Sunday, August 13, 2006

മുഖാമുഖം

സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌ അയാള്‍ വെളുപ്പാന്‍കാലത്ത്‌ വീണ്ടും പുതപ്പിനടിയിലേക്ക്‌ വലിഞ്ഞു. ഇന്നത്തെ സ്വപ്നങ്ങള്‍ ഇന്നലത്തേതിനേക്കാള്‍ നന്നായിരിക്കണേയെന്നും, ദുഃസ്വപ്നങ്ങളൊന്നും കാണരുതേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടയാള്‍ കിടന്നു. ക്ളോക്കില്‍ ആറു പ്രാവശ്യം മണിമുഴങ്ങുന്നത്‌ എണ്ണുമ്പോള്‍, ഇന്ന്‌ ഒരു സ്വപ്നവും കാണാതെ എഴുന്നേല്‍ക്കേണ്ടി വരുമല്ലോയെന്നോര്‍ത്ത്‌ അയാള്‍ക്കരിശം വന്നു. എങ്കിലും അവസാനശ്രമമെന്ന നിലയില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌, പുതപ്പ്‌ തലവഴി മൂടിപ്പുതച്ചു കിടന്നു. ആ ശ്രമത്തില്‍ അയാള്‍ വിജയിക്കുകയും ചെയ്‌തു. മയക്കം പുരോഗമിക്കവേ, നഗരത്തിലെ ഏതോ പഞ്ചനക്ഷത്ര ഹോട്ടലിലെ കമനീയമായി അലങ്കരിച്ച ഒരു മുറി അയാളുടെ മുന്നില്‍ തെളിഞ്ഞു. കോട്ടും, സൂട്ടും ധരിച്ച അഞ്ചുപേര്‍ ഒരര്‍ദ്ധഗോളാകൃതിയിലുള്ള മേശയ്ക്കു പുറകിലിരിയ്ക്കുന്നു. അവര്‍ക്കഭിമുമായി ചിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ എണ്റ്റെ കഥാപാത്രം ഇരിയ്ക്കുന്നു. നെറ്റിയില്‍ പൊടിയുന്ന. വിയര്‍പ്പുകണങ്ങളൊപ്പാനായി ആഗ്രഹിച്ചെങ്കിലും അതിനുവേണ്ടി എന്തോ അപ്പോളയാള്‍ ശ്രമിച്ചില്ല.

ബയോഡാറ്റയിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അഞ്ചുപേരില്‍ പ്രായംകൂടിയ ആള്‍ ചോദിച്ചു.
മിസ്റ്റര്‍ വി.കെ.കുമാര്‍. എന്താണ്‌ നിങ്ങളുടെ മുഴുവന്‍ പേര്‌?.

വലിയവീട്ടില്‍ കിരണ്‍കുമാര്‍ എന്നാണ്‌ മുഴുവന്‍ പേര്‍ (വിറയലില്ലാതെ സംസാരിയ്ക്കാന്‍ കഴിയുന്നതറിഞ്ഞ്‌. ഊര്‍ജ്ജസ്വലതയോടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കായി. കാതു കൂര്‍പ്പിച്ച്‌ കിരണ്‍കുമാര്‍ മുന്നോട്ടാഞ്ഞിരുന്നു.)

ബി.ടെക്‌ ബിരുദം നേടിയതിനുശേഷം എന്തുകൊണ്ട്‌. എം. ടെക്കിനു ശ്രമിച്ചില്ല?
(ചോദ്യം വീണ്ടും വയസ്സണ്റ്റെ വകയായിരുന്നു. ഒരു പക്ഷെ ഈ വയസ്സനായിരിക്കും ഇണ്റ്റര്‍വ്യു ബോര്‍ഡിണ്റ്റെ ചെയര്‍മാന്‍. അതുകൊണ്ടുതന്നെ ഉത്തരം നല്‍കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പാലിക്കാന്‍ അയാള്‍ ശ്രമിച്ചു. )

വീണ്ടും ഞാന്‍ സ്വപ്നങ്ങള്‍ കണ്ടില്ല സാര്‍.
അയാള്‍ ഗൌരവത്തോടെ ഉത്തരം നല്‍കി. അവര്‍ പരസ്പരം നോക്കുകയും, ശബ്ദം താഴ്ത്തി സംസാരിക്കുന്നതും അയാളെ അസ്വസ്ഥചിത്തനാക്കി. )

സ്വപ്നങ്ങള്‍ കാണാതിരിക്കാനുള്ള കാരണമെന്തായിരുന്നു?
(ഇതിനുമുമ്പ്‌ താന്‍ നല്‍കിയ ഉത്തരം തനിക്കു നേരെ താന്‍ തന്നെ തൊടുത്ത ഒരു ശരമായി വന്നതയാള്‍ മനസ്സിലാക്കി. ഇനിയിപ്പോള്‍ രക്ഷപ്പെടില്ലെന്നയാള്‍ക്കറിയാമായിരുന്നു. പക്ഷെ തനിക്കു ജയിക്കണം. വളരെക്കാലം കാത്തിരുന്നു കിട്ടിയ അവസരമാണിത്‌. കൈവിട്ടുകൂടാ. അയാള്‍ തീരുമാനിച്ചു. തെല്ലും പുഞ്ചിരി നഷ്ടപ്പെടുത്താതെ തന്നെ മൊഴിഞ്ഞു.)

വിശപ്പായിരുന്നു സാര്‍ കാരണം.
(ചെയര്‍മാനും, മെമ്പര്‍മാരും ഒന്നുകൂടി ഇളകിയിരുന്നു. രണ്ടാമത്തെ മെമ്പര്‍ ഉത്സാഹഭരിതനായി കാണപ്പെട്ടു. അയാള്‍
ചോദിച്ചു.)

കൂടുതല്‍ വിശദീകരിക്കാമോ?
(അദ്ദേഹം ആ ചോദ്യത്തില്‍ മുറുകെ പിടിക്കുന്നതറിഞ്ഞ്‌ അയാള്‍ക്ക്‌ വിഷമം തോന്നി. ഒരു പക്ഷെ സാഹിത്യ
സ്നേഹികളായിരിക്കാം ഇവരും. അയാള്‍ വെറുതെ ഊഹിച്ചു. എന്നീട്ട്‌ മെല്ലെ പറഞ്ഞു. )

വിശക്കുമ്പോള്‍ നാം യാഥാര്‍ഥ്‌ത്യത്തിലേക്ക്‌ തിരിച്ചു വരുന്നു സാര്‍. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവൃത്തി ചെയ്യാനാഗ്രഹിക്കുന്നു. ആ പ്രവൃത്തിയുടെ ഫലവും, വിശപ്പിണ്റ്റെ ശമനവും എല്ലാം സ്വപ്നങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാണു സാര്‍.
[രണ്ടാമത്തെ മെമ്പറുടെ കണ്ണുകളില്‍ ഈര്‍ഷ്യയുടെ തിളക്കം അയാള്‍ കണ്ടു. മറുപടി പറയാനാവാതെ താന്‍ പരുങ്ങി നില്‍ക്കുമെന്നു പ്രതീക്ഷിച്ച അദ്ദേഹത്തിന്‌ ഈര്‍ഷ്യയല്ലാതെ മറ്റെന്തു വികാരമാണുണ്ടാവുക. അതുകൊണ്ടാവണം അടുത്ത ചോദ്യം ഒരു ആഗോളപ്രസക്‌തിയുള്ളതാവട്ടെ എന്നു തീരുമാനിച്ച്‌ തൊടുത്തുവിട്ടത്‌.]

ദാരിദ്ര്യ രേഖയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്‌?

[ബി.ടെക്കുകാരന്‌ ദാരിദ്ര്യമുണ്ടാവില്ലെന്നും, അതുകൊണ്ടുതന്നെ തന്റെ കാഴ്ച്ചപ്പാടില്‍ കാമ്പുണ്ടാവില്ലെന്നും ഒക്കെയുള്ള ചിന്താഗതിയില്‍ നിന്നായിരിക്കണം ഈ ചോദ്യമെന്നയാള്‍ കരുതി. മറുപടി പറയാന്‍ അല്‍പം പോലും അയാള്‍ക്ക്‌ ആലോചിക്കേണ്ടതായി വന്നില്ല. അയാള്‍ പറഞ്ഞു.]

ഞങ്ങള്‍ക്കു മുകളില്‍ കാണുന്ന ഒരേ ഒരു രേ ദാരിദ്യ്രരേയാണു സാര്‍. ആ രേഖ കണികണ്ടു കൊണ്ടാണ്‌ എന്നും ഉണരുകയും ഉറങ്ങുകയും ചെയ്‌തിരുന്നത്‌. ആ രേഖ നോക്കി മാത്രമാണ്‌ ഞാനിത്രയിടം താണ്ടിയെത്തിയത്‌. ഞങ്ങളുടെ കൂട്ടരില്‍ ചിലര്‍ ആ രേഖയുടെ മറുപുറം ചാടാന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ പലരും വീണു തകര്‍ന്നു. അവര്‍ വിഡ്ഢികളായിരുന്നു സാര്‍. ദാരിദ്ര്യ രേഖയുടെ താഴെ മാത്രം കഴിയാന്‍ വിധിയ്ക്കപ്പെട്ടവര്‍ അതിന്നപ്പുറം താണ്ടുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പാടില്ലായിരുന്നു.
[ഉത്തരം കുറച്ചൊക്കെ തൃപ്തി നല്‍കിയെന്ന മട്ടില്‍ രണ്ടാമത്തെ മെമ്പര്‍ തണ്റ്റെ മീശ തടവി മറ്റു മെമ്പര്‍മാരെ നോക്കി. ഒരു ഹരികഥ ശ്രവിച്ചപോലെ അവര്‍ ഇരുന്നിരുന്നു. ഇനിയും തൃപ്തി വരാതെയാവണം വയസ്സന്‍ ഒരുപചോദ്യമുന്നയിച്ചു. ]

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെപ്പറ്റി എന്താണഭിപ്രായം?

[എന്തങ്കിലും മോഹിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ എന്നും എല്ലാവര്‍ക്കും ഇഷ്ടമാണല്ലൊ. ഒരു പക്ഷെ ആ വാക്കുകള്‍ ചിലരെയെങ്കിലും ഒരു നല്ല നാളെയെ സ്വപ്നം കാണാന്‍ അനുവദിക്കുന്നുണ്ടാവാം. അതുകൊണ്ടുതന്നെ പെട്ടെന്നയാള്‍ പറഞ്ഞു]

നല്ല അഭിപ്രായമാണു സാര്‍. ഞങ്ങളില്‍ പലരും ദാരിദ്ര്യ രേഖയ്ക്ക്‌ മുകളില്‍ വരുമെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. ചിലയിടങ്ങളില്‍ ഞാനതു കാണുകയും ചെയ്‌തു. രേഖ കട്ടിയുള്ള പ്രതലങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. പലരും വിഷമിച്ചു ശ്വസിക്കുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന ആ രേഖകള്‍ കീഴോട്ടിറങ്ങുന്നതു കണ്ട്‌ ഞാന്‍ പലപ്പോഴും മുഖം തിരിച്ചീട്ടുണ്ടു സാര്‍. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനായി തുനിഞ്ഞിറങ്ങിയവരുടെ ചഷകങ്ങളില്‍ നിന്നിറ്റുവീണ മദ്യത്തില്‍ മറ്റു ചിലരുടെ രേഖകള്‍ തെളിയാതിരുന്നതും ഞാനറിഞ്ഞു സാര്‍. ശരിയാവാനേ ന്യായമുള്ളു. ജലത്തിലെന്തു രേഖ സാര്‍?

[അത്രയും പറഞ്ഞു തീര്‍ന്നതും അയാള്‍ക്കു തൊണ്ട വരളുന്നതായി തോന്നി. അയാളുടെ കണ്ണുകള്‍ വെള്ളത്തിനായ്‌ ചുറ്റും പരതി. അതു മനസ്സിലായിട്ടെന്ന പോലെ വയസ്സന്‍ തന്റെ മുന്നിലിരുന്ന വെള്ളത്തിന്റെ ഗ്ളാസ്സ്‌ അയാള്‍ക്കുനേരെ നീട്ടി. നന്ദി പറഞ്ഞ്‌ ഗ്ളാസ്സ്‌ കയ്യിലെടുക്കുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു, തന്നെപ്പോലെ പല ഉദ്യോഗാര്‍ഥ്‌തികളേയും ഇവര്‍ വെള്ളം കുടിപ്പിച്ചിരിക്കാമെന്ന്‌.]

പിതാവ്‌ കൃഷിക്കാരനാണെന്ന്‌ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നുണ്ടല്ലൊ?. എന്തു കൃഷിയായിരുന്നു താങ്കളുടെ പിതാവിന്‌?
[മൂന്നാമത്തെ മെമ്പര്‍ സമൂഹത്തെ വിട്ട്‌ തണ്റ്റെ കുടുംബത്തില്‍ മാത്രം ശ്രദ്ധിക്കുന്നതായി അയാള്‍ക്കു തോന്നി. ആ സഫിക്കറ്റുമാത്രമാണ്‌ അച്ഛനെ ഒരു കൃഷിക്കാരനാക്കുന്നത്‌. അതിനപ്പുറം കൃഷിയുമായി അച്ഛനു പുലബന്ധം പോലുമില്ലെന്നു പറയാനാഗ്രഹിച്ചെങ്കിലും പറഞ്ഞുപോയതു മറ്റൊന്നായിരുന്നു.]

അച്ഛന്‍ കൃഷിപ്പണി സ്വപ്നം കണ്ടു മരിച്ചു സാര്‍

[രണ്ടാമത്തെ മെമ്പര്‍ അയാളെ തോണ്ടാന്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു.]

വിശക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്കു പ്രാധാന്യമില്ലെന്നു പറഞ്ഞ നിങ്ങള്‍ അച്ഛന്‍ സ്വപ്നം കണ്ടു മരിച്ചു എന്നു പറയുന്നതിണ്റ്റെ ന്യായീകരണമെന്താണ്‌?

[തണ്റ്റെ പുഞ്ചിരി മായുന്നതയാള്‍ മനസ്സിലാക്കി. ഇനി ചിരിച്ചുകൊണ്ടു മറുപടി പറയാന്‍ തനിക്കാവില്ലല്ലോയെന്നോര്‍ത്ത്‌ വിഷമം തോന്നി.]

ശരിയാണ്‌ സാര്‍. എന്നോ ഒരിക്കല്‍ മൂന്നുനേരവും ആഹാരം കഴിച്ചതുകൊണ്ടാണ്‌ അച്ഛന്‍ സ്വപ്നം കണ്ടത്‌. ഒരു കൃഷിക്കാരനായിരുന്നെങ്കില്‍, സ്വന്തമായി

കുറച്ചു കൃഷിഭൂമിയുണ്ടായിരുന്നെങ്കില്‍, മക്കളെ മൂന്നു നേരവും വയറു നിറപ്പിയ്ക്കാനാവുമെന്നുള്ള സ്വപ്നവുമായാണച്ഛന്‍ മരിച്ചത്‌. അച്ഛന് സ്വപ്നം

കാണാനുള്ള അവകാശമില്ലായിരുന്നുവെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു സാര്‍.

[എന്തോ നിര്‍വൃതി ലഭിച്ചിട്ടെന്നവണ്ണം രണ്ടാമത്തെ മെമ്പര്‍ കസേരയിലേക്ക്‌ ചാഞ്ഞു. നാലാമത്തെ മെമ്പര്‍ മയക്കത്തില്‍ നിന്നുണര്‍ന്നീട്ടെന്നപോലെ പാതി തുറന്ന മിഴികള്‍ തിരുമ്മി അലക്ഷ്യമായെങ്ങോ പരതി. അപ്പോളയാളുടെ കണ്ണുകള്‍ ഒരു ചെമ്പോത്തിണ്റ്റേതുപോലെ തോന്നിച്ചു. വായുവില്‍ നിന്നാവാഹിച്ചെടുത്തപോലെ പൊടുന്നനെ അയാള്‍ ചോദിച്ചു]

താങ്കളുടെ ഹോബികളെക്കുറിച്ചൊന്നും ബയോഡാറ്റയില്‍കാണിച്ചിട്ടില്ലല്ലൊ. അങ്ങനെയെന്തെങ്കിലുമുണ്ടോ?

[എല്ലാ പരുക്കന്‍ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു അയാളുടെ മനസ്സില്‍. ആ പ്രതീതി ചിരിയായി ചുണ്ടില്‍ വിടര്‍ന്നു. തനിക്കിഷ്ടപ്പെട്ട ചോദ്യമെറിഞ്ഞ മെമ്പറോട്‌ വിനയപൂര്‍വ്വം അയാള്‍ പറഞ്ഞു]

കഥയും, കവിതയുമൊക്കെ എഴുതും സാര്‍

[ആ മറുപടി കേട്ടതും, മെമ്പറുടെ മുഖം ചുളിഞ്ഞു, പുരികങ്ങള്‍ വളഞ്ഞു. ആ ഭാവങ്ങള്‍ പൊടുന്നനെ ഒരു ചോദ്യമായി വീണ്ടും അയാളെ തേടിയെത്തി.]

ബി.ടെക്കും, കഥയും, കവിതയും. ഇതൊക്കെ തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടെന്നു തോന്നുന്നില്ലല്ലൊ. അല്ല. ഉണ്ടോ?

[അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ എന്ത്‌ എന്തിനോടാണ്‌ പൊരുത്തപ്പെട്ടിരിക്കുന്നത്‌ എന്നയാളോര്‍ത്തു. ഒരു പക്ഷെ പൊരുത്തമില്ലായ്മയുടെ ആകെത്തുകയാണ്‌ തണ്റ്റെ ജീവിതം. മെമ്പറെ അലോസരപ്പെടുത്താതെ എങ്ങനെ ഉത്തരം പറയാമെന്നായിരുന്നു അപ്പോളയാളുടെ ചിന്ത. അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറും,മദ്യപാനവും തമ്മിലെന്തു ബന്ധമാണുള്ളതെന്നു ഒരു മറുചോദ്യമുന്നയിക്കാമായിരുന്നു. കുറച്ചുനേരത്തെ മൌനത്തിനുശേഷം അയാള്‍ പറഞ്ഞു]

ഏകാന്തതയും, തൊഴിലില്ലായ്മയും കൂടി ഉണ്ടാക്കിയ പൊരുത്തമാണു സാര്‍.

[ആ ഉത്തരം ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല മെമ്പര്‍. അദ്ദേഹം വീണ്ടും മയക്കം ആരംഭിച്ചിരുന്നു. അവസാനമിരിക്കുന്ന മെമ്പറില്‍ കണ്ണുംനട്ട്‌, കനത്ത ചോദ്യങ്ങളൊന്നുമുണ്ടാകല്ലേയെന്നു പ്രാര്‍ഥ്‌തിച്ച്‌ അയാളിരുന്നു. വെറുതെ സമയം പാഴാക്കാനെന്ന മട്ടിലായിരുന്നു അവസാന മെമ്പറുടെ ചോദ്യം.]

എന്തിനാണ്‌ താങ്കള്‍ എഴുതുന്നത്‌? ഐ മീന്‍, എഴുത്തുകൊണ്ട്‌ എന്താണു താങ്കള്‍ ലക്ഷ്യമാക്കുന്നത്‌?

അയാള്‍ വിനയത്തോടെയാണെങ്കിലും ഒരു പ്രത്യേക വികാരത്തോടെയാണതിനു മറുപടി നല്‍കിയത്‌. അയാള്‍ പറഞ്ഞു.

ഇന്നത്തെ സാമൂഹിക ഉച്ചനീചത്തങ്ങളെക്കുറിച്ച്‌ എഴുതാറുണ്ട്‌. പിന്നെ ഞാനൊരു പ്രകൃതിസ്നേഹി ആയതുകൊണ്ട്‌ വന നശീകരണത്തേയും, അതുപോലെയുള്ള പ്രകൃതി വിധ്വംസകപ്രവര്‍ത്തനങ്ങളേയും എതിര്‍ത്ത്‌ എഴുതാറുണ്ട്‌.
[അയാള്‍ പറഞ്ഞു നിര്‍ത്തി. ഓരോരുത്തരുടേയും ഭാവം ശ്രദ്ധിച്ചു. എല്ലവരും ശ്രദ്ധിച്ചു കേട്ട ഒരേയൊരുത്തരം അതായിരിക്കുമെന്നയാള്‍ ഊഹിച്ചു. വയസ്സനപ്പോള്‍ ഫയലില്‍ എന്തോ കുറിച്ചിടുകയായിരുന്നു. അല്‍പ നേരത്തിനുശേഷം അദ്ദേഹം ചോദിച്ചു].

മിസ്റ്റര്‍ കിരണ്‍കുമാര്‍, താങ്കള്‍ നല്ലവരെക്കുറിച്ച്‌ എന്തുകൊണ്ടെഴുതുന്നില്ല?

നല്ലവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാന്‍
അയാള്‍ പൊടുന്നനെ മറുപടിയും കൊടുത്തു. [മറ്റു മെമ്പര്‍മാര്‍ വയസ്സനു ചുറ്റും ഒത്തുചേര്‍ന്ന്‌ എന്തോ തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നതായി അയാള്‍ മനസ്സിലാക്കി. കൂടിയാലോചനക്കുശേഷം, വയസ്സന്‍ സംസാരിക്കാന്‍ തുടങ്ങി.]
ഈ ജോലിക്ക്‌ താങ്കള്‍ തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത വെറും അഞ്ചു ശതമാനം മാത്രമായിരുന്നീട്ടും, ഞങ്ങള്‍ താങ്കളെ തിരഞ്ഞെടുത്തുവെന്നു കരുതുക.

എങ്കില്‍ ഞങ്ങള്‍ നല്ലവരാണെന്നു താങ്കള്‍ എഴുതുമോ?
[ആ ചോദ്യം ഐകകണ്ഠ്യേനയാണെന്നയാള്‍ക്കു ബോദ്ധ്യപ്പെട്ടു. ഇവരെ നല്ലവരായി കണ്ടെത്തിയാല്‍ താന്‍ ഒരിക്കലും നല്ലവരെ കണ്ടെത്തുകയുണ്ടാവില്ലെന്ന്‌

അയാള്‍ക്കറിയാമായിരുന്നു. പക്ഷെ അതവരെ ബോദ്ധ്യപ്പെടുത്താന്‍ താന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരേയും അയാള്‍ മാറി മാറി വീക്ഷിച്ചു. അവര്‍, അവര്‍ക്കു കഴിയാവുന്നതിലേറെ ഭംഗിയായി പുഞ്ചിരിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ജീവിതാഭിലാക്ഷം നിറവേറുമെന്ന പ്രതീക്ഷയോടും, ആകാംക്ഷയോടും അവര്‍ അയാളുടെ മറുപടിക്കായി കാത്തിരുന്നു.]

നിങ്ങളില്‍ ആരാണു കൂടുതല്‍ നല്ലവന്‍ എന്നറിയാതെ എനിക്കെഴുതാന്‍ കഴിയില്ല.
[അയാള്‍ പറഞ്ഞു. അവര്‍ നിശ്ശബ്ദരായിരുന്നു. ഒരു പക്ഷെ അവര്‍ ചിന്തിക്കുകയായിരിക്കുമോ എന്നെങ്കിലും ജീവിതത്തില്‍ നന്‍മകള്‍ ചെയ്‌തീട്ടുണ്ടോ എന്ന്‌. വയസ്സന്‌ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നവണ്ണം, അയാള്‍ പ്രഖ്യാപിച്ചു]

ഞാന്‍ നല്ലവനായതുകൊണ്ടു മാത്രമാണല്ലൊ, നല്ലൊരു സംഖ്യ ഈ ജോലിക്ക്‌ കോഴ നല്‍കാമെന്നു പറഞ്ഞവരെ തഴഞ്ഞും താങ്കളെ നിയോഗിക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നത്‌.
[അദ്ദേഹത്തോടുള്ള അമര്‍ഷം പല്ലിറുമ്മിതീര്‍ക്കുന്ന അദ്ദേഹത്തിണ്റ്റെ സുഹൃത്തുക്കളെ അപ്പോളയാള്‍ക്കു കാണാന്‍ കഴിഞ്ഞു. പല്ലിനു ദൃഢത കുറഞ്ഞവരാകാം അതിറുമ്മാന്‍ നില്‍ക്കാതെ മറ്റൊരു തരത്തില്‍ പ്രതികരിച്ചത്‌. ഒരു മെമ്പര്‍ മുഷ്ടി ചുരുട്ടി മേശയില്‍ ഇടിച്ചു ദേഷ്യം പ്രകടിപ്പിച്ചതിനു ശേഷം വയസ്സനു നേരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. ]

മിസ്റ്റര്‍, നിങ്ങളൊരാള്‍മാത്രം തീരുമാനിച്ചാല്‍ ഇവിടെ ഒന്നും നടക്കില്ലന്നോര്‍ക്കണം. ഈ കമ്പനിയുടെ ഓഹരി അധികവും എണ്റ്റെ പക്കലാണ്‌. അതോര്‍മ്മ വേണം. അധികം കളിച്ചാല്‍ നാളെ ഈ ജോലിക്കുവേണ്ടി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും.

അതൊരു വാഗ്വാദത്തിണ്റ്റെ തുടക്കം മാത്രമായിരുന്നു. അയാള്‍ എല്ലാം കണ്ടും, കേട്ടും ഇരുന്നു. നല്ലവരാകാനുള്ള ശ്രമത്തിനിടയില്‍ ഓരോരുത്തരും അവരവരുടെ ഭീകരസ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാം സമ്മതിച്ച്‌, ഇവരുടെ കീഴില്‍ ഒരുദ്യോഗസ്ഥനായാല്‍ ജീവിതത്തിണ്റ്റെ എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുമെന്നയാള്‍ മനസ്സിലാക്കി. കുറച്ചു വെള്ളക്കടലാസ്സെടുത്തു മേശപ്പുറത്തു വെച്ച്‌ അയാള്‍ അഞ്ചുപേരേയും മാറി മാറി നോക്കി. പിന്നീട്‌ അയാള്‍ കടലാസ്സില്‍ വരയ്ക്കാന്‍ തുടങ്ങി. ആദ്യം വരച്ചത്‌ അഞ്ചു കൂറ്റന്‍ തൂണുകളായിരുന്നു. ആ തൂണുകള്‍ക്കിടയില്‍ ചതഞ്ഞമരുന്ന ബിരുദങ്ങളേന്തിയ ചെറുപ്പക്കാരുടെ ശരീരങ്ങളായിരുന്നു പിന്നീടു വരച്ചത്‌. തൂണിനു മുകളില്‍ പടുത്തുയര്‍ത്തിയ കമനീയമായ ഓഫീസിലിരുന്ന്‌ ബിരുദധാരികളുടെ ശവങ്ങള്‍ തേടുന്ന അവരുടെ മക്കള്‍. അത്രയും വരച്ചുതീര്‍ന്നപ്പോള്‍ അതില്‍ കൂടുതലായി പ്രത്യേകിച്ച്‌ അവരെക്കുറിച്ചെഴുതാന്‍ ബാക്കിയൊന്നുമില്ലെന്ന്‌ അയാള്‍ക്കു തോന്നി.

അയാള്‍ ആ സ്കെച്ച്‌ അവര്‍ക്കു നേരെ നീട്ടി. വയസ്സന്‍ ഉത്സാഹപൂര്‍വ്വം അതു വാങ്ങി. ദൃഷ്ടികള്‍ കൂട്ടത്തോടെ ആ സ്കെച്ചിലൂടെ പാഞ്ഞു. ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായിരുന്നു. അവരുടെ മിഴികള്‍ ചെമന്നു തുടുക്കുന്നതും കഥകളിയിലേതു പോലെ വിവിധ ഭാവങ്ങള്‍ അവരുടെ മുങ്ങളില്‍ മിന്നിമറയുന്നതും അയാള്‍ കണ്ടു. അപ്പോള്‍ ഒരു നിശ്വാസമുതിര്‍ക്കാന്‍ പോലുമാവാതെ അവരെ ശ്രദ്ധിച്ചയാള്‍ ഇരുന്നു. അഞ്ചുപേരും രൌദ്രഭാവം പൂണ്ടു നില്‍ക്കുകയാണിപ്പോള്‍. പരസ്പരം കോര്‍ത്തുപിടിച്ച അവരുടെ കൈകള്‍ തണ്റ്റെ കഴുത്തിനുനേരെ നീണ്ടുവരുന്നതയാള്‍ കണ്ടു. അവരുടെ ശബ്ദം കാതുകളിലേക്ക്‌ തുളച്ചുകയറി. ഒരു മുദ്രാവാക്യം പോലെ അവര്‍ പറഞ്ഞു.

ഞങ്ങള്‍ നല്ലവരാണെന്ന്‌ എഴുതുക.
അല്ല, നിങ്ങള്‍ നല്ലവരല്ല. നിങ്ങളെക്കുറിച്ചെഴുതാന്‍ ക്രൂരമായ പദങ്ങള്‍ തേടട്ടെ ഞാന്‍.
അയാള്‍ അലറുകയായിരുന്നു. ആ അലര്‍ച്ചയില്‍ അയാളുടെ സ്വപ്നങ്ങള്‍ മുറിഞ്ഞു. ക്ളോക്കില്‍ പത്തുമണി അടിക്കുന്നതിണ്റ്റെ മുഴക്കം അയാളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചു. പിന്നെ ആ സ്പന്ദനത്തിണ്റ്റെ താളാത്മകതയില്‍ ലയിച്ചയാള്‍ കിടന്നു. തലേദിവസംതന്നെ എത്രയോ തയ്യാറെടുപ്പുകള്‍ നടത്തിയതാണ്‌. അയാളോര്‍ത്തു. ഇസ്തിരിയിട്ട പാണ്റ്റും, ഷര്‍ട്ടും മേശക്കുമീതെ ഇരുന്നിരുന്നു. അതിന്നടുത്തായിത്തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും. അതിനുമീതെ ഇണ്റ്റര്‍വ്യുകാര്‍ഡ്‌. ഒന്നും മറക്കാതിരിക്കാന്‍ തലേദിവസം ഒരുക്കൂട്ടി വെച്ചതാണ്‌. അമ്മയുണ്ടായിരുന്നെങ്കില്‍ ഘടികാരത്തിണ്റ്റെ ആവശ്യമേയില്ല. എല്ലാം മനസ്സിലാക്കി തന്നെ വന്നു വിളിച്ചുണര്‍ത്തുമായിരുന്നു. ഇന്നിപ്പോള്‍ സ്നേഹത്തോടെ ശാസിക്കാന്‍ തനിക്കാരുമില്ല. പലപ്പോഴും ശപിക്കാനാണ്‌ ബാക്കിയുള്ളവര്‍ മുതിരുന്നത്‌.
ഉത്തരവാദിത്തമില്ലാത്തവന്‍. മൂന്നു നേരം മൂക്കുമുട്ടെ ശാപ്പാടും കഴിച്ച്‌ കട്ടിലില്‍ കയറി കിടക്കല്‍. ആരെങ്കിലും നിന്നെ വന്നു വിളിച്ചുകൊണ്ടുപോയി ജോലി തരും. വീടിണ്റ്റെ പകുതിയോളം പണയപ്പെടുത്തി കിട്ടിയ ജോലിക്കു പോകുന്നതിന്നിടയില്‍ സഹോദരിയുടെ സാന്ത്വനമാണവ. നേരത്തേ എഴുന്നേറ്റ ചേച്ചിക്കെങ്കിലും തന്നെയൊന്നു വിളിച്ചുണര്‍ത്താമായിരുന്നു. അല്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ ന്യായമില്ല. ജീവിതഭാരം ലഘൂകരിക്കാനുള്ള തത്രപ്പാടില്‍ ചേച്ചി വിളിക്കാന്‍ മറന്നുപോയതാവും. കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ കട്ടിലിനോടുചേര്‍ന്നു കിടക്കുന്ന മേശയുടെ മുകളിലേക്ക്‌ ഇണ്റ്റര്‍വ്യുകാര്‍ഡിനായി കൈനീണ്ടു. ചിലപ്പോള്‍ ഇണ്റ്റര്‍വ്യുവിണ്റ്റെ സമയമൊ, തിയ്യതിയൊ മാറ്റമുണ്ടെങ്കിലൊ. അങ്ങനെയാവില്ലെന്നറിഞ്ഞീട്ടും, അയാളാശിച്ചു. കാര്‍ഡ്‌
എത്തിപ്പിടിച്ച്‌ മലര്‍ന്നു കിടന്ന്‌ കാര്‍ഡിലൂടെ കണ്ണോടിച്ചു. ഒരു മാറ്റവുമില്ല.തിയ്യതി ഇന്നത്തേതുതന്നെ. സമയവും കഴിഞ്ഞുപോയിരിക്കുന്നു. ഹൊ! പോയിരുന്നെങ്കില്‍തന്നെ ജോലി കിട്ടുമെന്ന ഉറപ്പൊന്നുമില്ലല്ലൊ. അയാള്‍ സ്വയം സാന്ത്വനപ്പെടുത്തി. പിന്നെ കട്ടിലില്‍നിന്നും എഴുന്നേറ്റ്‌ പതിവുപോലെ ജന്നല്‍ തുറന്ന്‌ വിദൂരതയില്‍ കണ്ണും നട്ട്‌, താന്‍ കണ്ട സ്വപ്നം വിശകലനം ചെയ്‌തു. മെമ്പര്‍മാരുടെ ചോദ്യങ്ങള്‍ക്ക്‌ കുറെക്കൂടി ഭേദപ്പെട്ട മറുപടി കൊടുക്കാമായിരുന്നെന്ന്‌ അയാള്‍ക്കു തോന്നാതിരുന്നില്ല. ഇനിയും തണ്റ്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നയാള്‍ പ്രതിജ്ഞ
ചെയ്‌തു. എന്താണു തനിക്കുമാത്രം എവിടേയും എത്തിപ്പെടാന്‍ കഴിയാത്തത്‌. തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ പലരും സര്‍ക്കാരുദ്യോഗസ്ഥന്‍മാരായി കഴിയുന്നു. അപ്പോള്‍, വിദ്യാഭ്യാസ്സമൊന്നുമല്ല കാര്യം. എവിടെയോ, എന്തോ തകരാറുകളുണ്ടെന്ന അയാളുടെ തോന്നലുകള്‍ ശക്‌തിപ്പെടുകയായിരുന്നു. പിന്നെ "താന്‍ പാതി, ദൈവം പാതി“ എന്ന പ്രമാണത്തില്‍ വിശ്വസിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു. തണ്റ്റെ പാതി പഠിച്ചു പാസ്സായതോടെ തീര്‍ന്നു. ഇനി ജോലി തരികയെന്ന ദൈവത്തിണ്റ്റെ പാതി, അങ്ങേരു നോക്കട്ടെ. തികച്ചും ആശ്വാസകരമായ ആ കണ്ടെത്തലില്‍ അയാള്‍ സംതൃപ്തനാകാന്‍ ശ്രമിക്കുമ്പോഴൊക്കെ വല്ലപ്പോഴും പ്രതിഷേധിക്കാന്‍, കുറ്റപ്പെടുത്താന്‍, മജ്ജയും, മാംസവുമുള്ള ഒരു മനുഷ്യജീവിയെ മറുപക്ഷത്ത്‌ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നാതിരുന്നില്ല.

അല്ലാ, ഇണ്റ്റര്‍വ്യു ഉണ്ടായിട്ടും കുംഭകര്‍ണ്ണസേവക്കു മുടക്കം വരുത്തിയില്ല അല്ലേ?

ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങുന്ന സഹോദരിയുടെ ചോദ്യത്തില്‍ അയാളുടെ ചിന്തകളും നഷ്ടപ്പെട്ടു. പുറത്ത്‌ ഉച്ചവെയില്‍ കനക്കുമ്പോള്‍, ഇണ്റ്റര്‍വ്യു നഷ്ടപ്പെട്ട വിഷമത്തേക്കാള്‍, ജോലി നേടിയതിനുശേഷം പിരിച്ചുവിടപ്പെട്ടവണ്റ്റെ വിഷമം അനുഭവിക്കേണ്ടി വന്നില്ലല്ലോയെന്നോര്‍ത്ത്‌ അയാള്‍ ആശ്വസിച്ചു. അയാള്‍ വീണ്ടും കട്ടിലില്‍ വന്നിരുന്നു. പിന്നെ നഷ്ടപ്പെട്ട ഇണ്റ്റര്‍വ്യു ദിവസങ്ങളുടെ പട്ടികയിലേക്ക്‌ ഒന്നുകൂടി കൂട്ടിച്ചേര്‍ത്ത്‌, അയാള്‍ പുതിയ സ്വപ്നങ്ങളെ വരവേല്‍ക്കുവാനായി മൂടിപ്പുതച്ചുകിടന്നു.

[അവസാനിച്ചു]

3 comments:

ഇത്തിരിവെട്ടം|Ithiri said...

നന്നായിട്ടുണ്ട്.കൂടുതല്‍ പ്രതീക്ഷിക്കുന്നു

Adithyan said...

വളരെ നന്നായിരിയ്ക്കുന്നു.

അരവിന്ദ് :: aravind said...

വളരെ നന്നായിട്ടുണ്ട് കോമരം മാഷെ.