Sunday, September 24, 2006

ദൃഷ്ടാന്തം = എം.പി.സുകുമാരന്‍നായരുടെ നാലാമത്തെ സിനിമ

17.09.2006 കാലത്ത് ഒമ്പതുമണിക്ക് തിരുവനന്തപുരം ശ്രീ തിയ്യറ്ററില്‍ എം.പി.സുകുമാരന്‍നായര്‍ തന്റെ നാലാമത്തെ സിനിമ =ദൃഷ്ടാന്തം= ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. സിനിമാരംഗത്തുള്ളവരും, അല്ലാത്തവരുമായ, പ്രശസ്തരും, അപ്രശസ്തരുമായ നിരവധി പേര്‍ സന്നിഹിതരായിരുന്നു. മലയാള സിനിമ എന്നും ഒരുപിടി മുന്നില്‍ തന്നെയാണെന്ന് ലോക സിനിമാ‍ വ്യവസായത്തോട് വിളിച്ചുപറയാന്‍ ഏതാണ്ട് 6 വര്‍ഷത്തെ ഇടവേളക്കുശേഷം = ദൃഷ്ടാന്തം = എന്ന തന്റെ പുതിയ സൃഷ്ടിയുമായ് ഇതാ സുകുമാരന്‍നായര്‍ നമ്മുടെ മുന്നില്‍.
ഒരു തീയാട്ടു കലാകാരന്റെ വിശ്വാസങ്ങളിലും ഭൌതികജീവിതത്തിലും വന്നുപെട്ട ഇടര്‍ച്ചകളുടെ കഥയാണ് ദൃഷ്ടാന്തം. പാരമ്പര്യജീവിതത്തിനും, പുത്തന്‍‌വിപണി ലോകത്തിനുമിടയില്‍ കുടുങ്ങിപ്പോയ മനുഷ്യാവസ്ഥയെ, ക്ഷേത്രാനുഷ്ഠാന പൈതൃകം പേറുന്ന ഒരു ഉള്‍നാടന്‍ ഗ്രാമീണകുടുംബത്തിന്റെ ദൃശ്യാഖ്യാനത്തില്‍ഊടെ ദൃഷ്ടാന്തീകരിക്കുന്നു ഈ ചിത്രം.
ദാരികനെ നിഗ്രഹിച്ചതെങ്ങനെയെന്ന് തന്റെ സൃഷ്ടാവായ പരമശിവനോട് കാളി വിവരിക്കുന്ന സന്ദര്‍ഭമാണ്‍ ഏകാഭിനയരൂപമായ തീയാട്ടിന്റെ ഉള്ളടക്കം. മധ്യ-ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഈ അനുഷ്ഠാനം പരമ്പരാഗതമായി നടത്തിവരുന്ന ഉണ്ണി സമുദായത്തിലെ അംഗങ്ങളാണ് ദൃഷ്ടാന്തത്തിലെ കാളിവേഷക്കാരന്‍ വാസുണ്ണിയും കളം‌പാട്ടുകാരനാ‍യ അനുജന്‍ അച്ചുണ്ണിയും.
അച്ഛനപ്പൂപ്പന്മാരുടെ കാലതൊട്ടേ പുലര്‍ത്തിപ്പോരുന്ന അനുഷ്ഠാനവിശുദ്ധി നിലനിര്‍ത്തുവാന്‍ ബദ്ധശ്രദ്ധനായ വാസുണ്ണിക്കു മുന്നില്‍, മാറുന്ന കാലം വലിയൊരു സമസ്യയായി തീരുന്നു. ആര്‍ക്കും വേണ്ടാതായ തീയാട്ടുവഴിപാട്, വര്‍ദ്ധിച്ചുവരുന്ന രോഗം, ദാരിദ്ര്യം, പുതുലോകത്തിന്റെ പെരുവഴികളില്‍ ഉഴലുന്ന മക്കള്‍, എല്ലാറ്റിനുമിടയില്‍ പരാജിതനും ഏകാകിയുമായി ഒതുങ്ങിക്കൂടുന്നു വാസുണ്ണി. അയാളുടെ ഇടുങ്ങിയ തുരുത്തിലേക്ക് കലാതല്‍പ്പരയായ ഒരു വിദേശസ്ത്രീയുടെ രൂപത്തില്‍ പുത്തന്‍‌വിപണിലോകം കടന്നുവരുന്നതാണ് ദൃഷ്ടാന്തത്തിന്റെ ആഖ്യാനപരിണതി. ഭാഗ്യാന്വേഷിയായ മകനും, പാവമെങ്കിലും പ്രായോഗികവാദിയായ അനുജന്‍ അച്ചുണ്ണിയും നിശ്ശബ്ദസാക്ഷിയായ ഭാര്യ ദേവിയുമെല്ലാം മനസുകൊണ്ട് അംഗീകരിച്ചുകഴിഞ്ഞ ഈ പുതുലോകവുമായി ക്രമേണ വാസുണ്ണിയും സമരസപ്പെടുന്നു. പക്ഷെ മകനും കൂട്ടരുമാകട്ടെ, കുറേക്കൂടി മുമ്പോട്ടുപോയി തീയാട്ടിന്റെ വിപണിസാദ്ധ്യതകള്‍ ആരായുന്നവരാണ്. ഒടുവില്‍ പുതുതലമുറയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ വാസുണ്ണിയും, അച്ചുണ്ണിയും സന്നദ്ധരാവുന്നു. പക്ഷെ മുടി എടുക്കുന്നതോടെ തീയാട്ടുകാരനിലെ കാളി ഉണരുകയും മുന്നിലെ ദാരികരൂപിയായ ലോകത്തോട് അവള്‍ ഇടയുകയും ചെയ്യുന്നു.
ലോകം വിപണികളായ് രൂപം മാറുമ്പോള്‍ ഇത്തരം ഇടര്‍ച്ചകള്‍ ഒറ്റപ്പെട്ട നിലവിളികളാവും; ഇടര്‍ച്ചയുടെ ദൃഷ്ടാന്തം മാത്രമാവും.

സിനിമയുടെ ആദ്യ ഷോട്ടില്‍ തീയാട്ടുകഴിഞ്ഞ് വാസുണ്ണിയും, മകനും, അനുജന്‍ അച്ചുണ്ണിയും വള്ളത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതാണ്. വഞ്ചി നിറയെ നെല്ലും, പച്ചക്കറികളും, പലചരക്കുമാണ്. രണ്ടാമത്തെ ഷോട്ടില്‍ രോഗാവസഥയും, ക്ഷീണവും കൊണ്ട് അവശനായ വാസുണ്ണിയും അനുജന്‍ അച്ചുണ്ണിയും തീയാട്ടുകഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടുമുറ്റത്ത് വെറുംകയ്യോടെ വന്നിറങ്ങുന്നു. വളര്‍ന്നു വലുതായ മകന്‍ പുറത്തേക്കിറങ്ങുന്നു. ഈ രണ്ടു ഷോട്ടുകളിലൂടെ രണ്ടു കാലഘട്ടത്തെ മനോഹരമായി നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു.
ജീവിതയാത്രയില്‍ ഒരു രാത്രി മുത്തമകള്‍ വീടുവിട്ടുപോകുന്നത് പണ്ട് തന്റെ തറവാട്ടിലെ അടിയാളനായിരുന്ന കുട്ടപ്പന്‍ പുലയന്റെ മകനോടൊപ്പമാണ്. രണ്ടാമത്തെ മകള്‍ സിനിമയുടെ മായാലോകത്തിലേക്ക് പറന്നുപോകുന്നതും വാസുണ്ണി നിശബ്ദമായ് ഉള്‍ക്കൊള്ളുകയാണ്. അപ്പോഴും മനസ്സില്‍ ബാക്കി നില്‍ക്കുന്നത് അവശേഷിക്കുന്ന മകന്റെ അസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ്. അതുകൊണ്ടുതന്നെ അനുഷ്ഠാനകലയായ തീയാട്ട് ബോട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, അതുകൊണ്ട് തന്റെ മകനെന്തെങ്കിലും പ്രയോജനം കിട്ടുമല്ലോ എന്ന ആശ്വാസത്താല്‍ വാസുണ്ണി തയ്യാറാവുകയാണ്. കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ദാരികന്‍ അപ്രത്യക്ഷനാവുന്നു. ചേട്ടാ അതു ദാരികനല്ല, നമ്മുടെ ഉണ്ണിയായിരുന്നുവെന്ന അനുജന്‍ അച്ചുണ്ണിയുടെ ദയനീയ സ്വരം കേള്‍ക്കുന്ന വാസുണ്ണി കലാശക്കളിയില്‍ തകര്‍ന്ന ബോട്ടില്‍ മനസ്സുതകര്‍ന്ന് കളിപീഠത്തിനുമുമ്പില്‍ തളര്‍ന്നുവീഴുന്നു. പുഴ മദ്ധ്യത്തില്‍ തകര്‍ന്ന ബോട്ടും, തളര്‍ന്ന വാസുണ്ണിയും അടങ്ങുന്ന വിദൂരദൃശ്യത്തോടെ ദൃഷ്ടാന്തം നമുക്കു മുന്നില്‍ അവസാനിക്കുന്നു. അതോ വീണ്ടും ആരംഭിക്കുന്നുവോ?

2006ലെ വിവിധ അവാര്‍ഡുകള്‍ ഇനി ദൃഷ്ടാന്തത്തെ ചുറ്റിപ്പറ്റിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

അഭിനേതാക്കള്‍:
മുരളി, ഇന്ദ്രന്‍സ്, മാര്‍ഗ്ഗി സതി, ജിജോയ്, കാര്‍ത്തിക്, രത്യ, രമാദേവി, ജോസ് ആലഞ്ചേരി, ജി.വി. ആനിക്കാട്, രേവതി, എലേന കോതോലിദിസ്, ഹരിലാല്‍, കുടമാളൂര്‍ സെബാസ്റ്റ്യന്‍, അന്‍ഷാദ്, ജി.വി.ആചാരി, സി.ആര്‍. ഓമനക്കുട്ടന്‍, സമ്മോഹനം രാധാകൃഷ്ണന്‍, സന്തോഷ് രാജശേഖരന്‍, വിനു ജോസഫ്, വിനോദന്‍ പിലാക്കല്‍, അഭീഷ് എസ്.എസ്. സെലിന്‍, ബേബി ഇഷ, ബേബി നിത്യ, മുരളി മേനോന്‍, വാസുദേവന്‍.
ഛായ: കെ.ജി.ജയന്‍
സംഗീതം: ചന്ദ്രന്‍ വേയാട്ടുമ്മല്‍
സഹസംവിധാനം: അന്‍‌വര്‍

ഇതുവരെ അദ്ദേഹത്തിന്റെ സിനിമക്കു ലഭിച്ച അവാര്‍ഡുകള്‍:
അപരാഹ്നം: (1990) - Best Second Film & Best Music Kerala State Film Awards
Debut Director Kerala Film Critics Association Award
Festivals: Interfilm Jury Prize & Recommendation for Golden Film Ducat at Manheim International film Festival 1991, Information entry in the Viennale International Film Festival (Austria) 1991, Competition entry in Figueira Le Foz International Film Festival (Portugal) 1992
Panorama entry International Film Festival of India 1991

കഴകം (1995): Best Film, Best Story, Best Actress, Best Music & Best Sound Kerala State Film Awards 1995
Festivals: Competition entry in the Cairo International Film Festival 1996, Entry in the Fribourg (Switzerland)International Film Festival 1996, Entry in the Pesaro (Italy) International Film Festival 1997

ശയനം (2000): John Abraham Award for Best Film & Best Director, Kerala State Award for Best ScreenPlay 2000, National Award for Best Regional Film 2000

ദൃഷ്ടാന്തം: (2006) Awaiting N number of awards!!!

വിദേശങ്ങളില്‍ അദ്ദേഹത്തിന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന സഹൃദയര്‍ക്ക് ബന്ധപ്പെടുവാന്‍ അദ്ദേഹത്തിന്റെ വിലാസം താഴെ കൊടുക്കുന്നു.

M P Sukumaran Nair
Producer-Director
Rachana Films
CF-6 Block 7/228
Tilak Nagar, Nalanchira
Thiruvananthapuram 695 015
Tel: 91-471-2531519
email id: tvm_sukunair@sancharnet.in
alternate contact:
Murali Menon
murali.menon@centurionbop.co.in
menon_murali@hotmail.com
cell: 9447488684

8 comments:

Kalesh Kumar said...

ദൃഷ്ടാന്തം കാണണം!
സുകുമാരന്‍ നായരുടെ പടങള്‍ ഒരുപാ‍ടിഷ്ടമാണ്.

വാളൂരാന്‍ said...

സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ശ്രീ. സുകുമാരന്റെ "ദൃഷ്ടാന്ത"ത്തെ ബൂലോഗത്തിനു പരിചയപ്പെടുത്തിയതിന്‌ വളരെ നന്ദിയുണ്ട്‌. വളരെ സീരിയസ്‌ ആയിട്ടുള്ള ഇതുപോലത്തെ കാഴ്ചപ്പാടുകളും ഇടപെടലുകളുമാണ്‌ ബ്ലോഗുകളെ കൂടുതല്‍ അര്‍ഥവത്താക്കുന്നത്‌. സമാനമായ സപര്യകള്‍ തുടരുമല്ലോ....

Unknown said...

തീര്‍ച്ചയായും കാണുന്നുണ്ട് ഈ സിനിമ.

ഓടോ: ഇതില്‍ അഭിനയിച്ചിരിക്കുന്ന മുരളി മേനോന്‍ തന്നെയാണോ താങ്കള്‍?

Murali K Menon said...

അതെ. ദില്‍ബു, ഒരു ചെറിയ സീനില്‍, മുരളിയോടൊപ്പം അഭിനയിക്കുവാന്‍ ഈയുള്ളവനും ഭാഗ്യം ഉണ്ടാക്കിത്തന്നു ശ്രീ. എം.പി.എസ്.
പരാമര്‍ശങ്ങള്‍ക്ക് എല്ലാവരോടും നന്ദി.

ഏറനാടന്‍ said...

മലയാള സിനിമയുടെ ഉന്നതസോപാനങ്ങള്‍ക്ക്‌ ശ്രീ സുകുമാരന്‍നായരുടെ ഈ സിനിമ ഒരു ദൃഷ്‌ടാന്തം തന്നെയാവട്ടെ, പുരസ്‌കാരങ്ങള്‍ ഒരുപാട്‌ ലഭിക്കുമാറാകട്ടെ..

രാജ് said...

ഈ സിനിമ ദുബായില്‍ ആരെങ്കിലും എത്തിക്കുകയാണെങ്കില്‍ കാണുവാനുള്ള ഒരു അവസരത്തിനു ഞാനും കാത്തിരിക്കുന്നു.

വല്യമ്മായി said...

ദൃഷ്ടാന്തത്തെ കുറിച്ചും ആ സംവിധായകന്റെ മറ്റു സിനിമകളെ കുറിച്ചും തന്ന വിവരങ്ങള്‍ക്കും നന്ദി.എന്നെങ്കിലും ഈ സിനിമ കാണാനൊരവസരമുണ്ടായാല്‍ തീര്‍ച്ചയായും കാണാം.

Murali K Menon said...

വിദേശത്തുള്ള ആര്‍ക്കു വേണമെങ്കിലും എം.പി.സുകുമാരന്‍ നായരുടെ സിനിമകള്‍ വരുത്തി കാണുവാന്‍ ഞാന്‍ അവസരമുണ്ടാക്കിത്തരുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം, അദ്ദേഹത്തിന്റെ നാലു സിനിമകള്‍ കൊരിയറില്‍ നിങ്ങളുടെ സ്ഥലത്ത് എത്തിക്കേണ്ട ചുമതല. അതു കാണാന്‍ ഒരു തിയ്യറ്റര്‍. പിന്നെ സംവിധായകനെ അങ്ങോട്ടു കൊണ്ടുവരുവാനുള്ള സംവിധാനം. അദ്ദേഹത്തോട് നിങ്ങള്‍ക്ക് നേരിട്ട് സംവദിക്കാം. പിന്നെ നിങ്ങളുടെ ഇഷ്റ്റമനുസരിച്ച് അദ്ദേഹത്തിന് മെമെന്റോയോ എന്തു പണ്ടാറം വേണമെങ്കിലും ചെയ്യാം. കാരണം അദ്ദേഹം സിനിമ പിടിക്കുന്നത് നമ്മളെപ്പോലെയുള്ള സഹൃദയരുടെ സഹായത്തോടെ മാത്രമാണ്.