Saturday, June 20, 2009

അര്‍ഹതപ്പെട്ട ഒരംഗീകാരം

മലയാള സിനിമ എക്കാലത്തും കടപ്പെട്ടിരിക്കുന്ന ഒരു മഹദ്‌ വ്യക്തിയായിരുന്ന ശ്രീ ജെ.സി.ഡാനിയേലിന്റെ നാമധേയത്തിലുള്ള അവാര്‍ഡ്‌ ഈ വര്‍ഷം ലഭിച്ചിരിക്കുത്‌ ശ്രീ കെ രവീന്ദ്രന്‍നായര്‍ക്കാണ്‌. വൈകിയാണെങ്കിലും തികച്ചും അര്‍ഹതപ്പെട്ട ഒരംഗീകാരം. ആദ്യ നിശബ്ദ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകനും ഛായാഗ്രഹകനുമൊക്കെയായ്‌ മലയാള സിനിമക്ക്‌ തുടക്കം കുറിച്ച്‌ ലോക സിനിമാ ഭൂപടത്തില്‍ കേരളത്തിനും ചെറുതെങ്കിലും ഒരു ഇരിപ്പടം ഒരുക്കിയ ആ സാഹസികനായ മനുഷ്യന്റെ പേരിലുള്ള അവാര്‍ഡാണ്‌ മലയാള സിനിമയില്‍ കുറേ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ സന്‍മനസ്സു കാണിച്ച രവീന്ദ്രന്‍ നായരെ തേടിയെത്തിയത്‌.


മലയാള സിനിമാ രംഗത്ത്‌ ഉത്തമ ചലച്ചിത്രകലക്കു വേണ്ടി നിലകൊണ്ട ഒരേ ഒരുനിര്‍മ്മാതാവായിരുന്നു രവീന്ദ്രന്‍ നായര്‍ എന്നു പറയേണ്ടിയിരിക്കുന്നു. കലയും കച്ചവടവും കൂട്ടിക്കുഴച്ച്‌ ഒരു വര്‍ഷം അവാര്‍ഡും മറ്റൊരു വര്‍ഷം ബോക്സാഫീസ്‌ ഹിറ്റും എന്ന നിലയില്‍ ചിന്തിക്കുവാന്‍ രവീന്ദ്രന്‍ നായര്‍ മിനക്കെടാഞ്ഞതില്‍ നിന്നും സിനിമയെ ഒരു ബിസിനസ്സ്‌ ആയി അദ്ദേഹം എടുത്തീട്ടില്ല എന്നു വേണം നാം മനസ്സിലാക്കേണ്ടത്‌. അല്ലായിരുന്നുവെങ്കില്‍ ജി അരവിന്ദന്റെയും, അടൂര്‍ ഗോപാലകൃഷ്ണന്റെയും സിനിമകളുടെ എണ്ണം വളരെ ശുഷ്കമാവുമായിരുന്നു. 'സ്വയംവരം' മുതല്‍ 'നിഴല്‍ക്കുത്തു'വരെയുള്ള അടൂരിന്റെ സിനിമകളില്‍ 'എലിപ്പത്തായം', 'മുഖാമുഖം', 'അനന്തരം', 'വിധേയന്‍' എന്നിവയും അരവിന്ദന്റെ സിനിമകളില്‍ 'കാഞ്ചനസീത', 'കുമ്മാട്ടി, 'പോക്കുവെയില്‍', 'തമ്പ്‌' എന്നിവയും നിര്‍മ്മിച്ചത്‌ രവീന്ദ്രന്‍നായരായിരുന്നു. സംവിധായകരെല്ലാം ലോക പ്രശസ്തരായപ്പോള്‍ അതിലേറിയ പങ്കും അവകാശപ്പെടാവുന്ന അല്ലെങ്കില്‍ അതിനര്‍ഹതയുള്ള ഒരു വ്യക്തിയാണ്‌ ശ്രീ രവീന്ദ്രന്‍നായര്‍. മറ്റൊരര്‍ത്ഥത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും അരവിന്ദനെയും സിനിമാ രംഗത്ത്‌ നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ചത്‌ ജനറല്‍ പിക്ചേഴ്സും അതിന്റെ ഉടമ രവീന്ദ്രന്‍ നായരുമാണെന്ന്‌ പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവാന്‍ ഇടയില്ല.


"വീടുപണി കഴിഞ്ഞാല്‍ പിന്നെ ആശാരി പുറത്ത്‌" എന്നൊരു നാടന്‍ ചൊല്ലുണ്ട്‌. പക്ഷെ പലപ്പോഴും രവീന്ദ്രന്‍ നായരുടെ വീടുകള്‍ പണിതു കഴിഞ്ഞപ്പോള്‍ ആശാരിമാര്‍ പൂമുഖ വാതില്‍ക്കല്‍ ചാരുകസേരകളില്‍ കിടക്കുന്നതും മാധ്യമങ്ങള്‍ മൂത്താശാരിയെ പ്രകീര്‍ത്തിക്കുന്നതും, വീട്ടുടമ മുന്നോട്ടു വരാതെ, നിശബ്ദനായ്‌ ആ വീടുകളുടെ കോലായിലെവിടെയോ ഒതുങ്ങി നില്‍ക്കുന്നതും നാം കണ്ടു. അപ്പോഴൊക്കെ നല്ല സിനിമയെ ആരാധിച്ചവര്‍ ആ വിനീത നിര്‍മ്മാതാവിനെ കാണാതിരുന്നില്ല. ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ ഒരൂള്‍വിളിയുണ്ടായാല്‍ "ചെറുമന്റെ നേര്‍ക്കുള്ള അക്രമങ്ങളും, തെയ്യവും, തിറയും, ഓട്ടന്‍‍ തുള്ളലും കഥകളിയും, പുള്ളുവന്‍ പാട്ടും, കൊയ്ത്തുപാട്ടും,, ലോട്ടയും, കിണ്ടിയും സ്ഥാനത്തും, അസ്ഥാനത്തും മാറി മാറി കുത്തി നിറച്ച്‌ ഇതാ കേരളത്തിന്റെ തനതു സിനിമകള്‍" എന്ന്‌ അവകാശപ്പെടുന്നവരുടെ കൈകളില്‍ പെടാതെ പുതിയ ചിന്തകള്‍ക്ക്‌, പുതിയ ഇതിവൃത്തങ്ങള്‍ക്ക്‌ തിരികൊളുത്താന്‍ കഴിവുള്ള പുത്തന്‍ തലമുറയിലെ അകിര കുറോസോവമാരേയും, കിം കി ഡുക്ക്മാരേയും കണ്ടെത്താന്‍ ശ്രദ്ധിക്കുമല്ലോ.


എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍‍!

- 0 -

9 comments:

മുരളി മേനോന്‍ (Murali K Menon) said...

ജെ.സി.ഡാനിയല്‍ പുരസ്കാര ജേതാവ് ശ്രീ കെ രവീന്ദ്രന്‍ നായര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍!

ചങ്ങാതിമാരേ, നിങ്ങള്‍ക്കെന്തു തോന്നുന്നു. ഇതൊരര്‍ഹതപ്പെട്ട അംഗീകാരമല്ലേ? ഇവിടെയും വിവാദങ്ങള്‍ക്ക് ഇടമുണ്ടോ?

അരവിശിവ. said...
This comment has been removed by the author.
അരവിശിവ. said...

yeah...such a person truly deserves the coveted daniel prize...but did that become controversy?...that's unnecessary..just that malayalees love controversies more than anything and they are addicted to it..glad to see a post after a long time..keep posting..I lost my mozhy keymap somwhere..so writing in english.. :-) ...just send me an email notification when you post again...with regards

മുരളി മേനോന്‍ (Murali K Menon) said...

No,aravi, in this case, there is luckly no controversy

ഉറുമ്പ്‌ /ANT said...

മുരളി, തർക്കമില്ല. അത് അദ്ദേഹത്ത്തിനർഹതപ്പെട്ടതുതന്നെ.

ഉറുമ്പ്‌ /ANT said...

മുരളി, തർക്കമില്ല. അത് അദ്ദേഹത്ത്തിനർഹതപ്പെട്ടതുതന്നെ.

..::വഴിപോക്കന്‍[Vazhipokkan] said...

ഇപ്പോഴെങ്കിലും ഉണ്ടായല്ലോ..ഭാഗ്യം..!!!

Dr.jishnu chandran said...
This comment has been removed by the author.
Dr.jishnu chandran said...

സിനിമ എന്ന അദ്ഭുത ലോകത്തില്‍ നിറഞ്ഞു നില്‍ക്കുകയും പിന്നീട് ഒളിമങ്ങി പോവുകയും ചെയ്ത പഴയ പ്രതിഭകള്‍ അഗീകരിക്കപെടുന്നു എന്നുള്ളത് നല്ല കാര്യം തന്നെ ആണ്.

19/7/09 8:01 PM