Saturday, September 01, 2007

അയ്യപ്പന്റെ ഉത്സവങ്ങള്‍


കൂടല്‍മാണീക്യം ക്ഷേത്രത്തില്‍ ശീവേലി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്നു. എല്ലാവരും മേളത്തിനൊപ്പം തന്നെ കൈ മുകളിലേക്കുയര്‍ത്തി താളം പിടിക്കുന്നു. ചിലര്‍ മൊത്തത്തില്‍ ആടുന്നുണ്ട്. അതില്‍ അയ്യപ്പനുമുണ്ട്. അയ്യപ്പന്‍ താളം പിടിച്ച് ആടുന്നതല്ല. ആടാതെ നില്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥയുള്ളതുകൊണ്ടാണ്. അയ്യപ്പന്‍ മറ്റുള്ളവരെ പോലെ ഉത്സവത്തെ അമ്പലത്തിന്റെ മതില്‍ക്കെട്ടിനകത്ത് തളച്ചിടുന്ന സങ്കുചിത മനസ്ക്കരില്‍ പെട്ടവനല്ലെന്നു ചുരുക്കം.

അമ്പലത്തിനു പുറത്ത് ഉത്സവം ആഘോഷിച്ച് സമയം കിട്ടിയപ്പോള്‍ ഹേയ്, ഇവിടെന്താ ഒരൊച്ചേം ബഹളോം ആള്‍ക്കൂട്ടോം എന്നറിയാന്‍ വന്നപ്പോള്‍ ആ തിരക്കിനിടയില്‍ പെട്ട് നിന്ന് ആടുന്നതാണ്. ഏതായാലും വന്ന് പെട്ടുപോയ്, ആട്ടം നിന്നാല്‍ പിന്നെ ഉത്സവം കാണാന്‍ രസംണ്ടാവില്ല. നെറ്റിപട്ടം കെട്ടിയ ആനകളെ നോക്കി പല്ലു കടിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചു നോക്കി. പക്ഷെ അവ അയ്യപ്പനെ ശ്രദ്ധിക്കാതെ പട്ടയൊടിച്ച് ആസ്വദിച്ച് തിന്നുന്നു. അതുകണ്ടപ്പോള്‍ അയ്യപ്പനും പട്ട ഓര്‍മ്മ വന്നു. കുടിച്ച പട്ട ശിരസ്സിലേക്ക് ഇരമ്പിയാര്‍ത്തു. പാപ്പാനെ നോക്കി കൈ കൊണ്ട് ഒരു ചെറുതടിക്കണോ എന്ന് ആംഗ്യം കാട്ടി. പാപ്പാന്‍ അയ്യപ്പനെ നോക്കിയൊന്നു ചിരിച്ചു, പിന്നെ ആനയുടെ ചെവിത്തോട്ടി കൊണ്ട് ദൂരെയുള്ള പട്ട വലിച്ച് ആനക്കിട്ടുകൊടുത്തു. ഹൂം ഇവനൊക്കെ എന്ത് ഉത്സവാഘോഷാ നടത്തണേ, ശവ്യോള്... രണ്ടെണ്ണടിക്കാണ്ട് ഇവടെ നിന്ന് കയ്യും കാലുമിട്ടടിച്ച് അയ്യേ... ഈ നേരം ആ കവലേല് നിന്നാ ഷെയറു കൂടി രണ്ടെണ്ണം കൂടി അടിച്ച് പിന്നെ ആരെയെങ്കിലും പിടിച്ചടിച്ച് അവരുടെ കയ്യീന്ന് കണക്കിനു വാ‍ങ്ങി വീട്ട്യേ പോയാ കെടന്നൊറാങ്ങാര്‍ന്നു. ഇതിപ്പോ ഈ ശവികള്‍ക്കൊരു ബോധോം ഇല്യ... നിന്ന് താളം പിടിച്ച് വെയര്‍ക്ക്വാ....ഇപ്പ ശര്യാക്കിത്തരാം...ട്ടാ ആനയുടെ ചന്തം നോക്കി നിന്നിരുന്ന ഒരാളെ അയ്യപ്പന്‍ തോണ്ടി..

അയാള്‍: ഊം എന്തേ?

അയ്യപ്പന്‍: ഉത്സവം എപ്പഴാ തീര്വാ?

അയാള്‍: ഇവടത്തെ മേളം കഴിഞ്ഞാ പിന്നെ തീര്‍ന്നു.

അയ്യപ്പന്‍: അതല്ലേ തന്നോട് ഞാന്‍ മലയാളത്തില് ചോദിച്ചത്.. ഇവടത്തെ മേളം എപ്പഴാ തീര്വാന്ന്?

അയ്യപ്പന്റെ ആട്ടവും വര്‍ത്തമാനവും പന്തിയല്ലെന്ന് കണ്ട് അയാള്‍ തിരക്കിനിടയിലേക്ക് വലിഞ്ഞു. അതുകണ്ട് അയ്യപ്പന്‍ ആത്മഗതം: “ഉത്സവം കഴിഞ്ഞാ ഷെയറ് കൂടി രണ്ടെണ്ണം അടിക്കാന്നു വച്ചപ്പോ അവനു യോഗം‌ല്യാ, അപ്പളക്കും പെണങ്ങി...”

മേളം മുറുകി ആളുകളുടെ കൈകളും അതിനൊപ്പം വായുവില്‍ താളം മുറുക്കി. അതിനിടയില്‍ അയ്യപ്പന്‍ ഒരാളെ വീണ്ടും തോണ്ടി. അയാള്‍ താളമിട്ടുകൊണ്ട് തന്നെ അയ്യപ്പനെ നോക്കി തലകൊണ്ട് ചോദ്യഭാവത്തില്‍ ആക്ഷന്‍ കാണിച്ചു. അയ്യപ്പന്‍ അയാളോട് കൈ താഴത്തിട്ട് അടുത്തേക്ക് വരാന്‍ പറഞ്ഞു. എന്തോ അത്യാവശ്യമായിരിക്കുമെന്നറിഞ്ഞ് അയാള്‍ മേളത്തിന്റെ ഈണത്തില്‍ നിന്ന് അയ്യപ്പന്റെ ആട്ടത്തിലേക്ക് ശ്രദ്ധതിരിച്ചു. നല്ല ഉയരമുള്ള അയാള്‍ അയ്യപ്പന്‍ പറയുന്നത് കേള്‍ക്കാന്‍ കുനിഞ്ഞ് കാത് അയ്യപ്പന്റെ വായിലേക്ക് കൊടുത്തു. അയ്യപ്പന്‍ ചോദിച്ചു,

അയ്യപ്പന്‍: എത്ര ആനിണ്ട് ഈ ഉത്സവത്തിന്?മേളത്തിന്റെ തിരക്കും അയ്യപ്പന്റെ കുഴഞ്ഞ ശബ്ദവും കാരണം അയാളതു ശരിക്കും കേട്ടില്ല.

അയാള്‍: എന്താ പറഞ്ഞേ?, ഒന്നു കൂടി ചെവി അയാളോടു ചേര്‍ത്തു, പിന്നെ വാസനത്തൈലം മണത്ത ഉടനെ അയാള്‍ മുഖം എതിര്‍ദിശയിലേക്കു പിടിച്ചു.

അയ്യപ്പന്‍: ഉത്സവത്തിനെത്ര ആനിണ്ട്ന്ന്?

അയാള്‍: കണ്ടൂടെ, പതിനേഴെണ്ണം.

അയ്യപ്പന്‍: ആനെ കണ്ടു... പക്ഷെ ആന കാണിക്കണ കണ്ടാ?
അയാള്‍: എന്ത്?

അയ്യപ്പന്‍: താനൊക്കെ ഇവടെ താളം പിടിച്ച് നിന്നാ പിന്നെ എങ്ങന്യാ കാണ്വാ?

അയ്യപ്പന്‍ അയാളെ തിരക്കിലൂടെ മറ്റൊരു സ്ഥലത്ത് ആനയുടെ മുന്നിലേക്ക് കൊണ്ടു വന്നു നിര്‍ത്തി. എന്നീട്ട് ചോദിച്ചു.അയ്യപ്പന്‍: ഇപ്പ കണ്ടാ?

അയാള്‍ക്കൊന്നും മനസ്സിലായില്ല. അയാള്‍ തിരിച്ചു ചോദിച്ചു. എന്തു കണ്ടോന്ന്?

അയ്യപ്പന്‍: എടാ മൈ......(അയാളുടെ ആരോഗ്യവും നോട്ടവും കണ്ട് പൂര്‍ത്തിയാക്കാതെ) മേന്‍‌നെ... ആ നടുവിലു നിക്കണ ആനെ ശ്രദ്ധിച്ചാ? അവന്‍ ചെവിട്ട് ആട്ടണ കണ്ടാ?

അയാള്‍: ഉവ്വ്. ആന ചെവിയാട്ടുന്നത് ഇയാളാദ്യായിട്ടാ കാണണേ?

അയാളുടെ മറുചോദ്യം അയ്യപ്പിനിഷ്ടായില്ല. അയ്യപ്പന്‍ പറഞ്ഞു.

അയ്യപ്പന്‍: ടാ മോനേ, വേണ്ട എന്റടുത്തുവേണ്ടാ ട്ടാ, കളിച്ചാ കളി പഠിക്കും. അതുകള..അയാള്‍ക്കരിശം വന്നു.

അയാള്‍ ദേഷ്യത്തോടെ ചോദിച്ചു, ‍തനിക്കിപ്പ എന്താ വേണ്ടേ?

അയ്യപ്പന്‍: ഹോ, ചോദ്യം കേട്ടാ തോന്നും എന്തു ചോദിച്ചാലും ഇയാളിനിക്ക് വാങ്ങിത്തരുംന്ന്. മേന്‍‌ന്നേ അതുവേണ്ട, നീ മറ്റേ ആനേ കണ്ടാ?

തലയൂരാന്‍ പറ്റാതെ ദേഷ്യത്തോടെ അയാള്‍: ഏത് ആന?

അയ്യപ്പന്‍: (ഒരറ്റത്ത് നില്‍ക്കുന്ന ആനയെ ചൂണ്ടി) ദേ ദാ ആന...

അയാള്‍: അതിനെന്താ കൊഴപ്പം?അയ്യപ്പന്‍: അത് ചെവി ആട്ട്‌ണില്യ..അതന്നെ. ഇപ്പ മനസ്സിലായാ...

അയാള്‍ ദേഷ്യം ഉള്ളിലൊതുക്കി. ഒരു സീന്‍ ഉണ്ടായാല്‍ അയാള്‍ക്കാ മോശം എന്ന് തിരിച്ചറിഞ്ഞ് മിണ്ടാതിരുന്നു. പെട്ടെന്ന് അയ്യപ്പന്റെ മുന്നില്‍ നിന്ന് മാറാന്‍ അയാളൊരു ശ്രമം നടത്തി. പക്ഷെ അയ്യപ്പന്‍ വിട്ടില്ല. അയാളെ തടഞ്ഞു,

അയ്യപ്പന്‍: ആ ആനെയെന്താ ചെവി ആട്ടാത്തെ? താ‍ന്‍ വെല്യ കോപ്പിലെ നായരല്ലേ, തന്റെ അച്ഛനു പണ്ട് ആനെണ്ടാര്‍ന്നതല്ലേ... അല്ലടോ മേന്‍‌ന്നേ.. ഞാന്‍ കുടിച്ചാലൊന്നും എന്റെ ഓര്‍മ്മക്കൊരു കൊഴപ്പോം‌ല്യ.. നിനക്കതറിയോ? (പിന്നെ പല്ലു കടിച്ചു ശബ്ദമുണ്ടാക്കുന്നു)

ഉത്സവം കൊട്ടിക്കലാശമായതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നറിഞ്ഞ് സമാധാനത്തോടെ അയാള്‍ അയ്യപ്പനെ വിട്ട് തിരിഞ്ഞ് മേളത്തിലേക്ക് ശ്രദ്ധിച്ചു. ഒരാന പട്ട തുമ്പിക്കയ്യുകൊണ്ട് പൊക്കി ദേഹത്ത് രണ്ടു ഭാഗത്തും തട്ടി പിന്നെ വായിലിട്ട് ചവച്ചു. അയ്യപ്പന്റെ പട്ടയുടെ വീര്യവും കൊട്ടിക്കലാശത്തിലേക്ക് വന്നതുകൊണ്ട് അയാളെ പറഞ്ഞയക്കാതെ അയ്യപ്പന്‍ കയ്യില്‍ പിടിച്ചു വലിച്ചു.

അയ്യപ്പന്‍: ടാ ഇബടെ, നീയെവട്യാ നോക്കണേ, ചോദിച്ചേനുത്തരം പറഞ്ഞട്ട് പോയാ മതി. ആ ആനെന്താ ചെവ്യാട്ടാത്തേന്നു പറഞ്ഞട്ട് പോയാ മതിറാ നീ...(കയ്യില്‍ ബലമായ് പിടിക്കുന്നതോടൊപ്പം കാലുറക്കാതെ നിന്നാടുന്നു.)അയാള്‍ തിരിഞ്ഞ് നിന്ന് ചെവിക്കുറ്റി നോക്കി ഒരൊറ്റയടി കൊടുത്തു. അയ്യപ്പന്‍ പമ്പരം കറങ്ങുന്ന പോലെ തിരിഞ്ഞ് തിരക്കിനിടയില്‍ വീണു. മേളം തീര്‍ന്നു. ആളുകള്‍ പിരിഞ്ഞു, അയ്യപ്പന്‍ ആളുകളുടെ കാലുകള്‍ക്കിടയില്‍ കിടന്നു പരുങ്ങി. പിന്നെ ലുങ്കി വാരി വലിച്ചുടുത്ത് എഴുന്നേറ്റ് നിന്ന് ഒരാളോടു ചോദിച്ചു, “ഉത്സവം തീര്‍ന്നാ?...”

NB: അയ്യപ്പന്‍ ദേശ-ഭാഷാ വ്യത്യാസമില്ലാതെ പല രൂപങ്ങളില്‍ ഭാവങ്ങളില്‍ ഉത്സവങ്ങളിലും, പെരുന്നാളിലുമൊക്കെ സംബന്ധിച്ചുകൊണ്ടേയിരിക്കുന്നു. ജനറല്‍ നോളജ്ജില്ലാത്ത ജനങ്ങള്‍ അറിയാനുള്ള അയ്യപ്പന്റെ ജിജ്ഞാസയെ അടിച്ചൊതുക്കുന്നു.

23 comments:

Murali K Menon said...

ഒന്നാം തിയ്യതി അല്ലേ, അയ്യപ്പനെ നിങ്ങള്‍ക്കു പരിചയപ്പെടുത്താമെന്നു കരുതി.

ആവനാഴി said...

പട്ടയടിച്ച (പനമ്പട്ടേണു) ആന താളമേളങ്ങള്‍ക്കൊപ്പം തലയാട്ടി നിന്നു. മേളക്കൊഴുപ്പില്‍ കാണികളുടെ തലകളും മെല്ലെ ആടുന്നുണ്ടായിരുന്നു. ചിലരുടെ കരാംഗുലികള്‍ വായുവില്‍ ഇടക്കയും ചേണ്ടയും മദ്ദളവും വീക്കന്‍ ചെണ്ടയും വായിച്ചു. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തു മാത്രമായിരുന്നു ഈ ആട്ടങ്ങള്‍....അമ്പലത്തിന്റെ “ഠ” വട്ടം ചുറ്റുപാടില്‍ മാത്രം അവരുടെ ആട്ടങ്ങള്‍ ഒതുങ്ങിനിന്നതിനാല്‍ അവര്‍ സങ്കുചിതമനസ്കരായിരുന്നു. അയ്യപ്പന്റെ‍ മനസ്സും വീക്ഷണകോണ(ക)ങ്ങളും ഇവക്കെല്ലാം അപ്പുറം കടന്നു വിശാലഹിന്ദുപരിഷത്തില്‍ വിലയം പ്രാപിച്ചിരുന്നതിനാല്‍‍ മാപ്രാണം ഷാപ്പീന്നു തന്നെ രണ്ടെണ്ണം വീശിയിട്ടായിരുന്നു വന്നത്. അന്നും പതിവുപോലെ വിശാലന്‍ കൊടകരയെത്തിയിരുന്നതിനാല്‍ ( കക്ഷി എന്നും പോക്കുവരവാണെന്നാണു അവകാശവാദം മുഴക്കിയിരിക്കുന്നത്) അയ്യപ്പന്‍ അയാളെ സമീപിച്ചുര ചെയ്തു.

“ഇനി നാളെ നേരം വെളുത്തിട്ടല്ലേ തിരിച്ചു പോക്കുള്ളു?”

“അതെ, എന്തേ?”

“ആ സാ‍ധനമൊന്നു കടം തന്നിരുന്നെങ്കില്‍...” അയ്യപ്പന്‍ തല ചൊറിഞ്ഞു നിന്നു.

“എന്തൂട്ടാടാ ശവി നിന്നു പരുങ്ങുന്നത്? എന്തൂട്ടാ നെനക്കു വേണ്ടേ?”

“ആ മനസ്സേ. ഒന്നു വിശാലമനസ്സായി ഉത്സേകം കാണാനാ..”

“അതിനെന്താടാ ശവീ. നീയെടുത്തോ. ഞാനിനി കിടന്നുറങ്ങാന്‍ പോകേണു. ഉറങ്ങുമ്പോഴെന്തിനാണു മനസ്സ്? നീയെടുത്തോ.. ”

അങ്ങനെ വിശാലമായ മനസ്സുമായിട്ടാണു അയ്പന്‍ അമ്പലത്തിന്റെ മതില്‍ക്കെട്ടില്‍ കയറിയത്.

കൊട്ടും വാദ്യങ്ങളും പൊടി പൊടിക്കുന്നുണ്ടെങ്കിലും അയ്പ്പന്റെ കണ്ണു തറച്ചത് ആനക്കാലില്‍ തോട്ടി ചാരി ആനക്കൊമ്പില്‍ കരതലാമലകമുഴിയുന്ന നണ്വാരു എന്ന പാപ്പാനിലായിരുന്നു.

പാപ്പാനും അതു കണ്ടു.

മടക്കിക്കുത്തിയ കള്ളിമുണ്ടിനു കീഴെ അയ്പ്പന്റെ വരയന്‍ അണ്ടര്‍വെയര്‍ മുട്ടിനു താഴെ വരെ തൂങ്ങിക്കിടന്നിരുന്നു. ബ്രാക്കറ്റുപോലെ വളഞ്ഞ രണ്ടു കാലുകള്‍ അയാളെ ഇക്വിലിബ്രിയത്തില്‍ നിര്‍ത്താന്‍ പാടു പെടുന്നുണ്ടായിരുന്നു.

അയാളുടെ സിരകളില്‍ കള്ളിന്റെ കുമിളകള്‍ നുരച്ചുപൊങ്ങിയിരുന്നെങ്കിലും തല നിറയെ കാമുവും കാഫ്കയുമായിരുന്നു.

അയാള്‍ പാപ്പാനെ നോക്കി കണ്ണിറുക്കി ചൂണ്ടു വിരല്‍ വായുവിലുയര്‍ത്തി മാപ്രാണം ഷാപ്പിനു നേരെ ചൂണ്ടി എന്തോ പിറുപിറുത്തു.

എന്താണ് പറഞ്ഞതെന്നു പാപ്പാനു മനസ്സിലായി.

“ആനയവിടെ നിക്കട്ടെ. നമുക്കു ഷാപ്പില്‍ പോയി വിശാലമായി ഒന്നു വീശിയേച്ചും വന്നാലോ” ഇതായിരുന്നു അയ്പ്പന്‍ ചോദിച്ചത്.

Aravishiva said...

ജനറല്‍ നോളജ്ജില്ലാത്ത ജനങ്ങള്‍ അറിയാനുള്ള അയ്യപ്പന്റെ ജിജ്ഞാസയെ അടിച്ചൊതുക്കുന്നു...

ഹ ഹ ....അയ്യപ്പന്റെ ജിജ്ഞാസയെക്കുറിച്ച് നാട്ടുകാര്‍ക്കെന്തറിയാം...

നന്നായി മാഷേ...ഒരിയ്ക്കല്‍ പോലും തുളുമ്പാത്ത മനോഹരമായ നര്‍മ്മം...

Visala Manaskan said...

അയ്യപ്പന്‍ ആള് പുലി ആണല്ലോ ല്ലേ? :)

പോരട്ടേ അയ്യപ്പന്മാര്‍!

Visala Manaskan said...

അയ്യപ്പന്‍ ആള് പുലി ആണല്ലോ ല്ലേ? :)

പോരട്ടേ അയ്യപ്പന്മാര്‍!

Murali K Menon said...

ആവനാഴിയുടെ തേങ്ങയടിക്കും മറുപോസ്റ്റിംഗിലൂടെയുള്ള പൂരണത്തിനും നന്ദി. സ്ഥിരം പ്രോത്സാഹ കമ്മിറ്റി അംഗങ്ങളായ വിശാലനും, അരവിശിവക്കും ആടാതെ നില്ക്കാന്‍ ശ്രമിച്ചുകൊണ്ട് നന്ദി പറയുന്നു.

[ nardnahc hsemus ] said...

ഹ ഹ കലക്കി.. അടിപൊളി..
റ്റി വി മിമിക്രിപരിപാടികളുടെ അതിപ്രസരം മൂലം അയ്യപ്പന്റെ മുഖം നമ്മുടെ സ്ഥിരം കുടിയനായ 'ബൈജു'വിന്റെ ആയിപ്പോയി...അതന്നെ മൊതല്‌.. അല്ലേ.. :)

Murali K Menon said...

നന്ദി, സുമേഷ്

മുസാഫിര്‍ said...

ഹ ഹ , കലക്കന്‍ , മേന്നെ . ആനകളുടെ കാലുകള്‍ക്കിടയില്‍ ഡണ്‍ലപ്പ് മെത്തയില്‍ എന്ന പോലേ കിടന്നുറങ്ങുന്ന അയ്യപ്പനേയും കണ്ടിട്ടുണ്ട് ഈ കൂടമാണിക്യത്തില്‍ തന്നെ.ആനക്കും അത് ഒരു ശീലമാണെന്നു തോന്നി , അതു കാല് മാറ്റി വെക്കുമ്പോള്‍ പതുക്കെ ഒന്നു പരതി നോക്കിയിട്ടേ വെക്കുന്നുണ്ടായിരുന്നുള്ളു.

മൂര്‍ത്തി said...

:)
ജഗതിക്ക് പറ്റിയ റോളായിരിക്കും.അവസാനത്തെ കറങ്ങിവീഴ്ചയൊക്കെ കലക്കും..

Murali K Menon said...

മുസാഫിറിനും, മൂര്‍ത്തിക്കും, മുരളിയുടെ നന്ദി

Visala Manaskan said...

അപ്പോ ഇത് മുരളിയേട്ടന്‍ നേരിട്ട് പറയുമ്പോള്‍ എന്തായിരിക്കും ഗുമ്മ്!!

ഇനി കാണുമ്പോള്‍ പറയണം ട്ടാ.

:)

Unknown said...

എന്താ ഒരു ആള്‍ക്കൂട്ടം എന്ന് നോക്കാന്‍ വന്നതാ ഞാനും. അയ്യപ്പന്‍ തകര്‍ത്തു. :-)

വേണു venu said...

ഹഹാ..മുരളി മാഷേ,
പാവം അയ്യപ്പന്മാര്‍‍ പല സ്ഥലങ്ങളിലും പല പേരില്‍ ലീലാവിലാസങ്ങള്‍ ചെയ്യുന്നു. ആ അവ്സാന കര്‍മ്മം കഴിഞ്ഞു കിട്ടിയാലേ ഉറക്കം വരൂ.:)

മന്‍സുര്‍ said...

പ്രിയ മുരളിമേനോന്‍

തങ്കളുടെ വിലപ്പെട്ട വാകുകള്‍ എന്‍റെ ബ്ലോഗ്ഗില്‍ കണ്ടപ്പോല്‍ മനസ്സ് സന്തോഷിച്ചു.
സ്കൂള്‍ വിദ്യഭ്യാസം പോലും പൂര്‍ത്തിയാകാനാവതെ പ്രവാസ ജീവിത ആരംഭിച്ച ഒരു മലയാളിയാണ്‌ ഞാന്‍ .
നല്ലതിനെ നല്ലതെന്ന് പറയാന്‍ തങ്കല്‍ കാണിച്ച ആ മനസ്സിന്‍ നന്ദി.
ഇനിയും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷികുന്നു.
ജോലിതിരക്കുകളില്‍ പലതും വായിക്കാന്‍ സമയ കിട്ടറില്ല എന്ന സത്യം അറിയിക്കട്ടേ.
നിങ്ങള്‍ക്കും കുടുംബത്തിനും നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍.

കുഞ്ഞന്‍ said...

അയ്യപ്പനെപ്പറ്റി വായിച്ചപ്പോള്‍ അയ്യപ്പ ബൈജുവാണ് മനസ്സില്‍ തെളിയുന്നത്.

ആവനാഴിയിലെ അമ്പും കൊള്ളാം..:)

അജയ്‌ ശ്രീശാന്ത്‌.. said...

മറുപടിയ്ക്ക്‌ നന്ദി പ്രിയപ്പെട്ട മുരളി മേനോന്‍
അയ്യപ്പനെ സരസമായി പരിചയപ്പെടുത്തിയതിനും,,,

Murali K Menon said...

ദില്‍ബു, കുഞ്ഞന്‍, കുതിരവട്ടന്‍, അമൃത എന്നിവരുടെ സാന്നിദ്ധ്യത്തിനു നന്ദി..
വിശാലാ, ഇനി നേരില്‍ കാണുമ്പോള്‍ നമുക്കെന്തൊക്കെ പറയാന്‍ കാണും, എന്തിനാ അയ്യപ്പനില്‍ ഒതുക്കുന്നത്?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അയ്യപ്പബൈജു തന്നേ:)

Murali K Menon said...

അയ്യപ്പന്റെ ശരിയായ പേര്‍ - കൊച്ചയ്യപ്പന്‍ - ബൈജു അനുകരിക്കുന്നത് വളരെ കൃത്യമാണെന്ന് അയ്യപ്പനെ കണ്ടവര്‍ തിരിച്ചറിയും. ചാത്തനേറിനു നന്ദി

myexperimentsandme said...

താളം പിടിച്ചയണ്ണന്‍ ആടിക്കൊണ്ടിരിക്കുന്ന അയ്യപ്പന്റെയടുത്തേക്ക് താളം പിടിച്ചുകൊണ്ട് തന്നെ വരുന്ന ഭാഗം വായിച്ചപ്പോള്‍ മേലേപ്പറമ്പില്‍ ആണ്‍‌വീട്ടില്‍ ജയറാം ശവഘോഷയാത്രയ്ക്ക് താളം പിടിച്ചാടിയാടി ആ ആടലോടെ തന്നെ പുതുതായി ജോലികിട്ടിയ ആപ്പീസിലേക്ക് കയറിച്ചെല്ലുന്ന സീനോര്‍ത്തു.

അയ്യപ്പനാട്ടം ഇഷ്ടപ്പെട്ടു.

പനമ്പട്ടാ
വേണോടാ
എന്‍‌കരളേ
കുട്ടിക്കൃഷ്ണാ

കുട്ടിക്കൃഷ്ണന്‍ എന്നയാനയോട് പാപ്പാന്‍ ചോദിച്ചത്.

Murali K Menon said...

വക്കാരിയുടെ തുമ്പിക്കയ്യിന്റെ നീളം കണ്ടപ്പോള്‍ ഞാന്‍ അയ്യപ്പനെ വീണ്ടും ഓര്‍ത്തു. വക്കാരിമഷ്ടാ

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/