Monday, November 26, 2007

കുട്ടിമാളൂ സന്ദേശം

“ഹലോ... അതേയ്... ഞാന്‍ കുട്ടിമാളു,....... ങേ,..... ഹലോ......, കേള്‍ക്കണില്യേ ഞാന്‍ പറേണത്?”

"പറഞ്ഞോളു കുട്ടിമാളു, ങാ അതെ, ..... കുഞ്ഞപ്പനാണ്, എനിക്ക് കേക്കണ് ണ്ട്."


"ഓഹോ, കേക്കണ്ണ്ടോ, എന്നട്ടാണോ, ഇവിടെന്ന് ഇത്രേം വിളിച്ച് കൂവീട്ടും, ഒന്നും അറിയാത്ത പോലെ ഇത്രേം സമയം കഴിഞ്ഞട്ട് പറയണത്....കേക്കണ്ണ്ട്ന്ന്."


"എന്റെ കുട്ടിമാളു നീ കൊറേ നേരായിട്ട് അവടന്ന് പറഞ്ഞു തുടങ്ങിയതെങ്ങന്യാ ഞാനറിയണേ.. നിന്റെ ശബ്ദം കേട്ടപ്പ തന്നെ ഞാന്‍ പറഞ്ഞു, കേക്കണ്ണ്ട്ന്ന്."

"അതേ ഇത് ISD യാ, അതു പറഞ്ഞ് സമയം കളയണ്ട."
അത് ശര്യാ, നീ നമ്മടെ കുഞ്ഞുമക്കളെ ഒന്ന് വിളിക്ക്. അവരുടെ ശബ്ദം കേട്ടട്ട് കൊറേ നാളായി."

"ഹോ, അച്ഛന്റെ കുഞ്ഞുമക്കള്. ഒക്കെ ആരെങ്കിലും വന്ന് വിളിച്ചാല്‍ റെഡിയായി നീയോ ഞാനോന്ന് പറഞ്ഞ് നിക്കണ പിള്ളേരാണ്. അവര് ഇരുന്ന് പഠിക്ക്യാ.. എന്താ പറയാനൊള്ളേന്ന് വച്ചാ ഞാന്‍ പറഞ്ഞോളാം. അല്ലെങ്കിലും നിങ്ങള്‍ക്കെപ്പോഴും അവരുടെ കൂടെ സംസാരിക്കണംന്നല്ലാണ്ട് എന്റെ ശബ്ദം കേക്കണത് അലര്‍ജ്യാണല്ലോ.."

"എന്റെ കുട്ടിമാളു. അവരു പഠിക്ക്യാണെങ്കില്‍ വിളിക്കണ്ട. നിന്റെ വിശേഷങ്ങള്‍ പറയൂ."

"ങും, ഇനി എനിക്ക് വിശേഷല്യാത്തേന്റെ കൊറവേ ഉള്ളു. അതേ, ഞാനിപ്പ വിളിച്ചതേ നിങ്ങടെ ആ തെണ്ടിനടന്നിരുന്ന ഒരു അമ്മാമനില്ലേ, ... ആ ഗോപാലമ്മാന്‍...... അങ്ങേരു ഇന്നലെ ചത്തു. ഏതോ പീടികത്തിണ്ണയില്‍ കിടന്നാ ചത്തതത്രെ."

കുഞ്ഞപ്പന്റെ ശിരസ്സിലൊരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് കണ്ഠനാളത്തിലൂടെ ലാവ താഴോട്ടൊഴുകുന്നതുപോലെ തോന്നി. ഒരു നിമിഷം അയാള്‍ ദ്രവിച്ച് ഇല്ലാതാകുന്നതായ് അറിഞ്ഞു. അപ്പോള്‍ അതാ ഗോപാലമ്മാന്‍ തന്നെ വന്ന് താങ്ങി എഴുന്നേല്പിക്കുന്നു. എന്തൊരു സ്നേഹമാണാ മുഖത്ത്. എന്നും എല്ലാവരും തന്നെ പുച്ഛിച്ച് പുറന്തള്ളിയപ്പോഴും ഗോപാലമ്മാന്‍ മാത്രമേ തന്നെ സഹായിച്ചീട്ടുള്ളു. ഉദ്യോഗം തെണ്ടി നടന്നിരുന്ന കാലത്ത്, ഊണു സമയത്ത് അറിയാതെ അച്ഛന്റെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ അമ്പലപ്പറമ്പില്‍ ചുറ്റി നടക്കുമ്പോള്‍ കള്ളുഷാപ്പില്‍ കൊണ്ടുപോയി ഇറച്ചിയും, കപ്പയുമൊക്കെ വാങ്ങിത്തന്ന് സ്നേഹത്തോടെ പറയുമായിരുന്നു. "നീ ഒരിക്കല്‍ നന്നാവും, അപ്പോ ഇന്ന് നിന്നെ തള്ളിപ്പറഞ്ഞോരൊക്കെ നിന്റെ സ്വന്താവാന്‍ മത്സരിക്കും. ഈ ഗോപാലമ്മാന്‍ അപ്പഴും ഇവടൊക്കെ തന്നെ കാണും കുഞ്ഞാ.." വെശന്നതുകൊണ്ട് വാരിവലിച്ച് തിന്ന് ഇക്കിള്‍ വരുമ്പോള്‍ ദാഹം മാറ്റാന്‍ താന്‍ കള്ളും കുപ്പിയില്‍ കൈ വെക്കും. അപ്പോള്‍ സ്നേഹത്തോടെ തലക്കൊരു കിഴുക്കും തന്ന് പറയും, "ഇത് നീ തൊടാന്‍ പാടില്ല. ഇക്കിളിന് വെള്ളം കുടിക്ക്വാ ചെയ്യാ അല്ലാണ്ട് കള്ളല്ല. മാത്രോല്ല, നീ ഈ സാധനം കഴിച്ചൂന്നെങ്ങാന്‍ അമ്മാവന്‍ കേട്ടാ‍, അന്ന് പിന്നെ നീയെന്റെ മരുമോനല്ലാ. പക്ഷെ നീ വല്യ ആളാവുമ്പോ എന്നും കള്ളു കുടിക്കാനുള്ള കാശ് നീ ഈ പാവം അമ്മാമനു തരണം. നീ നല്ലവനാടാ,,,,"


അത് പറഞ്ഞ് അമ്മാവന്‍ കരഞ്ഞു കൊണ്ട് തലയില്‍ കൈ വച്ചനുഗ്രഹിക്കും, മദ്യവും മാംസവും മണക്കുന്ന ചുണ്ട് കൊണ്ട് ഉമ്മ വെക്കും. അങ്ങനെയുള്ള തന്റെ അമ്മാവന്‍ മരിച്ചു എന്ന് പറഞ്ഞെങ്കിലും വാക്കുകള്‍കൊണ്ട് അവള്‍ക്കാ ശവശരീരത്തിനെയെങ്കിലും ബഹുമാനിക്കാമായിരുന്നു.
“ഹലോ, എന്റെ കാശ് മുഴുവന്‍ ഈ മനുഷ്യനെ വിളിച്ച് തീരൂലോ എന്റെ ഈശ്വരാ...എവടെ പോയി കെടക്ക്വാ?” കുട്ടിമാളുവിന്റെ സ്വരം ഉയരുന്നു.
കുഞ്ഞപ്പന്‍ ശബ്ദം പതറാതിരിക്കാന്‍ പണിപ്പെട്ട് ചോദിച്ചു, എന്നട്ട്?
“ഹോ അവടെ ഫോണ്‍ പിടിച്ച് മനോരാജ്യം കാണായിരുന്നു അല്ലേ... കാശെത്രെ ആവുംന്ന് ആലോചിക്കാത്തെന്താ.... എന്നട്ടെന്താവാന്‍? ആരും ഏറ്റെടുക്കാനില്ലാത്തോണ്ട് പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിച്ചൂന്നാ കേട്ടേ.”


“ നിനക്കെങ്കിലും......” അയാളുടെ തൊണ്ട ഇടറി
“ഹോ, ഞാന്‍ ചെന്ന് ആ ശവം ഏറ്റെടുക്കായിരുന്നില്ലേന്ന് അല്ലേ... അങ്ങേരടെ സ്വത്ത് തട്ടിയെടുത്ത് അനുഭവിക്കണ രണ്ട് അമ്മായിമാരുണ്ടായിരുന്നില്ലേ, അവര്‍ക്കില്ലാത്ത സ്നേഹെന്തിനാ ഞാന്‍ കാണിക്കണേ?”
കുഞ്ഞപ്പന്‍ ഒരു കൈ കൊണ്ട് മേശയില്‍ പിടിച്ച് താഴെ ചമ്രം പടഞ്ഞിരുന്നു. മനസ്സ് ഗോപാലമ്മാവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
“ഹലോ, നിങ്ങളെന്തെങ്കിലും പറയുന്നുണ്ടോ?”



കുഞ്ഞപ്പന്‍ വിക്കി വിക്കി പറഞ്ഞു, “അല്ലാ, എന്നെ പണ്ട് ഒരുപാട് സഹായിച്ചീട്ടുള്ളതാണെന്ന് ഞാന്‍ നിന്നോട് പറഞ്ഞീട്ടില്ലേ...”
“അതിന് ഓരോ വരവിനും നല്ലോണം കള്ളും സിഗരറ്റും ഒക്കെ കൊടുക്കാറുംണ്ടല്ലോ, അപ്പ അതോടെ തീര്‍ന്നു. ങാ അതൊക്കെ പോട്ടെ, ആവശ്യല്യാത്ത കാര്യം പറഞ്ഞ് നേരം കളഞ്ഞു.”

 
കുഞ്ഞപ്പനതു സഹിക്കാനായില്ല. കണ്ണുനീര്‍ ധാരധാരയായ് ഒഴുകി അയാള്‍ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അയാളുടെ കാഴ്ച്ചയും ശബ്ദശേഷിയും നഷ്ടപ്പെട്ടതുപോലെ. കുഞ്ഞപ്പന്‍ പറഞ്ഞു,
“ഗോപാലമ്മാന്‍ നല്ല പ്രായത്തില്‍ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ അമ്മാവന് എല്ലാവരും ഉണ്ടായിരുന്നേനെ. പക്ഷെ അപ്പോ ഞങ്ങളാരും ഇപ്പഴത്തെ ഞങ്ങളാവില്യായിരുന്നു.”



“ഹോ, നിങ്ങളത് വിട് മനുഷ്യാ... അദ്ദേഹത്തിന്റെ കയ്യിലിരിപ്പിനനുസരിച്ച് അദ്ദേഹത്തിനു കിട്ടീന്ന് കരുത്യാ മതി. അതേ ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യാ, അത് കാര്‍ഡ് കഴിയുമ്പഴക്കും പറയട്ടെ, നിങ്ങള് അമ്മാവന്‍ പുരാണം പറഞ്ഞ് സമയം കളയല്ലേ. ഞാനിവിടെ ഓടിനടന്ന് കാര്യങ്ങളൊക്കെ നടത്തണതൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ. ഈ മാസം നിങ്ങള് പൈസ വളരെ കുറവാണല്ലോ അയച്ചത്. ”


കുഞ്ഞപ്പന്‍ ഫോണ്‍ പൊത്തിപ്പിടിച്ച് ഉറക്കെ കരഞ്ഞു.
“ഹലോ, കാശിന്റെ കാര്യം പറഞ്ഞപ്പോ മിണ്ടാട്ടോം ഇല്യാണ്ടായാ....” കുട്ടിമാളുവിന്റെ പരിഭവം അയാള്‍ കേട്ടെങ്കിലും പെട്ടെന്നൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. എന്തെങ്കിലും പറയാന്‍ ആഗ്രഹിച്ചെങ്കിലും കുഞ്ഞപ്പന്‍റ്റെ ശബ്ദം ശരിക്ക് പുറത്തുവന്നില്ല, പക്ഷെ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.


“കുറച്ച് ദിവസായ് എനിക്ക് നല്ല സുഖംണ്ടായില്യ. ആശുപത്രിയി......”
“നിങ്ങടെ ശബ്ദത്തിന് ഇപ്പഴും നല്ല അടവുണ്ട്. അല്ലെങ്കിലും ഞാന്‍ വേണ്ടാന്ന് പറഞ്ഞാലും അത് കേള്‍ക്കാതെ എത്ര രാത്രിയായാലും, പച്ചവെള്ളത്തില്‍ കുളിക്കുന്ന ശീലം കാനഡായിലും നിങ്ങള് മൊടക്കീട്ടുണ്ടാവില്ല. പിന്നെങ്ങന്യാ...”


“ അതല്ല കുട്ടിമാളു, എനിക്ക് ബി.പി. കൂടീട്ട് ഞാന്‍ ആശുപത്രി...”
“ഹോ എന്റെ മനുഷ്യാ, നിങ്ങളിങ്ങനെ പേടിച്ചാലോ, നിങ്ങള്‍ക്കൊരു കൊഴപ്പോം ഇല്ല. രണ്ടുമാസം കഴിഞ്ഞാലവടത്തെ കോണ്ട്രാക്റ്റ് തീരുന്നതൊക്കെ ആലോചിച്ച് അസ്വസ്ഥത തോന്നിയതാവും.. ഇവടെ വെച്ചും നിങ്ങളിങ്ങനെ എന്നെ പേടിപ്പിച്ചീട്ടുള്ളതാ, കൊറച്ച് ജീരകം വെള്ളം ചൂടാക്കി തന്നാ അപ്പ മാറാറുണ്ട് ആ വെപ്രാളം. ഓ ഇങ്ങനെ ഒരു പേടിത്തൊണ്ടന്‍... നിങ്ങള്‍ക്കത്ര പ്രായമൊന്നും ആയിട്ടില്ല, ഇനി വന്നട്ട് ഗള്‍ഫിലെങ്ങാന്‍ നോക്കാം.”



എങ്ങനെയെങ്കിലും ഇവിടന്ന് പോയീട്ട് നാട്ടില്‍ നില്‍ക്കാന്‍ കൊതിച്ച കുഞ്ഞപ്പന്റെ മനസ്സില്‍ വീണ്ടും വീണ്ടും അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. അയാള്‍ എല്ലാറ്റിനും ഫോണിലൂടെ മൂളിക്കൊണ്ടിരുന്നു.


“അതേയ്, ഫോണ്‍ ഇപ്പ കട്ടാവും. പിന്നെ ഇങ്ങോട്ട് വിളിച്ച് കാശ് കളയണ്ട ട്ടാ, ആവശ്യംണ്ടെങ്കില്‍ ഞാനങ്ങോട്ട് വിളിക്കാം. ഒരു കാര്യം കൂടി, ബാക്കി കയ്യില് കാശുണ്ടെങ്കില്‍ നാളെ തന്നെ അയക്കൂ ഇവിടെ അടുത്തുള്ള ബാങ്ക് രണ്ടാഴ്ചക്കുള്ളില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് 11 ശതമാനം തരാന്ന് പറഞ്ഞിട്ടുണ്ട്. ഫോണ്‍ ഡിസ്കണക്റ്റ് ആയ ശബ്ദം അയാള്‍ കേട്ടു.”
കുഞ്ഞപ്പന്റെ കൈകള്‍ കിടുകിടുന്നനെ വിറച്ചു, പൊടുന്നനെ നെഞ്ചിനുള്ളില്‍ നിന്നും ഹലോ ഹലോ ഹലോ എന്ന് തിക്കി തിരക്കി ഉച്ചത്തിലുള്ള നിലവിളി കേട്ട് കുഞ്ഞപ്പന്‍ എന്തോ പറയാനായ് വായ് തുറന്നു. അപ്പോള്‍ ആ നിലവിളിയും ഒടുങ്ങി. ഫോണ്‍ കുഞ്ഞപ്പന്റെ കയ്യില്‍ നിന്നും തെറിച്ചു വീണു.

- 0 -

Monday, November 12, 2007

ക്വിഡ് പ്രൌ ക്വൌ

“അതേയ്, നീ quid pro quo എന്നു കേട്ടീട്ടുണ്ടോ?”

കുട്ടിനാരായണന്‍ മകന്‍ ആദിത്യനുവേണ്ടി ജൂനിയര്‍ കെ.ജി യിലേക്കുള്ള അപ്ലിക്കേഷന്‍ പൂരിപ്പിക്കുന്നതിനിടയില്‍ ഭാര്യ നിര്‍മ്മലയോട് ചോദിച്ചു. നിര്‍മ്മല ആദിത്യനെ ഓമനത്തിങ്കള്‍ പാടി ഉറക്കിയതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ അവള്‍ ചുണ്ടത്ത് വിരല്‍ വെച്ച് ഭര്‍ത്താവിനോട് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു. പിന്നെ അവനെ പുതപ്പിച്ച് ഒന്നുകൂടി താരാട്ടിന്റെ ഈണം മൂളി. ആദിത്യന്‍ നല്ല ഉറക്കമായെന്നു ബോദ്ധ്യമായപ്പോള്‍ അവള്‍ എഴുന്നേറ്റ് ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ കുട്ടിനാരായണന്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജുകള്‍ ഓരോന്നായ് മറിക്കുകയായിരുന്നു.
നിര്‍മ്മല വന്ന് മേശയുടെ അറ്റത്ത് കയറി ഇരുന്ന് ഭര്‍ത്താവിനോട് പറഞ്ഞു,

“ കേട്ടീട്ട് ഏതോ തീവ്രവാദിയുടെ പേരു പോലെ തോന്നുന്നു”

അതുകേട്ട് കുട്ടിനാരായണന്‍ കുടുകുടെ ചിരിച്ചു. അവള്‍ വീണ്ടും ശ്ശ് .. എന്ന് ചുണ്ടത്ത് വിരല്‍ വെച്ച് അയാളുടെ ചിരിയെ നിയന്ത്രിച്ചു.

“ഹോ, ഇതിലെന്താണിത്ര ചിരിക്കാന്‍, നിങ്ങള്‍ അര്‍ത്ഥം ചോദിച്ചു, എനിക്ക് തോന്നിയതങ്ങനെയായതുകൊണ്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കറിയുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാ എന്നോട് ചോദിച്ചത്?”

അവള്‍ പരിഭവിച്ച് സ്വന്തം തലമുടിയില്‍ പിടിച്ച് വലിച്ച് കിട്ടിയ പേനിനെ മൂന്നാം‌മുറ പ്രയോഗിച്ച് ആശ്വസിച്ചു. പിന്നെ നഖത്തിലടര്‍ന്നു നില്‍ക്കുന്ന ക്യൂട്ടക്സ് നുള്ളി കളഞ്ഞ് ഭര്‍ത്താവില്‍ നിന്നും മന:പൂര്‍വ്വം ശ്രദ്ധതിരിച്ചു.അവളുടെ പിണക്കം മനസ്സിലാക്കിയ കുട്ടിനാരായണന്‍ നിയമാവലികളടക്കം അഞ്ചെട്ടുപേജോളം വരുന്ന ജൂനിയര്‍ കെ.ജിയിലേക്കുള്ള അപ്ലിക്കേഷന്‍ ഫോം ഉയര്‍ത്തിപ്പിടിച്ച് ഭാര്യയോട് പറഞ്ഞു,

“നിര്‍മ്മലേ, ഇത് കുട്ടൂസ് അക്കാദമിയില്‍ മോനെ ചേര്‍ക്കാനുള്ള അപ്ലീക്കേഷന്‍ ഫോമാ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചോദ്യത്തില്‍ quid pro quo എന്നു കണ്ടതുകൊണ്ട് വല്ല ബോട്ടാണിക്കല്‍ പേരാണോ എന്നറിയാന്‍ മലയാളം ബി.എ.ക്കാരനായ ഞാന്‍ ബി.എസ്.സി ബോട്ടണിക്കാരിയായ നിന്നോട് ചോദിച്ചതാ, അതിന് ജൂനിയര്‍ കെ.ജി.യിലേക്ക് നീ തീവ്രവാദമൊന്നും കൊണ്ടു വരണ്ടാ”

അതുപറഞ്ഞ് അയാള്‍ വീണ്ടും ശബ്ദം താഴ്ത്തി ചിരിച്ചു. അപ്പോള്‍ നിര്‍മ്മല അവിടെ ഇരുന്ന പെന്‍സിലെടുത്ത് മേശയില്‍ വെറുതെ കുത്തിവരച്ചു. അതിനിടയില്‍ അവള്‍ അയാളെ ഒളിക്കണ്ണിട്ടു നോക്കി അയാളപ്പോഴും ചിരിക്കുന്നുണ്ടോ എന്നറിയാന്‍. ഡിക്ഷ്ണറി മറിച്ചുനോക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു,

“പണ്ട് യൂണിയനാപ്പീസിലിരിക്കുമ്പോള്‍ ഈ വാക്ക് നേതാവ് പറഞ്ഞ് കേട്ട ഓര്‍മ്മയുണ്ട്.പക്ഷെ അര്‍ത്ഥം അത്രക്ക് ഓര്‍മ്മ വരുന്നില്ല.”
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലെ പേജില്‍ കണ്ണു നട്ട് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ കുട്ടിയുടെ സന്തോഷത്തില്‍ കുട്ടിനാരായണന്‍ പറഞ്ഞു,

“ങാ നിര്‍മ്മലേ കിട്ടിപ്പോയി, ഒന്നിനു പകരം മറ്റൊന്ന് എന്നാണതിന്റെ അര്‍ത്ഥം.”

നിര്‍മ്മല മേശമേല്‍ നിന്നിറങ്ങി അയാളുടെ ശരീരത്തില്‍ തൊട്ടുരുമ്മി അപ്ലിക്കേഷന്‍ ഫോമെടുത്ത് നോക്കി പറഞ്ഞു,

“അവിടുത്തെ ഒരു ഫോം പൂരിപ്പിക്കാന്‍ ഇത്ര പാടാണെങ്കില്‍ ആ കുട്ടി അവിടെ പഠിക്കുമ്പോളെന്തായിരിക്കും അവസ്ഥ?”

ഫോം തിരിച്ചുവാങ്ങി പൂരിപ്പിച്ചുകൊണ്ട് കുട്ടിനാരായണന്‍ പറഞ്ഞു,

“ചുറ്റുവട്ടത്തെ കുട്ടികളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് നിനക്കായിരുന്നല്ലോ ഏറ്റവും വലിയ മോഹം, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നെങ്കില്‍ അത് കുട്ടൂസ് അക്കാദമിയില്‍ തന്നെ വേണംന്ന്”

അവള്‍ ഭര്‍ത്താവിന്റെ തോളില്‍ മുഖം ചേര്‍ത്ത് വെച്ച് പറഞ്ഞു,

“അതുപിന്നെ ഇവിടെയുള്ള ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ കുട്ടൂസ് അക്കാദമിയാണല്ലോ, മാത്രോല്ലാ, ആ പത്രാസുകാരി മോളിയുടേയും, ഭാവനയുടേയും മക്കളൊക്കെ അവിടെ പഠിക്കുന്നതിന്റെ പവറൊക്കെ നിങ്ങളും കണ്ടീട്ടുള്ളതല്ലേ?”

അവരുടെ പവറു പോയിട്ട് നിന്റെ പവറൊന്നു നേരാം വണ്ണം കാണാന്‍ തനിക്ക് നേരം കിട്ടിയിട്ടില്ലെന്ന് പറയാന്‍ അയാളുടെ നാക്കിന്‍ തുമ്പത്തു വന്നെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ച് അവളെ ഒരു കൈ കൊണ്ട് വട്ടം പിടിച്ച് ചേര്‍ത്ത് നിര്‍ത്തി. ആ അവസരം മുതലെടുത്ത പോലെ അവള്‍ ഉടനെ അയാളുടെ മടിയില്‍ കയറിയിരുന്നു. കുട്ടിനാരായണനു അവളുടെ കുട്ടിത്തം കണ്ട് ചിരിവന്നു. അവള്‍ ശരിക്കും അയാളുടെ കുട്ടിയായ് ഒരു പുഞ്ചിരി സമ്മാനിച്ച് ഭര്‍ത്താവിന്റെ സംസാരം കേട്ടു.

“അത് അപ്ലിക്കേഷന്‍ ഫോം വാങ്ങിയപ്പോഴേ മനസ്സിലായി. 200 രൂപ കൈക്കൂലി കൊടുത്തപ്പോഴാ പ്യൂണ്‍ തങ്കപ്പന്‍ ഫോം തന്നത്. എല്ലാം കൊടുത്തുതീര്‍ന്നുവത്രെ. ഈ മാസത്തെ ബജറ്റീന്നാ 200 പോയത്.”

അതു പറഞ്ഞുകഴിഞ്ഞപ്പോള്‍ നിര്‍മ്മലക്ക് കുറച്ച് ഭാരം കൂടിയീട്ടുണ്ടോ എന്നയാള്‍ക്കു സംശയം തോന്നാതിരുന്നില്ല. അതോ തന്റെ ഭാരം കുറഞ്ഞതുകൊണ്ടു തോന്നുന്നതോ...അവള്‍ എഴുന്നേല്‍ക്കാനുള്ള ഒരു ഭാവവുമില്ല, സുഖിച്ചങ്ങനെ ഇരിക്കുകയാണു. അയാള്‍ അവളോടു സ്നേഹപൂര്‍വ്വം മൊഴിഞ്ഞു,

“അതേയ്, എന്റെ മടിയിലിങ്ങനെ ഇരുന്നു നേരം വെളിപ്പിക്കാനാണോ പരിപാടി, വാ, ബാക്കി കട്ടിലില്‍ കിടന്നു പറയാം.”

കിടക്കുന്നതിനു മുന്‍പേ അയാള്‍ പറഞ്ഞു,

“നീ നാളെ തൊട്ട് ദിവസോം ആദിത്യനെ കുറേ ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കണം. അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ടാവും. അവന്റെ പേരു ചോദിച്ചാല്‍ പറയാനും, നീയും ഞാനും അവന്റെ ആരാണെന്നും, പിന്നെ കുറച്ച് പച്ചക്കറികളുടെ പേരൊക്കെ പഠിപ്പിച്ച് കൊടുക്കണംന്നാ ഓഫീസിലൊരാള്‍ പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം അയാളുടെ മകനെ ചേര്‍ത്തിയിരുന്നു അവിടെ.”

ആദിത്യനെ ചുമരിനോട് ചേര്‍ത്തു കിടത്തി നിര്‍മ്മല കുട്ടിനാരായണനെ തന്നോട് ചേര്‍ത്തു കിടത്തി. ഒടുവില്‍ പരസ്പരമുള്ള പുണരുലുകളില്‍ നിന്ന് വേര്‍പ്പെട്ട് മച്ചിലെ മാറാല നോക്കി കിടക്കുമ്പോള്‍ കുട്ടിനാരായണന്‍ പറഞ്ഞു,

“ആദിത്യന്‍ ഇന്റര്‍വ്യൂവില്‍ പാസാവുമോ എന്ന പേടിയില്ലാതില്ല, അവനു ഇംഗ്ലീഷൊന്നും അറിയില്ലല്ലോ”

അപ്പോള്‍ നിര്‍മ്മല പറഞ്ഞു,

“ഇംഗ്ലീഷ് അറിയണമെങ്കില്‍ വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കണം. നിങ്ങടെ കൂട്ടുകാരന്‍ രാജപ്പന്‍ നായരൊക്കെ മോനോടും ഭാര്യയോടുമൊക്കെ ഇംഗ്ലീഷിലാ സംസാരിക്കാ‍. നിങ്ങളിതുവരെ ഒരു വാക്ക് എന്നോടോ അവനോടോ ഇംഗ്ലീഷ് പറഞ്ഞ് ഞാന്‍ കേട്ടട്ടില്യ”

മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞീട്ട് മനസ്സിലാവാത്ത നിന്നോടെന്ത് ഇംഗ്ലീഷ് പറയാന്‍ എന്ന് പറയണമെന്ന് തോന്നിയെങ്കിലും ഇതുവരെ ചേര്‍ന്നുകിടന്നതിന്റെ രസം കളയേണ്ടന്നു കരുതി ഉള്ളിലൊതുക്കി. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവളില്‍ നിന്നും തിരിഞ്ഞുകിടന്നു. അപ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു. ജോലി കിട്ടി, ഇപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാറായി പ്രമോഷനുമായി. ഇതുവരെ തനിക്കൊരു വാക്ക് ഇംഗ്ലീഷില്‍ പറയേണ്ടി വന്നീട്ടില്ല, ദാ ഇവിടെ തന്റെ മോന്‍ മലയാളം തന്നെ ശരിക്ക് പഠിച്ച് വരുന്നതേ ഉള്ളു, അതിനിടയിലാ ഇംഗ്ലീഷ്. അവളും തിരിഞ്ഞ് കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നുവെന്ന് അയാള്‍ അറിഞ്ഞു. അതുമനസ്സിലാക്കി അയാള്‍ അവളോട് പറഞ്ഞു,

“ഗുഡ് നൈറ്റ്” അവള്‍ തിരിച്ച് പറഞ്ഞു,
“ഗുഡ് നൈറ്റ് ആന്റ് സ്വീറ്റ് ഡ്രീംസ്”

തുടര്‍ന്ന് തലയിണയില്‍ മുഖം പൂഴ്ത്തി ചിരിക്കുന്ന അവളുടെ ശബ്ദം കേട്ട് അയാള്‍ക്കും ചിരി വന്നു. ചിരിയുടെ ഒടുവിലെപ്പൊഴോ അയാള്‍ ഉറങ്ങി. ഉറക്കം ദു:സ്വപ്നങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ താന്‍ സ്വന്തം വീട് പൊളിക്കുവാന്‍ ഉത്തരവ് നല്‍കുന്നതും, ജെ.സി.ബി. അത് തട്ടിത്തകര്‍ക്കുന്നതും കണ്ട് ഞെട്ടിയുണര്‍ന്ന് അയാള്‍ എന്തൊക്കെയോ പുലമ്പി. നിര്‍മ്മല ഭര്‍ത്താവിന്റെ മാനസിക സമ്മര്‍ദ്ദം മനസ്സിലാക്കി അയാളെ ചേര്‍ത്ത് കിടത്തി തലയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു,

“ഞാന്‍ കുറച്ചു ദിവസായിട്ട് ശ്രദ്ധിക്ക്വാ, ഈ പ്രമോഷന്‍ കിട്ടിയതിനുശേഷം ചേട്ടന്‍ ശരിക്ക് ഉറങ്ങുന്നില്ലല്ലോ, വീട്ടിലും, ഓഫീസിലും സന്തോഷം കിട്ടാത്ത ഈ പ്രമോഷന്‍ വേണ്ടാന്നു വെക്കാന്‍ പറ്റുംന്ന് വെച്ചാലതാ നല്ലത്”

കുട്ടി നാരായണന്‍ അതിനു മറുപടി പറയാതെ അവളുടെ മാറില്‍ മുഖം പൂഴ്ത്തി ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്ത് അവളെ ഇക്കിളിയാക്കി. പിറ്റേന്ന് നിര്‍മ്മല വീട്ടുജോലിയെല്ലാം കഴിഞ്ഞ് ആദിത്യന് ഇന്റര്‍വ്യൂ അഭിമുഖീകരിക്കുവാനുള്ള കോച്ചിംഗ് ആരംഭിച്ചു. അടുക്കളയില്‍ നിന്ന് ഒരു തക്കാളിയെടുത്ത് കയ്യില്‍ വച്ച് ആദിത്യനെ പിടിച്ച് മടിയിലിരുത്തി അവള്‍ ചോദിച്ചു,

“ഡിയര്‍ സണ്‍ ആദിത്യാ, വാട്ട് ഇസ് ദിസ്?”

അമ്മയുടെ പുതിയ ഭാഷ മനസ്സിലാവാതെ ആദിത്യന്‍ തക്കാളി വാങ്ങാന്‍ ഒരു ശ്രമം നടത്തിയതല്ലാതെ അവള്‍ ചോദിച്ചത് കേട്ടതായ് പോലും നടിച്ചില്ല. അവള്‍ തക്കാളി അവനു കിട്ടാത്ത വണ്ണം ഉയര്‍ത്തി പിടിച്ച് ചോദിച്ചു,

“മോനെ ഇതെന്താന്ന് പറയൂ”

തക്കാളി കിട്ടാത്ത ദേഷ്യത്തില്‍ ആദിത്യന്‍ അമ്മയുടെ കയ്യില്‍ കടിച്ചുകൊണ്ടു പറഞ്ഞു,

“റ്റക്കാലി”

നിര്‍മ്മല കൈ വിടുവിച്ച് തക്കാളി ഉയര്‍ത്തിപ്പിടിച്ച് അവന്‍ പറഞ്ഞതു തിരുത്തി,

“അല്ല മോനെ, ഇതു റ്റൊമാറ്റൊ” ,

അവന്റെ വാശിയില്‍ ഒടുവില്‍ നിര്‍മ്മലക്ക് തക്കാളി അവനു കൊടുക്കേണ്ടി വന്നു. അമ്മയുടെ കയ്യില്‍ നിന്നും തക്കാളി വാങ്ങി സന്തോഷത്തോടെ കടിച്ച് തുപ്പി, പിന്നെദൂരേക്ക് വലിച്ചെറിഞ്ഞു, എന്നീട്ട് പറഞ്ഞു,

“റ്റക്കാലി.”

രാത്രി കുട്ടിനാരായണന്‍ വന്നത് പുറം ചട്ടയില്‍ ജനറല്‍ നോളഡ്ജ് എന്നെഴുതിയ ഒരു തടിച്ച പുസ്തകവും കൊണ്ടാണ്. ആദിത്യന്‍ അച്ഛന്‍ വന്നതു ശ്രദ്ധിക്കാതെ ട്യൂബ്‌ലൈറ്റിന്റെ വെട്ടത്തില്‍ പാറി നടന്നിരുന്ന ഒരു തുമ്പിയെ പിടിക്കാനുള്ള തിരക്കിലായിരുന്നു.

“എന്താ കയ്യില്‍ ഒരു വലിയ പുസ്തകം, ആദിത്യനു പഠിക്കാനുള്ളതാണോ?” നിര്‍മ്മല ചോദിച്ചു.

“ഏയ്, ഇതു നമുക്ക് രണ്ടുപേര്‍ക്കും പഠിക്കാനുള്ളതാ, കുട്ടിയുടെ അമ്മക്കും അച്ഛനും ഇന്റര്‍വ്യു ഉണ്ടന്നറിഞ്ഞുകൊണ്ട് വാങ്ങീതാ.”

ഉടന്‍ നിര്‍മ്മല പറഞ്ഞു,

“എങ്കില്‍ നിങ്ങള്‍ മാത്രം പോയാല്‍ മതി. എനിക്ക് ഇന്റര്‍വ്യു ഒക്കെ വല്യ പേട്യാ”.

“ഏയ്, അമ്മയും അച്ഛനും ഹാജരാവണം. ഇന്റര്‍വ്യൂവില്‍ പാസാവണം. അല്ലെങ്കില്‍ കുട്ടിയെ അവിടെ ചേര്‍ത്തില്ലത്രെ”, അയാള്‍ പറഞ്ഞു.

ആദിത്യന്‍ ഉറക്കമായപ്പോള്‍ അവനെ ചുമരിനരികില്‍ കിടത്തി നിര്‍മ്മലയും, കുട്ടിനാരായണനും കട്ടിലില്‍ ചാരിയിരുന്ന് ഇന്റര്‍വ്യൂവിനായ് പഠിത്തം ആരംഭിച്ചു.

“നമ്മളെ ഇന്റര്‍വ്യു ചെയ്യുന്നതും ഇംഗ്ലീഷിലാ?”

നിര്‍മ്മല വളരെ നിഷ്ക്കളങ്കമായ് ഭര്‍ത്താവിനോട് ചോദിച്ചു.

“പിന്നെ, ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളത്തില്‍ ശബ്ദിക്കാന്‍ അധികാരമില്ല”

അയാള്‍ ഗൌരവത്തോടെ പറഞ്ഞു. നിര്‍മ്മല എന്തോ ആലോചിച്ചുകൊണ്ട് അയാളുടെ മടിയില്‍ തല വെച്ച് കൊച്ചുകുട്ടിയെപോലെ ചുരുണ്ടു കിടന്നു. ഒരു കൈ കൊണ്ട് അവളുടെ തലമുടിയിലൂടെ വിരലോടിച്ച് അയാള്‍ ചോദിച്ചു,

“അതേ നിനക്കറിയോ, യേശുക്രിസ്തു ഏത് ഭാഷയിലാ സംസാരിച്ചിരുന്നതെന്ന്?”

“ഓ, അവടെയൊക്കെ പണ്ടേ ഇംഗ്ലീഷ് മീഡിയം ആയതോണ്ട് എന്താ സംശയം, ഇംഗ്ലീഷിലാവും.”

അവള്‍ തനിക്കും കുറച്ചൊക്കെ ആലോചിക്കാന്‍ കഴിവുണ്ടെന്ന മട്ടിലാണത് പറഞ്ഞത്. അതുകേട്ട് കുട്ടിനാരായണന്‍ ഊറിയൂറി ചിരിച്ചു. അതുകണ്ട് ദേഷ്യം വന്ന നിര്‍മ്മല പറഞ്ഞു,

“അല്ല, യേശുക്രിസ്തു സംസാരിച്ചിരുന്നത് മലയാളത്തിലാ എന്താ പോരേ, ഞാനെന്തു പറഞ്ഞാലും കളിയാക്കി ഒരു കി കി കീ ന്നുള്ള ചിരി”

അവള്‍ മടിയില്‍ നിന്നെഴുന്നേറ്റ് കട്ടിലില്‍ അയാളെ തൊടാതെ ചാരിയിരുന്നു.
“നീയെന്തിനാ ചൂടാവണേ, എനിക്കറിയാന്‍ പാടില്ലാത്തതോണ്ടാ നിന്നോട് ചോദിച്ചത്. ആ പ്രിന്‍സിപ്പാള്‍ ഒരു കന്യാസ്ത്ര്യാ. ചെലപ്പോ ഇങ്ങനെയുള്ള ചോദ്യോം പ്രതീക്ഷിക്കാം.” അയാള്‍ പറഞ്ഞു.

ഇന്റര്‍വ്യൂവിന്റെ വേവലാതികളൊന്നുമില്ലാതെ ആദിത്യന്‍ സുഖമായ് കിടന്നുറങ്ങി. ഇന്റര്‍വ്യു ദിവസം കുട്ടൂസ് അക്കാദമിയിലെ യൂണിഫോമില്‍ തന്നെ ആദിത്യനെ ഹാജരാക്കി പ്രിന്‍സിപ്പാളിന്റെ ശ്രദ്ധനേടുന്നതിനായ് കുട്ടിനാരായണന്‍ വേണ്ടതെല്ലാം നേരത്തേ തന്നെ വാങ്ങിയിരുന്നു. ആദിത്യനെ നീല ട്രൌസറും, വെള്ള ഷേര്‍ട്ടും, ഷൂവും, സോക്സും അണിയിച്ച് നിര്‍മ്മല തയ്യാറാക്കി. ആദിത്യന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതുപോലെ ഒരു കസേരയില്‍ അനങ്ങാതെ ഇരുന്ന് അച്ഛനേയും അമ്മയേയും ആദ്യമായ് കാണുന്നതുപോലെ നോക്കുകയാണ്. വിഷമത്തോടെ ഇരിക്കുന്ന ആദിത്യനെ കണ്ട് ഒരു തുമ്പി വന്ന് അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആദിത്യന്‍ വീണ്ടും പഴയ ആദിത്യനായ് തുമ്പിയുടെ കൂടെ ഓടിക്കളിച്ചു. നിര്‍മ്മലയും, കുട്ടിനാരായണനും പതിവിലും നന്നായ് ഡ്രെസ് ചെയ്തു. അപ്പോഴാണു നിര്‍മ്മല ഒരു കാര്യം ഓര്‍ത്തത്, ആദിത്യനെ ടൈ കെട്ടിക്കാന്‍ മറന്നകാര്യം. ടൈ കെട്ടിക്കൊടുക്കാനായ് നിര്‍മ്മല ആദിത്യനെ തിരഞ്ഞപ്പോള്‍ അവന്‍ പറമ്പില്‍ തുമ്പികള്‍ക്കിടയില്‍ ഓടിക്കളിക്കുന്നത് കണ്ട് നിമിഷനേരത്തേക്ക് അവളുടെ മനസ്സ് കുളിര്‍ത്തെങ്കിലും പെട്ടെന്ന് അവന്റെ തൂവെള്ള ഉടുപ്പില്‍ ചെളി പുരണ്ടിരിക്കുമോ എന്ന ആവലാതിയില്‍ ദേഷ്യത്തോടെ അവനെ പിടിച്ച് കൊണ്ടുവന്ന് കസേരയില്‍ ഇരുത്തി. ടൈ എടുത്ത് അവന്റെ ഷേര്‍ട്ടിന്റെ കോളറിനു വട്ടം ചുറ്റിയെങ്കിലും കുടുക്കിടാനുള്ള സാങ്കേതിക വിദ്യ അറിയാത്തതിനാല്‍ ശ്രമം ദയനീയമായ് പരാജയപ്പെട്ടു. അവള്‍ ആ ജോലി ഭര്‍ത്താവിനെ ഏല്പിക്കുന്നു. അയാളത് കുറച്ചുനേരം തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ സ്വന്തം കഴുത്തില്‍ എങ്ങനെയോ കെട്ടി മുറുക്കുന്നു. അതഴിക്കാന്‍ പറ്റാതെ നിര്‍മ്മലയെ വിളിച്ച് രണ്ടുപേരും കൂടി ഒരു കണക്കിനു കഴുത്തില്‍ നിന്നും മെല്ലെ ഊരിയെടുക്കുന്നു. എന്നീട്ട് ആദിത്യന്റെ കഴുത്തില്‍ പതുക്കെ കുടുക്കിക്കൊണ്ട് പറയുന്നു,

“എന്തുവന്നാലും മോനിത് ഊരരുത് ട്ടോ”

അച്ഛന്റെ മുഖഭാവം കണ്ട് വിഷമം തോന്നിയ അവന്‍ ഊരില്ലെന്ന് തലകുലുക്കി കാണിച്ചു. തുമ്പികള്‍ പുറത്ത് ചുറ്റി പറ്റി നിന്ന് തിരിച്ചുപോകുന്നത് വിഷമത്തോടെ ആദിത്യന്‍ നോക്കി നിന്നു.

വളരെ പ്രൌഢിയായ് അലങ്കരിച്ച പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഗ്ലാസ് പതിപ്പിച്ച വലിയ ഒരു മേശയ്ക്ക് പുറകില്‍ സിംഹാസനം പോലെയുള്ള ഒരു കസേരയില്‍ പ്രിന്‍സിപ്പാളായ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ മുന്നില്‍ സന്ദര്‍ശകര്‍ക്കുള്ള മൂന്നു കസേരകളില്‍ ഒന്നില്‍ കുട്ടിനാരായണനും, മറ്റൊന്നില്‍ നിര്‍മ്മല മകനെ മടിയില്‍ വെച്ചും ഇരുന്നു.

“ലെറ്റ് ഹിം സിറ്റ് ഇന്‍ ദ മിഡില്‍ ചെയര്‍”, കുട്ടിയെ ചൂണ്ടി പ്രിന്‍സിപ്പാള്‍ പറഞ്ഞു.

നിര്‍മ്മല ഭര്‍ത്താവിനെ നോക്കി. അയാള്‍ കുട്ടിയെ അവിടെയിരുത്തി മാറിയിരിക്കാന്‍ ആംഗ്യഭാഷയില്‍ പറഞ്ഞു. നിര്‍മ്മല അതുപോലെ ചെയ്തു.

പ്രിന്‍സിപ്പാള്‍ കുട്ടിയെ നോക്കി ചോദിച്ചു, “വാട്ട് ഇസ് യുവര്‍ നെയിം?

ആദിത്യന്‍ അമ്മയെ നോക്കി മിണ്ടാതിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,

“ഹിസ് നെയിം ഇസ് ആദിത്യന്‍, അയാം കുട്ടിനാരായണന്‍, ഷി ഇസ് നിര്‍മ്മല”

കുട്ടിനാരായണന്റെ ഇടപെടല്‍ പ്രിന്‍സിപ്പാളിന് ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു,

“കുറ്റിനാരായണന്‍, ഐ ആസ്‌ക്‍ഡ് ഹിം. ലെറ്റ് ഹിം സെ” “കുറ്റിയല്ല, കുട്ടി“ എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു
വീണ്ടും ആദിത്യനെ നോക്കി പ്രിന്‍സിപ്പാള്‍ ചോദ്യം ആവര്‍ത്തിച്ചു.

വാട്ട് ഇസ് യുവര്‍ നെയിം?”

നിര്‍മ്മല ആദിത്യനെ ഒന്ന് തോണ്ടി, അവന്‍ പെട്ടെന്ന് പറഞ്ഞു,

“ആദിത്യന്‍”

നിര്‍മ്മലയും, കുട്ടിനാരായണനും പരസ്പരം നോക്കി അഭിമാനത്തോടെ ഇരുന്നു. ഒരു തക്കാളി ഉയര്‍ത്തിപ്പിടിച്ച് പ്രിന്‍സിപ്പാള്‍ ചോദിച്ചു,

“വാട്ട് ഇസ് ദിസ്?”ആദിത്യന്‍ പെട്ടെന്ന് പറഞ്ഞു, “റ്റൊമാറ്റോ”

കുട്ടിനാരായണന്‍ സ്നേഹത്തോടെ നിര്‍മ്മലയെ നോക്കി, അവള്‍ നാണിച്ച് കീഴ്പ്പോട്ട് നോക്കി. ഉടനെ പ്രിന്‍സിപ്പാള്‍ ഒരു പടവലങ്ങ ഉയര്‍ത്തി കുട്ടിയോട് ചോദിച്ചു,

“വാട്ട് ഇസ് ദിസ്?”

കുട്ടി അമ്മയുടെ മുഖത്ത് നോക്കി, നിര്‍മ്മല ഭര്‍ത്താവിന്റെ മുഖത്തും. സ്വതവേ പടവലങ്ങ ഇഷ്ടമല്ലാത്ത കുട്ടിനാരായണന്‍ അപ്പോള്‍ ഗാഢമായ ചിന്തയിലായിരുന്നു. പ്രിന്‍സിപ്പാള്‍ ഫയലില്‍ എന്തോ കുത്തിക്കുറിച്ച് കുട്ടിനാരായണനോട് ചോദിച്ചു.

“മിസ്റ്റര്‍ കുറ്റിനാരായണന്‍, ടെല്‍ മി സംതിംങ് അബൌട് യു”

“കുറ്റിനാരായണന്‍ നിന്റെ....... ഞാനൊന്നും പറയുന്നില്ല അല്ല പിന്നെ”,

അയാള്‍ ആദ്യം മനസ്സില്‍ പറഞ്ഞ് ആശ്വസിച്ച്, പിന്നെ ഭവ്യതയോടെ ബുദ്ധിമുട്ടി കിട്ടാവുന്ന ആംഗലേയത്തില്‍ മൊഴിഞ്ഞു,

“ഐ ആം കുട്ടിനാരായണന്‍, ബോണ്‍ ഇന്‍ 1972, മൈ സ്റ്റാര്‍ ഇസ് പൂരം. യു നോ സം പീപ്പിള്‍ സെ ദാറ്റ് ഐ ആം എ പൂരം പിറന്ന പുരുഷന്‍. ഐ മാരീഡ് (നിര്‍മ്മലയെ ചൂണ്ടി) ദിസ് വുമണ്‍ നിര്‍മ്മല, ഷി ഇസ് എ വെരി ഗുഡ് വൈഫ്. (നിര്‍മ്മല നാണത്തോടെ തല കുനിച്ചിരിക്കുന്നു) ഐ വര്‍ക്ക് ആസ് ഡെപ്യൂട്ടി തഹസില്‍ദാര്‍”.

പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനെ വിട്ട് നിര്‍മ്മലയോട് ചോദിച്ചു.

“വാട്ട് വിറ്റാമിന്‍സ് ആര്‍ ദേര്‍ ഇന്‍ ഹോര്‍ലിക്സ്?”

നിര്‍മ്മല ഭര്‍ത്താവിനെ നോക്കുന്നു, കുട്ടിനാരായണന്‍ വച്ച് കാച്ചിക്കോളാന്‍ ആംഗ്യം കാട്ടുന്നു, അപ്പോള്‍ നിര്‍മ്മലയുടെ മനസ്സില്‍ ടി.വി.യിലെ ഹോര്‍ലിക്സിന്റെ പരസ്യം തെളിഞ്ഞു, പൊടുന്നനെ അവള്‍ പറഞ്ഞു,

“വിറ്റമിന്‍ കെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി പിന്നെ വിറ്റമിന്‍ സിയും.”

ഫയലില്‍ എന്തോ കുറിച്ച് പ്രിന്‍സിപ്പാള്‍ അടുത്ത ചോദ്യം ചോദിച്ചു,

“ഹൌ മച് കലോറി പ്രോട്ടീന്‍ യുവര്‍ ചൈല്‍ഡ് ഇസ് ഗെറ്റിംഗ് ഫ്രം ദി ഡൈലി മീല്‍?”

നിര്‍മ്മല മിണ്ടിയില്ല. ഇന്നുവരെ എന്തെങ്കിലും കഴിക്കണമെന്നും വിശപ്പു മാറ്റണമെന്നുമല്ലാതെ മറ്റൊന്നും ചിന്തിച്ചീട്ടില്ലല്ലോ. ബോട്ടണി ക്ലാസ്സിലെ പ്രൊഫസര്‍ രാധാകൃഷ്ണന്റെ പതിഞ്ഞ വാക്കുകളെ ഓര്‍ത്തെടുക്കാന്‍ അവളൊരു വൃഥാ ശ്രമം നടത്തി.പക്ഷെ അന്ന് സുന്ദരനായിരുന്ന ആ സാറിന്റെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ തനിക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലല്ലോ! അവളാകെ ഇരുന്നു വിയര്‍ത്തു. പിന്നെ വിഷമത്തോടെ ഭര്‍ത്താവിനെ നോക്കി. അദ്ദേഹമാണെങ്കില്‍ ചുമരില്‍ തൂക്കിയ മുള്‍ക്കിരീടം ധരിച്ച യേശുവിന്റെ ചിത്രത്തില്‍ കണ്ണും നട്ടിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ കുട്ടിനാരായണനോടായ് പറഞ്ഞു,

“സീ യുവര്‍ വൈഫ് ഡസിന്റ് ഹാവ് മച് നോളജ് ഇന്‍ ഹെല്‍ത്ത് റിലേറ്റഡ് സബ്ജക്റ്റ് ആന്റ് യുവര്‍ ലാംഗ്വേജ് ഇസ് ആള്‍സോ നോട്ട് അപ് ടു ദ മാര്‍ക്ക്. ബട്ട് ഐ കണ്‍സിഡര്‍ യുവര്‍ കേസ് ബേസ്‌ഡ് ഓണ്‍ യുവര്‍ ജോബ് ആസ് എ ഡെപ്യൂട്ടി തഹസില്‍ദാര്‍. യു ഹാവ് ടു പേ എ ലിറ്റില്‍ മോര്‍ റ്റു ഗെറ്റ് ദിസ് അഡ്‌മിഷന്‍. ഓണ്‍ലി 50,000 അഡ്വാന്‍സ് വിച് ഇസ് നോണ്‍-റിഫണ്ടബിള്‍ ആന്റ് 1000 റുപ്പീസ് മന്ത്‌ലി ഫീ. യു നോ, ഔര്‍ സ്കൂള്‍ ഇസ് ദ ബെസ്റ്റ് ഇന്‍ ദ കണ്ട്രി. വി പ്രൊവൈഡ് ആള്‍ ഫസിലിറ്റീസ് ടു ചില്‍ഡ്രന്‍, ഫോര്‍ എക്സാമ്പിള്‍, ജിംനേഷ്യം, സ്വിമ്മിംഗ്‌പൂള്‍, ഹോഴ്സ് റൈഡിംഗ്, മസ്സാജ്, യോഗ, എക്സിട്രാ എക്സിട്രാ....

കുട്ടിനാരായണന്‍ മോനെ എടുത്തുകൊണ്ട് എഴുന്നേറ്റു. നിര്‍മ്മല ഒന്നും മനസ്സിലാവാതെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം സതംഭിച്ചിരുന്നു. കുട്ടിനാരായണന്‍ പറഞ്ഞു,

“എന്റെ മോനു വെറും മൂന്നു വയസ്സേ ആയിട്ടുള്ളു. അവനു നിങ്ങളീ പറഞ്ഞ സൌകര്യങ്ങളൊന്നും ആവശ്യമില്ല. നിര്‍മ്മലേ എണീക്ക്, പൂവ്വാം.”

അവര്‍ നടക്കുമ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു,“മിസ്റ്റര്‍ കുറ്റി, ഐ ആം വെരി സോറി, സം മോര്‍ ഡിസിപ്ലിന്‍ ഇസ് നീഡഡ്. അദര്‍വൈസ് ഐ കുഡ് ഹാവ് കണ്‍സിഡേര്‍ഡ് യുവര്‍ കേസ്”

“എന്നാലങ്ങന്യാവട്ടെ, വേറെ വിശേഷൊന്നുംല്യാല്ലോ” എന്ന് പറഞ്ഞ് കുട്ടിനാരായണന്‍ പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ കണ്ടത് ഒരു ജെ.സി.ബിയുമായ് വന്ന് പട്ടയമില്ലാത്ത ആ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നതായിരുന്നു. അപ്പോള്‍ അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഓളംവെട്ടിയിരുന്നു. അടുത്ത ഊഴം കാത്ത് നിന്നവര്‍ കുട്ടിനാരായണന്റെ സന്തോഷം കണ്ടപ്പോള്‍ പറഞ്ഞു,

“കണ്‍ഗ്രാചുലേഷന്‍സ്, അഡ്മിഷന്‍ കിട്ടിയല്ലേ, ആ സന്തോഷം കണ്ടപ്പോള്‍ മനസ്സിലായി”

അതിനു ഇല്ലെന്നോ, ഉണ്ടെന്നോ പറയാതെ സ്കൂള്‍ ഇടിച്ചുപൊളിക്കുന്നത് മാത്രം കണ്ട് കുട്ടിനാരായണന്‍ മുന്നില്‍ വന്ന ഒരു ഓട്ടോറിക്ഷ കൈ കാട്ടി നിര്‍ത്തി അവര്‍ തിരിച്ച് വീട്ടിലേക്ക് യാത്രയായി. ഇന്റര്‍വ്യൂവില്‍ തളര്‍ന്ന ആദിത്യന്‍ തല അമ്മയുടെ മടിയിലും കാല്‍ അച്ഛന്റെ മടിയിലും വെച്ച് ഉറക്കമാരംഭിച്ചിരുന്നു. അപ്പോള്‍ റിക്ഷ കടന്നുപോയത് ഒരു സര്‍ക്കാര്‍ സ്കൂളിന്റെ മുന്നിലൂടെയായിരുന്നു. വലിയ മുവാണ്ടന്‍ മാവിന്റെ തണല്‍ പറ്റി നില്‍ക്കുന്ന ആ പഴയ സ്കൂളിലേക്ക് കുട്ടിനാരായണന്‍ ഓട്ടോറിക്ഷയില്‍ നിന്നും തല വെളിയിലേക്കിട്ട് നോക്കി. അദ്ദേഹത്തിന്റെ മിഴികള്‍ സഞ്ചരിച്ച വഴിയേ നിര്‍മ്മലയുടെ കണ്ണുകളും സഞ്ചരിച്ചു.

“അടുത്തു നില്പോരനുജനെ നോക്കാന്‍.....”

കുട്ടിനാരായണന്‍ ബാക്കി ചൊല്ലൂ, രാമനാഥന്‍ മാഷിന്റെ ശബ്ദം. കുട്ടികള്‍ പദ്യം കാണാപാഠം പഠിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കാന്‍ പദ്യത്തിന്റെ ഇടയില്‍ നിന്നും ഇത്തരം ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന സ്വഭാവം രാമനാഥന്‍ മാഷിനുണ്ടായിരുന്നു.

“അടുത്തുനില്പോരനുജനെ നോക്കാന-
ക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വ-
രനദൃശ്യനായാല്‍ അതിലെന്താശ്ചര്യം”

കുട്ടിനാരായണന്‍ മുന്‍ ബെഞ്ചിലിരുന്ന് ഉറക്കെ ഈണത്തില്‍ പദ്യം ചൊല്ലുന്നു. മാഷ് അവന്റെ മൂര്‍ദ്ധാവില്‍ തലോടി അഭിനന്ദിക്കുന്നു.

ഓട്ടോറിക്ഷ ഒരു വളവ് തിരിഞ്ഞ് വീടിനു മുന്നിലായ് നിര്‍ത്തുന്നു. കുട്ടിനാരായണന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്ത് സംതൃപ്തിയോടെ പുഞ്ചിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ആദിത്യന്‍ വിയര്‍പ്പില്‍ മുങ്ങി കഴുത്തും പുറവും നനഞ്ഞിരുന്നു. മകനെ ഉണര്‍ത്താതെ അവന്റെ ടൈ മെല്ലെ ഊരി പുറത്തേക്കെറിഞ്ഞ് അവനെ എടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ നിര്‍മ്മല കുട്ടിനാരായണന്റെ ചെവിയില്‍ പറഞ്ഞു,

“ക്വിഡ് പ്രൌ ക്വൌ.”

അതുകേട്ട കുട്ടിനാരായണന്‍ കുറച്ചുറക്കെ തന്നെ ചിരിച്ചു, ഉറങ്ങിക്കിടക്കുന്ന ആദിത്യന്റെ ചുണ്ടില്‍ ചിരി വിടരുന്നത് കണ്ട്, നിര്‍മ്മലക്കും ചിരിയടക്കാനായില്ല.
- 0 -

Saturday, November 03, 2007

സ്നേഹത്തിന്റെ അര്‍ത്ഥം

അവള്‍ അവധൂതനെ നമിച്ചാ‌-
ത്മ സംഘര്‍ഷം മൊഴിഞ്ഞു
അനന്ത ക്ലേശങ്ങളകന്നു പോകാ‌-
നര്‍ത്ഥമുണ്ടാവാനനുഗ്രഹം തേടി

ആത്മാരാമനാസനം വെടിഞ്ഞ-
വളെ ആലിംഗനം ചെയ്തു പിന്നെ
ആത്മസംയമനം പാലിച്ചരുള്‍ ചെയ്തു
നിനക്കുള്ളതെല്ലാം കാണിക്കയായ്
എന്നിലര്‍പ്പിച്ചാലഭീഷ്ട സിദ്ധി ഫലം
“സ്നേഹമാണഖിലസാരമൂഴിയില്‍”

ആലിംഗനം വിടര്‍ത്തിയവള്‍ മൊഴിഞ്ഞു
സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥ
അര്‍ത്ഥമില്ലാത്തൊരു സ്നേഹവും വേണ്ട
നിന്തുരുവടി ക്ഷമിച്ചാലും, അഹങ്കാരഗ്രന്ഥി
പൊട്ടിയാത്മാരാമന്‍ ആസനം വെടിഞ്ഞ-
നന്തതയില്‍ അപ്രതക്ഷ്യനാ‍യ്!

കുറച്ചുനാള്‍ മുമ്പ് ഒരു ബ്ലോഗില്‍ ആരോ സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോള്‍ ഒന്ന് കുറിക്കാന്‍ തോന്നിയതാണിങ്ങനെ