Saturday, August 11, 2007

കോമരം പിന്നിട്ട കൌമാരം - 1

1976 എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ദിവസം. ഏതു പരീക്ഷയായിരുന്നു ആദ്യം എന്നിപ്പോള്‍ ഓര്‍മ്മയില്ല. പകല്‍ മാവിന്റെ മുകളില്‍ കയറിയിരുന്നു പഠിച്ചതും, രാ‍ത്രി ചായിപ്പിലിരുന്നു ഉറക്കമൊഴിച്ചു (രാത്രി 10 മണി വരെ) പഠിച്ചതുമൊക്കെയായ് എന്ത് വന്നാലും നേരിടാനുള്ള ഒരു മനസ്സോടെയായിരുന്നു സ്ക്കൂളിലെത്തിയത്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്ക്കൂളിന്റെ അസംബ്ലി മുറ്റത്തെത്തിയതും പുറകില്‍ നിന്നും ആരോ എന്റെ കോളറില്‍ പിടിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ സതുമോഹനനാണ്, സഹപാഠി, പല ക്ലാസ്സുകളിലും കൂടുതല്‍ വര്‍ഷങ്ങള്‍ ഇരുന്നു പഠിച്ച് ഒരു ഹെഡ്മാസ്റ്റര്‍ ആവാനുള്ള യോഗ്യതയുള്ള എന്റെ ക്ലാസ്മേറ്റ്.

ഉയരം വേണ്ടതിലധികവും വിവരം വേണ്ടത്ര ഇല്ലാത്തതും അവന്റെ പേഴ്സണാലിറ്റി. ഞാനാണെങ്കില്‍ ലോകത്തിലെ മഹാന്മാരില്‍ പലരും ഉയരം കുറവാണെന്ന് മനസ്സുകൊണ്ടു സമാധാനിച്ചു കൊണ്ട് വിവരമുണ്ടാകാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവന്‍‍. എന്റെ കോളറിലെ പിടിവിടാതെ കയ്യില്‍ നിന്നും ഹാള്‍ടിക്കറ്റു വാങ്ങി അവന്‍ അവന്റെ പോക്കറ്റില്‍ വച്ചു. എനിക്ക് പെട്ടെന്ന് ഒരു പിടിയും കിട്ടിയില്ല. നീയെന്റെ ഹാള്‍ ടിക്കറ്റ് താ സേതു, ഞാന്‍ ആവശ്യപ്പെട്ടു. നീയെന്റെ കാശെടുക്ക്, അവന്‍. ഏതു കാശ്, ഞാന്‍. അതു ശരി, ഞങ്ങളുടെ ക്ലബ്ബിന്റെ പിരിവിനായ് ഒരു രശീത് ബുക്ക് നിന്നേയും മണികണ്ഠനേയും ഏല്പിച്ചിരുന്നില്ലേ, അതിന്റെ കാശ്. അതൊക്കെ ഞാന്‍ അന്നേ മറന്നിരുന്നു. മാത്രവുമല്ല അതൊക്കെ പിരിച്ചതും ഉപയോഗിച്ചതും മറ്റും മണിയായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ദേവസ്യേട്ടന്റെ ചായക്കടേന്ന് കൊള്ളിസ്റ്റും, ദോശയും വാങ്ങിത്തന്നതായ് എന്റെ ഓര്‍മ്മയിലുണ്ട്. അന്നൊന്നും ഞാന്‍ ഏത് കാശ്, ആരുടെ കാശ് എന്നൊന്നും അന്വേഷിച്ചിട്ടില്ല. തിന്നുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മന:സമാധാനം കളയുന്ന ഒരു ശീലവും എനിക്ക് അന്നും ഇന്നുമില്ല. അത് നീ മണിയോട് ചോദിക്ക്, അവനാ കാശു പിരിച്ചത്..
എന്നെ സ്കൂള്‍ മുറ്റത്ത് പിടിച്ചു നിര്‍ത്തിയിരിക്കുന്നത് കണ്ടീട്ടാവാം അവന്‍ ആരുടേയോ മറപറ്റി ക്ലാസില്‍ കയറിയിട്ടുണ്ടായിരുന്നു. ചോദ്യവും ഉത്തരവുമായ് നേരം കുറേ പോയി. എത്രയും പെട്ടെന്ന് ക്ലാസിലെത്തി അവസാനത്തെ മുന്തിരിച്ചാറും വലിച്ചുകുടിച്ച് പുസ്തകം പുറത്തേക്ക് വലിച്ചെറിയേണ്ട സമയത്ത് ഞാനിതാ സതുമോഹനനുമായ് വാഗ്വാദത്തിലേര്‍പ്പെട്ട് മന:സമാധാനം കളയുന്നു. കുട്ടികളെല്ലാം ക്ലാസില്‍ കയറിക്കഴിഞ്ഞിരുന്നു. എങ്ങും നിശബ്ദത. സതുമോഹനന്റെ പോക്കറ്റിലാണ് എന്റെ ഹാള്‍ ടിക്കറ്റ്. അവന് പരീക്ഷ എഴുതുന്നതിനേക്കാള്‍ ആവശ്യം അവന്റെ കാശാണെന്നു തോന്നുന്ന വിധത്തിലാണ് നില്പ്.

ഞാന്‍ പറഞ്ഞു, സതു, പരീക്ഷ കഴിയട്ടെ, ഞാന്‍ മണിയോട് ചോദിച്ച് എന്താ വേണ്ടതെന്ന്വച്ചാ ചെയ്യാം. അതു വേണ്ട, നീ ഇപ്പ കാശ് തന്നട്ട്, അവന്റെ കയ്യീന്ന് വാങ്ങിച്ചോ, പിന്നെ അവന്‍ പറഞ്ഞത് കുറച്ച് ഉറക്കെ ആയിരുന്നു, അല്ലെങ്കി നീ ഈ പരീക്ഷയല്ല, ഒറ്റ പരീക്ഷേം എഴുതില്ല, അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ സകല കണ്ട്രോളും പോയി. ഒരു പക്ഷെ അവന്‍ എന്നില്‍ നിന്നും അങ്ങനെ ഒന്നും പ്രതീക്ഷിച്ചിരിക്കില്ല. ചിലപ്പോള്‍ നാമറിയാതെ നമുക്കു കിട്ടുന്ന ഒരു തരം കഴിവ്. വിപദിധൈര്യം എന്നൊക്കെ പറയില്ലേ, അല്ലെങ്കില്‍ സതുമോഹനന്‍ എന്നേക്കാള്‍ ഉയരത്തിലും ആരോഗ്യത്തിലും മുന്നില്‍ നില്‍ക്കുന്നവന്‍, എന്റെ മുമ്പില്‍ നിഷ്ക്കരുണം പരാജയം ഏറ്റുവാങ്ങില്ലല്ലോ. ഞാന്‍ പറഞ്ഞു, സതു, പരീക്ഷ തൊടങ്ങാറായി, നിനക്കും പരീക്ഷ എഴുതാന്‍ പോണ്ടതാ, വേഗം എന്റെ ഹാള്‍ ടിക്കറ്റ് തരുന്നതാ നിനക്ക് നല്ലത്, അതുകേട്ട് അവന്‍ പറഞ്ഞു, ഞാന്‍ പരീക്ഷ എഴുതേ, എഴുതാണ്ടിരിക്കേ, അതു നീയറിയണ്ട പക്ഷെ നീയെന്തായാലും എന്റെ കാശു തരാതെ എഴുതില്ല. പിന്നെ ഞാനൊന്നും ആലോച്ചിച്ചില്ല, കയ്യിലിരുന്ന പുസ്തകം നിലത്തിട്ട്, നെഞ്ചത്തടിച്ച് ഒറക്കെ നെലോളിച്ചു. സതുമോഹന്‍ ഞെട്ടിപ്പോയി. അവന്‍ ഹാള്‍ ടിക്കറ്റ് എന്റെ പോക്കറ്റില്‍ തിരുകി ദിക്കറിയാതെ പരിഭമിച്ചോടാന്‍ തുടങ്ങി. ഞാന്‍ കരച്ചിലിനു സഡന്‍ ബ്രേക്കിട്ട് കുനിഞ്ഞ് പുസ്തകമെടുത്ത് പരീക്ഷാ റൂമിലോക്കോടി, കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോളാണ് മനസ്സിലായത്, അപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞിരുന്നുവെന്ന്.
(തുടരും)

7 comments:

Murali K Menon said...

കോമരം പിന്നിട്ട കൌമാരം (കൌമാരം പിന്നിട്ട കോമരമല്ല) ബ്ലോഗ് വായനക്കായ് സമര്‍പ്പിക്കുന്നു.
NB: ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് വെറും യാദൃശ്ചികമല്ല...... എന്തെങ്കിലും കേസ് വന്നാല്‍ അപ്പ നോക്കാം...എല്ലാവരും കൂട്ടിനുണ്ടാവുമെന്ന പ്രതീക്ഷയോടെ...
സസ്നേഹം...മുരളി

Aravishiva said...

ഹ ഹ..തുടക്കം തന്നെ കസറിയല്ലോ?...വളരെയധികം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നൊരു പോസ്റ്റ്...പെട്ടെന്ന് സ്കൂളും പരിസരവും ഓര്‍ത്തുപോയി...കൌമാര അനുഭവങ്ങള്‍ തുടര്‍ന്നെഴുതൂ....

വേണു venu said...

പിന്നിട്ട കൌമാരം അടുത്ത ഭാഗങ്ങളും വായിക്കട്ടെ. തുടക്കം നന്നായി. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇരുപത്തൊന്നാമത്തെ അടവാ അല്ലേ :)

Anonymous said...

Good!

asdfasdf asfdasdf said...

തുടക്കം കസറിയിട്ടുണ്ട്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

1 വര്‍ഷം പിന്നിട്ടു. താമസിച്ചു വന്നത് വിധി.ആ അലറല്‍ ഇനിയുംസ്റ്റോക്കുണ്ടോ?ഈ കമന്റ് മുരളി കാണുമോ? എല്ലാം വായിക്കാം.വലിയ വിവരം ഇല്ലാത്ത ഞാനും എന്നാല്‍ കഴിയുന്ന കമന്റ്സ് ഇടാം.