Monday, January 30, 2012

സിനിമാ മന്ത്രിയുടെ ശ്രദ്ധയ്ക്ക്

മലയാള സിനിമാ വ്യവസായത്തെ പരിപോക്ഷിപ്പിക്കുന്നതിനായി സിനിമാ മന്ത്രി ഒരുപാട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളെ എതിര്‍ക്കാനും, തുരങ്കം വെയ്ക്കാനും ഒരു കൂട്ടം ആളുകളുണ്ടെന്ന് നാം ഇതിനകം കണ്ടു കഴിഞ്ഞു. അതിലെ പ്രധാന വില്ലന്മാര്‍ ഒരു കൂട്ടം തിയ്യേറ്റര്‍ ഉടമകളോ, അതുമല്ലെങ്കില്‍ ഉടമകളെ അടിമകളാക്കാന്‍ കഴിയുന്ന തിയ്യേറ്റര്‍ മാനേജര്‍മാരോ ആണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. 
മലയാള സിനിമ റിലീസിനുവേണ്ടി തിയ്യേറ്ററുകളെ സമീപിക്കുമ്പോള്‍ നല്‍കാതിരിക്കുകയും അതേ സമയം അന്യഭാഷാ ചിത്രങ്ങള്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ റിലീസ് ചെയ്യുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഇത്തരം ഒരു നെറികേട് മഹാരാഷ്ട്രയിലെയോ, തമിഴ്നാട്ടിലെയോ, കര്‍ണ്ണാടകയിലെയോ തിയ്യേറ്റര്‍ ഉടമകളോ, മാനേജര്‍മാരോ ചെയ്യില്ല എന്നതാണ്.  അവരെപോലെ ഭ്രാന്തമായ ഒരു ഭാഷാ സ്നേഹമോ, മണ്ണിന്റെ മക്കള്‍ വാദമോ സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന ഒരു ജനതയ്ക്ക് ഭൂഷണമല്ലെങ്കിലും, കേരളത്തിലെ തിയ്യേറ്ററുകള്‍ മലയാള സിനിമയ്ക്ക് പ്രഥമ സ്ഥാനം നല്‍കണം എന്ന ഒരു മിനിമം മോഹം മലയാളികള്‍ക്കുണ്ടായാല്‍ അതില്‍ തെറ്റു പറയാനാവുമോ! എന്നാല്‍ കാശുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് തിയ്യേറ്റര്‍ നടത്തുന്നതെന്നും, അതിനു അന്യഭാഷാ ചിത്രങ്ങളാണ് അഭികാമ്യമെന്നും തോന്നുന്നുവെങ്കില്‍ അവരുടെ തിയ്യേറ്ററുകള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് പറയാന്‍ സര്‍ക്കാരിനു കഴിയേണ്ടതാണ്. മലയാല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പണിതീര്‍ത്ത കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയ്യേറ്ററുകള്‍ പോലും മേല്പറഞ്ഞ ദുഷ്പ്രവൃത്തികളില്‍ നിന്നും മുക്തമല്ല എന്നത് ഖേദകരമാണ്.

ഇത്തരം തിയ്യേറ്റര്‍ ഉടമകളേയും, കൈക്കൂലി വാങ്ങി തന്നിഷ്ടപ്രകാരം മലയാള സിനിമയെ അകറ്റി നിര്‍ത്തി അന്യഭാഷാ ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹിക്കുന്ന മാനേജര്‍മാരേയും ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമാ നടനും, സിനിമാ മന്ത്രിയുമായ ശ്രീ ഗണേഷ്‌കുമാറിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് വിനയപൂര്‍വ്വം ക്ഷണിക്കുന്നു.

4 comments:

Murali K Menon said...

2012ല്‍ ഹരിശ്രീ കുറിക്കാന്‍ ഒരു പോസ്റ്റ്...
സസ്നേഹം മുരളി

Anonymous said...

കരണ്ട് ചാര്‍ജ് അടക്കാനുള്ള പണം എങ്കിലും കിട്ടിയാല്‍ റിലീസിംഗ് ചെയ്യാന്‍ ഒരു തിയെടര്‍ ഉടമക്കും ഇഷ്ടക്കുറവ് ഇല്ല എന്നാല്‍ അതും കിട്ടില്ല തല്ല്ലിപോളി പടം കണ്ട ദേഷ്യം കാരണം കസേരയും തല്ലി ഒടിക്കുന്ന പടം ആണെങ്കില്‍ ആര് റിലീസ് ചെയ്യും ? നന്ബന്‍ റിലീസ് ചെയ്‌താല്‍ ഹൌസ് ഫുള്‍ അതെ സമയം മലയാളം ബീ ഗ്രേഡ് പടം റിലീസ് ചെയ്‌താല്‍ ഒരാളും ഇല്ല, കാസനോവ പോലും ഇപ്പോള്‍ പല തിയെടരിലും ആളില്ലാതെ ഓടിക്കുകയാണ് , ആളില്ലാതെ ഓടിച്ചാല്‍ ഗണേശന്‍ കറണ്ട് ചാര്‍ജു കൊടുക്കുമോ?

Murali K Menon said...

സുശീലന്‍ പറഞ്ഞതി അല്പം കാര്യമില്ലാതില്ല. പക്ഷെ അതൊരു സ്ഥായിയായ അവസ്ഥയാണെന്ന് വരുത്തിക്കൊണ്ട് മുന്നോട്ടു പോകുന്നത് മലയാളം സിനിമാ വ്യവസായത്തിനു പ്രതികൂലമായിരിക്കും.

അതുകൊണ്ടുതന്നെ ഭാവിയി ഇവിടെ സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ മള്‍ട്ടിപ്ലക്സുകള്‍ നിര്‍മ്മിക്കുകയും, ഒട്ടു മിക്ക അയോഗ്യപയലുകളായ തിയ്യേറ്ററുകള്‍ പൂട്ടുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. സുശീലന്റെ അഭിപ്രായത്തിനു നന്ദി.

Sujith said...

ഇതൊന്നും അരുടെയുംമേല്‍ അടിചെല്‍പിക്കണ്ടതല്ല. ആളുകള്‍ കാണാന്‍ ഉള്ളതുകൊണ്ടല്ലേ അവര് പടം ഇടുന്നത്. താങ്കള്‍ മലയാളം പടം ഓടണം എന്ന് ആഗ്രഹിക്കുന്നു പക്ഷെ കാശു കൊടുത്ത് ഇത് കാണാന്‍ ചെല്ലുന്നെവേരെന്താ മണ്ടന്മാരാണോ? മാര്‍ക്കറ്റ്‌ അതിന്റെ വഴിക്ക് പോകെട്ടെ -- ആരും ഒന്നും അടിചെല്പിക്കതിരിക്കുനതാണ് നല്ലത്.