Friday, December 14, 2007

ദുബായിലെ 3 രാത്രികള്‍

ഡാര്‍ എസ് സലാമില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും വഴി സ്നേഹ സമ്പന്നരായ ദുബായിലെ ബ്ലോഗേഴ്സിന്റെ അതിഥിയാവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്ക് കൈവന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ദുബായ് വഴി പോകുമ്പോള്‍ അവിടെ തങ്ങുവാന്‍ പ്രത്യേക ഉദ്ദേശ്യമില്ലായിരുന്നു. പക്ഷെ സ്നേഹ സമ്പന്നരായ വിശാലനും, കുറുമാനും, കൈതമുള്ളുമൊക്കെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അങ്ങനെയാവട്ടെ എന്നു കരുതി.


എത്തിയതിന്റെ പിറ്റേന്ന് ആദ്യം വിളിച്ചത് കൈതമുള്ളിനെ (ശശി ചിറയില്‍) ആയിരുന്നു. അദ്ദേഹത്തിന്റെ ഊണു കഴിഞ്ഞുള്ള പതിവ് ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ടായിരുന്നു ഹോട്ടല്‍ പാം ബീച്ചില്‍ നിന്നുള്ള എന്റെ ഫോണ്‍ വിളി. ദാ, ഉടനെ എത്തി എന്ന് പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശശിയേട്ടന്‍ എന്റെ 201 നമ്പര്‍ മുറിയില്‍ ഹാജരായി. കുറേ സംസാരിച്ചിരുന്ന് പിന്നെ ദുബായിലെ സന്ധ്യാ സമയവും ചമയവും കാണാന്‍ ശശിയേട്ടന്‍ എന്നേയും കൂട്ടി പുറത്തേക്ക്. ബാങ്ക് സ്ട്രീറ്റിനടുത്തുകൂടെ നടന്ന് മ്യൂസിയത്തിനടുത്തുകൂടെ നടക്കുമ്പോള്‍ ശശിയേട്ടന്‍ ചരിത്രത്തിലൂടെ എന്നെ ഒരുപാടു പുറകിലേക്ക് കൊണ്ടുപോയി. ക്രീക്കിലെ ഒഴുകി നടക്കുന്നതും, നങ്കൂരമിട്ടിരിക്കുന്നതുമായ വര്‍ണ്ണങ്ങള്‍ വിതാനിച്ച ബോട്ടുകളെ നോക്കി കുറേ നേരം നിന്നു. വീണ്ടും ഇടതടവില്ലാതെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നടന്നു.


രസകരമായിരുന്നു ആ നിമിഷങ്ങള്‍. പിന്നെ ശശിയേട്ടന്റെ വീട്ടിലേക്ക്. ചേച്ചിയും മകളും ചേട്ടനും കൂടി അടുക്കളയില്‍ പൊരിഞ്ഞ പാചകത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് സ്വീകരണമുറിയിലിരുന്ന് ഭാവനയില്‍ കാണാതെ പാചകകലയുടെ ചില വിദഗ്ധ വശങ്ങള്‍ പഠിച്ചെടുക്കുവാന്‍ ശശിയേട്ടന്റേയും ചേച്ചിയുടേയും ഒപ്പം ഞാനും കൂടി. അല്പ സമയത്തിനുള്ളില്‍ വിശാലനത്തി. പിന്നാലെ അജിത്ത് പോളക്കുളത്ത് തന്റെ സുഹൃത്ത് മാധവനുമായ് എത്തി. കുറച്ച് വൈകിയാണെങ്കിലും കുറുമാനും എത്തി. അങ്ങനെ ഞങ്ങള്‍ കോഴിയുടേയും, മീന്റേയും ശാപങ്ങളേറ്റുവാങ്ങി അതിന്റെ വിഷമം മാറുവാന്‍ കുറച്ച് കഷായവും കുടിച്ചു. രാത്രി രണ്ടുമണിയോടെ ഞങ്ങള്‍ പിരിഞ്ഞു. 


പക്ഷെ കുറുമാന്റെ സ്നേഹം അവിടെ അവസാനിച്ചിരുന്നില്ല. എന്നേയും കയറ്റിയ അദ്ദേഹത്തിന്റെ വാഹനം ദുബായിലെ തെരുവീഥിയിലൂടെ ചീറി പാഞ്ഞു. എന്റെ ഉള്ളിലെ കിളിയും അതോടൊപ്പം പാഞ്ഞുകൊണ്ടിരുന്നു. ഈ പോക്ക് പോയാല്‍ കുറുമാന്‍ തല മൊട്ടയടിച്ച് ഇന്ത്യയിലേക്കും, ടാന്‍സാനിയായില്‍ നിന്ന് വന്ന ഞാന്‍ ഒരു 30 ചാട്ടവാറടിയെങ്കിലും വാങ്ങി കൊച്ചിയിലേക്കും എത്തിപ്പെടുമോ എന്ന് സന്ദേഹിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു, 

എനിക്കിപ്പോ പോണം ഹോട്ടലിലേക്ക്. “ഹേയ്, അതെന്താ മുരളിയേട്ടാ, എന്റെ ഡ്രൈവിംഗ് കണ്ട് പേടിച്ചോ, അതേയ്, ഞാനൊരുപാട് റാലിയില്‍ പങ്കെടുത്തീട്ടുള്ളതാ, ഒന്നും പേടിക്കണ്ട ട്ടാ”, കുറുമാന്‍ ധൈര്യം പകരുകയാണ്. 

ഞാന്‍ പറഞ്ഞ്, “ഹേയ്, എന്തു പേടി, നേരം ഇത്രയായില്ലേ, ഇനി ഹോട്ടലില്‍ പോകാം” - അപ്പോഴും ഞാന്‍ ചെറുതായ് വിറച്ചിരുന്നുവോ എന്ന് സംശയം. 

പേടികൊണ്ടാവില്ല, ഡിസംബറല്ലേ, ദുബായല്ലേ, ചെറിയൊരു കുളിര്. അങ്ങനെ അള്ളാഹു പ്രാര്‍ത്ഥന ചെവികൊണ്ടു. എന്നെ പാം ബീച്ചില്‍ ഇറക്കി. അവിടെ പാര്‍ക്കിംഗ് കിട്ടാത്തതിനാല്‍ ഒന്നുരണ്ടു പേരോട് കുറുമാന് ഇത്തിരി ദേഷ്യം വന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞ് പിരിഞ്ഞു. കുഞ്ഞുമോള്‍ക്ക് പനിയായിരുന്നതിനാല്‍ പിറ്റേന്ന് കാണുവാന്‍ സാദ്ധ്യതയില്ലെന്നും പോകുന്നതിനു മുമ്പ് പറഞ്ഞു.


പിറ്റേന്ന് കാലത്ത് 9:30 ന് പാം ബീച്ച് ഹോട്ടലില്‍ ഫ്രീയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്ന എന്നോട് ദോശയവിടെ ഉപേക്ഷിച്ച് പെട്ടെന്ന് വരാനായിരുന്നു വിശാലന്റെ നിര്‍ദ്ദേശം. പുറത്ത് ചെന്നപ്പോള്‍ വിശാലനും അദ്ദേഹത്തിന്റെ അളിയനും വാഹനവുമായ് കാത്തു നിന്നിരുന്നു. നേരെ പോയത് വുഡ് ലാന്റ് ഹോട്ടലിലേക്ക്. അവിടെ നിന്ന് മസാലദോശയും ചായയും കഴിച്ച് പിന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്. വിശാലനും എനിക്ക് തൊട്ടുപിന്നാലേ നാട്ടില്‍ വരുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും അത്യാവിശ്യമില്ലാത്ത കുറേ സാധനങ്ങള്‍ വാങ്ങി (എല്ലാവരേയും സന്തോഷിപ്പിക്കുക എന്ന ചടങ്ങിലേക്ക്). വളരെ വിശാലമായ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സിലൂടെ ആദ്യമായ് നടന്നു. 1:30 ആയപ്പോള്‍ ശശിയേട്ടന്‍ ഫോണ്‍ ചെയ്തു. എവിടെയാണെന്നന്വേഷിച്ചു. ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നതിനാലും, ആ ഭക്ഷണത്തിന്റെ രുചി അറിയുന്നതുകൊണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ശശിയേട്ടന്റെ വീട്ടിലെത്താന്‍ മനസ്സ് വെമ്പന്‍ കൊണ്ടു. എന്നെ ഹോട്ടലില്‍ ഇറക്കി അപ്പോള്‍ പിന്നെ വൈകീട്ട് കാണാം എന്ന് പറഞ്ഞ് വിശാലനും, അളിയനും യാത്ര പറഞ്ഞു. ഞാന്‍ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് ശശിയേട്ടന്റെ വീട്ടില്‍ പോയി. ഒരു വോഡ്ക കഴിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.


അതിനിടെ കിലുക്കാം‌പെട്ടിയുടെ ഫോണ്‍ വന്നു. അവരുടെ ചുറുചുറുക്കുള്ള ജീവിതചര്യകള്‍ അറിഞ്ഞ് ഞാന്‍ അത്ഭുതം കൊണ്ടു. നേരില്‍ കാണാന്‍ പറ്റാത്തതിന്റെ ഖേദം അറിയിച്ചു. എങ്കിലും വാക്കുകളിലൂടെ തന്നെ മറ്റുള്ളവര്‍ക്കും ഉന്മേഷം പകരാന്‍ കഴിയുന്ന പ്രതിഭയുള്ള ആ ബ്ലോഗര്‍ക്ക് എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിന്നീട് പോകുന്നതിനു തൊട്ടുമുമ്പും വിളിച്ച് യാത്രാ മംഗളങ്ങള്‍ നേരാന്‍ അവര്‍ മറന്നില്ല.


അതുപോലെ ഫോണിലൂടെ സ്നേഹം ചൊരിയാന്‍ ചന്ദ്രകാന്തവും ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യം അവരും വിളിച്ചു. പനിയായിരുന്നതിനാല്‍ അവര്‍ക്കും എത്താനായില്ല. അവര്‍ക്കും എന്റെ നന്ദി.


ഡിസംബര്‍ 7 നു വൈകീട്ട് ആദ്യം റൂമിലെത്തിയത് വഴിപോക്കന്‍[vazhipokan] (C P Dinesh) ആണ്. പിന്നെ അപ്പുവും (ഷിബു), സഹയാത്രികനും (സുനില്‍) വന്നു. കുറച്ച് നേരം സംസാരിച്ചിരുന്ന് ഞങ്ങളെല്ലാവരും കൈതമുള്ളിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് ചായ കുടിച്ചു. വൈകീട്ട് ഞാനും, അപ്പുവും, സഹയാത്രികനും, വഴിപോക്കനും കൂടി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും വാങ്ങാനായ് ജംബോ ഇലക്ട്രോണിക്സില്‍ പോയി. വഴിപോക്കന്റെ സ്വാധീനത്തില്‍ ചില്ലറ ഡിസ്ക്കൌണ്ടില്‍ സാധനങ്ങള്‍ വാങ്ങി. അതിനിടെ ശശിയേട്ടനും കുടുംബവും അത്യാവശ്യമായി ഷാര്‍ജ്ജയില്‍ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളെ വന്ന് കണ്ടു യാത്ര പറഞ്ഞു.


അപ്പുവും, സഹയാത്രികനും ഷാര്‍ജ്ജയിലേക്ക് തിരിച്ചുപോയി. ഞാനും വഴിപോക്കനും ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാത്രി വഴിപോക്കന്റെ വക അത്താഴവിരുന്നും കഴിഞ്ഞ് എന്നെ എയര്‍പ്പോര്‍ട്ടിലേക്ക് യാത്രയാക്കും വരെ അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു.


എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി 3 ദിവസങ്ങള്‍ ചെലവഴിച്ച ദുബായ് എന്റെ ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് എന്നെ സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അവരുടെ ദേഷ്യം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ വീണും ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട് 

നിര്‍ത്തട്ടെ.
സസ്നേഹം
മുരളി

38 comments:

ശ്രീ said...

മുരളിയേട്ടാ...

ദുബായ് സ്മരണകള്‍‌ക്കുള്ള തേങ്ങ എന്റെ വക.
“ഠേ!”

ന്നാലും അന്ന് രാത്രി(വഴിപോക്കനും അപ്പുവേട്ടനും സഹയാത്രികനും ഒരുമിച്ച അന്ന്) നമ്മളൊരു രണ്ടു മിനിട്ട് ഫോണില്‍‌ സംസാരിച്ചിരുന്നു. എന്നെ മാത്രം മറന്നു കളഞ്ഞല്ലേ... സാരമില്ല.

;)

Murali K Menon said...

ങാ ശരിയാണ്. ശ്രീയുമായ് ഫോണില്‍ സംസാരിച്ചു. മന്‍സൂറുമായ് ഫോണില്‍ സംസാരിച്ചു. അതൊക്കെ കഷായം കുടിക്കുന്നതിനു തൊട്ടു മുമ്പായിരുന്നു അതുകൊണ്ട് പറ്റിപ്പോയതാ, ക്ഷമി അനിയാ...

വേണു venu said...

ഒരു ചെറു സംഗമം തന്നെ ആയിരുന്നല്ലോ.:)

അപ്പു ആദ്യാക്ഷരി said...

ഇനിയും ഇതിലേ വരണേ!!

Murali K Menon said...

അയ്യോ, വിശാലന്‍ ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ഹോട്ടലില്‍ വന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നുവെന്ന് പറയാന്‍ വിട്ടുപോയി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കൂടുതല്‍ സമയവും കൈതമാഷിന്റെ കൂടെയായിരുന്നതിനാല്‍ തലേക്കെട്ട് ‘ദുഫായിലെ 3 രാവുകള്‍’ എന്നായിരുന്നു ഒരു ചേര്‍ച്ച ;)

സാക്ഷരന്‍ said...

ഇതെല്ലാം സത്യാണോ ?

ബ്ളോഗേ ഒരു മായാലോകം ഏതാണുസത്യം ഏതാണു മായ എന്നറിയില്ല്യേ ...

വെറുതെ :)

സത്യമായിരിക്കട്ടെ ബ്ബ്ളോഗുലകവാസികളുടെ ആ പാറ്‍ട്ടി ... ഒരു വലീയ സൌഹ്റുദത്തിണ്റ്റെ തുടക്കമാവട്ടെ ... ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുഹൃത്‌സംഗമം നന്നായി.

വാല്‍മീകി said...

സഹയാത്രികന്‍ കാര്യങ്ങളുടെ ഒരു വിശദമായ വിവരണം തന്നിരുന്നു.
ഇപ്പോള്‍ നാട്ടിലോ അതൊ തിരിച്ചു ടാന്‍സാനിയയില്‍ എത്തിയോ?

ഉപാസന || Upasana said...

Menone,
appo naattileththyaa...
:)
upaasana

മുരളീധരന്‍ വി പി said...

നാട്ടിലെത്തിയെന്നറിയുന്നതില്‍ സന്തോഷം. ഷീല, ആതിര എന്നിവരോടും എന്റെ അന്വേഷണം അറിയിക്കുക...

മന്‍സുര്‍ said...

മുരളിഭായ്‌...

ദുബായ്‌ നഗരത്തിന്‍റെ മനോഹര കാഴ്‌ച്ചകളില്‍ അവിടെയുള്ള ബ്ലോഗ്ഗര്‍മാര്‍ നല്‍കിയ സ്നേഹവിരുന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ സന്തോഷം....മനോഹരമായി അവതരിപ്പിച്ചു....അഭിനന്ദനങ്ങള്‍...

ഓര്‍ക്കാപ്പുറത്താണെങ്കിലും സഹയാത്രികനെ ഫോണില്‍ വിളിച്ചപ്പോല്‍ നിങ്ങളെല്ലാം അവിടെയുണ്ടെന്നറിഞ്ഞപ്പോല്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
അക്ഷരങ്ങളിലൂടെ എന്നെ ബ്ലോഗ്ഗില്‍ ഓട്ടേറെ സഹായിച്ച മുരളിഭായിയോട്‌ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...എന്നാലും ഈ പ്രവാസിയെ മറന്നില്ലല്ലോ.....നന്ദി

നാട്ടിലെ അവധിക്കാലം സന്തോഷകരമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം...

നന്‍മകള്‍ നേരുന്നു

Sherlock said...

മുരളിയേട്ടാ...അപ്പ ടാന്‍സാനിയേന്നു മുങ്ങിയല്ലേ..:)

നാട്ടിലാണോ?

ഭൂമിപുത്രി said...

രസിച്ചുതന്നെവായിച്ചു..ഒരു വെടിക്കു,സോറി യാത്രക്കു,എത്രബ്ലോഗരെ വീഴ്ത്തി!

ഏ.ആര്‍. നജീം said...

ഇതൊക്കെ കണ്ടപ്പോ ഒരാഗ്രഹം ബക്രീദ് അവധിക്ക് കുവൈറ്റീനു നേരേ ദുഫായ്ക്ക് വിട്ടാലോന്നാ....

വിശാല്‍ജീ, സഹയാത്രികാ, അപ്പൂ... :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട് നിര്‍ത്തട്ടെ.
ഹ ഹ ഹ...സ്വാഗതം.മാഷിനു ഞങ്ങളേയും ഞങ്ങടെ ദുബായും ഒക്കെ വളരെ ഇഷ്ട്ടായി അല്ലേ?ഹ്രുദയം തുറന്ന് എഴുതിയ പോസ്റ്റ് കണ്ട്പ്പോള്‍ ഒരുപാടു സന്തോഷം തോന്നി. നന്ദി.ഇനിയും വരണം ഇവിടേക്കു.

അഭിലാഷങ്ങള്‍ said...

മുരളിയേട്ടാ,

താങ്കള്‍ വന്നതും പോയതും ഒന്നും ഞാനറിഞ്ഞില്ല..
അറിയിച്ചതുമില്ല...
മിണ്ടൂല്ല... :-(

“വീണ്ടും ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട് നിര്‍ത്തട്ടെ!”

ഈ വാചകം അല്പം സന്തോഷം തരുന്നു. അടുത്ത തവണ വരുമ്പോള്‍ എന്നോട് തീര്‍ച്ചയായും പറയണേ. പ്ലീസ്. (00971-50- 3831673)

പിന്നെ, കുറുമാന്‍ ഡ്രൈവിങ്ങ് സ്കില്‍ കാണിച്ച് ഷൈന്‍ ചെയ്തു അല്ലേ? ഹി ഹി.. ങും! ഇതുപോലുള്ള ഒരു ഡിസമ്പര്‍ മാസം കുറുമാന്‍ പണ്ട് ഡല്‍ഹിയില്‍ അയാളുടെ ഡ്രൈവിങ്ങ് സ്കില്‍ പ്രദര്‍ശ്ശിപ്പിച്ച ചരിത്രം താങ്കള്‍ക്കറിയാമല്ലോ? എന്തായാലും സേഫ് ആയി തിരിച്ചുപോയല്ലോ.. ഈശ്വരാ‍ നന്ദി.

-അഭിലാഷ്, ഷാര്‍ജ്ജ

മുസാഫിര്‍ said...

മുരളീ ഭായ് വളരെ അനൌപചാരികമായ ഈ ദുബായ് മീറ്റ് രസകരമായി എന്ന് വായിച്ചറിഞ്ഞതില്‍ സന്തോഷം.ശശിയേട്ടന്റെ ആഥിത്യപ്പെരുമ ദേരാ ക്രീക്കും കടലും കടന്നു പുറത്തേക്കു പോകുകയാ‍ണല്ലോ !

കുറുമാന്‍ said...

മുരളിയേട്ടാ,

നമ്മാള്‍ ആദ്യമായി കണ്ടത് സവേരയിലായിരുന്നു..........പിന്നെ ദാ ശശിയേട്ടന്റെ വീട്ടില്‍.........അന്നു രാത്രി മുരളീയേട്ടനെ വിട്ടിട്ടും എന്റെ വണ്ടി നിന്നില്ല......ഓടികൊണ്ടേ ഇരുന്നു 3 മണി വരെ :)

ഏറനാടന്‍ said...

മുരളിയേട്ടാ... ദുബായി വഴിവന്നതും നമ്മൂടെ പ്രിയബ്ലോഗുദോസ്തുക്കളെ കണ്ടതും വായിച്ചപ്പോള്‍ ഉള്‍‌പുളകം കൊണ്ടു. ഞാന്‍ അവിടെ ഇല്ലാതിരുന്നതില്‍ വല്ലാത്ത ദു:ഖമുണ്ട്. ഇല്ലെങ്കില്‍ നമുക്കെല്ലാവറ്ക്കും അടിച്ചുപൊളിക്കാമായിരുന്നു, സിറ്റിസെന്ററും ലുലു ഹൈപ്പര് മാറ്ക്കറ്റും എന്നിത്യാദി സ്ഥലങ്ങളെല്ലാം..

പടങ്ങള്‍ വല്ലതും എടുത്തിട്ടുണ്ടോ, അതൂടെ ഇടാമായിരുന്നില്ലേ? ആ കുറുമാന്‍‌‌ജീടെ ക്ലീന്‍ ഹെഡും വിശാലന്റെ മോന്തയും കണ്ടിട്ടിപ്പോള്‍ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു! ഒരു പൂതി ഒന്നൂടെ കാണാന്‍.. വിശാലന്‍ എന്നുവരും?

സജീവ് കടവനാട് said...

അപ്പം നാട്ടിലെത്തി. അല്ലേ? ഇനി പുതിയ പ്രോജക്റ്റുകളുമായുള്ള തിരക്കിലാകുമോ? ബ്ലോഗിനെ മറക്കല്ലേ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ദുബായ് സന്ദര്‍ശനത്തെപ്പറ്റിയുള്ള വിവരണം ഹൃദ്യമായി. നാട്ടില്‍ പോകാന്‍ തിരഞ്ഞെടുത്ത സമയം വളരെ ബെസ്റ്റ്. ക്രിസ്‌തുമസ്സും, പുതു വര്‍ഷവും ഒക്കെയായി കഷായത്തിനു നല്ല വകയുണ്ട്. നല്ലൊരവധിക്കാലം നേരുന്നു.തിരിച്ചു വരുമ്പോള്‍ കുറേ നാടന്‍ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നാട്ടില്‍ നിന്നും ‘തല്‍‌സമയ’ വിവരണവുമാകാം.

സ്നേഹതീരം said...

ഈ ബ്ലോഗിനുള്ളില്‍ ഇത്രയും അടുത്തറിയുന്ന ഒരു ചങ്ങാതിക്കൂട്ടമാണുള്ളതെന്ന് ഇതുവരെ ഞാന്‍ മനസ്സിലാക്കിയിരുന്നില്ല! നിങ്ങളുടെ സൌഹൃദത്തെക്കുറിച്ച് വായിച്ചറിയുമ്പോള്‍ എന്റെ മനസ്സിലും എന്തെന്നില്ലാത്ത സന്തോഷം..

ഫസല്‍ ബിനാലി.. said...

മനോഹരമായി അവതരിപ്പിച്ചു....അഭിനന്ദനങ്ങള്‍.
suhruthsangamam iniyuminuym...

മൂര്‍ത്തി said...

:)സൌഹൃദങ്ങള്‍ വളരട്ടെ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മാഷെ,
എല്ലാവരേയും ഒരുമിച്ചു കണ്ടതില്‍ വളരെ സന്തോഷം.
അക്ഷരങ്ങളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന, അങ്ങും, കൈതമുള്‍,വിശാലന്‍,അപ്പു,സഹന്‍ എല്ലാവരും എത്ര സഹ്യദയര്‍. കുറുമാനെ കാണാന്‍ പറ്റിയില്ല :( ഇത്തരം കൂടിക്കാഴ്ചകള്‍ ഇനിയും
ഉണ്ടാകണം.
പിന്നെ നമ്മുടെ ശ്രീ, മന്‍സൂര്‍ എന്നിവരുമായും സംസാരിക്കാന്‍ കഴിഞ്ഞു.
ഒരു നല്ല ദിവസം സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി.
..വിവരണവും നന്നായിരിക്കുന്നു.

Murali K Menon said...

വായിച്ച് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... മധുരസ്മരണകള്‍ ഉണര്‍ത്തുന്ന ദുബായിലെ ഹ്രസ്വ നിമിഷങ്ങളെ മനസ്സിലിട്ട് താലോലിച്ചുകൊണ്ട് കേരളത്തില്‍ കഴിയുന്ന സുഖം അനുഭവിക്കുന്നു.

ഇനി അടുത്ത യാത്ര ടാന്‍സാനിയായിലേക്ക് വേണോ, അതോ ദുബായിലേക്ക് വേണോ എന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു.. എല്ലാം വരുന്നിടത്ത് വെച്ച് കാണാം....
നമ്മള്‍ ഈ ലോകത്തില്‍ എവിടെയാണെങ്കിലും എപ്പോഴും കണ്ടുകൊണ്ടും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നവര്‍.... നമ്മളുടേത് പൂര്‍വ്വ ജന്മ സൌഹൃദം..

krish | കൃഷ് said...

ദുഫായിലെ മൂന്ന് രാത്രികള്‍ വിസ്മരിക്കാനാവാത്തതാക്കിയല്ലേ. അതല്ലേ ഇനി തിരിച്ച് ടാന്‍സാനിയയിലേക്ക് പോണോ അതോ ദുഫായ് മതിയോ എന്ന ശങ്ക!!
ഹാപ്പി നാടുകാണല്‍‍സ്.

Murali K Menon said...

അഭിലാഷ് പിണങ്ങല്ലേ, അടുത്ത വരവിനു ആദ്യം അറിയിക്കുന്നത് അഭിലാഷിനെ ആയിരിക്കും. പക്ഷെ അടുത്ത വരവ് എന്നാണെന്ന് മാത്രമേ അറിയാത്തതുള്ളു.

asdfasdf asfdasdf said...

മുരളിയേട്ടനേയും കുറുമാന്‍ കറക്കി അല്ലേ..കറക്കത്തിലെ ഫ്ലാഷുകളുടെ വിവരണം മാത്രം കണ്ടില്ല. :)

Anonymous said...

u boologa bloggers!!!!
thoroughly disappointing...

Murali K Menon said...

ശ്രീ, വേണു, അപ്പു, പ്രിയ, ഏറനാടന്‍, കൃഷ്, അഭിലാഷ്, ഫസല്‍, മൂര്‍ത്തി, വഴിപോക്കന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി. ബാക്കിയുള്ളവര്‍ക്ക് നന്ദിയോടൊപ്പം ചില കമന്റുകളും.
കുട്ടിച്ചാത്തന്‍ - മധുവിധുകാലം ബ്ലോഗ് വായനയിലാണോ?
സാക്ഷരന്‍: പറഞ്ഞതെല്ലാം അക്ഷരം പ്രതി വാസ്തവം മാത്രം... വിട്ടുപോയിട്ടുണ്ടെങ്കിലേ ഉള്ളു.
വാല്‍മീകി: ഇപ്പോള്‍ നാട്ടില്‍ തന്നെ. ഞാന്‍ ഇരിങ്ങാലക്കുടയിലും സഹയാത്രികന്‍ കൊടകരയിലും ഉള്ളപ്പോളാണല്ലോ നമ്മള്‍ കോള്‍ കോണ്‍ഫറന്‍സ് നടത്തിയത്. അപ്പോഴല്ലേ, ചപ്പാത്തി ചൂടാറിയതും, ഭാര്യ ചൂടായതും. ഒന്നും ഓര്‍മ്മയില്ല അല്ലേ!
ഉപാസന: അങ്ങനെ നാട്ടിലെത്തി ഇഷ്ടാ‍
മുരളി: എല്ലാവരോടും തൃപ്രയാര്‍ വിശേഷവും, പെരുന്തല്‍മണ്ണ വിശേഷവും അറിയിക്കാം
ജിഹേഷ്: ടാന്‍സാനിയയില്‍ മുങ്ങി, ദുബായില്‍ പൊന്തി, അവിടെ നിന്നും പൊങ്ങി കൊച്ചിയില്‍ താഴ്ന്നു.
മന്‍സൂര്‍: ടെലിഫോണിലൂടെ സ്വര സാന്നിദ്ധ്യം തന്നതിനു നന്ദി.
ഭൂമിപുതി: വെടിവെക്കാതെയാണ് ഇപ്പോള്‍ ബ്ലോഗറെ വീഴ്ത്തുന്നത്. സ്നേഹം എന്ന മയക്കു മരുന്ന് പരസ്പരം മോന്തി മയങ്ങിപ്പോയി 3 രാത്രികള്‍. അപ്പോള്‍ കണ്ട മനോഹര സ്വപ്നങ്ങള്‍ അവര്‍ണ്ണനീയം

നജീം: അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കുവൈറ്റിലേക്ക് വരും.
കിലുക്കാം‌പെട്ടി: ക്ഷണം ഇപ്പോഴേ സ്വീകരിച്ചിരിക്കുന്നു. ഏതു സമയത്തു വേണമെങ്കിലും കോളിംഗ് ബെല്‍ മുഴങ്ങും കെട്ടോ
മുസാഫിര്‍ പറഞ്ഞത് ശരിയാണ്. ശശിയേട്ടന്‍ അങ്ങനെ എത്ര പേരെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും കൈപുണ്യം അറിയിച്ചിരിക്കുന്നു. ഈശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ
കുറുമാന്റെ വണ്ടി അനിസ്യൂതം ഓടിക്കൊണ്ടിരിക്കട്ടെ ഊര്‍ജ്ജസ്വലതയോടെ, ആശംസകള്‍
കിനാവ്: പുതിയ പ്രോജക്റ്റുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. ബ്ലോഗിനെ മറന്നാലും, ബ്ലോഗേഴ്സിനെ മറക്കില്ല
മോഹന്‍ പുത്തന്‍‌ചിറ: ശരിയാണ്. ഇപ്പോള്‍ നാട്ടില്‍ നല്ല സമയം. കഷായത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മലയാളികള്‍ ഉത്സവത്തിനായ് പഴയതുപോലെ കാത്തിരിക്കുന്നില്ല. വിവരണങ്ങള്‍ പലപ്പോഴും നാട്ടിലുള്ളപ്പോള്‍ കുറയുകയാണു പതിവ്, എങ്കിലും ശ്രമിക്കാം. നന്ദി.
സ്നേഹതീരം: അപ്പോള്‍ ബ്ലോഗേഴ്സിന്റെ സ്നേഹം ഇതുവരെ അനുഭവപ്പെട്ടില്ലേ.... എല്ലാവരും തമ്മില്‍ മുട്ടന്‍ സ്നേഹമല്ലേ...
കുട്ടന്മേനോന്‍: കുറുമാന്‍ എന്നെ കറക്കിയില്ല, ഭൂലോകം അതിന്റെ അച്ചുതണ്ടില്‍ ക്ലോക്ക് വൈസിലും, ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാലുകളില്‍ ആന്റി ക്ലോക്ക് വൈസിലും തിരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, പണ്ട് സ്കൂളില്‍ പഠിച്ച ഭൂമിശാസ്ത്രവും, സാമൂഹ്യ പാഠവും, ഊര്‍ജ്ജതന്ത്രവും ഒക്കെ കുറേശ്ശെ കുറേശ്ശെ ഓര്‍മ്മ വന്നത്. ദുബായ് പോലീസ് അവരുടെ ലബോറട്ടറിയില്‍ കൊണ്ടുപോയി വല്ല പ്രാക്റ്റിക്കള്‍ ക്ലാസ് എടുക്കുമോ എന്ന ഭയം കൊണ്ടു ആ നാട്ടിലെ ഗസ്റ്റ് അപ്പിയറന്‍സായ ഞാന്‍ പെട്ടെന്ന് സ്കൂട്ടായ് എന്നു മാത്രം.

ബലിതവിചാരം: എന്തിനാ നിരാശത പ്രകടിപ്പിക്കുന്നത്. ബ്ലോഗേഴ്സ് പരസ്പരം കണ്ടുവെന്നും സ്നേഹം പ്രകടിപ്പിച്ചുവെന്നും അറിയിച്ചതില്‍ എന്തിനാണൊരു നിരാശത. എഴുത്ത് അതിന്റെ വഴിക്ക് നടക്കും. നമ്മള്‍ എന്തെങ്കിലും ശാഠ്യം പിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത് ബലിതവിചാരം... നല്ല രചനകളും, രചതിതാക്കളും അതാതു സമയങ്ങളില്‍ ഭൂലോകത്തില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും. ഞങ്ങള്‍ ഇങ്ങനെ വല്ലതും എഴുതുകയും, പിന്നെ സ്നേഹ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. ബോറടിക്കുന്നുവെന്നു കണ്ടാല്‍ ആ വഴിക്ക് പോകരുത്, അതേ കരണീയമായിട്ടുള്ളു.

സ്നേഹതീരം said...

ഈ കൂട്ടുകാരുടെ സ്നേഹം ആദ്യമേ തന്നെ എന്റെ മനസ്സിനെ സ്പര്‍ശിച്ചിരുന്നു. അതുകൊണ്ടല്ലേ,എല്ലാവരും പറയുന്നതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നത്‌. നിങ്ങള്‍ക്ക്‌ പരസ്പരം വ്യക്തിപരമായി അറിയാം എന്നതുമാത്രമാണ്‌ ഞാന്‍ അറിയാതെ പോയത്‌.

Anonymous said...

OK... Done Murali Sir...

Thanks for ur confession...

Murali K Menon said...

പ്രിയ ബലിതവിചാരം, It was not confession as you felt like. What I conveyed to you is a truth and it conveys clearly that no blogger has right to advise other blogger stating that blog is meant for writing such and such things. It is purely my opinion. At the same time each blogger can decide which blog is to be read and which is to be ignored. That's it. So no disappointment.... Hope you understood my point. Thanks and all the best.

Murali K Menon said...

സ്നേഹതീരം, ഞാന്‍ താങ്കളുടെ കമന്റ് വളരെ പോസിറ്റീവ് ആയി തന്നെയാണു കണ്ടത് കെട്ടോ.. “സ്നേഹമാണഖില സാരമൂഴിയില്‍”..
അതില്‍ സ്നേഹതീരവും ഉണ്ട്.

Unknown said...

hi Unc, I finally got Page ranking 3/10! My one xam has been posponed. so its gonna finish now only on 14th. so wont get time to come there. sorry!
rest later! So now in the mean time, i will start Malu lang. learning from where i had left a semester back. I will restart blogging soon! bye!

വിനിമയ (www.itpublic.org.in) said...

ഹഹ സുഹൃദ്സംഗമം കൊള്ളാം

ഇതിലെ വരുമല്ലോ
സസ്നേഹം
അക്ഷരക്കൂടാരം