Friday, July 27, 2007

സ്വയം വിരമിക്കല്‍ പദ്ധതിയുടെ നിബന്ധനകള്‍


കണ്ടു മടുത്ത മുഖങ്ങള്‍ അഹോരാത്രം പണിപ്പെട്ട് സ്ഥാ‍പനത്തെ ഒരു വഴിക്കാക്കിയിരിക്കുന്നു എന്നു ബോധ്യം വന്ന പല കമ്പനികളും, നേരം പോകാനായ് മാത്രം ഓഫീസില്‍ വന്ന് പേപ്പര്‍ വായനയും, ടെലിഫോണ്‍ സംഭാഷണങ്ങളും നടത്തി പിന്നെ സമയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ളവനെ കൂടി പണിയെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരെ, പകുതി ശമ്പളം വീട്ടില്‍ കൊണ്ടുവന്നു കൊടുത്തീട്ടായാലും സ്ഥാപനത്തിന്റെ ഏഴയലത്ത് വരാതിരിക്കാ‍നായ് വി.ആര്‍.എസ് പദ്ധതി ആരംഭിച്ചീട്ട് കുറേ വര്‍ഷങ്ങളായി. എന്നാല്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടുവെന്ന സ്ഥിതിയിലായ് പല സ്ഥാപനങ്ങളിലേയും വി.ആര്‍.എസ് പദ്ധതികള്‍. കാരണം അല്പ-സ്വല്പം കഴിവുള്ളവര്‍ കിട്ടിയ ആനുകൂല്യങ്ങള്‍ വാങ്ങിച്ച് മുമ്പത്തേക്കാള്‍ നല്ല ശമ്പളത്തില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. ഒടുവില്‍ സ്ഥാപനങ്ങളില്‍ അവശേഷിച്ചവരില്‍ പലരും പത്രപാരായണരും, ടെലിഫോണ്‍ ബിസിനസ്സുകാരും, നിരവധി തവണ ടോയ്‌ലെറ്റില്‍ സമയം ചിലവഴിക്കുന്നവരുമായിരുന്നു. എന്തിനേറെ പറയുന്നു, പല സ്ഥാപനങ്ങള്‍ക്കും സി.ആര്‍.എസ് (കമ്പത്സറി റിട്ടയര്‍മെന്റ്) കൊടുത്ത് ആളുകളെ ഒഴിവാക്കേണ്ട ഒരു അവസ്ഥ സംജാതമായി. അങ്ങനെ കഴിവുള്ളവരെല്ലാം നഷ്ടപ്പെട്ട ഒരു സ്ഥാപനം ഒടുവില്‍ ഒരിക്കല്‍ കൂടി അവശേഷിക്കുന്ന കുളാണ്ടര്‍മാ‍രെ ഒഴിവാക്കുവാന്‍ ഒരു വി.ആര്‍.എസ് പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. മുംബൈ സ്ഥാപനം നോട്ടീസ് ബോര്‍ഡിലിട്ട അതിലെ ചില നിബന്ധനകള്‍ പരിശോധിക്കാം.

  1. നാല്പതു വയസു പൂര്‍ത്തിയായവരും, പത്തു വര്‍ഷമായ് ഓഫീസ് റെക്കോര്‍ഡില്‍ പേരുള്ളവരും മുന്‍പ് പ്രഖ്യാപിച്ച വി.ആര്‍.എസ്. കണ്ടില്ലെന്നു നടിച്ചവരും
  2. നാല്പതു വയസ്സായിട്ടില്ലെങ്കിലും, ഒരു നാല്പതു വയസ്സ് ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍
  3. സ്വന്തം ലീവെല്ലാം തീര്‍ത്ത് ഓണ്‍ ഡ്യൂട്ടിയില്‍ വീട്ടിലിരിക്കുന്നവര്‍
  4. അച്ഛനോ അമ്മയോ മരിച്ചുവെന്നു കാണിച്ച് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം പ്രിവിലേജ് ലീവില്‍ പോയിട്ടുള്ളവര്‍
  5. സ്ഥാപനത്തിന്റെ ചിലവില്‍ വിദേശയാത്ര നടത്തുകയും ഇതുവരേയും തിരിച്ചുവരാതെയും ഇരിക്കുന്നവര്‍
  6. ഇതുവരേയും സ്ഥാപനത്തിന്റെ ചെയര്‍മാന്റെ പേരറിയാത്തവര്‍
  7. മേലധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍
  8. മേലധികാരികളേക്കാള്‍ കൂടുതല്‍ നേരം ഓഫീസില്‍ ചെലവഴിക്കുന്നവര്‍
  9. എപ്പോഴും ടെലിഫോണ്‍ സംഭാഷണത്തിലേര്‍പ്പെടുന്നവര്‍
  10. മേലധികാരികളേക്കാള്‍ കൂടുതല്‍ മസിലുകള്‍ തങ്ങളിലുണ്ടെന്ന് പ്രദര്‍ശിപ്പിച്ചവര്‍
  11. ആള്‍ക്കൂട്ടത്തിലോ ഇരുട്ടത്തോ കിട്ടിയാല്‍ കുറഞ്ഞപക്ഷം മേലധികാരികളെ തുപ്പിയെങ്കിലും പ്രതികാരം ചെയ്യുമെന്ന് മനസ്സില്‍ കരുതുന്നവര്‍
  12. സ്ഥാപനത്തിനു അവധിയാണെന്നു കരുതി പലപ്പോഴും ഓഫീസില്‍ വരാത്തവര്‍
  13. കഠിനമായ മഴമുലം ലോക്കല്‍ ട്രെയിനുകള്‍ ഇല്ലാതാവുമ്പോള്‍ മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ മാത്രം എങ്ങനെയെങ്കിലും ഹാജരാവുന്നവര്‍
  14. സ്ഥാപനത്തില്‍ നിന്നും ഇന്ററസ്റ്റ് ഫ്രീ ലോണ്‍ എടുത്ത് മറ്റു സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍
  15. സ്വന്തം കസേരയിലിരുന്ന് താന്‍ പാര്‍ക്കിലോ ബാര്‍ബര്‍ ഷോപ്പിലോ ആണെന്നു കരുതി വെറുതെ ഇരുന്നു വട്ടം കറങ്ങുന്നവര്‍
  16. ഓഫീസ് ടോയ്‌ലെറ്റിലെ കമ്മോഡില്‍ കയറി രണ്ടില്‍ കൂടുതല്‍ പ്രാവശ്യം ഉരുണ്ടു വീണവര്‍
  17. മേലുദ്യോഗസ്ഥന്‍ ജോലി ഏല്‍പ്പിക്കുമ്പോള്‍ ഓ.ക്കെ പറയുകയും തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ചീത്ത വിളിക്കുകയും ചെയ്യുന്നവര്‍
  18. ലോക്കല്‍ ട്രെയിനില്‍ ജനാലയില്‍ കയറി യാത്ര ചെയ്യുന്നവര്‍

നിങ്ങളുടെ മനസ്സില്‍ ഇനിയും ഉള്‍പ്പെടുത്തേണ്ട നിബന്ധനകള്‍ ഉണ്ടെന്ന് തോന്നിയാല്‍ എഴുതാന്‍ മറക്കരുത് എന്നു മാത്രം അറിയിച്ചുകൊണ്ട്

സസ്നേഹം

5 comments:

Satheesh said...

സംഗതി കലക്കി. ഇതൊള്ളതാണോ?! :-)
നാലാം പക്കം ICICI യുടെ സീനിയര്‍ മാനേജറാവാന്‍ വേണ്ടി vrs എടുത്ത ഒരു SBI മാനേജറെ എനിക്കറിയാം!

Murali K Menon said...

സ്വയം വിരമിക്കലിന്റെ നിബന്ധനകള്‍ വായിക്കുമ്പോള്‍ ഇതു പോരാ ഇനിയും എഴുതാനുണ്ട് എന്നു തോന്നുന്നെങ്കില്‍ എഴുതി ചേര്‍ക്കാന്‍ മറക്കരുത് എന്നു മാത്രം പറഞ്ഞുകൊണ്ട് അടുത്ത പോസ്റ്റിംഗ് വരേക്കും വിട... സസ്നേഹം മുരളി

Murali K Menon said...

ചുമ്മാ ഒരു തമാശ എന്റെ സതീഷ്, കണ്ടില്ലേ ഇപ്പോള്‍ സതീഷിനും അറിയാം അത്തരം ഒരാളെ...

മെലോഡിയസ് said...

ഇത് കൊള്ളാമല്ലോ മുരളി ചേട്ടാ..എനിക്ക് ഇതില്‍ ചേര്‍ക്കാനുള്ളത് ഇപ്പൊ ഒന്നും കിട്ടുന്നില്ല..ഒരു ജോലിയില്‍ കയറിയിട്ട് വല്ലതും വരികയാണെങ്കില്‍ ഒന്ന് നോക്കാം..(ചുമ്മാ പറഞ്ഞതാ)

Unknown said...

Dear Murali, Very nice. I didn't know about this until Leena told me. Regards,
Unni (Mapranam)