Wednesday, August 22, 2007

കോമരം പിന്നിട്ട കൌമാരം - 9

ഗോവണ്ടി
പ്ലാറ്റുഫോമില്‍ നിന്നിറങ്ങി റെയില്‍ പാളത്തിനോടു ചേര്‍ന്നുള്ള നിരവധി കുടിലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. പാകമാകാത്ത ഷൂവിനുള്ളില്‍ കിടന്ന് എന്റെ കാല്‍ ഒരു വിധം നന്നായ് തന്നെവേദനിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ നടത്തം പതുക്കെയായി. വല്ലാത്ത ചൂട്. ഒരു ഭാഗത്ത് നിറയെ വരണ്ട പാടങ്ങള്‍. റോഡിനരികെ ഒരു വലിയ ബില്‍ഡിംഗിനുമുന്നില്‍ ദേവനാര്‍ എബോട്ടിയര്‍ എന്നെഴുതിവച്ചിരുന്നു. അത് ആടുമാടുകളെ അറക്കുന്ന സ്ഥലമാണെന്ന് ചേട്ടന്‍ പറഞ്ഞുതന്നു. എന്തായാലും ബോംബെയില്‍ വന്നിറങ്ങി ആദ്യമായ് കണ്ടത് അത്ര നന്നായില്ല എന്ന് എന്റെ മനസ്സു പറഞ്ഞു. കുറേ കൂടി നടന്നപ്പോള്‍ നാട്ടിലേക്കുള്ള വണ്ടി ഈ വഴിയെങ്ങാന്‍ വന്നാല്‍ കയറിപോകാമായിരുന്നെന്ന് മനസ്സില്‍ പറഞ്ഞു.


അങ്ങനെ അര മണിക്കൂര്‍ നടന്നപ്പോള്‍ ലോട്ടസ് കോളനി എന്ന സ്ഥലത്തെത്തി. കുറേ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകള്‍. ചിലത് രണ്ടു നിലയിലും ചിലത് ഒറ്റ നിലയിലുമാണ്. ഒരുകൂട്ടം ചാലുകള്‍ക്കടുത്ത് കുറേ കുഴലുകള്‍ പൊന്തിനില്‍ക്കുന്ന ഒരുപോലെയുള്ള വീടുകള്‍ കണ്ട് ഞാന്‍ അതിനെപറ്റി രണ്ടാമത്തെ ചേട്ടനോടു ചോദിച്ചു, അതൊക്കെ പബ്ലിക് കക്കൂസുകളാണെന്ന് ചേട്ടന്‍ പറഞ്ഞു (അതിനിടയിലൂടെയൊക്കെ പിന്നീട് മറാട്ടികളുമായുണ്ടായ കൂട്ട അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയിട്ടുള്ളത് മറ്റൊരവസരത്തിലെഴുതാം), നിരനിരയായ ആ വീടുകളുടെ ഇടയിലൂടെ ഒരു ഓവുചാല്‍. അതിനടുത്തുകൂടെ വേണം ഓരോ വീട്ടിലേക്കും കയറുവാന്‍. ഞങ്ങള്‍ അങ്ങനെയുള്ള ഒരു വീടിന്റെ മുന്നില്‍ വന്നു നിന്നു. അതിനു മുന്നോട്ട് ഒരു വീതിയുള്ള ഇറയം പോലെ ഉണ്ടായിരുന്നു. അവിടെ ഒരു വലിയ വീപ്പ (ഡ്രം) വച്ചിരുന്നു. ആ വീടിന്റെ മുകളിലേക്ക് കയറുവാന്‍ ഒരു കോണി ഉണ്ടായിരുന്നു. അതിന്റെ പലകയില്‍ പലതും ഓട്ടയുള്ളതും ആടുന്നതുമായിരുന്നു. ഞങ്ങള്‍ അവിടെ എത്തിയതും താഴത്തെ വീട്ടില്‍ നിന്ന് ഒരു 45 വയസ്സുള്ള കഷണ്ടിയായ ഒരാള്‍ ലുങ്കിയുടുത്ത് പുറത്തു വന്നു. തമിഴില്‍ എന്തോ ചേട്ടനുമായ് സംസാരിച്ചു, ചേട്ടന്‍ എന്നെ ചൂണ്ടിക്കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അവര്‍ രണ്ടുപേരും മുകളിലേക്ക് കയറിപ്പോയി. അയാള്‍ എന്നെ നോക്കി ചിരിച്ചു പിന്നെ എന്നോടായ് പറഞ്ഞു. ശരി തമ്പി അപ്പറം പാക്കലാം. ചേട്ടനും എനിക്ക് അയാള്‍ ഒരു പേരിട്ട് വിളിക്കുന്നു, തമ്പി. ഇനിയിപ്പോ മേനോന്‍ എന്നുള്ളത് ഇവിടെ തമ്പിയെന്നാണോ അറിയപ്പെടുന്നത്. ങാ ആര്‍ക്കറിയാം എല്ലാം വഴിയേ അറിയാം.

ബാഗും തോളിലിട്ട് കോണി കയറാനായ് ശ്രമിച്ചപ്പോള്‍ അത് കുറേശ്ശെ ആടുന്നതായ് തോന്നി. അടുത്ത സ്റ്റെപ് വച്ചപ്പോള്‍ കോണി നല്ലവണ്ണം ആടാന്‍ തുടങ്ങി. ഞാന്‍ രണ്ടു കൈകൊണ്ടും മുറുക്കി പിടിച്ച് രണ്ടാമത്തെ സ്റ്റെപ്പില്‍ ആടിക്കൊണ്ടു നിന്നു. ചേട്ടന്മാര്‍ ഇത്ര പെട്ടെന്ന് എങ്ങനെ കയറിപ്പോയി എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. നാട്ടിലെ ചമ്പത്തെങ്ങിന്റെ മുകളില്‍ പോലും പെടച്ചുകയറാന്‍ പേടിയില്ലാത്ത ഞാനാണ് മുകളിലേക്ക് കയറാനാവാതെ കോണിയുടെ രണ്ടു സ്റ്റെപ്പില്‍ കിടന്ന് ആടിക്കളിക്കുന്നത്. വല്യേട്ടന്‍ വന്ന് ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, അവടെ നിന്നു ഊഞ്ഞാലാടാണ്ട് വേഗം കേറി വാടാ. ആ ചീത്ത വിളിയുടെ ബലത്തില്‍ സ്റ്റെപ്പുകള്‍ അതിന്റെ ആട്ടം നിര്‍ത്തുകയും ഞാന്‍ പെട്ടെന്ന് മുകളിലെത്തുകയും ചെയ്തു. മുറിയിലേക്ക് കടന്നതും തല ആസ്ബസ്റ്റോസില്‍ തട്ടി വേദനിച്ചു. ഉയരമില്ലാത്ത എന്റെ തല മുട്ടാന്‍ പാകത്തിലാണ് മുകളിലെ അവസ്ഥ എന്നറിഞ്ഞ ഞാന്‍ അപ്പോള്‍ മുതല്‍ വീട്ടില്‍ കയറിയാല്‍ കുനിഞ്ഞു നടക്കാന്‍ ശീലിച്ചു.

നീ താഴെ എന്തു ചെയ്യായിരുന്നു എന്ന് ചേട്ടന്‍ ചോദിച്ചതിനു മറുപടിയായ് ഞാന്‍ പറഞ്ഞു, കോണിയ്ക്ക് നല്ല ആട്ടമുണ്ട്, മാത്രോം‌ല്ല ചവിട്ടുന്നിടത്ത് വലിയ ഓട്ടകളും. അതോണ്ടാ കേറാന്‍ വൈക്യേ.. ചേട്ടന്‍ ചിരിച്ചു, എന്നീട്ട് പറഞ്ഞു, അങ്ങനെയാണെങ്കില്‍ നീ ഒരുപാടു കഷ്ടപ്പെടും. കാരണം നാളെ താഴെയുള്ള പബ്ലിക് പൈപ്പില്‍ നിന്ന് ലൈന്‍ നിന്ന് ഒരു വലിയ ബക്കറ്റി വെള്ളം പിടിച്ച് മേലെ കൊണ്ടുവന്നാലേ ഭക്ഷണം തയ്യാറാക്കാന്‍ പറ്റുള്ളു. ഇന്നലെ വരെ ഞാനായിരുന്നു വെള്ളം പിടിച്ചത്, ഇനിയത് നിന്റെ പണ്യാ. ബോംബെക്ക് വരാ‍ന്‍ തോന്നിയ ആ നിമിഷത്തെ അപ്പോള്‍ ഞാന്‍ ശപിച്ചു. ചോറും, പിന്നെ അതുവരെ കാണാത്ത ചുവന്ന പരിപ്പിന്റെ ഒരു കറിയും ചേട്ടന്‍ ഉണ്ടാക്കി. നാട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും കൂട്ടി ഊണു കഴിച്ചുവെന്നു വരുത്തി. പ്ലേറ്റ് നിലത്തു വച്ച് എഴുന്നേറ്റപ്പോള്‍, ചേട്ടന്‍ ദേഷ്യത്തില്‍ പറഞ്ഞു, പ്ലേറ്റെടുത്ത് കഴുകി വക്കെടാ, ങാ, ഓരോന്നു കണ്ടറിഞ്ഞ് ചെയ്തില്ലെങ്കില്‍ എന്റെ കയ്യീന്ന് നീ വാങ്ങിക്കും. എനിക്കതു കേട്ടതും ഭയങ്കര സങ്കടായി, എന്റെ കണ്ണ് നിറഞ്ഞ് വിതുമ്പി... ആരും കാണാതെ ഞാന്‍ മുഖം തുടച്ചു. പിന്നീടുള്ള പല ദിവസങ്ങളും എന്റെ കണ്ണുകള്‍ക്ക് നിറഞ്ഞു തുളുമ്പാനേ നേരമുണ്ടായിരുന്നുള്ളു.

(തുടരും)

6 comments:

Murali K Menon said...

കോമരം പിന്നിട്ട കൌമാരം - 9 പോസ്റ്റ് ചെയ്തു. അടുത്ത ചടങ്ങ് നാളെ.

Aravishiva said...

നന്നായെഴുതി....

രണ്ടര വര്‍ഷം മുന്‍പ് ബാങ്ക്ലൂരിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നത് ആര്‍മിയില്‍ വര്‍ക്കു ചെയ്യുന്ന എന്റെ വല്യച്ചനായിരുന്നു.ആദ്യത്തെ ഒരു കൊല്ലം ഞാനവിടെ താമസിച്ചു...ഈ പോസ്റ്റു വായിച്ചപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഇരമ്പി വന്നു...സ്നേഹസമ്പന്നനായിരുന്നുവെങ്കിലും പട്ടാളച്ചിട്ടയുടെ പരുക്കന്‍ മുഖം എടുത്തണിഞ്ഞിരുന്ന അദ്ധേഹത്തിന്റെ കൂടെയുള്ള നാളുകള്‍ ഓര്‍മ്മിപ്പിച്ചു...നന്ദി....

ശാലിനി said...

ഇന്നാണ് എല്ലാ പോസ്റ്റുകളൂം വായിച്ചത്.

അനുഭവങ്ങളായതുകൊണ്ട് നന്നായി എന്നുപറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പിന്നേ ഒരു പഞ്ചപാവം അനിയനും പരമദുഷ്ടന്മാരായ ചേട്ടന്മാരുമോ? ചേട്ടന്മാരുടെ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു :)

Murali K Menon said...

ചാത്തേട്ടോ, ചേട്ടന്മാരൊന്നും ദുഷ്ടന്മാരല്ലായിരുന്നു. കയ്യില്‍ കാശില്ലാതെ വരികയും വരണ്ട വരണ്ട എന്നു പറഞ്ഞീട്ടും വലിഞ്ഞു കേറി വരികയും സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടാന്‍ വെറും നാടനായ അനിയനു കഴിയാതെ വന്നതിനാലുമുള്ള ഒരു കോണ്‍ഫ്ലിക്റ്റ് മാത്രമായിരുന്നു. അവരാരും ജോസ്പ്രകാശോ, ഗോവിന്ദന്‍‌കുട്ടിയോ, ബാലന്‍ കെ നായരോ, കീരിക്കാടനോ എന്തിന് ഒരു പവനാഴി (കാപ്റ്റന്‍ രാജു) പോലുമായിരുന്നില്ല. ക്ഷമി... NB: അതിന്റെ എടേല് അനിയന്‍ ശരിയല്ലാന്നു മനസ്സിലാക്കി അമ്പട ചേട്ടാ......

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇപ്പോഴും ആ കണ്ണുകള്‍ നിറയാറുണ്ടോ? തുളുംബാറുണ്ടോ?