Wednesday, December 02, 2009

ഫ്രാന്‍സിസ് ഇട്ടിക്കോര - പുസ്തക പരിചയം

എന്റെ സുഹൃത്തും, കൊച്ചിയിലെ മെട്രൊ ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ കെ.ആര്‍. ജോണ്‍സണ്‍ ആണ് ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്നു പേരുള്ള പുസ്തകം എനിക്ക് വായിക്കാന്‍ തന്നത്. അദ്ദേഹത്തിന് ഗ്രന്ഥകര്‍ത്താവ് ശ്രീ ടി.ഡി.രാമകൃഷ്ണന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തി നല്‍കിയ കോപ്പിയായിരുന്നു അത്. ആ പുസ്തകത്തിന്റെ പേരു തന്നെയായിരുന്നു ഒരു തൃശൂക്കാരനെന്ന നിലയില്‍, പ്രത്യേകിച്ച് ഇരിങ്ങാലക്കുടക്കാരനെന്ന നിലയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. വായനയുടെ പല ഘട്ടങ്ങളിലും ഇതിലെ കഥാപാത്രങ്ങള്‍ എന്റെ നാട്ടുകാരായി മാറുന്ന കാഴ്ചയും ഞാന്‍ കണ്ടു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ എന്ന പുസ്തകം മുരളി വായിക്കണം എന്ന് ജോണ്‍സണ്‍ പറഞ്ഞപ്പോള്‍ പൊടുന്നനെ എന്റെ മനസ്സിലേക്കോടിയെത്തിയത് ‘അമൃതംഗമയ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം വിനീതിന്റെ കഥാപാത്രത്തെ റാഗിംങ് നടത്തുമ്പോള്‍ പറയുന്ന ഡയലോഗ് ആണ്. അതിങ്ങനെ “ഇട്ടിവര്‍ഗ്ഗീസ് എന്ന പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവില്ല, അല്ലെങ്കില്‍ ആ പേരില്‍ ഒരു ഡോക്ടര്‍ ഉണ്ടാവാനേ പാടില്ല”. അതുപോലെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പേരില്‍ ഒരു നോവലോ, ഹേയ് അതെങ്ങനെ ശരിയാവും.......!

സാധാരണ ഒരു നോവല്‍ വളരെ വേഗം വായിച്ചു തീര്‍ക്കുന്ന ഒരു ശീലമാണ് എനിക്കുള്ളത്. അങ്ങനെ തീരുമാനിച്ചുതന്നെയാണ് ജോണ്‍സന്റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതും. പക്ഷെ വായിച്ച് തുടങ്ങി ഏതാനും അദ്ധ്യായങ്ങള്‍ പിന്നിട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉടലെടുത്തു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര‘ ഒരു നോവലാണെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ പുസ്തകത്തിന്റെ ആമുഖത്തിനു മുമ്പിലുള്ള പേജ് വീണ്ടും മറിച്ചുനോക്കി. ഡി.സി. ബുക്സ് ലേബല്‍ ചാര്‍ത്തിയിരിക്കുന്നത് നോവല്‍ എന്നാണ്. ഞാന്‍ വീണ്ടും വായന തുടര്‍ന്നു, അപ്പോള്‍ എനിക്കു തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന ഒരു ഇന്റര്‍നാഷണല്‍ കുരുമുളകു കച്ചവടക്കാരന്റെ ആത്മകഥയാണെന്ന്, വായന കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ തോന്നി ഇത് ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ മാത്രമല്ല, ഇട്ടിക്കോരയുടെ വംശപരമ്പരയുടേയും, ആ പരമ്പരയിലെ കണ്ണികളെ കണ്ടെത്താന്‍ തുനിയുന്ന ഓരോ കഥാപാത്രങ്ങളുടേയും ആത്മകഥയാണെന്ന്. കഥാപാത്രങ്ങള്‍ സ്വന്തം കഥ പറയുന്ന രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് ആഖ്യാനം നടത്തിയിരിക്കുന്നത്.

വായനയുടെ മറ്റൊരു ഘട്ടത്തില്‍ ഇതൊരു യാത്രാവിവരണമാണെന്ന് തോന്നി. പിന്നീട് ഇതൊരു ചരിത്രപുസ്തകമായാണ് അനുഭവപ്പെട്ടത്. പുസ്തകത്തിന്റെ പകുതിയോളം വായന പിന്നിട്ടപ്പോള്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ആകാംഷയും, ഭീതിയും, ബീഭത്സതയും ഒക്കെ അനുഭവപ്പെടാന്‍ തുടങ്ങി. ജെയിംസ് ബോണ്ട് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പൊടുന്നനെ സംഭവിക്കുന്ന സെക്സ് പലപ്പോഴും വായനക്കിടയില്‍ മിന്നിത്തെളിഞ്ഞ് കടന്നുപോയി. അതിനിടയില്‍ ഗണിതശാസ്ത്രത്തിന്റെ മാസ്മരികതിയില്‍ കുടുങ്ങി വിസ്മയിച്ചു നിന്നു. ഒടുവില്‍ പുസ്തകം പൂര്‍ണ്ണമായും വായിച്ച് അടച്ചുവെച്ചപ്പോള്‍ സ്വപ്നത്തില്‍ പലപ്പോഴും നമ്മള്‍ ഒരു കെണിയില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുമെന്ന് വരുമ്പോള്‍ ഞെട്ടി ഉണരുന്നതുപോലെയുള്ള ഒരനുഭവവും ഉണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന ഈ പുസ്തകം ഏത് കാറ്റഗറിയില്‍ പെടുത്തണം, നോവല്‍? ആത്മകഥ? ചരിത്രം? യാത്രാവിവരണം? ക്രൈം ത്രില്ലര്‍? ഹൊറര്‍ ഫിക്ഷന്‍? എന്റെ ഉത്തരം ഈ പുസ്തകം ഇതെല്ലാമാണെന്നാണ്.

ഇതിനു മുമ്പ് മലയാളത്തില്‍ നോവലിന്റെ ഇതിവൃത്തം കൊണ്ട് എന്നെ അതിശയിപ്പിച്ചീട്ടുള്ളത് ശ്രീ ആനന്ദ് ആണ്. (ഉദാഹരണത്തിന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങിനെ, ഗോവര്‍ദ്ധനന്റെ യാത്രകള്‍) മറ്റൊരാള്‍ (വിശ്വസാഹിത്യത്തില്‍) പൌലോ കൊയ്‌ലോ (ദ ആല്‍ക്കെമിസ്റ്റ്). ഇതിനര്‍ത്ഥം മലയാളത്തിലും, വിശ്വസാഹിത്യത്തിലും ഇതിവൃത്തത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നവര്‍ വേറെയില്ല എന്നല്ല, മറിച്ച് പെട്ടെന്ന് എന്റെ മനസ്സിലേക്കോടിയെത്തിയ രണ്ടുപേര്‍ ഇവരാണെന്നുമാത്രം. ആ ലിസ്റ്റിലേക്കിതാ ടി.ഡി. രാമകൃഷ്ണനും. ഇതിന്റെ പഠനം എഴുതിയിരിക്കുന്നത് പ്രശസ്തനായ ആഷാ മേനോനാണ്. മിക്ക പുസ്തകങ്ങളുടേയും ആരംഭത്തില്‍ തന്നെ കൊടുക്കുന്ന പഠനം വായിച്ചു കഴിയുമ്പോള്‍ തോന്നാറുള്ളത് പണ്ട് അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നത് തടയാന്‍ മുലഞെട്ടില്‍ ചെന്നിനായകം അരച്ചുപുരട്ടുന്നത് പോലെയാണ്. അതുകൊണ്ട് പഠനം എന്ന ചെന്നിനായകം നുണഞ്ഞ് നുണഞ്ഞ് വായില്‍ തന്നെ വെച്ച് ഒരു തുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞ്, പിന്നീട് നോവലാകുന്ന മുലപ്പാലിന്റെ മധുരം നുണയാറാണ് പതിവ്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ച് ആഷാമേനോന്‍ എന്ന മഹാമേരുവിന്റെ ഭാഷാ പ്രയോഗത്തെ ഭയന്ന് ഞാന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് തീര്‍ന്നതിനുശേഷമാണ് പഠനം വായിച്ചത്... ഇതുവരെയുള്ള എന്റെ അനുഭവങ്ങള്‍ക്ക് കടകവിരുദ്ധമായി, ആഷാ മേനോന്റെ പഠനം പാലില്‍ പഞ്ചസാരയെന്നോണം അലിഞ്ഞ് ഗ്രന്ഥത്തിന്റെ മേന്മ കൂട്ടിയിരിക്കുന്നു.

പുസ്തകത്തിലെ ചില വാക്യങ്ങളെങ്കിലും ഇവിടെ പകര്‍ത്തിയെഴുതാന്‍ കൊതി തോന്നുന്നുണ്ടെങ്കിലും, ഈ പുസ്തക പരിചയം എഴുതാന്‍ ഞാന്‍ ഗ്രന്ഥകര്‍ത്താവിന്റേയോ, പ്രസാധകന്റേയോ അനുമതി വാങ്ങാത്തതിനാല്‍ കോപ്പിറൈറ്റ് നിയമ കുരുക്കുകളിലേക്ക് ചെന്ന് വീഴാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആ സാഹസത്തിനു മുതിരുന്നില്ല. വായനാശീലരായ എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു വ്യത്യസ്തമായ പുസ്തകം ഉണ്ടെന്ന് അറിയിക്കാന്‍ എന്റേതായ ഒരു ശ്രമം മാത്രമാണീ പുസ്തക പരിചയത്തിനു പുറകില്‍. ഗ്രന്ഥകര്‍ത്താവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

പുസ്തകത്തിന്റെ വിശദവിവരങ്ങള്‍:

Title: ഫ്രാന്‍സിസ് ഇട്ടിക്കോര
Author: ടി.ഡി. രാമകൃഷ്ണന്‍
Publisher: ഡി.സി.ബുക്സ്
Year: ആഗസ്റ്റ് 2009
പേജ് 308
വില: 150 രൂപ

17 comments:

മുരളി മേനോന്‍ (Murali K Menon) said...

ബ്ലോഗ് സുഹ്രൃത്തുക്കളുടെ അറിവിലേക്കായ് ഒരു പുസ്തക പരിചയം.

ഉപാസന || Upasana said...

matrh^nbhoomyil ii pusthaka parichayam undayirunnu kurache naal mumpe.

annE zraddhichchirunnu.
:-)
Upasana

ശ്രീ said...

തീര്ച്ചയായും ഇതൊരു ഉപകാരപ്രദമായ പോസ്റ്റ് തന്നെ മുരളിയേട്ടാ... കഴിയുമെങ്കില്‍ വായിയ്ക്കാന്‍ ശ്രമിയ്ക്കണം.

(ഈയിടെയായി ബ്ലോഗിലൊന്നും കാണാറേയില്ലല്ലോ)

ദിലീപ് വിശ്വനാഥ് said...

നന്ദി മുരളിയേട്ടാ.. വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.

ശെഫി said...

മാധ്യമം ആഴ്ചപതിപ്പിൽ തുടരനായി വന്നപ്പോൾ വായിച്ചിരുന്നു ഈ നോവൽ

മുരളി മേനോന്‍ (Murali K Menon) said...

ഉപാസനയ്ക്കും, ശെഫിക്കും പുസ്തകത്തെക്കുറിച്ച് അറിയാമെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ശ്രീ: ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാത്തതിനാല്‍ നിന്നു തിരിയാന്‍ സമയമില്ല, അതുകൊണ്ടാണ് ബ്ലോഗില്‍ അധികം കാണാത്തത്.
ദിലീപ്: എന്തുപറ്റി വാല്‍മീകി എന്ന തൂലികാനാമത്തിന്? ഉപേക്ഷിച്ചോ?

ഗീത said...

വളരെ സന്തോഷം ഈ പുസ്തകം പരിചയപ്പെടുത്തിയതിന്. തീര്‍ച്ചയായും വാങ്ങി വായിക്കും.
(ഒരു നോവലിന് ഇങ്ങനെ ഒരു പേരോ എന്നെനിക്കും തോന്നി. കാരണം ആ പേര് ഒരു സാധാരണ വായനക്കാരനില്‍ കൌതുകം ഉണര്‍ത്തണമെന്നില്ല)

അനാഗതശ്മശ്രു said...

ഈ നോവലിനെക്കുറിച്ചു മാതൃഭൂമി,മലയാളം ,മാധ്യമം ,പച്ചക്കുതിര ,വര്‍ ത്തമാനം എന്നിവയില്‍ വന്ന എല്ലാ റിവ്യൂകളും വായിച്ചു..പുസ്തകവും ശ്രധിക്കേണ്ട ഒന്നാണിതു..
5 നിരൂപണങളും ഇലക്റ്റോണിക്ക്രൂപത്തില്‍ വായിക്കാന്‍ താല്‍ പര്യം ഉള്ളവര്‍ മെയിലയക്കുക

മുരളി മേനോന്‍ (Murali K Menon) said...

thanks geetha & anagaathamaSru for your comments. After a long gap I see you all here.
thanks

മുരളി മേനോന്‍ (Murali K Menon) said...

thanks geetha & anagaathamaSru for your comments. After a long gap I see you all here.
thanks

NithiN said...

Hello,

I'm a new comer here. Idakidakku namukku kanaaam. It is a good blog post.

Anonymous said...

ഇട്ടിക്കൊരേം, മാധ്യമം ആഴ്ചപ്പതിപ്പും, മ് മ് നോക്കാം...

Aisibi said...

ഞാനിന്നലെയാ ഇട്ടിക്കോര വായിക്കാന്‍ തുടങ്ങിയത്... ഇത് കഥയാണോ, വാസ്തവമാണോ എന്ന് മനസ്സിലാകുന്നില്ല, അതിനു വേണ്ടി സെര്‍ച്ച് ചെയ്തപ്പോഴാ ഇവിടെ എത്തിയത്! മനോഹരം!

prabha said...

ഈ നോവലിനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല
അടുത്ത വരവിനു ഇതൊന്നു വാങ്ങി വായിക്കും

perooran said...

njan vayichu,. bhayankaram thanne.t.d.ramakrishannu nandi

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ ബുക്ക് ഞാനിത്തവണ വാങ്ങിവന്നിട്ടുണ്ട്
നല്ലൊരു പരിചയപ്പെടുത്തായി ഇത് കേട്ടൊ ഭായ്

Manoraj said...

ഈ റിവ്യൂ പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് ഉള്‍പ്പെടുത്തുന്നതില്‍ വിരോധമുണ്ടോ? ഇല്ലെങ്കില്‍ ഒരു മെയിലിലൂടെ അറിയിക്കുക. manorajkr@gmail.com