Sunday, July 09, 2006

വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാതെ പറ്റിയ ഒരു കൈപ്പിഴ


നിയമത്തിന്റെ മുമ്പില്‍ കൊലപാതക കുറ്റം തെളിയിക്കാന്‍ കൊല്ലപ്പെട്ടവന്റെ ആരും തന്നെ മുന്നോട്ടു വരാതിരുന്നതുകൊണ്ടും,സ്വമേധയാ ഇതൊരു സെന്‍സിറ്റീവ് കേസ് ആക്കി മാറ്റാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതിനാലും ഞാന്‍ സമൂഹത്തില്‍ മാന്യതയോടെ ജീവിക്കാന്‍ അര്‍ഹത നേടി പക്ഷെ എന്റെ മനസ്സാക്ഷിക്കൂട്ടില്‍ ഞാന്‍ ഒരായിരം വട്ടം തൂക്കിലേറിക്കഴിഞ്ഞിരിക്കുന്നു. ആരോടെങ്കിലും ഇതൊക്കെ തുറന്നു പറഞ്ഞുകഴിയുമ്പോള്‍ ഒരു പക്ഷെ എന്റെ മനസ്സ് അല്പം ശാന്തമായേക്കാം എന്ന വിശ്വാസത്തിലാണ് ഞാനിപ്പോള്‍ എല്ലാം നിങ്ങളോട് തുറന്നു പറയുന്നത്.

1991ലെ ഒരു ഞായറാഴ്ച രാത്രി.മുംബൈ സബര്‍ബനിലെ കാന്തിവലിയിലെ സെക്ടര്‍ 3 ലേക്ക് ഞാനും ഭാര്യയും ബസ്സിറങ്ങി നടന്നു വരികയായിരുന്നു. അന്നു രാത്രിയില്‍ പല സ്ഥലത്തും ഹിന്ദു മുസ്ലീം ലഹള പൊട്ടിപ്പുറപ്പെട്ടിരുന്ന വാര്‍ത്ത ഞങ്ങളറിഞ്ഞിരുന്നില്ല. അകലെ ഉയരുന്ന തീയും, പുകയും കണ്ട് ഭാര്യ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. കാര്യമെന്താണെന്നറിയാത്ത ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ആരെങ്കിലും മൈതാനത്ത് തിയ്യിട്ടിരിക്കുന്നതായിരിക്കും എന്നു പറഞ്ഞു. പതിവില്ലാത്തവിധം റോഡ് വിജനമായിരുന്നു. ഞങ്ങളുടെ സെക്റ്ററിനടുത്തെത്തിയപ്പോള്‍ മനസ്സിലായി തൊട്ടടുത്തുള്ള വീടുകളാണ് നിന്ന് കത്തുന്നത് എന്ന്. ജനല്‍ പാതി തുറന്ന് റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെ ചിലര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ഭാര്യ എന്റെ കയ്യിലെ പിടുത്തം ദൃഢമാക്കി അവളുടെ പേടി അറിയിച്ചു. ഞാന്‍ ധൈര്യമുള്ളവനാണെന്നു കാണിക്കാനായ് നെഞ്ചു വിരിച്ച് അവളുടെ കയ്യും പിടിച്ചു വേഗം മുറിയിലേക്ക് നടന്നു.എന്തോ അപകടം വരാന്‍ പോകുന്നെന്ന് ഉള്ളിലിരുന്നാ‍രോ പറയുന്നതുപോലെ. മുറിയുടെ വാതില്‍ക്കല്‍ ചെന്ന് റൂം തുറക്കാന്‍ ശ്രമിക്കുന്നതിനുമ്പേ അകത്ത് ആള്‍ പെരുമാറ്റം കേട്ടു. അയ്യോ എന്ന് അമര്‍ത്തിയ നിലവിളിയോടെ അവള്‍ എന്നെ പുറകോട്ടു പിടിച്ചു വലിച്ചു. നൈറ്റ് ലാച് ഉള്ള വാതിലായതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ അറിയാതെ അടഞ്ഞുപോകാന്‍ സാധ്ദ്യതയുള്ളതുകൊണ്ട് ഒരു താക്കോല്‍ എപ്പോഴും തൊട്ടടുത്തുള്ള മുറിയില്‍ ഏല്പീക്കുമായിരുന്നു. അവര്‍ എന്തെങ്കിലും ആവശ്യത്തിനു വന്നതാവുമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ അവിടെ സ്ഥലത്തില്ലെന്ന് പറഞ്ഞ് എന്നെ പുറകോട്ടു വലിക്കാനും, കരയാനും തുടങ്ങി. മുറി തുറക്കാതെ ഞാന്‍ അവളെയും കൂട്ടി രണ്ടു വീടപ്പുറമുള്ള ഉത്തര്‍പ്രദേശുകാരി ഒരു ടീച്ചറുടെ വീട്ടിലേക്കുപോയി.

സമാധാനമായിരിക്കാന്‍ ഉപദേശിച്ച് അവളെ അവിടെയാക്കി, കുറച്ചകലെ താമസിക്കുന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കളേയും കൂട്ടി രണ്ടും കല്പിച്ച് മുറിയിലേക്കു തിരിച്ചു വന്നു. വരുന്ന വഴിക്ക് കണ്‍സ്ട്രക്ഷന്‍ നടക്കുന്ന സ്ഥലത്തു നിന്ന് ഒരു നല്ല കമ്പിയെടുത്ത് കയ്യില്‍ വെക്കാന്‍ ഞാന്‍ മറന്നില്ല.കൂടെ വന്നവരിലൊരാള്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു.നമുക്ക് പോലീസില്‍ അറിയിച്ചാലോ എന്നവന്‍ ചോദിച്ചിരുന്നു. പക്ഷെ കണ്ണൂര്‍ക്കാരനായ രണ്ടാമന്‍ അതിനെ ശക്തിയായ് എതിര്‍ത്തു. അവന്‍ പറഞ്ഞു, ഇത് സന്ദര്‍ഭം മുതലെടുത്ത് ആരോ കക്കാന്‍ കയറിയതാണ്‍്. അതിനുള്ള മരുന്നു നമുക്ക് കൊടുക്കാം. ഞാന്‍ വാതില്‍ പിടിയില്‍ കയ്യമര്‍ത്തി വാതില്‍ മെല്ലെ ശബ്ദമുണ്ടാക്കാതെ തുറന്നു.എന്റെ നെഞ്ചിടിപ്പിനേക്കാള്‍ ഉച്ചത്തിലായിരുന്നു ഒന്നാമന്റെ നെഞ്ചിടിപ്പ്. അതുകൊണ്ട് തന്നെ അവനെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാനും കണ്ണൂര്‍ക്കാരന്‍ സുഹൃത്തും കൂടി അകത്തേക്ക് മാര്‍ജ്ജാര പദങ്ങളോടെ നീങ്ങി. എന്തൊക്കെയോ പരിശോധന അകത്തു തകൃതിയായി നടക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി. ചേട്ടന്‍ അകത്തു ചെല്ലുമ്പോള്‍ അവന്‍ പുറത്തേക്കോടും, പിന്നത്തെ കാര്യം ഞാനേറ്റു. കണ്ണൂര്‍ക്കാരന്‍ എന്റെ ചെവിയില്‍ പറഞ്ഞു. അകത്തെ മുറിയുടെ വാതില്‍ക്കല്‍ അവന്‍ നിന്നു. വിപദിധൈര്യം എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. അകത്തേക്കു തിരിഞ്ഞതും ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ശക്തിയോടെ കമ്പി പാര കയറ്റി. പൊടുന്നനെ ഒരു അലര്‍ച്ച, പിന്നെ ഒന്നു ഞരങ്ങി. മലര്‍ന്നടിച്ചു വീണ് നിശ്ചലമായ ഉടല്‍. ചുമരിലേക്ക് തെറിച്ച അല്പം ചോര. പിന്നത്തെ നിലവിളി എന്റേതായിരുന്നു.

രണ്ടു പേരും അകത്തേക്ക് ഓടിവന്ന് കാഴ്ച കണ്ട് നടുങ്ങി. അപ്പോഴേക്കും എന്റെ ധൈര്യവും, ശക്തിയും ചോര്‍ന്നുപോയിരുന്നു. തളര്‍ന്ന ഞാന്‍ വീഴാന്‍ പോകുന്നതുകണ്ട് അവര്‍ എന്നെ താങ്ങി. ഉപബോധമനസ്സില്‍ കോമരത്തിന്റെ ചിലമ്പിന്റെ കലമ്പലും, വാളില്‍ പുരണ്ട രക്തവും, തലയില്‍ നിന്ന് നെറ്റിയിലൂടെ വായിലേക്ക് ഒലിച്ചിറങ്ങിയ രക്തത്തിന്റെ ഇരുമ്പു ചുവയും അറിഞ്ഞ ഞാന്‍ ഞെട്ടി കണ്ണുതുറന്നു നോക്കി. കൂട്ടുകാര്‍ രണ്ടുപേരും ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി. ഇനി എവിടെയെങ്കിലും എലിയെ കൊല്ലണമെങ്കില്‍ വിളിക്കാന്‍ മറക്കില്ലെന്നു വാക്കു തന്ന് അവര്‍ പുറത്തേക്കു പോയി. രാത്രി ഉറക്കത്തിലും ഭാര്യ കുറെ നാള്‍ ചിരിച്ചുവെന്നാണെന്റെ ഓര്‍മ്മ. പക്ഷെ മമ്മി സിനിമയും കൂടി കണ്ടു കഴിഞ്ഞപ്പോള്‍, എലികള്‍ കൂട്ടത്തോടെ എന്നെ ആക്രമിക്കുന്നതും, ഞാനൊരു സ്കെലിട്ടന്‍ മാത്രമായ് മാറിയതും സ്വപ്നം കണ്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടത് ഞാനാരോടു പറയും?

9 comments:

myexperimentsandme said...

ഹെന്റെ ഈശ്വരാ...

പാവയ്ക്കാ മെഴുകുപുരട്ടി ഉണ്ടാക്കുന്നതിന്റെ ഇടയ്ക്ക് ലെവനെ തീ കുറച്ച് ഫ്രൈ ചെയ്യാന്‍ വെച്ചിട്ട് ഒരു ബ്രേക്കെടുത്ത് വന്നതാ, ബ്ലോഗ് വായിക്കാന്‍. ഉദ്വേഗത്തിന്റെ മുള്‍‌മുന, മുള്‍മുന എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. ആ മുള്‍മുനയില്‍ തൊട്ടു, തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്ന ലംബോ സ്റ്റൈലില്‍ സ്പര്‍ശനസുഖം മാത്രം കൊടുത്ത്(അമര്‍ന്നിരിക്കാന്‍ പറ്റില്ലല്ലൊ) വായിച്ചു വായിച്ചു വരികയായിരുന്നു..

..ഓരോ വരികള്‍ വായിക്കുമ്പോഴും ടെന്‍ഷന്‍..ടെന്‍ഷന്‍...

നെല്ലുകുത്തുന്ന ഒച്ചപോലെ നെഞ്ചിടിക്കുന്നു...

.......

ഹോ... ..

(ഈ കമന്റടി എങ്ങിനെയാണ് നിര്‍ത്തേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. ഇഷ്ടപ്പെട്ടു..)

രാജീവ് സാക്ഷി | Rajeev Sakshi said...

എനിക്കും ഇഷ്ടപ്പെട്ടു.

പാരഗ്രാഫുകള്‍ ഒന്നു ശരിയാക്കിയാല്‍ ഉദ്വേഗത്തിന്റെ മുള്‍‌മുന ഒന്നുകൂടി കൂര്‍ത്തേനെ.

കുറുമാന്‍ said...

മുരളിയേട്ടാ....അപ്പോള്‍ ഒരു കൊലപാതകിയാണല്ലെ:)....

ഇഷ്ടമായി കഥ

Visala Manaskan said...

മന്‍ഷ്യനെ റ്റെന്‍ഷനടിപ്പിച്ചൂലോ എന്റെ എമ്മെമ്മേ..!!
അടിപൊളീ.

Anonymous said...

Fantastic presentation!

ബിന്ദു said...

പറ്റിച്ചല്ലോ മാഷേ.. !!! 91 ഇല്‍ അവിടെ ഉണ്ടായിരുന്ന ആളെക്കൂടി ദാ എന്തോ ഭയങ്കരമായ സംഭവം എന്നു പറഞ്ഞു വായിച്ചു കേള്‍പ്പിച്ചു വന്നപ്പോഴല്ലേ... :)

Manjithkaini said...

ഈ മുള്‍മുന മുള്‍മുന എന്നൊക്കെപ്പറഞ്ഞാലും ഇതുപോലെ മനുഷ്യനെ വടിയാക്കുന്നൊരു മുനയുണ്ടോ...

തകര്‍ത്തു ചേട്ടാ തകര്‍ത്തു.

myexperimentsandme said...

മുരളിച്ചേട്ടന്‍ പാരഗ്രാഫാസൂത്രണത്തിന്റെ വക്താവാണല്ലേ..

നാം രണ്ട്-നമുക്ക് രണ്ട്.. എല്ലാം രണ്ടുവരി പാരഗ്രാഫുകള്‍ :)

(ചുമ്മാതാണേ..)

Murali K Menon said...

പാരഗ്രാഫ് മന:പൂര്‍വ്വം തിരിച്ചതല്ല. നോട്ട്‌പാഡില്‍ കീ മാപ് ഉപയോഗിച്ചടിച്ച് കട്ടും പേസ്റ്റും ചെയ്തപ്പോള്‍ സംഭവിച്ചു പോയ കൈപ്പിഴ എന്നൊക്കെ പറയാം.... എന്റെ നോട്ട്‌പാഡില്‍ ഒരേ ഒരു പാരഗ്രാഫ് ആയാണു കിടക്കുന്നത്. പലതും പഠിച്ചു വരുന്നതേയുള്ളു. നിങ്ങളുടെ ഇടയില്‍ നിന്നു പിഴയ്ക്കണ്ടേ.... കമന്റുകള്‍ സന്തോഷം തരുന്നു....