അയാള്‍ വീടിന്റെ പടിഞ്ഞാറുവശത്ത് ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന നാട്ടുമാവില്‍ അള്ളിപ്പിടിച്ചു കയറുകയായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് ചില കുട്ടികള്‍ മാവിന്ചുവട്ടിലിരുന്നു കല്ല് കളിച്ചു കൊണ്ടിരുന്നു. ചിലരാകട്ടെ അയാള്‍ മാവില്‍ കയറുന്നത് കണ്ടു രസിച്ചു നില്ക്കുകയാണ്്. അവരിലാരോ ഇടയ്ക്ക് വിളിച്ചു പറഞ്ഞു, “ദേ, ഈ അച്ചുവേട്ടന് മാവുമ്മേ കേറ്ണേ... “അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ കൂടുതല്‍ ഉയരത്തിലേക്ക് കയറുകയാണ്്. അയാള്‍ മാവിന്റെ ഉച്ചിയിലെത്തിയപ്പോള്‍ കുട്ടികളുടെ ശ്രദ്ധ അയാളില്‍ നിന്നും വാടിവീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ ശേഖരിക്കുന്നതിലായി.
സൂര്യന് ഇപ്പോഴയാളുടെ തലക്കുമുകളില്‍ കത്തി ജ്വലിക്കുകയാണ്. അയാള്‍ വീതികൂടിയ ഒരു ശിഖരത്തില്‍ ചാരിക്കിടന്നു. കഴിഞ്ഞ കുറേനാളുകളായി ഇതാണയാളുടെ വിശ്രമസങ്കേതവും ലൈബ്രറിയും ചിന്താകേന്ദ്രവും എല്ലാം. ശിഖരത്തില്‍ വളരെ ഭദ്രമായ് കെട്ടിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഒന്നൊന്നായ് എടുത്ത് അയാള്‍ വായിക്കാന്‍ തുടങ്ങി. ആദ്യം കൈവച്ചത് അനാട്ടമിക് സയന്‍സിലായിരുന്നു. ആദ്യത്തെ രണ്ടുമൂന്നു പേജുകള്‍ വായിച്ചതിനുശേഷം കുറെ പേജുകള്‍ മറിച്ച് അവിടെയും ഇവിടെയുമൊക്കെയായി വായിച്ചു.
താഴെ ചില കുട്ടികള്‍ കളിച്ചും, കണ്ണിമാങ്ങകള്‍ പെറുക്കിയും പോയിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലരാവട്ടെ ഹി-മാനും സൂപ്പര്‍മാനുമൊക്കെയായി ഇല്ലാത്ത കഥകള്‍ പറഞ്ഞും വീമ്പു പറഞ്ഞും രസിച്ചു. ശരീരത്തിന്റെ ഓരോ ഘടനകള്‍, അവയ്ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, അയാള്‍ക്കു ചിരി പൊട്ടി. ആ പുസ്തകം മടക്കി മടിയില്‍ വെച്ച് അയാള്‍ മറ്റൊന്നെടുത്തു. അത് സൈക്കോളജി ആയിരുന്നു. കുറച്ചധികം പേജുകള്‍ അയാള്‍ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.
സൂര്യനിപ്പോള്‍ അയാളെ ചെരിഞ്ഞുനിന്നു വീക്ഷിക്കുകയാണ്. ഓരോ മനസ്സിന്റേയും വൈചിത്ര്യങ്ങളോര്‍ത്ത് അയാള്‍ അത്ഭുതപ്പെട്ടു.
ശിഖരങ്ങളിളക്കി ഒരു ചുടുകാറ്റടിച്ചു. വീഴാതിരിക്കാന്‍ ഒരു ചെറുചില്ലയില്‍ അയാള്‍ മുറുകെപിടിച്ചു. കുറെ വാടിയ മാമ്പൂക്കള്‍ അയാളുടെ പുസ്തകത്തില്‍ ചിതറിവീണു. അയാള്‍ ആ പൂക്കളെ കയ്യിലെടുത്തു. ഇത്രയും നാള് വിരിഞ്ഞുനിന്നീട്ടും കാര്യമായി സുഗന്ധം പരത്താനോ, ഫലം നല്‍കാനോ കഴിയാതെപോയ പൂക്കളെയോര്‍ത്ത് അയാള്‍ നെടുവീര്‍പ്പിട്ടു. പിന്നെ അവ ഒരു മാവിലയില്‍ പൊതിഞ്ഞ് ശിഖരത്തിനിടയില്‍ തിരുകി.
അയാള്‍ പിന്നീട് വായിക്കാനെടുത്തത് കെനീഷ്യന്‍ തിയറി ഓഫ് അണ്എംപ്ലോയ്മെന്റ് ആയിരുന്നു. പുറംചട്ടയിലെ വലിയ അക്ഷരങ്ങള്‍ വായിച്ച് അയാള്‍ അസ്വസ്ഥചിത്തനായി. ബിരുദങ്ങളുടെ കൂമ്പാരമുണ്ടായിട്ടും ഇതുവരെ തനിക്കൊരു ജോലി കിട്ടിയില്ലല്ലോ. മുന്‍പരിചയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന എഴുതപ്പെടാത്ത തിയറിയില്‍ താന്‍ തികച്ചും അജ്ഞനാണല്ലോ. വായിച്ചു തീര്‍ന്ന കുറെ പേജുകള്‍ അയാള്‍ കാറ്റില്‍ പറത്തി. നിലത്തുവീണ പേജുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ബോട്ടുകളും, വിമാനങ്ങളും ഉണ്ടാക്കിക്കളിച്ചു. പിന്നീടവര്‍ സാങ്കല്പിക നദികളും, വിമാനത്താവളങ്ങളും സൃഷ്ടിച്ച് ആ ബോട്ടുകളിലും, വിമാനങ്ങളിലും സഞ്ചരിച്ചു.
വിരസമായ പഠനങ്ങളുടെ ആവര്ത്തങ്ങളില് നിന്നും മോചനം നേടാനായി അപ്പോള്‍ അയാള്‍ തിരഞ്ഞെടുത്ത പുസ്തകം അഭിജ്ഞാനശാകുന്തളമായിരുന്നു. മുഖവുരയില്‍ കാളിദാസന്റെ ജീവിതരീതിയുടേയും, കാലഘട്ടത്തിന്റേയുമൊക്കെ സാങ്കല്പിക കഥകള്‍. പല പണ്ഡിതന്മാരുടേയും നിഗമനങ്ങള്‍. മുഖവുര വായിച്ചുതീര്‍ന്ന അയാള്‍ പുസ്തകമടച്ചുവെച്ച് കണ്ണുകള്‍ പൂട്ടി ചിന്തയിലാണ്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അയാള്‍ മാവില്‍ നിന്നും ധൃതിയില്‍ താഴോട്ടിറങ്ങി. വീടിന്റെ പടിഞ്ഞാറെ തിണ്ണയിലിരുന്ന വെട്ടുകത്തിയെടുത്ത് മാവിനടുത്തേക്കു നടക്കുമ്പോള്‍ അയാള്‍ ചുറ്റും നോക്കി, ആരുമില്ല. എല്ലാവരും വീടിന്റെ മുന്‍വശത്തിരുന്നു സംസാരിക്കുകയോ അല്ലെങ്കില്‍ അകത്തളത്തില്‍ കിടന്നു മയങ്ങുകയോ ആവാം. വീണ്ടും മാവില്‍ വലിഞ്ഞുകയറുമ്പോള്‍ അയാള്‍ അറിയാതെതന്നെ കണ്ണുകള്‍ തറഞ്ഞുനിന്നത് മാവിഞ്ചുവട്ടിലെ പൂഴിമണ്ണില് വാടി വീണുകിടന്ന കണ്ണിമാങ്ങകളിലായിരുന്നു.
പുസ്തകങ്ങള്‍ അടുക്കിവെച്ച ശിഖരത്തിനടുത്ത് വെട്ടുകത്തി തറച്ചുവെച്ച് അയാള്‍ സൂര്യനെ വീക്ഷിച്ചു. സൂര്യന്റെ ക്ഷീണിച്ച മുഖം കാണാന്‍ ഇഷ്ടമില്ലാതിരുന്ന അയാള്‍ പുസ്തകങ്ങളില്‍ മുഖമമര്‍ത്തിക്കിടന്നു. പിന്നീട് ഒരു ഉള്‍വിളിയാലെന്നപോലെ വെട്ടുകത്തിയെടുത്ത് താന്‍ ഇരുന്നിരുന്ന ശിഖരത്തിന്റെ കടഭാഗം മുറിക്കാന്‍ തുടങ്ങി. അപ്പോളതുവഴി കടന്നുപോയ ഒരാള്‍ വിളിച്ചുചോദിച്ചു,
“എന്താ അച്ചു, താന്‍ ആരാന്നാ കരുതിയിരിക്കണേ, കാളിദാസനോ?“
അതിനയാള്‍ ചിരിച്ചുകൊണ്ട് മറുപടി നല്കി. “അതെ ഞാന്‍ കാളിദാസനാ...“ എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞ താങ്കള്‍ക്കു നന്ദി. അയാള്‍ വീണ്ടും ശിഖരത്തില്‍ വെട്ടുകത്തി ആഞ്ഞു വീശി. അയാളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ കടന്നുപോയ വഴിപോക്കന് ആരോടെന്നില്ലാതെ പറഞ്ഞു.
“ഇന്നത്തെ കാലത്ത് പഠിപ്പു കൂട്യാലും ദോഷം തന്ന്യാ“
ശിഖരത്തില്‍ പതിക്കുന്ന ഓരോ മുറിവും അയാള്‍ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. ആദ്യം തോന്നിയ വേദന പിന്നീട് അയാള്‍ക്ക് അനുഭൂതിയായി. അയാളുടെ കരങ്ങള്‍ക്ക് ശക്തി കൂടുന്തോറും ശിഖരത്തിന്റെ മുറിവിന് ആഴമേറിക്കൊണ്ടിരുന്നു. പൊടുന്നനെ താരാട്ടുപാട്ടിന്റെ ഈണവും അമ്മയുടെ ആര്‍ദ്രമായ കണ്ണുകളും മനസ്സില്‍ നിറഞ്ഞുനിന്നു. അയാളുടെ ചുണ്ടുകളെന്തോ മന്ത്രിക്കുകയായിരുന്നു.
ഞാന്‍ മേലേടത്ത് അച്ചുതന്‍കുട്ടി അറിയുന്നു, ഓരോ വെട്ടിലും പിടയുന്നത് ഞാന്‍ മാത്രമല്ലെന്ന്, വയസ്സായ അച്ഛന്, അമ്മ, പോളിയോ ബാധിച്ച് ചേതനയറ്റ കൈ കാലുകളോടെ അനുജത്തി. വിവാഹക്കമ്പോളത്തിലെ ഏറ്റവും വിലകുറഞ്ഞ ചരക്കായി ചേച്ചി. അവരുടെ ശരീരങ്ങള്‍ മുറിവുകളേറ്റ് രക്തംവാര്‍ന്ന് നിശ്ചലമാകുന്നുവോ. പാദസരങ്ങളണിഞ്ഞ ഇന്ദുവിന്റെ പാദങ്ങള്‍ ആ രക്തത്തില്‍ ചവിട്ടിക്കടന്നു പോയതിന്റെ സ്വരം താന്‍ കേട്ടുവോ. തന്റേയും ഇന്ദുവിന്റേയും കുട്ടിക്കാലത്ത് കുടുംബങ്ങള്‍ തുലാസിന്റെ ഇരു തട്ടിലും ഒരേ തൂക്കത്തിലായിരുന്ന കാലത്ത് അമ്മാവന് അമ്മയോട് പറഞ്ഞിരുന്നുവത്രേ, ഇന്ദു അച്ചുവിന്റേതാണെന്ന്. അമ്മാവന്റെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിത്തുടങ്ങുന്ന പ്രായത്തില്‍ ഞങ്ങള്‍ മനസ്സുകൊണ്ട് ഒന്നായ് കഴിഞ്ഞിരുന്നു. പടിപ്പുരയിലും നാലുകെട്ടിലും തൊടിയിലും തന്നോടൊപ്പം ഒരു നിഴല്‍പോലെ ഇന്ദു അനുഗമിച്ചിരുന്നു. തന്റെ കൊച്ചുകൊച്ചു കളിയാക്കലുകളും നാണം കൊണ്ടു ചെമന്നുതുടുത്ത അവളുടെ മുഖവും നിമിഷങ്ങളുടെ ദൈര്‍ഘ്യമുള്ള പിണക്കങ്ങളും എല്ലാം എന്നാണ് തനിക്ക് നഷ്ടപ്പെട്ടത്? താനെന്നാണ് അവള്‍ക്ക് അനഭിമതനായത്? തുലാസിന്റെ ഒരു തട്ട് ഭാരംകൊണ്ട് താഴുമ്പോള്‍ താനും കുടുംബവും ഭാരമില്ലാതെ ശൂന്യതയില്‍ കിടന്നു തിരിഞ്ഞു. ഇന്ദുവിനെ താനെന്തിനു കുറ്റപ്പെടുത്തണം. ഗള്‍ഫിന്റെ ധാരാളിത്തവും, സുഗന്ധദ്രവ്യങ്ങളുമൊക്കെ ഏതു പെണ്ണിനെയാണ് കീഴ്പ്പെടുത്താത്തത്? അവളേയുംകൊണ്ട് വിമാനം ഈ മാവിന്‍മുകളിലൂടെ കടന്നുപോയപ്പോള്‍ താന്‍ ഇതേ ശിഖരത്തിലിരുന്ന് ഹ്യൂമന്‍ സൈക്കോളജിയുടെ പുതിയ പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. പിന്നീട് കഴുത്തിലും ശിഖരത്തിലുമായ് ഇട്ടിരുന്ന കയറിന്റെ കുരുക്കുകള്‍ ഊരി വലിച്ചെറിഞ്ഞു. ആര്‍ക്കെങ്കിലും എഴുതാനായ് ഒരു സൈക്കോളജിയെങ്കിലും ബാക്കി വെയ്ക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ കൃതാര്‍ത്ഥനാകുകയായിരുന്നു. ആരേയും കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം. ഏക മകളുടെ ഭാവി ഭദ്രമാക്കേണ്ടത് ഒരച്ഛന്റെ കടമയായ് കണക്കാക്കുമ്പോള്‍ അമ്മാവനും, അമ്മായിയും കുറ്റക്കാരാകുന്നതേയില്ല. കുറ്റങ്ങളും കുറവുകളും തനിക്കുമാത്രം വിധിക്കപ്പെട്ടീട്ടുള്ളതാണ്.
പണ്ടെങ്ങോ അച്ഛനോടൊപ്പം കണ്ടീട്ടുള്ള നിഴല്‍കുത്ത് കഥകളിയിലേതുപോലെ കണ്ണടച്ചാലും തുറന്നാലും കുറെ നിഴല്‍രൂപങ്ങള്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. താനും നിഴല്‍കുത്തിലെ കാട്ടാളനെപ്പോലെ ഈ രൂപങ്ങളെ കുത്തിമലര്‍ത്തേണ്ടിയിരിക്കുന്നു. തനിക്കതിനാവുന്നില്ലല്ലോ. നിഴലുകള്‍ക്കൊക്കെയും പരിചിത രൂപങ്ങള്‍, ഭാവങ്ങള്‍. ഇപ്പോഴയാളുടെ കയ്യിലെ വെട്ടുകത്തി ചെന്നു പതിച്ചത് ശിഖരത്തിന്റേയും മാവിന്റേയും അവസാനിക്കാന്‍ പോകുന്ന ബന്ധത്തിലായിരുന്നു. ശിഖരം ഒരു കാട്ടാളനെപ്പോലെ അലറിയില്ലെങ്കിലും ഒരു പ്രതിഷേധ പ്രകടനം പോലെ ചെറുതായി ഇടറിയ സ്വരം പുറപ്പെടുവിച്ചു. സുഖകരമായ തെന്നലില്‍ അയാള്‍ കണ്ണുകള്‍ പൂട്ടി. വെറും നിമിഷങ്ങളില്‍ എല്ലാ ചിന്തകളില്‍ നിന്നും മോചിതനാക്കി താഴെ മാമ്പൂക്കള്‍ വിരിച്ച് പ്രകൃതി അയാളെ ഉറക്കിക്കിടത്തി. ഒരു ശിശുവിനെപ്പോലെ അയാള്‍ മാവിന്‍ചുവട്ടില്‍ കമിഴ്ന്നടിച്ചുകിടന്നു. അറിവിന്റെ മുത്തുകള്‍ തേടാന്‍ അയാളെ സഹായിച്ച പുസ്തകങ്ങള്‍ അയാള്‍ക്കുചുറ്റും ചിതറിക്കിടന്നു. മാവിലയില്‍ പൊതിഞ്ഞ വാടിയ മാമ്പൂക്കള്‍ അയാളുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടന്നു.
കുട്ടികള്‍ കലപില കൂട്ടിക്കൊണ്ട് വീണ്ടും കളിക്കാനെത്തിയിരിക്കുന്നു. ചിലര്‍ അയാള്‍ക്കു ചുറ്റും കൂടിന്നിന്നു ചിരിച്ചു. മറ്റു ചിലര്‍ വീണുകിടന്ന ശിഖരത്തില്‍ കണ്ണിമാങ്ങകള്‍ തിരയാന്‍ തുടങ്ങി.
- 0 -