Sunday, August 27, 2006

ദൈവത്തിന്റെ ആത്മകഥ (അപൂര്‍ണ്ണം)

ആമുഖം
ഞാന്‍ ദൈവം. നിങ്ങളുടെയെല്ലാം കാണപ്പെടാത്ത (ഒരിക്കലും) ദൈവം. ഒന്നുകൂടി വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈരേഴുപതിനാലു ലോകത്തിനും ഈശ്വരന്‍. എന്നെ അറിയില്ലെന്നു പ്രസംഗിച്ചു നടക്കുന്നവര്‍, മറ്റാരുമറിയാതെ എന്നെ വിളിച്ചു സങ്കടങ്ങളുണര്‍ത്തിക്കുന്നവരായതുകൊണ്ട് ഒരു പക്ഷെ ഈ ആത്മകഥയും ആരുമറിയാതെ വായിക്കാനുള്ള താല്പര്യം അവരിലുണ്ടാവും. ചില ക്ഷിപ്രകോപികള്‍ ചോദിച്ചേക്കാം, ഇത്രയും കാലം തോന്നാത്തതെന്തേ ഇപ്പോള്‍ തോന്നാനെന്ന്. അവരോടായി പറയട്ടെ, ആരെങ്കിലുമൊക്കെ എന്നെക്കുറിച്ചെഴുതുമെന്ന് മുന്‍‌കൂട്ടി കണ്ടവനാണു ഞാന്‍ (അത്രെയെങ്കിലും മുന്‍‌കൂര്‍ കാണാന്‍ കഴിയാത്തവന്‍ ദൈവമെന്നറിയപ്പെടാന്‍ യോഗ്യനല്ലെന്ന് ഞാന്‍ പറയും, ഏത്?). അതുപോലെ പലരും എഴുതുകയും ചെയ്തു.


പക്ഷെ അവയെല്ലാം സത്യാവസ്ഥയില്‍ നിന്നും വളരെ അകലെയായിരുന്നു. ഭൂരിപക്ഷം സാഹിത്യകാരന്മാരും എന്റെ ശത്രുപക്ഷമെന്നറിയപ്പെടുന്ന ചെകുത്താനെക്കുറിച്ച് (സത്യത്തില്‍ അങ്ങനെ ഒന്നില്ല. എനിക്കു കുറ്റപ്പെടുത്താനും ചൂണ്ടിക്കാണിക്കാനുമുള്ള ഒരു വ്യാജ സൃഷ്ടിയാണത്) കഥകളും, കവിതകളും എന്തിനേറെ ഗവേഷണ പ്രബന്ധങ്ങള്‍ വരെ അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയിരിക്കുന്നു. പാവം മനുഷ്യര്‍, പ്രത്യേകിച്ച് സാഹിത്യകാരന്മാര്‍ അവര്‍ പാപത്തിന്റെ കനി ഭക്ഷിച്ച് ചെകുത്താന്റെ പിടിയിലമര്‍ന്നുവെന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പ്രതിപക്ഷത്തിന്റെ കറുത്ത അല്ലെങ്കില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കൈകളായിരുന്നു.


വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്‍ തന്റെ കഥക്ക് ദൈവത്തിന്റെ വികൃതികള്‍ എന്നു പേരിട്ടു. എന്റെ പേരു കണ്ടു ഞാന്‍ സന്തോഷിച്ചുവെങ്കിലും അതിന്റെ സഫിക്സ് ആയ വികൃതി എന്ന വാക്കിനോട് യോജിക്കാന്‍ എനിക്കാവില്ല. ആരോടും ക്ഷമിക്കാന്‍ എനിക്കു കഴിയുമെന്നറിഞ്ഞ് അവര്‍ മുതലെടുക്കുകയാവാം. ഉള്ളതു പറയണമല്ലോ, ഈ കഥയുടെ പേര്‍ ഞാന്‍ ക്ഷമിച്ചത് മറ്റൊരു ആശ്വാസത്തിലാണ്. ഈ കഥ സിനിമയാക്കുമെന്നും, അപ്പോള്‍ സ്വാഭാവികമായും സംവിധായകന്‍ കഥാകൃത്തിനെ തൃണവല്‍ഗണിച്ചുകൊണ്ട് കഥയുടെ ഊരുമുതല്‍ പേരു വരെ മാറ്റുമെന്നും ഞാന്‍ അകക്കണ്ണിലൂടെ കണ്ടിരുന്നു. പക്ഷെ സിനിമ പുറത്തുവന്നപ്പോള്‍ അതുവരെയുള്ള എല്ലാ സംവിധായകരുടേയും നിലപാടുകളെ തെറ്റിച്ചുകൊണ്ട്, എന്റെ അകക്കണ്ണിലേക്ക് വെണ്ണൂറു തൂളിക്കൊണ്ട് സിനിമയുടെ പേരിലോ, കഥയിലോ അതുപോലെ മറ്റെന്തെങ്കിലും മാറ്റമോ വരുത്തുകയുണ്ടായില്ല. അവിശ്വാസികളെന്നു കൊട്ടിഘോഷിക്കുന്നവര്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതില്‍ സന്തോഷിക്കുന്നുണ്ടാവും. അവരോടുമാത്രം ഞാന്‍ പറയട്ടെ, ഇതു കലിയുഗമാണ്, എന്റെ കണക്കുകൂട്ടലുകള്‍ പോലും പിഴയ്ക്കുന്നത് നിങ്ങള്‍ക്കു കഷ്ടകാലം വിധിച്ചീട്ടുള്ളതുകൊണ്ടാണ് (അല്ലാതെ എന്റെ അറിവില്ലായ്മ കൊണ്ടല്ല, കഴുവേറികളെ). ഞാന്‍ പറഞ്ഞു വന്നത്, ഇത്തരമൊരു സാഹചര്യത്തില്‍, ഇനിയും സാഹിത്യകാരന്മാരില്‍ നിന്ന് എന്തെങ്കിലും നീതി പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കിയെന്നാണ്. അതുകൊണ്ടുതന്നെയാണ് ഞാന്‍ എന്റെ ആത്മകഥ എഴുതാന്‍ തുനിഞ്ഞിറങ്ങിയത്. നിങ്ങള്‍ക്ക് കാലത്തും, സന്ധ്യക്കും വിളക്കു കൊളുത്തിവച്ച് വായിക്കുന്നതിനുവേണ്ടി ഈ പുണ്യഗ്രന്ഥം സമര്‍പ്പിക്കുന്നു.

എന്ന്
ദൈവം
ദേവലോകം
ആകാശം (വഴി)
സ്വര്‍ഗ്ഗം


ഒന്ന്
മഞ്ഞുമൂടി കിടക്കുന്ന നിങ്ങളുടെ ഡിസംബറിലെ ഒരു പ്രഭാതം. ഒന്നും ചെയ്യാനില്ലാതെ മടിപിടിച്ചിരിക്കുകയായിരുന്നു ഞാന്‍. നിങ്ങള്‍ക്കാ ദിവസം ഞായറാഴ്ചയാണ്. തുടര്‍ന്നെഴുതുന്നതിനുമുന്‍പ് ഒന്നു പറഞ്ഞോട്ടെ. ആത്മകഥ ആരും ഇങ്ങനെയല്ല തുടങ്ങാറ് എന്ന് നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്നത് ഞാന്‍ കുറേശ്ശെ കേള്‍ക്കുന്നുണ്ട്. അതിനു മറുപടിയായ് നിങ്ങളോടു പറയാനുള്ളത്, ആത്മകഥ എഴുതുന്നവര്‍ എന്റെ ശൈലി ഒരു വെല്ലുവിളിയായ് എടുത്തോട്ടെ എന്നു മാത്രമാണ്.


എനിക്ക് ജനനവും മരണവും ഇല്ലെന്ന് ഏതു പോലീസുകാരനും അറിയാം. എന്നാലും നിങ്ങളുറ്റെ മനസ്സു പറയുന്നു, തുടക്കവും, ഒടുക്കവും ഇല്ലാതെ എന്താത്മകഥ -- നോണ്‍സെന്‍സ് - എന്ന്. അപ്പോള്‍ എവിടെ നിന്നെങ്കിലും തുടങ്ങിയേ പറ്റൂ. ആരോടും ക്ഷമ കാണിക്കാത്ത നിങ്ങള്‍ ഇവിടെ അല്പം ക്ഷമ കാണിച്ചേ പറ്റൂ. തുടര്‍ന്നു വായിക്കുക.


ഞാനങ്ങനെ മടിപിടിച്ചിരിക്കുകയായിരുന്നുവെങ്കിലും വെറുതെയിരിക്കുകയായിരുന്നില്ല. ചിന്തിക്കുകയായിരുന്നു. നിങ്ങളെ പോലെ വെറുതെയിരുന്ന് പ്രവാസി മലയാളി സമാജത്തിന്റെ പ്രസിഡന്റാവുന്നതിനെക്കുറിച്ചോ, അല്ലെങ്കില്‍ അയ്യപ്പ സമാജത്തിന്റെ ഖജാന്‍‌ജിയാകുന്നതിനെക്കുറിച്ചോ, അതുമല്ലെങ്കില്‍ എത്രകാലം കൊണ്ട് സമ്പാദിച്ച് സ്വന്തം നാട്ടില്‍ വന്ന് നാട്ടുപ്രമാണിയായ് കഴിയാം എന്നൊക്കെയുള്ള തല പുണ്ണാക്കുന്ന ചിന്തയാ‍യിരുന്നില്ല എന്റേത്. എന്നെ സംബന്ധിച്ചിടത്തോളം, സമയത്തിനു യാതൊരു പ്രസക്തിയുമില്ലല്ലോ. ഞാന്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും ചരിത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഞാന്‍ ദൈവമായിപ്പോയില്ലേ എന്റെ മക്കളേ, എല്ലാം ഓര്‍ത്തിരിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണല്ലോ, നിങ്ങളെ പോലെയുള്ളവര്‍ക്ക് ഇന്നലെ നടന്ന സംഭവം പോലും ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എനിക്ക് ഇന്നലെകള്‍ മാത്രം ഓര്‍മ്മിച്ചാല്‍ പോരാ, നാളെ എന്തു സംഭവിക്കും എന്നുകൂടി കണക്കുകൂട്ടി വയ്ക്കണം. ഉദാഹരണത്തിന്, എന്നാണു ലോകാവസാനം എന്നു മനസ്സിലാക്കി അതിനനുസരിച്ച് പല കളികളും കളിക്കാനുണ്ട്. ലോകാവസാനത്തിന്റെ കൃത്യം തിയ്യതി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് അല്ലേ? എന്നീട്ടുവേണം, നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ട് എതിര്‍ഗ്രൂപ്പിന്റെ നെഞ്ചത്തു ചവിട്ടിക്കയറിയായാലും ഒരിക്കലെങ്കിലും (ലോകം അവസാനിക്കുന്നതിനു മുന്‍പ്) പ്രവാസി മലയാളി സമാജത്തിന്റെയോ, അയ്യപ്പസേവാ സമിതിയുടേയോ, ലയണ്‍സ് ക്ലബ്ബിന്റേയോ പ്രസിഡന്റോ, സെക്രട്ടറിയോ ഒക്കെ ആകാനുള്ള നിങ്ങളുടെ ആകാംക്ഷ. അതുകൊണ്ട് ലോകാവസാനത്തിന്റെ തിയ്യതി തല്ക്കാലം പറയുന്നില്ല. അത്ര പൊടുന്നനെയൊന്നും ലോകം അവസാനിക്കാന്‍ പോകുന്നില്ലന്നേ. അതുകൊണ്ടുതന്നെയാണല്ലോ ഞാന്‍ ആത്മകഥയെഴുതി അച്ചടിച്ചുകാണാന്‍ മോഹിക്കുന്നതും.


ഞാനെന്തൊക്കെയോ എഴുതി കാടു കയറി. എന്റെ ആത്മകഥ നിങ്ങളുമായ് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നുള്ളിടത്തായിരിക്കും നിങ്ങളുടെ താല്പര്യം അല്ലേ? അതുകൊണ്ട് ആ ഒരു ലൈനില്‍ നീങ്ങാം. നിങ്ങള്‍ ദൈവത്തിന്റെ കൃതികളെന്ന് (വികൃതികളല്ല) മുദ്രകുത്തി വീട്ടിലും അമ്പലങ്ങളിലും, പള്ളിയിലും, മസ്ജിദുകളിലുമൊക്കെ വച്ചു വായിക്കുന്ന രാമായണം, ഭഗവദ്ഗീത, ബൈബിള്‍, ഖുറാന്‍ മുതലായവയൊക്കെ ആരെങ്കിലും ശ്രദ്ധിച്ചു വായിച്ചീട്ടുണ്ടോ? എവടെ നേരം അല്ലേ? സാ‍രമില്ല, ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ലതുമാത്രം ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് മേല്‍പ്പറഞ്ഞ എല്ലാ പുസ്തകങ്ങളുടേയും ഉള്ളടക്കം. ഭര്‍ത്താവിന്റെ കൂടെ നടക്കുന്ന ഭാര്യയെ മാത്രം ശ്രദ്ധിച്ച് പിന്നാലെ പോകുന്ന അവിവാഹിതരായ മലയാളി സുഹൃത്തുക്കളേ, ഞാന്‍ സത്യം സത്യമായ് പറയുന്നു, അന്യന്റെ ഭാര്യയെ മനസ്സില്‍ സങ്കല്പ്പിക്കുന്നതുപോലും കൊടും പാപമാണ്. അല്ലെങ്കിലും എല്ലാം എന്റെ തെറ്റ്. ആദം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ പ്രശനങ്ങളേ ഉണ്ടാകുമായിരുന്നില്ലെ. ഞാന്‍ എഴുതി വന്നതും അതായിരുന്നു.


പാവം ആദാമിന്റെ വാരിയെല്ലൂരി അവ്വയെ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു മഞ്ഞുറയുന്ന ഞായറാഴ്ചയിലെ ആ പ്രഭാതത്തില്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. വൈകുന്നേരമായപ്പോഴേക്കും, ഓര്‍ത്തോപീഡിക് സര്‍ജ്ജറിയും, പ്ലാസ്റ്റിക്ക് സര്‍ജ്ജറിയും ഞാന്‍ വിജയകരമായ് നടത്തി. ഏതാണ്ട് അര്‍ദ്ധരാത്രിയോടടുപ്പിച്ച് ഓക്സിജനും നല്‍കി അവ്വയെ ജീവിപ്പിച്ചെടുത്തു നോക്കുമ്പോള്‍ നല്ല ഒത്തൊരു പാലാക്കാരി പെണ്ണ്. ആദം ഉടനെ എവിടെ നിന്നോ ഓടി വന്ന് അവളെ ചുറ്റിപ്പറ്റിയായ് നടത്തം. എനിക്ക് ദേഷ്യം അരിച്ചരിച്ചു വന്ന ദിവസവും അതായിരിക്കണം. അവ്വ നാണം കുണുങ്ങി എന്നെയൊന്നു നോക്കി. പിന്നെ ആദാമിനെ നോക്കാതെ ആപ്പിളും നോക്കി മലര്‍ന്നടിച്ചുകിടന്നു. ഞാന്‍ ഉടനെ ആദമിനോട് ഏദന്‍ തോട്ടത്തില്‍ നിന്നും കിലോമീറ്റേഴ്സ് ഏന്റ് കിലോമീറ്റേഴ്സ് എവേയുള്ള പ്രാന്തന്‍ തോട്ടത്തില്‍ നിന്നും കാശ്മീര്‍ ആപ്പിള്‍ പറിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അന്നു ഞാന്‍ ഉപയോഗിച്ച സൂത്രം കണ്ടീട്ടാവണം മലയാള സിനിമയിലും, ഹിന്ദി സിനിമയിലും പല സംവിധായകരും നായികയെ തനിച്ചാക്കാന്‍ വേണ്ടി നായകനെ ദൂരെ എവിടേക്കെങ്കിലും പറഞ്ഞയക്കുന്ന രീതി ചിത്രീകരിക്കാന്‍ തുടങ്ങിയത്.


ഇപ്പോള്‍ അവ്വ എന്റെ പുറകില്‍ വന്ന് എന്നോടൊട്ടി നില്‍ക്കുകയാണ്. എന്റെ മുന്നോട്ടുള്ള എഴുത്തിന് അവള്‍ തടസ്സം നില്‍ക്കുന്നത് ഞാനറിയുന്നു. ഞാനവളെ നോക്കി. അവള്‍ ഇതാ നഖം കടിക്കുകയും, കാല്‍ നഖം കൊണ്ട് നിലത്ത് കളം വരക്കുകയും ചെയ്യുന്നു. നിങ്ങളാണെങ്കില്‍ എന്തു ചെയ്യുമെന്നെനിക്കറിയാം, പക്ഷെ ഞാന്‍ ദൈവമാണ്. ഞാനേതു ദൈവത്തെ വിളിച്ചാ‍ണ് എന്റെ മനോനില വീണ്ടെടുക്കേണ്ടത്.... മാത്രവുമല്ല, ആദം ഇപ്പോള്‍ ആപ്പിളുമായ് എത്തിക്കാണും. അവ്വ ഉണ്ടായതില്‍ പിന്നെ അവന്‍ വളരെ കൃത്യനിഷ്ടയുള്ളവനാണ്. എവിടെ പോയാലും പെട്ടെന്ന് തിരിച്ചെത്തുന്നു. ഞാന്‍ അവ്വയോടു ചോദിച്ചു. ആദം വന്നു കാണില്ലേ? അതിനവള്‍ പുഞ്ചിരിയോടെ ഉത്തരം നല്‍കി. പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിടത്ത് ഫാഷ്യല്‍ ചെയ്താലേ കൂടുതല്‍ ഭംഗിയുണ്ടാവു എന്നു ഞാന്‍ മനസ്സിലാക്കി. ഉടനെ ഞാനവനെ ചന്ദനവും, മഞ്ഞളും കൊണ്ടുവരാന്‍ ഈ റോഡിനടുത്തുള്ള കാട്ടിലേക്ക് പറഞ്ഞയച്ചു.ഞാന്‍ വിചാരിച്ചതിനേക്കാള്‍ കേമിയാണല്ലൊ നീ... പാവം ആദം. അവനെ വീരപ്പന്റെ ആളുകള്‍ പിടിച്ചുവെക്കുമോ എന്തോ? അവ്വ ഇപ്പോള്‍ എന്റെ കഴുത്തില്‍ ഞാന്നു കിടന്നുകൊണ്ടു ചോദിച്ചു, എങ്ങനെയുണ്ടെന്റെ തന്ത്രം? ഞാന്‍ എന്റെ ദിവ്യ ദൃഷ്ടിയില്‍ കണ്ടു അവന്‍ നേരെ കാട്ടില്‍ പോയി ഏതെങ്കിലും അമ്പലത്തില്‍ തന്ത്രിയോ, പള്ളിയിലെ വികാരിയോ, മസ്ജിദിലെ മുക്രിയോ ആവും തീര്‍ച്ച. എന്റെ കണ്ണു വെട്ടിച്ച് ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. അവ്വ എന്റെ കഴുത്തില്‍ പിടി മുറുക്കിയ സാഹചര്യത്തില്‍ എനിക്കിനി മുന്നോട്ടെഴുതാന്‍ വയ്യ. പിന്നീടെപ്പോഴെങ്കിലുമാവാം. നിര്‍ത്തട്ടെ........
- 0 -

3 comments:

Anonymous said...

എന്റെ സമയം വെറുതെ പോയി. എനിക്കൊന്നും മനസ്സിലായില്ല.. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ കമന്റുമല്ലൊ..

Unknown said...

ഭര്‍ത്താവിന്റെ കൂടെ നടക്കുന്ന ഭാര്യയെ മാത്രം ശ്രദ്ധിച്ച് പിന്നാലെ പോകുന്ന അവിവാഹിതരായ മലയാളി സുഹൃത്തുക്കളേ

ചെറ്റത്തരം പറഞ്ഞാല്‍ ദൈവമാണെന്നൊന്നും നോക്കില്ല. ചെള്ള വീങ്ങുമേ.... :-)

(ഓടോ: പെരിങ്സ് ഇത് കേള്‍ക്കുന്നില്ലേ?) :)

പൊന്നപ്പന്‍ - the Alien said...

ഇച്ചിരി കൂടി.. ഇച്ചിരി കൂടി വരട്ടേ.. എഴുതി കൈ തളര്‍ന്നപ്പോ അവ്വയെ രംഗത്തിറക്കിയതാണെന്നു മനസ്സിലായി. അതേ ആ കളി മനസ്സിലു വച്ചാല്‍ മതി.. രസച്ചരടു കൂട്ടിക്കെട്ടി ബാക്കി കൂടി പറഞ്ഞേ മാഷേ.. ഞാനിനിയും ഈ വഴി വരും ..
പിന്നെ ദില്ബാസുരോ, അല്ലേലും നിങ്ങള്‍ അസുരന്മാര്‍ക്കു ദൈവത്തിനെ കണ്ടു കൂടാ എന്നെനിക്കറിയാം. എന്നാലും ആ പാവത്തിനേയും അതിലും പാവങ്ങളായ ഈ ഞങ്ങളേയും ഇങ്ങനെ ചിരിപ്പിച്ചു കൊല്ലണോ..?