Thursday, May 31, 2012

അറിയാതെ പറ്റിയ കൈപ്പിഴ - കുമ്പസാരം

ഒരു ചെറിയ മുഖവുര
[കൊലപാതകങ്ങള്‍ തുറന്നു പറയുന്ന സീസണ്‍ ആയതുകൊണ്ടാണോ എന്നറിയില്ല, വര്‍ഷങ്ങളായ് ഞാന്‍ മനസ്സിലിട്ടു നീറ്റിയിരുന്ന ആ സത്യം നിങ്ങളോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മറ്റുള്ളവര്‍ ഒരു വീര കൃത്യം ചെയ്തു എന്ന നിലയില്‍ അഹങ്കാരത്തോടെ പറയുന്നതുപോലെയല്ല എന്റെ കാര്യം. ഒരുപാടു കുറ്റബോധത്തോടെ, മനസ്സിന്റെ വിങ്ങലോടെ ഒരു പശ്ചാത്താപമായാണ് ഞാനിത് ഏറ്റു പറയുന്നത്. തുറന്നു പറച്ചിലിന്റെ പേരില്‍ ഒരു പക്ഷെ കേസ് എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അവകാശമുണ്ടായേക്കാം. അവരത് നടപ്പാക്കിയാലും എനിക്കതില്‍ തീര്‍ത്തും വിഷമമില്ല, നിയമത്തിന്റെ മുമ്പില്‍ കൊലപാതക കുറ്റം തെളിയിക്കാന്‍ കൊല്ലപ്പെട്ടവന്റെ ആരും തന്നെ മുന്നോട്ടു വരാതിരുന്നതുകൊണ്ടും,സ്വമേധയാ ഇതൊരു സെന്‍സിറ്റീവ് കേസ് ആക്കി മാറ്റാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതിനാലും ഞാന്‍ സമൂഹത്തില്‍ മാന്യതയോടെ ജീവിക്കാന്‍ അര്‍ഹത നേടി പക്ഷെ എന്റെ മനസ്സാക്ഷിക്കൂട്ടില്‍ ഞാന്‍ ഒരായിരം വട്ടം തൂക്കിലേറിക്കഴിഞ്ഞിരിക്കുന്നു. ആരോടെങ്കിലും ഇതൊക്കെ തുറന്നു പറഞ്ഞുകഴിയുമ്പോള്‍ ഒരു പക്ഷെ എന്റെ മനസ്സ് അല്പം ശാന്തമായേക്കാം എന്ന വിശ്വാസത്തിലാണ് ഞാനിപ്പോള്‍ എല്ലാം നിങ്ങളോട് തുറന്നു പറയുന്നത്.ഇനി ഞാന്‍ ആ സംഭവം നിങ്ങളോട് പറയട്ടെ, എന്നീട്ട് നിങ്ങള്‍ തീരുമാനിക്കൂ എനിക്കെന്ത് ശിക്ഷ നല്‍കണമെന്ന്]

ആ സംഭവത്തിലേക്ക്

1991ലെ ഒരു ഞായറാഴ്ച രാത്രി.മുംബൈ സബര്‍ബനിലെ കാന്തിവലിയിലെ സെക്ടര്‍ 3 ലേക്ക് ഞാനും ഭാര്യയും ബസ്സിറങ്ങി നടന്നു വരികയായിരുന്നു. അന്നു രാത്രിയില്‍ പല സ്ഥലത്തും ഹിന്ദു മുസ്ലീം ലഹള പൊട്ടിപ്പുറപ്പെട്ടിരുന്ന വാര്‍ത്ത ഞങ്ങളറിഞ്ഞിരുന്നില്ല. അകലെ ഉയരുന്ന തീയും, പുകയും കണ്ട് ഭാര്യ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. കാര്യമെന്താണെന്നറിയാത്ത ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ആരെങ്കിലും മൈതാനത്ത് തിയ്യിട്ടിരിക്കുന്നതായിരിക്കും എന്നു പറഞ്ഞു. പതിവില്ലാത്തവിധം റോഡ് വിജനമായിരുന്നു. ഞങ്ങളുടെ സെക്റ്ററിനടുത്തെത്തിയപ്പോള്‍ മനസ്സിലായി തൊട്ടടുത്തുള്ള വീടുകളാണ് നിന്ന് കത്തുന്നത് എന്ന്. ജനല്‍ പാതി തുറന്ന് റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെ ചിലര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ഭാര്യ എന്റെ കയ്യിലെ പിടുത്തം ദൃഢമാക്കി അവളുടെ പേടി അറിയിച്ചു. ഞാന്‍ ധൈര്യമുള്ളവനാണെന്നു കാണിക്കാനായ് നെഞ്ചു വിരിച്ച് അവളുടെ കയ്യും പിടിച്ചു വേഗം മുറിയിലേക്ക് നടന്നു.എന്തോ അപകടം വരാന്‍ പോകുന്നെന്ന് ഉള്ളിലിരുന്നാ‍രോ പറയുന്നതുപോലെ. മുറിയുടെ വാതില്‍ക്കല്‍ ചെന്ന് റൂം തുറക്കാന്‍ ശ്രമിക്കുന്നതിനുമ്പേ അകത്ത് ആള്‍ പെരുമാറ്റം കേട്ടു. അയ്യോ എന്ന് അമര്‍ത്തിയ നിലവിളിയോടെ അവള്‍ എന്നെ പുറകോട്ടു പിടിച്ചു വലിച്ചു. നൈറ്റ് ലാച് ഉള്ള വാതിലായതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ അറിയാതെ അടഞ്ഞുപോകാന്‍ സാധ്ദ്യതയുള്ളതുകൊണ്ട് ഒരു താക്കോല്‍ എപ്പോഴും തൊട്ടടുത്തുള്ള മുറിയില്‍ ഏല്പീക്കുമായിരുന്നു. അവര്‍ എന്തെങ്കിലും ആവശ്യത്തിനു വന്നതാവുമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ അവിടെ സ്ഥലത്തില്ലെന്ന് പറഞ്ഞ് എന്നെ പുറകോട്ടു വലിക്കാനും, കരയാനും തുടങ്ങി. മുറി തുറക്കാതെ ഞാന്‍ അവളെയും കൂട്ടി രണ്ടു വീടപ്പുറമുള്ള ഉത്തര്‍പ്രദേശുകാരി ഒരു ടീച്ചറുടെ വീട്ടിലേക്കുപോയി.

സമാധാനമായിരിക്കാന്‍ ഉപദേശിച്ച് അവളെ അവിടെയാക്കി, കുറച്ചകലെ താമസിക്കുന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കളേയും കൂട്ടി രണ്ടും കല്പിച്ച് മുറിയിലേക്കു തിരിച്ചു വന്നു. വരുന്ന വഴിക്ക് കണ്‍സ്ട്രക്ഷന്‍ നടക്കുന്ന സ്ഥലത്തു നിന്ന് ഒരു നല്ല കമ്പിയെടുത്ത് കയ്യില്‍ വെക്കാന്‍ ഞാന്‍ മറന്നില്ല.കൂടെ വന്നവരിലൊരാള്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു.നമുക്ക് പോലീസില്‍ അറിയിച്ചാലോ എന്നവന്‍ ചോദിച്ചിരുന്നു. പക്ഷെ കണ്ണൂര്‍ക്കാരനായ രണ്ടാമന്‍ അതിനെ ശക്തിയായ് എതിര്‍ത്തു. അവന്‍ പറഞ്ഞു, ഇത് സന്ദര്‍ഭം മുതലെടുത്ത് ആരോ കക്കാന്‍ കയറിയതാണ്‍്. അതിനുള്ള മരുന്നു നമുക്ക് കൊടുക്കാം. ഞാന്‍ വാതില്‍ പിടിയില്‍ കയ്യമര്‍ത്തി വാതില്‍ മെല്ലെ ശബ്ദമുണ്ടാക്കാതെ തുറന്നു.എന്റെ നെഞ്ചിടിപ്പിനേക്കാള്‍ ഉച്ചത്തിലായിരുന്നു ഒന്നാമന്റെ നെഞ്ചിടിപ്പ്. അതുകൊണ്ട് തന്നെ അവനെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാനും കണ്ണൂര്‍ക്കാരന്‍ സുഹൃത്തും കൂടി അകത്തേക്ക് മാര്‍ജ്ജാര പദങ്ങളോടെ നീങ്ങി. എന്തൊക്കെയോ പരിശോധന അകത്തു തകൃതിയായി നടക്കുന്നുണ്ടെന്നെനിക്കു മനസ്സിലായി. ചേട്ടന്‍ അകത്തു ചെല്ലുമ്പോള്‍ അവന്‍ പുറത്തേക്കോടും, പിന്നത്തെ കാര്യം ഞാനേറ്റു. കണ്ണൂര്‍ക്കാരന്‍ എന്റെ ചെവിയില്‍ പറഞ്ഞു. അകത്തെ മുറിയുടെ വാതില്‍ക്കല്‍ അവന്‍ നിന്നു. വിപദിധൈര്യം എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. അകത്തേക്കു തിരിഞ്ഞതും ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ശക്തിയോടെ കമ്പി പാര കയറ്റി. പൊടുന്നനെ ഒരു അലര്‍ച്ച, പിന്നെ ഒന്നു ഞരങ്ങി. മലര്‍ന്നടിച്ചു വീണ് നിശ്ചലമായ ഉടല്‍. ചുമരിലേക്ക് തെറിച്ച അല്പം ചോര. പിന്നത്തെ നിലവിളി എന്റേതായിരുന്നു.

രണ്ടു പേരും അകത്തേക്ക് ഓടിവന്ന് കാഴ്ച കണ്ട് നടുങ്ങി. അപ്പോഴേക്കും എന്റെ ധൈര്യവും, ശക്തിയും ചോര്‍ന്നുപോയിരുന്നു. തളര്‍ന്ന ഞാന്‍ വീഴാന്‍ പോകുന്നതുകണ്ട് അവര്‍ എന്നെ താങ്ങി. ഉപബോധമനസ്സില്‍ കോമരത്തിന്റെ ചിലമ്പിന്റെ കലമ്പലും, വാളില്‍ പുരണ്ട രക്തവും, തലയില്‍ നിന്ന് നെറ്റിയിലൂടെ വായിലേക്ക് ഒലിച്ചിറങ്ങിയ രക്തത്തിന്റെ ഇരുമ്പു ചുവയും അറിഞ്ഞ ഞാന്‍ ഞെട്ടി കണ്ണുതുറന്നു നോക്കി. കൂട്ടുകാര്‍ രണ്ടുപേരും ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി. ഇനി എവിടെയെങ്കിലും എലിയെ കൊല്ലണമെങ്കില്‍ വിളിക്കാന്‍ മറക്കില്ലെന്നു വാക്കു തന്ന് അവര്‍ പുറത്തേക്കു പോയി. രാത്രി ഉറക്കത്തിലും ഭാര്യ കുറെ നാള്‍ ചിരിച്ചുവെന്നാണെന്റെ ഓര്‍മ്മ. പക്ഷെ മമ്മി സിനിമയും കൂടി കണ്ടു കഴിഞ്ഞപ്പോള്‍, എലികള്‍ കൂട്ടത്തോടെ എന്നെ ആക്രമിക്കുന്നതും, ഞാനൊരു സ്കെലിട്ടന്‍ മാത്രമായ് മാറിയതും സ്വപ്നം കണ്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടത് ഞാനാരോടു പറയും?
- 0 -

16 comments:

Murali K Menon said...

കൊലപാതകങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയ സാമൂഹിക സാഹചര്യത്തില്‍ ഞാനും കുറ്റം തുറന്നു പറയുന്നു.... വായിക്കാത്ത ബ്ലോഗേഴ്സിനു വേണ്ടി ഒരിക്കല്‍ കൂടി.....
സസ്നേഹം/മുരളി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഭയങ്കരം ഫീകരം :)

പട്ടേപ്പാടം റാംജി said...

എലിയെ കൊല്ലാന്‍ കമ്പിപ്പാര! ഫീകരം!
ഭയങ്കര സസ്പ്പെസ്ന്സ് ആയി അവതരിപ്പിച്ചു. സത്യത്തില്‍ പ്രതിരോധം എന്നിടത്ത് കൊലയെ ന്യായീകരിക്കേണ്ടി വരുന്നു എന്ന് തോന്നുന്നു. പക്ഷെ അപ്പോഴും കൊലക്ക്‌ പകരമായി കൂട്ടത്തോടെ എലികള്‍ വന്നെത്തും എന്നാവുമ്പോള്‍ അതൊരു തുടര്‍ക്കഥ ആയി തുടരും.
നന്നായി എഴുതി മുരളിയേട്ടാ.

കല്യാണിക്കുട്ടി said...

പാവം ഒരു എലിയെ കൊല്ലനന്നോ ഇത്രയും തയ്യാറെടുപ്പുകള്‍.എന്തായാലും വളരെ രസകരമായിരുന്നു.അഭിനന്ദനങള്‍......

Murali K Menon said...

ഇന്‍ഡ്യാ ഹെറിറ്റേജ്, പട്ടേപ്പാടം റാംജി, കല്യാണിക്കുട്ടി: വായനയ്ക്കും, അഭിപ്രായത്തിനും എന്റെ സന്തോഷം അറിയിക്കുന്നു.

മുകിൽ said...

നല്ല സസ്പെന്‍സ്!

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

മുസാഫിര്‍ said...

മുരളീ ഭായി മറ്റൊരു മണിയായീന്നാണു ഞാൻ കരുതിയത്.ഇതിപ്പൊ ണിം മാത്രമെ ഉള്ളു....ഹ .ഹ.

Murali K Menon said...

ജയരാജ്, മുസാഫിര്‍: നന്ദി വായനയ്ക്കും, അഭിപ്രായത്തിനും

Murali K Menon said...

മുകിലിന്റെ അഭിപ്രായത്തിനും നന്ദി.

G.MANU said...

ഞെട്ടി വായിച്ചു :)

Murali K Menon said...

മനു ഞെട്ടി വായിച്ചെന്നറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി.:))

Anonymous said...

The backdrop of bombay riots made the story more thrilling!!

Murali K Menon said...

thanks anony

Anonymous said...

mothathil pora ennoru vibhathail anu ithine peduthendathu

Murali K Menon said...

anony: മൊത്തത്തിലും, ചില്ലറയിലും പോരാ എന്ന വിഭാഗത്തില്‍ തന്നെയാണ് ഞാനും ഇതിനെ പെടുത്തിയിരിക്കുന്നത്...
അങ്ങനെയുള്ള വിഭാഗം തന്നെയാണ് ഞാന്‍ എപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. നന്ദി വായിച്ചതിനും അഭിപ്രായം കുറിച്ചതിനും