Wednesday, July 12, 2006

ബ്ലോഗിനെക്കുറിച്ച് ചില ചിന്തകള്‍ - ചര്‍ച്ച

ഞാന്‍ കൊച്ചിയിലെ ബൂലോഗ സംഗമത്തില്‍ പരാമര്‍ശിച്ച ഒരു കാര്യം എല്ലാ ബ്ലോഗര്‍മാരുടേയും അഭിപ്രായത്തിനായ് താഴെ കൊടുക്കുന്നു.

ഇഷ്ടമ്പോലെ ബ്ലോഗുകള്‍ ഉള്ളതുകൊണ്ടും, എല്ലാ ബ്ലോഗുകളും ഒരാള്‍ സന്ദര്‍ശിക്കാ‍ന്‍ സാദ്ധ്യത കുറവായതുകൊണ്ടും, ചില നിര്‍ദ്ദേശങ്ങള്‍:

1. ബ്ലോഗുകള്‍ പെരുകുന്നതോടൊപ്പം രചനകളും (അത് കഥയോ, കവിതയോ, ലേഖനമോ, വെറുതെയുള്ള ഒരു പരാമര്‍ശമോ
എന്തുമായി കൊള്ളട്ടെ) പെരുകുന്നു. അതു അതിന്റെ വഴിക്ക് തുടരട്ടെ.

2. ഇതിലെ അംഗം എന്ന നിലക്ക് നമുക്കോരോരുത്തര്‍ക്കും, എല്ലാ ബ്ലോഗുകളിലേയും നല്ലതെന്നു തോന്നുന്ന (ആരു നിശ്ചയിക്കും നല്ലതെന്ന ചോദ്യം നമുക്ക് ഇതിന്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനു വിട്ടുകൊടുക്കാം) രചനകള്‍ ആഴ്ചയിലോ, മാസത്തിലോ ഒരു പ്രതേക ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

3. ബ്ലോഗിന് ഇന്ന് നിലനില്‍ക്കുന്ന മറ്റു ആനുകാലികങ്ങളേക്കാള്‍ പ്രസക്തിയുള്ളത് പ്രധാനമായും
- ബ്ലോഗില്‍ ആര് എഴുതുന്നു എന്നുള്ളതല്ല എന്ത് എഴുതുന്നു എന്നുള്ളതാണ്. എന്നാല്‍ ആനുകാലികങ്ങളില്‍
പ്രശസ്തരായവരുടെ രചനകള്‍ (അതെന്തു ചവറായാലും) പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നില്‍ സാമ്പത്തിക ലാഭേഛയുള്ള പത്രമുടമയുടെ മനസ്സാണ്.

4. ഇവിടെ എഴുതുന്നത് വിവിധ രാജ്യങ്ങളില്‍ ജോലി നോക്കുന്നവരായതുകൊണ്ട് അവരുടെ അനുഭവങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. അതെല്ലാം അവരുടെ രചനകളില്‍ തെളിയും.

5. ഇപ്പോള്‍ ബ്ലോഗ് വായിക്കുന്നത് കമ്പ്യൂട്ടറും, ഇന്റര്‍നെറ്റ് സൌകര്യം ഉള്ളവരും അതില്‍ തന്നെ ഇത്തരം പരീക്ഷണങ്ങളില്‍ താത്പര്യം ഉള്ളവരും ആണ്.

6. ഞാന്‍ മേല്‍പ്പറഞ്ഞതുപോലെ എല്ലാ നല്ല രചനകളുടേയും ഒരു പ്രതേക ബ്ലോഗ് ഉണ്ടെങ്കില്‍ അതിന്റെ പ്രശസ്തി നമ്മുടെ ആനുകാലികങ്ങളെ നടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം ഒരവസരം വരികയാണെങ്കില്‍ ഈ ബ്ലോഗ് സാധാരണ ജനതയുടെ കൈകളിലേക്ക് എത്തിക്കുന്നതിനായ് റീ-പബ്ലിഷിംഗ് നടത്തേണ്ട ഒരവസ്ഥയും വന്നുകൂടായ്കയില്ല. ഇങ്ങനെ ബ്ലോഗിനെ മുന്നോട്ടു കൊണ്ടു പോകാത്തിടത്തോളം പലരും വരികയും, പോകുകയും ചെയ്യും, ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും പതിവു ചാറ്റുകളില്‍ ഏര്‍പ്പെട്ട് അതില്‍ തന്നെ ഒതുങ്ങി നിന്നെന്നും വരാം. അപ്പോള്‍ മറ്റു ചാറ്റ് റൂമുകളില്‍ നിന്നും ബ്ലോഗിന്റെ ധര്‍മ്മം വ്യത്യസ്തമാകാതെ പോകുകയും ചെയ്യും.

ഇത്രയും പറഞ്ഞത് ബ്ലോഗിന്റെ ഭാവി ഇങ്ങനെയൊക്കെ ആയാല്‍ കൊള്ളാമെന്ന എന്റെ ഒരു സ്വപ്നം അറിയിക്കാന്‍ മാത്രമാണ്. ഇതൊരു പൊതു ചര്‍ച്ചയ്ക്കും, അതുവഴി ബ്ലോഗിന്റെ അമരത്തിരിക്കുന്നവരുടെ തീരുമാനത്തിനും വിട്ടുകൊടുത്തുകൊണ്ട്,
സസ്നേഹം.

5 comments:

അരവിന്ദ് :: aravind said...

നല്ല ആശയമാണ്.
ഒരു ബ്ലോഗ് മാസിക(ഓണ്‍ലൈന്‍) തുടങ്ങിയാല്‍ നന്നായിരിക്കും!

Murali K Menon said...

ആദ്യത്തെ അഭിപ്രായത്തിനു നന്ദി അരവിന്ദ്. പല ബ്ലോഗുകളില്‍ നിന്നും രചനകള്‍ സെലക്റ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍, സ്വാഭാവികമായും, കോമണ്‍ ബ്ലോഗിലേക്ക് സെലക്റ്റ് ചെയ്യപ്പെടണമെങ്കില്‍ ഓരോ സൃഷ്ടിക്കും മിനിമം സ്റ്റാന്‍‌ഡേര്‍ഡ് കൂട്ടേണ്ടി വരുമെന്ന ബോധം പല നല്ല സൃഷ്ടികള്‍ക്കും വഴിയൊരുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യാശയോടെ അത്തരം ഒരു സംരംഭത്തിനായ് കാത്തിരിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു ബ്ലോഗ്‌ മാസികയ്ക്കൊപ്പം ഒരു pdf version തുടങ്ങുന്നതും നല്ലതായിരിക്കും. pdf ആകുമ്പോള്‍ നമുക്ക്‌ Email വഴി അയക്കന്‍ കഴിയും . കണക്റ്റിവിറ്റി പ്രശ്നമുള്ളവര്‍ക്ക്‌ ഇത്‌ ഒരു സഹായം ആകും .

Unknown said...

വളരെ നല്ല അഭിപ്രായം. നടക്കും എന്നു പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു.

ശ്രീ said...

മുരളിയേട്ടാ...
നല്ല ആശയം. 100% അംഗീകരിക്കുന്നു. കിരണ്‍‌ തോമസ് പറഞ്ഞതിലും കാര്യമുണ്ട്.
:)