Sunday, August 27, 2006

ദൈവത്തിന്റെ ആത്മകഥ (അപൂര്‍ണ്ണം)

ആമുഖം
ഞാന്‍ ദൈവം. നിങ്ങളുടെയെല്ലാം കാണപ്പെടാത്ത (ഒരിക്കലും) ദൈവം. ഒന്നുകൂടി വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈരേഴുപതിനാലു ലോകത്തിനും ഈശ്വരന്‍. എന്നെ അറിയില്ലെന്നു പ്രസംഗിച്ചു നടക്കുന്നവര്‍, മറ്റാരുമറിയാതെ എന്നെ വിളിച്ചു സങ്കടങ്ങളുണര്‍ത്തിക്കുന്നവരായതുകൊണ്ട് ഒരു പക്ഷെ ഈ ആത്മകഥയും ആരുമറിയാതെ വായിക്കാനുള്ള താല്പര്യം അവരിലുണ്ടാവും. ചില ക്ഷിപ്രകോപികള്‍ ചോദിച്ചേക്കാം, ഇത്രയും കാലം തോന്നാത്തതെന്തേ ഇപ്പോള്‍ തോന്നാനെന്ന്. അവരോടായി പറയട്ടെ, ആരെങ്കിലുമൊക്കെ എന്നെക്കുറിച്ചെഴുതുമെന്ന് മുന്‍‌കൂട്ടി കണ്ടവനാണു ഞാന്‍ (അത്രെയെങ്കിലും മുന്‍‌കൂര്‍ കാണാന്‍ കഴിയാത്തവന്‍ ദൈവമെന്നറിയപ്പെടാന്‍ യോഗ്യനല്ലെന്ന് ഞാന്‍ പറയും, ഏത്?). അതുപോലെ പലരും എഴുതുകയും ചെയ്തു.


പക്ഷെ അവയെല്ലാം സത്യാവസ്ഥയില്‍ നിന്നും വളരെ അകലെയായിരുന്നു. ഭൂരിപക്ഷം സാഹിത്യകാരന്മാരും എന്റെ ശത്രുപക്ഷമെന്നറിയപ്പെടുന്ന ചെകുത്താനെക്കുറിച്ച് (സത്യത്തില്‍ അങ്ങനെ ഒന്നില്ല. എനിക്കു കുറ്റപ്പെടുത്താനും ചൂണ്ടിക്കാണിക്കാനുമുള്ള ഒരു വ്യാജ സൃഷ്ടിയാണത്) കഥകളും, കവിതകളും എന്തിനേറെ ഗവേഷണ പ്രബന്ധങ്ങള്‍ വരെ അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയിരിക്കുന്നു. പാവം മനുഷ്യര്‍, പ്രത്യേകിച്ച് സാഹിത്യകാരന്മാര്‍ അവര്‍ പാപത്തിന്റെ കനി ഭക്ഷിച്ച് ചെകുത്താന്റെ പിടിയിലമര്‍ന്നുവെന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പ്രതിപക്ഷത്തിന്റെ കറുത്ത അല്ലെങ്കില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കൈകളായിരുന്നു.


വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്‍ തന്റെ കഥക്ക് ദൈവത്തിന്റെ വികൃതികള്‍ എന്നു പേരിട്ടു. എന്റെ പേരു കണ്ടു ഞാന്‍ സന്തോഷിച്ചുവെങ്കിലും അതിന്റെ സഫിക്സ് ആയ വികൃതി എന്ന വാക്കിനോട് യോജിക്കാന്‍ എനിക്കാവില്ല. ആരോടും ക്ഷമിക്കാന്‍ എനിക്കു കഴിയുമെന്നറിഞ്ഞ് അവര്‍ മുതലെടുക്കുകയാവാം. ഉള്ളതു പറയണമല്ലോ, ഈ കഥയുടെ പേര്‍ ഞാന്‍ ക്ഷമിച്ചത് മറ്റൊരു ആശ്വാസത്തിലാണ്. ഈ കഥ സിനിമയാക്കുമെന്നും, അപ്പോള്‍ സ്വാഭാവികമായും സംവിധായകന്‍ കഥാകൃത്തിനെ തൃണവല്‍ഗണിച്ചുകൊണ്ട് കഥയുടെ ഊരുമുതല്‍ പേരു വരെ മാറ്റുമെന്നും ഞാന്‍ അകക്കണ്ണിലൂടെ കണ്ടിരുന്നു. പക്ഷെ സിനിമ പുറത്തുവന്നപ്പോള്‍ അതുവരെയുള്ള എല്ലാ സംവിധായകരുടേയും നിലപാടുകളെ തെറ്റിച്ചുകൊണ്ട്, എന്റെ അകക്കണ്ണിലേക്ക് വെണ്ണൂറു തൂളിക്കൊണ്ട് സിനിമയുടെ പേരിലോ, കഥയിലോ അതുപോലെ മറ്റെന്തെങ്കിലും മാറ്റമോ വരുത്തുകയുണ്ടായില്ല. അവിശ്വാസികളെന്നു കൊട്ടിഘോഷിക്കുന്നവര്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതില്‍ സന്തോഷിക്കുന്നുണ്ടാവും. അവരോടുമാത്രം ഞാന്‍ പറയട്ടെ, ഇതു കലിയുഗമാണ്, എന്റെ കണക്കുകൂട്ടലുകള്‍ പോലും പിഴയ്ക്കുന്നത് നിങ്ങള്‍ക്കു കഷ്ടകാലം വിധിച്ചീട്ടുള്ളതുകൊണ്ടാണ് (അല്ലാതെ എന്റെ അറിവില്ലായ്മ കൊണ്ടല്ല, കഴുവേറികളെ). ഞാന്‍ പറഞ്ഞു വന്നത്, ഇത്തരമൊരു സാഹചര്യത്തില്‍, ഇനിയും സാഹിത്യകാരന്മാരില്‍ നിന്ന് എന്തെങ്കിലും നീതി പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കിയെന്നാണ്. അതുകൊണ്ടുതന്നെയാണ് ഞാന്‍ എന്റെ ആത്മകഥ എഴുതാന്‍ തുനിഞ്ഞിറങ്ങിയത്. നിങ്ങള്‍ക്ക് കാലത്തും, സന്ധ്യക്കും വിളക്കു കൊളുത്തിവച്ച് വായിക്കുന്നതിനുവേണ്ടി ഈ പുണ്യഗ്രന്ഥം സമര്‍പ്പിക്കുന്നു.

എന്ന്
ദൈവം
ദേവലോകം
ആകാശം (വഴി)
സ്വര്‍ഗ്ഗം


ഒന്ന്
മഞ്ഞുമൂടി കിടക്കുന്ന നിങ്ങളുടെ ഡിസംബറിലെ ഒരു പ്രഭാതം. ഒന്നും ചെയ്യാനില്ലാതെ മടിപിടിച്ചിരിക്കുകയായിരുന്നു ഞാന്‍. നിങ്ങള്‍ക്കാ ദിവസം ഞായറാഴ്ചയാണ്. തുടര്‍ന്നെഴുതുന്നതിനുമുന്‍പ് ഒന്നു പറഞ്ഞോട്ടെ. ആത്മകഥ ആരും ഇങ്ങനെയല്ല തുടങ്ങാറ് എന്ന് നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്നത് ഞാന്‍ കുറേശ്ശെ കേള്‍ക്കുന്നുണ്ട്. അതിനു മറുപടിയായ് നിങ്ങളോടു പറയാനുള്ളത്, ആത്മകഥ എഴുതുന്നവര്‍ എന്റെ ശൈലി ഒരു വെല്ലുവിളിയായ് എടുത്തോട്ടെ എന്നു മാത്രമാണ്.


എനിക്ക് ജനനവും മരണവും ഇല്ലെന്ന് ഏതു പോലീസുകാരനും അറിയാം. എന്നാലും നിങ്ങളുറ്റെ മനസ്സു പറയുന്നു, തുടക്കവും, ഒടുക്കവും ഇല്ലാതെ എന്താത്മകഥ -- നോണ്‍സെന്‍സ് - എന്ന്. അപ്പോള്‍ എവിടെ നിന്നെങ്കിലും തുടങ്ങിയേ പറ്റൂ. ആരോടും ക്ഷമ കാണിക്കാത്ത നിങ്ങള്‍ ഇവിടെ അല്പം ക്ഷമ കാണിച്ചേ പറ്റൂ. തുടര്‍ന്നു വായിക്കുക.


ഞാനങ്ങനെ മടിപിടിച്ചിരിക്കുകയായിരുന്നുവെങ്കിലും വെറുതെയിരിക്കുകയായിരുന്നില്ല. ചിന്തിക്കുകയായിരുന്നു. നിങ്ങളെ പോലെ വെറുതെയിരുന്ന് പ്രവാസി മലയാളി സമാജത്തിന്റെ പ്രസിഡന്റാവുന്നതിനെക്കുറിച്ചോ, അല്ലെങ്കില്‍ അയ്യപ്പ സമാജത്തിന്റെ ഖജാന്‍‌ജിയാകുന്നതിനെക്കുറിച്ചോ, അതുമല്ലെങ്കില്‍ എത്രകാലം കൊണ്ട് സമ്പാദിച്ച് സ്വന്തം നാട്ടില്‍ വന്ന് നാട്ടുപ്രമാണിയായ് കഴിയാം എന്നൊക്കെയുള്ള തല പുണ്ണാക്കുന്ന ചിന്തയാ‍യിരുന്നില്ല എന്റേത്. എന്നെ സംബന്ധിച്ചിടത്തോളം, സമയത്തിനു യാതൊരു പ്രസക്തിയുമില്ലല്ലോ. ഞാന്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും ചരിത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഞാന്‍ ദൈവമായിപ്പോയില്ലേ എന്റെ മക്കളേ, എല്ലാം ഓര്‍ത്തിരിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണല്ലോ, നിങ്ങളെ പോലെയുള്ളവര്‍ക്ക് ഇന്നലെ നടന്ന സംഭവം പോലും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എനിക്ക് ഇന്നലെകള്‍ മാത്രം ഓര്‍മ്മിച്ചാല്‍ പോരാ, നാളെ എന്തു സംഭവിക്കും എന്നുകൂടി കണക്കുകൂട്ടി വയ്ക്കണം. ഉദാഹരണത്തിന്, എന്നാണു ലോകാവസാനം എന്നു മനസ്സിലാക്കി അതിനനുസരിച്ച് പല കളികളും കളിക്കാനുണ്ട്. ലോകാവസാനത്തിന്റെ കൃത്യം തിയ്യതി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് അല്ലേ? എന്നീട്ടുവേണം, നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ട് എതിര്‍ഗ്രൂപ്പിന്റെ നെഞ്ചത്തു ചവിട്ടിക്കയറിയായാലും ഒരിക്കലെങ്കിലും (ലോകം അവസാനിക്കുന്നതിനു മുന്‍പ്) പ്രവാസി മലയാളി സമാജത്തിന്റെയോ, അയ്യപ്പസേവാ സമിതിയുടേയോ, ലയണ്‍സ് ക്ലബ്ബിന്റേയോ പ്രസിഡന്റോ, സെക്രട്ടറിയോ ഒക്കെ ആകാനുള്ള നിങ്ങളുടെ ആകാംക്ഷ. അതുകൊണ്ട് ലോകാവസാനത്തിന്റെ തിയ്യതി തല്ക്കാലം പറയുന്നില്ല. അത്ര പൊടുന്നനെയൊന്നും ലോകം അവസാനിക്കാന്‍ പോകുന്നില്ലന്നേ. അതുകൊണ്ടുതന്നെയാണല്ലോ ഞാന്‍ ആത്മകഥയെഴുതി അച്ചടിച്ചുകാണാന്‍ മോഹിക്കുന്നതും.


ഞാനെന്തൊക്കെയോ എഴുതി കാടു കയറി. എന്റെ ആത്മകഥ നിങ്ങളുമായ് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നുള്ളിടത്തായിരിക്കും നിങ്ങളുടെ താല്പര്യം അല്ലേ? അതുകൊണ്ട് ആ ഒരു ലൈനില്‍ നീങ്ങാം. നിങ്ങള്‍ ദൈവത്തിന്റെ കൃതികളെന്ന് (വികൃതികളല്ല) മുദ്രകുത്തി വീട്ടിലും അമ്പലങ്ങളിലും, പള്ളിയിലും, മസ്ജിദുകളിലുമൊക്കെ വച്ചു വായിക്കുന്ന രാമായണം, ഭഗവദ്ഗീത, ബൈബിള്‍, ഖുറാന്‍ മുതലായവയൊക്കെ ആരെങ്കിലും ശ്രദ്ധിച്ചു വായിച്ചീട്ടുണ്ടോ? എവടെ നേരം അല്ലേ? സാ‍രമില്ല, ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ലതുമാത്രം ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മേല്‍പ്പറഞ്ഞ എല്ലാ പുസ്തകങ്ങളുടേയും ഉള്ളടക്കം. ഭര്‍ത്താവിന്റെ കൂടെ നടക്കുന്ന ഭാര്യയെ മാത്രം ശ്രദ്ധിച്ച് പിന്നാലെ പോകുന്ന അവിവാഹിതരായ മലയാളി സുഹൃത്തുക്കളേ, ഞാന്‍ സത്യം സത്യമായ് പറയുന്നു, അന്യന്റെ ഭാര്യയെ മനസ്സില്‍ സങ്കല്പ്പിക്കുന്നതുപോലും കൊടും പാപമാണ്. അല്ലെങ്കിലും എല്ലാം എന്റെ തെറ്റ്. ആദം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ പ്രശനങ്ങളേ ഉണ്ടാകുമായിരുന്നില്ലെ. ഞാന്‍ എഴുതി വന്നതും അതായിരുന്നു.


പാവം ആദാമിന്റെ വാരിയെല്ലൂരി അവ്വയെ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു മഞ്ഞുറയുന്ന ഞായറാഴ്ചയിലെ ആ പ്രഭാതത്തില്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. വൈകുന്നേരമായപ്പോഴേക്കും, ഓര്‍ത്തോപീഡിക് സര്‍ജ്ജറിയും, പ്ലാസ്റ്റിക്ക് സര്‍ജ്ജറിയും ഞാന്‍ വിജയകരമായ് നടത്തി. ഏതാണ്ട് അര്‍ദ്ധരാത്രിയോടടുപ്പിച്ച് ഓക്സിജനും നല്‍കി അവ്വയെ ജീവിപ്പിച്ചെടുത്തു നോക്കുമ്പോള്‍ നല്ല ഒത്തൊരു പാലാക്കാരി പെണ്ണ്. ആദം ഉടനെ എവിടെ നിന്നോ ഓടി വന്ന് അവളെ ചുറ്റിപ്പറ്റിയായ് നടത്തം. എനിക്ക് ദേഷ്യം അരിച്ചരിച്ചു വന്ന ദിവസവും അതായിരിക്കണം. അവ്വ നാണം കുണുങ്ങി എന്നെയൊന്നു നോക്കി. പിന്നെ ആദാമിനെ നോക്കാതെ ആപ്പിളും നോക്കി മലര്‍ന്നടിച്ചുകിടന്നു. ഞാന്‍ ഉടനെ ആദമിനോട് ഏദന്‍ തോട്ടത്തില്‍ നിന്നും കിലോമീറ്റേഴ്സ് ഏന്റ് കിലോമീറ്റേഴ്സ് എവേയുള്ള പ്രാന്തന്‍ തോട്ടത്തില്‍ നിന്നും കാശ്മീര്‍ ആപ്പിള്‍ പറിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അന്നു ഞാന്‍ ഉപയോഗിച്ച സൂത്രം കണ്ടീട്ടാവണം മലയാള സിനിമയിലും, ഹിന്ദി സിനിമയിലും പല സംവിധായകരും നായികയെ തനിച്ചാക്കാന്‍ വേണ്ടി നായകനെ ദൂരെ എവിടേക്കെങ്കിലും പറഞ്ഞയക്കുന്ന രീതി ചിത്രീകരിക്കാന്‍ തുടങ്ങിയത്.


ഇപ്പോള്‍ അവ്വ എന്റെ പുറകില്‍ വന്ന് എന്നോടൊട്ടി നില്‍ക്കുകയാണ്. എന്റെ മുന്നോട്ടുള്ള എഴുത്തിന് അവള്‍ തടസ്സം നില്‍ക്കുന്നത് ഞാനറിയുന്നു. ഞാനവളെ നോക്കി. അവള്‍ ഇതാ നഖം കടിക്കുകയും, കാല്‍ നഖം കൊണ്ട് നിലത്ത് കളം വരക്കുകയും ചെയ്യുന്നു. നിങ്ങളാണെങ്കില്‍ എന്തു ചെയ്യുമെന്നെനിക്കറിയാം, പക്ഷെ ഞാന്‍ ദൈവമാണ്. ഞാനേതു ദൈവത്തെ വിളിച്ചാ‍ണ് എന്റെ മനോനില വീണ്ടെടുക്കേണ്ടത്.... മാത്രവുമല്ല, ആദം ഇപ്പോള്‍ ആപ്പിളുമായ് എത്തിക്കാണും. അവ്വ ഉണ്ടായതില്‍ പിന്നെ അവന്‍ വളരെ കൃത്യനിഷ്ടയുള്ളവനാണ്. എവിടെ പോയാലും പെട്ടെന്ന് തിരിച്ചെത്തുന്നു. ഞാന്‍ അവ്വയോടു ചോദിച്ചു. ആദം വന്നു കാണില്ലേ? അതിനവള്‍ പുഞ്ചിരിയോടെ ഉത്തരം നല്‍കി. പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിടത്ത് ഫാഷ്യല്‍ ചെയ്താലേ കൂടുതല്‍ ഭംഗിയുണ്ടാവു എന്നു ഞാന്‍ മനസ്സിലാക്കി. ഉടനെ ഞാനവനെ ചന്ദനവും, മഞ്ഞളും കൊണ്ടുവരാന്‍ ഈ റോഡിനടുത്തുള്ള കാട്ടിലേക്ക് പറഞ്ഞയച്ചു.ഞാന്‍ വിചാരിച്ചതിനേക്കാള്‍ കേമിയാണല്ലൊ നീ... പാവം ആദം. അവനെ വീരപ്പന്റെ ആളുകള്‍ പിടിച്ചുവെക്കുമോ എന്തോ? അവ്വ ഇപ്പോള്‍ എന്റെ കഴുത്തില്‍ ഞാന്നു കിടന്നുകൊണ്ടു ചോദിച്ചു, എങ്ങനെയുണ്ടെന്റെ തന്ത്രം? ഞാന്‍ എന്റെ ദിവ്യ ദൃഷ്ടിയില്‍ കണ്ടു അവന്‍ നേരെ കാട്ടില്‍ പോയി ഏതെങ്കിലും അമ്പലത്തില്‍ തന്ത്രിയോ, പള്ളിയിലെ വികാരിയോ, മസ്ജിദിലെ മുക്രിയോ ആവും തീര്‍ച്ച. എന്റെ കണ്ണു വെട്ടിച്ച് ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. അവ്വ എന്റെ കഴുത്തില്‍ പിടി മുറുക്കിയ സാഹചര്യത്തില്‍ എനിക്കിനി മുന്നോട്ടെഴുതാന്‍ വയ്യ. പിന്നീടെപ്പോഴെങ്കിലുമാവാം. നിര്‍ത്തട്ടെ........
- 0 -

Tuesday, August 15, 2006

ബ്ലോഗിനെക്കുറിച്ച്

ബ്ലോഗിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് മൂളാന്‍ തോന്നിയതിപ്രകാരമാണ്:

കൈതപൂക്കും കുന്നിന്‍ നെറുകയില്‍
കവിത മൂളി കറങ്ങിത്തിരിഞ്ഞ നാള്‍
ജീവിതത്തിന്‍ കനല്‍ക്കാറ്റടിച്ചവര്‍
ജന്മനാടിനുമപ്പുറം വീണവര്‍
ഇന്നിതായീ മുറ്റത്തു കൂടി നാം
നഷ്ടമായൊരു കാലത്തെ നേടുവാന്‍
നമുക്കിഷ്ടമായൊരു കാലത്തെയോര്‍ക്കുവാന്‍
നമുക്കിഷ്ടമായൊരു കാലത്തെയോര്‍ക്കുവാന്‍

Sunday, August 13, 2006

മുഖാമുഖം

സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌ അയാള്‍ വെളുപ്പാന്‍കാലത്ത്‌ വീണ്ടും പുതപ്പിനടിയിലേക്ക്‌ വലിഞ്ഞു. ഇന്നത്തെ സ്വപ്നങ്ങള്‍ ഇന്നലത്തേതിനേക്കാള്‍ നന്നായിരിക്കണേയെന്നും, ദുഃസ്വപ്നങ്ങളൊന്നും കാണരുതേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടയാള്‍ കിടന്നു. ക്ളോക്കില്‍ ആറു പ്രാവശ്യം മണിമുഴങ്ങുന്നത്‌ എണ്ണുമ്പോള്‍, ഇന്ന്‌ ഒരു സ്വപ്നവും കാണാതെ എഴുന്നേല്‍ക്കേണ്ടി വരുമല്ലോയെന്നോര്‍ത്ത്‌ അയാള്‍ക്കരിശം വന്നു. എങ്കിലും അവസാനശ്രമമെന്ന നിലയില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌, പുതപ്പ്‌ തലവഴി മൂടിപ്പുതച്ചു കിടന്നു. ആ ശ്രമത്തില്‍ അയാള്‍ വിജയിക്കുകയും ചെയ്‌തു. മയക്കം പുരോഗമിക്കവേ, നഗരത്തിലെ ഏതോ പഞ്ചനക്ഷത്ര ഹോട്ടലിലെ കമനീയമായി അലങ്കരിച്ച ഒരു മുറി അയാളുടെ മുന്നില്‍ തെളിഞ്ഞു. കോട്ടും, സൂട്ടും ധരിച്ച അഞ്ചുപേര്‍ ഒരര്‍ദ്ധഗോളാകൃതിയിലുള്ള മേശയ്ക്കു പുറകിലിരിയ്ക്കുന്നു. അവര്‍ക്കഭിമുഖമായി ചിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ എന്റെ കഥാപാത്രം ഇരിയ്ക്കുന്നു. നെറ്റിയില്‍ പൊടിയുന്ന. വിയര്‍പ്പുകണങ്ങളൊപ്പാനായി ആഗ്രഹിച്ചെങ്കിലും അതിനുവേണ്ടി എന്തോ അപ്പോളയാള്‍ ശ്രമിച്ചില്ല.

ബയോഡാറ്റയിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അഞ്ചുപേരില്‍ പ്രായംകൂടിയ ആള്‍ ചോദിച്ചു.

മിസ്റ്റര്‍ വി.കെ.കുമാര്‍. എന്താണ്‌ നിങ്ങളുടെ മുഴുവന്‍ പേര്‌?.

വലിയവീട്ടില്‍ കിരണ്‍കുമാര്‍ എന്നാണ്‌ മുഴുവന്‍ പേര്‍ (വിറയലില്ലാതെ സംസാരിയ്ക്കാന്‍ കഴിയുന്നതറിഞ്ഞ്‌. ഊര്‍ജ്ജസ്വലതയോടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കായി. കാതു കൂര്‍പ്പിച്ച്‌ കിരണ്‍കുമാര്‍ മുന്നോട്ടാഞ്ഞിരുന്നു.)

ബി.ടെക്‌ ബിരുദം നേടിയതിനുശേഷം എന്തുകൊണ്ട്‌. എം. ടെക്കിനു ശ്രമിച്ചില്ല?
(ചോദ്യം വീണ്ടും വയസ്സന്റെ വകയായിരുന്നു. ഒരു പക്ഷെ ഈ വയസ്സനായിരിക്കും ഇന്റെര്‍വ്യു ബോര്‍ഡിന്റെ ചെയര്‍മാന്‍. അതുകൊണ്ടുതന്നെ ഉത്തരം നല്‍കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പാലിക്കാന്‍ അയാള്‍ ശ്രമിച്ചു. )


വീണ്ടും ഞാന്‍ സ്വപ്നങ്ങള്‍ കണ്ടില്ല സാര്‍.
അയാള്‍ ഗൌരവത്തോടെ ഉത്തരം നല്‍കി. അവര്‍ പരസ്പരം നോക്കുകയും, ശബ്ദം താഴ്ത്തി സംസാരിക്കുന്നതും അയാളെ അസ്വസ്ഥചിത്തനാക്കി. )


സ്വപ്നങ്ങള്‍ കാണാതിരിക്കാനുള്ള കാരണമെന്തായിരുന്നു?
(ഇതിനുമുമ്പ്‌ താന്‍ നല്‍കിയ ഉത്തരം തനിക്കു നേരെ താന്‍ തന്നെ തൊടുത്ത ഒരു ശരമായി വന്നതയാള്‍ മനസ്സിലാക്കി. ഇനിയിപ്പോള്‍ രക്ഷപ്പെടില്ലെന്നയാള്‍ക്കറിയാമായിരുന്നു. പക്ഷെ തനിക്കു ജയിക്കണം. വളരെക്കാലം കാത്തിരുന്നു കിട്ടിയ അവസരമാണിത്‌. കൈവിട്ടുകൂടാ. അയാള്‍ തീരുമാനിച്ചു. തെല്ലും പുഞ്ചിരി നഷ്ടപ്പെടുത്താതെ തന്നെ മൊഴിഞ്ഞു.)


വിശപ്പായിരുന്നു സാര്‍ കാരണം.
(ചെയര്‍മാനും, മെമ്പര്‍മാരും ഒന്നുകൂടി ഇളകിയിരുന്നു. രണ്ടാമത്തെ മെമ്പര്‍ ഉത്സാഹഭരിതനായി കാണപ്പെട്ടു. അയാള്‍
ചോദിച്ചു.)


കൂടുതല്‍ വിശദീകരിക്കാമോ?
(അദ്ദേഹം ആ ചോദ്യത്തില്‍ മുറുകെ പിടിക്കുന്നതറിഞ്ഞ്‌ അയാള്‍ക്ക്‌ വിഷമം തോന്നി. ഒരു പക്ഷെ സാഹിത്യ
സ്നേഹികളായിരിക്കാം ഇവരും. അയാള്‍ വെറുതെ ഊഹിച്ചു. എന്നീട്ട്‌ മെല്ലെ പറഞ്ഞു. )


വിശക്കുമ്പോള്‍ നാം യാഥാര്‍ഥ്‌ത്യത്തിലേക്ക്‌ തിരിച്ചു വരുന്നു സാര്‍. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവൃത്തി ചെയ്യാനാഗ്രഹിക്കുന്നു. ആ പ്രവൃത്തിയുടെ ഫലവും, വിശപ്പിന്റെ ശമനവും എല്ലാം സ്വപ്നങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാണു സാര്‍.


[രണ്ടാമത്തെ മെമ്പറുടെ കണ്ണുകളില്‍ ഈര്‍ഷ്യയുടെ തിളക്കം അയാള്‍ കണ്ടു. മറുപടി പറയാനാവാതെ താന്‍ പരുങ്ങി നില്‍ക്കുമെന്നു പ്രതീക്ഷിച്ച അദ്ദേഹത്തിന്‌ ഈര്‍ഷ്യയല്ലാതെ മറ്റെന്തു വികാരമാണുണ്ടാവുക. അതുകൊണ്ടാവണം അടുത്ത ചോദ്യം ഒരു ആഗോളപ്രസക്‌തിയുള്ളതാവട്ടെ എന്നു തീരുമാനിച്ച്‌ തൊടുത്തുവിട്ടത്‌.]


ദാരിദ്ര്യ രേഖയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്‌?

[ബി.ടെക്കുകാരന്‌ ദാരിദ്ര്യമുണ്ടാവില്ലെന്നും, അതുകൊണ്ടുതന്നെ തന്റെ കാഴ്ച്ചപ്പാടില്‍ കാമ്പുണ്ടാവില്ലെന്നും ഒക്കെയുള്ള ചിന്താഗതിയില്‍ നിന്നായിരിക്കണം ഈ ചോദ്യമെന്നയാള്‍ കരുതി. മറുപടി പറയാന്‍ അല്‍പം പോലും അയാള്‍ക്ക്‌ ആലോചിക്കേണ്ടതായി വന്നില്ല. അയാള്‍ പറഞ്ഞു.]


ഞങ്ങള്‍ക്കു മുകളില്‍ കാണുന്ന ഒരേ ഒരു രേഖ ദാരിദ്യ്രരേഖയാണു സാര്‍. ആ രേഖ കണികണ്ടു കൊണ്ടാണ്‌ എന്നും ഉണരുകയും ഉറങ്ങുകയും ചെയ്‌തിരുന്നത്‌. ആ രേഖ നോക്കി മാത്രമാണ്‌ ഞാനിത്രയിടം താണ്ടിയെത്തിയത്‌. ഞങ്ങളുടെ കൂട്ടരില്‍ ചിലര്‍ ആ രേഖയുടെ മറുപുറം ചാടാന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ പലരും വീണു തകര്‍ന്നു. അവര്‍ വിഡ്ഢികളായിരുന്നു സാര്‍. ദാരിദ്ര്യ രേഖയുടെ താഴെ മാത്രം കഴിയാന്‍ വിധിയ്ക്കപ്പെട്ടവര്‍ അതിന്നപ്പുറം താണ്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പാടില്ലായിരുന്നു.


[ഉത്തരം കുറച്ചൊക്കെ തൃപ്തി നല്‍കിയെന്ന മട്ടില്‍ രണ്ടാമത്തെ മെമ്പര്‍ തന്റെ മീശ തടവി മറ്റു മെമ്പര്‍മാരെ നോക്കി. ഒരു ഹരികഥ ശ്രവിച്ചപോലെ അവര്‍ ഇരുന്നിരുന്നു. ഇനിയും തൃപ്തി വരാതെയാവണം വയസ്സന്‍ ഒരുപചോദ്യമുന്നയിച്ചു. ]


ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെപ്പറ്റി എന്താണഭിപ്രായം?


[എന്തങ്കിലും മോഹിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ എന്നും എല്ലാവര്‍ക്കും ഇഷ്ടമാണല്ലൊ. ഒരു പക്ഷെ ആ വാക്കുകള്‍ ചിലരെയെങ്കിലും ഒരു നല്ല നാളെയെ സ്വപ്നം കാണാന്‍ അനുവദിക്കുന്നുണ്ടാവാം. അതുകൊണ്ടുതന്നെ പെട്ടെന്നയാള്‍ പറഞ്ഞു]


നല്ല അഭിപ്രായമാണു സാര്‍. ഞങ്ങളില്‍ പലരും ദാരിദ്ര്യ രേഖയ്ക്ക്‌ മുകളില്‍ വരുമെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. ചിലയിടങ്ങളില്‍ ഞാനതു കാണുകയും ചെയ്‌തു. രേഖ കട്ടിയുള്ള പ്രതലങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. പലരും വിഷമിച്ചു ശ്വസിക്കുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന ആ രേഖകള്‍ കീഴോട്ടിറങ്ങുന്നതു കണ്ട്‌ ഞാന്‍ പലപ്പോഴും മുഖം തിരിച്ചീട്ടുണ്ടു സാര്‍. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനായി തുനിഞ്ഞിറങ്ങിയവരുടെ ചഷകങ്ങളില്‍ നിന്നിറ്റുവീണ മദ്യത്തില്‍ മറ്റു ചിലരുടെ രേഖകള്‍ തെളിയാതിരുന്നതും ഞാനറിഞ്ഞു സാര്‍. ശരിയാവാനേ ന്യായമുള്ളു. ജലത്തിലെന്തു രേഖ സാര്‍?


[അത്രയും പറഞ്ഞു തീര്‍ന്നതും അയാള്‍ക്കു തൊണ്ട വരളുന്നതായി തോന്നി. അയാളുടെ കണ്ണുകള്‍ വെള്ളത്തിനായ്‌ ചുറ്റും പരതി. അതു മനസ്സിലായിട്ടെന്ന പോലെ വയസ്സന്‍ തന്റെ മുന്നിലിരുന്ന വെള്ളത്തിന്റെ ഗ്ളാസ്സ്‌ അയാള്‍ക്കുനേരെ നീട്ടി. നന്ദി പറഞ്ഞ്‌ ഗ്ളാസ്സ്‌ കയ്യിലെടുക്കുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു, തന്നെപ്പോലെ പല ഉദ്യോഗാര്‍ഥ്‌തികളേയും ഇവര്‍ വെള്ളം കുടിപ്പിച്ചിരിക്കാമെന്ന്‌.]


പിതാവ്‌ കൃഷിക്കാരനാണെന്ന്‌ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നുണ്ടല്ലൊ?. എന്തു കൃഷിയായിരുന്നു താങ്കളുടെ പിതാവിന്‌?


[മൂന്നാമത്തെ മെമ്പര്‍ സമൂഹത്തെ വിട്ട്‌ തന്റെ കുടുംബത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായി അയാള്‍ക്കു തോന്നി. ആ സഫിക്കറ്റുമാത്രമാണ്‌ അച്ഛനെ ഒരു കൃഷിക്കാരനാക്കുന്നത്‌. അതിനപ്പുറം കൃഷിയുമായി അച്ഛനു പുലബന്ധം പോലുമില്ലെന്നു പറയാനാഗ്രഹിച്ചെങ്കിലും പറഞ്ഞുപോയതു മറ്റൊന്നായിരുന്നു.]


അച്ഛന്‍ കൃഷിപ്പണി സ്വപ്നം കണ്ടു മരിച്ചു സാര്‍


[രണ്ടാമത്തെ മെമ്പര്‍ അയാളെ തോണ്ടാന്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു.]


വിശക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്കു പ്രാധാന്യമില്ലെന്നു പറഞ്ഞ നിങ്ങള്‍ അച്ഛന്‍ സ്വപ്നം കണ്ടു മരിച്ചു എന്നു പറയുന്നതിന്റെ ന്യായീകരണമെന്താണ്‌?


[തന്റെ പുഞ്ചിരി മായുന്നതയാള്‍ മനസ്സിലാക്കി. ഇനി ചിരിച്ചുകൊണ്ടു മറുപടി പറയാന്‍ തനിക്കാവില്ലല്ലോയെന്നോര്‍ത്ത്‌ വിഷമം തോന്നി.]


ശരിയാണ്‌ സാര്‍. എന്നോ ഒരിക്കല്‍ മൂന്നുനേരവും ആഹാരം കഴിച്ചതുകൊണ്ടാണ്‌ അച്ഛന്‍ സ്വപ്നം കണ്ടത്‌. ഒരു കൃഷിക്കാരനായിരുന്നെങ്കില്‍, സ്വന്തമായി


കുറച്ചു കൃഷിഭൂമിയുണ്ടായിരുന്നെങ്കില്‍, മക്കളെ മൂന്നു നേരവും വയറു നിറപ്പിയ്ക്കാനാവുമെന്നുള്ള സ്വപ്നവുമായാണച്ഛന്‍ മരിച്ചത്‌. അച്ഛന് സ്വപ്നം കാണാനുള്ള അവകാശമില്ലായിരുന്നുവെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു സാര്‍.


[എന്തോ നിര്‍വൃതി ലഭിച്ചിട്ടെന്നവണ്ണം രണ്ടാമത്തെ മെമ്പര്‍ കസേരയിലേക്ക്‌ ചാഞ്ഞു. നാലാമത്തെ മെമ്പര്‍ മയക്കത്തില്‍ നിന്നുണര്‍ന്നീട്ടെന്നപോലെ പാതി തുറന്ന മിഴികള്‍ തിരുമ്മി അലക്ഷ്യമായെങ്ങോ പരതി. അപ്പോളയാളുടെ കണ്ണുകള്‍ ഒരു ചെമ്പോത്തിണ്റ്റേതുപോലെ തോന്നിച്ചു. വായുവില്‍ നിന്നാവാഹിച്ചെടുത്തപോലെ പൊടുന്നനെ അയാള്‍ ചോദിച്ചു]


താങ്കളുടെ ഹോബികളെക്കുറിച്ചൊന്നും ബയോഡാറ്റയില്‍ കാണിച്ചിട്ടില്ലല്ലൊ. അങ്ങനെയെന്തെങ്കിലുമുണ്ടോ?


[എല്ലാ പരുക്കന്‍ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു അയാളുടെ മനസ്സില്‍. ആ പ്രതീതി ചിരിയായി ചുണ്ടില്‍ വിടര്‍ന്നു. തനിക്കിഷ്ടപ്പെട്ട ചോദ്യമെറിഞ്ഞ മെമ്പറോട്‌ വിനയപൂര്‍വ്വം അയാള്‍ പറഞ്ഞു]


കഥയും, കവിതയുമൊക്കെ എഴുതും സാര്‍


[ആ മറുപടി കേട്ടതും, മെമ്പറുടെ മുഖം ചുളിഞ്ഞു, പുരികങ്ങള്‍ വളഞ്ഞു. ആ ഭാവങ്ങള്‍ പൊടുന്നനെ ഒരു ചോദ്യമായി വീണ്ടും അയാളെ തേടിയെത്തി.]


ബി.ടെക്കും, കഥയും, കവിതയും. ഇതൊക്കെ തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടെന്നു തോന്നുന്നില്ലല്ലൊ. അല്ല. ഉണ്ടോ?


[അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ എന്ത്‌ എന്തിനോടാണ്‌ പൊരുത്തപ്പെട്ടിരിക്കുന്നത്‌ എന്നയാളോര്‍ത്തു. ഒരു പക്ഷെ പൊരുത്തമില്ലായ്മയുടെ ആകെത്തുകയാണ്‌ തന്റെ ജീവിതം. മെമ്പറെ അലോസരപ്പെടുത്താതെ എങ്ങനെ ഉത്തരം പറയാമെന്നായിരുന്നു അപ്പോളയാളുടെ ചിന്ത. അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറും, മദ്യപാനവും തമ്മിലെന്തു ബന്ധമാണുള്ളതെന്നു ഒരു മറുചോദ്യമുന്നയിക്കാമായിരുന്നു. കുറച്ചുനേരത്തെ മൌനത്തിനുശേഷം അയാള്‍ പറഞ്ഞു]

ഏകാന്തതയും, തൊഴിലില്ലായ്മയും കൂടി ഉണ്ടാക്കിയ പൊരുത്തമാണു സാര്‍.


[ആ ഉത്തരം ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല മെമ്പര്‍. അദ്ദേഹം വീണ്ടും മയക്കം ആരംഭിച്ചിരുന്നു. അവസാനമിരിക്കുന്ന മെമ്പറില്‍ കണ്ണുംനട്ട്‌, കനത്ത ചോദ്യങ്ങളൊന്നുമുണ്ടാകല്ലേയെന്നു പ്രാര്‍ഥ്‌തിച്ച്‌ അയാളിരുന്നു. വെറുതെ സമയം പാഴാക്കാനെന്ന മട്ടിലായിരുന്നു അവസാന മെമ്പറുടെ ചോദ്യം.]


എന്തിനാണ്‌ താങ്കള്‍ എഴുതുന്നത്‌? ഐ മീന്‍, എഴുത്തുകൊണ്ട്‌ എന്താണു താങ്കള്‍ ലക്ഷ്യമാക്കുന്നത്‌?

അയാള്‍ വിനയത്തോടെയാണെങ്കിലും ഒരു പ്രത്യേക വികാരത്തോടെയാണതിനു മറുപടി നല്‍കിയത്‌. അയാള്‍ പറഞ്ഞു.

ഇന്നത്തെ സാമൂഹിക ഉച്ചനീചത്തങ്ങളെക്കുറിച്ച്‌ എഴുതാറുണ്ട്‌. പിന്നെ ഞാനൊരു പ്രകൃതിസ്നേഹി ആയതുകൊണ്ട്‌ വന നശീകരണത്തേയും, അതുപോലെയുള്ള പ്രകൃതി വിധ്വംസകപ്രവര്‍ത്തനങ്ങളേയും എതിര്‍ത്ത്‌ എഴുതാറുണ്ട്‌.


[അയാള്‍ പറഞ്ഞു നിര്‍ത്തി. ഓരോരുത്തരുടേയും ഭാവം ശ്രദ്ധിച്ചു. എല്ലവരും ശ്രദ്ധിച്ചു കേട്ട ഒരേയൊരുത്തരം അതായിരിക്കുമെന്നയാള്‍ ഊഹിച്ചു. വയസ്സനപ്പോള്‍ ഫയലില്‍ എന്തോ കുറിച്ചിടുകയായിരുന്നു. അല്‍പ നേരത്തിനുശേഷം അദ്ദേഹം ചോദിച്ചു].


മിസ്റ്റര്‍ കിരണ്‍കുമാര്‍, താങ്കള്‍ നല്ലവരെക്കുറിച്ച്‌ എന്തുകൊണ്ടെഴുതുന്നില്ല?


നല്ലവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാന്‍


അയാള്‍ പൊടുന്നനെ മറുപടിയും കൊടുത്തു. [മറ്റു മെമ്പര്‍മാര്‍ വയസ്സനു ചുറ്റും ഒത്തുചേര്‍ന്ന്‌ എന്തോ തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നതായി അയാള്‍ മനസ്സിലാക്കി. കൂടിയാലോചനക്കുശേഷം, വയസ്സന്‍ സംസാരിക്കാന്‍ തുടങ്ങി.]


ഈ ജോലിക്ക്‌ താങ്കള്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത വെറും അഞ്ചു ശതമാനം മാത്രമായിരുന്നീട്ടും, ഞങ്ങള്‍ താങ്കളെ തിരഞ്ഞെടുത്തുവെന്നു കരുതുക.


എങ്കില്‍ ഞങ്ങള്‍ നല്ലവരാണെന്നു താങ്കള്‍ എഴുതുമോ?
[ആ ചോദ്യം ഐകകണ്ഠ്യേനയാണെന്നയാള്‍ക്കു ബോദ്ധ്യപ്പെട്ടു. ഇവരെ നല്ലവരായി കണ്ടെത്തിയാല്‍ താന്‍ ഒരിക്കലും നല്ലവരെ കണ്ടെത്തുകയുണ്ടാവില്ലെന്ന്‌


അയാള്‍ക്കറിയാമായിരുന്നു. പക്ഷെ അതവരെ ബോദ്ധ്യപ്പെടുത്താന്‍ താന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരേയും അയാള്‍ മാറി മാറി വീക്ഷിച്ചു. അവര്‍, അവര്‍ക്കു കഴിയാവുന്നതിലേറെ ഭംഗിയായി പുഞ്ചിരിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ജീവിതാഭിലാക്ഷം നിറവേറുമെന്ന പ്രതീക്ഷയോടും, ആകാംക്ഷയോടും അവര്‍ അയാളുടെ മറുപടിക്കായി കാത്തിരുന്നു.]


നിങ്ങളില്‍ ആരാണു കൂടുതല്‍ നല്ലവന്‍ എന്നറിയാതെ എനിക്കെഴുതാന്‍ കഴിയില്ല.


[അയാള്‍ പറഞ്ഞു. അവര്‍ നിശ്ശബ്ദരായിരുന്നു. ഒരു പക്ഷെ അവര്‍ ചിന്തിക്കുകയായിരിക്കുമോ എന്നെങ്കിലും ജീവിതത്തില്‍ നന്‍മകള്‍ ചെയ്‌തീട്ടുണ്ടോ എന്ന്‌. വയസ്സന്‌ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നവണ്ണം, അയാള്‍ പ്രഖ്യാപിച്ചു]


ഞാന്‍ നല്ലവനായതുകൊണ്ടു മാത്രമാണല്ലൊ, നല്ലൊരു സംഖ്യ ഈ ജോലിക്ക്‌ കോഴ നല്‍കാമെന്നു പറഞ്ഞവരെ തഴഞ്ഞും താങ്കളെ നിയോഗിക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നത്‌.


[അദ്ദേഹത്തോടുള്ള അമര്‍ഷം പല്ലിറുമ്മിതീര്‍ക്കുന്ന അദ്ദേഹത്തിണ്റ്റെ സുഹൃത്തുക്കളെ അപ്പോളയാള്‍ക്കു കാണാന്‍ കഴിഞ്ഞു. പല്ലിനു ദൃഢത കുറഞ്ഞവരാകാം അതിറുമ്മാന്‍ നില്‍ക്കാതെ മറ്റൊരു തരത്തില്‍ പ്രതികരിച്ചത്‌. ഒരു മെമ്പര്‍ മുഷ്ടി ചുരുട്ടി മേശയില്‍ ഇടിച്ചു ദേഷ്യം പ്രകടിപ്പിച്ചതിനു ശേഷം വയസ്സനു നേരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. ]


മിസ്റ്റര്‍, നിങ്ങളൊരാള്‍ മാത്രം തീരുമാനിച്ചാല്‍ ഇവിടെ ഒന്നും നടക്കില്ലന്നോര്‍ക്കണം. ഈ കമ്പനിയുടെ ഓഹരി അധികവും എന്റെ പക്കലാണ്‌. അതോര്‍മ്മ വേണം. അധികം കളിച്ചാല്‍ നാളെ ഈ ജോലിക്കുവേണ്ടി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും.


അതൊരു വാഗ്വാദത്തിന്റെ തുടക്കം മാത്രമായിരുന്നു. അയാള്‍ എല്ലാം കണ്ടും, കേട്ടും ഇരുന്നു. നല്ലവരാകാനുള്ള ശ്രമത്തിനിടയില്‍ ഓരോരുത്തരും അവരവരുടെ ഭീകരസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാം സമ്മതിച്ച്‌, ഇവരുടെ കീഴില്‍ ഒരുദ്യോഗസ്ഥനായാല്‍ ജീവിതത്തിന്റെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുമെന്നയാള്‍ മനസ്സിലാക്കി. കുറച്ചു വെള്ളക്കടലാസ്സെടുത്തു മേശപ്പുറത്തു വെച്ച്‌ അയാള്‍ അഞ്ചുപേരേയും മാറി മാറി നോക്കി. പിന്നീട്‌ അയാള്‍ കടലാസ്സില്‍ വരയ്ക്കാന്‍ തുടങ്ങി. ആദ്യം വരച്ചത്‌ അഞ്ചു കൂറ്റന്‍ തൂണുകളായിരുന്നു. ആ തൂണുകള്‍ക്കിടയില്‍ ചതഞ്ഞമരുന്ന ബിരുദങ്ങളേന്തിയ ചെറുപ്പക്കാരുടെ ശരീരങ്ങളായിരുന്നു പിന്നീടു വരച്ചത്‌. തൂണിനു മുകളില്‍ പടുത്തുയര്‍ത്തിയ കമനീയമായ ഓഫീസിലിരുന്ന്‌ ബിരുദധാരികളുടെ ശവങ്ങള്‍ തേടുന്ന അവരുടെ മക്കള്‍. അത്രയും വരച്ചുതീര്‍ന്നപ്പോള്‍ അതില്‍ കൂടുതലായി പ്രത്യേകിച്ച്‌ അവരെക്കുറിച്ചെഴുതാന്‍ ബാക്കിയൊന്നുമില്ലെന്ന്‌ അയാള്‍ക്കു തോന്നി.


അയാള്‍ ആ സ്കെച്ച്‌ അവര്‍ക്കു നേരെ നീട്ടി. വയസ്സന്‍ ഉത്സാഹപൂര്‍വ്വം അതു വാങ്ങി. ദൃഷ്ടികള്‍ കൂട്ടത്തോടെ ആ സ്കെച്ചിലൂടെ പാഞ്ഞു. ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായിരുന്നു. അവരുടെ മിഴികള്‍ ചെമന്നു തുടുക്കുന്നതും കഥകളിയിലേതു പോലെ വിവിധ ഭാവങ്ങള്‍ അവരുടെ മുങ്ങളില്‍ മിന്നിമറയുന്നതും അയാള്‍ കണ്ടു. അപ്പോള്‍ ഒരു നിശ്വാസമുതിര്‍ക്കാന്‍ പോലുമാവാതെ അവരെ ശ്രദ്ധിച്ചയാള്‍ ഇരുന്നു. അഞ്ചുപേരും രൌദ്രഭാവം പൂണ്ടു നില്‍ക്കുകയാണിപ്പോള്‍. പരസ്പരം കോര്‍ത്തുപിടിച്ച അവരുടെ കൈകള്‍ തന്റെ കഴുത്തിനുനേരെ നീണ്ടുവരുന്നതയാള്‍ കണ്ടു. അവരുടെ ശബ്ദം കാതുകളിലേക്ക്‌ തുളച്ചുകയറി. ഒരു മുദ്രാവാക്യം പോലെ അവര്‍ പറഞ്ഞു.


ഞങ്ങള്‍ നല്ലവരാണെന്ന്‌ എഴുതുക.


അല്ല, നിങ്ങള്‍ നല്ലവരല്ല. നിങ്ങളെക്കുറിച്ചെഴുതാന്‍ ക്രൂരമായ പദങ്ങള്‍ തേടട്ടെ ഞാന്‍.


അയാള്‍ അലറുകയായിരുന്നു. ആ അലര്‍ച്ചയില്‍ അയാളുടെ സ്വപ്നങ്ങള്‍ മുറിഞ്ഞു. ക്ളോക്കില്‍ പത്തുമണി അടിക്കുന്നതിന്റെ മുഴക്കം അയാളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചു. പിന്നെ ആ സ്പന്ദനത്തിന്റെ താളാത്മകതയില്‍ ലയിച്ചയാള്‍ കിടന്നു. തലേദിവസംതന്നെ എത്രയോ തയ്യാറെടുപ്പുകള്‍ നടത്തിയതാണ്‌. അയാളോര്‍ത്തു. ഇസ്തിരിയിട്ട പാന്റും, ഷര്‍ട്ടും മേശക്കുമീതെ ഇരുന്നിരുന്നു. അതിന്നടുത്തായിത്തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും. അതിനുമീതെ ഇന്റെര്‍വ്യുകാര്‍ഡ്‌. ഒന്നും മറക്കാതിരിക്കാന്‍ തലേദിവസം ഒരുക്കൂട്ടി വെച്ചതാണ്‌. അമ്മയുണ്ടായിരുന്നെങ്കില്‍ ഘടികാരത്തിന്റെ ആവശ്യമേയില്ല. എല്ലാം മനസ്സിലാക്കി തന്നെ വന്നു വിളിച്ചുണര്‍ത്തുമായിരുന്നു. ഇന്നിപ്പോള്‍ സ്നേഹത്തോടെ ശാസിക്കാന്‍ തനിക്കാരുമില്ല. പലപ്പോഴും ശപിക്കാനാണ്‌ ബാക്കിയുള്ളവര്‍ മുതിരുന്നത്‌.
ഉത്തരവാദിത്തമില്ലാത്തവന്‍. മൂന്നു നേരം മൂക്കുമുട്ടെ ശാപ്പാടും കഴിച്ച്‌ കട്ടിലില്‍ കയറി കിടക്കല്‍. ആരെങ്കിലും നിന്നെ വന്നു വിളിച്ചുകൊണ്ടുപോയി ജോലി തരും. വീടിന്റെ പകുതിയോളം പണയപ്പെടുത്തി കിട്ടിയ ജോലിക്കു പോകുന്നതിന്നിടയില്‍ സഹോദരിയുടെ സാന്ത്വനമാണവ. നേരത്തേ എഴുന്നേറ്റ ചേച്ചിക്കെങ്കിലും തന്നെയൊന്നു വിളിച്ചുണര്‍ത്താമായിരുന്നു. അല്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ ന്യായമില്ല. ജീവിതഭാരം ലഘൂകരിക്കാനുള്ള തത്രപ്പാടില്‍ ചേച്ചി വിളിക്കാന്‍ മറന്നുപോയതാവും. 


കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ കട്ടിലിനോടുചേര്‍ന്നു കിടക്കുന്ന മേശയുടെ മുകളിലേക്ക്‌ ഇന്റെര്‍വ്യു കാര്‍ഡിനായി കൈനീണ്ടു. ചിലപ്പോള്‍ ഇന്റെര്‍വ്യുവിന്റെ സമയമൊ, തിയ്യതിയൊ മാറ്റമുണ്ടെങ്കിലൊ. അങ്ങനെയാവില്ലെന്നറിഞ്ഞീട്ടും, അയാളാശിച്ചു. കാര്‍ഡ്‌ എത്തിപ്പിടിച്ച്‌ മലര്‍ന്നു കിടന്ന്‌ കാര്‍ഡിലൂടെ കണ്ണോടിച്ചു. ഒരു മാറ്റവുമില്ല. തിയ്യതി ഇന്നത്തേതുതന്നെ. സമയവും കഴിഞ്ഞുപോയിരിക്കുന്നു. ഹൊ! പോയിരുന്നെങ്കില്‍തന്നെ ജോലി കിട്ടുമെന്ന ഉറപ്പൊന്നുമില്ലല്ലൊ. അയാള്‍ സ്വയം സാന്ത്വനപ്പെടുത്തി. പിന്നെ കട്ടിലില്‍നിന്നും എഴുന്നേറ്റ്‌ പതിവുപോലെ ജന്നല്‍ തുറന്ന്‌ വിദൂരതയില്‍ കണ്ണും നട്ട്‌, താന്‍ കണ്ട സ്വപ്നം വിശകലനം ചെയ്‌തു. മെമ്പര്‍മാരുടെ ചോദ്യങ്ങള്‍ക്ക്‌ കുറെക്കൂടി ഭേദപ്പെട്ട മറുപടി കൊടുക്കാമായിരുന്നെന്ന്‌ അയാള്‍ക്കു തോന്നാതിരുന്നില്ല. ഇനിയും തന്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നയാള്‍ പ്രതിജ്ഞ ചെയ്‌തു. എന്താണു തനിക്കുമാത്രം എവിടേയും എത്തിപ്പെടാന്‍ കഴിയാത്തത്‌. തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ പലരും സര്‍ക്കാരുദ്യോഗസ്ഥന്‍മാരായി കഴിയുന്നു. അപ്പോള്‍, വിദ്യാഭ്യാസ്സമൊന്നുമല്ല കാര്യം. എവിടെയോ, എന്തോ തകരാറുകളുണ്ടെന്ന അയാളുടെ തോന്നലുകള്‍ ശക്‌തിപ്പെടുകയായിരുന്നു. പിന്നെ "താന്‍ പാതി, ദൈവം പാതി“ എന്ന പ്രമാണത്തില്‍ വിശ്വസിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു. തന്റെ പാതി പഠിച്ചു പാസ്സായതോടെ തീര്‍ന്നു. ഇനി ജോലി തരികയെന്ന ദൈവത്തിണ്റ്റെ പാതി, അങ്ങേരു നോക്കട്ടെ. തികച്ചും ആശ്വാസകരമായ ആ കണ്ടെത്തലില്‍ അയാള്‍ സംതൃപ്തനാകാന്‍ ശ്രമിക്കുമ്പോഴൊക്കെ വല്ലപ്പോഴും പ്രതിഷേധിക്കാന്‍, കുറ്റപ്പെടുത്താന്‍, മജ്ജയും, മാംസവുമുള്ള ഒരു മനുഷ്യജീവിയെ മറുപക്ഷത്ത്‌ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നാതിരുന്നില്ല.


അല്ലാ, ഇന്റെര്‍വ്യു ഉണ്ടായിട്ടും കുംഭകര്‍ണ്ണസേവക്കു മുടക്കം വരുത്തിയില്ല അല്ലേ?


ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങുന്ന സഹോദരിയുടെ ചോദ്യത്തില്‍ അയാളുടെ ചിന്തകളും നഷ്ടപ്പെട്ടു. പുറത്ത്‌ ഉച്ചവെയില്‍ കനക്കുമ്പോള്‍, ഇണ്റ്റര്‍വ്യു നഷ്ടപ്പെട്ട വിഷമത്തേക്കാള്‍, ജോലി നേടിയതിനുശേഷം പിരിച്ചുവിടപ്പെട്ടവന്റെ വിഷമം അനുഭവിക്കേണ്ടി വന്നില്ലല്ലോയെന്നോര്‍ത്ത്‌ അയാള്‍ ആശ്വസിച്ചു. അയാള്‍ വീണ്ടും കട്ടിലില്‍ വന്നിരുന്നു. പിന്നെ നഷ്ടപ്പെട്ട ഇന്റെര്‍വ്യു ദിവസങ്ങളുടെ പട്ടികയിലേക്ക്‌ ഒന്നുകൂടി കൂട്ടിച്ചേര്‍ത്ത്‌, അയാള്‍ പുതിയ സ്വപ്നങ്ങളെ വരവേല്‍ക്കുവാനായി മൂടിപ്പുതച്ചുകിടന്നു.
- 0 -

മുഖാമുഖം

സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌ അയാള്‍ വെളുപ്പാന്‍കാലത്ത്‌ വീണ്ടും പുതപ്പിനടിയിലേക്ക്‌ വലിഞ്ഞു. ഇന്നത്തെ സ്വപ്നങ്ങള്‍ ഇന്നലത്തേതിനേക്കാള്‍ നന്നായിരിക്കണേയെന്നും, ദുഃസ്വപ്നങ്ങളൊന്നും കാണരുതേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടയാള്‍ കിടന്നു. ക്ളോക്കില്‍ ആറു പ്രാവശ്യം മണിമുഴങ്ങുന്നത്‌ എണ്ണുമ്പോള്‍, ഇന്ന്‌ ഒരു സ്വപ്നവും കാണാതെ എഴുന്നേല്‍ക്കേണ്ടി വരുമല്ലോയെന്നോര്‍ത്ത്‌ അയാള്‍ക്കരിശം വന്നു. എങ്കിലും അവസാനശ്രമമെന്ന നിലയില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌, പുതപ്പ്‌ തലവഴി മൂടിപ്പുതച്ചു കിടന്നു. ആ ശ്രമത്തില്‍ അയാള്‍ വിജയിക്കുകയും ചെയ്‌തു. മയക്കം പുരോഗമിക്കവേ, നഗരത്തിലെ ഏതോ പഞ്ചനക്ഷത്ര ഹോട്ടലിലെ കമനീയമായി അലങ്കരിച്ച ഒരു മുറി അയാളുടെ മുന്നില്‍ തെളിഞ്ഞു. കോട്ടും, സൂട്ടും ധരിച്ച അഞ്ചുപേര്‍ ഒരര്‍ദ്ധഗോളാകൃതിയിലുള്ള മേശയ്ക്കു പുറകിലിരിയ്ക്കുന്നു. അവര്‍ക്കഭിമുമായി ചിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ എണ്റ്റെ കഥാപാത്രം ഇരിയ്ക്കുന്നു. നെറ്റിയില്‍ പൊടിയുന്ന. വിയര്‍പ്പുകണങ്ങളൊപ്പാനായി ആഗ്രഹിച്ചെങ്കിലും അതിനുവേണ്ടി എന്തോ അപ്പോളയാള്‍ ശ്രമിച്ചില്ല.

ബയോഡാറ്റയിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അഞ്ചുപേരില്‍ പ്രായംകൂടിയ ആള്‍ ചോദിച്ചു.
മിസ്റ്റര്‍ വി.കെ.കുമാര്‍. എന്താണ്‌ നിങ്ങളുടെ മുഴുവന്‍ പേര്‌?.

വലിയവീട്ടില്‍ കിരണ്‍കുമാര്‍ എന്നാണ്‌ മുഴുവന്‍ പേര്‍ (വിറയലില്ലാതെ സംസാരിയ്ക്കാന്‍ കഴിയുന്നതറിഞ്ഞ്‌. ഊര്‍ജ്ജസ്വലതയോടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കായി. കാതു കൂര്‍പ്പിച്ച്‌ കിരണ്‍കുമാര്‍ മുന്നോട്ടാഞ്ഞിരുന്നു.)

ബി.ടെക്‌ ബിരുദം നേടിയതിനുശേഷം എന്തുകൊണ്ട്‌. എം. ടെക്കിനു ശ്രമിച്ചില്ല?
(ചോദ്യം വീണ്ടും വയസ്സണ്റ്റെ വകയായിരുന്നു. ഒരു പക്ഷെ ഈ വയസ്സനായിരിക്കും ഇണ്റ്റര്‍വ്യു ബോര്‍ഡിണ്റ്റെ ചെയര്‍മാന്‍. അതുകൊണ്ടുതന്നെ ഉത്തരം നല്‍കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പാലിക്കാന്‍ അയാള്‍ ശ്രമിച്ചു. )

വീണ്ടും ഞാന്‍ സ്വപ്നങ്ങള്‍ കണ്ടില്ല സാര്‍.
അയാള്‍ ഗൌരവത്തോടെ ഉത്തരം നല്‍കി. അവര്‍ പരസ്പരം നോക്കുകയും, ശബ്ദം താഴ്ത്തി സംസാരിക്കുന്നതും അയാളെ അസ്വസ്ഥചിത്തനാക്കി. )

സ്വപ്നങ്ങള്‍ കാണാതിരിക്കാനുള്ള കാരണമെന്തായിരുന്നു?
(ഇതിനുമുമ്പ്‌ താന്‍ നല്‍കിയ ഉത്തരം തനിക്കു നേരെ താന്‍ തന്നെ തൊടുത്ത ഒരു ശരമായി വന്നതയാള്‍ മനസ്സിലാക്കി. ഇനിയിപ്പോള്‍ രക്ഷപ്പെടില്ലെന്നയാള്‍ക്കറിയാമായിരുന്നു. പക്ഷെ തനിക്കു ജയിക്കണം. വളരെക്കാലം കാത്തിരുന്നു കിട്ടിയ അവസരമാണിത്‌. കൈവിട്ടുകൂടാ. അയാള്‍ തീരുമാനിച്ചു. തെല്ലും പുഞ്ചിരി നഷ്ടപ്പെടുത്താതെ തന്നെ മൊഴിഞ്ഞു.)

വിശപ്പായിരുന്നു സാര്‍ കാരണം.
(ചെയര്‍മാനും, മെമ്പര്‍മാരും ഒന്നുകൂടി ഇളകിയിരുന്നു. രണ്ടാമത്തെ മെമ്പര്‍ ഉത്സാഹഭരിതനായി കാണപ്പെട്ടു. അയാള്‍
ചോദിച്ചു.)

കൂടുതല്‍ വിശദീകരിക്കാമോ?
(അദ്ദേഹം ആ ചോദ്യത്തില്‍ മുറുകെ പിടിക്കുന്നതറിഞ്ഞ്‌ അയാള്‍ക്ക്‌ വിഷമം തോന്നി. ഒരു പക്ഷെ സാഹിത്യ
സ്നേഹികളായിരിക്കാം ഇവരും. അയാള്‍ വെറുതെ ഊഹിച്ചു. എന്നീട്ട്‌ മെല്ലെ പറഞ്ഞു. )

വിശക്കുമ്പോള്‍ നാം യാഥാര്‍ഥ്‌ത്യത്തിലേക്ക്‌ തിരിച്ചു വരുന്നു സാര്‍. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവൃത്തി ചെയ്യാനാഗ്രഹിക്കുന്നു. ആ പ്രവൃത്തിയുടെ ഫലവും, വിശപ്പിണ്റ്റെ ശമനവും എല്ലാം സ്വപ്നങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാണു സാര്‍.
[രണ്ടാമത്തെ മെമ്പറുടെ കണ്ണുകളില്‍ ഈര്‍ഷ്യയുടെ തിളക്കം അയാള്‍ കണ്ടു. മറുപടി പറയാനാവാതെ താന്‍ പരുങ്ങി നില്‍ക്കുമെന്നു പ്രതീക്ഷിച്ച അദ്ദേഹത്തിന്‌ ഈര്‍ഷ്യയല്ലാതെ മറ്റെന്തു വികാരമാണുണ്ടാവുക. അതുകൊണ്ടാവണം അടുത്ത ചോദ്യം ഒരു ആഗോളപ്രസക്‌തിയുള്ളതാവട്ടെ എന്നു തീരുമാനിച്ച്‌ തൊടുത്തുവിട്ടത്‌.]

ദാരിദ്ര്യ രേഖയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്‌?

[ബി.ടെക്കുകാരന്‌ ദാരിദ്ര്യമുണ്ടാവില്ലെന്നും, അതുകൊണ്ടുതന്നെ തന്റെ കാഴ്ച്ചപ്പാടില്‍ കാമ്പുണ്ടാവില്ലെന്നും ഒക്കെയുള്ള ചിന്താഗതിയില്‍ നിന്നായിരിക്കണം ഈ ചോദ്യമെന്നയാള്‍ കരുതി. മറുപടി പറയാന്‍ അല്‍പം പോലും അയാള്‍ക്ക്‌ ആലോചിക്കേണ്ടതായി വന്നില്ല. അയാള്‍ പറഞ്ഞു.]

ഞങ്ങള്‍ക്കു മുകളില്‍ കാണുന്ന ഒരേ ഒരു രേ ദാരിദ്യ്രരേയാണു സാര്‍. ആ രേഖ കണികണ്ടു കൊണ്ടാണ്‌ എന്നും ഉണരുകയും ഉറങ്ങുകയും ചെയ്‌തിരുന്നത്‌. ആ രേഖ നോക്കി മാത്രമാണ്‌ ഞാനിത്രയിടം താണ്ടിയെത്തിയത്‌. ഞങ്ങളുടെ കൂട്ടരില്‍ ചിലര്‍ ആ രേഖയുടെ മറുപുറം ചാടാന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ പലരും വീണു തകര്‍ന്നു. അവര്‍ വിഡ്ഢികളായിരുന്നു സാര്‍. ദാരിദ്ര്യ രേഖയുടെ താഴെ മാത്രം കഴിയാന്‍ വിധിയ്ക്കപ്പെട്ടവര്‍ അതിന്നപ്പുറം താണ്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പാടില്ലായിരുന്നു.
[ഉത്തരം കുറച്ചൊക്കെ തൃപ്തി നല്‍കിയെന്ന മട്ടില്‍ രണ്ടാമത്തെ മെമ്പര്‍ തണ്റ്റെ മീശ തടവി മറ്റു മെമ്പര്‍മാരെ നോക്കി. ഒരു ഹരികഥ ശ്രവിച്ചപോലെ അവര്‍ ഇരുന്നിരുന്നു. ഇനിയും തൃപ്തി വരാതെയാവണം വയസ്സന്‍ ഒരുപചോദ്യമുന്നയിച്ചു. ]

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെപ്പറ്റി എന്താണഭിപ്രായം?

[എന്തങ്കിലും മോഹിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ എന്നും എല്ലാവര്‍ക്കും ഇഷ്ടമാണല്ലൊ. ഒരു പക്ഷെ ആ വാക്കുകള്‍ ചിലരെയെങ്കിലും ഒരു നല്ല നാളെയെ സ്വപ്നം കാണാന്‍ അനുവദിക്കുന്നുണ്ടാവാം. അതുകൊണ്ടുതന്നെ പെട്ടെന്നയാള്‍ പറഞ്ഞു]

നല്ല അഭിപ്രായമാണു സാര്‍. ഞങ്ങളില്‍ പലരും ദാരിദ്ര്യ രേഖയ്ക്ക്‌ മുകളില്‍ വരുമെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. ചിലയിടങ്ങളില്‍ ഞാനതു കാണുകയും ചെയ്‌തു. രേഖ കട്ടിയുള്ള പ്രതലങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. പലരും വിഷമിച്ചു ശ്വസിക്കുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന ആ രേഖകള്‍ കീഴോട്ടിറങ്ങുന്നതു കണ്ട്‌ ഞാന്‍ പലപ്പോഴും മുഖം തിരിച്ചീട്ടുണ്ടു സാര്‍. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനായി തുനിഞ്ഞിറങ്ങിയവരുടെ ചഷകങ്ങളില്‍ നിന്നിറ്റുവീണ മദ്യത്തില്‍ മറ്റു ചിലരുടെ രേഖകള്‍ തെളിയാതിരുന്നതും ഞാനറിഞ്ഞു സാര്‍. ശരിയാവാനേ ന്യായമുള്ളു. ജലത്തിലെന്തു രേഖ സാര്‍?

[അത്രയും പറഞ്ഞു തീര്‍ന്നതും അയാള്‍ക്കു തൊണ്ട വരളുന്നതായി തോന്നി. അയാളുടെ കണ്ണുകള്‍ വെള്ളത്തിനായ്‌ ചുറ്റും പരതി. അതു മനസ്സിലായിട്ടെന്ന പോലെ വയസ്സന്‍ തന്റെ മുന്നിലിരുന്ന വെള്ളത്തിന്റെ ഗ്ളാസ്സ്‌ അയാള്‍ക്കുനേരെ നീട്ടി. നന്ദി പറഞ്ഞ്‌ ഗ്ളാസ്സ്‌ കയ്യിലെടുക്കുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു, തന്നെപ്പോലെ പല ഉദ്യോഗാര്‍ഥ്‌തികളേയും ഇവര്‍ വെള്ളം കുടിപ്പിച്ചിരിക്കാമെന്ന്‌.]

പിതാവ്‌ കൃഷിക്കാരനാണെന്ന്‌ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നുണ്ടല്ലൊ?. എന്തു കൃഷിയായിരുന്നു താങ്കളുടെ പിതാവിന്‌?
[മൂന്നാമത്തെ മെമ്പര്‍ സമൂഹത്തെ വിട്ട്‌ തണ്റ്റെ കുടുംബത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായി അയാള്‍ക്കു തോന്നി. ആ സഫിക്കറ്റുമാത്രമാണ്‌ അച്ഛനെ ഒരു കൃഷിക്കാരനാക്കുന്നത്‌. അതിനപ്പുറം കൃഷിയുമായി അച്ഛനു പുലബന്ധം പോലുമില്ലെന്നു പറയാനാഗ്രഹിച്ചെങ്കിലും പറഞ്ഞുപോയതു മറ്റൊന്നായിരുന്നു.]

അച്ഛന്‍ കൃഷിപ്പണി സ്വപ്നം കണ്ടു മരിച്ചു സാര്‍

[രണ്ടാമത്തെ മെമ്പര്‍ അയാളെ തോണ്ടാന്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു.]

വിശക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്കു പ്രാധാന്യമില്ലെന്നു പറഞ്ഞ നിങ്ങള്‍ അച്ഛന്‍ സ്വപ്നം കണ്ടു മരിച്ചു എന്നു പറയുന്നതിണ്റ്റെ ന്യായീകരണമെന്താണ്‌?

[തണ്റ്റെ പുഞ്ചിരി മായുന്നതയാള്‍ മനസ്സിലാക്കി. ഇനി ചിരിച്ചുകൊണ്ടു മറുപടി പറയാന്‍ തനിക്കാവില്ലല്ലോയെന്നോര്‍ത്ത്‌ വിഷമം തോന്നി.]

ശരിയാണ്‌ സാര്‍. എന്നോ ഒരിക്കല്‍ മൂന്നുനേരവും ആഹാരം കഴിച്ചതുകൊണ്ടാണ്‌ അച്ഛന്‍ സ്വപ്നം കണ്ടത്‌. ഒരു കൃഷിക്കാരനായിരുന്നെങ്കില്‍, സ്വന്തമായി

കുറച്ചു കൃഷിഭൂമിയുണ്ടായിരുന്നെങ്കില്‍, മക്കളെ മൂന്നു നേരവും വയറു നിറപ്പിയ്ക്കാനാവുമെന്നുള്ള സ്വപ്നവുമായാണച്ഛന്‍ മരിച്ചത്‌. അച്ഛന് സ്വപ്നം

കാണാനുള്ള അവകാശമില്ലായിരുന്നുവെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു സാര്‍.

[എന്തോ നിര്‍വൃതി ലഭിച്ചിട്ടെന്നവണ്ണം രണ്ടാമത്തെ മെമ്പര്‍ കസേരയിലേക്ക്‌ ചാഞ്ഞു. നാലാമത്തെ മെമ്പര്‍ മയക്കത്തില്‍ നിന്നുണര്‍ന്നീട്ടെന്നപോലെ പാതി തുറന്ന മിഴികള്‍ തിരുമ്മി അലക്ഷ്യമായെങ്ങോ പരതി. അപ്പോളയാളുടെ കണ്ണുകള്‍ ഒരു ചെമ്പോത്തിണ്റ്റേതുപോലെ തോന്നിച്ചു. വായുവില്‍ നിന്നാവാഹിച്ചെടുത്തപോലെ പൊടുന്നനെ അയാള്‍ ചോദിച്ചു]

താങ്കളുടെ ഹോബികളെക്കുറിച്ചൊന്നും ബയോഡാറ്റയില്‍കാണിച്ചിട്ടില്ലല്ലൊ. അങ്ങനെയെന്തെങ്കിലുമുണ്ടോ?

[എല്ലാ പരുക്കന്‍ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു അയാളുടെ മനസ്സില്‍. ആ പ്രതീതി ചിരിയായി ചുണ്ടില്‍ വിടര്‍ന്നു. തനിക്കിഷ്ടപ്പെട്ട ചോദ്യമെറിഞ്ഞ മെമ്പറോട്‌ വിനയപൂര്‍വ്വം അയാള്‍ പറഞ്ഞു]

കഥയും, കവിതയുമൊക്കെ എഴുതും സാര്‍

[ആ മറുപടി കേട്ടതും, മെമ്പറുടെ മുഖം ചുളിഞ്ഞു, പുരികങ്ങള്‍ വളഞ്ഞു. ആ ഭാവങ്ങള്‍ പൊടുന്നനെ ഒരു ചോദ്യമായി വീണ്ടും അയാളെ തേടിയെത്തി.]

ബി.ടെക്കും, കഥയും, കവിതയും. ഇതൊക്കെ തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടെന്നു തോന്നുന്നില്ലല്ലൊ. അല്ല. ഉണ്ടോ?

[അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ എന്ത്‌ എന്തിനോടാണ്‌ പൊരുത്തപ്പെട്ടിരിക്കുന്നത്‌ എന്നയാളോര്‍ത്തു. ഒരു പക്ഷെ പൊരുത്തമില്ലായ്മയുടെ ആകെത്തുകയാണ്‌ തണ്റ്റെ ജീവിതം. മെമ്പറെ അലോസരപ്പെടുത്താതെ എങ്ങനെ ഉത്തരം പറയാമെന്നായിരുന്നു അപ്പോളയാളുടെ ചിന്ത. അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറും,മദ്യപാനവും തമ്മിലെന്തു ബന്ധമാണുള്ളതെന്നു ഒരു മറുചോദ്യമുന്നയിക്കാമായിരുന്നു. കുറച്ചുനേരത്തെ മൌനത്തിനുശേഷം അയാള്‍ പറഞ്ഞു]

ഏകാന്തതയും, തൊഴിലില്ലായ്മയും കൂടി ഉണ്ടാക്കിയ പൊരുത്തമാണു സാര്‍.

[ആ ഉത്തരം ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല മെമ്പര്‍. അദ്ദേഹം വീണ്ടും മയക്കം ആരംഭിച്ചിരുന്നു. അവസാനമിരിക്കുന്ന മെമ്പറില്‍ കണ്ണുംനട്ട്‌, കനത്ത ചോദ്യങ്ങളൊന്നുമുണ്ടാകല്ലേയെന്നു പ്രാര്‍ഥ്‌തിച്ച്‌ അയാളിരുന്നു. വെറുതെ സമയം പാഴാക്കാനെന്ന മട്ടിലായിരുന്നു അവസാന മെമ്പറുടെ ചോദ്യം.]

എന്തിനാണ്‌ താങ്കള്‍ എഴുതുന്നത്‌? ഐ മീന്‍, എഴുത്തുകൊണ്ട്‌ എന്താണു താങ്കള്‍ ലക്ഷ്യമാക്കുന്നത്‌?

അയാള്‍ വിനയത്തോടെയാണെങ്കിലും ഒരു പ്രത്യേക വികാരത്തോടെയാണതിനു മറുപടി നല്‍കിയത്‌. അയാള്‍ പറഞ്ഞു.

ഇന്നത്തെ സാമൂഹിക ഉച്ചനീചത്തങ്ങളെക്കുറിച്ച്‌ എഴുതാറുണ്ട്‌. പിന്നെ ഞാനൊരു പ്രകൃതിസ്നേഹി ആയതുകൊണ്ട്‌ വന നശീകരണത്തേയും, അതുപോലെയുള്ള പ്രകൃതി വിധ്വംസകപ്രവര്‍ത്തനങ്ങളേയും എതിര്‍ത്ത്‌ എഴുതാറുണ്ട്‌.
[അയാള്‍ പറഞ്ഞു നിര്‍ത്തി. ഓരോരുത്തരുടേയും ഭാവം ശ്രദ്ധിച്ചു. എല്ലവരും ശ്രദ്ധിച്ചു കേട്ട ഒരേയൊരുത്തരം അതായിരിക്കുമെന്നയാള്‍ ഊഹിച്ചു. വയസ്സനപ്പോള്‍ ഫയലില്‍ എന്തോ കുറിച്ചിടുകയായിരുന്നു. അല്‍പ നേരത്തിനുശേഷം അദ്ദേഹം ചോദിച്ചു].

മിസ്റ്റര്‍ കിരണ്‍കുമാര്‍, താങ്കള്‍ നല്ലവരെക്കുറിച്ച്‌ എന്തുകൊണ്ടെഴുതുന്നില്ല?

നല്ലവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാന്‍
അയാള്‍ പൊടുന്നനെ മറുപടിയും കൊടുത്തു. [മറ്റു മെമ്പര്‍മാര്‍ വയസ്സനു ചുറ്റും ഒത്തുചേര്‍ന്ന്‌ എന്തോ തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നതായി അയാള്‍ മനസ്സിലാക്കി. കൂടിയാലോചനക്കുശേഷം, വയസ്സന്‍ സംസാരിക്കാന്‍ തുടങ്ങി.]
ഈ ജോലിക്ക്‌ താങ്കള്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത വെറും അഞ്ചു ശതമാനം മാത്രമായിരുന്നീട്ടും, ഞങ്ങള്‍ താങ്കളെ തിരഞ്ഞെടുത്തുവെന്നു കരുതുക.

എങ്കില്‍ ഞങ്ങള്‍ നല്ലവരാണെന്നു താങ്കള്‍ എഴുതുമോ?
[ആ ചോദ്യം ഐകകണ്ഠ്യേനയാണെന്നയാള്‍ക്കു ബോദ്ധ്യപ്പെട്ടു. ഇവരെ നല്ലവരായി കണ്ടെത്തിയാല്‍ താന്‍ ഒരിക്കലും നല്ലവരെ കണ്ടെത്തുകയുണ്ടാവില്ലെന്ന്‌

അയാള്‍ക്കറിയാമായിരുന്നു. പക്ഷെ അതവരെ ബോദ്ധ്യപ്പെടുത്താന്‍ താന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരേയും അയാള്‍ മാറി മാറി വീക്ഷിച്ചു. അവര്‍, അവര്‍ക്കു കഴിയാവുന്നതിലേറെ ഭംഗിയായി പുഞ്ചിരിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ജീവിതാഭിലാക്ഷം നിറവേറുമെന്ന പ്രതീക്ഷയോടും, ആകാംക്ഷയോടും അവര്‍ അയാളുടെ മറുപടിക്കായി കാത്തിരുന്നു.]

നിങ്ങളില്‍ ആരാണു കൂടുതല്‍ നല്ലവന്‍ എന്നറിയാതെ എനിക്കെഴുതാന്‍ കഴിയില്ല.
[അയാള്‍ പറഞ്ഞു. അവര്‍ നിശ്ശബ്ദരായിരുന്നു. ഒരു പക്ഷെ അവര്‍ ചിന്തിക്കുകയായിരിക്കുമോ എന്നെങ്കിലും ജീവിതത്തില്‍ നന്‍മകള്‍ ചെയ്‌തീട്ടുണ്ടോ എന്ന്‌. വയസ്സന്‌ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നവണ്ണം, അയാള്‍ പ്രഖ്യാപിച്ചു]

ഞാന്‍ നല്ലവനായതുകൊണ്ടു മാത്രമാണല്ലൊ, നല്ലൊരു സംഖ്യ ഈ ജോലിക്ക്‌ കോഴ നല്‍കാമെന്നു പറഞ്ഞവരെ തഴഞ്ഞും താങ്കളെ നിയോഗിക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നത്‌.
[അദ്ദേഹത്തോടുള്ള അമര്‍ഷം പല്ലിറുമ്മിതീര്‍ക്കുന്ന അദ്ദേഹത്തിണ്റ്റെ സുഹൃത്തുക്കളെ അപ്പോളയാള്‍ക്കു കാണാന്‍ കഴിഞ്ഞു. പല്ലിനു ദൃഢത കുറഞ്ഞവരാകാം അതിറുമ്മാന്‍ നില്‍ക്കാതെ മറ്റൊരു തരത്തില്‍ പ്രതികരിച്ചത്‌. ഒരു മെമ്പര്‍ മുഷ്ടി ചുരുട്ടി മേശയില്‍ ഇടിച്ചു ദേഷ്യം പ്രകടിപ്പിച്ചതിനു ശേഷം വയസ്സനു നേരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. ]

മിസ്റ്റര്‍, നിങ്ങളൊരാള്‍മാത്രം തീരുമാനിച്ചാല്‍ ഇവിടെ ഒന്നും നടക്കില്ലന്നോര്‍ക്കണം. ഈ കമ്പനിയുടെ ഓഹരി അധികവും എണ്റ്റെ പക്കലാണ്‌. അതോര്‍മ്മ വേണം. അധികം കളിച്ചാല്‍ നാളെ ഈ ജോലിക്കുവേണ്ടി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും.

അതൊരു വാഗ്വാദത്തിണ്റ്റെ തുടക്കം മാത്രമായിരുന്നു. അയാള്‍ എല്ലാം കണ്ടും, കേട്ടും ഇരുന്നു. നല്ലവരാകാനുള്ള ശ്രമത്തിനിടയില്‍ ഓരോരുത്തരും അവരവരുടെ ഭീകരസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാം സമ്മതിച്ച്‌, ഇവരുടെ കീഴില്‍ ഒരുദ്യോഗസ്ഥനായാല്‍ ജീവിതത്തിണ്റ്റെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുമെന്നയാള്‍ മനസ്സിലാക്കി. കുറച്ചു വെള്ളക്കടലാസ്സെടുത്തു മേശപ്പുറത്തു വെച്ച്‌ അയാള്‍ അഞ്ചുപേരേയും മാറി മാറി നോക്കി. പിന്നീട്‌ അയാള്‍ കടലാസ്സില്‍ വരയ്ക്കാന്‍ തുടങ്ങി. ആദ്യം വരച്ചത്‌ അഞ്ചു കൂറ്റന്‍ തൂണുകളായിരുന്നു. ആ തൂണുകള്‍ക്കിടയില്‍ ചതഞ്ഞമരുന്ന ബിരുദങ്ങളേന്തിയ ചെറുപ്പക്കാരുടെ ശരീരങ്ങളായിരുന്നു പിന്നീടു വരച്ചത്‌. തൂണിനു മുകളില്‍ പടുത്തുയര്‍ത്തിയ കമനീയമായ ഓഫീസിലിരുന്ന്‌ ബിരുദധാരികളുടെ ശവങ്ങള്‍ തേടുന്ന അവരുടെ മക്കള്‍. അത്രയും വരച്ചുതീര്‍ന്നപ്പോള്‍ അതില്‍ കൂടുതലായി പ്രത്യേകിച്ച്‌ അവരെക്കുറിച്ചെഴുതാന്‍ ബാക്കിയൊന്നുമില്ലെന്ന്‌ അയാള്‍ക്കു തോന്നി.

അയാള്‍ ആ സ്കെച്ച്‌ അവര്‍ക്കു നേരെ നീട്ടി. വയസ്സന്‍ ഉത്സാഹപൂര്‍വ്വം അതു വാങ്ങി. ദൃഷ്ടികള്‍ കൂട്ടത്തോടെ ആ സ്കെച്ചിലൂടെ പാഞ്ഞു. ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായിരുന്നു. അവരുടെ മിഴികള്‍ ചെമന്നു തുടുക്കുന്നതും കഥകളിയിലേതു പോലെ വിവിധ ഭാവങ്ങള്‍ അവരുടെ മുങ്ങളില്‍ മിന്നിമറയുന്നതും അയാള്‍ കണ്ടു. അപ്പോള്‍ ഒരു നിശ്വാസമുതിര്‍ക്കാന്‍ പോലുമാവാതെ അവരെ ശ്രദ്ധിച്ചയാള്‍ ഇരുന്നു. അഞ്ചുപേരും രൌദ്രഭാവം പൂണ്ടു നില്‍ക്കുകയാണിപ്പോള്‍. പരസ്പരം കോര്‍ത്തുപിടിച്ച അവരുടെ കൈകള്‍ തണ്റ്റെ കഴുത്തിനുനേരെ നീണ്ടുവരുന്നതയാള്‍ കണ്ടു. അവരുടെ ശബ്ദം കാതുകളിലേക്ക്‌ തുളച്ചുകയറി. ഒരു മുദ്രാവാക്യം പോലെ അവര്‍ പറഞ്ഞു.

ഞങ്ങള്‍ നല്ലവരാണെന്ന്‌ എഴുതുക.
അല്ല, നിങ്ങള്‍ നല്ലവരല്ല. നിങ്ങളെക്കുറിച്ചെഴുതാന്‍ ക്രൂരമായ പദങ്ങള്‍ തേടട്ടെ ഞാന്‍.
അയാള്‍ അലറുകയായിരുന്നു. ആ അലര്‍ച്ചയില്‍ അയാളുടെ സ്വപ്നങ്ങള്‍ മുറിഞ്ഞു. ക്ളോക്കില്‍ പത്തുമണി അടിക്കുന്നതിണ്റ്റെ മുഴക്കം അയാളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചു. പിന്നെ ആ സ്പന്ദനത്തിണ്റ്റെ താളാത്മകതയില്‍ ലയിച്ചയാള്‍ കിടന്നു. തലേദിവസംതന്നെ എത്രയോ തയ്യാറെടുപ്പുകള്‍ നടത്തിയതാണ്‌. അയാളോര്‍ത്തു. ഇസ്തിരിയിട്ട പാണ്റ്റും, ഷര്‍ട്ടും മേശക്കുമീതെ ഇരുന്നിരുന്നു. അതിന്നടുത്തായിത്തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും. അതിനുമീതെ ഇണ്റ്റര്‍വ്യുകാര്‍ഡ്‌. ഒന്നും മറക്കാതിരിക്കാന്‍ തലേദിവസം ഒരുക്കൂട്ടി വെച്ചതാണ്‌. അമ്മയുണ്ടായിരുന്നെങ്കില്‍ ഘടികാരത്തിണ്റ്റെ ആവശ്യമേയില്ല. എല്ലാം മനസ്സിലാക്കി തന്നെ വന്നു വിളിച്ചുണര്‍ത്തുമായിരുന്നു. ഇന്നിപ്പോള്‍ സ്നേഹത്തോടെ ശാസിക്കാന്‍ തനിക്കാരുമില്ല. പലപ്പോഴും ശപിക്കാനാണ്‌ ബാക്കിയുള്ളവര്‍ മുതിരുന്നത്‌.
ഉത്തരവാദിത്തമില്ലാത്തവന്‍. മൂന്നു നേരം മൂക്കുമുട്ടെ ശാപ്പാടും കഴിച്ച്‌ കട്ടിലില്‍ കയറി കിടക്കല്‍. ആരെങ്കിലും നിന്നെ വന്നു വിളിച്ചുകൊണ്ടുപോയി ജോലി തരും. വീടിണ്റ്റെ പകുതിയോളം പണയപ്പെടുത്തി കിട്ടിയ ജോലിക്കു പോകുന്നതിന്നിടയില്‍ സഹോദരിയുടെ സാന്ത്വനമാണവ. നേരത്തേ എഴുന്നേറ്റ ചേച്ചിക്കെങ്കിലും തന്നെയൊന്നു വിളിച്ചുണര്‍ത്താമായിരുന്നു. അല്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ ന്യായമില്ല. ജീവിതഭാരം ലഘൂകരിക്കാനുള്ള തത്രപ്പാടില്‍ ചേച്ചി വിളിക്കാന്‍ മറന്നുപോയതാവും. കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ കട്ടിലിനോടുചേര്‍ന്നു കിടക്കുന്ന മേശയുടെ മുകളിലേക്ക്‌ ഇണ്റ്റര്‍വ്യുകാര്‍ഡിനായി കൈനീണ്ടു. ചിലപ്പോള്‍ ഇണ്റ്റര്‍വ്യുവിണ്റ്റെ സമയമൊ, തിയ്യതിയൊ മാറ്റമുണ്ടെങ്കിലൊ. അങ്ങനെയാവില്ലെന്നറിഞ്ഞീട്ടും, അയാളാശിച്ചു. കാര്‍ഡ്‌
എത്തിപ്പിടിച്ച്‌ മലര്‍ന്നു കിടന്ന്‌ കാര്‍ഡിലൂടെ കണ്ണോടിച്ചു. ഒരു മാറ്റവുമില്ല.തിയ്യതി ഇന്നത്തേതുതന്നെ. സമയവും കഴിഞ്ഞുപോയിരിക്കുന്നു. ഹൊ! പോയിരുന്നെങ്കില്‍തന്നെ ജോലി കിട്ടുമെന്ന ഉറപ്പൊന്നുമില്ലല്ലൊ. അയാള്‍ സ്വയം സാന്ത്വനപ്പെടുത്തി. പിന്നെ കട്ടിലില്‍നിന്നും എഴുന്നേറ്റ്‌ പതിവുപോലെ ജന്നല്‍ തുറന്ന്‌ വിദൂരതയില്‍ കണ്ണും നട്ട്‌, താന്‍ കണ്ട സ്വപ്നം വിശകലനം ചെയ്‌തു. മെമ്പര്‍മാരുടെ ചോദ്യങ്ങള്‍ക്ക്‌ കുറെക്കൂടി ഭേദപ്പെട്ട മറുപടി കൊടുക്കാമായിരുന്നെന്ന്‌ അയാള്‍ക്കു തോന്നാതിരുന്നില്ല. ഇനിയും തണ്റ്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നയാള്‍ പ്രതിജ്ഞ
ചെയ്‌തു. എന്താണു തനിക്കുമാത്രം എവിടേയും എത്തിപ്പെടാന്‍ കഴിയാത്തത്‌. തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ പലരും സര്‍ക്കാരുദ്യോഗസ്ഥന്‍മാരായി കഴിയുന്നു. അപ്പോള്‍, വിദ്യാഭ്യാസ്സമൊന്നുമല്ല കാര്യം. എവിടെയോ, എന്തോ തകരാറുകളുണ്ടെന്ന അയാളുടെ തോന്നലുകള്‍ ശക്‌തിപ്പെടുകയായിരുന്നു. പിന്നെ "താന്‍ പാതി, ദൈവം പാതി“ എന്ന പ്രമാണത്തില്‍ വിശ്വസിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു. തണ്റ്റെ പാതി പഠിച്ചു പാസ്സായതോടെ തീര്‍ന്നു. ഇനി ജോലി തരികയെന്ന ദൈവത്തിണ്റ്റെ പാതി, അങ്ങേരു നോക്കട്ടെ. തികച്ചും ആശ്വാസകരമായ ആ കണ്ടെത്തലില്‍ അയാള്‍ സംതൃപ്തനാകാന്‍ ശ്രമിക്കുമ്പോഴൊക്കെ വല്ലപ്പോഴും പ്രതിഷേധിക്കാന്‍, കുറ്റപ്പെടുത്താന്‍, മജ്ജയും, മാംസവുമുള്ള ഒരു മനുഷ്യജീവിയെ മറുപക്ഷത്ത്‌ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നാതിരുന്നില്ല.

അല്ലാ, ഇണ്റ്റര്‍വ്യു ഉണ്ടായിട്ടും കുംഭകര്‍ണ്ണസേവക്കു മുടക്കം വരുത്തിയില്ല അല്ലേ?

ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങുന്ന സഹോദരിയുടെ ചോദ്യത്തില്‍ അയാളുടെ ചിന്തകളും നഷ്ടപ്പെട്ടു. പുറത്ത്‌ ഉച്ചവെയില്‍ കനക്കുമ്പോള്‍, ഇണ്റ്റര്‍വ്യു നഷ്ടപ്പെട്ട വിഷമത്തേക്കാള്‍, ജോലി നേടിയതിനുശേഷം പിരിച്ചുവിടപ്പെട്ടവണ്റ്റെ വിഷമം അനുഭവിക്കേണ്ടി വന്നില്ലല്ലോയെന്നോര്‍ത്ത്‌ അയാള്‍ ആശ്വസിച്ചു. അയാള്‍ വീണ്ടും കട്ടിലില്‍ വന്നിരുന്നു. പിന്നെ നഷ്ടപ്പെട്ട ഇണ്റ്റര്‍വ്യു ദിവസങ്ങളുടെ പട്ടികയിലേക്ക്‌ ഒന്നുകൂടി കൂട്ടിച്ചേര്‍ത്ത്‌, അയാള്‍ പുതിയ സ്വപ്നങ്ങളെ വരവേല്‍ക്കുവാനായി മൂടിപ്പുതച്ചുകിടന്നു.

[അവസാനിച്ചു]

Saturday, August 05, 2006

വെറുതെ മോഹിച്ചവര്‍

നിലാവുള്ള രാത്രിയില്‍ ജന്നലിലൂടെ ദൃശ്യമാവുന്ന മാവിന്റേയും, കവുങ്ങിന്റേയുമൊക്കെ നിഴലുകള്‍ക്കെന്തു രസമാണ്‌. കുട്ടിക്കാലത്ത്‌ ഈ രൂപങ്ങളായിരുന്നു തന്നെ ഭയപ്പെടുത്തിയിരുന്നതെന്നോര്‍ത്ത്‌ കുമാരന്‍ ഊറിച്ചിരിച്ചു. പക്ഷെ ഇപ്പോള്‍ തുറന്നിട്ട ജാലകത്തിന്നടുത്തിരുന്ന്‌ പുറത്തെ നിഴലുകള്‍ ആസ്വദിക്കുകയാണു താന്‍. മഞ്ഞുതുള്ളികള്‍ ഇലകളില്‍ പതിക്കുന്ന താളാത്മകതയില്‍ തന്റെ എല്ല ദുഃഖങ്ങളും അലിഞ്ഞുപോകുന്നതായി അയാള്‍ക്കു തോന്നി.


പാവം നിര്‍മ്മല. അവള്‍ മയക്കത്തിലാണ്ടിരിക്കണം. അല്ലെങ്കില്‍ ഇതിനകം അവള്‍ ഉപദേശം തുടങ്ങുമായിരുന്നു. "ഈ മഞ്ഞും കൊണ്ടിരുന്ന്‌ എന്തു കാണാനാ. കാലത്തുണ്ടായിരുന്നതില്‍ കൂടുതലൊന്നും രാത്രിയിലുണ്ടാവാന്‍ പോണില്ല. വന്നു കിടക്കാന്‍ നോക്ക്ണുണ്ടോ, വല്ല അസുഖോം വരുത്തിക്കൂട്ടാണ്ട്‌. " ഇത്തരം സുഖമുള്ള കുറ്റപ്പെടുത്തലുകളും, പരിഭവങ്ങളും അയാള്‍ക്കിഷ്ടമായിരുന്നു. ഒരു പക്ഷെ അവള്‍ ഗാഢ നിദ്രയിലായിരിക്കും. അതുമല്ലെങ്കില്‍ ആഹ്ളാദം തിരതല്ലുന്ന ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നം കാണുകയായിരിക്കും. രാത്രി പത്തു മണിയായപ്പോഴെക്കും ഗ്രാമം മുഴുവന്‍ നല്ല ഉറക്കത്തിലായിരിക്കുന്നു. ഒരു പക്ഷെ ഓര്‍മ്മകളയവിറക്കി ശൂന്യതയിലേക്ക്‌ കണ്ണും നട്ട്‌ കിടക്കുന്നത്‌ താന്‍ മാത്രമായിരിക്കുമെന്ന്‌ അയാള്‍ക്കു തോന്നി. ചാരുകസേരയില്‍ കിടന്നുകൊണ്ടുതന്നെ തലയൊന്നു ചെരിച്ചു പിടിച്ച്‌ മുറിയുടെ അറ്റത്തുള്ള കട്ടിലിലേക്കയാള്‍ നോക്കി. ഇല്ല, തന്റെ ചിന്തകളെ തടയാന്‍ നിര്‍മ്മല എഴുന്നേറ്റു വരില്ല. ഇനി പെട്ടെന്നെഴുന്നേറ്റു വന്ന്‌ എന്തു വരുത്തിക്കൂട്ടാനാ ഭാവം എന്നു ചോദിച്ചാലോ, തന്റെ മനസ്സ്‌ കുട്ടിക്കാലത്തേക്കു മടങ്ങിപ്പോയിയെന്നും മറ്റും പറയാം. പക്ഷെ അതൊക്കെ അവള്‍ മനസ്സിലാക്കണമെന്നുണ്ടോ.


എടുത്തുചാട്ടമുണ്ടെന്നതൊഴിച്ചാല്‍ വെറും പാവമാണവള്‍. 'നേരെ വാ, നേരെ പോ' എന്ന മട്ടുള്ള ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണ്‌. അല്ലെങ്കില്‍ത്തന്നെ തനിക്കു ദുഃഖങ്ങള്‍ മറക്കാന്‍ സാഹിത്യമെങ്കിലും കൂട്ടിനുണ്ട്‌. ഭാവനയുടെ ലോകത്ത്‌ മണിക്കൂറുകളോളം ചുറ്റിലുമുള്ളത്‌ വിസ്മരിക്കാന്‍ തനിക്കു കഴിയും. പക്ഷെ അവള്‍ക്കോ. തന്റെ ശീലങ്ങള്‍ പലപ്പോഴും നിര്‍മ്മലയെ ഒറ്റപ്പെടുത്തുന്നുണ്ടാവും. വെറും മുപ്പത്തഞ്ചുകാരിയായ അവള്‍ നാല്‍പതുകാരനായ തന്നോട്‌ അമ്മയെപ്പോലെ പെരുമാറുന്നതുകാണുമ്പോള്‍ ചിരിയാണു വരാറുള്ളത്‌. പക്ഷെ അവള്‍ക്ക്‌ എന്തൊക്കെയോ നേടിയ മട്ടായിരിക്കും. സഫലീകരിക്കാനൊരുപാടു മോഹങ്ങള്‍. ഒരു പക്ഷെ ശിഷ്ടജീവിതം തന്നെ മോഹസാഫല്യത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പാണെന്ന്‌ അയാള്‍ക്കു തോന്നിയിട്ടുണ്ട്‌. ദുഃഖം അധികമാകുമ്പോള്‍ ഒരു കൂട്ടുണ്ടാവുന്നത്‌ നല്ലതാണ്‌. മനസ്സിന്റെ ഭാരമിറക്കാനൊരു അത്താണി. പക്ഷെ ഇവിടെ തുല്ല്യ ദുഃഖിതരായ ഭാര്യയും, ഭര്‍ത്താവും മുഖത്തോടു മുഖം നോക്കിയിരിക്കാമെന്നല്ലാതെ.....


കൌമാരപ്രായത്തില്‍ എന്തും ഓടിച്ചെന്നു പങ്കു വെച്ചിരുന്നത്‌ സേതുവിന്റെ കൂടെയായിരുന്നുവെന്നയാള്‍ ഓര്‍ത്തു.

"കുമാരാ, വലുതാവുമ്പോള്‍ നിനക്കാരാവാനാണു മോഹം", സേതു ചോദിച്ചു,
"നീ പറയാദ്യം സേതു, എന്നീട്ട്‌ ഞാന്‍ പറയാം", കുമാരന്‍ തിരിച്ചു ചോദിച്ചു.
"അതു വേണ്ട. ആദ്യം ഞാനല്ലേ ചോദിച്ചത്‌. അതുകൊണ്ട്‌ നിന്നില്‍ നിന്നും കേള്‍ക്കട്ടെ ആദ്യം."

അത്ര പെട്ടെന്ന്‌ കീഴടങ്ങുന്നവനായിരുന്നില്ല സേതു. ചുറ്റുമൊന്നു കണ്ണോടിച്ച്‌ അടുത്തൊന്നും മറ്റാരുമില്ലെന്നുറപ്പു വരുത്തി കുമാരന്‍ സേതുവിനോടു ചോദിച്ചു.

"ഞാനതു പറഞ്ഞാല്‍ നീ ആരോടെങ്കിലും പറഞ്ഞു കൊടുക്ക്വോ?"

അവന്‍ ഇല്ലെന്ന്‌ ചുമലിളക്കി കാണിച്ചു. അതായിരുന്നു അവന്റെ ശീലം. അപ്പോള്‍ കുമാരന്‍ ഒരു സ്വപ്നത്തിലെന്ന പോലെ പറഞ്ഞു.

"എനിക്കു വലിയൊരു തീവണ്ടി ഓടിക്കുന്ന ആളാവണം. നിറയെ ആളുകളേയും കൊണ്ട്‌ കുതിച്ചു പായുന്ന തീവണ്ടി. "

അതു പറയുമ്പോള്‍ ആ പത്തുവയസ്സുകാരന്റെ മുഖഭാവം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞതു പോലെയായിരുന്നു. സേതു ചിരിച്ചു കൊണ്ടു ചോദിച്ചു.

"നിന്റെ തീവണ്ടിയില്‍ എന്നെ കൂടി കൊണ്ടോവ്വ്വോ?"

"അങ്ങനെയൊന്നും വണ്ടി നിര്‍ത്താന്‍ പറ്റില്ല സേതു. വണ്ടി ഒരിക്കല്‍ ഓടിത്തുടങ്ങിയാല്‍ അതു ചെന്നുനില്‍ക്കിന്നിടത്തേക്ക്‌ നീ എത്തിയിരിക്കണം. എന്നാല്‍നിനക്കും വണ്ടിയില്‍ കയറാം. "


വര്‍ഷങ്ങളായി ട്രെയിന്‍ ഓടിക്കുന്ന ഒരാളെപ്പോലെ കുമാരന്‍ പറഞ്ഞപ്പോള്‍ സേതു ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു ചിരിച്ചു. പിന്നീട്‌ രണ്ടുപേരും കണ്ണിമാങ്ങകള്‍ പെറുക്കി നടന്നു. അപ്പോഴാണ്‌ കുമാരനോര്‍ത്തത്‌, സേതു അവന്റെ മോഹം എന്താണെന്ന്‌ തന്നെ അറിയിച്ചിട്ടില്ലെന്ന്‌. ഉടനെ ചോദിക്കുകയും ചെയ്തു.

"സേതു, നീ വലുതാവുമ്പോള്‍ ആരാവാന്‍ മോഹിക്കുന്നുവെന്ന്‌ പറഞ്ഞില്ലല്ലൊ?"

അവന്‍ നടത്തം നിര്‍ത്തി. പിന്നെ മെല്ലെ പറഞ്ഞു.

"എനിക്കു വലുതാവാനല്ല മോഹം കുമാരാ, ഒരഞ്ചു വയസ്സുള്ളകുട്ടിയാവാനാണെനിക്കിഷ്ടം".

ഒരു വിഡ്ഢിത്തം കേട്ടതുപോലെ അന്നു താന്‍ ഉറക്കെയുറക്കെ ചിരിച്ചു. പക്ഷെ സേതു ചിരിച്ചില്ല. പെറുക്കിയെടുത്ത കണ്ണിമാങ്ങകള്‍ നിലത്തിട്ട്‌ അവന്‍ ധൃതിയില്‍ നടന്നുപോയി.


എല്ലാം ദാ, ഇന്നലെ കഴിഞ്ഞതുപോലെ. പക്ഷെ, ഇതൊക്കെ കഴിഞ്ഞീട്ട്‌ മുപ്പതു വര്‍ഷങ്ങളായി എന്നറിയുമ്പോള്‍ ആ സത്യാവസ്ഥയുമായി മനസ്സു പൊരുത്തപ്പെടാത്തതുപോലെ. സേതു അവന്‍ മാത്രമായിരുന്നു തന്റെ പ്രിയപ്പെട്ട ചങ്ങാതി. എല്ലാം മാറ്റിമറക്കുന്ന കാലത്തിനെ പഴി പറഞ്ഞിരിക്കാമെന്നല്ലാതെ ഒന്നും തിരിച്ചെടുക്കാനാവില്ല. ഓര്‍മ്മകള്‍...... അതിനുമാത്രം കാര്യമായ മാറ്റങ്ങളില്ലെന്നോര്‍ത്ത്‌ കുമാരന്‍ ആശ്വസിച്ചു.


കാലത്തെണീറ്റ്‌ പല്ലു തേക്കുമ്പോഴും, ചായ കുടിച്ച്‌ പത്രം വായിക്കാനിരിക്കുമ്പോഴും കുമാരന്‍ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ഓഫീസില്‍ പോകാന്‍ അയാള്‍ക്ക്‌ ഒരുത്സാഹവും തോന്നിയില്ല.


"ഇന്നെന്താ ഓഫീസില്‍ പോകാനുള്ള ചിന്തയൊന്നും ഇല്ലാത്തതുപോലെ"
ചായക്കപ്പുമെടുത്ത്‌ അടുക്കളയിലേക്കു പോകുമ്പോള്‍ നിര്‍മ്മലയുടെ ചോദ്യം. ആ ചോദ്യത്തില്‍ 'ഇന്നു പോകേണ്ടന്നെയ്‌' എന്ന്‌ നിവേദനവും അടങ്ങിയിട്ടുണ്ടെന്നയാള്‍ക്കു തോന്നി. ചായക്കപ്പ്‌ അടുക്കളയില്‍ വെച്ച്‌ അവള്‍ തന്റെ അരികില്‍ വന്നു പറഞ്ഞതും, താന്‍ കേള്‍ക്കാനാഗ്രഹിച്ചതും ഒന്നു തന്നെയായിരുന്നു.

"ഈ വര്‍ഷം അധികം ലീവൊന്നും എടുത്തീട്ടില്ലല്ലൊ. ഇന്ന്‌ ഓഫീസില്‍ പോകേണ്ട. വൈകീട്ട്‌ നമുക്കൊരു സ്ഥലം വരെ പോകണം".


അവള്‍ അയാളോടു പറ്റിച്ചേര്‍ന്നു നിന്നുകൊണ്ടാണതു പറഞ്ഞത്‌. എവിടേക്കാണാവോ പുതിയ സര്‍ക്കീട്ടിനിവള്‍ തയ്യാറാകുന്നതെന്ന്‌ എത്ര ആലോചിച്ചീട്ടും അയാള്‍ക്കൊരു രൂപവും കിട്ടിയില്ല. ഒരു മാതിരി ബന്ധുവീടു സന്ദര്‍ശനം നടത്തിക്കഴിഞ്ഞീട്ടാണ്‌ പൊടുന്നനെ തനിക്കു നാല്‍പതു വയസ്സായതെന്നു പോലും തോന്നാതിരുന്നീട്ടില്ല.


"അതേതാ നിര്‍മ്മലേ, പോകനൊരു പുതിയ സ്ഥലം", അയാള്‍ ചോദിച്ചു.
നിര്‍മ്മല അയാളുടെ അങ്ങിങ്ങായി നര കലര്‍ന്ന തലമുടിയില്‍ വിരലോടിച്ചു കൊണ്ടു പറഞ്ഞു, "നിങ്ങളറിഞ്ഞോ, നമ്മുടെ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ഒരു സ്വാമിജി വന്നിരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു മൂന്നു ദിവസായത്രെ. ഏന്തൊക്കെയൊ ദിവ്യ ശക്തിയുണ്ടെന്നാ എല്ലാവരും പറയണത്‌. ഭയങ്കര തിരക്കാണത്രെ. അമ്പലക്കമ്മിറ്റിക്കാര്‍ രശീത്‌ ബുക്ക്‌ അച്ചടിപ്പിക്കാന്‍ കൊടുത്തിരിക്കണൂ. അതടിച്ചു കിട്ട്യാല്‍ പിന്നെ കാശു കൊടുത്താലേ സ്വാമിജിയെ കാണാന്‍ പറ്റൂ. അതിനു മുന്‍പ്‌ നമുക്കൊന്നു പോയി സ്വാമിജിയെ കണ്ടാലോ?" അയാളില്‍ നിന്നും എന്തു പ്രതികരണമാണുണ്ടാവുക എന്നറിയാത്തതുകൊണ്ടാവാം അവസാന വാചകം അവള്‍ മടിച്ചു മടിച്ചാണു പറഞ്ഞത്‌. കാലത്തു തന്നെ ഭാര്യ വിളമ്പുന്ന വിഡ്ഢിത്തം കേട്ട്‌ കുമാരന്‍ സഹിച്ചിരുന്നു. പിന്നെ മറുപടി കേള്‍ക്കാനുള്ള അവളുടെ ആകംഷ കണ്ട്‌ അയാള്‍ പറഞ്ഞു,


"നിര്‍മ്മലേ, നീ കരുതുന്നതുപോലെയൊന്നുമല്ല ഈ ലോകം. തട്ടിപ്പിന്‌ ഓരോ പുതിയ മുഖങ്ങള്‍, രൂപങ്ങള്‍ അത്രയേയുള്ളു. ദൈവവിശ്വാസം നിനക്കുണ്ടല്ലൊ. അതുതന്നെ ധാരാളമായി. അതും പോരാഞ്ഞ്‌ ദിവ്യന്‍, സ്വാമിജി, സംന്യാസി എന്നൊക്കെ പറഞ്ഞ്‌ വെറുതെ എണ്റ്റെ സമയം മിനക്കെടുത്തണ്ട"


അയാളുടെ മുടിയില്‍ തലോടിയിരുന്ന കൈകള്‍ പതുക്കെ പിന്‍വലിച്ച്‌ അവള്‍ വെറുതെ നിലത്തെന്തോ വരഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണയാള്‍ ശ്രദ്ധിച്ചത്‌. നിര്‍മ്മല കരയുകയായിരുന്നു. അയാള്‍ക്കു തോന്നി അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന്‌. കുമാരന്‍ അവളെ പതുക്കെ തന്നിലേക്കടുപ്പിച്ചു നിര്‍ത്തി സാന്ത്വനിപ്പിച്ചു.


"നിനക്ക്‌ അത്രക്കു വിശ്വാസം തോന്നുന്നുവെങ്കില്‍, നിന്റെ കൂട്ടുകാരികളെയാരെങ്കിലും കൂട്ടി ഒന്നവിടം വരെ പോയി വന്നോളു. പക്ഷെ എന്നെ നിര്‍ബ്ബന്ധിക്കരുത്‌ നിര്‍മ്മലേ. ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടുന്ന മുഖങ്ങളാണ്‌ സംന്യാസിമാരുടേത്‌. എന്തോ, പണ്ടുമുതല്‍ക്കേ സംന്യാസിമാരോട്‌ എനിക്ക്‌ അകല്‍ച്ചയാണു തോന്നിയിട്ടുള്ളത്‌. "


അവള്‍ സാരിത്തലപ്പുകൊണ്ട്‌ കണ്ണീര്‍ തുടച്ച്‌ അയാളുടെ ഷേര്‍ട്ടിണ്റ്റെ ബട്ടണുകളില്‍ തിരുപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു,


"ഞാനൊരിക്കലും ഒന്നിനും നിര്‍ബ്ബന്ധിച്ചിട്ടില്ലല്ലൊ. ഒരിടത്തേക്കും കൂടെ വരാന്‍ ഞാനിനി ആവശ്യപ്പെടുകയുമില്ല. പക്ഷെ ഒരിക്കല്‍ മാത്രം ഈ സ്വാമിജിയെ കാണാന്‍ നമുക്കൊരുമിച്ചു പോകണം. ഡോക്ടര്‍മാര്‍ നമ്മളെ കൈവെടിഞ്ഞ അവസ്ഥയില്‍, നിങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ തല്‍ക്കാലം മറന്ന്‌ എന്നോടൊപ്പം വന്ന്‌ സ്വാമിജിയെ കാണണം. ഏതോ ഒരു സിനിമയില്‍ ഒരു സംന്യാസി കൊടുത്ത ഇരട്ടപ്പഴം കഴിച്ച്‌ ഒരു സ്ത്രീ ഗര്‍ഭിണിയാവുന്നതും തേജസ്സുള്ള ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നതും നിങ്ങളോര്‍ക്കുന്നില്ലേ?"


അതിനു മറുപടിയായി ഉണ്ടെന്നോ, ഇല്ലെന്നോ അയാള്‍ പറഞ്ഞില്ല. പക്ഷെ അവളുടെ ദയനീയമായ മുഖഭാവം അയാളുടെ മനസ്സിനെ വല്ലാതെ ഉലച്ചു. അയാള്‍ പറഞ്ഞു,


"നമുക്ക്‌ നാളെ പോകാം നിര്‍മ്മലേ. ഇപ്പോള്‍ ഞാന്‍ അല്‍പസമയം ഇവിടെ ചാരിക്കിടക്കട്ടെ. " നിര്‍മ്മല അടുക്കളയിലേക്ക്‌ നടക്കുമ്പോള്‍ ഏതോ ഒരു പഴയ ഗാനത്തിന്റെ ഈരടികള്‍ മൂളുന്നതയാളറിഞ്ഞു.


കുമാരന്‍ വീണ്ടും സേതുവിനെ ഓര്‍ത്തു. പത്താംക്ളാസ്സു പരീക്ഷ കഴിഞ്ഞ്‌ കുറെനാള്‍ കഴിഞ്ഞായിരിക്കണം സേതു ഒരു ദിവസം വീട്ടിലേക്കു വന്നു. എന്നത്തേയും പോലെ തൊടിയിലും മറ്റും കുറെനേരം കറങ്ങി നടന്നു. പോകാന്‍ നേരം അവന്‍ പറഞ്ഞു,


"കുമാരാ, ഞാന്‍ മദ്രാസിലേക്കു പോവ്വാ, ചിറ്റപ്പന്‍ പറയുന്നു, വല്ലോടത്തും പോയി പണി ചെയ്ത്‌ ജീവിക്കാന്‍. അമ്മയുടെ ചെലവ്‌ നോക്കാനല്ലാതെ, എന്റെ ചെലവ്‌ നോക്കാന്‍ ചിറ്റപ്പനാവില്ലെന്ന്‌ അമ്മയോടു പറയുന്നതും ഞാന്‍ കേട്ടു. മദ്രാസിലുള്ള അമ്മാവന്‌ കത്തെഴുതിയിട്ടുണ്ട്‌. അടുത്ത ആഴ്ച ഞാന്‍ മദ്രാസിനു പോകും. "


ഇനിയെന്നെങ്കിലും കാണാമെന്നു പറഞ്ഞ്‌ സേതു തെല്ലിട നടന്നു, പിന്നെ തിരിച്ചു വന്ന്‌ ചുമലില്‍ കൈ വച്ച്‌ പറഞ്ഞു, "കുമാരാ, പണ്ടു നീ മോഹിച്ചതുപോലെ ഒരു തീവണ്ടി ഡ്രൈവറാകാന്‍ നിനക്കു കഴിയട്ടെ. ചിലപ്പോള്‍ മദ്രാസില്‍ നിന്ന്‌ നാട്ടിലേക്ക്‌ നിന്റെ തീവണ്ടിയിലായിരിക്കും ഞാന്‍ വരിക. "


അതുപറഞ്ഞു കഴിഞ്ഞതും തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാതെ സേതു ധൃതിയില്‍ നടന്നു മറഞ്ഞു. തനിക്കവനോട്‌ പറയണമെന്നുണ്ടായിരുന്നു, സേതു, എന്റെ മോഹം ഇപ്പോള്‍ മാറിയിരിക്കുന്നു; അല്ല ഇപ്പോളെന്റെ മനസ്സില്‍ പ്രത്യേകിച്ച്‌ ഒരു മോഹവും രൂപപ്പെട്ടീട്ടില്ലെന്ന്‌. അതുപോലെ സേതുവിണ്റ്റെ അപ്പോഴത്തെ മോഹമെന്തായിരിക്കുമെന്നു ചോദിക്കുവാനും തനിക്കു കഴിഞ്ഞില്ലെന്നോര്‍ത്ത്‌ വിഷമം തോന്നി. കുമാരന്‍ വെറും ഓര്‍മ്മകളിലൂടെ ഊളയിട്ടുകൊണ്ടുമാത്രം ഒരു പകലൊടുക്കി. രാത്രിയേറെക്കഴിഞ്ഞിട്ടും ഓര്‍മ്മകളുടെ ഹാങ്ങോവറില്‍ നിന്നു മോചിതനാവാതെ ജനലില്‍ കൂടി പുറത്തേക്കു നോക്കിയിരുന്നു. പുറത്തെ നിഴല്‍ രൂപങ്ങളോടയാള്‍ക്ക്‌ പെട്ടെന്ന്‌ വിരക്തി തോന്നി. നിഴല്‍ രൂപങ്ങളില്‍ നിന്നും നോട്ടം പിന്‍വലിച്ച്‌ മച്ചിലെ മാറാലയില്‍ കണ്ണും നട്ടയാള്‍ കിടന്നു. നിര്‍മ്മല ചെറുപ്പമാണ്‌. അവള്‍ക്കിനിയും പ്രതീക്ഷകളും, മോഹങ്ങളുമുണ്ട്‌. ഒരിക്കല്‍ ഒരു ട്രെയില്‍ ഡ്രൈവറാകാന്‍ മോഹിച്ച തനിക്ക്‌ ഈ ജീവിതം തന്നെ ഡ്രൈവ്‌ ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നുകയാണ്‌. പ്രതീക്ഷകളൊക്കെ തകര്‍ന്ന്‌ മോഹിക്കാന്‍ ഇനി ഒന്നുമില്ലെന്ന തോന്നലില്‍ എത്തി നില്‍ക്കുന്ന തന്റെ ജീവിതം വളരെ വിരസമാണ്‌. അയാളറിയാതെത്തന്നെ വാക്കുകള്‍ പുറത്തേക്കു വന്നു.


"ഇല്ല, സേതു. ഞാനൊന്നുമായില്ല. നിനക്ക്‌ അഞ്ചുവയസ്സുകാരനാവാന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചു വയസ്സുള്ള ഒരു മകളോ, മകനോ നിന്നോടൊപ്പമുണ്ടാകും, ഇല്ലേ; അങ്ങനെയെങ്കിലും, മോഹസാഫല്യത്തിന്റെ വേറൊരു പതിപ്പ്‌ എന്ന്‌ നിനക്കാശ്വസിക്കാമല്ലൊ. "


മകരമാസിലെ തണുപ്പ്‌ ശരിക്കും ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍, ജന്നലടച്ച്‌ കുമാരന്‍ കട്ടിലിനടുത്തേക്കു നീങ്ങി. കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിര്‍മ്മല ഉറക്കത്തിലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നിലത്തേക്ക്‌ ഊര്‍ന്നു വീണുകിടക്കുന്ന പുതപ്പെടുത്ത്‌ നിര്‍മ്മലയെ പുതപ്പിച്ച്‌, കുമാരന്‍ ചേര്‍ന്നു കിടന്നു. കാലത്തെണീറ്റ്‌ കുളി കഴിഞ്ഞ്‌ വരുമ്പോഴെക്കും നിര്‍മ്മല തയ്യാറായി നിന്നിരുന്നു. അമ്പലത്തിലേക്കുള്ള വഴിമദ്ധ്യേ അവള്‍ സ്വാമിജിയെക്കുറിച്ച്‌ മറ്റുള്ളവരില്‍ നിന്നും ശേരിച്ച വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. സ്വാമിജി ആല്‍ത്തറക്കുമീതെ കണ്ണടച്ച്‌ ധ്യാനത്തിലിരിക്കാറെ ഉള്ളുവത്രെ. ഭക്തജനങ്ങള്‍ ആല്‍ത്തറക്കു താഴെ കണ്ണടച്ച്‌ പ്രാര്‍ത്ഥനയിലേര്‍പ്പെടും. അപൂര്‍വ്വമായി മാത്രമേ സ്വാമിജി കണ്ണുതുറന്ന്‌ എല്ലാവരേയും ആശിര്‍വ്വദിക്കാറുള്ളു. ആ ദിവസങ്ങളില്‍ അവിടെ ചെല്ലുന്നവരുടെ എല്ലാ മോഹങ്ങളും സഫലീകരിക്കുമെന്നാണു വിശ്വാസം. അമ്പലത്തില്‍ തൊഴുത്‌ പ്രദക്ഷിണം വയ്ക്കുമ്പോള്‍ നിര്‍മ്മല തടഞ്ഞുകൊണ്ടു പറഞ്ഞു, "ഇന്ന്‌ ഒരു പ്രദക്ഷിണം മതി. നമുക്ക്‌ സ്വാമിജിയുടെ അടുത്തേക്കു പോകാം. കുറേകൂടി കഴിഞ്ഞാല്‍ ഭയങ്കര തിരക്കായിരിക്കും. "


അവളുടെ പിന്നാലെ സ്വാമിജിയുടെ അടുത്തേക്കു നടക്കുമ്പോള്‍ അയാളോര്‍ക്കുകയായിരുന്നു, ഒറ്റ പ്രദക്ഷിണം വയ്ക്കുമ്പോള്‍ തന്നെ വഴക്കു പറയാറുള്ള നിര്‍മ്മല തല്‍ക്കാലത്തേക്ക്‌ എല്ലാ വിശ്വാസപ്രമാണങ്ങളും മറന്നിരിക്കുന്നുവെന്ന്‌. സ്വാമിജിയുടെ മുന്നില്‍ തരക്കേടില്ലാത്ത വിധം ജനങ്ങള്‍ തിക്കിത്തിരക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും പിന്നിലായി നിര്‍മ്മല തൊഴുകൈകളോടെ നിന്നു. കുമാരന്‍ തിരിഞ്ഞ്‌ അമ്പലത്തിലേക്കു നോക്കി. അവിടെ വിഗ്രഹവും, പൂജാരിയും മാത്രം. പുതിയ ദിവ്യന്റെ മുന്‍പില്‍ കണ്ടു പഴകിയ ദൈവത്തെ ജനങ്ങള്‍ തല്‍ക്കാലത്തേക്കു മറന്നിരിക്കുന്നു. കുമാരന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു, "പൊറുക്കണേ, ഭഗവാനേ". "നിങ്ങളെങ്ങോട്ടു നോക്കി നില്‍ക്ക്വാ, ദാ, സ്വാമിജി കണ്ണു തുറന്നു. നമ്മുടെ ഭാഗ്യം. തോഴുതോളു. " ഭാര്യയെ സമാധാനിപ്പിക്കാന്‍ കുമാരന്‍ സ്വാമിജിയുടെ നേര്‍ക്കു തിരിയുമ്പോള്‍ വീണ്ടും മനസ്സില്‍ പറഞ്ഞു, "ഭഗവാനേ, പൊറുക്കണേ". "എനിക്കിപ്പോള്‍ മനസ്സിന്‌ വളരെ സമാധാനവും, സന്തോഷവും തോന്നുന്നു." വീട്ടിലേക്കു നടക്കുന്നതിനിടയില്‍ നിര്‍മ്മല പറഞ്ഞു. പക്ഷെ കുമാരന്‍ ആകെ അസ്വസ്ഥനായിരുന്നു.


അടുത്ത ദിവസം കുമാരന്‍ ഓഫീസു വിട്ടു വന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു. നിര്‍മ്മല വീട്ടു പടിക്കല്‍ തന്നെ കാത്തു നില്‍ക്കുകയായിരുന്നു. അയാളുടെ കയ്യില്‍ നിന്നും ബ്രീഫ്കെയ്സ്‌ വാങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. "നിങ്ങളറിഞ്ഞോ, നമ്മുടെ സ്വാമിജിയെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന്‌. അതിനെചൊല്ലി ഇന്നു കാലത്തു തൊട്ടേ അമ്പലപ്പറമ്പില്‍ പൊതുയോഗവും മറ്റും ആയിരുന്നുവത്രെ. ജാതി രാഷ്ട്രീയക്കാര്‍ സജീവമായി രംഗത്തുണ്ട്‌. സ്വാമിജിയെ തട്ടിക്കൊണ്ടു പോയതിനുത്തരവാദിത്വം സര്‍ക്കാരിനാണെന്നും, ജീവനും, സ്വത്തിനും സംരക്ഷണം വേണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്കു വോട്ടു ചെയ്യണമെന്ന ആഹ്വാനവും കൂട്ടത്തിലുണ്ട്‌. ഇതിനിടയില്‍ സ്വാമിജിയെ കള്ള സംന്യാസിയെന്നു വിളിച്ച ഒന്നുരണ്ടു പേരെ ആരൊക്കെയോ ചേര്‍ന്നു വെട്ടി പരിക്കേല്‍പിച്ചിട്ടുണ്ടത്രെ. നാട്ടുകാര്‍ ആകെ പരിഭ്രമിച്ചിരിക്കുകയാണ്‌. "


നിര്‍മ്മലയുടെ വാക്കുകളിലൂടെ കുമാരന്‍ മനസ്സിലാക്കിയത്‌ ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥയോടൊപ്പം മോഹങ്ങള്‍ കൊഴിഞ്ഞ ഒരു പെണ്ണിണ്റ്റെ ദൈന്യതയും കൂടിയാണ്‌. ഡ്രസ്സു മാറാന്‍ കൂടി നില്‍ക്കാതെ, നിര്‍മ്മലയോട്‌ എന്തു പറയണമെന്നറിയാതെ അയാള്‍ ചാരുകസേരയില്‍ പോയിരുന്നു. നിര്‍മ്മല അകത്തുപോയി ഒരു ഗ്ളാസ്‌ നാരങ്ങാ വെള്ളവുമായി വന്നു. കുറെ നേരമായി ഒന്നും മിണ്ടാതിരുന്നപ്പോള്‍ താനല്‍പം സേവിച്ചിരിക്കും എന്നവള്‍ ധരിച്ചുകാണും. അത്തരം ദിവസങ്ങളില്‍ അവള്‍ നാരങ്ങാ വെള്ളവുമായി വരുക പതിവാണ്‌. "എന്താ നിങ്ങളൊന്നും അറിഞ്ഞില്ലേ?"അവള്‍ ചോദിച്ചു. "ഇല്ല". അയാള്‍ പറഞ്ഞു. അവളെ സാന്ത്വനപ്പെടുത്താനായി അയാള്‍ വീണ്ടും പറഞ്ഞു, "സംന്യാസിമാരല്ലേ, ഒരിടത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവം അവര്‍ക്കില്ല. " നിര്‍മ്മല സാരിത്തലപ്പു കൊണ്ടു കണ്ണീരൊപ്പുകയും, മൂക്കുപിഴിയുകയുമൊക്കെ ചെയ്തു. ഒന്നും പറയാനില്ലാതെ, അയാള്‍ മുറ്റത്ത്‌ നിലാവില്‍ തെളിയുന്ന നിഴലുകള്‍ നോക്കിയിരുന്നു. ക്രമേണ ക്രമേണ നിഴലുകള്‍ ഇരുട്ടില്‍ അലിയാന്‍ തുടങ്ങി. ഭകഷണം കഴിക്കാനിരുന്നപ്പോള്‍ വിശപ്പ്‌ കെട്ടതുപോലെ. ഒന്നിനും ഒരു രുചിയും തോന്നിയില്ല. അയാള്‍ നിര്‍മ്മലയെ ശ്രദ്ധിച്ചു. അവളും വെറുതെ പിഞ്ഞാണത്തില്‍ വരഞ്ഞുകൊണ്ടിരിക്കയാണ്‌. ലൈറ്റണച്ച്‌ കിടക്കാന്‍ നേരം അവള്‍ പറഞ്ഞു, "ചെറിയൊരു ആശയുണ്ടായിരുന്നത്‌ സ്വാമിജിയിലായിരുന്നു. സ്വാമിജി അനുഗ്രഹിക്കുമെന്ന്‌ ഞാന്‍ സ്വപ്നം കണ്ടിരുന്നു", അവള്‍ കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങിക്കരയാന്‍ തുടങ്ങി.


"നിന്റെ കുട്ടിയിപ്പോള്‍ ഞാനാണ്‌. എന്റെ കുട്ടി നീയും."
അയാള്‍ അവളെ തലോടിക്കൊണ്ടു പറഞ്ഞു. പിന്നെ ഒരു കുട്ടിയെ പോലെ അയാള്‍ അവളുടെ മാറില്‍ മുഖം പൂഴ്ത്തി കിടന്നു.

കാലത്ത്‌ പുതിയ വിശേഷങ്ങളുമായി പാല്‍ക്കാരന്‍ വന്നു. സ്വാമിജിയെ കാണാതായതില്‍ പ്രതിഷേധിച്ച്‌ ബന്ദാണത്രെ. ടൌണില്‍ നിറയെ പോലീസുകാര്‍. കുറെ പോലീസുകാര്‍ അമ്പലപ്പറമ്പിലും തമ്പടിച്ചിട്ടുണ്ടത്രെ. പൊടിപ്പും, തൊങ്ങലും വച്ച്‌ പിന്നെയും അയാള്‍ എന്തൊക്കെയൊ പറഞ്ഞു. അതൊന്നും കുമാരന്റെ ചെവിയിലേക്കെത്തിയില്ല. അയാളോര്‍ക്കുകയായിരുന്നു. ഇന്നലെ കിടക്കുന്നതുവരെ ബന്ദിനെക്കുറിച്ചാരും പറഞ്ഞുകേട്ടില്ല. ഒരു ബന്ദാഹ്വാനം ചെയ്യാന്‍ വെറും നിമിഷങ്ങള്‍ മതിയോ എന്നയാള്‍ അത്ഭുതം കൊണ്ടു. ഓഫീസില്‍ പോകേണ്ടതില്ലെന്നു മനസ്സിലാക്കിയ കുമാരന്‍ പേപ്പറും വായിച്ച്‌ ചാരുകസേരയില്‍ കിടന്നു. ബന്ദിണ്റ്റെ തിരക്കുകള്‍ തുടങ്ങുന്നതിനുമുന്‍പ്‌ ഒന്നു കവല വരെ പോയി വന്നാലോ എന്നയാള്‍ ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. വീട്ടിനുള്ളിലേക്ക്‌ വെടിയുണ്ട പാഞ്ഞു വരുന്ന കാലമാണ്‌. അത്‌ റോഡില്‍ പോയി ഏറ്റുവാങ്ങേണ്ടതില്ല. വീണ്ടും വാര്‍ത്തകളിലൂടെ കണ്ണോടിച്ചു. പൊടുന്നനെ അയാളുടെ ദൃഷ്ടികള്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്തയില്‍ ഉടക്കിനിന്നു.


വര്‍ഷങ്ങളായി ആന്ധ്രാ പോലീസ്‌ അന്വേഷിച്ചു കൊണ്ടിരുന്ന തീവ്രവാദി സംഘത്തിലെ സേതുരാമനെ ഇന്നലെ കേരളാ പോലീസ്‌ അറസ്റ്റു ചെയ്തു. കൂടെയുണ്ടായിരുന്ന ആള്‍ പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടു. ഇരുവരും വേഷം മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്‌. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോകളില്‍ നിന്ന്‌ തന്റെ ചങ്ങാതിയെ കണ്ടുപിടിക്കാന്‍ അയാള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. കാലം വരുത്തിയ മാറ്റങ്ങള്‍ സേതുവിന്റെ മുത്തെ ബാധിച്ചിരുന്നില്ല. അവന്റെ സൌമ്യവും, നിഷ്ക്കളങ്കവുമായ ഭാവത്തിന്‌ ഒരു മാറ്റവുമുണ്ടായിരുന്നില്ല. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയുന്നതിലൊന്നും ഒരര്‍ത്ഥവുമില്ലെന്നയാള്‍ക്കു തോന്നി. അല്ലെങ്കില്‍ പിന്നെ അഞ്ചുവയസ്സുകാരനാവാന്‍ കൊതിച്ച എന്റെ സേതു എങ്ങനെ തീവ്രവാദിയായി. സേതുവിന്റെ കൂടെ പ്രദര്‍ശിപ്പിച്ചിരുന്ന ഫോട്ടോയ്ക്ക്  താടിയും, കാവിയുമൊക്കെ കൂട്ടിച്ചേര്‍ത്താല്‍ ആരാകുമെന്നയാള്‍ക്കു മനസ്സിലായി. അപ്പോള്‍ സേതു  ഇത്ര നാളും ഇവിടെയുണ്ടായിരുന്നു. എന്നീട്ടും അവനെന്നെ കാണാന്‍ ശ്രമിച്ചില്ല. ഒരു പക്ഷെ അത്‌ മനഃപൂര്‍വ്വമായിരിക്കാം. ഒരു പക്ഷെ തന്റെ മുന്‍പില്‍ പഴയ സേതുവായി വരാന്‍ അവനു കഴിയില്ലെന്നതു കൊണ്ടായിരിക്കാം. പാവം നിര്‍മ്മല. അവളുടെ പ്രിയപ്പെട്ട സ്വാമിജിയുടെ മനസ്സ്‌ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിപര്‍വ്വതമായിരുന്നെന്ന്‌ അവളുണ്ടൊ അറിയുന്നു. നിര്‍മ്മലയെ സന്തോഷിപ്പിക്കുന്നതിലേക്കായി കുമാരന്‍ ഒരാഴ്ചത്തെ അവധിയെടുക്കാന്‍ തീരുമാനിച്ചുകൊണ്ട്‌ ചില പരിപാടികള്‍ തയ്യാറാക്കി. ഇന്നു രാത്രി വിഡിയോയില്‍ ചാര്‍ലി ചാപ്ളിന്റെ ഒരു സിനിമ. അതുകണ്ട്‌ എല്ലാം മറന്നവള്‍ കുറെ നേരം ചിരിക്കട്ടെ, പിന്നെ ഉറങ്ങട്ടെ. നേരം പുലര്‍ന്നാലുടനെ നിര്‍മ്മലയുടെ ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളൊക്കെ സന്ദര്‍ശിക്കണം, പിന്നെ, അങ്ങനെ, അങ്ങനെ..................

- 0 -