Saturday, August 04, 2007

പത്താമൂഴം (1)

മിഴികളെങ്ങോ ഊന്നി മഹാവിഷ്ണു കിടന്നു. അനന്തന്‍ തന്റെ ശരീരം തളര്‍ത്തി വളരെ മൃദുവാക്കി ഭഗവാന്‌ സുഖകരമായ ശയനം ഉറപ്പാക്കുവാന്‍ ശ്രമിച്ചു. എന്നീട്ടും ഭഗവാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇരിക്കുമ്പോഴും, നടക്കുമ്പോഴും, ശയിക്കുമ്പോഴും എന്നു വേണ്ട ഓരോ ചലനങ്ങളിലും തന്റെ സ്വാമിയെ സുസ്മേര വദനനായി മാത്രമേ താന്‍ കണ്ടിട്ടുള്ളുവെന്ന്‌ അനന്തന്‍ ഓര്‍ത്തു. പക്ഷെ ഇന്നെന്തോ ആ കോമള മുഖം കൂടുതല്‍ വിഷാദപൂര്‍ണ്ണമായിരിക്കുന്നു. എന്നത്തേയും പോലെ തന്നെ തൊട്ടു തലോടാനും ത്രിലോക വര്‍ത്തമാനങ്ങള്‍ കേള്‍പ്പിക്കാനും എന്തിനേറെ ഒന്നു പുഞ്ചിരിക്കാന്‍ പോലും ഭഗവാന്‍ മറന്നുപോയിരിക്കുന്നു. ദേവലോകത്ത്‌ പുതിയ സമസ്യകളെന്തെങ്കിലുമുണ്ടാകുമോ? അതുമല്ലെങ്കില്‍ ഈ കലിയുഗത്തില്‍ ഏതെങ്കിലും അസുരന്‍മാര്‍ മൂന്നുലോകവും പിടിച്ചടക്കാനുള്ള വ്യഗ്രതയില്‍ ദേവന്‍മാരുടെ സ്വൈര്യം കെടുത്തുന്നുണ്ടാവുമോ? 


എന്തുണ്ടായാലും പേടിത്തൊണ്ടന്‍മാര്‍ ഉടനെ വൈകുണ്ഠത്തിലെത്താറുണ്ട്‌. അതെല്ലാം നേരത്തേ അറിവുള്ള ഭഗവാന്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ പ്രശ്ന നിവാരണവും കണ്ടുവെച്ചിട്ടുണ്ടാവും. അങ്ങനെയുള്ള ഭഗവാനാണിപ്പോള്‍ ചിന്താമഗ്നനായ്‌, വിഷണ്ണനായ്‌ കാണപ്പെടുന്നത്‌. ഇനിയും കാത്തിരിക്കാന്‍ തനിക്കാവില്ല. അനന്തന്‍ ഭഗവാന്റെ ദൃഷ്ടിയില്‍ പെടും വിധം ഫണം താഴ്ത്തി നിന്നു. പിന്നീട്‌ നിറകണ്ണുകളോടെ ചോദിച്ചു.


"ഭഗവന്‍, ത്രിലോകങ്ങളിലെ പ്രശ്നങ്ങള്‍ക്കു മുഴുവന്‍ മന്ദസ്മിതം പൊഴിച്ചുകൊണ്ടുമാത്രം പരിഹാരം ചെയ്തീട്ടുള്ള അവിടുന്ന്‌ എന്താണിങ്ങനെ അസ്വസ്ഥനാകുന്നതെന്ന്‌ അടിയന്‌ മനസ്സിലാകുന്നില്ലല്ലോ. " 


മഹാവിഷ്ണു അപ്പോള്‍ മാത്രമാണ്‌ അനന്തന്റെ അര്‍ദ്ധനിമീലിതവും, അശ്രുപൂരിതവുമായ നയനങ്ങള്‍ കാണുന്നതുതന്നെ. ഭഗവാന്‍ മെല്ലെ എഴുന്നേറ്റ്‌ അനന്തന്റെ ശിരസ്സില്‍ തലോടിക്കൊണ്ടു പറഞ്ഞു. 


"നിന്റെ ഊഹം ശരിതന്നെ. ഒരുപക്ഷെ ഈ വൈകുണ്ഠത്തിലെ ജീവജാലങ്ങളെല്ലാം നിന്നെപ്പോലെ എന്നെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടാകാം. പൊയ്കയിലെ കമലദളങ്ങള്‍ പോലും പരിഭവിച്ചെന്നപോലെ കൂമ്പി നില്‍ക്കുന്നതും ഞാന്‍ കാണുന്നു" 


"എന്താണങ്ങയെ അസ്വസ്ഥനാക്കുന്നത്‌ പ്രഭോ?" അനന്തന്‍ വീണ്ടും ആകാംഷപൂണ്ടു. 

ഭഗവാന്‍ പറഞ്ഞു,


"ഇതു കലിയുഗമല്ലേ അനന്താ, കാരണങ്ങള്‍ക്കു കുറവൊന്നുമില്ല. അധര്‍മ്മങ്ങള്‍ വൈകുണ്ഠം വരെ നീണ്ടുകഴിഞ്ഞിരിക്കുന്നു. " 

"പക്ഷെ അവതാരകാലമായില്ലല്ലോ സ്വാമി? അതിനിനിയും കാലമേറെ ബാക്കിയില്ലേ?" 


അനന്തന്‍ തന്റെ സന്ദേഹം മറച്ചുവെച്ചില്ല. 


"അതാണു നമ്മുടെ സമസ്യയും അനന്താ. അവതാരകാലത്തിനുവേണ്ടി കാത്തുനിന്നാല്‍ ഒരു അവതാരത്തിന്റെ ആവശ്യം തന്നെ വേണ്ടി വരില്ലെന്നാണ്‌ ഭൂമിയിലെ ചിലര്‍ തങ്ങളുടെ ചെയ്തികളിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്‌. നീ വിശ്രമിക്കു, ഞാന്‍ ഒരു തീരുമാനത്തിലെത്തട്ടെ. " 


(തുടരും)

6 comments:

Murali K Menon said...

കലിയുഗത്തില്‍ ഭഗവാനും പ്രയാസപ്പെടുന്ന ഒരു കഥ ഞാന്‍ 3 ഭാഗങ്ങളായ് നിങ്ങളുടെ വായനക്കും അഭിപ്രായത്തിനുമായ് പോസ്റ്റ് ചെയ്യുന്നു.

NB: ബോറടി എന്ന പേരില്‍ ബ്ലോഗ് തുടങ്ങി ഒരാള്‍ നിങ്ങളെ ആനന്ദത്തില്‍ ആറാടിക്കുന്നതിനെതിരെ കോമരം എന്ന ബ്ലോഗ് തുടങ്ങി ഇത്തരം കഥകളിലൂടെ ബോറടിപ്പിക്കാന്‍ കഴിയുന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്.

ഗുപ്തന്‍ said...

മഹാവിഷ്ണുവും ബ്ലൊഗ് വായിച്ചു തുടങ്ങിയോ !!!

മാഷേ ആദ്യമായിട്ടാണിവിടെ. എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു. കൂടുതല്‍ ഭാഗങ്ങള്‍ക്ക് കാക്കുന്നു.

Aravishiva said...

മുരളിയേട്ടാ,

പതിവിനു വിരുദ്ധമായി ഒരു വ്യത്യസ്ത ശൈലിയില്‍ ആനുകാലികമായൊരു വിഷയം അവതരിപ്പിയ്ക്കുകയാണെന്നു മനസ്സിലായി...അഭിനന്ദനങ്ങള്‍..

മഹാവിഷ്ണുവിന്റെ അന്ത:സംഘര്‍ഷത്തില്‍ തുട്സ്ങ്ങിയ ഈ കഥയുടെ ബാക്കി ഭാഗങ്ങള്‍ ആകാംക്ഷയുണര്‍ത്തുന്നുവെന്നറിയിച്ചോട്ടെ...

സ്നേഹപൂര്‍വ്വം

അരവിശിവ

വേണു venu said...

നീ വിശ്രമിക്കു, ഞാന്‍ ഒരു തീരുമാനത്തിലെത്തട്ടെ. "
മുരളി മാഷേ തീരുമാനം പെട്ടെന്നു്.
ഇതു കലിയുഗമാണു്.അടുത്ത ഭാഗങ്ങള്‍ക്കായി..:)

SUNISH THOMAS said...

ശരി. കാത്തിരിക്കാം. പോരട്ടെ!!

Visala Manaskan said...

ഏസ് യൂഷ്വല്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടര്‍‌ന്നെഴുതുക.