Friday, June 23, 2006

ദൈവത്തിന്റെ സ്വന്തം....

“ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം;
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍!”

അപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു കേട്ടാലോ? ചിരിക്കണോ, കരയണോ എന്നറിയാതെ ഒരുകൂട്ടര്‍. ഇടയ്ക്കിടെ മഴ കിട്ടുന്നതുകൊണ്ടാവാം ചോര തിളയ്ക്കാതിരിക്കുന്നവര്‍ ചൂടാക്കാന്‍ അല്ലെങ്കില്‍ തിളപ്പിക്കാന്‍ കഞ്ചാവും മയക്കു മരുന്നും ഉപയോഗിക്കുന്നു. സാക്ഷരതയുള്ളതുകൊണ്ട്‌ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നാം പരാജയപ്പെടുന്നില്ല. ആഗോളവല്‍കരണത്തിലൂടെ നാടുകള്‍ പലതും കൊടുക്കല്‍ വാങ്ങലുകളില്‍ സ്വാതന്ത്യ്രം നല്‍കിയപ്പോള്‍ നമ്മുടെ സാക്ഷര ജനത ഏറ്റെടുത്തത്‌ അല്ലെങ്കില്‍ കൈ നീട്ടി സ്വീകരിച്ചത്‌ ഫാഷന്‍ ടി.വി.യും എം.ടി.വിയും മാത്രമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. ഒടുവിലിതാ നമ്മള്‍ ഓമനിക്കുന്ന അഞ്ചുവയസ്സുള്ള നമ്മുടെ കുഞ്ഞുങ്ങളെപോലും കാമക്കണ്ണുകളോടെ കാണുകയും, നിര്‍ദ്ദയം കൊന്നുകളയുകയും ചെയ്യുന്ന കൌമാര പ്രായങ്ങളുടെ ഒരു നീണ്ട നിര....... അപ്പോഴും നമ്മള്‍ വരാനോ, വരാതിരിക്കാനോ സാധ്യതയുള്ള എക്സ്പ്രെസ്സ്‌ ഹൈവെ, സ്മാര്‍ട്ട്‌ സിറ്റി എന്നിവയുടെ കമ്മീഷനുകളെ കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകയും ഹര്‍ത്താലാഘോഷിക്കുകയും ചെയ്യുന്നു. നാടു വിട്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്നു തോന്നുന്ന രീതിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ ദൈവം പോലും നാടുവിടുന്നതിനു ഏതെങ്കിലും തീവണ്ടിയാപ്പീസിലെ വെയിറ്റിംഗ്‌ ഷെഡില്‍ കാത്തിരിക്കുകയാവാം.

പണ്ട്‌ വി.കെ.എന്‍. എഴുതിയതോര്‍ത്തുപോയി. ഇത്‌ ഓണക്കളിയുടെ നാട്‌, ഓണത്തല്ലിന്റെ നാട്‌, പുലിക്കളിയുടെ നാട്‌, തിരുവാതിരക്കളിയുടെ, കഥകളിയുടെ, വറുത്തുപ്പേരിയുടെ നാട്‌ എന്നൊക്കെ..... ഇനിയും നമുക്ക്‌ കൂട്ടിച്ചേര്‍ക്കാനുണ്ട്‌....... ഇത്‌ പെണ്‍വാണിഭത്തിന്റെ, കൂലിത്തല്ലിന്റെ, ഹര്‍ത്താലിന്റെ... ചെകുത്താന്റെ സ്വന്തം......
വരും തലമുറയെങ്കിലും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുവാന്‍ ഇപ്പോള്‍ ബോധമുള്ള കുറച്ചുപേരെങ്കിലും ചേര്‍ന്ന് ‍ നഴ്സറി തലത്തിലെങ്കിലും ബോധവത്ക്കരണശ്രമം തുടങ്ങേണ്ടി വരും...

1 comment:

ബ്ലോഗ്‌ said...

'കുളം പറഞ്ഞ കഥ'..
"നിങ്ങള്‍ക്കും കാണും എന്തെങ്കിലും പറയാന്‍ .."
http://enikkumblogo.blogspot.com