സമയം സന്ധ്യയായി. ഉച്ചതൊട്ട് ലാപ്ടോപ്പിനു മുന്നിലിരുന്ന് നടുവേദനിക്കാ൯
തുടങ്ങിയപ്പോൾ മുറ്റത്ത് ഒന്നുരണ്ടു ചാൽ നടക്കാമെന്ന് കരുതി. അങ്ങനെ
നടത്തം തുടങ്ങി ഒരഞ്ചു മിനിട്ട് കഴിഞ്ഞുകാണും, ഞാ൯ ഗെയ്റ്റിന്
സമീപത്തു നിന്നും വീടിനു നേരെ നടക്കുമ്പോൾ റോഡരികിൽ നിന്നും
ഒരന്വേഷണം. ‘ഇതെന്തൂട്ടാണ്ടാ മുരള്യേ ഈവനിംഗ് വാക്കണ്, ഈ ഠാ വട്ടത്തില്‍ കെടന്ന്
കറങ്ങാണ്ട് നെനക്കാ റോട്ടിലെറങ്ങി മൂന്നാല് കിലോമീറ്ററ് കൈവീശി നടന്നൂടേ… ഞാ൯
തിരിഞ്ഞുനോക്കി, മൂന്നാല് വീട് അപ്പുറത്തുള്ള കുമാരേട്ടനാണ്. നല്ല വെള്ളത്തിലാണെന്ന്
ഗെയ്റ്റിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള നില്പും, മുഖഭാവവും വ്യക്തമാക്കി. ഞാ൯
കുമാരേട്ടന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു, ‘ഏയ്, ഈവനിംഗ് വാക്കൊന്ന്വല്ലാ,
ഇരുന്ന് നടുവേദനിച്ചപ്പോ ഒന്ന് നടന്നൂന്നേ ഉള്ളു.’ അപ്പോൾ ഗെയ്റ്റിൽ നിന്നും
പിടിവിട്ട് അകത്തേക്ക് കടന്ന് ഗെയ്റ്റിൽ ചാരിനിന്നുകൊണ്ടായി സംസാരം.
‘ഞാ൯ കൊറേ നാളായ് ചോയ്ക്കണം, ചോയ്ക്കണംന്ന് കരുതി ഇരിക്ക്യാര്‍ന്നു.
നിനക്കെന്തൂട്ടാ ഇപ്പ പണി, നിന്നെ എപ്പൊ നോക്ക്യാലും ഇബടെ കാണാലാ’
‘എപ്പൊ നോക്ക്യാലും എന്നെ കാണാ൯ കുമാരേട്ടനെന്താ എന്റെ
സെക്യൂരിറ്റി ഗാ൪ഡാണോ?’ എന്ന് ചോദിക്കാനാണ് തോന്നിയത്.. പക്ഷെ ഞാ൯ പറഞ്ഞത്,
‘ ഇപ്പൊ സ്വന്തായിട്ട്ള്ള ചെലേ ഏ൪പ്പാടുകളായിട്ട് നടക്ക്വാ’
എന്തോ ആലോചനയിലാണ്ടെന്ന പോലെ ഒരല്പനേരം ഗെയ്റ്റിൽ ചാരാതെ
നേരെ നില്ക്കാ൯ ശ്രമിച്ചെങ്കിലും വിജയം കാണാതെ കുമാരേട്ട൯ ഗെയ്റ്റിലേക്ക്
തന്നെ ചാഞ്ഞു. പെട്ടെന്ന് ഓ൪ത്തെടുത്തതു പോലെ പറഞ്ഞു,
‘ഹയ് നീ എന്തൂട്ടാങ്ങാണ്ട് എഴുത്വാന്ന് കേട്ടു. സിൽമയ്ക്കാ,
സീരിയലിനങ്ങാണ്ട്. ഹയ് നീയെഴുതാ൯ തൊടങ്ങ്യ
കൊല്ലം വെച്ച് നോക്കുമ്പോ ഒരഞ്ചെട്ട് സിനിമെങ്കിലും വന്ന് പോണ്ട സമയായിട്ട്ണ്ട്. അപ്പൊ പണി ഇട്ക്കാണ്ടിരിക്കാ൯ നെനക്ക്
സിനിമാന്നൊരു മറ, പഠിപ്പും, പാപ്പാസുംണ്ടായിട്ടെന്തൂട്ടാ കാര്യം… പണി ഇട്ക്കാ൯ മട്യാ…
അതന്നെ…ഒന്നൂല്യങ്ങെ ആ താടീം, മുടീം വെട്ടിച്ച് ഇന്റെ പോലെ മെനേല് നടന്നൂടേ..
ഹയ്!‘
പെട്ടെന്ന് ഒരാട്ടുവെച്ചു കൊടുക്കാനാണ് തോന്നിയത്.. പക്ഷെ വെള്ളമടിച്ച്
കിറുങ്ങിയിരിക്കുന്നവന്റെ വായിൽ നിന്ന് എന്താണ് മറുപടി
വര്വാന്ന് ഒരേകദേശ രൂപമുള്ളതുകൊണ്ട് ആരോടെന്നില്ലാതെ കുറച്ചുറക്കെ ഞാ൯ പറഞ്ഞു,
‘ന ച മാം താനി ക൪മ്മാണി
നിബന്ധന്തി കുമാരാ
ഉദാസീനവദാസീന-
മസക്തം തേഷു ക൪മ്മസു’
[എന്റെ മനസ്സിലെ അ൪ത്ഥം: “ഞാ൯ എനിക്കിഷ്ടമുള്ളതു ചെയ്യും, ഉപദേശിക്കാണ്ട്
നീ വീട്ടില്‍ പോയി നിന്റെ ഭാര്യേം പിള്ളേരേം നോക്കട കള്ളുകുടിയ൯ കുമാരാ, ഫു!
“]
യഥാ൪ത്ഥ അ൪ത്ഥം: “ഹേ ധനജ്ഞയാ, (കുമാരനല്ല) ഞാ൯ ആ ക൪മ്മങ്ങളിൽ
ഉദാസീനമായ് സ്ഥിതി ചെയ്യുന്നവനും ആസക്തനുമാകയാൽ എന്നെ ക൪മ്മങ്ങൾ
ബന്ധിക്കുന്നില്ല“.
കുമാരേട്ട൯ ഒരല്പനേരം വായും പൊളിച്ചു
നിന്നു, ഞാ൯
സിറ്റൌട്ടിൽ പോയി ഒരു സുഖം കിട്ടാനായ് കാല് പുറകിലോട്ട് മടക്കി കൈ മുട്ടിനു മുകളിൽ വെച്ച്
കണ്ണടച്ചിരുന്നു [വജ്രാസനം എന്നും പറയാം]. ഞാ൯ പറഞ്ഞതും, എന്റെ
പ്രവൃത്തിയുമെല്ലാം നോക്കി നിന്ന് ഗെയ്റ്റിൽ പിടിച്ച്
കുമാരേട്ട൯ മുന്നോട്ടും പിന്നോട്ടും കുറച്ചുനേരം ആടി. പ്കിന്നെ കുമാരേട്ട൯ എന്നെ
ഭവ്യതയോടെ തൊഴുതു നിന്നുകൊണ്ട് പറഞ്ഞു, ‘ശ്ലോകം ചൊല്ലീപ്പൊ ഇനിക്കിത്തിരി സംശം
ഇണ്ടാ൪ന്നു. ഈ ഇരിപ്പ് കണ്ടപ്പോ ശരിക്കും ബോദ്ധ്യായി. ഈ കുമാര൯
അറിവില്ല്യാണ്ടെന്തെങ്കിലും പറഞ്ഞിട്ടിണ്ടെങ്കി ക്ഷമിക്കണം… ഞാ൯ പോയിട്ട്
കുളിച്ച് ഫ്രെഷായിട്ട് ഭാര്യേം മക്കളേം കൂട്ടി നാളെ വന്ന് കാണാം.
ഇനിയും അവിടെയിരുന്നാൽ
ശരിയാവില്ലെന്നറിയാവുന്നതുകൊണ്ട് ഞാ൯ എഴുന്നേറ്റ് അകത്തു പോയി കതകടച്ചു. അപ്പോൾ ഗെയ്റ്റ് വലിച്ചടച്ച് വേച്ച് വേച്ച് പോകുന്ന കുമാരേട്ട൯
ആരോടെന്നില്ലാതെ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു, ‘ഇമ്മടെ മുരളി ദിവ്യനായി
ട്ടാ, ഞാ൯ ആളറിയാണ്ട് എന്തൂട്ടൊക്ക്യോ പറഞ്ഞു.’
*[ഒരു ശരാശരി തൃശൂ൪ക്കാരന്റെ ചിന്തയിൽ അ൪ത്ഥം
‘അങ്ങനെ ഒരാൾ കൂടി കള്ളനായി’]
3 comments:
തൃശ്ശൂക്കാരനെ തൃശ്ശൂക്കാരനല്ലേ ശരിക്കറിയാന്‍ പറ്റൂ. :)
എന്താ കുമാരേട്ടന് പറഞ്ഞത് ശരിയല്ലേ....ടാ മാപ്രാണം മുരളിയേയ്!
Typist: ചിലപ്പോള്‍ ശരിയായിരിക്കും.. നന്ദി വായിക്കാനെത്തിയതിന്.
Shashiyettaa: അതൊക്കെ കാലം തെളിയിക്കട്ടെ, അതുവരെ കുമാരേട്ടനും ക്ഷമിച്ചേപറ്റൂ... thanks ശശിയേട്ടാ...[ഒരു കുമാരേട്ടന് ശശിയേട്ടന്റെ ഉള്ളിലിരുന്ന് ദേഷ്യത്തോടെ എന്നെ നോക്കുന്നത് ഞാന്‍ കാണാതില്ലാതില്ലാതില്ല]
Post a Comment