞ്ഞുകൊള്ളട്ടെ. അയാള്‍ വല്ലപ്പോഴും കഥകളെഴുതുമായിരുന്നു. എഴുതുമ്പോഴെല്ലാം ആ ഗ്രാമത്തിലെ സംസ്കാര സമ്പന്നരെന്നു പറയുന്നവരുടെ രോഷത്തിന്‌ അയാള്‍ പാത്രീഭൂതനായി. നല്ലൊരു ആസ്വാദകനെന്ന നിലയില്‍ ഞാന്‍ പലപ്പോഴും അയാളുടെ കഥകള്‍ക്ക്‌ നിരൂപണങ്ങളെഴുതി. ഒരു കാര്യം തീര്‍ച്ചയായിരുന്നു. അയാളുടെ കഥകള്‍ പുതിയ ചര്‍ച്ചകള്‍ക്കുതകുന്ന വിധത്തില്‍ പ്രാധാന്യമുള്ളവയായിരുന്നു. 


കലാസമിതി സെക്രട്ടറി സംസാരിച്ചുതുടങ്ങിയപ്പോള്‍, സാഹിത്യ തല്‍പരനേക്കാള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ  മേലങ്കിയേ അദ്ദേഹത്തിനിണങ്ങൂ എന്ന്‌ തോന്നി. അദ്ദേഹം പറഞ്ഞു, 


"കഥകളില്‍ സമൂഹത്തിന്റെ ജീര്‍ണ്ണത ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ സാഹിത്യകാരനാവൂ എന്നുള്ള ബോധം തീര്‍ത്തും നിരാശാജനകമാണ്‌. നിങ്ങളെന്തിന്‌ എന്നെ പ്രസവിച്ചു എന്ന്‌ അമ്മയോട്‌ ചോദിക്കാന്‍ മാത്രം ഒരു മകനോ മകളോ വളരാന്‍ പാടില്ല. അല്ലെങ്കില്‍ ആ ചോദ്യം അവനോ അവള്‍ക്കോ യോഗ്യത നല്‍കുന്നുവെന്ന തോന്നല്‍ ആപത്ക്കരമാണ്‌. ഇക്കഥകള്‍ക്ക്‌ നിരൂപണം നല്‍കാന്‍ ഈ സമിതിയില്‍ നിന്നു തന്നെ ആളുണ്ടായി എന്നത്‌ ഈ ഗ്രാമത്തിന്റെ മറ്റൊരു ദു:ഖമായ്‌ ഞാന്‍ കരുതുന്നു. "
ഒരു നിമിഷം എന്റേയും സെക്രട്ടറിയുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു. പിന്നെ ഞാന്‍ വാതിലിനു പുറത്ത്‌ കനക്കുന്ന ഇരുട്ടിലേക്ക്‌ നോക്കിയിരുന്നു. വീണ്ടും കഥയെപ്പറ്റി പലരും പലതും പറഞ്ഞു. എന്റെ ഊഴം ഞാന്‍ ഉപയോഗിച്ചില്ല. സമിതിയംഗങ്ങളെല്ലാം കയ്യടിച്ചുകൊണ്ടിരുന്നു. മറുപടി പറയാനായ്‌ അയാള്‍ ക്ഷണിക്കപ്പെട്ടു. അനുഭവങ്ങളാണ്‌ കഥാകൃത്തിനെ അത്തരം സൃഷ്ടികളിലേക്ക്‌ നയിച്ചതെന്നും അതിന്റെ പ്രതികരണങ്ങളോര്‍‍ത്ത്‌ താന്‍ വ്യസനിക്കുന്നില്ലെന്നും പറഞ്ഞയാള്‍ നിര്‍ത്തി. സദസ്യര്‍ കയ്യടിക്കാന്‍ മറന്നുപോയി. കയ്യടിയുടെ ഒരൊറ്റപ്പെട്ട ശബ്ദം മാത്രം അവിടെ മുഴങ്ങി. അതെന്റേതായിരുന്നു. എല്ലാവരും ബീഭത്സമായ ഭാവത്തോടെ എന്നെ നോക്കി. ഞാന്‍ വീണ്ടും ഇരുട്ടിലേക്ക്‌ നോക്കി. യോഗം അവസാനിച്ചപ്പോള്‍ ഞാനിറങ്ങി നടന്നു. പിറകേ അയാളും. 


പുഴയുടെ തീരത്ത്‌ ഒരുപാടുനേരം ഞങ്ങള്‍ മൌനവ്രതത്തിലായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആകാശത്ത്‌ തെളിഞ്ഞ ചന്ദ്രനിലും അയാള്‍ പുഴയില്‍ തെളിഞ്ഞ അതിന്റെ പ്രതിബിംബത്തിലും കണ്ണുനട്ടിരുന്നു. അയാള്‍ തേടിപ്പിടിച്ചു വെച്ചിരിക്കുന്ന പുതിയ അമ്പുകളേല്‍ക്കാന്‍ ഞാന്‍ അക്ഷമനായി. ഞാന്‍ പറഞ്ഞു, "നിന്റെ കഥകള്‍ ഇത്തരത്തിലൂടെ മുന്നോട്ടുപോയാല്‍ സമൂഹത്തിന്‌ അത്‌ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യാന്‍ സാദ്ധ്യത, ഒരു പക്ഷെ ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുന്നില്ലെങ്കിലും. എന്നീട്ടും ആ വശങ്ങള്‍ ഞാനിതുവരെ ചൂണ്ടിക്കാണിക്കാതിരുന്നത്‌ ഈ സമൂഹത്തിന്‌ ഒരു ഷോക്‍ട്രീറ്റ്മെന്റ് തത്ക്കാലം ആവശ്യമെന്ന്‌ തോന്നിയതുകൊണ്ടാണ്‌. പക്ഷെ ഷോക്‍ട്രീറ്റ്മെന്റ് സ്ഥിരമായി ആരും ഉപയോഗിക്കാറില്ലല്ലോ. കൂടാതെ ഞാന്‍ ഇന്നലെ നിന്നോട്‌ സൂചിപ്പിച്ചുവല്ലോ, അത്‌ ഞാന്‍ ആവര്‍ത്തിക്കട്ടെ, മാതാപിതാക്കളെ നിന്ദിക്കരുത്‌. " 


"മൈ ഫൂട്ട്‌". 

അയാളുടെ ശബ്ദം ഒരു മേഘഗര്‍ജ്ജനം പോലെ അന്തരീക്ഷത്തില്‍ പ്രതിദ്ധ്വനിച്ചു. ചന്ദ്രബിംബം മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞ്‌ ഇരുട്ടു പരത്തി. അയാളുടെ കണ്ണുകള്‍ പുഴയിലെ മറഞ്ഞുപോയ പ്രതിബിംബത്തില്‍ നിന്നും എന്റെ നേരെ തിരിഞ്ഞു. നെറ്റിയിലേക്കു വീണ തലമുടി വകഞ്ഞുമാറ്റി അയാള്‍ എന്നെ നോക്കി. എന്നെ ദഹിപ്പിക്കാന്‍ മാത്രം അഗ്നി സ്ഫുരിക്കുന്ന കണ്ണുകളായിരുന്നു അയാളുടേത്‌. ഞാന്‍ വീണ്ടും ആകാശത്തേക്കു നോക്കി. മേഘങ്ങള്‍ ചന്ദ്രനെ കുറേശ്ശെയായി പുറത്തേക്കു കൊണ്ടുവരികയായിരുന്നു. അയാല്‍ എന്റെ തോളില്‍ മെല്ലെ കൈകള്‍ വെച്ചുകൊണ്ട്‌ പറയാന്‍ തുടങ്ങി.

(തുടരും)

6 comments:

Murali K Menon said...

“നിഷേധി” നാലാം ദിവസത്തിലേക്ക്.. നാളെയല്ലെങ്കില്‍ മറ്റെന്നാള്‍ നിഷേധിയുടെ കഥ ഞാന്‍ കഴിക്കും. ഞാനുറപ്പു തരുന്നു.

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം...
തുടരട്ടെ മാഷേ...

Aravishiva said...

നിഷേധി വളരെ താത്പര്യമുണര്‍ത്തുന്നൊരു കഥാപാത്രമാണ്..

നിഷേധി നമ്മുടെയെല്ലാം ഒരു പ്രതിഭലനമാണ്..പലപ്പോഴും നിഷേധിയെപ്പോലെ നിര്‍ഭയനായി പെരുമാറാന്‍ നാമെല്ലാം ഇഷ്ടപ്പെടുന്നു.പക്ഷേ സാമൂഹിക സാഹചര്യങ്ങള്‍ നമ്മളെ നമ്മളില്‍ തന്നെ തളച്ചിടുന്നു..ആരുമറിയാതെ നിഷേധിയെ കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുന്നു.നിഷേധിയ്ക്ക് സമൂഹത്തില്‍ നിന്ന് ലഭിയ്ക്കുന്ന നിന്ദയും തിരസ്കരണവും കാണുമ്പോള്‍ നമ്മള്‍ വീണ്ടും ബുദ്ധിമാന്മാരായി തങ്ങളുടെ സുരക്ഷിതത്വത്തിലേക്കൊതുങ്ങുന്നു..നിഷേധിയ്ക്ക് പകരം സഹതാപം..വീണ്ടും ഒളിപ്പിച്ചു വെച്ച ആരാധന...

നിഷേധികള്‍ ഇല്ലെങ്കില്‍ പിന്നെന്താ ഈ ജീവിതത്തിനൊരു രസം അല്ലേ...

തുടരട്ടേയ്

വേണു venu said...

മുരളി മാഷേ ഇയാളിലൊരു സ്ഥായിയായ നിരാശയിലെ ശൊകഭാവമാണല്ലോ എനിക്കു കാണാന്‍ കഴിയുന്നതു്. അടുത്തതും വരട്ടെ.:)

Murali K Menon said...

ഹരിയണ്ണന്‍, അരവി, വേണു എന്നിവര്‍ക്ക് നന്ദി...

വേണു: സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നവന്റെ വേദന ഒരാള്‍ക്ക് ശോകഭാവമേ നല്‍കൂ. പക്ഷെ അവന്റെ ഉള്ളില്‍ എരിയുന്ന നെരിപ്പോട് ഒരു നാള്‍ ആളിക്കത്തുമ്പോള്‍ ശോകം തീവ്രവാദപരമായ നിലപാടിലേക്ക് വഴുതി പോകുമെന്നു മാത്രം

ജയകൃഷ്ണന്‍ said...

മേനൊന്‍ സാറെ ...വായിച്ചു നന്നായിട്ടുണ്ട്.ഞാന്‍ മുഴുവനാക്കിയ കഥയിലൂടെ കടന്ന് പൊകൂ,,,http://jkguruvayoor3.blogspot.com/