Saturday, November 25, 2006

അഭിനവ കാളിദാസന്‍

അയാള്‍ വീടിന്റെ പടിഞ്ഞാറുവശത്ത് ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന നാട്ടുമാവില്‍ അള്ളിപ്പിടിച്ചു കയറുകയായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് ചില കുട്ടികള്‍ മാവിന്‍‌ചുവട്ടിലിരുന്നു കല്ല് കളിച്ചു കൊണ്ടിരുന്നു. ചിലരാകട്ടെ അയാള്‍ മാവില്‍ കയറുന്നത് കണ്ടു രസിച്ചു നില്‍ക്കുകയാണ്‍്. അവരിലാരോ ഇടയ്ക്ക് വിളിച്ചു പറഞ്ഞു, “ദേ, ഈ അച്ചുവേട്ടന്‍ മാവുമ്മേ കേറ്ണേ... “അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ ഉയരത്തിലേക്ക് കയറുകയാണ്‍്. അയാള്‍ മാവിന്റെ ഉച്ചിയിലെത്തിയപ്പോള്‍ കുട്ടികളുടെ ശ്രദ്ധ അയാളില്‍ നിന്നും വാടിവീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ ശേഖരിക്കുന്നതിലായി.


സൂര്യന്‍ ഇപ്പോഴയാളുടെ തലക്കുമുകളില്‍ കത്തി ജ്വലിക്കുകയാണ്. അയാള്‍ വീതികൂടിയ ഒരു ശിഖരത്തില്‍ ചാരിക്കിടന്നു. കഴിഞ്ഞ കുറേനാളുകളായി ഇതാണയാളുടെ വിശ്രമസങ്കേതവും ലൈബ്രറിയും ചിന്താകേന്ദ്രവും എല്ലാം. ശിഖരത്തില്‍ വളരെ ഭദ്രമായ് കെട്ടിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഒന്നൊന്നായ് എടുത്ത് അയാള്‍ വായിക്കാന്‍ തുടങ്ങി. ആദ്യം കൈവച്ചത് അനാട്ടമിക് സയന്‍സിലായിരുന്നു. ആദ്യത്തെ രണ്ടുമൂന്നു പേജുകള്‍ വായിച്ചതിനുശേഷം കുറെ പേജുകള്‍ മറിച്ച് അവിടെയും ഇവിടെയുമൊക്കെയായി വായിച്ചു.


താഴെ ചില കുട്ടികള്‍ കളിച്ചും, കണ്ണിമാങ്ങകള്‍ പെറുക്കിയും പോയിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലരാവട്ടെ ഹി-മാനും സൂപ്പര്‍മാനുമൊക്കെയായി ഇല്ലാത്ത കഥകള്‍ പറഞ്ഞും വീമ്പു പറഞ്ഞും രസിച്ചു. ശരീരത്തിന്റെ ഓരോ ഘടനകള്‍, അവയ്ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, അയാള്‍ക്കു ചിരി പൊട്ടി. ആ പുസ്തകം മടക്കി മടിയില്‍ വെച്ച് അയാള്‍ മറ്റൊന്നെടുത്തു. അത് സൈക്കോളജി ആയിരുന്നു. കുറച്ചധികം പേജുകള്‍ അയാള്‍ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.
സൂര്യനിപ്പോള്‍ അയാളെ ചെരിഞ്ഞുനിന്നു വീക്ഷിക്കുകയാണ്. ഓരോ മനസ്സിന്റേയും വൈചിത്ര്യങ്ങളോര്‍ത്ത് അയാള്‍ അത്ഭുതപ്പെട്ടു. 


ശിഖരങ്ങളിളക്കി ഒരു ചുടുകാറ്റടിച്ചു. വീഴാതിരിക്കാന്‍ ഒരു ചെറുചില്ലയില്‍ അയാള്‍ മുറുകെപിടിച്ചു. കുറെ വാടിയ മാമ്പൂക്കള്‍ അയാളുടെ പുസ്തകത്തില്‍ ചിതറിവീണു. അയാള്‍ ആ പൂക്കളെ കയ്യിലെടുത്തു. ഇത്രയും നാള്‍ വിരിഞ്ഞുനിന്നീട്ടും കാര്യമായി സുഗന്ധം പരത്താനോ, ഫലം നല്കാനോ കഴിയാതെപോയ പൂക്കളെയോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു. പിന്നെ അവ ഒരു മാവിലയില്‍ പൊതിഞ്ഞ് ശിഖരത്തിനിടയില്‍ തിരുകി.
അയാള്‍ പിന്നീട് വായിക്കാനെടുത്തത് കെനീഷ്യന്‍ തിയറി ഓഫ് അണ്‍‌എം‌പ്ലോയ്മെന്റ് ആയിരുന്നു. പുറംചട്ടയിലെ വലിയ അക്ഷരങ്ങള്‍ വായിച്ച് അയാള്‍ അസ്വസ്ഥചിത്തനായി. ബിരുദങ്ങളുടെ കൂമ്പാരമുണ്ടായിട്ടും ഇതുവരെ തനിക്കൊരു ജോലി കിട്ടിയില്ലല്ലോ. മുന്‍പരിചയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന എഴുതപ്പെടാത്ത തിയറിയില്‍ താന്‍ തികച്ചും അജ്ഞനാണല്ലോ. വായിച്ചു തീര്‍ന്ന കുറെ പേജുകള്‍ അയാള്‍ കാറ്റില്‍ പറത്തി. നിലത്തുവീണ പേജുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ബോട്ടുകളും, വിമാനങ്ങളും ഉണ്ടാക്കിക്കളിച്ചു. പിന്നീടവര്‍ സാങ്കല്പിക നദികളും, വിമാനത്താവളങ്ങളും സൃഷ്ടിച്ച് ആ ബോട്ടുകളിലും, വിമാനങ്ങളിലും സഞ്ചരിച്ചു.


വിരസമായ പഠനങ്ങളുടെ ആവര്‍ത്തങ്ങളില്‍ നിന്നും മോചനം നേടാനായി അപ്പോള്‍ അയാള്‍ തിരഞ്ഞെടുത്ത പുസ്തകം അഭിജ്ഞാനശാകുന്തളമായിരുന്നു. മുഖവുരയില്‍ കാളിദാസന്റെ ജീവിതരീതിയുടേയും, കാലഘട്ടത്തിന്റേയുമൊക്കെ സാങ്കല്പിക കഥകള്‍. പല പണ്ഡിതന്മാരുടേയും നിഗമനങ്ങള്‍. മുഖവുര വായിച്ചുതീര്‍ന്ന അയാള്‍ പുസ്തകമടച്ചുവെച്ച് കണ്ണുകള്‍ പൂട്ടി ചിന്തയിലാണ്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അയാള്‍ മാവില്‍ നിന്നും ധൃതിയില്‍ താഴോട്ടിറങ്ങി. വീടിന്റെ പടിഞ്ഞാറെ തിണ്ണയിലിരുന്ന വെട്ടുകത്തിയെടുത്ത് മാവിനടുത്തേക്കു നടക്കുമ്പോള്‍ അയാള്‍ ചുറ്റും നോക്കി, ആരുമില്ല. എല്ലാവരും വീടിന്റെ മുന്‍‌വശത്തിരുന്നു സംസാരിക്കുകയോ അല്ലെങ്കില്‍ അകത്തളത്തില്‍ കിടന്നു മയങ്ങുകയോ ആവാം. വീണ്ടും മാവില്‍ വലിഞ്ഞുകയറുമ്പോള്‍ അയാള്‍ അറിയാതെതന്നെ കണ്ണുകള്‍ തറഞ്ഞുനിന്നത് മാവിഞ്ചുവട്ടിലെ പൂഴിമണ്ണില്‍ വാടി വീണുകിടന്ന കണ്ണിമാങ്ങകളിലായിരുന്നു.


പുസ്തകങ്ങള്‍ അടുക്കിവെച്ച ശിഖരത്തിനടുത്ത് വെട്ടുകത്തി തറച്ചുവെച്ച് അയാള്‍ സൂര്യനെ വീക്ഷിച്ചു. സൂര്യന്റെ ക്ഷീണിച്ച മുഖം കാണാന്‍ ഇഷ്ടമില്ലാതിരുന്ന അയാള്‍ പുസ്തകങ്ങളില്‍ മുഖമമര്‍ത്തിക്കിടന്നു. പിന്നീട് ഒരു ഉള്‍വിളിയാലെന്നപോലെ വെട്ടുകത്തിയെടുത്ത് താന്‍ ഇരുന്നിരുന്ന ശിഖരത്തിന്റെ കടഭാഗം മുറിക്കാന്‍ തുടങ്ങി. അപ്പോളതുവഴി കടന്നുപോയ ഒരാള്‍ വിളിച്ചുചോദിച്ചു,


“എന്താ അച്ചു, താന്‍ ആരാന്നാ കരുതിയിരിക്കണേ, കാളിദാസനോ?“

അതിനയാള്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. “അതെ ഞാന്‍ കാളിദാസനാ...“ എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞ താങ്കള്‍ക്കു നന്ദി. അയാള്‍ വീണ്ടും ശിഖരത്തില്‍ വെട്ടുകത്തി ആഞ്ഞു വീശി. അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ കടന്നുപോയ വഴിപോക്കന്‍ ആരോടെന്നില്ലാതെ പറഞ്ഞു.


“ഇന്നത്തെ കാലത്ത് പഠിപ്പു കൂട്യാലും ദോഷം തന്ന്യാ“


ശിഖരത്തില്‍ പതിക്കുന്ന ഓരോ മുറിവും അയാള്‍ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. ആദ്യം തോന്നിയ വേദന പിന്നീട് അയാള്‍ക്ക് അനുഭൂതിയായി. അയാളുടെ കരങ്ങള്‍ക്ക് ശക്തി കൂടുന്തോറും ശിഖരത്തിന്റെ മുറിവിന് ആഴമേറിക്കൊണ്ടിരുന്നു. പൊടുന്നനെ താരാട്ടുപാട്ടിന്റെ ഈണവും അമ്മയുടെ ആര്‍ദ്രമായ കണ്ണുകളും മനസ്സില്‍ നിറഞ്ഞുനിന്നു. അയാളുടെ ചുണ്ടുകളെന്തോ മന്ത്രിക്കുകയായിരുന്നു. 


ഞാന്‍ മേലേടത്ത് അച്ചുതന്‍‌കുട്ടി അറിയുന്നു, ഓരോ വെട്ടിലും പിടയുന്നത് ഞാന്‍ മാത്രമല്ലെന്ന്, വയസ്സായ അച്ഛന്‍, അമ്മ, പോളിയോ ബാധിച്ച് ചേതനയറ്റ കൈ കാലുകളോടെ അനുജത്തി. വിവാഹക്കമ്പോളത്തിലെ ഏറ്റവും വിലകുറഞ്ഞ ചരക്കായി ചേച്ചി. അവരുടെ ശരീരങ്ങള്‍ മുറിവുകളേറ്റ് രക്തംവാര്‍ന്ന് നിശ്ചലമാകുന്നുവോ. പാദസരങ്ങളണിഞ്ഞ ഇന്ദുവിന്റെ പാദങ്ങള്‍ ആ രക്തത്തില്‍ ചവിട്ടിക്കടന്നു പോയതിന്റെ സ്വരം താന്‍ കേട്ടുവോ. തന്റേയും ഇന്ദുവിന്റേയും കുട്ടിക്കാലത്ത് കുടുംബങ്ങള്‍ തുലാസിന്റെ ഇരു തട്ടിലും ഒരേ തൂക്കത്തിലായിരുന്ന കാലത്ത് അമ്മാവന്‍ അമ്മയോട് പറഞ്ഞിരുന്നുവത്രേ, ഇന്ദു അച്ചുവിന്റേതാണെന്ന്. അമ്മാവന്റെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിത്തുടങ്ങുന്ന പ്രായത്തില്‍ ഞങ്ങള്‍ മനസ്സുകൊണ്ട് ഒന്നായ് കഴിഞ്ഞിരുന്നു. പടിപ്പുരയിലും നാലുകെട്ടിലും തൊടിയിലും തന്നോടൊപ്പം ഒരു നിഴല്‍‌പോലെ ഇന്ദു അനുഗമിച്ചിരുന്നു. തന്റെ കൊച്ചുകൊച്ചു കളിയാക്കലുകളും നാണം കൊണ്ടു ചെമന്നുതുടുത്ത അവളുടെ മുഖവും നിമിഷങ്ങളുടെ ദൈര്‍ഘ്യമുള്ള പിണക്കങ്ങളും എല്ലാം എന്നാണ് തനിക്ക് നഷ്ടപ്പെട്ടത്? താനെന്നാണ്  അവള്‍ക്ക് അനഭിമതനായത്? തുലാസിന്റെ ഒരു തട്ട് ഭാരംകൊണ്ട് താഴുമ്പോള്‍ താനും കുടുംബവും ഭാരമില്ലാതെ ശൂന്യതയില്‍ കിടന്നു തിരിഞ്ഞു. ഇന്ദുവിനെ താനെന്തിനു കുറ്റപ്പെടുത്തണം. ഗള്‍ഫിന്റെ ധാരാളിത്തവും, സുഗന്ധദ്രവ്യങ്ങളുമൊക്കെ ഏതു പെണ്ണിനെയാണ് കീഴ്പ്പെടുത്താത്തത്? അവളേയുംകൊണ്ട് വിമാനം ഈ മാവിന്‍‌മുകളിലൂടെ കടന്നുപോയപ്പോള്‍ താന്‍ ഇതേ ശിഖരത്തിലിരുന്ന് ഹ്യൂമന്‍ സൈക്കോളജിയുടെ പുതിയ പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. പിന്നീട് കഴുത്തിലും ശിഖരത്തിലുമായ് ഇട്ടിരുന്ന കയറിന്റെ കുരുക്കുകള്‍ ഊരി വലിച്ചെറിഞ്ഞു. ആര്‍ക്കെങ്കിലും എഴുതാനായ് ഒരു സൈക്കോളജിയെങ്കിലും ബാക്കി വെയ്ക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ കൃതാര്‍ത്ഥനാകുകയായിരുന്നു. ആരേയും കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം. ഏക മകളുടെ ഭാവി ഭദ്രമാക്കേണ്ടത് ഒരച്ഛന്റെ കടമയായ് കണക്കാക്കുമ്പോള്‍ അമ്മാവനും, അമ്മായിയും കുറ്റക്കാരാകുന്നതേയില്ല. കുറ്റങ്ങളും കുറവുകളും തനിക്കുമാത്രം വിധിക്കപ്പെട്ടീട്ടുള്ളതാണ്. 


പണ്ടെങ്ങോ അച്ഛനോടൊപ്പം കണ്ടീട്ടുള്ള നിഴല്‍കുത്ത് കഥകളിയിലേതുപോലെ കണ്ണടച്ചാലും തുറന്നാലും കുറെ നിഴല്‍‌രൂപങ്ങള്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. താനും നിഴല്‍കുത്തിലെ കാട്ടാളനെപ്പോലെ ഈ രൂപങ്ങളെ കുത്തിമലര്‍ത്തേണ്ടിയിരിക്കുന്നു. തനിക്കതിനാവുന്നില്ലല്ലോ. നിഴലുകള്‍ക്കൊക്കെയും പരിചിത രൂപങ്ങള്‍, ഭാവങ്ങള്‍. ഇപ്പോഴയാളുടെ കയ്യിലെ വെട്ടുകത്തി ചെന്നു പതിച്ചത് ശിഖരത്തിന്റേയും മാവിന്റേയും അവസാനിക്കാന്‍ പോകുന്ന ബന്ധത്തിലായിരുന്നു. ശിഖരം ഒരു കാട്ടാളനെപ്പോലെ അലറിയില്ലെങ്കിലും ഒരു പ്രതിഷേധ പ്രകടനം പോലെ ചെറുതായി ഇടറിയ സ്വരം പുറപ്പെടുവിച്ചു. സുഖകരമായ തെന്നലില്‍ അയാള്‍ കണ്ണുകള്‍ പൂട്ടി. വെറും നിമിഷങ്ങളില്‍ എല്ലാ ചിന്തകളില്‍ നിന്നും മോചിതനാക്കി താഴെ മാമ്പൂക്കള്‍ വിരിച്ച് പ്രകൃതി അയാളെ ഉറക്കിക്കിടത്തി. ഒരു ശിശുവിനെപ്പോലെ അയാള്‍ മാവിന്‍‌ചുവട്ടില്‍ കമിഴ്ന്നടിച്ചുകിടന്നു. അറിവിന്റെ മുത്തുകള്‍ തേടാന്‍ അയാളെ സഹായിച്ച പുസ്തകങ്ങള്‍ അയാള്‍ക്കുചുറ്റും ചിതറിക്കിടന്നു. മാവിലയില്‍ പൊതിഞ്ഞ വാടിയ മാമ്പൂക്കള്‍ അയാളുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടന്നു.


കുട്ടികള്‍ കലപില കൂട്ടിക്കൊണ്ട് വീണ്ടും കളിക്കാനെത്തിയിരിക്കുന്നു. ചിലര്‍ അയാള്‍ക്കു ചുറ്റും കൂടിന്നിന്നു ചിരിച്ചു. മറ്റു ചിലര്‍ വീണുകിടന്ന ശിഖരത്തില്‍ കണ്ണിമാങ്ങകള്‍ തിരയാന്‍ തുടങ്ങി.

- 0 -

Saturday, November 11, 2006

ഒരു വേതാള കഥ

സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു. ചാറ്റല്‍ മഴയും, ഇടിമിന്നലുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാവാം കടപ്പുറത്ത് യാതൊരു തിരക്കുമുണ്ടായിരുന്നില്ല. തിരയെത്തി ത്തൊടാത്ത ഒരിടത്ത് കയറ്റിയിട്ടിരുന്ന ഉപയോഗശൂന്യമായ ഒരു വഞ്ചിയില്‍ ചാരിയിരുന്ന് വിക്രമാദിത്യന്‍ കടലിന്റെ താളം ശ്രവിച്ചു. രണ്ടു നാള്‍ മുമ്പ് വാവുബലിക്ക് പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടാനെത്തിയവരുടെ തിരക്കായിരുന്നു ഇവിടം. ചിലയിടത്തെങ്കിലും ബലിയിട്ടതിന്റെ അവശിഷ്ടങ്ങള്‍ ഇനിയും കാക്ക കൊത്താതെ ചിതറിക്കിടന്നിരുന്നു.ഭൂതകാലത്തില്‍ ജീവിച്ചു കൊതിതീരാത്തവരുടെ ആത്മാക്കളുടെ സാന്നിദ്ധ്യം അവിടെയുണ്ടോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. അഭ്യസ്തവിദ്യനും, തൊഴില്‍‌രഹിതനുമായ തന്റെ ഒരു ദിവസം കൂടി ഒടുങ്ങിയിരിക്കുന്നു, അയാള്‍ മനസ്സില്‍ പറഞ്ഞു.


കടലോരത്ത് മെല്ലെ മെല്ലെ ഇരുള്‍ പരക്കാന്‍ തുടങ്ങി. ക്രമേണ ആ ഇരുട്ട് തന്റെ മനസ്സിലേക്കും വ്യാപിക്കുന്നതായ് വിക്രമാദിത്യനു തോന്നി. വഞ്ചിയില്‍ നിന്നും മെല്ലെ പൂഴിമണ്ണിലേക്കിറങ്ങി, ഇനിയെങ്ങോട്ടു പോകണം എന്ന് ഒരു നിമിഷം ആലോചിച്ചു. എന്തായാലും വീട്ടിലെത്തുന്നത് എല്ലാവരുടേയും അത്താഴം കഴിഞ്ഞതിനുശേഷമായിരിക്കണം. വിളമ്പി വെച്ച ഭക്ഷണത്തിനുമുന്‍പില്‍ തന്റെ നിഴലെങ്ങാന്‍ കണ്ടുപോയാല്‍ അച്ഛന്‍ തുടങ്ങുകയായി.


“എത്ര കഷ്ടപ്പെട്ടു പഠിപ്പിച്ചതാ - വയസ്സുകാലത്തെങ്കിലും മനസ്സമാധാനത്തോടെ വീട്ടിലിരിക്കാമെന്നു കരുതി. ഇവനെയൊക്കെ പഠിപ്പിച്ച നേരം.............“ അച്ഛന്‍ ഉള്ളില്‍ ശപിക്കാന്‍ തുടങ്ങിയിരുന്നുവെന്നുപോലും അയാള്‍ക്ക് തോന്നി. കുറച്ചുകാലമായ് കടപ്പാടിന്റെ ഇത്തരം കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നത് അത്താഴത്തിനിരിക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ മിക്കവാറും നേരം വൈകി വീട്ടിലെത്താറാണ് പതിവ്. വിക്രമാദിത്യന് കൂട്ടുകാര്‍ ഇല്ലെന്നു തന്നെ പറയാം. എന്തുകൊണ്ടോ കുട്ടിക്കാലം മുതല്‍ക്കേ കൂട്ടുകാര്‍ പരിഹസിക്കുകയും, ഉപദ്രവിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. തന്റെ പേരില്‍ തുടങ്ങി വേതാളത്തിലേക്കു നീങ്ങുന്ന പരിഹാസങ്ങള്‍. ഒരു വേതാള കഥ പറയൂ എന്റെ ഇഷ്ടാ എന്നായിരിക്കും കൂട്ടുകാര്‍ പരസ്പരം ഒളിക്കണ്ണിട്ടു പറയുക. അതുകൊണ്ടു തന്നെ അവരുടെ ഇടയില്‍ അന്നേ താനൊരു അന്യനായിരുന്നു. അന്നൊക്കെ വിക്രമാദിത്യന്‍ എന്ന തന്റെ പേരിനോട് കടുത്ത വെറുപ്പായിരുന്നു. പക്ഷെ ഇപ്പോള്‍ തന്റെ പേരും താന്‍ സ്വയം സൃഷ്ടിച്ചെടുത്ത ഏകാന്തതയും എല്ലാം തനിക്കു പ്രിയങ്കരങ്ങളായിരിക്കുന്നു, അയാളോര്‍ത്തു.


ഇരുട്ടിനു കനം വച്ചിരിക്കുന്നു. തിരകള്‍ പുണര്‍ന്ന് കുതിര്‍ന്ന പൂഴി മണലിലൂടെ വിക്രമാദിത്യന്‍ നടന്നു. പൊടുന്നനെ അയാള്‍ക്കൊരാശയം തോന്നി. ഒരിക്കല്‍ കൂട്ടുകാര്‍ കളിയാക്കി പറഞ്ഞിരുന്ന ആ വേതാളത്തെ ഒന്നു വിളിച്ചുനോക്കിയാലോ! ഒരുപക്ഷെ തന്റെ മുജ്ജന്മത്തില്‍ താന്‍ വിക്രമാദിത്യന്‍ തന്നെയായിരുന്നുവെങ്കിലോ! ക്ഷണനേരം അയാളുടെ മനസ്സ് ജനിമൃതികളുടെ നിതാന്ത രഹസ്യങ്ങളിലേക്ക് ഊര്‍ന്നുപോയി. ജന്മാന്തരങ്ങള്‍ തമ്മിലുള്ള ദൂരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നത് അയാളറിഞ്ഞു. പ്രപഞ്ചത്തിന്റെ ഭ്രമണപഥങ്ങളിലൂടെ അയാളുടെ മനസ്സ് യാത്ര ചെയ്തു. പാപ പുണ്യങ്ങളുടെ അനന്തമായ വീഥിയില്‍ ഇപ്പോള്‍ താനൊറ്റയ്ക്കാണ്. ചില തിരകള്‍ അയാളുടെ നഗ്ന പാദങ്ങളെ ഇക്കിളിപ്പെടുത്തുകയും, മറ്റു ചില തിരകള്‍ പാദങ്ങളെ മൃദുവായി പിടിച്ചുലക്കുകയും ചെയ്തു. അദൃശ്യമായൊരു ശക്തിയില്‍ അയാള്‍ കടലിന്റെ അനന്തതയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.


“വേതാളം..... വേതാളം.... യുഗയുഗാന്തരങ്ങളായി താങ്കളുടെ കഥ കേള്‍ക്കാന്‍ ഞാന്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു. എന്റെ ബലിഷ്ഠമായ ചുമലിലേക്ക് ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു, വന്നാലും, വന്നാലും. “


കടലിന്റെ ഇരമ്പല്‍ കൂടി കൂടി വന്നു. പൊടുന്നനെയുണ്ടായ ഒരു ഇടിമിന്നലില്‍ അയാള്‍ ഞെട്ടുകയും പരിസരബോധം വീണ്ടെടുക്കുകയും ചെയ്തു. കടല്‍ക്കാറ്റിന്റെ ശക്തിയില്‍ അയാളുടെ ശരീരം വിറപൂണ്ടു. വിക്രമാദിത്യാന്‍ തീരം വിട്ട് വീട് ലക്‍ഷ്യമാക്കി നടന്നു. അകലെയെവിടെയോ ഉള്ള മണിവിളക്കില്‍ നിന്നും ഒരു വെള്ളി വെളിച്ചം പൂഴി മണലില്‍ തൊട്ട് അകന്നുപോയി. പൊടുന്നനെ എവിടെ നിന്നോ ഒരു വെളുത്ത പക്ഷി അയാളുടെ തോളില്‍ വന്നിരുന്നു. അയാള്‍ ഭയന്ന് ഓടാന്‍ തുടങ്ങി. തോളിലെ ഭാരം കൂടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഓട്ടം നിര്‍ത്തി. പക്ഷി വലുതാവുകയും രൂപം മാറുകയും വേതാളമായി തോളില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. 

“മഹാരാജന്‍, അങ്ങ് എന്നെ വിളിച്ചു അല്ലേ?“ 

ആ വാക്കുകള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നല്‍കി. ഭയം അയാളില്‍ നിന്നും കടലിലെ തിരമാലകളോടൊപ്പം ഒലിച്ചുപോയി. ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം ചൊരിഞ്ഞ് കടപ്പുറം മനോഹരമാക്കിയിരിക്കുന്നു. നിഴലും നിലാവും ഇണചേരുന്ന മണല്‍ പരപ്പിലൂടെ വേതാളത്തേയും തോളിലേറ്റി വിക്രമാദിത്യ മഹാരാജനെപ്പോലെ അയാള്‍ നടന്നു. അപ്പോള്‍ ഒരു ജേതാവിന്റെ മുഖഭാവമായിരുന്നു അയാള്‍ക്ക്. പൊടുന്നനെ വേതാളം കഥ പറയാന്‍ തുടങ്ങി.


ധാരാളം കഴുതകളും അവയെ ഭരിക്കുന്ന കുറച്ചു കിഴവന്മാരും ഉള്ള ഒരു ഗ്രാമമാണ് സിന്ധുപുരം ഗ്രാമം. കഴുതകള്‍ ബുദ്ധിശക്തിയിലും, സഹന ശക്തിയിലും പെരുമാറ്റത്തിലും അവയുടെ പൂര്‍വ്വികരേക്കാള്‍ മികച്ചു നിന്നു. അവശ്യഘട്ടങ്ങളില്‍ ഈ കഴുതകള്‍ സംസാരിക്കുകപോലും ചെയ്തിരുന്നു. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് പരിണാമങ്ങളുണ്ടാകുമെന്ന് തത്ക്കാലം മനസിലാക്കിയാല്‍ മതി. 

ഉം. വിക്രമാദിത്യന്‍ മൂളി. 

ഈ കഴുതകള്‍ ആരുടേയും സ്വന്തമായിരുന്നില്ല. പക്ഷെ ഗ്രാമത്തിലെ എല്ലാ കിഴവന്മാരും അവര്‍ക്കവകാശപ്പെട്ടതെന്നപോലെ ഇവയെ യഥേഷ്ടം ഉപയോഗിച്ചുപോന്നു. മുന്‍‌കാലങ്ങളെ പോലെ എതിര്‍ക്കാതെ എല്ലാം സഹിക്കുകയും അനുസരിക്കുകയും ചെയ്യുക ഇപ്പോഴും കഴുതകളുടെ സ്വഭാവമാണ്. കഴുതകള്‍ കിഴവന്മാരുടേതല്ലെങ്കിലും അവയില്ലാതെ കിഴവന്മാര്‍ക്ക് നിലനില്പില്ലെന്ന സത്യം ചില കഴുതകളെങ്കിലും ധരിച്ചു വെച്ചിരുന്നു.എന്നാല്‍ യജമാനഭക്തിയും തുടര്‍ച്ചയായുള്ള സേവയും കാരണം കഴുതകള്‍ക്കിടയില്‍ ഒരു ബോധവത്ക്കരണത്തിന് അവയ്ക്ക് സമയം ലഭിച്ചില്ല.


വിക്രമാദിത്യന്‍ മൂളാതെ വേതാളത്തെ നോക്കി. അതിഷ്ടപ്പെടാതെ വേതാളം തുടര്‍ന്നു.


കിഴവന്മാര്‍ സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ കഴുതകള്‍ പട്ടിണിയിലായിരുന്നു. ചില കിഴവന്മാര്‍ കൊട്ടാരങ്ങള്‍ പണിയാന്‍ കഴുതകളെ ഉപയോഗിക്കുകയും, മറ്റു ചില കിഴവന്മാര്‍ ആ കൊട്ടാരങ്ങള്‍ തകര്‍ക്കാനായ് ഇവയെ പ്രയോജനപ്പെടുത്തുകയും ചെയ്തു. കൊട്ടാരങ്ങള്‍ പണിയുകയും, തകര്‍ക്കുകയും ചെയ്യുക ഇവര്‍ക്കിടയിലെ പ്രധാന നേരമ്പോക്കായി. ഓരോ തവണയും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിശബ്ദമായ് കഴുതകള്‍ ഒരു നിയോഗം പോലെ അനുഷ്ഠിച്ചുവന്നു. പണ്ടൊക്കെ ഇത്തരം വിനോദങ്ങള്‍ വളരെ വര്‍ഷങ്ങള്‍ കൂടുമ്പോഴേ ഉണ്ടായിരുന്നുള്ളുവെന്ന് പ്രായത്തില്‍ മുതിര്‍ന്ന കഴുതകള്‍ വ്യസനത്തോടെ ഓര്‍ത്തു. അദ്ധ്വാനിക്കുന്നിതിനും, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനിമെല്ലാം സാവകാശം ലഭിച്ചിരുന്നു. ഇന്നിപ്പോള്‍ വയ്യാതായിരിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ കൊട്ടാരം പണിയുന്നതിനുവേണ്ടി ഭാരം ചുമക്കാന്‍ കഴുതകളെ തേടി വന്ന കിഴവന്മാരെ കണ്ട് കഴുതകളൊക്കെ മുഖം തിരിച്ചു. അവശ്യ സന്ദര്‍ഭങ്ങളില്‍ സംസാരിക്കേണ്ടതിന്റെ ഔചിത്യം മനസ്സിലാക്കിയ ചില കഴുതകള്‍ ഇങ്ങനെ പറഞ്ഞു. 


“ഞങ്ങള്‍ക്കു തീരെ ശക്തിയില്ല. ഞങ്ങള്‍ അര്‍ദ്ധപട്ടിണിയിലാണ്. അതുകൊണ്ട് കൊട്ടാരങ്ങള്‍ പണിതുടയ്ക്കുന്നതിന്റെ കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ കനിവുണ്ടാവണം. ഇതിനിടയില്‍ ഭാരം ചുമക്കാനുള്ള കരുത്ത് ഞങ്ങള്‍ എങ്ങനെയെങ്കിലും നേടാം“, 


ഇതുകേട്ട് കിഴവന്മാര്‍ പൊട്ടിച്ചിരിച്ചു. പിന്നെ കഴുതകളോടായ് പറഞ്ഞു, 

“ഞങ്ങള്‍ക്കു സന്തോഷമുണ്ട്. കാരണം നിങ്ങളാരും മുഴു പട്ടിണിയിലല്ലല്ലോ. ഇപ്പോള്‍ നിങ്ങളിലവശേഷിക്കുന്ന ശക്തിയില്‍ ഞങ്ങള്‍ക്കു കൊട്ടാരം പണിയാനാകും. അതിനുശേഷം നിങ്ങള്‍ക്ക് പുല്ലും, വെള്ളവും ഇഷ്ടം പോലെ.“ 

അതുകേട്ടതും കഴുതകള്‍ ഉച്ചത്തില്‍ കരഞ്ഞു.


വിക്രമാദിത്യനില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. വേതാളം അതു കാര്യമായെടുക്കാതെ കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.


കിഴവന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആദ്യമായ് കഴുതകള്‍ പരസ്പരം സംസാരിച്ചു. കൂടുതല്‍ ബുദ്ധിയുള്ള കഴുതകള്‍ മറ്റുള്ളവയോടിങ്ങനെ ചോദിച്ചു. 

“ഓരോ പ്രാവശ്യവും കൊട്ടാരം പണിയുകയും തകര്‍ക്കുകയും ചെയ്യുന്നതിനു തൊട്ടുമുന്‍പല്ലാതെ ഈ കിഴവ്ന്മാരെ നിങ്ങള്‍ കണ്ടീട്ടുണ്ടോ?“ 

അവ ഇല്ലെന്ന് തലയാട്ടി. 

“അപ്പോള്‍ പിന്നെ ഇപ്രാവശ്യവും അങ്ങനെ സംഭവിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താ‍നാവും?“ 

അതിനു മറുപടിയെന്നോണം പ്രായം കൂടിയ ഒരു കഴുത പറഞ്ഞു, “കര്‍മ്മം ചെയ്യുകയാണു നമ്മുടെ ധര്‍മ്മം. ഫലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കവകാശമില്ല.“ 

ഒരുപാടുകാലം കൊട്ടാരം പണിതുടച്ച് തളര്‍ന്ന ഒരു കിഴവന്‍ അവസാന നാളുകളില്‍ സ്ഥിരമായ് പാരായണം ചെയ്തിരുന്ന ഗീതയിലെ വരികള്‍ ഓര്‍മ്മിച്ചുവെച്ച് പറയുകയായിരുന്നു. കിഴവന്റെ സ്ഥിരം ആശ്രിതനായിരുന്നു ആ മുതിര്‍ന്ന കഴുത. വീണ്ടും എല്ലാം മറന്ന് കഴുതകള്‍ ഭാരം ചുമന്നു. ഉത്തരവാദിത്വങ്ങള്‍ ശരിയാം വണ്ണം നിര്‍വ്വഹിച്ചു. പുതുതായ് പണിതീര്‍ത്ത കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കിഴവന്മാര്‍ ഒളിച്ചുകളിച്ചു. കൊട്ടാരത്തിനുവെളിയില്‍ കിഴവന്മാരെ കാത്തു നിന്ന് തളര്‍ന്ന കഴുതകള്‍ എന്നത്തേയും പോലെ പുല്ലും വെള്ളവും തേടിയലഞ്ഞു.


വേതാളം കഥ പറഞ്ഞു നിര്‍ത്തി. വിക്രമാദിത്യന്‍ നടത്തം നിര്‍ത്തി ചോദ്യങ്ങള്‍ക്കായ് കാതോര്‍ത്തു. വേതാളം ചോദിച്ചു.


യാതൊരു നേട്ടവും ഇല്ലെന്നറിഞ്ഞീട്ടും ബുദ്ധിയുള്ള കഴുതകള്‍ കിഴവന്മാര്‍ക്കുവേണ്ടി കഷ്ടപ്പെട്ടതെന്തുകൊണ്ട്? കിഴവന്മാര്‍ പുല്ലും വെള്ളവും വാഗ്ദാനം ചെയ്തപ്പോള്‍ കഴുതകള്‍ ഉറക്കെ കരഞ്ഞതെന്തുകൊണ്ട്? കൊട്ടാരം പണിഞ്ഞുടയ്ക്കുന്നതാര്‍ക്കുവേണ്ടി? ഈ ചോദ്യങ്ങള്‍ക്കുത്തരം തൃപ്തികരമാം വിധം നല്കാതിരുന്നാല്‍ നിന്റെ തല ഛിന്നഭിന്നമായ് പോകുമെന്ന് ഓര്‍മ്മയിരിക്കട്ടെ.


വിക്രമാദിത്യന് ഈ കഥകേട്ട് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. അതുകൊണ്ടുതന്നെ ഉത്തരം പറയാനായ് ഒരു മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. വിക്രമാദിത്യന്‍ നടന്നുകൊണ്ട് ഉത്തരം പറയാന്‍ തുടങ്ങി.


അദ്ധ്വാനിച്ചതിനു പ്രതിഫലമില്ലെന്നു മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും കഴുതകള്‍ അദ്ധ്വാനിച്ചിരുന്നത് നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവ ഉള്ളില്‍ സൂക്ഷിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ്. മോഹന വാഗ്ദാനങ്ങള്‍ കേട്ടപ്പോള്‍ കഴുതകള്‍ കരഞ്ഞത് ഒന്നുകില്‍ ചിരിക്കാനുള്ള സിദ്ധി ഇല്ലാത്തതുകൊണ്ടോ, അല്ലെങ്കില്‍ അവയുടെ ജനനമരണത്തിന്റെ ഹ്രസ്വകാലയളവില്‍ അവ കരയാന്‍ മാത്രം വിധിക്കപ്പെട്ടവയെന്ന തിരിച്ചറിവുകൊണ്ടോ ആവാം. അല്ലാതെ കിഴവന്മാര്‍ വാഗ്ദാനം ചെയ്തതിന്റെ പൊരുള്‍ മനസ്സിലാവാത്തതുകൊണ്ടല്ല. പിന്നെ, കൊട്ടാരം പണിഞ്ഞുടയ്ക്കുന്നതിനെക്കുറിച്ചാണെങ്കില്‍, അതാണ് ജനാധിപത്യത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ഇളക്കി ഉറപ്പിക്കേണ്ടത് ഓരോ കിഴവന്റേയും സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പരാതിയില്ലാത്ത കഴുതകള്‍ ഭാരം ചുമക്കാനും, കാവല്‍ നായയുടെ സ്ഥാനത്തും ഉള്ളിടത്തോളം ജനാധിപത്യം കൂടുതല്‍ ഉറപ്പുള്ളതായിത്തീരും. വിക്രമാദിത്യന്റെ വിശദമായ മറുപടികേട്ട് സന്തുഷ്ടനായ വേതാളം പതുക്കെ തോളില്‍ നിന്നും ഊര്‍ന്നിറങ്ങി അപ്രത്യക്ഷനാകാന്‍ പോകുകയായിരുന്നു. അതു മനസ്സിലാക്കിയ വിക്രമാദിത്യന്‍ വേതാളത്തെ തടഞ്ഞു. അപ്രതീക്ഷിതമായ ആ പ്രവര്‍ത്തിയില്‍ വേതാളം അത്ഭുതം പൂണ്ടു നിന്നു. വിക്രമാദിത്യന്‍ വേതാളത്തോടു ചോദിച്ചു. ഈ കഥയില്‍ കൊട്ടാരം പൊളിക്കുന്നതിനും പണിയുന്നതിനുമിടയില്‍ കിഴവന്മാര്‍ നടത്തിയ തിരിമറികളെ കുറിച്ച് എന്തുകൊണ്ട് പ്രതിപാദിച്ചില്ല? വേതാളം പറഞ്ഞു, വിക്രമാദിത്യന്‍, ഞാന്‍ കഥ പറയുകയും, താങ്കള്‍ കേള്‍ക്കുകയും പിന്നീട് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും താങ്കള്‍ അതിനു മറുപടി പറയുകയും ചെയ്യുക എന്നതായിരുന്നു കീഴ്വഴക്കം. ഇതാ താങ്കളിപ്പോള്‍ മറുചോദ്യങ്ങള്‍ തൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നമുക്കിവിടെ വെച്ച് നിര്‍ത്താം രാജന്‍. ഇല്ലെങ്കില്‍ ഇനി ഛിന്നഭിന്നമാകാന്‍ പോകുന്നത് ഈ വേതാളത്തിന്റെ തലയായിരിക്കും.


പൊടുന്നനെ വേതാളം എങ്ങോട്ടോ മറഞ്ഞു. അപ്പോള്‍ ആകാശത്ത് ചന്ദ്രനോ, നക്ഷത്രങ്ങളോ പ്രഭ ചൊരിയുന്നുണ്ടായിരുന്നില്ല. കനത്ത ഇരുട്ടില്‍ ചാറ്റല്‍ മഴ വീണ്ടും തുടങ്ങിയിരുന്നു. വിക്രമാദിത്യന്‍ ആദ്യം കരയുകയും, പിന്നെ നിര്‍ത്താതെ ചിരിക്കുകയും ചെയ്തു.

- 0 -