Monday, October 22, 2007

ബലി കുടീരങ്ങൾ


“സഖാവ് സി.പി.കരുണനെ നിങ്ങള്‍ അറിയുമോ?”
പബ്ലിക് പ്രോസിക്യൂട്ടര്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന വര്‍ഗ്ഗീസിനോട് ചോദിച്ചു.
“ഇല്ല”
സാക്ഷിക്കൂടിന്റെ അഴികളില്‍ പിടിച്ച് തലകുനിച്ച് അയാള്‍ മന്ത്രിച്ചു. കോടതിമുറിയില്‍ വാദം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി പിറുപിറുത്തു. അത് പിന്നെ ഒരു ആരവമായ് മാറിയപ്പോള്‍ മജിസ്ട്രേറ്റ് കൊട്ടുവടി ഉയര്‍ത്തി മേശമേല്‍ അടിച്ച് ‘ഓര്‍ഡര്‍’ എന്ന് പറഞ്ഞു. ആരവമടങ്ങിയപ്പോള്‍ പ്രോസിക്യൂട്ടര്‍ വീണ്ടും ചോദിച്ചു.

“ഒരേ പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചീട്ടും സഖാവ് സി.പി.യെ നിങ്ങള്‍ അറിയില്ലെന്നാണോ പറയുന്നത്?”

“ഇല്ല”

നിങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍?
പ്രോസിക്യൂട്ടര്‍ ചോദ്യം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു,

“അങ്ങനൊരാളെ ഞാനറിയില്ല”

വര്‍ഗ്ഗീസ് ഉറക്കെയാണതു പറഞ്ഞതെങ്കിലും ശബ്ദം പതറിയിരുന്നു. ജനങ്ങളില്‍ പലരും ആശ്ചര്യപ്പെടുകയും, ചിലര്‍ തോളിലിട്ടിരുന്ന ചുവന്ന തോര്‍ത്ത് തലയില്‍ കെട്ടി ദേഷ്യത്തോടെ കോടതിമുറിയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. ജനക്കൂട്ടം തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞ് കോടതി ശബ്ദമുഖരിതമായപ്പോള്‍ മജിസ്ട്രേറ്റ് രണ്ടാമതും കൊട്ടുവടി കൊണ്ട് മേശമേല്‍ അടിച്ച് ശബ്ദത്തെ നിയന്ത്രിച്ചു.

പ്രോസിക്യൂട്ടറുടെ മൂന്നു ചോദ്യത്തിനും കരുണനെ അറിയില്ലെന്നു പറഞ്ഞതിനെ ന്യായീകരിക്കാനെന്നവണ്ണം വര്‍ഗ്ഗീസ് ആരേയും ശ്രദ്ധിക്കാതെ മെല്ലെ പറഞ്ഞു,

“ഞാന്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനൊന്നുമല്ല, അതുകൊണ്ടുതന്നെ എനിക്ക് സഖാവിനെ വലിയ പരിചയമില്ല”.

പ്രതികള്‍ ദീര്‍ഘനിശ്വാസത്തോടെ തങ്ങളുടെ വക്കീലിനെ നോക്കി. അദ്ദേഹം അവരെ നോക്കി ഒന്നു മന്ദഹസിച്ചു.

സാക്ഷിക്കൂട്ടില്‍ നിന്ന് ഇറങ്ങി ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ സ്വയം പുലമ്പി വര്‍ഗ്ഗീസ് പുറത്തേക്ക് നടക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന് തനിക്ക് പരിചയമുള്ള ഒരു തേങ്ങല്‍. കരഞ്ഞു വിളറിയ മുഖത്തോടെ കരുണന്റെ അമ്മ മകളുടെ തോളില്‍ തല ചായ്ച്ച് കിടക്കുന്നത് കണ്ട് അയാള്‍ മുഖം കുനിച്ച് കോടതി മുറിയില്‍ നിന്നും ഇറങ്ങി നടന്നു.

ഏലിക്കുട്ടി ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് മുട്ടുകുത്തി നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു.

“കര്‍ത്താവേ എന്റെ മോനെ കാത്തോളണേ”.

ഏലിക്കുട്ടിയുടെ അടുത്ത് മൂത്രം നനഞ്ഞ തഴപ്പായില്‍ കിടന്ന് താഴെയുള്ള മകന്‍ കൈകാലിട്ടടിച്ച് അവ്യക്തമായ ഭാഷയില്‍ എന്തോ ശബ്ദമുണ്ടാക്കി. അടുക്കളയില്‍ നിന്നും പുകയൂതി കലങ്ങിയ കണ്ണുകളുമായ് വന്ന രണ്ടാമത്തെ മകള്‍ സെലീന ഉമിനീര്‍ ഒലിച്ചിറങ്ങി നനഞ്ഞ അനുജന്റെ മുഖം വൃത്തിയാക്കി അവനെ ചെരിച്ചു കിടത്തി തലോടിക്കൊണ്ട് അമ്മയോട് പറഞ്ഞു,

“അമ്മേ, അതിനു ചേട്ടനെ സാക്ഷി പറയാനാ വിളിപ്പിച്ചിരിക്കണേ, അല്ലാണ്ട് ശിക്ഷിക്കാനല്ല”

അതൊന്നും ശ്രദ്ധിക്കാതെ ആ അമ്മ കര്‍ത്താവിന്റെ രൂപത്തില്‍ നോക്കി പറഞ്ഞുകൊണ്ടിരുന്നു,

“പള്ളിക്കാരും, പട്ടക്കാരും പറഞ്ഞിട്ട് അങ്ങേരു പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തീല്യ. പാര്‍ട്ടീടെ പേരും പറഞ്ഞ് അങ്ങേരെ കുത്തികൊന്നപ്പോ എനിക്കും പിള്ളേര്‍ക്കും മാത്രല്ലേ നഷ്ടപ്പെട്ടുള്ളു. ദാ ഇപ്പോ അങ്ങേരടെ വഴിയേ അവന്റെ ചങ്ങാതിയും പോയി. ഇനിയവനെ പിടിച്ചാ കിട്ടുമെന്ന് എനിക്കു തോന്നിണില്യ. ഈശോമിശിഹായേ, ഇതൊന്നും കാണാനും കേക്കാനും നിക്കാണ്ടെ ഈ രണ്ടു കൊച്ചുങ്ങളേം എന്നേം അങ്ങോട്ട് വിളിക്കണേ”

ഏലിക്കുട്ടി ഹൃദയം നൊന്തു ഉറക്കെ പ്രാര്‍ത്ഥിച്ചു.

“ചേട്ടനൊന്നും സംഭവിക്കില്ല എന്റമ്മേ, ഈ അമ്മേടൊരു കാര്യം”
അവള്‍ വന്ന് മുട്ടുകുത്തി കുരിശുവരച്ച് അമ്മയുടെ കയ്യില്‍ നിന്നും ബൈന്റടര്‍ന്ന് തുന്നല്‍ വിട്ട ബൈബിള്‍ വാങ്ങി സ്റ്റാന്റില്‍ വെച്ച് അടുക്കളയിലേക്ക് പോയി.

കോടതി വളപ്പില്‍ നിന്നും വര്‍ഗ്ഗീസ് പുറത്തിറങ്ങിയപ്പോള്‍ കുറേ പേര്‍ അവന്റെ മേലെ കുങ്കുമം വാരി വിതറി സന്തോഷം പ്രകടിപ്പിച്ചു. കുറച്ചുപേര്‍ അവനു ചുറ്റും നൃത്തം ചെയ്തു. വര്‍ഗ്ഗീസിനെ ദത്തെടുക്കാന്‍ തയ്യാറായ ഒരു സംഘം ആളുകള്‍ അയാള്‍ക്കുവേണ്ടി ജയ് വിളിച്ച് പിന്നാലെ കൂടിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളൊന്നും ശ്രദ്ധിക്കാതെ വര്‍ഗ്ഗീസ് നടന്നത് ഭ്രാന്ത് മാറ്റാനുള്ള ഔഷദം തേടിയായിരുന്നു.

അപ്പന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നാള്‍ അപ്പന്റെ വലം കയ്യായിരുന്നു കരുണന്‍. എന്നും ജാഥയുടെ ഇടയില്‍ അറിയപ്പെടാത്ത ഒരാളായ് നടന്നിരുന്ന തന്നെ മുന്നിലേക്ക് കൊണ്ടുവന്ന് കൊടി പിടിപ്പിച്ചത് കരുണനായിരുന്നു. അപ്പന്‍ രക്തസാക്ഷിയായപ്പോള്‍ തന്നേക്കാള്‍ പ്രതികാരദാഹം അവനായിരുന്നു. അവന്റെ എല്ലാ പദ്ധതികള്‍ക്കും താനന്നുമുതല്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ ഗ്ലാസ്സില്‍ പകുതിയോളം ഒഴിച്ച മദ്യത്തില്‍ നോക്കിയിരുന്ന് വര്‍ഗ്ഗീസ് പൊട്ടിക്കരഞ്ഞു. പിന്നെ മദ്യത്തില്‍ കണ്ണീരു നിറച്ചയാള്‍ പലവട്ടം മോന്തി. അന്നൊരു രാത്രിയില്‍ പാര്‍ട്ടി ആപ്പീസില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ താന്‍ കാണുന്ന സമത്വ സുന്ദര ഭാരതത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചപ്പോള്‍ കരുണന്‍ തന്റെ തോളില്‍ കയ്യിട്ട് ഒരു സ്വകാര്യം പറഞ്ഞു,

“എന്റെ വര്‍ഗ്ഗീസേ, നിന്റപ്പനുണ്ടായിരുന്ന കാലത്തെ പാര്‍ട്ടിയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ പാര്‍ട്ടി. ഒക്കെ ഒരു കണക്കാ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതി പ്രവര്‍ത്തനം നടത്തുന്നുവെന്നേ ഉള്ളു. നിന്റെ അപ്പനും എന്നോട് ഇത്തരം സ്വപ്നങ്ങള്‍ പറയുമായിരുന്നു. ഇപ്പോള്‍ നീയും. വര്‍ക്കീ, നീ വല്യ വല്യ സ്വപ്നങ്ങള്‍ കാണാതിരുന്നാല്‍ അത്രയും വെഷമം നിനക്ക് കൊറയും. ഒന്ന് നിര്‍ത്തി ശബ്ദം താഴ്ത്തി കരുണന്‍ പറഞ്ഞു, ചിലപ്പോള്‍ വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല.” അത് പറഞ്ഞ് അവന്‍ പെട്ടെന്ന് മൂകനായ് എന്തോ ആലോചിച്ചു നടന്നു.
സഖാവ് കരുണനില്‍ നിന്നും അത്രയും നിരാശാജനകമായ ഒരു വര്‍ത്തമാനം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മുഖഭാവം കണ്ടീട്ടാവും പിന്നെ അവന്‍ ഉറക്കെയുറക്കെ ചിരിച്ചു. എന്നത്തേയും പോലെ അവനെ പിന്‍പറ്റി താന്‍ നടന്നു. നടന്ന് നടന്ന് ഇടവഴിയിലേക്ക് കയറുമ്പോള്‍ ഒരലര്‍ച്ചയോടെ ചാടിവീണ ശത്രുക്കള്‍ തലങ്ങും വിലങ്ങും വെട്ടുമ്പോള്‍ കരുണന്റെ ദയനീയമായ കരച്ചില്‍ കേട്ടു.

“വര്‍ഗ്ഗീസേ നീ രക്ഷപ്പെട്ടോ, അവരെന്നെ വെട്ടിയെടാ”

ഭീരുവായ താനപ്പോള്‍ ഇരുട്ടിന്റെ മറവിലൂടെ ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്യുകയായിരുന്നു. താനും കൂടെ നിന്ന് അവരെ ചെറുത്തിരുന്നെങ്കില്‍ കരുണനു രക്ഷപ്പെടാന്‍ കഴിയുമായിരുന്നോ, അറിഞ്ഞുകൂടാ.

കരുണന്‍ ഉശിരോടെ പറഞ്ഞേറ്റു ചൊല്ലിയ മുദ്രവാക്യങ്ങള്‍ കാതുകളില്‍ ആര്‍ത്തലച്ചു. പലവട്ടം തന്നെ നിറച്ചൂട്ടിയ അവന്റെ അമ്മയുടെ തേങ്ങല്‍, പരിചിതമല്ലാത്ത പുത്തന്‍ സ്നേഹത്തിന്റെ വഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തിയ അവന്റെ സഹോദരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍. എല്ലാം വര്‍ഗ്ഗീസിന്റെ ഓര്‍മ്മയില്‍ കൂടുതല്‍ ശക്തിയോടെ തെളിഞ്ഞു വന്നു. വേണമെങ്കില്‍ എല്ലാം തുറന്ന് പറഞ്ഞ് പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ വാങ്ങിക്കൊടുക്കാമായിരുന്നു. അങ്ങനെ കരുണന്റെ അമ്മയുടെ മിഴിനീര്‍ തുടച്ച് അവന്റെ സഹോദരിയുടെ സ്നേഹം ഒരിക്കല്‍ കൂടി ഏറ്റുവാങ്ങാമായിരുന്നു. പക്ഷെ പ്രതിസന്ധികളില്‍ കൂടുതല്‍ സ്നേഹം സ്വന്തം നിലനില്പിനുവേണ്ടി മാത്രമായിരിക്കുമെന്ന സത്യം അയാളതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാ ഓര്‍മ്മകളില്‍ നിന്നും ഓടിയകലാന്‍ അയാള്‍ വീണ്ടും വീണ്ടും ഗ്ലാസു നിറക്കുകയും കുടിക്കുകയും ചെയ്തു.

“കരുണാ, നീയെന്നോട് പൊറുക്കില്ലേടാ, എനിക്കിനിയും ജീവിക്കണം. ഞാനില്ലാതായാല്‍ പിന്നെ......”

അവന്റെ ഗദ്ഗദങ്ങള്‍ നിലവിളിയായ് രൂപം കൊണ്ടപ്പോള്‍ സപ്ലൈര്‍മാര്‍ ഓടിവന്ന് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അടുത്തുള്ള ടേബിളിനു ചുറ്റും ഇരുന്നവര്‍ ഒരു കോമാളിയെ കണ്ട പോലെ അയാളെ നോക്കി ഉറക്കെയുറക്കെ ചിരിച്ചു. അയാള്‍ അപ്പോഴും അറിയാതെ തേങ്ങിക്കൊണ്ടിരുന്നു. അയാളുടെ തേങ്ങലും, കണ്ണീരുണങ്ങിയ മുഖവും കണ്ട് മറ്റു മദ്യപാനികള്‍ പലരും ആര്‍ത്ത് ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ വേച്ച് വേച്ച് പുറത്തേക്ക് നടന്നു. മദിരാലയത്തില്‍ നിന്ന് ചിരി പിന്തുടരുന്നതുപോലെ അയാള്‍ക്ക് തോന്നി.

തന്റെ ചങ്ങാതിയുടെ ജഡവും വഹിച്ച് മൌന ജാഥ കടന്നുപോയ മെയിന്‍ റോഡ് വിട്ട് അയാള്‍ പാടത്തേക്കിറങ്ങി. മൌനജാഥയുടെ മുന്നില്‍ നടക്കാന്‍ പോകാത്തതിനും, സഖാവിന്റെ കൊലയാളികള്‍ക്കെതിരെ പ്രതിഷേധിക്കുവാനും ഒരുങ്ങാത്ത തന്നെ പാര്‍ട്ടിയിലെ ഒറ്റുകാരനായ് കണ്ടതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കരുണന്റെ വിപ്ലവഗാനങ്ങളും, തീപ്പൊരി പ്രസംഗങ്ങളും, ഉശിരന്‍ മുദ്രവാക്യങ്ങളും കേട്ട് അവനെ പിന്‍പറ്റി നടന്ന തനിക്ക് എങ്ങനെ തുന്നിക്കെട്ടിയ, വികാരമില്ലാ‍ത്ത അവന്റെ ശരീരത്തിനൊപ്പം യാത്ര ചെയ്യാനാവും. മാനം മൂടിക്കെട്ടി നിന്നു. വീട്ടിലെത്തുന്നതിനു മുമ്പേ മഴ പെയ്തേക്കാം എന്നയാള്‍ക്കു തോന്നി. മഴ നനഞ്ഞങ്ങനെ നടന്നാല്‍ ഒരു പക്ഷെ തന്റെ ചുട്ടു നീറുന്ന മനസ്സിനൊരാശ്വാസമാവുമെന്ന് അയാള്‍ കരുതി. അയാള്‍ തന്നോടു തന്നെ സംസാരിച്ച് എല്ലാറ്റിനും ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പാടത്ത് നിറയെ വെള്ളം കെട്ടി കിടന്നിരുന്നു. നടക്കുമ്പോള്‍ പലപ്പോഴും വരമ്പില്‍ നിന്ന് പാടത്തേക്ക് അയാളുടെ കാലുകള്‍ വഴുതി. പാടം കടന്ന് അമ്പലപ്പറമ്പിന്റെ പുറകിലൂടെ പോയാ‍ല്‍ ആരും തന്നെ കാണില്ല. കാലത്തും വൈകീട്ടും കുറച്ചുനേരം മാത്രമേ അമ്പലപരിസരത്ത് ആളുകളുണ്ടാവു. ആടിയാടി വരുന്ന അവരുടെ മാതൃകാ സഖാവിനെ കണ്ട് പാര്‍ട്ടിക്കതൊരു കോട്ടമാവരുതെന്ന് തന്നെ അപ്പോഴും അയാള്‍ വെറുതെ ആഗ്രഹിച്ചു. അമ്പല നടയിലെത്തിയപ്പോള്‍ എന്തിനെന്നറിയാതെ ഒരു നിമിഷം അടഞ്ഞു കിടക്കുന്ന നടയിലേക്ക് നോക്കി. പിന്നെ അമ്പലപ്പറമ്പിലെ മതിലിനടുത്തേക്ക് നടന്നു.

വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മദ്യപിച്ച തന്നെ കണ്ട് അമ്മ ചിലപ്പോള്‍ കുറച്ചുനേരം കരയുമായിരിക്കും. അപ്പനോ താനോ ഇതുവരെ മദ്യപിച്ച് അമ്മ കണ്ടീട്ടില്ലല്ലോ. നസ്രാണികളെ നല്ല സ്വഭാവം പഠിപ്പിച്ച പാര്‍ട്ടിയെന്നാണ് അമ്മ ഒരിക്കല്‍ പറഞ്ഞതെന്നയാളോര്‍ത്തു. അപ്പനും, താനും പറയുന്നതായിരുന്നു അമ്മയുടെ പാര്‍ട്ടി. പക്ഷെ സെലീനക്ക് ചേട്ടന്റെ മനസ്സ് കാണാന്‍ പറ്റും. തന്റെ ചങ്ങാതിയെ തള്ളിപറഞ്ഞ് സ്വയം ബോധത്തോടെ തനിക്ക് ഉറങ്ങാനാവില്ലെന്ന് അവള്‍ക്കു മനസ്സിലാക്കാനാവും. അനിയനാണൊരര്‍ത്ഥത്തില്‍ ഭാഗ്യവാനെന്ന് അയാള്‍ക്ക് തോന്നി. ഒന്നും അറിയാതങ്ങനെ കിടക്കുക. ദേഷ്യമില്ല, സങ്കടങ്ങളില്ല, പ്രത്യയശാസ്ത്രത്തിന്റെ വേവലാതികളില്ല. ഒരു നിമിഷം അയാള്‍ അമ്പരന്നു നിന്നു. പത്തു പതിനഞ്ചു വയസ്സായ അവന്‍ കൊച്ചു കുട്ടിയൊന്നുമല്ല, എല്ലാം അവന്‍ അറിയുന്നുണ്ടാവണം. അവനു സ്നേഹവും, സങ്കടവും ഒന്നുമില്ലെന്ന് താന്‍ സ്വയം നിശ്ചയിച്ച് സമാധാനിച്ചതല്ലേ, അവന്റെ അടുത്തിരുന്ന് അതൊക്കെ ചോദിച്ചറിയാന്‍ താനിതുവരെ മിനക്കെട്ടീട്ടില്ലല്ലോ. ഇനിയങ്ങോട്ട് അവനെ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചീട്ട് ആരെന്തുനേടാന്‍. കരുണന്‍ പറഞ്ഞതുപോലെ എല്ലാം കണക്കാ.

അമ്പലപ്പറമ്പിന്റെ പൊട്ടി പൊളിഞ്ഞ മതിലിന്നപ്പുറത്തെ ഇടവഴിയിലെത്തിയപ്പോള്‍ വര്‍ഗ്ഗീസ് ഒരു നിമിഷം നിന്നു. അന്ന് താന്‍ ഇവിടെ വെച്ചാണ് കരുണനെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. കരുണനെകുറിച്ചുള്ള ഓര്‍മ്മകള്‍ അതുവരെ കുടിച്ച മദ്യത്തിന്റെ ലഹരിയെ തീര്‍ത്തും ഇല്ലാതാക്കി. ഇടവഴിയില്‍ നിന്ന് കുറ്റിക്കാടു താണ്ടിയാല്‍ അതിനപ്പുറം വേലിയില്ലാത്ത ഒരു കൊച്ചു പറമ്പില്‍ തന്നെ കാത്തിരിക്കുന്ന വീട്ടിലെത്താം. അയാള്‍ കുറ്റിക്കാട്ടിലൂടെ നടന്നു.

പൊടുന്നനെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നാലുപേര്‍ വര്‍ഗ്ഗീസിനെ പൊതിഞ്ഞു നിന്നു. പരിചിതരായ സഖാക്കളെ കണ്ട് അയാള്‍ മനസ്സു തുറന്നു ചിരിച്ചു. അവര്‍ എല്ലാവരും വലതുകൈ പുറകില്‍ വെച്ചിരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു. എന്താ എല്ലാവരും ഒരു കൈ മാത്രം പുറകില്‍ വെച്ചിരിക്കുന്നത്? അപ്പോള്‍ ഓരോരുത്തരും പുറകില്‍ നിന്നും കൈ മുന്നോട്ടെടുത്തു. ആ കൈകളിലെല്ലാം തിളങ്ങുന്ന കൊടുവാളുകള്‍ ഉണ്ടായിരുന്നു. സഖാവ് രാഘവന്‍ ഒരടി മുന്നോട്ട് കയറി വന്ന് അയാളോട് ചോദിച്ചു,

“അപ്പോള്‍ നീ സഖാവ് കരുണനെ അറിയില്ല അല്ലേ?”

ചോദ്യം തീരുന്നതിനു മുമ്പേ സഖാവ് രാഘവന്റെ കൊടുവാള്‍ അയാളുടെ കഴുത്തില്‍ ആഞ്ഞുപതിച്ചു. അയാള്‍ രാഘവന്റെ കൈകളിലേക്ക് നോക്കി, ഇല്ല, ചോരയില്‍ കുതിര്‍ന്ന അവന്റെ കൈ അല്പം പോലും വിറക്കുന്നുണ്ടായിരുന്നില്ല. പണ്ട് ആദ്യമായ് അവന്റെ കയ്യില്‍ കൊടുവാള്‍ കൊടുത്തപ്പോള്‍ ഒരു വെളിച്ചപ്പാടിനെ പോലെ വിറച്ചിരുന്ന അവനു വാളു പിടിച്ച് ഒരു മുന്‍പരിചയം പോലുമില്ലാതിരുന്ന താനായിരുന്നു വീര്യം പകര്‍ന്നതും അവന്റെ കൈ കൂട്ടിപ്പിടിച്ച് ധൈര്യം പകര്‍ന്നതും. ‘വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല’ കരുണന്റെ ശബ്ദം അയാള്‍ ഒരിക്കല്‍ കൂടി കേട്ടു. അതിനുശേഷമുള്ള അവന്റെ മൌനത്തിന്റെ പൊരുളും അപ്പോഴയാളറിഞ്ഞു. ചുറ്റും നിന്നവര്‍ സമയം പാഴാക്കിയില്ല പുറകില്‍ നിന്നും വശങ്ങളില്‍ നിന്നും അയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കൊടുവാളുകള്‍ പലവട്ടം കയറിയിറങ്ങി. അയാള്‍ കുറ്റിച്ചെടികള്‍ക്കടിയില്‍ കമിഴ്ന്നടിച്ചു വീണു.

ഞരമ്പുകളിലൂടെ രക്തം പുറത്തേക്ക് കുതിച്ചുപായുന്ന ഇരമ്പല്‍ അയാള്‍ കേട്ടു. രക്തത്തിന്റെ ഒഴുക്കില്‍ ശരീരം തരിക്കുന്നതിന്റെ ഒരു സുഖം അയാള്‍ അറിഞ്ഞു. ചുറ്റും പുല്ലില്‍ പരക്കുന്ന രക്തം അയാള്‍ കൈകൊണ്ട് തഴുകി. തനിക്കേറെ പ്രിയമുള്ള കടും ചുവപ്പു നിറം ക്രമേണ മാറി പല നിറങ്ങളായ് പരിണമിക്കുന്നതും പിന്നീട് നിറങ്ങളൊന്നും ഇല്ലാതാവുന്നതും അയാള്‍ അറിഞ്ഞു. അതാ പ്രകാശം പരത്തുന്ന കണ്ണുകളുമായ് ചിരിച്ചുകൊണ്ട് കൊച്ചരിപ്രാവിന്റെ അടയാളമുള്ള ഒരു വെളുത്ത കൊടിയുമായ് കരുണനും, അപ്പനും അയാളുടെ അടുത്തേക്കു വരുന്നു. അയാള്‍ ഉന്മേഷവാനായ് കരുണനില്‍ നിന്നും കൊടി ഏറ്റുവാങ്ങി അവരുടെ കൂടെ ധൃതിയില്‍ നടക്കുമ്പോള്‍ ശവം തീനി ഉറുമ്പുകള്‍ ജഡം സ്വന്തമാക്കി മൌനജാഥ തുടങ്ങിയിരുന്നു.
- 0 -

സമര്‍പ്പണം:   ആര്‍ക്കുവേണ്ടിയെന്നറിയാതെ, എന്തിനുവേണ്ടിയെന്നറിയാതെ വാളെടുത്ത് വാളാല്‍ നശിച്ച രാഷ്ട്രീയ ബലിയാടുകളുടെ ഓര്‍മ്മയില്‍ ജീവിതം പേറാന്‍ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് - മറ്റൊരര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക്.

59 comments:

Murali K Menon said...

ഞാന്‍ “നിറഭേദങ്ങള്‍” എന്ന കഥ ബൂലോക സുഹൃത്തുക്കളുടെ വായനക്കും അഭിപ്രായത്തിനുമായ് പോസ്റ്റ് ചെയ്യുന്നു.
സമര്‍പ്പണം: (1) ആര്‍ക്കുവേണ്ടിയെന്നറിയാതെ, എന്തിനുവേണ്ടിയെന്നറിയാതെ വാളെടുത്ത് വാളാല്‍ നശിച്ച രാഷ്ട്രീയ ബലിയാടുകളുടെ ഓര്‍മ്മയില്‍ ജീവിതം പേറാന്‍ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് - മറ്റൊരര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക്.
(2) നര്‍മ്മവും, പൈങ്കിളി കവിതകളും വിട്ട് ചെറുകഥകളെ ഗൌരവത്തോടെ സമീപിക്കാനും, അതിലേക്ക് തിരിച്ചുവരാനും ഇമെയിലുകളിലൂടെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ കാണാത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്.

അനില്‍ശ്രീ... said...

പലപ്പോഴും രാഷ്ടീയം പ്രതികാര രാഷ്ട്രീയം ആകുന്നതിന്റെ നേര്‍ക്കാഴ്ച.

ഇത് വേണ്ടിയിരുന്നില്ല , ഈ സംഭവം ഒഴിവാക്കാമായിരുന്നു എന്ന് പല വാര്‍ത്തകളും ഓര്‍മിപ്പിക്കാറുണ്ട്. എങ്കിലും എന്തോ ഇപ്പോഴും ആ രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. കാരണം മറ്റാരും അതിലും നല്ലതല്ല എന്നതു തന്നെ..

G.MANU said...

എന്റെ വര്‍ഗ്ഗീസേ, നിന്റപ്പനുണ്ടായിരുന്ന കാലത്തെ പാര്‍ട്ടിയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ പാര്‍ട്ടി. ഒക്കെ ഒരു കണക്കാ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതി പ്രവര്‍ത്തനം നടത്തുന്നുവെന്നേ ഉള്ളു.

ee vaachakam karaLil uTAkki maashe..... good touching work

Aravishiva said...

വാളെടുത്തവന്‍ വാളാലെ...അഴിയ്ക്കുന്തോറും സങ്കീര്‍ണ്ണമാവുന്ന രാഷ്ട്രീയമെന്ന വിഷയം അതിന്റെ തീവ്രതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്...അതിന്റെ തീവ്രത വായനക്കാരിലേക്ക് പകരുന്നതിലും വിജയിച്ചിരിയ്ക്കുന്നു...

ആശംസകള്‍...നല്ല ചെറു കഥകള്‍ ഇനിയുമെഴുതൂ...

പിന്നെ അവസാനിപ്പിയ്ക്കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കാമെന്നു തോന്നുന്നു.ദശാസന്ധി,അഭിനവ കാളിദാസന്‍ തുടങ്ങിയ ചെറുകഥകളിലും സമാനമായൊരന്ത്യം കണ്ടിരുന്നു...അവസാനത്തെ പാരഗ്രാഫ് ഒഴിവാക്കിയിരുന്നുവെങ്കില്‍ കുറച്ചു കൂടി നന്നായേനെ..ഒരു സ്ഥിരം വായനക്കാരനെന്ന നിലയ്ക്ക് മനസ്സില്‍ തോന്നിയത് കുറിച്ചുവെന്നു മാത്രം...

സസ്നേഹം...

വേണു venu said...

മുരളി മാഷേ ഇഷ്ടമായി. വാളെടുത്തവന്‍ വാളാലെന്ന രാഷ്ട്റിയ തത്വ ചിന്ത ഈ കഥയില്‍ വളരെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.പ്രതിസന്ധികളില്‍ കൂടുതല്‍ സ്നേഹം സ്വന്തം നിലനില്പിനുവേണ്ടി മാത്രമായിരിക്കുമെന്ന സത്യം മനസ്സിലാക്കി വരുമ്പോഴേയ്ക്കും താമസിച്ചു പോകുന്നു.മദ്യത്തില്‍ കണ്ണീരു നിറച്ചയാള്‍ പലവട്ടം മോന്തിയതു് വായനക്കാരന്‍റെ മനസ്സിലെ ഒരു വിങ്ങലായി മാറുന്നു.
അനുമോദനങ്ങള്‍.:)

സഹയാത്രികന്‍ said...

മുരളിയേട്ടാ... വളരേ ഇഷ്ടമായി...

രാഷ്ട്രീയത്തില്‍ വലിയ താത്പര്യമില്ലെങ്കിലും നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം ചെയ്തികള്‍ മനസ്സ് വിഷമിപ്പിക്കാറുണ്ട്...

:(

Anonymous said...

നന്നായി.

ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

asdfasdf asfdasdf said...

വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല.
എന്നത് സത്യം.
കഥ നന്നായി.

ചന്ദ്രകാന്തം said...

കണ്ണീരു നിറച്ച പാനപാത്രം, മാത്രം മതി വര്‍ഗീസിന്റെ മനസ്സ്‌ വായിയ്ക്കാന്‍..
ഹൃദയസ്പര്‍ശിയായ അവതരണം.

Unknown said...

രാഷ്ട്ര നിര്‍മ്മാണവും രാഷ്ട്രത്തെ സംബന്ധിയ്ക്കുന്ന കാര്യങ്ങളുമല്ലേ രാഷ്ട്രീയം? അല്ലാതെ മാഫിയാ സംഘങ്ങളെ പോലെ ചേരി തിരിഞ്ഞ് അടിപിടി ഉണ്ടാക്കുന്നതല്ലല്ലോ. പാരമ്പര്യമായി പാര്‍ട്ടിയുടെ ആളാവുന്നതും പാര്‍ട്ടി നോക്കി കല്ല്യാണം കഴിയ്ക്കുന്നതും എതിര്‍പ്പാര്‍ട്ടിക്കാരനെ കുത്തിമലത്തുന്നതും എന്ത് രാഷ്ട്രീയമാണ്, എന്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ് എന്നാണ് മനസ്സിലാവാത്തത്. ഭയങ്കര രാഷ്ട്രീയ പ്രബുദ്ധതയല്ലേ? ഫൂ...

Murali K Menon said...

അനില്‍ശ്രീ, ജി.മനു, വേണു, സഹയാത്രികന്‍, അനോണി, ചന്ദ്രകാന്തം, കുട്ടന്മേനോന്‍ വായിച്ചതിനും അഭിപ്രായമെഴുതിയതിനും നന്ദി.

അര‍വിശിവ: നന്ദി. പറഞ്ഞതില്‍ അല്പം കാര്യമുണ്ട്. ആ കഥാപാത്രങ്ങളൊക്കെ മരിച്ചു. രണ്ടും കമിഴ്ന്ന് കിടന്ന് മരിച്ചു. ഇതിലൊന്നു മലര്‍ത്തിയിടണമെന്നാഗ്രഹിച്ചെങ്കിലും ചോര മെഴുകുന്നതിനായ് കമിഴ്ത്തിക്കിടത്തിയതാണ്. ഇനി അടുത്ത കഥയില്‍ മരണമുണ്ടെങ്കില്‍ മറ്റൊരു രീതിയില്‍ കൊല്ലാനോ, മരിക്കാനോ അനുവദിക്കാം.

ദില്‍ബു: തന്നെ ദേഷ്യം പിടിപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. താന്‍ പറഞ്ഞതാണു അസ്സല്‍ രാഷ്ട്രീയം, ഞാന്‍ പറഞ്ഞത് വെറും കഥ മാഫിയകളായ് മാറിപ്പോയ ചിലരുടെ പഴങ്കഥ - അതോ ഈ കഥ ഇവിടെ ആവര്‍ത്തിക്കുന്ന കഥയാണോ അല്ലാതിരിക്കട്ടെ. സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി

krish | കൃഷ് said...

“....കൊടി ഏറ്റുവാങ്ങി അവരുടെ കൂടെ ധൃതിയില്‍ നടക്കുമ്പോള്‍ ശവം തീനി ഉറുമ്പുകള്‍ ജഡം സ്വന്തമാക്കി മൌനജാഥ തുടങ്ങിയിരുന്നു“

ഇതല്ലേ ഇന്നും ചിലയിടങ്ങളില്‍ നടക്കുന്നത്. നല്ല എഴുത്ത്.

സജീവ് കടവനാട് said...

എക്സാജിറേഷന്‍ കൂടിപ്പോയോന്നൊരു....:)

സു | Su said...

കഥ നന്നായിട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലും രക്തസാക്ഷികള്‍ ഉണ്ടാവുന്നത് ഇങ്ങനെ തന്നെ ആയിരിക്കും.

Murali K Menon said...

കൃഷ്, കിനാവ്, സൂ നന്ദി.

കിനാവ്: വെട്ടുമ്പോള്‍ മരിച്ചില്ലെന്ന് കണ്ട് അതുറപ്പു വരുന്നത് വരെ നില്‍ക്കാനുള്ള സാവകാശമില്ലാത്തതിനാല്‍ ആരും അവനെ രക്ഷപ്പെടുത്താന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെ കുടല്‍മാലകളില്‍ മണല്‍ വാരിയിട്ടോടുന്ന രാഷ്ടീയ പക, കുരുന്നു കുട്ടികളുടെ ക്ലാസ് മുറിയിലിട്ട് അദ്ധ്യാപകനെ കൊല്ലുന്ന നാട്.. ഇതൊക്കെ ഒരാള്‍ പറഞ്ഞുകേട്ടാല്‍ നമുക്കൊക്കെ എക്സാജറേഷനായിരുന്നു ഒരുകാലത്ത്. പക്ഷെ ഇപ്പോള്‍ കേരളത്തെ അറിയുന്ന ഒരാള്‍ക്ക് അതൊക്കെ ഒന്നുമല്ലെന്ന ഒരു നിസാര ഭാവം മാത്രം. എക്സാജറേഷന്‍ എന്ന വാക്ക് ഇപ്പോ‍ള്‍ നമ്മുടെ കണ്‍സെപ്റ്റില്‍ ഒതുങ്ങാത്ത അത്ര വലിപ്പം വെച്ചിരിക്കുന്നുവെന്നര്‍ത്ഥം.
താങ്കളുടെ അഭിപ്രായത്തിനൊരിക്കല്‍ കൂടി നന്ദി.

ഗിരീഷ്‌ എ എസ്‌ said...

അടുത്തിടെ വായിച്ചതില്‍ ഒരുപാടിഷ്ടമായ കഥ
ഇതിലൊരു യാഥാര്‍ത്ഥ്യമുണ്ട്‌..
ഒരു കുടുംബത്തിലെ അംഗമായിരിക്കുമ്പോള്‍ തന്നെ
അതേ പാളയത്തില്‍ നിന്ന്‌ ശത്രുക്കളെ നേരിടേണ്ടി വരുന്ന
അവസ്ഥ രാഷ്ട്രീയത്തിന്റെ നിറം കെടുത്താന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌...
അത്‌ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു....

കഥയെ ഗൗരവമായി കാണുക എന്ന ആശയത്തോട്‌ പൂര്‍ണമായും യോജിക്കുന്നു..ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട് മുരളിയേട്ടാ.
കഥയുടെ ആത്മാവ് വായനക്കാരുമായി നേരിട്ടു സംവദിക്കുന്നു.

മന്‍സുര്‍ said...

മുരളിഭായ്‌...

പുതിയ പോസ്റ്റ്‌ കണ്ടു...ഒന്നോടിച്ചു പോയി...
പ്രിന്റ്‌ എടുത്തു ഇനി...രാത്രിയില്‍ വിസ്‌തരിച്ചൊന്ന്‌ വായിച്ച്‌...അനുയോജ്യമായാ കമന്‍റ്റ്‌ ഇടാം...മോശമാവില്ല അതുറപ്പ്‌...തിരിച്ചു വരാം

നന്‍മകള്‍ നേരുന്നു

മയൂര said...

വളരെ ഇഷ്ടമായി...

Murali K Menon said...

ദ്രൌപതി, വാല്മീകി, മയൂര - ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ വളരെ നന്ദി, സന്തോഷം. മന്‍സൂര്‍ നാളെ ശരിക്കും എന്നെ പിടിച്ച് കുടയാനായ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

വാളൂരാന്‍ said...

മുരളിമേന്‍‌നേ,
നര്‍മ്മം എഴുതിയിരുന്നപ്പോഴേ തോന്നി ഇതുപോലൊരു ഉഗ്രന്‍ കഥക്കാണ് കോപ്പുകൂട്ടുന്നതെന്ന്, വളരെ നല്ലത്.
മദിരാലയത്തില്‍ നിന്ന്.....?
അവസാനം വര്‍ഗ്ഗീസിനെ കൊല്ലണ്ടായിരുന്നു, അവനെ വീണ്ടും പോരാടാനായി (പാര്‍ട്ടിക്കുവേണ്ടിയല്ല, പള്ളിക്കുവേണ്ടിയുമല്ല) വിടാമായിരുന്നു...
വെറുതെ അങ്ങിനെ ആലോചിച്ചുപോയി അത്രന്നെ.
പിന്നെ നര്‍മ്മം നിര്‍ത്തല്ലേ, ഇടക്കു അതുകൂടി ആവുമ്പോള്‍ ഇതു കൂടുതല്‍ ആസ്വാദ്യമാവുന്നു.

മെലോഡിയസ് said...

മുരളി ചേട്ടാ..വളരെയിഷ്ട്ടമായീ ചെറുകഥ. നല്ല എഴുത്ത്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഏലിക്കുട്ടി ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് മുട്ടുകുത്തി നിന്ന് വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു.

“കര്‍ത്താവേ എന്റെ മോനെ കാത്തോളണേ”.
ഉദയം മുതല്‍ അസ്തമയം വരെ അസ്തമയം മുതല്‍ ഉദയം വരെ ജനനം മുതല്‍ മരണം വരെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി ഈ രക്തസാക്ഷികളായവരെ കാത്തിരുന്നു കാത്തിരുന്നു മരണം വരെ കണ്ണുനീര്‍ സാക്ഷികളായി ജീവിതം ഹോമിച്ച പാവങ്ങളേ..... ആരു ഓര്‍ക്കാന്‍?
ജീവിക്കുന്നവരെ അരാണു ഓര്‍ക്കുക?
ഇതു കഥയല്ല മാഷേ...
എന്താ പറയുക.
അറിയില്ല.

Sethunath UN said...

മുര‌ളിയേട്ടാ,
ച‌‌‌ര്‍വ്വിത ച‌‌‌‌ര്‍വ്വണ‌ം ചെയ്യപ്പെട്ട വിഷയ‌മാണെങ്കിലും കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ജനവുമായി നേരിട്ടു സ‌ംവദിച്ചിരുന്ന ആ‌ത്മാ‌ര്‍ത്ഥതയുള്ള രാഷ്ട്രീയ‌പ്രവ‌ര്‍ത്തക‌ര്‍ അന്യം നിന്നു പോയിരിയ്ക്കുന്നു. എന്നാലും ഉണ്ടിപ്പോഴും. പ്രസ്ഥാന‌ത്തിനു സ‌ംഭവിച്ച അപച‌യ‌‌ം തന്നിലേക്കു‌ള്‍ക്കൊള്ളാതെ.. കണ്ടില്ലെന്ന് ന‌ടിച്ച്.. വേദന‌യോടെ.

ഓ.ടോ
പിന്നെ.. സ: മുരളീ..
നിങ്ങ‌ള്‍ പാ‌ര്‍ട്ടി പരിപാടി വായിച്ചിട്ടുണ്ടോ? ഇപ്പോ‌ള്‍ താങ്ക‌ള്‍ ചെയ്യുന്നത് പാ‌ര്‍ട്ടിവിരുദ്ധ പ്രവ‌ര്‍ത്തന‌ം. പുറത്താക്കാതിരിയ്ക്കാന്‍ കാര‌ണം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊ‌ള്‍ക. പിന്തിരിപ്പ‌ന്‍ സാഹിത്യം. ഹും!

ന‌ര്‍മ്മ‌ം വിടരുത്. വേണ‌മിനിയും.

എതിരന്‍ കതിരവന്‍ said...

നേതാക്കന്മാര്‍ ഈ പിണിയാളുകളുടെ കയ്യില്‍ തോക്കു കൊടുക്കാത്തതെന്താണെന്നോ? അവരുടെ നേരെ അതു നീണേട്ക്കും. അതുകൊണ്ട് വളര ‘പ്രിമിറ്റീവ്’ ആയ വാളില്‍ നിര്‍ത്തിയേക്കുകയാണ് പ്രതികാര ക്രോധങ്ങളൊക്കെ.
കണ്ണൂര്‍ ഭാഗത്ത് കൂടുതല്‍ തോക്കുകള്‍ വരണേ എന്നു പ്രാര്‍ത്ഥന.

നല്ല കഥ മുരളീ.

ഹരിശ്രീ said...

ഞരമ്പുകളിലൂടെ രക്തം പുറത്തേക്ക് കുതിച്ചുപായുന്ന ഇരമ്പല്‍ അയാള്‍ കേട്ടു. രക്തത്തിന്റെ ഒഴുക്കില്‍ ശരീരം തരിക്കുന്നതിന്റെ ഒരു സുഖം അയാള്‍ അറിഞ്ഞു. ചുറ്റും പുല്ലില്‍ പരക്കുന്ന രക്തം അയാള്‍ കൈകൊണ്ട് തഴുകി. തനിക്കേറെ പ്രിയമുള്ള കടും ചുവപ്പു നിറം ക്രമേണ മാറി പല നിറങ്ങളായ് പരിണമിക്കുന്നതും പിന്നീട് നിറങ്ങളൊന്നും ഇല്ലാതാവുന്നതും അയാള്‍ അറിഞ്ഞു.

മുരളിയേട്ടാ കഥ അസ്സലായിട്ടുണ്ട്. ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Really touched!!!

Murali K Menon said...

മുരളി: കഥ ഇഷ്ടമായെന്നറിഞ്ഞ് സന്തോഷം. നര്‍മ്മം നിര്‍ത്താന്‍ കഴിയില്ല, കാരണം അടിസ്ഥാനപരമായ് നര്‍മ്മം വളരെ ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍. മദിരാലയം? മദ്യവും, മദിരാക്ഷിയും എല്ലാം ചേര്‍ന്നുള്ള ഒരു ആലയമായിരുന്നു അത്.

മെലോഡിയസ്: നന്ദി
കിലുക്കാം‌പെട്ടി: ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കുവേണ്ടി എഴുതിയ കഥയെ ഇഷ്ടപ്പെട്ടതിനു ഒരുപാടു നന്ദി.
നിഷ്ക്കളങ്കന്‍: ശരിയാണ് കാലങ്ങളായ് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതും, ചവച്ചു തുപ്പിയതുമാണ് തീം. പക്ഷെ ഇന്നും നമ്മള്‍ അതില്‍ നിന്നും മോചിതരല്ലാത്തതിനാല്‍ മാത്രം ആ തീമിനു പ്രസക്തിയുണ്ടെന്ന് തോന്നി എഴുതിയതാണു. നന്ദി
എതിരവന്‍, ഹരിശ്രീ, പ്രിയ: നിങ്ങളുടെ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി.

sandoz said...

ജീവന്‍ എടുത്തും കൊടുത്തുമാണ്‌ ചില പോക്കറ്റുകളില്‍ പാര്‍ട്ടി അവരുടെ സ്വാധീനം നിലനിര്‍ത്തുന്നത്‌.വ്യക്തികള്‍ ഉപകരണങ്ങള്‍ മാത്രം....പ്രസ്ഥാനമാണ്‌ വലുത്‌ എന്നാണല്ലോ തത്വസംഹിതകള്‍ വിളിച്ചോതുന്നത്‌.
മുരളിച്ചേട്ടാ....ഗൗരവസമീപനത്തിന്‌ ആത്മാര്‍ഥമായി ശ്രമിക്കുന്നത്‌ കണ്ടപ്പോള്‍ സന്തോഷം.
എന്നെങ്കിലുമൊരിക്കല്‍ ബ്ലോഗിംഗ്‌ എന്ന മാധ്യമത്തെ ഞാനും സീരിയസ്സായി കണ്ടുതുടങ്ങിയാല്‍....
കണ്ടുതുടങ്ങിയാല്‍ മാത്രം..
എനിക്കുമുണ്ട്‌ പറയാന്‍....
കുറേ ചോരക്കഥകള്‍.
ചോരകൊണ്ട്‌ കൊടിനിറത്തിന്റെ പ്രഭ കൂട്ടിയ കുറേ പിശാചുകളുടെ കഥ ഞാനും ആഘോഷിക്കും.

കൊച്ചുത്രേസ്യ said...

മാഷേ കഥയെപറ്റി ഒന്നും പറയാനില്ല. ഇപ്പോ വന്നു വന്ന്‌ ഇതൊക്കെ ഇത്തരം കഥകളും വാര്‍ത്തകളും ഒക്കെ കാണുമ്പോള്‍ ഒന്നും തോന്നാറില്ല. സത്യം പറഞ്ഞാല്‍ നാട്ടില്‍ ഏതെങ്കിലും ബന്ധുവീട്ടില്‍ പോകുന്നതിനു മുന്‍പ്‌ പേപ്പര്‍ മുഴുവന്‍ അരിച്ചു പെറുക്കി പരിശോധിക്കും-ആ ഏരിയയില്‍ എന്തെങ്കിലും രാഷ്ട്രീയ സംഘടനങ്ങളുണ്ടായിട്ടുണ്ടോ എന്ന്‌.

ഏതു പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ചു മരിച്ചാലും അവസാനം നഷ്ടം മുഴുവന്‍ അവനവന്റെ കുടുംബത്തിനു മാത്രമാണ്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ കൊല്ലാനും ചാവാനുമായി ഓരോരുത്തര്‍ ഇറങ്ങിപുറപ്പെടുന്നത്‌. അതും മിക്കവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും. ഇങ്ങനെ ബലിയാടായാവരുടെ കുടുംബത്തിലെ അവസ്ഥ കണ്ടാല്‍ വിചാരിച്ചു പോകും- ആദ്യം വീടു നന്നാക്കീട്ടു പോരാരുന്നോ നാടു നന്നാക്കല്‍..

ദാസ്‌ said...

കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും ധാരാളം കഥകള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ കൊലചെയ്തതിനു ശേഷം ആര്‍ക്കും വേണ്ടാതെ, ശിഷ്ടജീവിതം ജയിലിനുള്ളിലും, കോടതികളിലുമായി ചിലവഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കായി എഴുതുക... രക്തസാക്ഷിയെന്ന ബഹുമതിക്കുപോലും അര്‍ഹതയില്ലാത്തവര്‍ക്ക്‌ വേണ്ടി ഇനിയും രാഷ്ട്രീയ കഥയെഴുതുക...

Murali K Menon said...

സാന്‍ഡോസ്, കൊച്ചുത്രേസ്യ നന്ദി.
ദാസ്: “കൊലചെയ്തതിനു ശേഷം ആര്‍ക്കും വേണ്ടാതെ, ശിഷ്ടജീവിതം ജയിലിനുള്ളിലും, കോടതികളിലുമായി ചിലവഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കായി എഴുതുക...“ മറ്റെന്താണ് അവര്‍ക്ക് ലഭിക്കേണ്ടത് ദാസ്. ആര്‍ക്കും വേണ്ടാതായത് ആരുടെ കുറ്റം കൊണ്ടാണ് ചങ്ങാതി. നമുക്ക് കണ്ണുള്ളത് കാണാന്‍ മാത്രമല്ല, കാണാതിരിക്കാ‍നും കൂടിയാണെന്നും ചെവിയുള്ളത് കേള്‍ക്കേണ്ടത് കേള്‍ക്കാനും അല്ലാത്തത് കേള്‍ക്കാതിരിക്കാനും കൂടീയാവുമ്പോള്‍ എന്ത് ദയാവായ്പ്പാണു നമ്മളവര്‍ക്ക് നല്‍കേണ്ടത്. അവരെ ഉപയോഗിച്ചവര്‍ അതിനുശേഷം അവരെ മറന്നെങ്കില്‍ അത് ഒരുപക്ഷെ അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷതന്നെ ആയിരിക്കും.
മറിച്ച് ദാസ് പറയുന്നത് എല്ലാറ്റിനും മൂകസാക്ഷികളായ് നിലകൊള്ളേണ്ടി വരുന്ന ബലിയാടുകളെ പോറ്റി വളര്‍ത്താന്‍ മാത്രം ഭാഗ്യഹീനരായ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെ പറ്റിയുള്ള കഥകളാണെങ്കില്‍ തീര്‍ച്ചയായും യോജിക്കുന്നു.

ദാസ്‌ said...

ഞാന്‍ ഉദ്ദേശിച്ചത്‌ ആദ്യം പറഞ്ഞ വിഭാഗത്തെത്തന്നെയാണ്‌. പലപ്പോഴും രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ്‌ സാധ്യമാവാറില്ല. അത്തരത്തില്‍ ഉപയോഗിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന കുറച്ചു പേരെങ്കിലുമുണ്ട്‌. സ്വയം കൊലയാളിയാവാന്‍ ഇഷ്ടപ്പെട്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരല്ല. മറിച്ച്‌ വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍, അഥവ എതിര്‍ത്തു ജയിക്കാന്‍ മനഃശക്തിയില്ലാത്ത രാഷ്ട്രീയ ബാല്യക്കാരെ പരിചയപ്പെടാന്‍ ഇടയായതിനാല്‍ തോന്നിയ ചിന്തയാണ്‌ പങ്കുവെച്ചത്‌. കുറച്ചുകൂടി വ്യക്തമായി പറഞ്ഞുതരാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്‌. എന്നെങ്കിലും ഒരു കഥയെഴുതാനായാല്‍ ഞാന്‍ ശ്രമിക്കാം.

Murali K Menon said...

ഓ അതോ, പുടി കിട്ടി. ഒരു കാലത്ത് ആദര്‍ശത്തിന്റെ പേരില്‍ നേതാക്കളെ സംരക്ഷിക്കാന്‍ ഏറ്റെടുത്തിരുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഇന്ന് ഏറ്റെടുക്കുന്നത് കാശിന്റെ വലിപ്പം നോക്കിയിട്ടാണ്. എന്നീട്ടും എന്തോ സഹതാപം തോന്നാനെന്തോ ഒരു വൈക്ലബ്യം...!
അടുത്തു പരിചയപ്പെട്ട അത്തരം കുഞ്ഞാടുണ്ടെങ്കില്‍ എഴുതൂ സുഹൃത്തേ....ഭാവുകങ്ങള്‍

Raji Chandrasekhar said...

കഥ പറയുന്ന രീതി വശമുണ്ടല്ലൊ മാഷെ,
ഇനിയങ്ങോട്ട് മടിക്കാതെ കാച്ചിക്കോളൂ.

Sreejith said...

രക്തസാക്ഷികള്‍ എല്ലാക്കാലത്തും എല്ലാപാര്‍ട്ടിക്കാര്‍ക്കും ആവശ്യമാണ്.രാഷ്ടീയ പ്രസ്ഥാനങ്ങള്‍ ചീഞ്ഞുനാറുന്ന ഈ കാലഘട്ടത്തിലും നേതാക്കന്മാരുടെ പ്രസംഗംകേട്ട് ആവേശം കൊള്ളുന്ന അണികള്‍ ഇത്തരം കഥകള്‍ വായിച്ചിരിക്കേണ്ടതാണ്.(ക്ഷമിക്കണം ഇതൊക്കെ വായിക്കുന്നവന്‍ അങ്ങനെയാകത്തില്ല,വായിച്ചവര്‍ പറഞ്ഞുകൊടുക്കുക)

Murali K Menon said...

രജി: ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയെന്ന നിലയില്‍ താങ്കളുടെ പ്രോത്സാഹനം കൂടുതല്‍ സന്തോഷം തരുന്നു. ഇതുവരെ കഥാവിഭാഗത്തില്‍ ഏതാണ്ട് ഇരുപത്തഞ്ചോളം പോസ്റ്റിംഗ്സ് നടത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു കഥ ഒറ്റ ദിവസം കൊണ്ട് എഴുതി പോസ്റ്റ് ചെയ്തത്. അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും അറിയാം.

ഉപദേശി: സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.

പരമാര്‍ഥങ്ങള്‍ said...

സഖാവേ,ലാല്‍സലാം.ദുഃഖമറിയുന്നവന്‍ സഖാവ്.ഇനിയും എഴുതൂ

പരമാര്‍ഥങ്ങള്‍ said...

പിന്നേയ്,എനിക്ക് മറ്റ് ബ്ലോഗുഗള്‍ നോഓക്കനറിയില്ല.ഒന്ന് പരഞ്ഞുതര്വോ....?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇവിടെ എത്തി എല്ലാപോസ്റ്റുകളും വായിക്കാറുണ്ട് കേട്ടോ..ഒരു പരിഭവം, കവിതാ രചനയിലുള്ള താങ്കളുടെ ശ്രമം ഉപേക്ഷിക്കുന്ന പോലെ തോന്നുന്നു..
ആരു നിരുത്സാഹപ്പെടുത്തിയാലും ഇനിയും തുടരണമെന്നാണ് എനിക്കു തോന്നുന്നത്; കുറച്ചു കൂടി ഗൌരവകരമായി ചെയ്താല്‍ മതി.

കാലിക പ്രാധാന്യമുള്ള ഒരു വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു..അഭിനന്ദനങ്ങള്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയം എക്കാലവും ലോകം കണ്ടിട്ടുള്ളതാണ്. അതു തുടരുക തന്നെ ചെയ്യും. അതില്‍ രക്തം ചീന്തിയവരെ നമുക്കു സ്മരിക്കാം, ജീവിച്ചിരിക്കുന്ന രക്തസാക്ഷികളേയും.

Murali K Menon said...

പരമാര്‍ത്ഥങ്ങള്‍: നമ്പ്യാര്‍ സാര്‍ വാ‍യനക്കും, അഭിപ്രായത്തിനും നന്ദി. പിന്നെ എങ്ങനെ മറ്റു ബ്ലോഗുകള്‍ വായിക്കാം എന്നുള്ളതിനു ഞാന്‍ വിശദമായ് മെയില്‍ അയച്ചീട്ടുണ്ട്. ഗൂഗിളില്‍ ഒരു സര്‍ച്ച് നടത്തിയാല്‍ ഇഷ്ടം പോലെ ഇതിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.

വഴിപോക്കന്‍: ഇവിടെ സന്ദര്‍ശിക്കുന്നുണ്ടെന്ന് ഫീഡ്ജിത് കാണിക്കുന്നുണ്ട്. അഭിപ്രായപ്പെടാന്‍ മാത്രം ഒന്നുമില്ലാത്തതുകൊണ്ട് മിണ്ടാതെ പോയതായിരിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പിന്നെ കവിത എന്താണെന്നറിയുന്നവന്‍ അതെഴുതും. ഞാന്‍ കവിത എഴുതില്ലെന്നേ പറഞ്ഞീട്ടുള്ളു. അവള്‍ എന്നേ പിണങ്ങിപ്പോയി. മാത്രവുമല്ല ‘തവിക‘ കൂടെയുള്ളതിനാല്‍ കവിത ഇനി വരുമെന്ന പ്രതീക്ഷയില്ല. തവിക തുടരാം വല്ലപ്പോഴും. ഒരുപാട് നന്ദി...

മന്‍സുര്‍ said...

മുരളി ഭായ്‌...

സാമൂഹികചുറ്റുപാടിനോട്‌ പ്രതിബദ്ധതയുള്ള കഥ....
നെട്ടോട്ടമോടുന്ന ജീവിതം....എന്തോക്കെയോ വാരി കൈപിടിയിലൊതുക്കാന്‍ ആവേശത്തോടെയുള്ള മരണപാച്ചിലില്‍ കണ്ടിട്ടും കാണാതെ പോകുന്ന സമൂഹം...
ഇന്നത്തെ ലോകം...നാളത്തെയും...
ഒരു വ്യക്തമുള്ള ജീവിത ചിത്രം.

നന്‍മകള്‍ നേരുന്നു

Visala Manaskan said...

പ്രിയ മുരളിച്ചേട്ടന്‍,

എത്ര കഥകള്‍ കേട്ടാലും എത്ര കരച്ചിലുകള്‍ ലൈവായി നേരില്‍ കണ്ടാലും ഇത്തരം കൊലകള്‍ പ്രബുദ്ധരില്‍ പ്രബുദ്ധരാ‍യ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടിപ്പോഴും.

പനമ്പിള്ളീ കോളേജില്‍ പഠിക്കുന്ന, കുട്ടിക്കനാശാരിയുടെ മോന്‍ ഒരിക്കല്‍ വിജയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച്, ‘എം.എല്‍.എ.യെ വേണ്ടി വന്നാല്‍ ഞങ്ങള്‍ നിര്‍ത്തി കത്തിക്കും’ എന്ന് ഘോരഘോരം ഡയലോഗ് പറയണത് കണ്ടപ്പോള്‍

‘ഡാ... നിന്റെ കാര്‍ന്നോര് ശാന്തീന്ന് തനിയെ നടന്നു പോകാന്‍ പറ്റാതെ... ബസ്റ്റ് സ്റ്റോപ്പിലിരിക്കണ്‌ണ്ട്. പോയി ആളെ വീട്ടീക്കൊണ്ടാക്കിട്ട് വന്നിട്ട് ചെലക്കരാ ചെക്കാ.. നീ‍!’

എന്ന് ഫുള്‍ കെലിപ്പില്‍ എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. (അവനിപ്പോഴും എന്നോട് മിണ്ടില്ല!)

അവനവന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന് ജീവിക്കുന്നവരാണ് 99% ഉം ഇങ്ങിനെ വെട്ടാ‍നും വെട്ട് കൊള്ളാനും നടക്കുന്നത്.

Murali K Menon said...

നന്ദി മന്‍സൂര്‍ രണ്ടാംവരവിനും അഭിപ്രായത്തിനും.
വിശാലന്‍: അങ്ങനെ അവനോട് പറയാന്‍ തോന്നിയത് നന്നായി. അവന്‍ മിണ്ടണ്ട, മിണ്ടാതിരിക്കുന്നതാണു തനിക്കും നല്ലത്. ഹ ഹ - നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വര്‍ക്കീ, നീ വല്യ വല്യ സ്വപ്നങ്ങള്‍ കാണാതിരുന്നാല്‍ അത്രയും വെഷമം നിനക്ക് കൊറയും. ഒന്ന് നിര്‍ത്തി ശബ്ദം താഴ്ത്തി കരുണന്‍ പറഞ്ഞു, ചിലപ്പോള്‍ വലിയ സ്വപ്നങ്ങള്‍ നെയ്യുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിക്കാന്‍ പുറത്തു നിന്നുള്ള ശത്രുക്കളുടെ ആവശ്യവും ഉണ്ടാവില്ല.” അത് പറഞ്ഞ് അവന്‍ പെട്ടെന്ന് മൂകനായ് എന്തോ ആലോചിച്ചു നടന്നു.

Touching lines and it expressed a deep emotion.

കുഞ്ഞന്‍ said...

മാഷെ..

രാഷ്ട്രീയത്തില്‍ രാഷ്ട്രീയമായല്ലൊ,, എന്നുവച്ചാല്‍ ചത്തതു കീചകനാണെങ്കില്‍ കൊന്നത് ഭീമനെന്നു പറയുന്നതു പോലെ..

നര്‍മ്മവും പൈങ്കിളിക്കഥകളും അസ്സലായി മാഷിനു രചിക്കാന്‍ പറ്റുന്നുണ്ട്, അതില്‍ തീക്ഷണതയോടെയുള്ള സന്ദേശങ്ങള്‍ ഒളിച്ചിരിക്കാറുമുണ്ട്, അപ്പോള്‍പ്പിന്നെ അത്തരം സൃഷ്ടികള്‍ വേണ്ടെന്നു വയ്ക്കുന്നതിലെ രാഷ്ട്രീയം ഏതോ അജ്ഞാതയാണെന്നു അറിയുമ്പോള്‍ വിഷമം തോന്നുന്നു..!

Murali K Menon said...

പ്രിയയുടെ രണ്ടാം സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വീണ്ടും നന്ദി.
കുഞ്ഞന്‍: നല്ല അഭിപ്രായത്തിനു നന്ദി. പിന്നെ ഞാന്‍ പൈങ്കിളി കഥ നന്നായി എഴുതുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത് നിര്‍ത്തേണ്ട ആവശ്യം കൂടുതല്‍ ബോദ്ധ്യപ്പെട്ടു. ഹ ഹ ഹ...
എന്റെ കുഞ്ഞാ, ആ ചെവി തരൂ, ഞാ‍നൊരു സ്വകാര്യം പറയാം. ഇതൊന്നും എഴുതില്ല എന്ന് പറയുന്നത് ഒരു നമ്പറല്ലേ, ഈ ബ്ലോഗ് പൂട്ടാന്‍ പോണൂ എന്നൊക്കെ പറയണപോലെ, ഏത്... നമ്മുടെ കയ്യിലുള്ള കുന്തിരിക്കം ഇട്ടല്ലേ പുകക്കാന്‍ പറ്റൂ എന്റെ കുഞ്ഞാ, അപ്പോള്‍ അങ്ങനെയാവട്ടെ, വീണ്ടും കാണാം

ബാജി ഓടംവേലി said...

വളരെ ഇഷ്‌ടമായി
കമന്റുകളും തകര്‍ക്കുന്നു
അഭിനന്ദനങ്ങള്‍

ഉപാസന || Upasana said...

menene,
Really touching. ithe njan enganeyo kaanathe poyi ippo "malayalam Top- 10 "il ninna kittiye..
Vaikiya oru comment
valare nallathe
:)
upaasana

അപ്പു ആദ്യാക്ഷരി said...

മാഷേ, ഞാനാദ്യം വായിച്ച താങ്കളുടെ രചനകളില്‍നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു ഈ കഥ. രചനാ രീതി വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

Murali K Menon said...

ബാജിക്കും അപ്പുവിനും എന്റെ നന്ദി അറിയിക്കുന്നു.
എന്റെ ഉപാസന: ഒട്ടും വൈകിയിട്ടില്ല, expiry date ആവുന്നേ ഉള്ളു. ഹ ഹ ഹ... തിരഞ്ഞുപിടിച്ച് വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

Anonymous said...

kollaam .....katha kollaam..bose

മുരളീധരന്‍ വി പി said...

'കോമരം' അന്വര്‍ത്ഥമായതിപ്പോളാണ്. ഉറഞ്ഞു തുള്ളാതെ, വാളെടുത്തു വെട്ടാതെന്തു കോമരം?
അതെ, സ്വയം വെട്ടി തലപൊളിക്കുന്ന സാദാ കോമരങ്ങള്‍ പക്ഷെ ഉറഞ്ഞു തുള്ളുന്നത് ലോകനന്മക്കാണെന്ന് പറഞ്ഞു കൊടുത്താലും മനസ്സിലാവുമോ ഈ രാഷ്ട്രീയ കോമരങ്ങള്‍ക്ക് എന്നറിയില്ല..

തെന്നാലിരാമന്‍‍ said...

മുരളിച്ചേട്ടാ, ആദ്യം ക്ഷമാപണം...ഇങ്ങെത്താന്‍ വൈകിയതിന്‌. പിന്നെ അഭിനന്ദനം...വായിച്ചു തീര്‍ന്നിട്ടും കൂടെ പോരുന്ന കഥാപത്രങ്ങളെ സൃഷ്ടിച്ച, ഉള്ളില്‍ തട്ടുന്ന ശൈലിക്ക്‌...

ഓ.ടോ
നര്‍മ്മത്തെ കൈവിടില്ലെന്നു കരുതുന്നു...:-)

Murali K Menon said...

Bose, Murali, thennaali - Thanks, vaayichchathinum, comment ittathinum. mattoru sthhalaththe branchil irunnu ezhuthunnathinaal mangLish prayOgikkunnu.

കുറുമാന്‍ said...

വായനാ സുഖം തരുന്ന കഥ........ഇന്നത്തെ കഥ, ഇന്നലേയുടേതെന്നവകാശപെടാം വേണമെങ്കില്‍....

നല്ല ക്രാഫ്റ്റ് മുരളിയേട്ടാ.

നര്‍മ്മവും, പൈങ്കിളിയും ഒന്നും വെടിയാതെ തന്നെ കാര്യങ്ങള്‍ മുന്‍പോട്ട് പോവട്ടെ

Murali K Menon said...

Thanks KURUMAN...njaanivide enthenkilum okke aayi prathyakshappedaan Sramikkaam

JEOMOAN KURIAN said...

നല്ല കഥ. നിസ്സഹായകതയേക്കാള്‍ മരണമാണ് സുഖകരം എന്ന വര്‍ഗ്ഗീസിന്റെ തോന്നല്‍ നന്നായി വിവരിച്ചിട്ടുണ്ട്‌.

Murali K Menon said...

ജോമോന്‍ വാ‍യിച്ച് അഭിപ്രായം അറിയിച്ചതിനു ഒരുപാടു നന്ദി.