Tuesday, July 17, 2007

പോളേട്ടനും പിണ്ടി പെരുന്നാളും

എന്റെ അയല്‍‌വാസിയായ പോളേട്ടന് പലചരക്കു കച്ചവടമാണ്. എല്ലാവരുടേയും കടകള്‍ ഞായറാഴ്ച അടയ്ക്കുമ്പോഴും പോളേട്ടന്റെ പീടിക തുറന്നീട്ടുണ്ടാവും. കാലത്ത് 8 മണി മുതല്‍ രാത്രി 9 മണിവരെയും ജോലി ചെയ്യുക എന്നതാണ് പോളേട്ടന്റെ ശീലം. ഉദ്ദേശം 40 വയസ്സുള്ള പോളേട്ടന്‍ മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നു. മീശയുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നു പറയാനും, ഇല്യേ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയാനും കഴിയുന്ന തരത്തില്‍ ഒരു നേരിയ വര മേല്‍ചുണ്ടിനു മുകളില്‍ ഉണ്ടായിരുന്നു. കാര്യമായ് ആരോടും സംസാരിക്കില്ല. പീടികയില്‍ ചെന്നാല്‍ പരിചയക്കാരനാണെങ്കില്‍ ഒന്നു ചിരിക്കും. പറ്റുകാരനാണെങ്കില്‍ പറ്റ് അധികമായിട്ടുണ്ടോ എന്ന് നോട്ടുബുക്കെടുത്ത് പരിശോധിക്കും. അധികമാണെങ്കില്‍ പറയും, “അതേയ് കാശ് കൊറച്ചായിട്ട്ണ്ട്‌ട്ടാ, കൊറേശ്ശെ അടച്ചടച്ച് പോയില്ലെങ്ങേ അതു പിന്നെ പ്രകിണ്യാവും”. പോളേട്ടന്റെ ഭാര്യ റോസി പശുവിനെ പരിപാലിക്കലും മറ്റു വീട്ടു പണികളുമായ് പോളേട്ടനേക്കാള്‍ തിരക്കിലായിരുന്നതുകൊണ്ട് ഭര്‍ത്താവിനെ കാത്തിരുന്നു കണ്ണുകഴച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല. അവര്‍ക്ക് ഒരാണും, ഒരു പെണ്ണുമായ് രണ്ടു കുട്ടികള്‍ ആരേയും ശ്രദ്ധിക്കാതെ പരസ്പരം കളിച്ചു ചിരിച്ചു ജീവിച്ചു. ഇവര്‍ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരേ ഒരു പരിപാടിയാണ് ഇരിങ്ങാലക്കുട പള്ളിയിലെ പിണ്ടി പെരുന്നാള്‍. അന്നേ ദിവസം മാത്രം പീടിക തുറക്കാതെ മുഴുവന്‍ ദിവസവും റോസിക്കും കുട്ടികള്‍ക്കും വേണ്ടി നീക്കി വെക്കാന്‍ പോളേട്ടന്‍ ശ്രദ്ധിച്ചിരുന്നു. കാലത്ത് നേരത്തേ എഴുന്നേറ്റ് പള്ളിയില്‍ പോകും. പള്ളി പറമ്പിലെ കച്ചവടക്കാരില്‍ നിന്നും കുട്ടികള്‍ക്ക് എന്തുവേണമെങ്കിലും വാങ്ങിക്കൊടുക്കും. ഉച്ചക്ക് പോളേട്ടനും റോസിയും ആരും കാണാതെ ഒരുമിച്ച് കള്ളു കുടിക്കും. രണ്ടു തരം ഇറച്ചിയെങ്കിലും ഊണിനുണ്ടാവാന്‍ പോളേട്ടന്‍ പ്രത്യേകം ശ്രദ്ധിക്കും. അതുകൊണ്ടു തന്നെ പിണ്ടി പെരുന്നാള്‍ റോസിക്കും കുട്ടികള്‍ക്കും മറ്റേതൊരു ആഘോഷത്തേക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു.

അങ്ങനെ കാത്തുകാത്തിരുന്ന പിണ്ടി പെരുന്നാള്‍ വന്നു. പോളേട്ടന്‍ പതിവുപോലെ കാഷ്വല്‍ ലീവെടുത്ത് റോസിയേയും പിള്ളേരേയും കൂട്ടി പള്ളിയില്‍ പോയി. പള്ളിയിലെ ഒരു നിത്യസന്ദര്‍ശകനല്ലാത്തതുകൊണ്ട് അച്ചന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ പോളേട്ടനു മടിയായിരുന്നു. അതുകൊണ്ട് പിന്നിലെ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ സ്ഥാനമാണ് പോളേട്ടന്‍ തിരഞ്ഞെടുത്തത്. കുര്‍ബ്ബാന തുടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പോളേട്ടന്‍ രണ്ടാള്‍ക്കപ്പുറം നില്‍ക്കുന്ന വര്‍ഗ്ഗീസിനെ കണ്ടത്. കഴിഞ്ഞ മാസത്തെ പറ്റു തരാതെ മുങ്ങി നടക്കുകയായിരുന്നു വര്‍ഗ്ഗീസ്. പോളേട്ടന്‍ വേഗം രണ്ടുപേരുടേയും അപ്പുറത്തേക്ക് വലിഞ്ഞു നീങ്ങി വര്‍ഗ്ഗീസിന്റെ തോളോടു ചേര്‍ന്നു നിന്നു. പോളേട്ടനെ കണ്ട് വര്‍ഗ്ഗീസ് അബദ്ധത്തില്‍ അപ്പി ചവിട്ടിയതുപോലെ അനങ്ങാന്‍ വയ്യാതെ അറച്ചു നിന്നു. പോളേട്ടന്‍ ശബ്ദം താഴ്ത്തി ചോദിച്ചു,
“കഴിഞ്ഞ മാസത്തെ കാശിതുവരെ കിട്ടീട്ടില്യാട്ടാ”
വര്‍ഗ്ഗീസ് (ശബ്ദം താഴ്ത്തി): നല്ല ഓര്‍മ്മിണ്ട്.
പോളേട്ടന്‍: (ശബ്ദം കുറച്ച് കൂട്ടി): ഓര്‍മ്മില്യാണ്ടിരിക്കാന്‍ മാത്രം പ്രായൊന്നും ആയിട്ടില്ലല്ലോ നെനക്ക്. നീ കളിക്കാണ്ട് കാശെപ്പഴാ തര്വാന്നു പറ
വര്‍ഗ്ഗീസ്: (ശബ്ദം ഒന്നു കൂടി താഴ്ത്തി): പതുക്കെ പറ പോളേട്ടാ, ആള്‍ക്കാരു കേക്കും. ഞാനെങ്ങടും ഓടിപ്പോണൊന്നും‌ല്യ.
പോളേട്ടന്‍: (പള്ളിയ്ക്കുള്ളിലാണെന്നതു മറന്ന്) നീ ഓട്വേ, ചാട്വേ എന്തുവേണംങ്കിലും ചെയ്തോ, പിണ്ടി പെരുന്നാളായിട്ട് ചെലവൊള്ളതാ, നീ കാശെടുത്തേന്‍.

ആളുകള്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നു. വര്‍ഗ്ഗീസ് ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നു കാണിക്കുവാന്‍ എല്ലാവരേയും നോക്കി ചിരിക്കുന്നു. അതു കണ്ട് പോളേട്ടനു ദേഷ്യം വന്ന്

പോളേട്ടന്‍: നീ ഉന്തൂട്ടാണ്ടാ പൊട്ടന്‍ ഡാഷ് കണ്ട പോലെ ചിരിക്കണേ, ഇതു നല്ല കൂത്ത്, കാശെടുക്കാന്‍ പറയുമ്പോ നിന്ന് ചിരിക്ക്വേ

ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ മാത്രമല്ല, വികാരിയച്ചന്റെ ശ്രദ്ധയും അങ്ങോട്ടു തിരിഞ്ഞതു കണ്ട് പോളേട്ടന്‍ അല്പം ശാന്തനാവുന്നു. വികാരിയച്ചന്‍ തന്റെ പ്രസംഗം ഒന്നു നിര്‍ത്തി, പിന്നില്‍ നില്‍ക്കുന്നവര്‍ കേള്‍ക്കാനായ് പറഞ്ഞു, “ഞാനിവിടെ ഒരു കാര്യാ‍യിട്ടുള്ള കാര്യം പറയുമ്പോ, പുറകില്‍ നിന്ന് നാട്ടുവര്‍ത്താനം പറയുന്നത് അത്ര ശരിയല്ല. അതുപോലെ കുട്ടികളോടിക്കളിക്കാതെ ഒരു ഭാഗത്തിരിക്കണം”.
പോളേട്ടന്‍ വര്‍ഗ്ഗീസിന്റെ കയ്യില്‍ തോണ്ടി. വര്‍ഗ്ഗീസ് പറഞ്ഞു, “എറച്ചി കടേല് കാണാം”
പോളേട്ടന്‍: കണ്ടാ പോരാ, കാശു കൊണ്ടരണം
വര്‍ഗ്ഗീസ്: ങാ ശരി, മിണ്ടാണ്ടിരിക്ക്

കുര്‍ബ്ബാന കഴിഞ്ഞ് അച്ചന്‍ വിളിപ്പിക്കണേനു മുന്നേ റോസ്യേം പിള്ളേരേം കൂട്ടി പോളേട്ടന്‍ വീട്ടിലേക്കു പോന്നു. അതിനെടക്ക് വര്‍ഗ്ഗീസ് മുങ്ങിയിരുന്നു. ഉച്ചക്ക് പതിവുപോലെ റോസീം പോളേട്ടനും വീശി ഉഷാറായി. സന്ധ്യക്ക് പ്രദക്ഷിണം കാണാന്‍ എല്ലാവരും യാത്രയാവുമ്പോഴാണ് റോസിയുടെ ഒരേ ഒരു കുഞാങ്ങളയും പോളേട്ടന്റെ ഒരേ ഒരു അളിയനുമായ പട്ടാളത്തിലുള്ള ഫ്രാന്‍സിസ് കേറി വന്നത്. ജന്മനാല്‍ തന്നെ പേരിനു ലോപസന്ധിയും, ആഗമനസന്ധിയും ഒരേ സമയം പിടി പെട്ടതിനാല്‍ അയാള്‍ എല്ലാവര്‍ക്കും പ്രാഞ്ചിയായി മാറിയിരുന്നു. ഏകദേശം പത്തിരുപത്തൊമ്പതു വയസ്സുള്ള പ്രാഞ്ചി ശരീരപ്രകൃതിയില്‍ പോളേട്ടനു കടകവിരുദ്ധമായിരുന്നു. ഒത്ത ഉയരവും തടിയും കട്ടിയുള്ള മീശയും. വന്ന പാടെ പ്രാഞ്ചി വെടിപൊട്ടിക്കുന്ന തരത്തില്‍ പറഞ്ഞു, “ഹയ്, ഇതെന്തൂട്ടിനണ് എല്ലാരും കൂടി ത്ര നേര്‍ത്തേ അങ്ങട് പോണത്, പ്രദക്ഷണം തൊടങ്ങാന്‍ നേരെത്ര്യാ കെടക്കണേ”.
പോളേട്ടന്‍: നീ വന്നട്ട് പീട്യേല് കേറി നിന്റെ തിരുമോന്ത ഒന്നു കാട്ട്യതല്ലാതെ പിന്നെ നിന്നെ ഇങ്ങട് കണ്ടില്യല്ല.
റോസി: അവന്‍ ഇവടെ ഒന്നു രണ്ടു പ്രാശം വന്നട്ട്ണ്ടായിരുന്നു. അതിനു പാതിരക്ക് വരണ നിങ്ങളെങ്ങന്യാ അവനേ കാണണേ..
പ്രാഞ്ചി: അങ്ങന്യങ്ങട് പറഞ്ഞു കൊട്ക്ക് റോസ്യേച്ച്യേ.. അതേയ് പിണ്ടിപെരുന്നാളായിട്ട് നമുക്കൊന്നുഷാറാവണ്ടേ, റോസ്യേച്ചിം പിള്ളേരും പൊക്കോട്ടെ, നമുക്കങ്ങടെത്ത്യാ പോരേ.
പോളേട്ടന്‍ (റോസിയെ നോക്കി): അതു പിന്നെ
റോസി: രണ്ടാളും പോണതൊക്കെ കൊള്ളാം - പ്രദക്ഷിണം തൊടങ്ങുമ്പഴക്കും ആള്‍ക്കാരെക്കൊണ്ടു പറേപ്പിക്കാതെ അങ്ങടെത്തണം.
പ്രാഞ്ചി: അതു പിന്നെ പറയണോ, ഞാനില്ലേ കൂടേ
റോസി: അതോണ്ടാ എന്റെ പേടി
പ്രാഞ്ചി: നീ ഒന്നു പോടി റോസ്യേച്ച്യേ...
റോസിയും കുട്ട്യോളും ചിരിച്ചു വീടു പൂട്ടി പുറത്തേക്ക് നടന്നു. പോളേട്ടനും പ്രാഞ്ചിയും കൂടെ കവല വരെ നടന്നു. പിന്നെ പോളേട്ടനും പ്രാഞ്ചിയും കൂടി ഷാപ്പിലേക്കു നടന്നു. നടക്കുമ്പോള്‍ പ്രാഞ്ചി പറഞ്ഞു, “ഞാന്‍ മിലിട്ടറി ക്വോട്ടയില്‍ ഒരു കുപ്പി പോളേട്ടനു കരുതീരുന്നതാ, അതാ ലോനപ്പന്‍ കാലത്തു തന്നെ നല്ല വെല തന്ന് വാങ്ങീട്ടുപോയി. അപ്പ തൊട്ട് ഒരു കുറ്റബോധം. എന്നാ പിന്നെ അതു തീര്‍ത്തട്ട് തന്നെ കാര്യംന്ന് കരുതി. അതോണ്ടാ ഇപ്പ തന്നെ കൂടാന്നു കരുതീത്. പോളേട്ടന്‍ ഒന്നും മിണ്ടിയില്ല, മനസ്സില്‍ റോസ്യേം പിള്ളേരെം തന്നെ വിടേണ്ടി വന്നല്ലോ എന്ന വിചാരമായിരുന്നു.

രണ്ടുപേരും കുടി തുടങ്ങി. പ്രാഞ്ചി പട്ടാളക്കഥകളുടെ കെട്ടഴിച്ചു, ഓരോ വെടി പൊട്ടിക്കുന്നതിനിടയിലും പോളേട്ടന്‍ പിണ്ടിപെരുന്നാളിന്റെ പ്രദക്ഷിണം തൊടങ്ങുമ്പോഴേക്കും പള്ളിയിലെത്തേണ്ടതിന്റെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടുപേരും നല്ലവണ്ണം പൂസായി. ഒരു കുപ്പി കള്ള് ബാക്കിയായി. പ്രാഞ്ചി കുപ്പിയെടുത്ത് പോളേട്ടന്റെ മുമ്പിലേക്ക് നീക്കി വച്ച് നിര്‍ബ്ബന്ധിച്ചു.
പ്രാഞ്ചി: ഇതങ്ങട് എട്ത്ത് അടിച്ചേന്‍
പോളേട്ടന്‍: എനിക്ക് പിണ്ടി പെരുന്നാള് കാണണ്ടതാ, ഇപ്പന്നെ നല്ലോണായി
പ്രാഞ്ചി: എന്റെ ഒരു സന്തോഷത്തിനല്ലേ, പോളേട്ടന്‍ അടിച്ചേന്‍, )(വലതു കൈകൊണ്ട് മീശ തലോടി വീണ്ടും പ്രാഞ്ചി പറഞ്ഞു), അടിക്ക് പോളേട്ടാ
പോളേട്ടന്‍: അതേ റോസിക്കതൊന്നും ഇഷ്ടാവില്യ, ബാ മ്മക്ക് പുവ്വാ
പ്രാഞ്ചി: റോസി എന്റെ പെങ്ങളാ, എനിക്കവളെ അളിയനു മുമ്പേ അറിയാം അതോണ്ട് റോസീടെ പേരു പറഞ്ഞൊഴിയണ്ടാ, പോളേട്ടനതങ്ങട് എടുത്തു പൂശ്യേന്‍.
പോളേട്ടന്‍: അതും കൂടി കുടിച്ചാ ഞാനിവടെ വീഴും. അപ്പ പിന്നെ പിണ്ടി പെരുന്നാളെങ്ങന്യാ കാണ്വാ
പ്രാഞ്ചി: (പോളേട്ടനെ മുഖം തന്റെ മുഖത്തേക്ക് പിടിച്ച്) പോളേട്ടാ, ഇങ്ങട് നോക്ക്യേന്‍, ഈ തോളു കണ്ടാ, വെടികൊണ്ട് വീണു കെടക്കണ പട്ടാളക്കാരെ ഇഷ്ടം പോലെ ഈ തോളിലിട്ട് കൊണ്ടോയിട്ടൊള്ളതാ, ഇന്നട്ടല്ലെ പാറ്റ കനം‌ല്യാത്ത പോളേട്ടന്‍. ഞാനീ തോളിലിട്ത്ത് പോളേട്ടനെ പിണ്ടിപെരുന്നാള് കാണിക്കും. പോളേട്ടന്‍ അതെട്ത്ത് അടിച്ചേന്‍.
പോളേട്ടന്‍ ഒറ്റ വലിക്ക് കുപ്പി കാലിയാക്കുന്നു ബെഞ്ചിനും ഡെസ്ക്കിനുമെടക്ക് കമിഴ്ന്ന് വീഴുന്നു.
പ്രാഞ്ചി അത് നോക്കി അല്പനേരം ഇരുന്നു മീശ ഉഴിയുന്നു. പിന്നെ മുണ്ട് മടക്കി കുത്തി ബെഞ്ച് പിടിച്ചകത്തി എഴുന്നേല്ക്കുന്നു. അകത്തേക്കു നോക്കി വിളിക്കുന്നു.
പ്രാഞ്ചി: ടാ വേണു, പേളേട്ടന്‍ ഇവടെ വീണു കെടക്ക് ണ്ണ്ട്ട്ടാ, നീ ഷാപ്പ് പൂട്ടുമ്പോ എട്ത്ത് പൊറത്ത് വച്ചേക്ക്, ഞാന്‍ പിണ്ടിപെരുന്നാള് കണ്ട് വരുമ്പോ കൊണ്ടക്കോളാം.

പ്രാഞ്ചി മീശയുഴിഞ്ഞ് പുറത്തേക്കിറങ്ങി...

13 comments:

മുരളി മേനോന്‍Murali Menon said...

ഇത് പോളേട്ടന്റെ മാത്രം അനുഭവമല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? അറിയിക്കുമല്ലോ?
സസ്നേഹം
മുരളി

കുട്ടന്മേനൊന്‍ | KM said...

ഹ ഹ ഹ. ഇതു കലക്കി മുരളിച്ചേട്ടാ..
നര്‍മ്മവും തുടങ്ങി അല്ലേ..പോളേട്ടന്‍ മ്മടെ ഐ.പി. പോളേട്ടനാണോ ?

ദില്‍ബാസുരന്‍ said...

ഹ ഹ ഹ... സംഭവം രസായിട്ടുണ്ട്. പള്ളിയിലെ പ്രശ്നമാവും ക്ലൈമാക്സിലും വരുക എന്ന് പ്രതീക്ഷിച്ചു.

Dinkan-ഡിങ്കന്‍ said...

:) കൊള്ളാം

kaithamullu : കൈതമുള്ള് said...

മുരളിയേട്ടാ‍,

ദേ, ഈ പോളേട്ടനും പ്രാഞ്ചീം റോസ്യേട്ടത്തീം ഒക്കെ അല്പം ചില പേരുവ്യത്യാസങ്ങളോടെ ഞങ്ങടെ അയലോക്കത്ത് ണ്ടാ‍ര്‍ന്ന്, ട്ടാ!

കേട്ടു മറന്ന ഈ പ്രയോഗങ്ങള്‍ മറക്കില്ല:

-നീ ഉന്തൂട്ടാണ്ടാ പൊട്ടന്‍ ഡാഷ് കണ്ട പോലെ ചിരിക്കണേ..

-നീ ഒന്നു പോടി റോസ്യേച്ച്യേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്.. കലക്കി.

Visala Manaskan said...

ഹഹഹ...

ഇത് നേരിട്ട് കേട്ട ഒരേയൊരു ഭാഗ്യവാന്‍ ഞാനാണ്.. ഞാനാണ്.. ഞാന്‍ മാത്രമാണ്!

വണ്ടര്‍ഫുള്‍!

കുറുമാന്‍ said...

വിശാലന്‍ മാത്രമല്ല ഞാന്നും കണ്ടിട്ടുണ്ട്, ഇരിങ്ങാലക്കുടക്കാരനായിട്ട് പിണ്ടിപെരുന്നാള്‍ അനുഭവമില്ല എന്നുപറഞ്ഞാല്‍ :)

വേണു venu said...

പാവം പോളേട്ടന്‍. ഷാപ്പു പൂട്ടുമ്പോ വെളിയിലെടുത്തു വച്ചേരെ...ഹാഹാ..മാഷേ നര്‍മ്മവും വഴങ്ങുമല്ലോ.:)

മുക്കുവന്‍ said...

പോളേട്ടനെ കണ്ട് വര്‍ഗ്ഗീസ് അബദ്ധത്തില്‍ അപ്പി ചവിട്ടിയതുപോലെ അനങ്ങാന്‍ വയ്യാതെ അറച്ചു നിന്നു

നല്ല എഴുത്ത് മാഷെ. ചിരിപ്പിച്ചു. ഞങ്ങള്‍ അന്‍പു തിരുനാളെന്നാ പറയാ...

മുരളി മേനോന്‍Murali Menon said...

പോളേട്ടന്റെ വിശേഷങ്ങള്‍ വായിച്ചവര്‍ക്കും കമന്റിട്ട ഒമ്പതു പേര്‍ക്കും (കുട്ടന്മേനോന്‍, ദില്‍ബു, ഡിങ്കന്‍, കൈതമുള്ള്, കുട്ടിച്ചാത്തന്‍, കുറുമാന്‍, വിശാലന്‍, വേണു, മുക്കുവന്‍) എന്റെ നന്ദി. അടുത്ത പോസ്റ്റിംഗ് വരെ ഒരു ചെറിയ ബ്രേക്ക്.

സസ്നേഹം മുരളി

അരവിശിവ. said...

മുരളിയേട്ടാ,

വായിയ്ക്കാന്‍ വൈകി...

പോളേട്ടന്‍ തകര്‍പ്പനായി..മനോഹരമായ വിവരണം..

ഇത്തരം കഥകള്‍ ഇനിയും പോരട്ടേയ്...

അരവിശിവ

Francis TP said...

..പണ്ട് കുന്നംകുളത്ത്..ഒരു അടിയന്തിര അറിയിപ്പുമായി ഒരു സുഹൃത്തിന്റെ കൂടെ പോകുന്നു ..ഒരു ബാറില്‍ കേറുന്നു..അപ്പോള്‍ കഴിഞ്ഞു പോകാറായി റപ്പായി എന്നൊരാള്‍ പോകാന്‍ തിരക്കില്‍ നില്‍ക്കുന്നു..എന്റെ സുഹൃത്തുമായി പഴയ സൗഹൃദം പങ്കിടുന്നു ..റപ്പായി വീണ്ടും കുടിക്കുന്നു റപ്പായി വീഴുന്നു തിരക്കിട്ട് പോകാനുണ്ടായിരുന്ന റപ്പായി വീഴുന്നു ..ഞങ്ങള്‍ എഴുന്നേറ്റു പോരുന്നു..എനിക്കിത് ഹാസ്സ്യമാടിട്ടല്ല ദുരന്തമായി ..മദ്യപന്റെ ദുരത കഥയായി തോനുന്നു ...നന്നായി തുടരണം