Saturday, August 05, 2006

വെറുതെ മോഹിച്ചവര്‍

നിലാവുള്ള രാത്രിയില്‍ ജന്നലിലൂടെ ദൃശ്യമാവുന്ന മാവിന്റേയും, കവുങ്ങിന്റേയുമൊക്കെ നിഴലുകള്‍ക്കെന്തു രസമാണ്‌. കുട്ടിക്കാലത്ത്‌ ഈ രൂപങ്ങളായിരുന്നു തന്നെ ഭയപ്പെടുത്തിയിരുന്നതെന്നോര്‍ത്ത്‌ കുമാരന്‍ ഊറിച്ചിരിച്ചു. പക്ഷെ ഇപ്പോള്‍ തുറന്നിട്ട ജാലകത്തിന്നടുത്തിരുന്ന്‌ പുറത്തെ നിഴലുകള്‍ ആസ്വദിക്കുകയാണു താന്‍. മഞ്ഞുതുള്ളികള്‍ ഇലകളില്‍ പതിക്കുന്ന താളാത്മകതയില്‍ തന്റെ എല്ല ദുഃഖങ്ങളും അലിഞ്ഞുപോകുന്നതായി അയാള്‍ക്കു തോന്നി.


പാവം നിര്‍മ്മല. അവള്‍ മയക്കത്തിലാണ്ടിരിക്കണം. അല്ലെങ്കില്‍ ഇതിനകം അവള്‍ ഉപദേശം തുടങ്ങുമായിരുന്നു. "ഈ മഞ്ഞും കൊണ്ടിരുന്ന്‌ എന്തു കാണാനാ. കാലത്തുണ്ടായിരുന്നതില്‍ കൂടുതലൊന്നും രാത്രിയിലുണ്ടാവാന്‍ പോണില്ല. വന്നു കിടക്കാന്‍ നോക്ക്ണുണ്ടോ, വല്ല അസുഖോം വരുത്തിക്കൂട്ടാണ്ട്‌. " ഇത്തരം സുഖമുള്ള കുറ്റപ്പെടുത്തലുകളും, പരിഭവങ്ങളും അയാള്‍ക്കിഷ്ടമായിരുന്നു. ഒരു പക്ഷെ അവള്‍ ഗാഢ നിദ്രയിലായിരിക്കും. അതുമല്ലെങ്കില്‍ ആഹ്ളാദം തിരതല്ലുന്ന ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നം കാണുകയായിരിക്കും. രാത്രി പത്തു മണിയായപ്പോഴെക്കും ഗ്രാമം മുഴുവന്‍ നല്ല ഉറക്കത്തിലായിരിക്കുന്നു. ഒരു പക്ഷെ ഓര്‍മ്മകളയവിറക്കി ശൂന്യതയിലേക്ക്‌ കണ്ണും നട്ട്‌ കിടക്കുന്നത്‌ താന്‍ മാത്രമായിരിക്കുമെന്ന്‌ അയാള്‍ക്കു തോന്നി. ചാരുകസേരയില്‍ കിടന്നുകൊണ്ടുതന്നെ തലയൊന്നു ചെരിച്ചു പിടിച്ച്‌ മുറിയുടെ അറ്റത്തുള്ള കട്ടിലിലേക്കയാള്‍ നോക്കി. ഇല്ല, തന്റെ ചിന്തകളെ തടയാന്‍ നിര്‍മ്മല എഴുന്നേറ്റു വരില്ല. ഇനി പെട്ടെന്നെഴുന്നേറ്റു വന്ന്‌ എന്തു വരുത്തിക്കൂട്ടാനാ ഭാവം എന്നു ചോദിച്ചാലോ, തന്റെ മനസ്സ്‌ കുട്ടിക്കാലത്തേക്കു മടങ്ങിപ്പോയിയെന്നും മറ്റും പറയാം. പക്ഷെ അതൊക്കെ അവള്‍ മനസ്സിലാക്കണമെന്നുണ്ടോ.


എടുത്തുചാട്ടമുണ്ടെന്നതൊഴിച്ചാല്‍ വെറും പാവമാണവള്‍. 'നേരെ വാ, നേരെ പോ' എന്ന മട്ടുള്ള ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണ്‌. അല്ലെങ്കില്‍ത്തന്നെ തനിക്കു ദുഃഖങ്ങള്‍ മറക്കാന്‍ സാഹിത്യമെങ്കിലും കൂട്ടിനുണ്ട്‌. ഭാവനയുടെ ലോകത്ത്‌ മണിക്കൂറുകളോളം ചുറ്റിലുമുള്ളത്‌ വിസ്മരിക്കാന്‍ തനിക്കു കഴിയും. പക്ഷെ അവള്‍ക്കോ. തന്റെ ശീലങ്ങള്‍ പലപ്പോഴും നിര്‍മ്മലയെ ഒറ്റപ്പെടുത്തുന്നുണ്ടാവും. വെറും മുപ്പത്തഞ്ചുകാരിയായ അവള്‍ നാല്‍പതുകാരനായ തന്നോട്‌ അമ്മയെപ്പോലെ പെരുമാറുന്നതുകാണുമ്പോള്‍ ചിരിയാണു വരാറുള്ളത്‌. പക്ഷെ അവള്‍ക്ക്‌ എന്തൊക്കെയോ നേടിയ മട്ടായിരിക്കും. സഫലീകരിക്കാനൊരുപാടു മോഹങ്ങള്‍. ഒരു പക്ഷെ ശിഷ്ടജീവിതം തന്നെ മോഹസാഫല്യത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പാണെന്ന്‌ അയാള്‍ക്കു തോന്നിയിട്ടുണ്ട്‌. ദുഃഖം അധികമാകുമ്പോള്‍ ഒരു കൂട്ടുണ്ടാവുന്നത്‌ നല്ലതാണ്‌. മനസ്സിന്റെ ഭാരമിറക്കാനൊരു അത്താണി. പക്ഷെ ഇവിടെ തുല്ല്യ ദുഃഖിതരായ ഭാര്യയും, ഭര്‍ത്താവും മുഖത്തോടു മുഖം നോക്കിയിരിക്കാമെന്നല്ലാതെ.....


കൌമാരപ്രായത്തില്‍ എന്തും ഓടിച്ചെന്നു പങ്കു വെച്ചിരുന്നത്‌ സേതുവിന്റെ കൂടെയായിരുന്നുവെന്നയാള്‍ ഓര്‍ത്തു.

"കുമാരാ, വലുതാവുമ്പോള്‍ നിനക്കാരാവാനാണു മോഹം", സേതു ചോദിച്ചു,
"നീ പറയാദ്യം സേതു, എന്നീട്ട്‌ ഞാന്‍ പറയാം", കുമാരന്‍ തിരിച്ചു ചോദിച്ചു.
"അതു വേണ്ട. ആദ്യം ഞാനല്ലേ ചോദിച്ചത്‌. അതുകൊണ്ട്‌ നിന്നില്‍ നിന്നും കേള്‍ക്കട്ടെ ആദ്യം."

അത്ര പെട്ടെന്ന്‌ കീഴടങ്ങുന്നവനായിരുന്നില്ല സേതു. ചുറ്റുമൊന്നു കണ്ണോടിച്ച്‌ അടുത്തൊന്നും മറ്റാരുമില്ലെന്നുറപ്പു വരുത്തി കുമാരന്‍ സേതുവിനോടു ചോദിച്ചു.

"ഞാനതു പറഞ്ഞാല്‍ നീ ആരോടെങ്കിലും പറഞ്ഞു കൊടുക്ക്വോ?"

അവന്‍ ഇല്ലെന്ന്‌ ചുമലിളക്കി കാണിച്ചു. അതായിരുന്നു അവന്റെ ശീലം. അപ്പോള്‍ കുമാരന്‍ ഒരു സ്വപ്നത്തിലെന്ന പോലെ പറഞ്ഞു.

"എനിക്കു വലിയൊരു തീവണ്ടി ഓടിക്കുന്ന ആളാവണം. നിറയെ ആളുകളേയും കൊണ്ട്‌ കുതിച്ചു പായുന്ന തീവണ്ടി. "

അതു പറയുമ്പോള്‍ ആ പത്തുവയസ്സുകാരന്റെ മുഖഭാവം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞതു പോലെയായിരുന്നു. സേതു ചിരിച്ചു കൊണ്ടു ചോദിച്ചു.

"നിന്റെ തീവണ്ടിയില്‍ എന്നെ കൂടി കൊണ്ടോവ്വ്വോ?"

"അങ്ങനെയൊന്നും വണ്ടി നിര്‍ത്താന്‍ പറ്റില്ല സേതു. വണ്ടി ഒരിക്കല്‍ ഓടിത്തുടങ്ങിയാല്‍ അതു ചെന്നുനില്‍ക്കിന്നിടത്തേക്ക്‌ നീ എത്തിയിരിക്കണം. എന്നാല്‍നിനക്കും വണ്ടിയില്‍ കയറാം. "


വര്‍ഷങ്ങളായി ട്രെയിന്‍ ഓടിക്കുന്ന ഒരാളെപ്പോലെ കുമാരന്‍ പറഞ്ഞപ്പോള്‍ സേതു ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു ചിരിച്ചു. പിന്നീട്‌ രണ്ടുപേരും കണ്ണിമാങ്ങകള്‍ പെറുക്കി നടന്നു. അപ്പോഴാണ്‌ കുമാരനോര്‍ത്തത്‌, സേതു അവന്റെ മോഹം എന്താണെന്ന്‌ തന്നെ അറിയിച്ചിട്ടില്ലെന്ന്‌. ഉടനെ ചോദിക്കുകയും ചെയ്തു.

"സേതു, നീ വലുതാവുമ്പോള്‍ ആരാവാന്‍ മോഹിക്കുന്നുവെന്ന്‌ പറഞ്ഞില്ലല്ലൊ?"

അവന്‍ നടത്തം നിര്‍ത്തി. പിന്നെ മെല്ലെ പറഞ്ഞു.

"എനിക്കു വലുതാവാനല്ല മോഹം കുമാരാ, ഒരഞ്ചു വയസ്സുള്ളകുട്ടിയാവാനാണെനിക്കിഷ്ടം".

ഒരു വിഡ്ഢിത്തം കേട്ടതുപോലെ അന്നു താന്‍ ഉറക്കെയുറക്കെ ചിരിച്ചു. പക്ഷെ സേതു ചിരിച്ചില്ല. പെറുക്കിയെടുത്ത കണ്ണിമാങ്ങകള്‍ നിലത്തിട്ട്‌ അവന്‍ ധൃതിയില്‍ നടന്നുപോയി.


എല്ലാം ദാ, ഇന്നലെ കഴിഞ്ഞതുപോലെ. പക്ഷെ, ഇതൊക്കെ കഴിഞ്ഞീട്ട്‌ മുപ്പതു വര്‍ഷങ്ങളായി എന്നറിയുമ്പോള്‍ ആ സത്യാവസ്ഥയുമായി മനസ്സു പൊരുത്തപ്പെടാത്തതുപോലെ. സേതു അവന്‍ മാത്രമായിരുന്നു തന്റെ പ്രിയപ്പെട്ട ചങ്ങാതി. എല്ലാം മാറ്റിമറക്കുന്ന കാലത്തിനെ പഴി പറഞ്ഞിരിക്കാമെന്നല്ലാതെ ഒന്നും തിരിച്ചെടുക്കാനാവില്ല. ഓര്‍മ്മകള്‍...... അതിനുമാത്രം കാര്യമായ മാറ്റങ്ങളില്ലെന്നോര്‍ത്ത്‌ കുമാരന്‍ ആശ്വസിച്ചു.


കാലത്തെണീറ്റ്‌ പല്ലു തേക്കുമ്പോഴും, ചായ കുടിച്ച്‌ പത്രം വായിക്കാനിരിക്കുമ്പോഴും കുമാരന്‍ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ഓഫീസില്‍ പോകാന്‍ അയാള്‍ക്ക്‌ ഒരുത്സാഹവും തോന്നിയില്ല.


"ഇന്നെന്താ ഓഫീസില്‍ പോകാനുള്ള ചിന്തയൊന്നും ഇല്ലാത്തതുപോലെ"
ചായക്കപ്പുമെടുത്ത്‌ അടുക്കളയിലേക്കു പോകുമ്പോള്‍ നിര്‍മ്മലയുടെ ചോദ്യം. ആ ചോദ്യത്തില്‍ 'ഇന്നു പോകേണ്ടന്നെയ്‌' എന്ന്‌ നിവേദനവും അടങ്ങിയിട്ടുണ്ടെന്നയാള്‍ക്കു തോന്നി. ചായക്കപ്പ്‌ അടുക്കളയില്‍ വെച്ച്‌ അവള്‍ തന്റെ അരികില്‍ വന്നു പറഞ്ഞതും, താന്‍ കേള്‍ക്കാനാഗ്രഹിച്ചതും ഒന്നു തന്നെയായിരുന്നു.

"ഈ വര്‍ഷം അധികം ലീവൊന്നും എടുത്തീട്ടില്ലല്ലൊ. ഇന്ന്‌ ഓഫീസില്‍ പോകേണ്ട. വൈകീട്ട്‌ നമുക്കൊരു സ്ഥലം വരെ പോകണം".


അവള്‍ അയാളോടു പറ്റിച്ചേര്‍ന്നു നിന്നുകൊണ്ടാണതു പറഞ്ഞത്‌. എവിടേക്കാണാവോ പുതിയ സര്‍ക്കീട്ടിനിവള്‍ തയ്യാറാകുന്നതെന്ന്‌ എത്ര ആലോചിച്ചീട്ടും അയാള്‍ക്കൊരു രൂപവും കിട്ടിയില്ല. ഒരു മാതിരി ബന്ധുവീടു സന്ദര്‍ശനം നടത്തിക്കഴിഞ്ഞീട്ടാണ്‌ പൊടുന്നനെ തനിക്കു നാല്‍പതു വയസ്സായതെന്നു പോലും തോന്നാതിരുന്നീട്ടില്ല.


"അതേതാ നിര്‍മ്മലേ, പോകനൊരു പുതിയ സ്ഥലം", അയാള്‍ ചോദിച്ചു.
നിര്‍മ്മല അയാളുടെ അങ്ങിങ്ങായി നര കലര്‍ന്ന തലമുടിയില്‍ വിരലോടിച്ചു കൊണ്ടു പറഞ്ഞു, "നിങ്ങളറിഞ്ഞോ, നമ്മുടെ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ഒരു സ്വാമിജി വന്നിരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു മൂന്നു ദിവസായത്രെ. ഏന്തൊക്കെയൊ ദിവ്യ ശക്തിയുണ്ടെന്നാ എല്ലാവരും പറയണത്‌. ഭയങ്കര തിരക്കാണത്രെ. അമ്പലക്കമ്മിറ്റിക്കാര്‍ രശീത്‌ ബുക്ക്‌ അച്ചടിപ്പിക്കാന്‍ കൊടുത്തിരിക്കണൂ. അതടിച്ചു കിട്ട്യാല്‍ പിന്നെ കാശു കൊടുത്താലേ സ്വാമിജിയെ കാണാന്‍ പറ്റൂ. അതിനു മുന്‍പ്‌ നമുക്കൊന്നു പോയി സ്വാമിജിയെ കണ്ടാലോ?" അയാളില്‍ നിന്നും എന്തു പ്രതികരണമാണുണ്ടാവുക എന്നറിയാത്തതുകൊണ്ടാവാം അവസാന വാചകം അവള്‍ മടിച്ചു മടിച്ചാണു പറഞ്ഞത്‌. കാലത്തു തന്നെ ഭാര്യ വിളമ്പുന്ന വിഡ്ഢിത്തം കേട്ട്‌ കുമാരന്‍ സഹിച്ചിരുന്നു. പിന്നെ മറുപടി കേള്‍ക്കാനുള്ള അവളുടെ ആകംഷ കണ്ട്‌ അയാള്‍ പറഞ്ഞു,


"നിര്‍മ്മലേ, നീ കരുതുന്നതുപോലെയൊന്നുമല്ല ഈ ലോകം. തട്ടിപ്പിന്‌ ഓരോ പുതിയ മുഖങ്ങള്‍, രൂപങ്ങള്‍ അത്രയേയുള്ളു. ദൈവവിശ്വാസം നിനക്കുണ്ടല്ലൊ. അതുതന്നെ ധാരാളമായി. അതും പോരാഞ്ഞ്‌ ദിവ്യന്‍, സ്വാമിജി, സംന്യാസി എന്നൊക്കെ പറഞ്ഞ്‌ വെറുതെ എണ്റ്റെ സമയം മിനക്കെടുത്തണ്ട"


അയാളുടെ മുടിയില്‍ തലോടിയിരുന്ന കൈകള്‍ പതുക്കെ പിന്‍വലിച്ച്‌ അവള്‍ വെറുതെ നിലത്തെന്തോ വരഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണയാള്‍ ശ്രദ്ധിച്ചത്‌. നിര്‍മ്മല കരയുകയായിരുന്നു. അയാള്‍ക്കു തോന്നി അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന്‌. കുമാരന്‍ അവളെ പതുക്കെ തന്നിലേക്കടുപ്പിച്ചു നിര്‍ത്തി സാന്ത്വനിപ്പിച്ചു.


"നിനക്ക്‌ അത്രക്കു വിശ്വാസം തോന്നുന്നുവെങ്കില്‍, നിന്റെ കൂട്ടുകാരികളെയാരെങ്കിലും കൂട്ടി ഒന്നവിടം വരെ പോയി വന്നോളു. പക്ഷെ എന്നെ നിര്‍ബ്ബന്ധിക്കരുത്‌ നിര്‍മ്മലേ. ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടുന്ന മുഖങ്ങളാണ്‌ സംന്യാസിമാരുടേത്‌. എന്തോ, പണ്ടുമുതല്‍ക്കേ സംന്യാസിമാരോട്‌ എനിക്ക്‌ അകല്‍ച്ചയാണു തോന്നിയിട്ടുള്ളത്‌. "


അവള്‍ സാരിത്തലപ്പുകൊണ്ട്‌ കണ്ണീര്‍ തുടച്ച്‌ അയാളുടെ ഷേര്‍ട്ടിണ്റ്റെ ബട്ടണുകളില്‍ തിരുപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു,


"ഞാനൊരിക്കലും ഒന്നിനും നിര്‍ബ്ബന്ധിച്ചിട്ടില്ലല്ലൊ. ഒരിടത്തേക്കും കൂടെ വരാന്‍ ഞാനിനി ആവശ്യപ്പെടുകയുമില്ല. പക്ഷെ ഒരിക്കല്‍ മാത്രം ഈ സ്വാമിജിയെ കാണാന്‍ നമുക്കൊരുമിച്ചു പോകണം. ഡോക്ടര്‍മാര്‍ നമ്മളെ കൈവെടിഞ്ഞ അവസ്ഥയില്‍, നിങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ തല്‍ക്കാലം മറന്ന്‌ എന്നോടൊപ്പം വന്ന്‌ സ്വാമിജിയെ കാണണം. ഏതോ ഒരു സിനിമയില്‍ ഒരു സംന്യാസി കൊടുത്ത ഇരട്ടപ്പഴം കഴിച്ച്‌ ഒരു സ്ത്രീ ഗര്‍ഭിണിയാവുന്നതും തേജസ്സുള്ള ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നതും നിങ്ങളോര്‍ക്കുന്നില്ലേ?"


അതിനു മറുപടിയായി ഉണ്ടെന്നോ, ഇല്ലെന്നോ അയാള്‍ പറഞ്ഞില്ല. പക്ഷെ അവളുടെ ദയനീയമായ മുഖഭാവം അയാളുടെ മനസ്സിനെ വല്ലാതെ ഉലച്ചു. അയാള്‍ പറഞ്ഞു,


"നമുക്ക്‌ നാളെ പോകാം നിര്‍മ്മലേ. ഇപ്പോള്‍ ഞാന്‍ അല്‍പസമയം ഇവിടെ ചാരിക്കിടക്കട്ടെ. " നിര്‍മ്മല അടുക്കളയിലേക്ക്‌ നടക്കുമ്പോള്‍ ഏതോ ഒരു പഴയ ഗാനത്തിന്റെ ഈരടികള്‍ മൂളുന്നതയാളറിഞ്ഞു.


കുമാരന്‍ വീണ്ടും സേതുവിനെ ഓര്‍ത്തു. പത്താംക്ളാസ്സു പരീക്ഷ കഴിഞ്ഞ്‌ കുറെനാള്‍ കഴിഞ്ഞായിരിക്കണം സേതു ഒരു ദിവസം വീട്ടിലേക്കു വന്നു. എന്നത്തേയും പോലെ തൊടിയിലും മറ്റും കുറെനേരം കറങ്ങി നടന്നു. പോകാന്‍ നേരം അവന്‍ പറഞ്ഞു,


"കുമാരാ, ഞാന്‍ മദ്രാസിലേക്കു പോവ്വാ, ചിറ്റപ്പന്‍ പറയുന്നു, വല്ലോടത്തും പോയി പണി ചെയ്ത്‌ ജീവിക്കാന്‍. അമ്മയുടെ ചെലവ്‌ നോക്കാനല്ലാതെ, എന്റെ ചെലവ്‌ നോക്കാന്‍ ചിറ്റപ്പനാവില്ലെന്ന്‌ അമ്മയോടു പറയുന്നതും ഞാന്‍ കേട്ടു. മദ്രാസിലുള്ള അമ്മാവന്‌ കത്തെഴുതിയിട്ടുണ്ട്‌. അടുത്ത ആഴ്ച ഞാന്‍ മദ്രാസിനു പോകും. "


ഇനിയെന്നെങ്കിലും കാണാമെന്നു പറഞ്ഞ്‌ സേതു തെല്ലിട നടന്നു, പിന്നെ തിരിച്ചു വന്ന്‌ ചുമലില്‍ കൈ വച്ച്‌ പറഞ്ഞു, "കുമാരാ, പണ്ടു നീ മോഹിച്ചതുപോലെ ഒരു തീവണ്ടി ഡ്രൈവറാകാന്‍ നിനക്കു കഴിയട്ടെ. ചിലപ്പോള്‍ മദ്രാസില്‍ നിന്ന്‌ നാട്ടിലേക്ക്‌ നിന്റെ തീവണ്ടിയിലായിരിക്കും ഞാന്‍ വരിക. "


അതുപറഞ്ഞു കഴിഞ്ഞതും തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാതെ സേതു ധൃതിയില്‍ നടന്നു മറഞ്ഞു. തനിക്കവനോട്‌ പറയണമെന്നുണ്ടായിരുന്നു, സേതു, എന്റെ മോഹം ഇപ്പോള്‍ മാറിയിരിക്കുന്നു; അല്ല ഇപ്പോളെന്റെ മനസ്സില്‍ പ്രത്യേകിച്ച്‌ ഒരു മോഹവും രൂപപ്പെട്ടീട്ടില്ലെന്ന്‌. അതുപോലെ സേതുവിണ്റ്റെ അപ്പോഴത്തെ മോഹമെന്തായിരിക്കുമെന്നു ചോദിക്കുവാനും തനിക്കു കഴിഞ്ഞില്ലെന്നോര്‍ത്ത്‌ വിഷമം തോന്നി. കുമാരന്‍ വെറും ഓര്‍മ്മകളിലൂടെ ഊളയിട്ടുകൊണ്ടുമാത്രം ഒരു പകലൊടുക്കി. രാത്രിയേറെക്കഴിഞ്ഞിട്ടും ഓര്‍മ്മകളുടെ ഹാങ്ങോവറില്‍ നിന്നു മോചിതനാവാതെ ജനലില്‍ കൂടി പുറത്തേക്കു നോക്കിയിരുന്നു. പുറത്തെ നിഴല്‍ രൂപങ്ങളോടയാള്‍ക്ക്‌ പെട്ടെന്ന്‌ വിരക്തി തോന്നി. നിഴല്‍ രൂപങ്ങളില്‍ നിന്നും നോട്ടം പിന്‍വലിച്ച്‌ മച്ചിലെ മാറാലയില്‍ കണ്ണും നട്ടയാള്‍ കിടന്നു. നിര്‍മ്മല ചെറുപ്പമാണ്‌. അവള്‍ക്കിനിയും പ്രതീക്ഷകളും, മോഹങ്ങളുമുണ്ട്‌. ഒരിക്കല്‍ ഒരു ട്രെയില്‍ ഡ്രൈവറാകാന്‍ മോഹിച്ച തനിക്ക്‌ ഈ ജീവിതം തന്നെ ഡ്രൈവ്‌ ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നുകയാണ്‌. പ്രതീക്ഷകളൊക്കെ തകര്‍ന്ന്‌ മോഹിക്കാന്‍ ഇനി ഒന്നുമില്ലെന്ന തോന്നലില്‍ എത്തി നില്‍ക്കുന്ന തന്റെ ജീവിതം വളരെ വിരസമാണ്‌. അയാളറിയാതെത്തന്നെ വാക്കുകള്‍ പുറത്തേക്കു വന്നു.


"ഇല്ല, സേതു. ഞാനൊന്നുമായില്ല. നിനക്ക്‌ അഞ്ചുവയസ്സുകാരനാവാന്‍ കഴിഞ്ഞില്ലെങ്കിലും അഞ്ചു വയസ്സുള്ള ഒരു മകളോ, മകനോ നിന്നോടൊപ്പമുണ്ടാകും, ഇല്ലേ; അങ്ങനെയെങ്കിലും, മോഹസാഫല്യത്തിന്റെ വേറൊരു പതിപ്പ്‌ എന്ന്‌ നിനക്കാശ്വസിക്കാമല്ലൊ. "


മകരമാസിലെ തണുപ്പ്‌ ശരിക്കും ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍, ജന്നലടച്ച്‌ കുമാരന്‍ കട്ടിലിനടുത്തേക്കു നീങ്ങി. കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിര്‍മ്മല ഉറക്കത്തിലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നിലത്തേക്ക്‌ ഊര്‍ന്നു വീണുകിടക്കുന്ന പുതപ്പെടുത്ത്‌ നിര്‍മ്മലയെ പുതപ്പിച്ച്‌, കുമാരന്‍ ചേര്‍ന്നു കിടന്നു. കാലത്തെണീറ്റ്‌ കുളി കഴിഞ്ഞ്‌ വരുമ്പോഴെക്കും നിര്‍മ്മല തയ്യാറായി നിന്നിരുന്നു. അമ്പലത്തിലേക്കുള്ള വഴിമദ്ധ്യേ അവള്‍ സ്വാമിജിയെക്കുറിച്ച്‌ മറ്റുള്ളവരില്‍ നിന്നും ശേരിച്ച വിവരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. സ്വാമിജി ആല്‍ത്തറക്കുമീതെ കണ്ണടച്ച്‌ ധ്യാനത്തിലിരിക്കാറെ ഉള്ളുവത്രെ. ഭക്തജനങ്ങള്‍ ആല്‍ത്തറക്കു താഴെ കണ്ണടച്ച്‌ പ്രാര്‍ത്ഥനയിലേര്‍പ്പെടും. അപൂര്‍വ്വമായി മാത്രമേ സ്വാമിജി കണ്ണുതുറന്ന്‌ എല്ലാവരേയും ആശിര്‍വ്വദിക്കാറുള്ളു. ആ ദിവസങ്ങളില്‍ അവിടെ ചെല്ലുന്നവരുടെ എല്ലാ മോഹങ്ങളും സഫലീകരിക്കുമെന്നാണു വിശ്വാസം. അമ്പലത്തില്‍ തൊഴുത്‌ പ്രദക്ഷിണം വയ്ക്കുമ്പോള്‍ നിര്‍മ്മല തടഞ്ഞുകൊണ്ടു പറഞ്ഞു, "ഇന്ന്‌ ഒരു പ്രദക്ഷിണം മതി. നമുക്ക്‌ സ്വാമിജിയുടെ അടുത്തേക്കു പോകാം. കുറേകൂടി കഴിഞ്ഞാല്‍ ഭയങ്കര തിരക്കായിരിക്കും. "


അവളുടെ പിന്നാലെ സ്വാമിജിയുടെ അടുത്തേക്കു നടക്കുമ്പോള്‍ അയാളോര്‍ക്കുകയായിരുന്നു, ഒറ്റ പ്രദക്ഷിണം വയ്ക്കുമ്പോള്‍ തന്നെ വഴക്കു പറയാറുള്ള നിര്‍മ്മല തല്‍ക്കാലത്തേക്ക്‌ എല്ലാ വിശ്വാസപ്രമാണങ്ങളും മറന്നിരിക്കുന്നുവെന്ന്‌. സ്വാമിജിയുടെ മുന്നില്‍ തരക്കേടില്ലാത്ത വിധം ജനങ്ങള്‍ തിക്കിത്തിരക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും പിന്നിലായി നിര്‍മ്മല തൊഴുകൈകളോടെ നിന്നു. കുമാരന്‍ തിരിഞ്ഞ്‌ അമ്പലത്തിലേക്കു നോക്കി. അവിടെ വിഗ്രഹവും, പൂജാരിയും മാത്രം. പുതിയ ദിവ്യന്റെ മുന്‍പില്‍ കണ്ടു പഴകിയ ദൈവത്തെ ജനങ്ങള്‍ തല്‍ക്കാലത്തേക്കു മറന്നിരിക്കുന്നു. കുമാരന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു, "പൊറുക്കണേ, ഭഗവാനേ". "നിങ്ങളെങ്ങോട്ടു നോക്കി നില്‍ക്ക്വാ, ദാ, സ്വാമിജി കണ്ണു തുറന്നു. നമ്മുടെ ഭാഗ്യം. തോഴുതോളു. " ഭാര്യയെ സമാധാനിപ്പിക്കാന്‍ കുമാരന്‍ സ്വാമിജിയുടെ നേര്‍ക്കു തിരിയുമ്പോള്‍ വീണ്ടും മനസ്സില്‍ പറഞ്ഞു, "ഭഗവാനേ, പൊറുക്കണേ". "എനിക്കിപ്പോള്‍ മനസ്സിന്‌ വളരെ സമാധാനവും, സന്തോഷവും തോന്നുന്നു." വീട്ടിലേക്കു നടക്കുന്നതിനിടയില്‍ നിര്‍മ്മല പറഞ്ഞു. പക്ഷെ കുമാരന്‍ ആകെ അസ്വസ്ഥനായിരുന്നു.


അടുത്ത ദിവസം കുമാരന്‍ ഓഫീസു വിട്ടു വന്നപ്പോള്‍ ഒരുപാടു വൈകിയിരുന്നു. നിര്‍മ്മല വീട്ടു പടിക്കല്‍ തന്നെ കാത്തു നില്‍ക്കുകയായിരുന്നു. അയാളുടെ കയ്യില്‍ നിന്നും ബ്രീഫ്കെയ്സ്‌ വാങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. "നിങ്ങളറിഞ്ഞോ, നമ്മുടെ സ്വാമിജിയെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന്‌. അതിനെചൊല്ലി ഇന്നു കാലത്തു തൊട്ടേ അമ്പലപ്പറമ്പില്‍ പൊതുയോഗവും മറ്റും ആയിരുന്നുവത്രെ. ജാതി രാഷ്ട്രീയക്കാര്‍ സജീവമായി രംഗത്തുണ്ട്‌. സ്വാമിജിയെ തട്ടിക്കൊണ്ടു പോയതിനുത്തരവാദിത്വം സര്‍ക്കാരിനാണെന്നും, ജീവനും, സ്വത്തിനും സംരക്ഷണം വേണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്കു വോട്ടു ചെയ്യണമെന്ന ആഹ്വാനവും കൂട്ടത്തിലുണ്ട്‌. ഇതിനിടയില്‍ സ്വാമിജിയെ കള്ള സംന്യാസിയെന്നു വിളിച്ച ഒന്നുരണ്ടു പേരെ ആരൊക്കെയോ ചേര്‍ന്നു വെട്ടി പരിക്കേല്‍പിച്ചിട്ടുണ്ടത്രെ. നാട്ടുകാര്‍ ആകെ പരിഭ്രമിച്ചിരിക്കുകയാണ്‌. "


നിര്‍മ്മലയുടെ വാക്കുകളിലൂടെ കുമാരന്‍ മനസ്സിലാക്കിയത്‌ ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥയോടൊപ്പം മോഹങ്ങള്‍ കൊഴിഞ്ഞ ഒരു പെണ്ണിണ്റ്റെ ദൈന്യതയും കൂടിയാണ്‌. ഡ്രസ്സു മാറാന്‍ കൂടി നില്‍ക്കാതെ, നിര്‍മ്മലയോട്‌ എന്തു പറയണമെന്നറിയാതെ അയാള്‍ ചാരുകസേരയില്‍ പോയിരുന്നു. നിര്‍മ്മല അകത്തുപോയി ഒരു ഗ്ളാസ്‌ നാരങ്ങാ വെള്ളവുമായി വന്നു. കുറെ നേരമായി ഒന്നും മിണ്ടാതിരുന്നപ്പോള്‍ താനല്‍പം സേവിച്ചിരിക്കും എന്നവള്‍ ധരിച്ചുകാണും. അത്തരം ദിവസങ്ങളില്‍ അവള്‍ നാരങ്ങാ വെള്ളവുമായി വരുക പതിവാണ്‌. "എന്താ നിങ്ങളൊന്നും അറിഞ്ഞില്ലേ?"അവള്‍ ചോദിച്ചു. "ഇല്ല". അയാള്‍ പറഞ്ഞു. അവളെ സാന്ത്വനപ്പെടുത്താനായി അയാള്‍ വീണ്ടും പറഞ്ഞു, "സംന്യാസിമാരല്ലേ, ഒരിടത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവം അവര്‍ക്കില്ല. " നിര്‍മ്മല സാരിത്തലപ്പു കൊണ്ടു കണ്ണീരൊപ്പുകയും, മൂക്കുപിഴിയുകയുമൊക്കെ ചെയ്തു. ഒന്നും പറയാനില്ലാതെ, അയാള്‍ മുറ്റത്ത്‌ നിലാവില്‍ തെളിയുന്ന നിഴലുകള്‍ നോക്കിയിരുന്നു. ക്രമേണ ക്രമേണ നിഴലുകള്‍ ഇരുട്ടില്‍ അലിയാന്‍ തുടങ്ങി. ഭകഷണം കഴിക്കാനിരുന്നപ്പോള്‍ വിശപ്പ്‌ കെട്ടതുപോലെ. ഒന്നിനും ഒരു രുചിയും തോന്നിയില്ല. അയാള്‍ നിര്‍മ്മലയെ ശ്രദ്ധിച്ചു. അവളും വെറുതെ പിഞ്ഞാണത്തില്‍ വരഞ്ഞുകൊണ്ടിരിക്കയാണ്‌. ലൈറ്റണച്ച്‌ കിടക്കാന്‍ നേരം അവള്‍ പറഞ്ഞു, "ചെറിയൊരു ആശയുണ്ടായിരുന്നത്‌ സ്വാമിജിയിലായിരുന്നു. സ്വാമിജി അനുഗ്രഹിക്കുമെന്ന്‌ ഞാന്‍ സ്വപ്നം കണ്ടിരുന്നു", അവള്‍ കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങിക്കരയാന്‍ തുടങ്ങി.


"നിന്റെ കുട്ടിയിപ്പോള്‍ ഞാനാണ്‌. എന്റെ കുട്ടി നീയും."
അയാള്‍ അവളെ തലോടിക്കൊണ്ടു പറഞ്ഞു. പിന്നെ ഒരു കുട്ടിയെ പോലെ അയാള്‍ അവളുടെ മാറില്‍ മുഖം പൂഴ്ത്തി കിടന്നു.

കാലത്ത്‌ പുതിയ വിശേഷങ്ങളുമായി പാല്‍ക്കാരന്‍ വന്നു. സ്വാമിജിയെ കാണാതായതില്‍ പ്രതിഷേധിച്ച്‌ ബന്ദാണത്രെ. ടൌണില്‍ നിറയെ പോലീസുകാര്‍. കുറെ പോലീസുകാര്‍ അമ്പലപ്പറമ്പിലും തമ്പടിച്ചിട്ടുണ്ടത്രെ. പൊടിപ്പും, തൊങ്ങലും വച്ച്‌ പിന്നെയും അയാള്‍ എന്തൊക്കെയൊ പറഞ്ഞു. അതൊന്നും കുമാരന്റെ ചെവിയിലേക്കെത്തിയില്ല. അയാളോര്‍ക്കുകയായിരുന്നു. ഇന്നലെ കിടക്കുന്നതുവരെ ബന്ദിനെക്കുറിച്ചാരും പറഞ്ഞുകേട്ടില്ല. ഒരു ബന്ദാഹ്വാനം ചെയ്യാന്‍ വെറും നിമിഷങ്ങള്‍ മതിയോ എന്നയാള്‍ അത്ഭുതം കൊണ്ടു. ഓഫീസില്‍ പോകേണ്ടതില്ലെന്നു മനസ്സിലാക്കിയ കുമാരന്‍ പേപ്പറും വായിച്ച്‌ ചാരുകസേരയില്‍ കിടന്നു. ബന്ദിണ്റ്റെ തിരക്കുകള്‍ തുടങ്ങുന്നതിനുമുന്‍പ്‌ ഒന്നു കവല വരെ പോയി വന്നാലോ എന്നയാള്‍ ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. വീട്ടിനുള്ളിലേക്ക്‌ വെടിയുണ്ട പാഞ്ഞു വരുന്ന കാലമാണ്‌. അത്‌ റോഡില്‍ പോയി ഏറ്റുവാങ്ങേണ്ടതില്ല. വീണ്ടും വാര്‍ത്തകളിലൂടെ കണ്ണോടിച്ചു. പൊടുന്നനെ അയാളുടെ ദൃഷ്ടികള്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്തയില്‍ ഉടക്കിനിന്നു.


വര്‍ഷങ്ങളായി ആന്ധ്രാ പോലീസ്‌ അന്വേഷിച്ചു കൊണ്ടിരുന്ന തീവ്രവാദി സംഘത്തിലെ സേതുരാമനെ ഇന്നലെ കേരളാ പോലീസ്‌ അറസ്റ്റു ചെയ്തു. കൂടെയുണ്ടായിരുന്ന ആള്‍ പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടു. ഇരുവരും വേഷം മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്‌. താഴെ കൊടുത്തിരിക്കുന്ന ഫോട്ടോകളില്‍ നിന്ന്‌ തന്റെ ചങ്ങാതിയെ കണ്ടുപിടിക്കാന്‍ അയാള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. കാലം വരുത്തിയ മാറ്റങ്ങള്‍ സേതുവിന്റെ മുത്തെ ബാധിച്ചിരുന്നില്ല. അവന്റെ സൌമ്യവും, നിഷ്ക്കളങ്കവുമായ ഭാവത്തിന്‌ ഒരു മാറ്റവുമുണ്ടായിരുന്നില്ല. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയുന്നതിലൊന്നും ഒരര്‍ത്ഥവുമില്ലെന്നയാള്‍ക്കു തോന്നി. അല്ലെങ്കില്‍ പിന്നെ അഞ്ചുവയസ്സുകാരനാവാന്‍ കൊതിച്ച എന്റെ സേതു എങ്ങനെ തീവ്രവാദിയായി. സേതുവിന്റെ കൂടെ പ്രദര്‍ശിപ്പിച്ചിരുന്ന ഫോട്ടോയ്ക്ക്  താടിയും, കാവിയുമൊക്കെ കൂട്ടിച്ചേര്‍ത്താല്‍ ആരാകുമെന്നയാള്‍ക്കു മനസ്സിലായി. അപ്പോള്‍ സേതു  ഇത്ര നാളും ഇവിടെയുണ്ടായിരുന്നു. എന്നീട്ടും അവനെന്നെ കാണാന്‍ ശ്രമിച്ചില്ല. ഒരു പക്ഷെ അത്‌ മനഃപൂര്‍വ്വമായിരിക്കാം. ഒരു പക്ഷെ തന്റെ മുന്‍പില്‍ പഴയ സേതുവായി വരാന്‍ അവനു കഴിയില്ലെന്നതു കൊണ്ടായിരിക്കാം. പാവം നിര്‍മ്മല. അവളുടെ പ്രിയപ്പെട്ട സ്വാമിജിയുടെ മനസ്സ്‌ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിപര്‍വ്വതമായിരുന്നെന്ന്‌ അവളുണ്ടൊ അറിയുന്നു. നിര്‍മ്മലയെ സന്തോഷിപ്പിക്കുന്നതിലേക്കായി കുമാരന്‍ ഒരാഴ്ചത്തെ അവധിയെടുക്കാന്‍ തീരുമാനിച്ചുകൊണ്ട്‌ ചില പരിപാടികള്‍ തയ്യാറാക്കി. ഇന്നു രാത്രി വിഡിയോയില്‍ ചാര്‍ലി ചാപ്ളിന്റെ ഒരു സിനിമ. അതുകണ്ട്‌ എല്ലാം മറന്നവള്‍ കുറെ നേരം ചിരിക്കട്ടെ, പിന്നെ ഉറങ്ങട്ടെ. നേരം പുലര്‍ന്നാലുടനെ നിര്‍മ്മലയുടെ ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളൊക്കെ സന്ദര്‍ശിക്കണം, പിന്നെ, അങ്ങനെ, അങ്ങനെ..................

- 0 -

7 comments:

ബിന്ദു said...

നന്നായിട്ടുണ്ട്‌. :)

വല്യമ്മായി said...

നല്ല കഥ

evuraan said...

ചിന്ന സജഷന്‍ -- ഖണ്ഡികകളും, അവയ്ക്കിടയില്‍ ഓരോ ബ്ലാങ്ക് ലൈനുകളും ഉണ്ടായിരുന്നെങ്കില്‍..

:)

മുരളി മേനോന്‍ said...

ശരിയാണ് ഏവൂരാന്‍ പറഞ്ഞത്. പക്ഷെ നോട്ട്‌പാഡിലേക്ക് കട്ട് ഏന്റ് പേസ്റ്റ് ചെയ്തപ്പോള്‍ എല്ലാം പല വിധത്തിലായി. പിന്നീട് അതിനുമുകളില്‍ ഇരുന്നു പണിതില്ല എന്നതാണു സത്യം. നന്ദി എല്ലാവര്‍ക്കും.

വിശാല മനസ്കന്‍ said...

‘വെറുതെ മോഹിച്ചവര്‍‘ പണ്ട് കേരള ഡോട്ട് കോമില്‍ വച്ച് വായിച്ചത് വീണ്ടും വായിക്കാന്‍ പറ്റുമെന്ന് വിചാരിച്ചില്ല. വളരെ സന്തോഷം.

പിന്നെ, അന്ന് ഇത് ഒരു തുടരനായി എല്ലാവരും ചേര്‍ന്ന് എഴുതിയിരുന്നത് ഓര്‍മ്മയുണ്ടോ?

അന്ന് ഞാന്‍ എഴുതിയ രണ്ട് ഭാഗങ്ങള്‍ എന്റെ കയ്യിലുണ്ട്. ഞാന്‍ വെറുതെ ആ ഓര്‍മ്മ പുതുക്കലിനായി വീണ്ടുമിട്ടാലോ??

വേണു venu said...

നന്നായിരിക്കുന്നു.
വിശാലന്‍ ഓര്‍മ്മ പുതുക്കൂ.അന്നു വായിക്കാത്തവര്‍ക്കു് വായിക്കാമല്ലോ.
വേണു.

മുരളി മേനോന്‍ said...

വിശാലന്‍, പുതുതായ് എഴുതിയ ഒന്നു രണ്ടെണ്ണം ഫിലിം ആക്കാന്‍ നിശ്ചയിച്ചതുകൊണ്ടും, പഴയത് ഏതൊക്കെയാണ് ഗസ്റ്റ്ബുക്കില്‍ എഴുതിയത് എന്ന് ഓര്‍മ്മയില്ലാത്തതുകൊണ്ടും, പുതിയവ രചിക്കാനുള്ള സമയക്കുറവുകൊണ്ടുമൊക്കെയാണ് സ്റ്റോക്ക് പുറത്തിറക്കുന്നത്. അന്നത്തെ മുഴുവന്‍ പുറത്ത് കൊണ്ടുവരണം. കാരണം, ഇപ്പോഴത്തെ ബ്ലോഗേഴ്സില്‍ നമ്മുടെ കൂടെയുണ്ടായിരുന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉള്ളു. അതുകൊണ്ട് വീണ്ടും എഴുതുക. സ്നേഹപൂര്‍വ്വം. കഥ വായിക്കാന്‍ സമയം കണ്ടെത്തിയവര്‍ക്കും, രണ്ടു വാക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ തോന്നിയതിനും പ്രത്യേകം നന്ദി അറിയിക്കുന്നു.