Friday, July 06, 2007

ദശാസന്ധി

ഭദ്രന്‍ പതിവുപോലെ പത്തുമണിക്കുതന്നെ ഓഫീസിലെത്തിയെങ്കിലും ഒരു മണിക്കൂറ്‍ കഴിഞ്ഞപ്പോഴേക്കും ലീവെഴുതിക്കൊടുത്ത്‌ പുറത്തിറങ്ങുകയാണുണ്ടായത്‌. ലീവ്‌ ലെറ്റര്‍ തയ്യാറാക്കുമ്പോഴൊക്കെ അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഓഫീസില്‍ പൊടുന്നനെ അയാള്‍ അപരിചിതനായി. "ഇങ്ങനെയൊക്കെയാണ്‌ തുടങ്ങുക, അല്ലേ" സഹപ്രവര്‍ത്തകര്‍ പരസ്പരം ചോദിച്ചു ചിരിച്ചു.


ഓഫീസില്‍ നിന്നിറങ്ങിയ അയാള്‍ റെയില്‍വേസ്റ്റേഷനില്‍ ഇനിയെങ്ങോട്ട്‌ എന്ന മട്ടില്‍ കുറേ നേരം നിന്നു. താന്‍ എന്തിനാണ്‌ ഇത്രയധികം വികാരാധീനനാവുന്നത്‌ എന്നയാള്‍ ചിന്തിക്കാതിരുന്നില്ല. ഇവിടെ പലര്‍ക്കും തോന്നാത്ത ഒരു സല്‍പ്രവര്‍ത്തി ഞാന്‍ ചെയ്തു. ഇതില്‍ മറ്റുള്ളവര്‍ ഇത്ര ആകാംക്ഷ കൊള്ളേണ്ട കാര്യമെന്താണ്‌? അത്രയ്ക്ക്‌ ശുഷ്കാന്തി ഉള്ളവരാണ്‌ ഈ മനുഷ്യരെങ്കില്‍ ഒരു പെണ്‍കുട്ടി നിസ്സഹായയായി തെരുവോരത്തു നിന്ന്‌ വിതുമ്പിക്കരയുമ്പോള്‍ സഹായഹസ്തം നീട്ടേണ്ടതല്ലേ? അങ്ങനെയൊന്നും തോന്നാത്തവര്‍ക്ക്‌ തന്റെ നേരെ വിരല്‍ ചൂണ്ടാന്‍ എന്തധികാരമാണുള്ളത്‌?


പ്ളാറ്റുഫോമില്‍ പലരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത ഒരു തമിഴു പയ്യന്‍ അവനേക്കാള്‍ വലിയൊരു ചാക്കും തോളിലേന്തി വലിച്ചെറിയപ്പെട്ട മിനറല്‍ വാട്ടര്‍ ബോട്ടിലുകളും, കപ്പുകളും തിരഞ്ഞ്‌ ട്രാക്കിലൂടെ നടക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ പുലമ്പുകയും, ഗോഷ്ടികള്‍ കാട്ടുകയും ചെയ്തിരുന്ന ഭദ്രനെ നോക്കി ഒരു നിമിഷം അവന്‍ നിന്നു. പിന്നെ ചാക്ക്‌ വലതുതോളിലേക്കു മാറ്റി മുന്നോട്ടുപോയി. തണ്റ്റെ അന്തര്‍സംഘര്‍ഷം പുറത്തേക്കു പ്രവഹിക്കാന്‍ തുടങ്ങിയ വിവരം മനസ്സിലാക്കിയ ഭദ്രന്‍ പ്ളാറ്റുഫോമിലെ പൊളിഞ്ഞുകിടന്നിരുന്ന ഒരു ബഞ്ചില്‍ ചാരി കണ്ണടച്ചിരുന്നു. ഒരു പ്ളാറ്റുഫോമിലും വണ്ടികള്‍ ഉണ്ടായിരുന്നില്ല, എങ്കിലും ശബ്ദമലിനീകരണം അനിവാര്യമെന്ന പോലെ വരാനിരിക്കുന്നതും, വരാത്തതുമായ നിരവധി ട്രെയിനുകളുടെ വരവിനേയും പോക്കിനേയും കുറിച്ച്‌ ഒരു സ്ത്രീ ശബ്ദം പല ഭാഷകളിലായി ടേപ്പില്‍ നിന്നൊഴുകിക്കൊണ്ടിരുന്നു. വല്ലപ്പോഴും വന്ന ട്രെയിനുകളില്‍ നിന്ന്‌ വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന വിധം ജനങ്ങള്‍ തിക്കിത്തിരക്കി പുറത്തുവന്ന്‌ ദീര്‍ഘശ്വാസം വിട്ട്‌ എങ്ങോട്ടോ അപ്രതക്ഷ്യമായി.


ഭദ്രന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആരാണു തന്നെ കുറ്റപ്പെടുത്തിയത്‌? ദുര്‍വ്യാഖ്യാനങ്ങളുണ്ടാകുമെന്ന ഭയം മാത്രമല്ലേ തന്നെ ഇപ്പോള്‍ ഭരിക്കുന്നത്‌. മനസ്സാക്ഷിയുമായ്‌ മല്ലിട്ടുകൊണ്ടയാള്‍ കണ്ണടച്ചുതന്നെ ഇരുന്നു. അയാളുടെ മനസ്സില്‍ തലേദിവസം രാത്രി നടന്ന സംഭവങ്ങള്‍ തെളിഞ്ഞുവന്നു.


ഓഫീസില്‍ നിന്നും പ്രധാനപ്പെട്ട കുറച്ചു ജോലികള്‍ ചെയ്തുതീര്‍ത്ത്‌ ഇറങ്ങുമ്പോള്‍ രാത്രിയായിക്കഴിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ രാത്രി യാത്ര ചെയ്യരുതെന്ന്‌ സര്‍ക്കാരിനു പിടിവാശിയുള്ളതുകൊണ്ടായിരിക്കും ഒമ്പതു മണി കഴിഞ്ഞാല്‍ പിന്നെ ലോക്കല്‍ ബസ്സുകളോ, ട്രെയിനുകളോ സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളോ, ബസ്സുകളോ മാത്രമാണ്‌ വീട്ടിലെത്തിപ്പെടാനുള്ള ആശ്രയം. ഒടുവില്‍ വയനാട്ടിലേക്കു പോകുന്ന ഒരു ബസ്സാണ്‌ കിട്ടിയത്‌. സര്‍ക്കാരിനിഷ്ടമില്ലെങ്കിലും ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കമ്പിയില്‍ തൂങ്ങി നിന്നു. നിരങ്ങി നീങ്ങി ഒരു മണിക്കൂറുകൊണ്ട്‌ ആലുവായിലെത്തുമ്പോള്‍ ഇറങ്ങാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 

ബസ്സ്റ്റാന്റ്റില്‍ നിന്നും പുറത്തുകടന്ന്‌ റെയില്‍ ക്രോസ്‌ ചെയ്ത്‌ ചെറിയ ഒരു ഇടവഴിയിലൂടെ നടന്നാല്‍ തന്റെ വാസസ്ഥലത്തേക്കുള്ള ഒരു ഇടുങ്ങിയ ചെമ്മണ്‍പാതയായി. കുടിവെള്ളം വരുന്ന പൈപ്പു പൊട്ടി വെള്ളം അവിടവിടെയായി തളം കെട്ടി കിടന്നിരുന്നു. തെരുവുവിളക്കുകള്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ചൊരിഞ്ഞ്‌ അന്തസ്സോടെ നിലകൊണ്ടു. പാന്റിന്റെ അടിഭാഗം ചെമ്മണില്‍ കുതിരാതിരിക്കാന്‍ മുകളിലോട്ട്‌ അല്‍പ്പം ചുരുട്ടി വെച്ച്‌ വെള്ളത്തില്‍ ചവിട്ടാതെ ശ്രദ്ധിച്ചു നടന്നു. തന്റെ പുറകില്‍ കുറച്ചകലെയായ്‌ വെള്ളം ചവിട്ടിത്തെറിപ്പിച്ച്‌ ഒന്നുരണ്ടുപേര്‍ വരുന്നതയാളറിഞ്ഞു. കുറച്ചുകൂടി മുന്നോട്ടുനടന്നപ്പോള്‍ വിളക്കുകാലിനോടു ചേര്‍ന്ന്‌ ഒരു സ്ത്രീ രൂപം. ഒരു പക്ഷെ ആള്‍ത്തിരക്കില്ലാത്ത ഈ വഴിയില്‍ കുറേ നേരമായിട്ടെങ്കിലും അവള്‍ നില്‍ക്കുന്നുണ്ടായിരിക്കണം. അസമയത്ത്‌ അതും ഒരു സ്ത്രീ തെരുവോരത്തു നില്‍ക്കുന്നത്‌ എന്തായാലും സദുദ്ദേശ്യത്തോടെ ആയിരിക്കില്ലെന്നു തോന്നിയതുകൊണ്ട്‌ താന്‍ അവളെ ശ്രദ്ധിക്കാതെ വേഗം നടന്നു. 


അവളെ കടന്നു മുന്നോട്ടുപോയതും "ചേട്ടാ" എന്നവള്‍ ദയനീയമായി വിളിച്ചതുപോലെ തോന്നി. തിരിഞ്ഞുനോക്കാതിരിക്കാനായില്ല. താന്‍ തിരിഞ്ഞു നിന്നതും അകലെ നിന്നു വന്നിരുന്നവര്‍ അപ്രതക്ഷ്യരായി. ഇതെന്താ താന്‍ സ്വപ്നം കാണുകയാണോ എന്നുപോലും ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. സ്ത്രീ രൂപം തനിക്കഭിമുഖമായി വന്നു നിന്നു. ഏതാണ്ട്‌ പത്തിരുപത്തഞ്ചു വയസ്സു പ്രായം തോന്നും, അല്‍പ്പം മാദകത്വമുള്ള അവള്‍ ധരിച്ചിരുന്നത്‌ വളരെ പഴകിയ സാരിയും ഇറുകിപ്പിടിച്ച ഒരു ബ്ളൌസുമാണ്‌. ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ലെങ്കിലും അവള്‍ സുന്ദരിയായിരുന്നു. ഒരു രക്ഷകനെ കണ്ടു കിട്ടിയമാതിരി അവള്‍ കുറച്ചുകൂടി ചേര്‍ന്നു നിന്നു. താനപ്പോള്‍ രണ്ടടി പുറകോട്ടു മാറി നിന്നു. അവള്‍ വിറക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംസാരിക്കുമ്പോള്‍ വിറയലാര്‍ന്ന വാക്കുകള്‍ വികൃതമായി. കുറച്ചുനേരമായ്‌ രണ്ടുപേര്‍ പിന്തുടരുന്നുവെന്നും അവര്‍ അവളെ ഉപദ്രവിക്കുന്നതില്‍ നിന്നു രക്ഷപ്പെടുത്താനുമാണ്‌ തന്റെ മുമ്പില്‍ നില്‍ക്കുന്നതെന്ന്‌ മനസ്സിലായപ്പോള്‍ ധൈര്യമായ്‌ തന്റെ കൂടെ മുന്നോട്ടു നടക്കാന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം തന്റെ സഹോദരി ഗോമതിയുടെ രൂപമാണ്‌ മനസ്സില്‍ തെളിഞ്ഞത്‌. ഒരുപക്ഷെ അതായിരിക്കണം ഏതു സ്വഭാവക്കാരിയാണെന്നുപോലും ആലോചിക്കാതെ അവളെ രക്ഷിക്കാന്‍ താന്‍ തയ്യാറായത്‌.


തന്നോട്‌ ഒട്ടിച്ചേര്‍ന്നാണവള്‍ നടന്നത്‌. തീര്‍ത്തും വാടാത്ത മുല്ലപ്പൂക്കള്‍ അപ്പോഴും അവളുടെ തുമ്പുകെട്ടിയിട്ട മുടിയില്‍ നിന്ന്‌ സുഗന്ധം പരത്തിയിരുന്നു. പക്ഷെ തനിക്കെന്തോ അസ്വസ്ഥതയാണ്‌ തോന്നിയത്‌. വേനലില്‍ രാത്രിയും ചൂടിനൊട്ടും കുറവുണ്ടായിരുന്നില്ല. അയല്‍വീടുകളില്‍ ഭക്ഷണം കഴിഞ്ഞ്‌ മുറ്റത്ത്‌ കസേരയിട്ട്‌ കാറ്റുകൊള്ളുന്നവര്‍ അര്‍ത്ഥം വെച്ച്‌ നോക്കുകയും അടക്കിപ്പിടിച്ച്‌ ചിരിക്കുകയും ചെയ്തത്‌ തനിക്ക്‌ അലോസരമുണ്ടാക്കി. താന്‍ തല കുമ്പിട്ട്‌ വേഗം നടന്നു. വീട്ടില്‍ കയറി ലൈറ്റിട്ട്‌ വാതില്‍ സാക്ഷയിട്ടപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. അപ്പോഴാണ്‌ താനവളെ ശരിക്കും കാണുന്നത്‌. വിയര്‍ത്തൊട്ടിയ ബ്ളൌസും സാരിയും അവിടവിടെ കീറിയിരിക്കുന്നു. പൊട്ടിയ നെറ്റിയില്‍ നിന്നും ചോരയൊലിച്ച്‌ കുങ്കുമവുമായ്‌ പടര്‍ന്നിരുന്നു. കസേരയിലും മുറിയിലും ചിന്നിച്ചിതറിക്കിടക്കുന്ന പുസ്തകങ്ങളും മറ്റും ഒതുക്കി വെച്ച്‌ താന്‍ അവളെ കസേരയിലിരുത്തി. കുളിച്ച്‌ മാറ്റിയുടുക്കാന്‍ തന്റെ ലുങ്കിയും ഷേര്‍ട്ടും കൊടുത്തു. ഡെറ്റോളും പഞ്ഞിയുമെടുത്ത്‌ മുറിവു തുടക്കുകയും, മരുന്നു വെച്ചുകെട്ടുകയും ചെയ്തു. ചോറും, പരിപ്പുകറിയുമുണ്ടാക്കാന്‍ അവളും സഹായിച്ചു. അല്ല, ഭക്ഷണം തയ്യാറാക്കാന്‍ താനവളെ സഹായിച്ചു എന്നു പറയുന്നതാണ് ശരി. 

ഭക്ഷണം കഴിച്ച്‌ കിടക്കാനായ്‌ തന്റെ കട്ടിലും കിടയ്ക്കയും അവള്‍ക്കു കൊടുത്തു അല്‍പ്പം കാറ്റു കൊള്ളാനായ്‌ താന്‍ മുറ്റത്തേക്കിറങ്ങി നിന്നു. അയല്‍വാസികള്‍ പലരും കൂട്ടം കൂടി നിന്നു സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോഴും ചൂടു കാറ്റുതന്നെയായിരുന്നു. താന്‍ അകത്തുവന്ന്‌ കതകടച്ച്‌ ഉമ്മറത്തെ മുറിയില്‍ പായ വിരിച്ചു അകത്തെ മുറിയില്‍ ലൈറ്റ്‌ കത്തുന്നുണ്ടായിരുന്നതുകൊണ്ട്‌ അവള്‍ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി.. ഇനി എന്തെങ്കിലും ആവശ്യമുണ്ടാവുമോ? ചോദിച്ചീട്ടു കിടക്കാമെന്നു കരുതി മുറിയിലേക്കു ചെന്നു. അവള്‍ കട്ടിലില്‍ ചുമരും ചാരിയിരിക്കുകയായിരുന്നു. കണ്ണുനീര്‍ വീണ്‌ അവളുടെ കൈത്തണ്ട മുഴുവന്‍ നനഞ്ഞിരുന്നു. തനിക്ക്‌ എന്തൊക്കെയോ അവളോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അപ്പോഴത്തെ അവളുടെ ഭാവം തന്നെ അതിനനുവദിച്ചില്ല. താന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു, 

"സാര്‍ എന്തറിഞ്ഞീട്ടാണ്‌ എന്നെ കൂടെ കൊണ്ടുവന്നത്‌?" താനെന്തോ പറയാന്‍ ഭാവിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. അവള്‍ തുടര്‍ന്നു, "സാര്‍, ഞാന്‍ പിഴച്ചവളാണ്‌. എല്ലാ മാനക്കേടുകളും ഏറ്റുവാങ്ങിയ ഞാന്‍ മറ്റൊരാള്‍ക്ക്‌ മന:പൂര്‍വ്വം മാനക്കേടു വരുത്താന്‍ മുതിര്‍ന്നിട്ടില്ല സാര്‍. എണ്റ്റെ തൊഴിലിലും മാന്യത പുലര്‍ത്താനേ ഞാന്‍ ശ്രമിച്ചിട്ടുള്ളു. എനിക്കിഷ്ടമുള്ളവരെ മാത്രമേ ഞാന്‍ സ്വീകരിച്ചീട്ടുള്ളു. കാരണം ഈ തൊഴിലില്‍ എനിക്കു വിരക്തിയുണ്ടായാല്‍ എന്റെ രോഗിണിയായ അമ്മക്കും, കുഞ്ഞു സഹോദരങ്ങള്‍ക്കും പട്ടിണി കിടക്കേണ്ടിവരും. അവരുടെ മാന്യതയും എനിക്കു കാക്കേണ്ടത്‌ എന്റെ മാനക്കേടിലാണു സാര്‍". 

നിര്‍വ്വികാരമായാണവള്‍ അത്രയും പറഞ്ഞത്‌. അപ്പോള്‍ മനസ്സില്‍ തേങ്ങിയത്‌ താനായിരുന്നു.  പതറിയ സ്വരത്തിലാണെങ്കിലും താനവളൂടെ പേരു തിരക്കി. 'നിര്‍മ്മല' അവള്‍ പറഞ്ഞു. പിന്നെ കഥ തുടര്‍ന്നു, ഭാര്യ വേലക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതിന്റെ സങ്കടം തീര്‍ക്കാനായിരുന്നു ഇന്നലെ ഒരാള്‍ എന്നെ ഹോട്ടലിലേക്ക്‌ വിളിപ്പിച്ചത്‌. നല്ലൊരു സംഖ്യ മുന്‍കൂറ്‍ ആയി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അവിടെ ചെന്നപ്പോള്‍ ആ രാത്രി ഒരുത്സവമാക്കാന്‍ തയ്യാറായി നില്‍ക്കുന്നത്‌ കുറേ പേരാണെന്നു മനസ്സിലാക്കി രക്ഷപ്പെട്ട്‌ ഓടി വരികയായിരുന്നു സാര്‍.


ന്റെ മനസ്സില്‍ കനല്‍ക്കാറ്റടിച്ച്‌ ഉള്ളെല്ലാം വെന്തുരുകുന്നതുപോലെ തോന്നി. തനിക്കപ്പോള്‍ ലോകത്തെല്ലാറ്റിനോടും വെറുപ്പു തോന്നി. ഇതാണോ ജീവിതമെന്നു പറയുന്നത്‌. ഒന്നുറക്കെ കരയണമെന്നു തോന്നുമ്പോഴും അതിനു കഴിയാതിരിക്കുക, സ്വയം വിങ്ങിപ്പൊട്ടുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കാനായ്‌ വാക്കുകള്‍ പരതുക, പ്രകടനപരതയിലൊതുങ്ങുന്ന ഈ ജീവിതത്തെ ശപിക്കാനാണു തനിക്കു തോന്നിയത്‌. ഇനിയൊരുപക്ഷെ അച്ഛന്‍ പറയാറുള്ളത്‌ ശരിയാണെന്നു വരുമോ - ദശാസന്ധിയില്‍ ചിലതൊക്കെ അനുഭവിച്ചേ മതിയാവു അത്‌ മാറ്റാന്‍ ആരെക്കൊണ്ടും കഴിയില്ലെന്നുള്ളത്‌ - പച്ച കുപ്പിവളകള്‍ കിലുങ്ങുന്ന അവളുടെ കൈകള്‍ സാവാധാനം തന്നെ പുറകില്‍ നിന്നും പുണര്‍ന്നു. തന്റെ പുറത്തമരുന്ന മൃദുലതയില്‍ യുവത്വം അല്‍പ്പനേരം മയങ്ങി നിന്നു. പിന്നെ ഒരുള്‍വിളിയാലെന്നപോലെ താന്‍ അവളെ തട്ടി മാറ്റി. അപ്പോള്‍ അവളുടെ മുഭാവം പരിചയസമ്പന്നയായ ഒരു വേശ്യയുടേതാണെന്ന്‌ തോന്നി. തനിക്കപ്പോള്‍ നിയന്ത്രിക്കാനാവാത്ത കോപമാണുണ്ടായത്‌. പിന്നീടൊരു അലര്‍ച്ചയായിരുന്നു. 


"നീയെനിക്ക്‌ മരിച്ചുപോയ എന്റെ അനുജത്തിയെപ്പോലെയാണ്‌. ലൈറ്റണച്ച്‌ കിടന്നുറങ്ങ്‌, കാലത്ത്‌ കട തുറന്നതും വല്ല ചുരിദാറോ മറ്റോ വാങ്ങിത്തരാം. ഉടനെ സ്ഥലം വിട്ടോണം. പിന്നീടെന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുത്‌.". 


ന്റെ അപ്രതീക്ഷിതമായ കോപവും, സംസാരവുമൊന്നും അവള്‍ കാര്യമാക്കിയില്ല. താന്‍ കണ്ടുമുട്ടിയ ചെറുപ്പക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണയാളെന്നറിഞ്ഞ്‌ അവള്‍ മുറിയില്‍ പോയി കതകടച്ച്‌ കിടന്നു. രാത്രി കനത്തു. തനിക്കു കിടന്നീട്ടുറക്കം വന്നില്ല. വലിച്ചു വാരിയിട്ട മാഗസിനുകളിലൊന്നെടുത്ത്‌ വെറുതെ മറച്ചുനോക്കി. അപ്പോഴും തന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്‌ സഹോദരി ഗോമതിയുടെ രൂപമായിരുന്നു.


ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശരിക്കും നിര്‍മ്മലയെപ്പോലെ തോന്നിക്കുമായിരുന്നു. താന്‍ ജനിച്ച്‌ ആറുവര്‍ഷം കഴിഞ്ഞാണ്‌ ഗോമതി പിറന്നത്‌. അതുകൊണ്ടുതന്നെ എല്ലാവരും വളരെ ഓമനിച്ചാണ്‌ അവളെ വളര്‍ത്തിയത്‌. പാവം കുട്ടി. ജാതകവശാല്‍ അവള്‍ക്ക്‌ ചൊവ്വാദോഷമായിരുന്നത്രെ. തനിക്കതില്‍ തീര്‍ത്തും വിശ്വാസമില്ലായിരുന്നു. അല്ലെങ്കില്‍ എന്താണ്‌ വിശ്വസിക്കേണ്ടത്‌? മൂന്നുനേരവും സുഭിക്ഷമായ്‌ ആഹാരം കഴിച്ചിരിക്കുന്നവന്‌ ഭാവി അറിയാനുള്ള താത്പര്യം പോലെയല്ലല്ലോ ഏതെങ്കിലുമൊരു നേരം എന്തെങ്കിലും കഴിച്ച്‌ ക്ഷീണത്താല്‍ മയങ്ങിപ്പോയിരുന്ന തന്റെ അവസ്ഥ. വര്‍ത്തമാനകാലം തന്നെ മറികടക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ഭാവി അജ്ഞാതമായിരിക്കുന്നതാണ്‌ ഉത്തമമെന്ന്‌ താന്‍ വിശ്വസിച്ചു. 


ഗോമതിക്ക്‌ താന്‍ ചേട്ടനും ചങ്ങാതിയുമെല്ലാമായിരുന്നു. അവള്‍ തന്റെ കൂട്ടുകാരനുമായി ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോള്‍ അച്ഛന്റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട്‌ രജിസ്ട്രാഫീസില്‍ തന്റെ കൂട്ടുകാരുടെ സഹായത്തോടെ അവരുടെ വിവാഹം നടത്തിക്കൊടുക്കുമ്പോള്‍ സ്വയമേതോ സിനിമയിലെ ഹീറോ ആണെന്നു ധരിച്ചു. ജാതകം ചേര്‍ച്ചയില്ലെന്ന പരാതി മാത്രമേ അച്‌'ഛനുണ്ടായിരുന്നുള്ളു. 

"അവനീ കുടുംബം കുളംതോണ്ടും. അവന്റെ പോക്ക്‌ അത്ര ശരിയല്ലെന്ന്‌ ഞാന്‍ ആദ്യമേ പറഞ്ഞതാ". 

അച്‌'ഛന്‍ അമ്മക്ക്‌ കൊടുക്കുന്ന മുന്നറിയിപ്പുകള്‍. അതൊക്കെ കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചു. ഗോമതിയുടെ സന്തോഷത്തിനപ്പുറം താന്‍ മറ്റൊന്നും ചിന്തിച്ചിട്ടില്ല. പക്ഷെ കരുണയില്ലാതെ മരണം കടന്നുവന്നത്‌ എത്ര പെട്ടെന്നായിരുന്നു. ആദ്യപ്രസവത്തില്‍ തന്നെ അവളീ ലോകത്തോടു യാത്ര പറഞ്ഞു. രക്തസ്രാവമായിരുന്നെന്ന്‌ ഡോക്ടര്‍ വിധിയെഴുതി കൈ കഴുകി വീണ്ടും വെളുത്ത കോട്ടിട്ടുകൊണ്ട്‌ തണ്റ്റെ മുന്നിലൂടെ നടന്നുപോയി. തനിക്കു മുന്നില്‍ കുറേ നാള്‍ ഇരുട്ടുമാത്രമായിരുന്നെന്ന്‌ തോന്നി.


"കര്‍മ്മഫലം അനുഭവിച്ചുതന്നെ തീരണം, ഇനിയെങ്കിലും ഞാന്‍ പറയണതുകേട്ട്‌ ജീവിക്കാന്‍ പറയാ" 

അച്‌'ഛന്‍ വീണ്ടും അമ്മയിലൂടെ അയയ്ക്കപ്പെടുന്ന മുന്നറിയിപ്പുകളെല്ലാം കേട്ട്‌ താന്‍ കട്ടിലില്‍ ചുരുണ്ടുകൂടി കിടന്നു. ജോത്സ്യത്തില്‍ മാത്രം വിശ്വസിച്ചിരുന്ന അച്ഛന്‍ എപ്പോഴും തന്നെ അപരാധിയായ്‌ കണ്ടു. മറ്റു പോംവഴികളില്ലാതെ അമ്മയും അച്‌'ഛനെ ശരിവെച്ചു. ദിവസങ്ങളോളം പുറം ലോകവുമായ്‌ യാതൊരു ബന്ധവുമില്ലാതെ ഒരു രഹസ്യസങ്കേതത്തില്‍ കഴിയുന്ന പ്രതീതിയായിരുന്നു. മനസ്സ്‌ തന്റെയും ഗോമതിയുടേയും കുട്ടിക്കാലങ്ങളില്‍ മേഞ്ഞു നടന്നതുകൊണ്ട്‌ അച്ഛന്റെ കുറ്റപ്പെടുത്തലുകളില്‍ അധികം വേദനിച്ചില്ല. തനിക്കും, ഗോമതിക്കും അച്‌'ഛനോടും അമ്മയോടും പ്രത്യേകമായ ഒരടുപ്പവും ഉണ്ടായിട്ടില്ല. മദ്യത്തിന്റെ രൂക്ഷഗന്ധവും, ചുവന്ന കണ്ണുകളും ആക്രോശങ്ങളിലൂടെയുമൊക്കെയായിരുന്നു കുട്ടികളായ ഞങ്ങള്‍ അച്ഛനെ അറിഞ്ഞിരുന്നത്‌. അതിനനുസരിച്ച്‌ പിന്നാക്കം മാറിനില്‍ക്കുക അമ്മയുടെ സ്വഭാവമായപ്പോള്‍, ഞങ്ങള്‍ തനിച്ചായി. കാര്യമായ വരുമാനമില്ലാതെ പ്രതാപങ്ങള്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അച്‌'ഛന്‍ കാരണമന്വേഷിച്ചത്‌ ജോത്സ്യത്തിലൂടെയായിരുന്നു.


ഉച്ചനേരങ്ങളില്‍ വയറിനുമീതെ ഇരിപ്പുറയ്ക്കാതെ ഊര്‍ന്നുവീഴുന്ന മുണ്ട്‌ കൂടുതല്‍ വരിഞ്ഞുമുറുക്കിയുടുത്ത്‌ അകത്തളത്തില്‍ തളര്‍ന്നിരിക്കുമ്പോഴും ഗോമതിയുണ്ടാകും അടുത്ത്‌, എന്തെങ്കിലും ഇല്ലാക്കഥകള്‍ പറഞ്ഞ്‌ സന്തോഷിപ്പിക്കാന്‍. നിത്യവൃത്തി കഷ്ടിയായിരുന്നപ്പോഴും അച്ഛന്‍ പൂമുഖത്ത്‌ ജോത്സ്യനെക്കൊണ്ട്‌ കവിടി നിരത്തി പ്രശ്നം വെപ്പിക്കുകയായിരിക്കും. മക്കളുടെ ഭാവി എന്താകുമെന്നറിയാനുള്ള ഒരു പിതാവിന്റെ ആകാംക്ഷ തനിക്കുള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഒരിക്കല്‍ അമര്‍ഷം നിയന്ത്രിക്കാനായില്ല. താന്‍ രണ്ടും കല്‍പിച്ച്‌ പൂമുഖത്തേക്ക്‌ ചെന്നു പറഞ്ഞു, 

"ജോത്സ്യനു കൊടുക്കുന്ന കാശുണ്ടെങ്കില്‍ വര്‍ത്തമാനകാലമെങ്കിലും രക്ഷപ്പെടുമായിരുന്നു." 

അച്‌'ഛന്റെ മുഖം ചുവന്നു തുടുക്കുമെന്നും എഴുന്നേറ്റുവന്ന്‌ തന്റെ കവിളത്തടിക്കുമെന്നും താന്‍ പ്രതീക്ഷിച്ചു. പക്ഷെ ആ മുഖത്ത്‌ അത്ഭുതമായിരുന്നു. ആദിത്യദശയില്‍ പിറന്ന ഭദ്രന്‍ ഒരു പേടിത്തൊണ്ടനായിരിക്കുമെന്ന ജോത്സ്യന്റെ പ്രവചനം പിഴച്ചുവോ എന്ന്‌ തെല്ലിടയെങ്കിലും അച്‌ഛന്‍ സന്ദേഹപ്പെട്ടിരിക്കണം. എല്ലാം ദശാഫലങ്ങളാണെന്ന്‌ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ ഇളിഭ്യനായ ജോത്സ്യന്‍ കവിടികള്‍ വാരി സഞ്ചിയിലിട്ടു. സംഖ്യ വാങ്ങി കീശയില്‍ തിരുകുമ്പോള്‍ മുമ്പേ പറഞ്ഞതിന്റെ തുടര്‍ച്ചയെന്നോണം കൂട്ടിച്ചേര്‍ത്തു, 

'വ്യാഴത്തിന്റെ ഒരു നോട്ടമുള്ളതുകൊണ്ട്‌ കുട്ടിക്കാലം കഴിയുന്തോറും പേടി മാറിക്കൂടായ്കയില്ല". 

നില നില്‍ക്കാന്‍ വ്യാഴം വെറുമൊരു ഊന്നുവടി. ഈ ഭദ്രനു വ്യാഴത്തിന്റെ നോട്ടം ആവശ്യമില്ലെന്ന്‌ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷെ അതിനുമാത്രം താന്‍ വളര്‍ന്നീട്ടില്ലെന്ന്‌ ആരോ മനസ്സിലിരുന്ന്‌ അറിയിക്കുന്നതുപോലെ. എപ്പോഴാണുറങ്ങിയതെന്നറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു. ഒരു നിമിഷം ഇതു തന്റെ വീടു തന്നെയല്ലേ എന്നു സംശയിച്ചുപോയി. കാരണം ഒട്ടു മിക്ക സാധനങ്ങളും വീട്ടില്‍ നിന്ന്‌ അപ്രതക്ഷ്യമായിരിക്കുന്നു. ഉടനെ തന്റെ മുറിയില്‍ പോയി നോക്കി, ഒഴിഞ്ഞ കട്ടിലിനരികെ കീറിയ ബ്ളൌസും, സാരിയും കിടന്നിരുന്നു. കിടക്കയില്‍ വാടിയ മുല്ലപ്പൂക്കള്‍ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. കാര്യങ്ങള്‍ പോലീസ്സ്റ്റേഷനില്‍ അറിയിച്ചീട്ട്‌ ഓഫീസില്‍ പോകേണ്ടതിനാല്‍ തിരക്കിട്ട്‌ ദിനചര്യകള്‍ നടത്തി വീടു പൂട്ടിയിറങ്ങി. അയല്‍വക്കത്ത്‌ മുറ്റമടിച്ചുകൊണ്ടിരുന്ന പെണ്ണുങ്ങള്‍ തന്നെ കണ്ട്‌ മുഖം വക്രിച്ച്‌ തിരിഞ്ഞു നിന്നു. എന്തൊരു ഗതികേടാണിത്‌, സത്യാവസ്ഥ എങ്ങനെ ബോധ്യപ്പെടുത്താനാണ്‌. ഇനിയിപ്പോള്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇന്‍സ്പെകടര്‍ എന്തൊക്കെയാണ്‌ ചോദിക്കുക. തിരിച്ചും മറിച്ചും തന്നെ വിസ്തരിക്കുമ്പോള്‍ തനിക്ക്‌ വ്യാഴത്തിന്റെ നോട്ടമുണ്ടാവുമോ? അതോ ആദിത്യദശയുടെ പ്രബലതയില്‍ കുടുങ്ങുമോ? ഒടുവില്‍ ഒന്നും വേണ്ടെന്നു വെച്ച്‌ നേരെ ഓഫീസിലേക്കു പോയി. ചെന്ന്‌ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട്‌, പ്യൂണ്‍ കൊണ്ടുതരുന്ന ചായ കുടിക്കുന്നതിനിടയില്‍ പത്രമെടുത്ത്‌ ഒരോട്ടപ്രദക്ഷിണം. രണ്ടാമത്തെ പേജിലൂടെ കണ്ണോടിക്കുമ്പോള്‍ യാദൃശ്ചികമായാണത്‌ കണ്ടത്‌ പരിചയമുള്ള ഒരു സ്ത്രീയുടെ ഫോട്ടോ, അതിനുതാഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ വിറച്ചുവിറച്ചാണു വായിച്ചത്‌. 

മാനഭംഗത്തിനുശേഷം കൊലപ്പെടുത്തിയ അജ്ഞാത സ്ത്രീയുടെ ജഡം റെയില്‍വേ ട്രാക്കില്‍. 

എയര്‍ക്കണ്ടീഷന്‍ ചെയ്ത ഓഫീസിലിരുന്ന്‌ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അത്‌ നിര്‍മ്മലയായിരിക്കരുതേ എന്ന്‌ വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പിന്നെ ലീവെഴുതിക്കൊടുത്ത്‌ ഒരൊറ്റ ഓട്ടമാണ്‌.


എവിടെ നിന്നോ ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിറയെ ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ ദിവസക്കൂലിക്കാരായ ജാഥക്കാരായിരുന്നു. ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ തൊണ്ടകീറി ഏറ്റുവിളിച്ച്‌ കൂലി പടയാളികള്‍ ഭദ്രനിരിക്കുന്ന സിമന്റു ബഞ്ചിനു മുന്നിലൂടെ കടന്നുപോയി. ഭദ്രന്‍ എഴുന്നേറ്റ്‌ അവര്‍ക്കെതിര്‍ ദിശയിലേക്ക്‌ നടന്ന്‌ റെയില്‍വേ ട്രാക്കിലിറങ്ങി. ട്രാക്കിലെ കോണ്‍ക്രീറ്റ്‌ സ്ളാബുകളില്‍ ചവിട്ടി അയാള്‍ ധൃതിയില്‍ നടന്നു. ഒരു പക്ഷെ ജഡം കണാനായേക്കും അയാള്‍ പിറുപിറുത്തുകോണ്ടിരുന്നു. എവിടെ നിന്നോ പാഞ്ഞുവരുന്ന ട്രെയിന്‍ അയാള്‍ക്കു തൊട്ടു പിറകിലായ്‌ കൂകിവിളിച്ചു. ആ ശബ്ദത്തിന്റെ പ്രതികരണം പോലെ അയാളില്‍ നിന്നും ഒരു ശബ്ദമുയര്‍ന്ന്‌ വായുവിലലിഞ്ഞു. പാളങ്ങള്‍ക്കകലെ ആദിത്യദശയില്‍ ജനിച്ച ഭദ്രന്‍ ഒരു ദശാസന്ധിയേയും ഭയക്കനില്ലാതെ കറുക പുല്ലുകള്‍ ചുംബിച്ചുകിടന്നു. 

- 0 -

10 comments:

മുരളി മേനോന്‍ said...

“ആകാശമിടിഞ്ഞുവീഴാന്‍ പോകുന്നു, എല്ലാവരും ഓടിക്കൊള്ളുക” എന്ന് ആക്രോശിച്ചതുപോലെ, ഞാനിതാ ഒരു കഥ - ദശാസന്ധി - പോസ്റ്റ് ചെയ്തിരിക്കുന്നു, ആരും ഓടി പോകാതെ വായിക്കുക എന്നു മാത്രം പറയുന്നു.
സസ്നേഹം മുരളി

വേണു venu said...

സഹോദരി ഗോമതിയുടെ രൂപം ഓര്‍മ്മകളില്‍.
വേശ്യയാണെന്നറിയാതെ കിടക്ക നല്‍കിയ നായകന്‍.
ദശാസന്ധി തന്നെ.:)
O.T,
Pls Remove this word veri.

വല്യമ്മായി said...

വായിച്ചു.ജീവിതത്തിന്റെ പല ദശാസന്ധികളിലും പകച്ചു നില്‍ക്കുന്നവരാണല്ലോ താങ്കളുടെ നായകരിലധികവും.

മുരളി വാളൂര്‍ said...

പ്രിയ മുരളീമേനോന്‍....
കുറേ നാളുകള്‍ക്കുശേഷമാണ്‌ താങ്കളെ വായിക്കുന്നത്‌.....
ശരിതെറ്റുകള്‍ക്ക്‌ പ്രസക്തിയില്ലാത്ത കാലമല്ലേ.....കലികാലം

kaithamullu : കൈതമുള്ള് said...

ഉം, പിന്നേ...ഈ കഥക്ക് എന്റെ സെര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ?
എന്നാലും ഇരിക്കട്ടെ ഒര് :-)

മുരളി മേനോന്‍ said...

വേണു, മുരളി വാളൂര്‍, കൈതമുള്ള്: വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിനു നന്ദി. വേണു പറഞ്ഞതു ചെയ്തീട്ടുണ്ട്.

വല്യമ്മായി: നന്ദി. ധീര-വീര നായകന്മാരെ വളരെ കുറച്ചു കണ്ടുമുട്ടാനുള്ള അവസരമേ കിട്ടിയിട്ടുള്ളു. പലപ്പോഴും സിനിമയിലായിരുന്നു അവരെ കണ്ടത്. ജീവിതത്തില്‍ പകച്ചു നില്‍ക്കുമെങ്കിലും എങ്ങനെയെങ്കിലും മുന്നോട്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം. പ്രതീക്ഷിക്കു വകയുണ്ട്.

മുരളി മേനോന്‍ said...
This comment has been removed by the author.
ദില്‍ബാസുരന്‍ said...

നല്ല കഥ. പക്ഷെ അയാള്‍ക്ക് ഭ്രാന്തായത് അല്‍പ്പം ഓവറായില്ലേ എന്നൊരു സംശയം. :-)

മുരളി മേനോന്‍ said...

അയാള്‍ക്കു ഭ്രാന്തില്ലായിരുന്നു ദില്‍ബു. ഭയത്തില്‍ നിന്നും സ്വാഭാവികമായി ഉരുത്തിരിയുന്ന ചില ചിന്തകളും ഭാവങ്ങളും മാത്രമേ ഞാന്‍ പറഞ്ഞീട്ടുള്ളു. പക്ഷെ കാണുന്നവര്‍ക്ക് ഭ്രാന്തന്റെ മാനറിസങ്ങളായി തോന്നാമെന്നു മാത്രം. ചില നേരങ്ങളില്‍ ചില മനിതര്‍കള്‍......കമന്റിയതിനു നന്ദി ദില്‍ബു....
മുരളി

അരവിശിവ. said...

മുരളിയേട്ടാ,

വായിയ്ക്കുവാന്‍ വൈകി...ക്ഷമിയ്ക്കൂ...

പ്രതീക്ഷിച്ച പോലെ ദശാസന്ധി നിരാശപ്പെടുത്തിയില്ല...സമകാലിക സമസ്യകളുടെ ഒരേട് കഥയില്‍ പ്രകടമായിരുന്നു...ഒരു വട്ടം തിരിഞ്ഞു നിന്നു ചിന്തിയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കുന്ന ചിലത്...ഒന്നിലതികം വിഷയങ്ങള്‍ പലയിടത്തായി പറഞ്ഞതിനാല്‍ എന്തിനാണ് കഥയില്‍ കൂടുതല്‍ പ്രാമുഖ്യമെന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടി...

സ്നേഹപൂര്‍വ്വം

അരവിശിവ