എന്റെ എല്ലാ ബൂലോഗ ചങ്ങാതിമാര്‍ക്കും
ഐശ്വര്യവും, സമാധാനവും, സന്തോഷവും
നിറഞ്ഞ വര്‍ഷമായിരിക്കട്ടെ 2008 എന്ന് ആശംസിച്ചുകൊണ്ട്
സസ്നേഹം
മുരളി
Monday, December 31, 2007
Sunday, December 23, 2007
വെള്ളം കോരലും മസിലു പിടുത്തവും - ചില ഓര്‍മ്മകള്‍
1980 മുതല്‍ 1990 വരെയുള്ള പത്തുവര്‍ഷങ്ങള്‍ ശരീരം പുഷ്ടിപ്പെടുത്തലിലും, അതിന്റെ പ്രദര്‍ശനത്തിലും ഊറ്റം കൊണ്ടു നടന്ന കാലം. മിസ്റ്റര്‍ ഇരിങ്ങാലക്കുട മുതല്‍ എവിടെ ബോഡി ബില്‍ഡിംഗ് മത്സരം നടന്നാലും പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിരുന്നു. 1984ല്‍ മിസ്റ്റര്‍ കേരളവര്‍മ്മ കോളേജ് ആയി തിരഞ്ഞെടുക്കപ്പെടുകയും, ഭാരോദ്വഹന മത്സരത്തില്‍ 83ലും 84ലും ജില്ലാ ചാമ്പ്യനാവുകയും ചെയ്തു. യൂണിവേഴ്സിറ്റി തലത്തിലും നിരവധി സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. കോളേജില്‍ തന്നെ Gymnasium club ഉണ്ടായിരുന്നതുകൊണ്ട് കാലത്ത് കോളേജില്‍ പോയാല്‍ ഒരുപാട് വൈകീട്ടേ വീട്ടിലെത്താറുള്ളു. മനസ്സില്‍ അപ്പോഴും കലയും സാഹിത്യവും സൂക്ഷിച്ചിരുന്നതിനാല്‍ “കളിയരങ്ങ്” എന്ന കാമ്പസ് തിയ്യറ്ററിലും സജീവമായ് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ശരീരത്തിന്റെ രൂപ ഘടന വ്യത്യസ്തമായതിനാല്‍ നാടകങ്ങളില്‍ ചില പ്രത്യേക വേഷങ്ങളില്‍ ഒതുങ്ങേണ്ടി വന്നു എന്നത് പലപ്പോഴും മനസ്സിനെ വിഷമിപ്പിച്ചിരുന്നു. അമ്മക്ക് എന്റെ ഇത്തരം പ്രവൃത്തികളോട് തുടക്കത്തില്‍ തീരെ യോജിപ്പുണ്ടായിരുന്നില്ല. ശരീരസൌന്ദര്യ സങ്കല്പം അമ്മക്ക് തീരെ സ്വീകാര്യമായിരുന്നില്ലെന്ന് ചുരുക്കം.
പലരോടും സംസാരിക്കുമ്പോള്‍ അമ്മയിങ്ങനെ പറയുമായിരുന്നു, “തൃശൂര് പഠിക്കാന്‍ പോയതിനുശേഷം അവന്‍ ഒരു കൊരങ്ങന്റെ രൂപായി മാറി. അരേലൊരു കുടുക്കിടാന്‍ പാകത്തില്‍ ചെറുതായ് ചെറുതായ് വരുന്നു, പക്ഷെ നെഞ്ചു വീര്‍ത്ത് വീര്‍ത്ത് ചെക്കനാകെ വികൃതായി വര്വാ”.
ഇതൊക്കെയാണെങ്കിലും സമയാ സമയത്തിന് പച്ചക്കപ്പലണ്ടി കുതിര്‍ത്തിയതും, നേന്ത്രപ്പഴം, ചെറുപയറും, ഉരുളക്കിഴങ്ങും വേവിച്ചത് , വെള്ളച്ചോറില്‍ ചെറിയ ഉള്ളി അരിഞ്ഞിട്ട് തൈരൊഴിച്ച് വെച്ചത്, എന്നിങ്ങനെ എന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ കാര്യവും കൃത്യമായ് തയ്യാറാക്കി തന്നിരുന്നു. അതുപോലെ പത്രത്തില്‍ ഫോട്ടോ വന്നപ്പോള്‍ അഭിമാനത്തോടെ അത് എല്ലാവരേയും കാണിക്കുന്നത് കണ്ടിരുന്നു.അപ്പോള്‍ അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് അമ്മയോടിങ്ങനെ പറയുമായിരുന്നു,
“അവന്‍ സ്പോര്‍ട്സില്‍ താല്പര്യം കാട്ടുന്നതിലെന്താ തെറ്റ്. അതൊന്നും ഇതുവരെ അവന്റെ പഠിപ്പിനെ ബാധിച്ചീട്ടും ഇല്ല. നീയായിട്ട് അവനെ നിരുത്സാഹപ്പെടുത്താതിരുന്നാല്‍ മതി."
അങ്ങനെ ഞാനൊരല്പം അഹങ്കാരത്തോടെ ഷേര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് ഇടാതെ നടന്നിരുന്ന കാലം. അന്ന് ഒരു ചെറിയ സ്വര്‍ണ്ണ മാലയും കഴുത്തിലുണ്ടായിരുന്നു. ഒരിക്കല്‍ അതുകണ്ട് കോളേജിലെ മലയാളം ലക്ചറര്‍ രാജന്‍ സാര്‍ എന്നോടൊരു ചോദ്യം. “എന്താടോ ഷേര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് ഇടാത്തത്?” ഞാന്‍ പറഞ്ഞു, അതിട്ടാല്‍ ഷേര്‍ട്ട് വളരെ കുടുസ്സായി ഇരിക്കും അതോണ്ടാ.. അപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ കളിയാക്കി പറഞ്ഞു, “അതൊന്നും അല്ല സാറെ, അവന്റെ സ്വര്‍ണ്ണമാല കാട്ടാന്‍ വേണ്ടി ബട്ടന്‍സ് അഴിച്ചിട്ടു നടക്കുന്നതാ...” അതുകേട്ട് സാറിന്റെ വക മറ്റൊരു കമന്റും, “ഓ എന്തായാലും അരഞ്ഞാണം ഇടാന്‍ തോന്നാഞ്ഞത് നന്നായി” എന്ന്. എല്ലാവരും കൂട്ടച്ചിരിയായി, തൊലിക്കട്ടി കുറവായതിനാല്‍ ഞാനുടനെ അവിടെ നിന്നും നിഷ്ക്രമിച്ചു. (നാണം കെട്ടോടി പോയിയെന്നും പറയാം)
ഇതൊക്കെ മുഖവുരയായ് എഴുതിയത് മറ്റൊരു കാര്യം പറയാന്‍ വേണ്ടിയാണ്. വീട്ടില്‍ കറണ്ട് പോയപ്പോള്‍ അച്ഛന്‍ പറഞ്ഞു, “ഇനിയിപ്പോ കറണ്ട് എപ്പഴാ വര്വാന്ന് ഒരു പിടിയുമില്ല. നീ പോയി ആ ബക്കറ്റുപയോഗിച്ച് മോട്ടോര്‍ ഷെഡ്ഡിനോട് ചേര്‍ന്നുള്ള ആ ടാങ്കില്‍ കുറേ വെള്ളം കോരി നിറയ്ക്ക്. അത്യാവശ്യത്തിനുപയോഗിക്കാമല്ലോ”.
ഇതു കേട്ടതും, ഞാന്‍ ഷേര്‍ട്ട് ഊരിയെറിഞ്ഞ്, നെഞ്ചുവിരിച്ച് ബക്കറ്റെടുത്ത് കപ്പിയില്‍ കൊരുത്ത് കിണറ്റിലേക്കിറക്കി. കയര്‍ മെല്ലെ മെല്ലെ ഇറക്കുമ്പോഴും, ബക്കറ്റില്‍ വെള്ളം നിറച്ച് വലിക്കുമ്പോഴും കയ്യിലെ മസിലുകള്‍ ഉരുണ്ടു കയറുന്നതു കണ്ട് ഞാന്‍ നിര്‍വൃതി കൊണ്ടു. അങ്ങനെ ഞാന്‍ രണ്ടു ബക്കറ്റ് വെള്ളം കോരി കഴിഞ്ഞപ്പോഴേക്കും എന്റെ രണ്ടു കൈകളുടേയും മസില്‍ വലിഞ്ഞ് കയറി വീര്‍ത്ത് പൊട്ടാറായതുപോലെ ആയി. ബക്കറ്റ് ഇറക്കാനും, വലിക്കാനുമുള്ള സുഖമെല്ലാം നഷ്ടപ്പെട്ടു. ബക്കറ്റ് കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ച് തെങ്ങു ചെത്താന്‍ നടക്കുന്നവരെ പോലെ (കക്ഷത്തില്‍ കുരു വന്നവരെപ്പോലെ എന്നും പറയാം) ഞാന്‍ കൈ അകറ്റി പിടിച്ച് പൂമുഖത്തേക്ക് ചെന്നു. അതുകണ്ട് അച്ഛന്‍ ചോദിച്ചു,
“ഇത്ര വേഗം ടാങ്ക് നിറച്ചോ?” ഞാന്‍ പറഞ്ഞു, “ഇല്ലച്ഛാ, രണ്ടു ബക്കറ്റ് വെള്ളം കോരിയപ്പോഴേക്കും കയ്യിന്റെ മസില്‍ വന്നു വീര്‍ത്ത് അനക്കാന്‍ പറ്റാതായി”
എന്നീട്ട് രണ്ടു കൈകളും ഉയര്‍ത്തി വീര്‍ത്തു നില്‍ക്കുന്ന മസിലുകള്‍ അച്ഛനെ കാണിച്ച് അഭിമാനത്തോടെ നില്‍ക്കുമ്പോള്‍ അച്ഛന്‍ വളരെ വിഷമത്തോടെ എന്നോടു പറഞ്ഞു,
“എന്റെ മോനേ, ചാകാന്‍ നേരത്ത് അല്പം വെള്ളം കോരി കൊണ്ടുവരാന്‍ നിന്നോട് പറഞ്ഞാല്‍ നിന്റെ മസിലുടക്കി നീയിങ്ങനെ നില്‍ക്കും, വെള്ളം കുടിക്കാതെ ഞാന്‍ ചാവേണ്ടിയും വരും. നിനക്കോ, വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ ഉപകാരമില്ലാതെ ഇങ്ങനെ മസിലുണ്ടാക്കി നടന്നീട്ട് എന്താടാ ഒരു കാര്യം?”
“യൂ ടൂ അച്ഛാ” എന്ന് മാത്രമേ എന്റെ അപക്വ മനസ്സില്‍ അന്ന് വിളയാടിയുള്ളു. അതുകൊണ്ട് തെല്ല് ദേഷ്യത്തോടെ അവിടെ നിന്നും നിഷ്ക്രമിച്ചു. അത് അന്ന് ഞാനത്ര കാര്യമായെടുത്തില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്റെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മനസ്സില്‍ മുഴങ്ങുകയും, മസില്‍ ഡെവലപ്‌മെന്റ് ഒരത്യാവശ്യമല്ലെന്നും, അത്രയും സമയം വായനക്കും എഴുത്തിനും നീക്കി വെക്കാതെ പോയത് തികഞ്ഞ വങ്കത്തരമായെന്നും തിരിച്ചറിയുകയും, ഒരല്പം നിരാശത ഉണ്ടാവുകയും ചെയ്തു. 1991ല്‍ gymnasium ത്തോട് എന്നേക്കുമായ് goodbye പറഞ്ഞു. പിന്നെ ഒരു തമാശയ്ക്ക് വേണ്ടി പോലും ശരീരം സ്ട്രെച് ചെയ്തീട്ടില്ല.
പറഞ്ഞതില്‍ അതിശയോക്തിയില്ലെന്ന് കാട്ടാന്‍ മാത്രം അന്നത്തെ എന്റെ ചില ഭീകര ചിത്രങ്ങള്‍ കൊടുക്കുന്നു.
വിഭാഗം:/Label
ഓര്‍മ്മക്കുറിപ്പ്
Friday, December 14, 2007
ദുബായിലെ 3 രാത്രികള്‍
ഡാര്‍ എസ് സലാമില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങും വഴി സ്നേഹ സമ്പന്നരായ ദുബായിലെ ബ്ലോഗേഴ്സിന്റെ അതിഥിയാവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്ക് കൈവന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ദുബായ് വഴി പോകുമ്പോള്‍ അവിടെ തങ്ങുവാന്‍ പ്രത്യേക ഉദ്ദേശ്യമില്ലായിരുന്നു. പക്ഷെ സ്നേഹ സമ്പന്നരായ വിശാലനും, കുറുമാനും, കൈതമുള്ളുമൊക്കെ നിര്‍ബ്ബന്ധിച്ചപ്പോള്‍ അങ്ങനെയാവട്ടെ എന്നു കരുതി.
എത്തിയതിന്റെ പിറ്റേന്ന് ആദ്യം വിളിച്ചത് കൈതമുള്ളിനെ (ശശി ചിറയില്‍) ആയിരുന്നു. അദ്ദേഹത്തിന്റെ ഊണു കഴിഞ്ഞുള്ള പതിവ് ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ടായിരുന്നു ഹോട്ടല്‍ പാം ബീച്ചില്‍ നിന്നുള്ള എന്റെ ഫോണ്‍ വിളി. ദാ, ഉടനെ എത്തി എന്ന് പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശശിയേട്ടന്‍ എന്റെ 201 നമ്പര്‍ മുറിയില്‍ ഹാജരായി. കുറേ സംസാരിച്ചിരുന്ന് പിന്നെ ദുബായിലെ സന്ധ്യാ സമയവും ചമയവും കാണാന്‍ ശശിയേട്ടന്‍ എന്നേയും കൂട്ടി പുറത്തേക്ക്. ബാങ്ക് സ്ട്രീറ്റിനടുത്തുകൂടെ നടന്ന് മ്യൂസിയത്തിനടുത്തുകൂടെ നടക്കുമ്പോള്‍ ശശിയേട്ടന്‍ ചരിത്രത്തിലൂടെ എന്നെ ഒരുപാടു പുറകിലേക്ക് കൊണ്ടുപോയി. ക്രീക്കിലെ ഒഴുകി നടക്കുന്നതും, നങ്കൂരമിട്ടിരിക്കുന്നതുമായ വര്‍ണ്ണങ്ങള്‍ വിതാനിച്ച ബോട്ടുകളെ നോക്കി കുറേ നേരം നിന്നു. വീണ്ടും ഇടതടവില്ലാതെ ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നടന്നു.
രസകരമായിരുന്നു ആ നിമിഷങ്ങള്‍. പിന്നെ ശശിയേട്ടന്റെ വീട്ടിലേക്ക്. ചേച്ചിയും മകളും ചേട്ടനും കൂടി അടുക്കളയില്‍ പൊരിഞ്ഞ പാചകത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് സ്വീകരണമുറിയിലിരുന്ന് ഭാവനയില്‍ കാണാതെ പാചകകലയുടെ ചില വിദഗ്ധ വശങ്ങള്‍ പഠിച്ചെടുക്കുവാന്‍ ശശിയേട്ടന്റേയും ചേച്ചിയുടേയും ഒപ്പം ഞാനും കൂടി. അല്പ സമയത്തിനുള്ളില്‍ വിശാലനത്തി. പിന്നാലെ അജിത്ത് പോളക്കുളത്ത് തന്റെ സുഹൃത്ത് മാധവനുമായ് എത്തി. കുറച്ച് വൈകിയാണെങ്കിലും കുറുമാനും എത്തി. അങ്ങനെ ഞങ്ങള്‍ കോഴിയുടേയും, മീന്റേയും ശാപങ്ങളേറ്റുവാങ്ങി അതിന്റെ വിഷമം മാറുവാന്‍ കുറച്ച് കഷായവും കുടിച്ചു. രാത്രി രണ്ടുമണിയോടെ ഞങ്ങള്‍ പിരിഞ്ഞു.
പക്ഷെ കുറുമാന്റെ സ്നേഹം അവിടെ അവസാനിച്ചിരുന്നില്ല. എന്നേയും കയറ്റിയ അദ്ദേഹത്തിന്റെ വാഹനം ദുബായിലെ തെരുവീഥിയിലൂടെ ചീറി പാഞ്ഞു. എന്റെ ഉള്ളിലെ കിളിയും അതോടൊപ്പം പാഞ്ഞുകൊണ്ടിരുന്നു. ഈ പോക്ക് പോയാല്‍ കുറുമാന്‍ തല മൊട്ടയടിച്ച് ഇന്ത്യയിലേക്കും, ടാന്‍സാനിയായില്‍ നിന്ന് വന്ന ഞാന്‍ ഒരു 30 ചാട്ടവാറടിയെങ്കിലും വാങ്ങി കൊച്ചിയിലേക്കും എത്തിപ്പെടുമോ എന്ന് സന്ദേഹിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
എനിക്കിപ്പോ പോണം ഹോട്ടലിലേക്ക്. “ഹേയ്, അതെന്താ മുരളിയേട്ടാ, എന്റെ ഡ്രൈവിംഗ് കണ്ട് പേടിച്ചോ, അതേയ്, ഞാനൊരുപാട് റാലിയില്‍ പങ്കെടുത്തീട്ടുള്ളതാ, ഒന്നും പേടിക്കണ്ട ട്ടാ”, കുറുമാന്‍ ധൈര്യം പകരുകയാണ്.
ഞാന്‍ പറഞ്ഞ്, “ഹേയ്, എന്തു പേടി, നേരം ഇത്രയായില്ലേ, ഇനി ഹോട്ടലില്‍ പോകാം” - അപ്പോഴും ഞാന്‍ ചെറുതായ് വിറച്ചിരുന്നുവോ എന്ന് സംശയം.
പേടികൊണ്ടാവില്ല, ഡിസംബറല്ലേ, ദുബായല്ലേ, ചെറിയൊരു കുളിര്. അങ്ങനെ അള്ളാഹു പ്രാര്‍ത്ഥന ചെവികൊണ്ടു. എന്നെ പാം ബീച്ചില്‍ ഇറക്കി. അവിടെ പാര്‍ക്കിംഗ് കിട്ടാത്തതിനാല്‍ ഒന്നുരണ്ടു പേരോട് കുറുമാന് ഇത്തിരി ദേഷ്യം വന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞ് പിരിഞ്ഞു. കുഞ്ഞുമോള്‍ക്ക് പനിയായിരുന്നതിനാല്‍ പിറ്റേന്ന് കാണുവാന്‍ സാദ്ധ്യതയില്ലെന്നും പോകുന്നതിനു മുമ്പ് പറഞ്ഞു.
പിറ്റേന്ന് കാലത്ത് 9:30 ന് പാം ബീച്ച് ഹോട്ടലില്‍ ഫ്രീയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്ന എന്നോട് ദോശയവിടെ ഉപേക്ഷിച്ച് പെട്ടെന്ന് വരാനായിരുന്നു വിശാലന്റെ നിര്‍ദ്ദേശം. പുറത്ത് ചെന്നപ്പോള്‍ വിശാലനും അദ്ദേഹത്തിന്റെ അളിയനും വാഹനവുമായ് കാത്തു നിന്നിരുന്നു. നേരെ പോയത് വുഡ് ലാന്റ് ഹോട്ടലിലേക്ക്. അവിടെ നിന്ന് മസാലദോശയും ചായയും കഴിച്ച് പിന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക്. വിശാലനും എനിക്ക് തൊട്ടുപിന്നാലേ നാട്ടില്‍ വരുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും അത്യാവിശ്യമില്ലാത്ത കുറേ സാധനങ്ങള്‍ വാങ്ങി (എല്ലാവരേയും സന്തോഷിപ്പിക്കുക എന്ന ചടങ്ങിലേക്ക്). വളരെ വിശാലമായ ഒരു ഷോപ്പിംഗ് കോമ്പ്ലെക്സിലൂടെ ആദ്യമായ് നടന്നു. 1:30 ആയപ്പോള്‍ ശശിയേട്ടന്‍ ഫോണ്‍ ചെയ്തു. എവിടെയാണെന്നന്വേഷിച്ചു. ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നതിനാലും, ആ ഭക്ഷണത്തിന്റെ രുചി അറിയുന്നതുകൊണ്ടും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ശശിയേട്ടന്റെ വീട്ടിലെത്താന്‍ മനസ്സ് വെമ്പന്‍ കൊണ്ടു. എന്നെ ഹോട്ടലില്‍ ഇറക്കി അപ്പോള്‍ പിന്നെ വൈകീട്ട് കാണാം എന്ന് പറഞ്ഞ് വിശാലനും, അളിയനും യാത്ര പറഞ്ഞു. ഞാന്‍ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് ശശിയേട്ടന്റെ വീട്ടില്‍ പോയി. ഒരു വോഡ്ക കഴിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.
അതിനിടെ കിലുക്കാംപെട്ടിയുടെ ഫോണ്‍ വന്നു. അവരുടെ ചുറുചുറുക്കുള്ള ജീവിതചര്യകള്‍ അറിഞ്ഞ് ഞാന്‍ അത്ഭുതം കൊണ്ടു. നേരില്‍ കാണാന്‍ പറ്റാത്തതിന്റെ ഖേദം അറിയിച്ചു. എങ്കിലും വാക്കുകളിലൂടെ തന്നെ മറ്റുള്ളവര്‍ക്കും ഉന്മേഷം പകരാന്‍ കഴിയുന്ന പ്രതിഭയുള്ള ആ ബ്ലോഗര്‍ക്ക് എന്റെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിന്നീട് പോകുന്നതിനു തൊട്ടുമുമ്പും വിളിച്ച് യാത്രാ മംഗളങ്ങള്‍ നേരാന്‍ അവര്‍ മറന്നില്ല.
അതുപോലെ ഫോണിലൂടെ സ്നേഹം ചൊരിയാന്‍ ചന്ദ്രകാന്തവും ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യം അവരും വിളിച്ചു. പനിയായിരുന്നതിനാല്‍ അവര്‍ക്കും എത്താനായില്ല. അവര്‍ക്കും എന്റെ നന്ദി.
ഡിസംബര്‍ 7 നു വൈകീട്ട് ആദ്യം റൂമിലെത്തിയത് വഴിപോക്കന്‍[vazhipokan] (C P Dinesh) ആണ്. പിന്നെ അപ്പുവും (ഷിബു), സഹയാത്രികനും (സുനില്‍) വന്നു. കുറച്ച് നേരം സംസാരിച്ചിരുന്ന് ഞങ്ങളെല്ലാവരും കൈതമുള്ളിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് ചായ കുടിച്ചു. വൈകീട്ട് ഞാനും, അപ്പുവും, സഹയാത്രികനും, വഴിപോക്കനും കൂടി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും വാങ്ങാനായ് ജംബോ ഇലക്ട്രോണിക്സില്‍ പോയി. വഴിപോക്കന്റെ സ്വാധീനത്തില്‍ ചില്ലറ ഡിസ്ക്കൌണ്ടില്‍ സാധനങ്ങള്‍ വാങ്ങി. അതിനിടെ ശശിയേട്ടനും കുടുംബവും അത്യാവശ്യമായി ഷാര്‍ജ്ജയില്‍ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളെ വന്ന് കണ്ടു യാത്ര പറഞ്ഞു.
അപ്പുവും, സഹയാത്രികനും ഷാര്‍ജ്ജയിലേക്ക് തിരിച്ചുപോയി. ഞാനും വഴിപോക്കനും ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. രാത്രി വഴിപോക്കന്റെ വക അത്താഴവിരുന്നും കഴിഞ്ഞ് എന്നെ എയര്‍പ്പോര്‍ട്ടിലേക്ക് യാത്രയാക്കും വരെ അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു.
എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങി 3 ദിവസങ്ങള്‍ ചെലവഴിച്ച ദുബായ് എന്റെ ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്ക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് എന്നെ സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അവരുടെ ദേഷ്യം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ വീണും ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ മനസ്സ് കൊണ്ടു വെമ്പല്‍ കൊള്ളുന്നു എന്നറിയിച്ചുകൊണ്ട്
നിര്‍ത്തട്ടെ.
സസ്നേഹം
മുരളി
Subscribe to:
Posts (Atom)