സിനിമ എന്നത് വെറുതെ കാണിക്കാനും, കാണാനുമുള്ളതല്ലെന്നും, അതൊരു ശക്തിയുള്ള മാധ്യമമാണെന്നും മനസ്സിലാക്കിയ അപൂര്‍വ്വം ചലച്ചിത്രകാരന്‍മാരില്‍ പ്രമുഖനായിരുന്നു ശ്രീ പി.എന്‍. മേനോന്‍. അദ്ദേഹം സിനിമയെക്കുറിച്ച് പഠിച്ചത് ഏതെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ളാസ്സുമുറികളില്‍ നിന്നല്ല, മറിച്ച് ശ്രീ ടി.എസ്. ധ്വരരാജ് എന്ന കോമഡിയന്റെ സിനിമാ കമ്പനിയിലെ ജോലികളിലേര്‍പ്പെട്ടുകൊണ്ട്, ധ്വരരാജിനെ കുളിപ്പിക്കുകയും, വസ്ത്രമലക്കിക്കൊടുക്കുകയും ചെയ്തുകൊണ്ടാണ്. അരവയറു നിറയാനുള്ള ദാസ്യപണികള്‍ക്കിടയിലും താന്‍ ഇടപഴകുന്ന സ്ഥലം സിനിമാ കമ്പനിയാണെന്നും, അവിടെ ഉരുവം കൊള്ളുന്നതു സിനിമയാണെന്നും മനസ്സിലാക്കി സിനിമ എന്ന മാധ്യമത്തെ തന്റേതായ ഉള്‍ക്കണ്ണുകൊണ്ട് കാണാന്‍ ശ്രമിച്ചു എന്നതാണ് ഇന്ത്യയിലെ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നും പി.എന്‍.മേനോനെ ഔന്നിത്യത്തില്‍ നിര്‍ത്തുന്നതും, വേറിട്ടു നിര്‍ത്തുന്നതും.
പ്രശസ്തരായ താരങ്ങളും, സാങ്കേതികപ്രവര്‍ത്തകരും, വമ്പന്‍ സ്റ്റുഡിയോ പശ്ചാത്തലവുമില്ലാതെ മലയാളത്തിലെന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയിലും സിനിമയെടുക്കാന്‍ അന്നുവരെ ഒരു ഫിലിംമേക്കറും ധൈര്യപ്പെടാത്ത കാലത്താണ് തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നായികാ ഇമേജില്ലാത്ത കവിയൂര്‍ പൊന്നമ്മയെ നായികയാക്കിക്കൊണ്ട് ആദ്യത്തെ ഔട്ട്ഡോര്‍ സിനിമ 'റോസി' ചെയ്തത്. കഥാപാത്രങ്ങള്‍ക്കുവേണ്ടി നടീ നടന്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ താരത്തിന്റെ വിപണന മൂല്യമോ, ഔന്നിത്യമോ ഒന്നും പ്രശ്നമായിരുന്നില്ല. പി ജെ ആന്റണിയും, പ്രേംനസീറും, മധുവുമൊക്കെ പി എന്‍ മേനോന് സിനിമ പൂര്‍ത്തീകരിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ മാത്രമായിരുന്നു. ഇന്ന് ഒരു സംവിധായകനും സ്വപ്നം കാണാന്‍ കഴിയാത്ത ആ ചങ്കൂറ്റം പി എന്‍ മേനോനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ സംവിധായകര്‍ വിവക്ഷിക്കുന്ന സിനിമയുടെ കാപ്റ്റന്‍ എന്ന പദവി നൂറുശതമാനവും ചേര്‍ന്നിരുന്നത് പി എന്‍ മേനോനാണ്. ഇന്ന് പല സംവിധായകരും ദൃശ്യമാധ്യമങ്ങളിലൂടെ താനാണ് തന്റെ സിനിമയുടെ കാപ്റ്റന്‍ എന്ന് വീമ്പിളക്കാറുണ്ടെങ്കിലും, സൂപ്പര്‍ സ്റ്റാറിന്റെ ആജ്ഞാനുവര്‍ത്തികളായി തീരാന്‍ വിധിക്കപ്പെട്ടവരാണ് ബഹുഭൂരിപക്ഷവും. ഇനി അങ്ങനെ അല്ലാത്ത ഒരു ഒറ്റയാന്‍ ഉണ്ടായാല്‍ അവന്റെ ഗതി അധോഗതിയാണെന്ന് പറയേണ്ടതില്ലല്ലോ.
'വുമണ്‍ ഓഫ് ദ റിവര്‍' എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സൃഷ്ടിച്ചതായിരുന്നു റോസിയെ. റോസിയിലൂടെ മലയാള സിനിമയില്‍ നടത്തിയ പരീക്ഷണം ജീവിതത്തിലുടനീളം അദ്ദേഹത്തെ പരീക്ഷിച്ചുവെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ തയ്യാറായിരുന്നില്ല. ഓളമടങ്ങാത്ത കടല്‍ പോലെ സിനിമ ചെയ്യാനുള്ള വെമ്പലായിരുന്നു മനസ്സില്‍. പിന്നീട് ഓളവും തീരവും, കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ ചെയ്ത പി. എന്‍. മേനോന്‍ മാറിയ പുത്തന്‍ സിനിമാ വിപണിയുടെ നൂതന കച്ചവട തന്ത്രങ്ങളോ, സിനിമക്കുള്ളിലെ സിനിമയോ മനസ്സിലാക്കാന്‍ കഴിയാതെപോയവരില്‍ ഒരാളായിരുന്നു. അല്ലെങ്കില്‍ ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കണോമിക്സ് അദ്ദേഹം പഠിച്ചീട്ടില്ലായിരുന്നു. മാറിയ സാഹചര്യങ്ങളിലും സിനിമയെക്കുറിച്ചുള്ള ഒരുപാട് സ്വപ്നങ്ങള്‍ നെയ്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
"മലയാള സിനിമ ഒരു വിളക്കാണ് എന്റെ മനസ്സില്‍; ക്ളാവും, പൊടിയും നീക്കി അത് നിറഞ്ഞുകത്തുന്നതിനുള്ള ആഗ്രഹവുമായ് ഞാന്‍ ജീവിക്കുകയാണ്"
സിനിമയുടെ പളപളപ്പിന്റെ ലോകത്ത് കണ്ടുമുട്ടാവുന്ന രണ്ടു പച്ചമനുഷ്യര്‍ നമുക്കൂണ്ടായിരുന്നു. ഒരാള്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും മറ്റൊരാള്‍ പി എന്‍ മേനോനുമായിരുന്നു. പാലക്കാടന്‍ മണ്ണിന്റെ ഗന്ധവും പേറി കാലയവനികക്കുള്ളില്‍ മറഞ്ഞ ഉണ്ണികൃഷ്ണന്റെ പിറകെ ആഗ്രഹങ്ങള്‍ ബാക്കിനിര്‍ത്തി ശ്രീ പി എന്‍ മേനോന്‍ എന്ന ചലച്ചിത്ര പ്രതിഭയും ജീവിതത്തോട് യാത്ര പറഞ്ഞു. ക്ളാവും പൊടിയും നീങ്ങി മലയാള സിനിമ എന്ന വിളക്ക് കത്തിയാലും ഇല്ലെങ്കിലും, പി എന്‍ മേനോന്‍ എന്ന കലാകാരന്‍ ഒരു കെടാവിളക്കായ് മലയാള സിനിമാ പ്രവര്‍ത്തകരുടേയും, പ്രേക്ഷകരുടേയും മനസ്സില്‍ എക്കാലവും തെളിഞ്ഞ് കത്തിക്കൊണ്ടിരിക്കും. ആദരാഞ്ജലികളോടെ