Monday, August 13, 2007

കോമരം പിന്നിട്ട കൌമാരം - 2

എസ്.എസ്.എല്‍.സി പരീക്ഷക്കിടയില്‍

അവസാന നിമിഷം പുസ്തകം വായിക്കാന്‍ പറ്റാഞ്ഞതിന്റെ മാനസിക പിരിമുറുക്കത്തിലാണ് ഹാള്‍ ടിക്കറ്റും കൊണ്ട് ക്ലാസിലേക്ക് കയറിയത്. മനസിലുണ്ടായിരുന്ന പലതും അതിനകം സതുമോഹന്‍ കഴുകി വെടിപ്പാക്കുകയും ചെയ്തു.... ചോദ്യപേപ്പര്‍ കിട്ടിയപ്പോള്‍ പരീക്ഷ ശരിക്കും പരീക്ഷണമായ് തന്നെ തോന്നി. എല്ലാ ഈശ്വരന്മാരേയും കൂട്ടിനുവിളിച്ച് പരീക്ഷയെഴുതാന്‍ തുടങ്ങിയപ്പോള്‍ ഈശ്വരന്മാര്‍ ഓരോ ഉത്തരവും കൃത്യമായ് ഓര്‍മ്മിപ്പിച്ചു തന്നു. ചില ഉത്തരങ്ങള്‍ അവര്‍ക്കു പോലും അറിയാത്തതായതുകൊണ്ടാവാം എനിക്കുപേക്ഷിക്കേണ്ടിവന്നു. പാവം എന്റെ ഈശ്വരന്മാര്‍, അവരെ കൊണ്ടാവുന്നതവരു ചെയ്തുവെന്ന ആശ്വാസത്തിലും ചോദ്യ പേപ്പര്‍ ഇട്ട ആളെ പട്ടി കടിക്കണേ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് പരീക്ഷ കഴിഞ്ഞ് ഞാന്‍ പുറത്തു കടന്നു. മുറ്റത്തേക്കിറങ്ങുന്നതിനുമുമ്പ് ചുറ്റുവട്ടം നിരീക്ഷിച്ചു, ഇല്ല സതുമോഹനനില്ല, രണ്ടു നേരവും പരീക്ഷയുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് ഊണുകഴിച്ച് പഠിക്കാനുള്ള തിരക്കിലാണ്. ഉച്ചക്ക് ഊണു കഴിച്ച് നേരം കളയാന്‍ എന്റെ വീട്ടിലാരേയും ദൈവം അനുവദിക്കാതിരുന്നതുകൊണ്ട് പഠിക്കാന്‍ എനിക്ക് കൂടുതല്‍ സമയമുണ്ടായിരുന്നു. ഞാന്‍ മെല്ലെ ആരും കാണാതെ എട്ടാം ക്ലാസിന്റെ പുറകില്‍ വളര്‍ന്നു നില്ക്കുന്ന കൊള്ളിത്തണ്ടുകള്‍ക്കിടയില്‍ (മരച്ചീനി) ഇരുന്ന് ഉച്ചക്കുള്ള പരീക്ഷക്കു വേണ്ടി തയ്യാറെടുപ്പു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ നടന്നു വരുന്നതിന്റെ കാലടി ശബ്ദം ഞാന്‍ കേട്ടു. നല്ല ഉയരമുണ്ടായിരുന്നതുകൊണ്ട് എഴുന്നേറ്റു നിന്നു നോക്കേണ്ടി വന്നു, ഓടാനുള്ള തയ്യാറെടുപ്പോടുകൂടി തന്നെ. പക്ഷെ അതു മണികണ്ഠനായിരുന്നു. അവന്‍ എന്നെ കണ്ടപാടെ ചിരിച്ചു പിന്നെ തോളിലൂടെ കയ്യിട്ടു. അവന്‍ ഊണു കഴിച്ച് കൈ കഴുകിയിട്ടേ ഉണ്ടായിരുന്നുള്ളു. സാമ്പാറിന്റെ നല്ല മണമുണ്ടായിരുന്നു അവന്റെ കയ്യിന്. നീ സതുവിനെ കണ്ടോ, ഞാന്‍ ചോദിച്ചു, ഉം. അവന്‍ മൂളി, പിന്നെ പറഞ്ഞു, അവന്‍ എന്റെ ക്ലാസിലാ പരീക്ഷ എഴുതണേ, അവന്‍ എഴുത്ക്കഴിഞ്ഞ് എഴുന്നേല്‍ക്കണേനു മുന്നേ പുറത്തു കടക്കാന്നു വെച്ചാല്‍, അവനാണ് പരീക്ഷ കഴിഞ്ഞ് ആദ്യം പൊറത്തു വരണത്. അതോണ്ട് ഞാനവനോടു പറഞ്ഞു, അവസാന പരീക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോ, നിന്റെ കാശ് മുഴുവന്‍ തരാന്ന്. ഇല്ലെങ്കില്‍ നമ്മളെ രണ്ടെണ്ണത്തിനേം പാടത്തിട്ട് ശരിപ്പെടുത്തുംന്നാ അവന്റെ ഭീഷണി. അതുകേട്ട് ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും, ഒരു ഹീറോയെ പോലെ ഞാന്‍ പറഞ്ഞു, എന്നെ അവനു ശരിക്ക് അറിയാണ്ടാ, എന്റെ വീട്ടില് ഒരു പശുക്കുട്ടീടത്രേം പോന്ന പട്ടിണ്ട്. അതിനെ കൊണ്ടുവന്ന് ഞാനവനെ കടിപ്പിക്കും. അപ്പോള്‍ മണി പറഞ്ഞു, അതൊന്നും വേണ്ട, എന്റെ അച്ഛന്‍ പോലീസാ, ഞാന്‍ അച്ഛനോടു പറഞ്ഞോളാം. ഞങ്ങള്‍ക്കല്‍പം ആശ്വാസമായി. എന്റെ വീട്ടില്‍ ചാവാറാ‍യ രണ്ടു പൂച്ചക്കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന സത്യം അവനും, അവന്റെ അച്ഛന് ഒരു ചായക്കടയായിരുന്നുവെന്ന സത്യം ഞാനും പിന്നീടെപ്പൊഴോ മനസ്സിലാക്കിയിരുന്നു. മന:സമാധാനം കൂടിയതുകൊണ്ട് ഞങ്ങള്‍ തെങ്ങോല കൊണ്ട് പന്തുണ്ടാക്കി ബാറ്റ്മിന്റന്‍ ചാമ്പ്യന്മാരാവാന്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. അതു കണ്ടുവന്ന അപ്പു മാഷ് (ഫിസിക്സ് മാഷ്) എസ്.എല്‍.സി.പരീക്ഷയുടെ സമയത്താണെടാ നിന്റെ ഒരു പന്തുകളി എന്നു പറഞ്ഞ് ആദ്യം കിട്ടിയ എന്റെ തലക്കിട്ട് കിഴുക്കി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ പുസ്തകമെടുത്ത് ഞാനോടി. ഇതെല്ലാം കണ്ടപാടെ മണികണ്ഠന്‍ വായുവില്‍ അപ്രത്യക്ഷനായ്. “ഛോട്ടാ അപ്പു, ബഡാ മീശ“ ഞാന്‍ മനസ്സില്‍ പറഞ്ഞു. അങ്ങനെയാണ് അപ്പു മാഷെ കുട്ടികള്‍ കളിയാക്കുന്നത്. കാരണം താടിരോമങ്ങള്‍ ഒന്നുപോലും കിളിര്‍ക്കാത്ത വെളുത്ത മുഖത്ത് വളരെ വലിയ ഒരു മീശമാത്രം. അതുകൊണ്ടായിരിക്കണം അത്തരം ഒരു പ്രയോഗം കുട്ടികള്‍ നടത്തിയിരുന്നത്. മാഷുടെ കയ്യില്‍ നിന്ന് പിന്നീടൊരിക്കല്‍ കൂടി കിഴുക്കു കൊള്ളാനുള്ള ഭാഗ്യമുണ്ടായത് പരീക്ഷ കഴിഞ്ഞുപോകുമ്പോള്‍ ആകാശത്തില്‍ വലിച്ചു കെട്ടിയ ഒരു കൂട്ടം ടെലിഫോണ്‍ കമ്പികളില്‍ കല്ലെടുത്തെറിഞ്ഞ് അതില്‍ നിന്നും പുറപ്പെടുന്ന സംഗീതം ആസ്വദിക്കുമ്പോഴായിരുന്നു. കിഴുക്കു കിട്ടിയതും തിരിഞ്ഞുനോക്കേണ്ട ആവശ്യമുണ്ടായില്ല, അതിന്റെ ഉറവിടം മാഷുടെ എല്ലുന്തിയ കൈകളില്‍ നിന്ന് അറിയാന്‍ തക്ക പരിചയം ആദ്യ കിഴുക്കു സമ്മാനിച്ചിരുന്നു. ആ വേദനയില്‍ നിര്‍ത്താതെ ഒരു കിലോമീറ്റര്‍ ഓടി. ഓട്ടം നിര്‍ത്തിയപ്പോള്‍ കിതച്ചുകൊണ്ട്മനസില്‍ പ്രാകി. അരസികന്‍, അയത്തൊള്ള ഖൊമിനി. ഏതെങ്കിലും പശു വഴീലിട്ട് കുത്താനോടിക്കണേ ദൈവമേ എന്നു പ്രാര്‍ത്ഥിച്ചു നടന്നു.
ങാ പറഞ്ഞുവന്നത്, മണികണ്ഠനും ഞാനും ഓടിയ കാര്യമാണല്ലോ, ഒരുവിധം ഉച്ച പരീക്ഷയും കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍, കിഴുക്കു കൊണ്ട ഭാഗം വേദനിക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ അപ്പുമാഷെക്കുറിച്ച് വേണ്ടാത്തതൊക്കെ മനസ്സില്‍ ആലോചിച്ച് പുറത്തേക്കു നടന്നു. അങ്ങനെ നടന്നു നടന്ന് വീട്ടിലേക്കു അഞ്ചുകിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ സതുമോഹനനെ കുറിച്ച് ആലോചിക്കുകപോലുമുണ്ടായില്ല. പക്ഷെ അവസാന പരീക്ഷയുടെ അന്ത്യം കുറിച്ച് പുറത്തു കടക്കുമ്പോള്‍ സതുമോഹനന്റെ കയ്യില്‍ വലിച്ചു പിടിച്ച മണികണ്ഠന്റെ കോളറും, ആ കോളറിന്റെ ഉള്ളില്‍ വലിഞ്ഞ് നില്‍ക്കുന്ന മണികണ്ഠനേയും ഞാന്‍ അകലെ നിന്നു കണ്ടു. എന്നെ പ്രതീക്ഷിച്ചുള്ള നില്‍പ്പാണെന്ന് മനസ്സിലായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളന്വേഷിച്ചു. ആരുടെയെങ്കിലും മറപറ്റി പുറത്തുകടക്കാനായ് ഒരു ശ്രമം നടത്തുമ്പോഴേക്കും സതുമോഹന്‍ വിളിച്ചു, “ടാ, മുരളി, ഞാന്‍ കണ്ടു, ഇങ്ങടു വാടാ,..“ ഓ, അതിനിപ്പെന്താ എന്ന മട്ടില്‍ ഞാന്‍ ഒടിയില്‍ കഴല വന്നവന്‍ നടക്കുന്നതു പോലെ മെല്ലെ മെല്ലെ അവര്‍ക്കു നേരെ നടന്നു. മണികണ്ഠന്റെ മുണ്ടിന്റെ ഒരു തല അഴിഞ്ഞു കിടന്നിരുന്നത് മടക്കി കുത്താന്‍ പോലും സമ്മതിക്കാതെ സതു അവനെ തൂക്കി പിടിച്ചിരുന്നു. എനിക്ക് മുണ്ട് മടക്കി കുത്തിയോ, അഴിച്ചുടുത്തോ ശീലമില്ലാത്തതുകൊണ്ടും അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടും ആ വേവലാതി ഉണ്ടായില്ല. ഞാന്‍ സതുമോഹനന്റെ അടുത്തേക്ക് നടന്നതുകൊണ്ട് അവര്‍ അവിടെ തന്നെ നിന്നു. പക്ഷെ ഞാന്‍ അവരുടെ അടുത്തെത്താറായതും കാള്‍ ലൂയീസുപോലും തോറ്റുപോകുന്ന വേഗത്തില്‍ കിഴക്കോട്ട് ഓടി ബസ്സ്റ്റാന്റു വഴി ഠാണാവ്, പിന്നെ മുല്ലക്കാട് വഴി പുല്ലൂര്‍ ശിവക്ഷേത്രം,, അങ്ങനെ ഓടാന്‍ ദൈവം എന്നോടു പറഞ്ഞു, ഞാന്‍ അനുസരിച്ചു, അതുകൊണ്ട് എന്റെ എല്ലിനോ, പല്ലിനോ സ്ഥാനഭ്രംശം ഒന്നും സംഭവിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മണിയെ കണ്ടപ്പോള്‍ ഞാന്‍ ഓടിയതിനു പിന്നാലെ അവനും കുതറി ഓടിയെന്നും തല്ലൊന്നും കിട്ടിയില്ലെന്നും പറഞ്ഞു. അച്ഛന്‍ പോലീസുകാരനാണെന്നു പറഞ്ഞ ആളല്ലേ, ഞാന്‍ വിശ്വസിച്ചു.
(തുടരും)

11 comments:

Murali K Menon said...

കോമരം പിന്നിട്ട കൌമാരം - 2 ഭാഗം പോസ്റ്റ് ചെയ്തീട്ടുണ്ട്. ആദ്യ ഭാഗം വായിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അടുത്ത ഭാഗം നാളെ, നാളെ, നാളെ...

ശാലിനി said...

ബാക്കി ഭാഗം എഴുതൂ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ട്?????പെട്ടന്നാവട്ടെ

G.MANU said...

bakki poratte muraliji

Aravishiva said...

കൊള്ളാം...മുരളിയേട്ടാ..ബാക്കി കൂടി പെട്ടന്നു പോരട്ടേയ്...കൌമാരസ്മരണകള്‍ മനസ്സിലൊരിയ്ക്കല്‍ക്കൂടി ഒളിവീശി, നന്ദി...

Anonymous said...

Hi. Very cool and interesting blog :) Nice job!!

ഗുപ്തന്‍ said...

മാഷേ വളരെ നന്നായിട്ടുണ്ട് രണ്ടുഭാഗങ്ങളും.

ഓഫ് അല്പം കൂടി ചെറുതായി പാരഗ്രാഫ് തിരിച്ചിരുന്നെങ്കില്‍ നന്നായേനെ.

വേണു venu said...

കൌമാര സംഭവം നന്നാകുന്നു.രസകരമായ ഓര്‍മ്മകളുടെ വള മുറികള്‍ ഞാനും പെറുക്കിയെടുക്കുന്നു.:)

Murali K Menon said...

ശാലിനി, കുട്ടിച്ചാത്തന്‍, ജി.മനു, അരവിശിവ, ജാബര്‍വോക്ക്,മനു, വേണു എന്നിവര്‍ക്ക് എന്റെ നന്ദി. മനു പറഞ്ഞതുപോലെ ഈ പോസ്റ്റില്‍ പാരഗ്രാഫ് തിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സ്നേഹപൂര്‍വ്വം മുരളി

asdfasdf asfdasdf said...

ഈ ഭാഗവും നന്നായി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പുളു അടിക്കാന്‍ മണിയും മുരളിയും ഒട്ടും മോശം അല്ല കേട്ടോ. ആ ഓട്ടം ഇന്ത്യക്കു വേണ്ടി ഓടാമായിരുന്നു........