Monday, September 10, 2007

നിഷേധി (1)

ഞാനൊഴികെ ഗ്രാമത്തിലുള്ള എല്ലാവരും അയാളെ നിഷേധിയെന്നു വിളിച്ചു. കാരണം അയാള്‍ക്കു ശരിയല്ലെന്നു തോന്നിയതെല്ലാം ആ ഗ്രാമത്തിലെ ശരികളായിരുന്നു. നിഷേധിയോടുള്ള എന്റെ സമീപനത്തില്‍ ഗ്രാമവാസികള്‍ തികച്ചും അസന്തുഷ്ടരായിരുന്നു. എങ്കിലും അയാളെ കാണുന്ന കണ്ണുകളിലൂടെ എന്നെ കാണാതിരിക്കാന്‍ ഗ്രാമവാസികള്‍ ശ്രദ്ധിച്ചിരുന്നു. ഗ്രാമവും ഗ്രാമവാസികളും എന്നൊക്കെ പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ തെളിയുന്നത്‌ ഒരുപക്ഷെ തേക്കുപാട്ടു കേട്ടുണരുന്ന നെല്‍വയലുകളും, വെളുപ്പാന്‍കാലത്ത്‌ ക്ഷേത്രത്തില്‍ നിന്നൊഴുകിവരുന്ന കീര്‍ത്തനങ്ങളും അതുമല്ലെങ്കില്‍ ഇടവിട്ടു കരയുന്ന കാക്കകളുടെ ശബ്ദവും, ചന്തയിലേക്കു പോകുന്ന കാളവണ്ടികളുടെ കടകടാ ശബ്ദവും, ചായക്കടയിലേക്കു പോകുന്നവരിലാരുടേയോ ചുമയുമൊക്കെ അടങ്ങുന്ന ഒരു ചിത്രമാവാം.

എന്നാല്‍ ഈ ഗ്രാമം അത്തരമൊരു ഗ്രാമമല്ല. എന്തിനധികം, ഒരിക്കല്‍ ഈ ഗ്രാമവും അത്തരത്തിലുള്ള ഒരു ഗ്രാമമായിരുന്നെന്നു പറയാനാഗ്രഹിക്കുന്ന ആരും തന്നെ അവിടെയുണ്ടെന്നു തോന്നുന്നില്ല. (ആരും തന്നെ എന്ന പ്രയോഗത്തില്‍ എനിക്കു വിഷമമുണ്ട്‌. ഞാനും, അയാളും അതൊക്കെ മനസ്സില്‍ കൊണ്ടുനടക്കുന്ന ചെറുപ്പക്കാരാണ്‌. ഞങ്ങളൊഴിച്ച്‌ ആരും തന്നെ ഇല്ലെന്ന്‌ പറഞ്ഞു തുടങ്ങട്ടെ). നൂറുശതമാനവും സാക്ഷരത നേടിയ ഗ്രാമവാസികള്‍. നെല്‍വയലുകള്‍ നികത്തി മത്സരിച്ചു മണിമന്ദിരങ്ങള്‍ തീര്‍ക്കുന്നവര്‍, അത്തരം സ്ഥലങ്ങള്‍ എന്തു വിലകൊടുത്തും വാങ്ങി സൂക്ഷിക്കുകയും മറിച്ചു വിറ്റു പണം നേടുകയും ചെയ്യുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍. (ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, എന്റെ വയലുകള്‍ ഇപ്പോഴുമുണ്ട്‌. ഗ്രാമത്തിനെ ഗ്രാമമെന്നു വിളിക്കാന്‍ മാത്രമായി ഞാനിതൊക്കെ സൂക്ഷിക്കുകയാണ്‌, വിളവുകള്‍ എന്നെ നിരാശനാക്കുന്നുണ്ടെങ്കിലും). ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രഭാതകീര്‍ത്തനങ്ങള്‍ വേണ്ടെന്നു വെച്ചിരിക്കുന്നു. കാളവണ്ടികള്‍ക്കു പകരം ടെമ്പോ വാനുകളുണ്ട്‌, പമ്പുസെറ്റുകളുടെ ശബ്ദത്തില്‍ തേക്കുപാട്ടുകള്‍ക്ക്‌ പ്രസക്തിയില്ലാതെയായിരിക്കുന്നു. ഗ്രാമപാതകള്‍ ടാറിട്ടിരിക്കുന്നു. 'ഓരോ വീട്ടിലും വൈദ്യുതി' എന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഗ്രാമവാസികള്‍ വെളിച്ചമില്ലെങ്കിലും കനത്ത കറന്റു ബില്ലടച്ച്‌ ഞെളിഞ്ഞു നടക്കുന്നു. നിരവധി കലാ-സാഹിത്യ പ്രതിഭകള്‍ ഉള്ള എന്റെ ഗ്രാമത്തിന്‌ ഒരു പേരിടാന്‍ എനിക്കിഷ്ടമില്ലാത്തതുകൊണ്ടും, പേരിട്ടാല്‍ തന്നെ അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ വിദ്യാസമ്പന്നരും തൊഴിലില്ലായ്മ വേതനത്തിനായ്‌ സമരം ചെയ്യുന്നവരുമായ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ഗ്രാമമായതുകൊണ്ടും അക്കാര്യം നമുക്ക്‌ സൌകര്യപൂര്‍വ്വം മറക്കാം. നമുക്ക്‌, അയാളെക്കുറിച്ച്‌, നിഷേധിയെക്കുറിച്ച്‌ സംസാരിക്കാം. 

ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു എന്നതുകൊണ്ട്‌ മാത്രമല്ല ഞാന്‍ അയാളുടെ നിഷേധത്തോടു കൂറുപുലര്‍ത്തിയത്‌ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അയാളുടെ എല്ലാ നിഷേധങ്ങളും എനിക്കു സ്വീകാര്യമായിരുന്നുവെന്ന്‌ തെറ്റിദ്ധരിക്കരുത്‌. അയാളുടെ ചില ശരികള്‍ എനിക്കു തെറ്റുകളായിരുന്നു. അത്തരം അവസരങ്ങളില്‍ ഞാനതു ചൂണ്ടിക്കാണിക്കുകയും, അപ്പോള്‍ അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ കവിളിലേക്ക്‌ ഊര്‍ന്നിറങ്ങുന്നതുപോലെയും എതിരാളിയെ ദഹിപ്പിക്കാന്‍ കഴിയുന്നവിധം അതു തിളങ്ങുകയും വീണ്ടും കണ്‍കുഴിയിലേക്ക്‌ വലിയുകയും ചെയ്യുമായിരുന്നു. എന്നുമുതലാണ്‌ ഗ്രാമവാസികള്‍ അയാളെ നിഷേധിയെന്നു വിളിച്ചു തുടങ്ങിയതെന്നു ചോദിച്ചാല്‍ എനിക്കു കൃത്യമായി അറിയില്ല. പക്ഷെ ഒന്നുമാത്രമറിയാം. അയാള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമല്ല അയാളെ ആ ഗ്രാമത്തിലെ നിഷേധിയാക്കിയത്‌. അയാളുടെ രൂപവും,ഭാവവും,ചലനങ്ങളുമെല്ലാം നിഷേധി എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുണ്ടെന്നു വിളിച്ചു പറയുന്ന തരത്തിലായിരുന്നു. അയാള്‍ വിരൂപനല്ലെന്ന്‌ ആദ്യമേ പറയട്ടെ. ഒട്ടിയ കവിളും, കുഴിയിലാണ്ടുപോയ കണ്ണുകളും, വീതി കുറഞ്ഞ സുന്ദരമായ നീണ്ട മൂക്കും അയാള്‍ക്കുണ്ടായിരുന്നു. (സുന്ദരമായ എന്ന പ്രയോഗം നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ ഒഴിവാക്കുന്നതില്‍ എനിക്കു വിരോധമില്ല). കൊലുന്നനെയുള്ള തലമുടി നെറ്റി മറച്ച്‌ കണ്‍തടം വരെ നീണ്ടുകിടന്നു. ഗ്രാമവാസികളുടെ അലിഖിത നിയമങ്ങളെ ഖണ്ഡിക്കുമ്പോഴൊക്കെ അയാള്‍ വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം തലമുടി വകഞ്ഞുമാറ്റുമായിരുന്നു. അപ്പോള്‍ അയാളുടെ കുഴിഞ്ഞ കണ്ണുകളില്‍ രക്തം പൊടിയുന്നതുപോലെ തോന്നിയിരുന്നു. വല്ലപ്പോഴും മാത്രം കടന്നുവരുന്ന അതിഥികളെപ്പോലെ താടിരോമങ്ങള്‍ അവിടവിടെ വരികയും പോകുകയും ചെയ്തു. 

(തുടരും)

11 comments:

Murali K Menon said...

ഇതാ ഇന്നുമുതല്‍ നാളെമുതല്‍:
കോമരം ബ്ലോഗില്‍ (A/C, DTS, Morning Show Only) 5 ഭാഗങ്ങളിലായ് ഒരു തുടരന്‍ കഥ - “നിഷേധി” - ആരംഭിക്കുന്നു. ഇതിനു ദേശീയ അന്തര്‍ദേശീയ കഥാ മത്സരങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നു പറയാന്‍ മാത്രം തൊലിക്കട്ടി എനിക്കില്ലാത്തതുകൊണ്ട് ഈ കഥ തീരുന്നതോടെ എന്റെ കഥ തീര്‍ക്കരുത് എന്നു മാത്രം അഭ്യര്‍ത്ഥിച്ചുകൊണ്ട്, ഇതാ ഇന്നുമുതല്‍ നാളെ മുതല്‍...

Aravishiva said...

നിഷേധിയെക്കുറിച്ച് കൂടുതലറിയാന്‍ താത്പര്യമായി...

അയാള്‍ നിഷേധിയായി ജനിച്ചതോ അതോ പതുക്കെ നിഷേധിയായി മാറിയതോ?

എന്തായാലും പ്രസ്തുത ഗ്രാമം കേരളത്തിലെ മണ്മറഞ്ഞുകൊണ്ടിരിയ്ക്കുന്ന ഗ്രാമങ്ങളുടെ നല്ലൊരു പ്രതീകമായി.

തുടരെട്ടേയ്....

shams said...

ഇതാ ഇന്നു മുതല്‍ നാളെ മുതല്‍..,
പറയൂ കേള്‍ക്കട്ടെ , നിഷേധിയുടെ കഥ .

വേണു venu said...

തുടക്കം നന്നു്.നിഷേധിയുടെ ചിത്രങ്ങള്‍ തുടരൂ.:)

ചന്ദ്രകാന്തം said...

"ഇന്നുമുതല്‍..നാളെമുതല്‍.." നോട്ടീസില്‍ കഥേടെ തുടക്കവും, നിഷേധീടെ ചിത്രോം മാത്രേ ഉള്ളൂ..ല്ലേ..!!
ആകാംക്ഷയ്ക്‌ തീകൊളുത്തി കാത്തിരിയ്കുന്നു..

Murali K Menon said...

പ്രോത്സാഹനകമ്മിറ്റിയിലെ അംഗങ്ങളായ അരവിശിവ, വേണു, ഷാംസ്, ചന്ദ്രകാന്തം എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇതാ ഇന്നു മുതല്‍ നാളെ മുതല്‍..

മൂര്‍ത്തി said...

തുടരുക...

കുറുമാന്‍ said...

നിഷേധിയുടെ ആദ്യലക്കത്തിലെ നിഷേധത്തരം കുറഞ്ഞ് പോയി മുരളിയേട്ടാ. കൂടുതല്‍ നിഷേധത്തരവുമായി അടുത്തതുടനെ പോരട്ടെ

Murali K Menon said...

കുറുമാന്‍, മൂര്‍ത്തി അഭിപ്രായങ്ങള്‍ക്കു നന്ദി. നിഷേധം എന്തുകൊണ്ട്, ആരാണു നിഷേധി എന്നൊക്കെ വഴിയേ അറിയുന്നതാണ്. ഒറ്റയടിക്ക് വായിച്ച് തീര്‍ക്കുന്നതാണു സുഖം. പക്ഷെ ബ്ലോഗ് വായനയുടെ പരിമിതികളെ കരുതി കഷ്ണങ്ങളാക്കിയതാണ്. (പുതിയ കഥയല്ല, ഒരു പത്തു വര്‍ഷം മുമ്പെഴുതിയതാണ്)

Mr. K# said...

തുടരട്ടെ :-)

sandoz said...

വായിക്കാന്‍ തുടങ്ങുന്നു....
ഇനി അവസാന ഭാഗത്ത്‌ കാണാം....