Tuesday, August 21, 2007

കോമരം പിന്നിട്ട കൌമാരം - 8

ആദ്യത്തെ ട്രെയിന്‍ യാത്ര

എട്ടുമണിക്കു തന്നെ തീവണ്ടി ഇരിങ്ങാലക്കുടയെന്ന പേരിലറിയപ്പെടുന്ന കല്ലേറ്റുങ്കര സ്റ്റേഷനിലെത്തി. വളരെ കുറച്ചുപേര്‍ യാത്രക്കാരായും അതിന്റെ ഇരട്ടി പേര്‍ കൈവീശാനും കരയാനുമായ് പ്ലാറ്റുഫോമില്‍ ഉണ്ടായിരുന്നു. വെറും 2 മിനിട്ടു മാത്രമേ വണ്ടി നിര്‍ത്തുകയുള്ളുവെന്നും പെട്ടെന്ന് കേറണമെന്നും ചേട്ടന്‍ പറഞ്ഞു. ചേട്ടന്‍ തിരക്കിനിടയില്‍ ഉള്ളില്‍ കയറുകയും ശിശുവായ എന്നെ വണ്ടി കാണാന്‍ വന്നവര്‍ പുറകിലേക്ക് തള്ളി മാറ്റുകയും ചെയ്തു. വേഗം കേറടാ എന്ന് ജനാലയിലൂടെ നോക്കി ചേട്ടന്‍ വിളിച്ചു പറഞ്ഞു. അച്ഛന്‍ എന്നെ ഒരു വിധം ഉള്ളിലേക്ക് തള്ളി വിട്ടു. അങ്ങനെ ഞാന്‍ ട്രെയിന്റെ ഉള്‍ഭാഗം ആദ്യമായ് കണ്ടു. ഞാന്‍ മനസ്സില്‍ കരുതിയിരുന്നത് വിശാലമായ ഒരു സെറ്റപ്പായിരുന്നു. ഉം സാരമില്ല, അഡ്ജെസ്റ്റ് ചെയ്യാമെന്ന് മനസ്സില്‍ പറഞ്ഞ് ചേട്ടന്റെ അടുത്തുപോയിരുന്നു. രണ്ടു പേര്‍ക്കും സൈഡ് സീറ്റായിരുന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. ചേട്ടന്‍ ഗ്ലാസ് താഴ്ത്തിയിട്ടു. എന്നോടും ഗ്ലാസ് താഴ്ത്തിയിടാന്‍ ചേട്ടന്‍ ആവശ്യപ്പെട്ടു. രാത്രിയായാലും ഉറക്കം വരുന്നതു വരെ പുറം കാഴ്ച്ച കാണാന്‍ തയ്യാറായി ഇരുന്ന എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ, ഗ്ലാസ് താഴ്ത്താന്‍ ഓര്‍ഡറിട്ടാല്‍ ഞാനിപ്പോ അനുസരിക്കാന്‍ പുവ്വല്ലേ എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് ഗ്ലാസ് താഴ്ത്തിയിട്ടു. ചേട്ടന്‍ മുന്നോട്ടാഞ്ഞ് അതിന്റെ കുറ്റി രണ്ടു സൈഡിലേക്കും അമര്‍ത്തിയിട്ടു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി തൃശൂര്‍ സ്റ്റേഷനില്‍ എത്തി. യാത്രക്കാര്‍ വന്നുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മൂത്രമൊഴിക്കണമെന്ന് തോന്നി. ഞാനതു ചേട്ടനോടു പറഞ്ഞപ്പോള്‍ ചേട്ടന്‍ വണ്ടിയുടെ ഒരറ്റത്തേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാന്‍ അങ്ങോട്ടു നടന്നു. അവിടെ രണ്ടുഭാഗത്തും ഓരോ വാതിലുകള്‍. വാതില്‍ ഒരു ചെറിയ ലോഹദണ്ഡുകൊണ്ട് അടച്ചിട്ടിരിക്കുന്നു. ലോക്ക് എടുത്തുയര്‍ത്തി ഞാന്‍ ടോയ്‌ലെറ്റില്‍ കയറി വാതിലടച്ച് ലോഹദണ്ഡ് തിരിച്ചമര്‍ത്തി വച്ചു. അങ്ങനെ മൂത്രമൊഴിക്കുന്നത് പുരോഗമിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ഒരാള്‍ വാതില്‍ തുറന്ന് വളരെ കൂളായി അകത്തേക്കു പ്രവേശിക്കുകയും എന്നെ കണ്ട് തിരിച്ച് പോകുകയും ചെയ്തു. എന്റെ മൂത്രം എന്നെ ഒഴിച്ച് ആരേയും അന്നുവരെ കണ്ടീട്ടില്ലാത്തതിനാല്‍ അപ്രതീക്ഷിതമായ് ഒരപരിചിതനെ കണ്ട് പെട്ടെന്ന് അകത്തേക്കു വലിഞ്ഞു. അടച്ചിരുന്ന വാതിലാണല്ലോ എന്നീട്ടെങ്ങനെ ഒരാള്‍ അകത്തു കയറിയെന്നാലോചിച്ച് ഞാന്‍ വാതില്‍ക്കലേക്ക് നോക്കി അപ്പോള്‍ അവിടെ മറ്റൊരു കുറ്റി ശ്രദ്ധയില്‍ പെട്ടു. ഉടനെ അത് കുറ്റിയിട്ട് ബാക്കിയുള്ള മൂത്രത്തെ പുറത്തേക്ക് ക്ഷണിച്ചു. പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ഒരു നീണ്ട ചൂളം വിളിയോടെ ട്രെയിന്‍ മുന്നോട്ടു നീങ്ങി. എന്റെ ഉള്ളൊന്നു പിടഞ്ഞു, ഈശ്വരാ, ഞാന്‍ യാതൊരു പരിചയവുമില്ലാത്ത തൃശുര്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയല്ലോ എന്റെ ബോംബെ സ്വപ്നങ്ങള്‍ കരിഞ്ഞുപോയല്ലോ എന്നൊക്കെയുള്ള ചിന്തയില്‍ മൂത്രമൊഴിക്കല്‍ ഉപേക്ഷിച്ച് വാതില്‍ തുറന്ന് എങ്ങനെയെങ്കിലും ചേട്ടന്റെ അടുത്തെത്താന്‍ ഒറ്റ ഓട്ടമാണ്. ചേട്ടന്റെ അടുത്തെത്തിയപ്പോള്‍ മാത്രമാണ്, ഛെ. ടോയ്‌ലെറ്റ് വണ്ടിയുടെ ഉള്ളില്‍ തന്നെയാണെന്നും ഓടേണ്ട ഒരാവശ്യവുമില്ലെന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടായത്...

ഉറങ്ങാന്‍ എനിക്ക് താഴത്തെ ബര്‍ത്താണു തന്നത്. മുകളില്‍ കിടക്കണമെന്നായിരുന്നു എന്റെ മോഹം. പക്ഷെ കുട്ടിയായ, ട്രെയിന്‍ യാത്ര ചെയ്ത് പരിചയമില്ലാത്ത ഞാന്‍ താഴേക്കു വീണെങ്കിലോ എന്നു വിചാരിച്ചാട്ടായിരിക്കം ചേട്ടന്‍ താഴെയുള്ള ബര്‍ത്ത് അനുവദിച്ചത്. കാലത്ത് നേരത്തേ എഴുന്നേറ്റ് പുറത്തേക്ക് നോക്കി കാഴ്ച്ചകള്‍ കാണുമ്പോള്‍ താഴത്തെ ബര്‍ത്ത് കിട്ടിയത് നന്നായി എന്നു തോന്നി. ഉച്ചക്ക് ആര്‍ക്കോണം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പലരും ഇറങ്ങി പുറത്തിരിക്കുന്നതു കണ്ടു. ബോംബെ വണ്ടി വരാന്‍ മൂന്നു നാലു മണിക്കൂര്‍ താമസമുണ്ടെന്നും അതുവരെ പ്ലാറ്റുഫോമില്‍ പോയിരിക്കാമെന്നും ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനതിശയിച്ചുപോയി. അപ്പോള്‍ പിന്നെ നമ്മള്‍ വന്ന വണ്ടി ഏതാണ്? ഏതു വണ്ടിയാണിനി നമ്മളെ ബോംബെക്കു കൊണ്ടുപോകുക ഈ വക സംശയങ്ങളൊക്കെ മനസ്സിലുയര്‍ന്നെങ്കിലും വെറുതെ ആര്‍ക്കോണം പ്ലാറ്റുഫോമില്‍ വെച്ച് ചേട്ടന്റെ തല്ലുകൊള്ളേണ്ട കാര്യമില്ലെന്നു മനസ്സിലാക്കി സംശയങ്ങള്‍ വിഴുങ്ങി. ഇടയിലെങ്ങാന്‍ നാട്ടിലേക്ക് ഒരു വണ്ടി കിട്ടിയെങ്കില്‍ തിരിച്ചുപോകാമെന്നും മനസ്സിന്റെ അടിത്തട്ടിലിരുന്ന് ആരോ എന്നോടു മന്ത്രിച്ചു. അത് മന:പൂര്‍വ്വം ഞാന്‍ കേട്ടില്ലെന്നു നടിച്ചു. ഇതൊക്കെ സ്വര്‍ഗ്ഗരാജ്യത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള പരീക്ഷണങ്ങളായ് കരുതടേയ് എന്ന് ആ അജ്ഞാതനെ ഞാന്‍ ആശ്വസിപ്പിക്കാനും ശ്രമിച്ചു. ഇരുന്നും നടന്നും ബോറടിച്ചുകഴിഞ്ഞിരുന്നു. എപ്പഴോ ഒരു വണ്ടി വന്ന് ഞങ്ങളുടെ ബോഗികളെ അതില്‍ ഘടിപ്പിച്ച് ബോംബെയിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ തമിഴന്മാര്‍ പലരും പ്ലാറ്റുഫോം പരിസരത്ത് അലക്കും കുളിയും വെപ്പും കുടിയുമൊക്കെ നടത്തിയിരുന്നു. ആന്ധ്രയിലൂടെയുള്ള യാത്രയില്‍ ആദ്യമായ് പല രൂപത്തിലുള്ള ഭിക്ഷക്കാരെ കണ്ട് വേദനയും ഭയവും തോന്നി.

ഉച്ചക്ക് 12 മണിയോടെ ഞങ്ങള്‍ ദാദര്‍ സ്റ്റേഷനിലെത്തി. ഞങ്ങളെ കാത്ത് എന്റെ രണ്ടാമത്തെ ചേട്ടന്‍ നിന്നിരുന്നു. ചേട്ടനെ കണ്ടതും ഞാന്‍ കരഞ്ഞു. സന്തോഷം കൊണ്ടാവാം. ചേട്ടന്‍ എന്റെ തോളില്‍ പിടിച്ച് ചിരിച്ചു പിന്നെ ഞാന്‍ കയ്യില്‍ തൂക്കി പിടിച്ച എയര്‍ബാഗ് വാങ്ങി എന്റെ തോളില്‍ തന്നെ തൂക്കിയിട്ടു തന്നു. അവിടെ നിന്ന് സ്റ്റെയര്‍കേസ് കയറിയപ്പോള്‍ താഴെ പ്ലാറ്റുഫോമുകള്‍ നിറഞ്ഞ ഒരു ലോകം കണ്ട് ഞാന്‍ അന്തം വിട്ടു. 1, 2, 3, 4 അങ്ങനെ പ്ലാറ്റുഫോമുകളുടെ നമ്പര്‍ എഴുതിവെച്ച ഒന്നിലേക്ക് ഞങ്ങള്‍ മൂന്നുപേരും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കുര്‍ള എന്ന ഒരു ബോര്‍ഡുമായ് ശബ്ദമില്ലാതെ നിറം മങ്ങിയ കുറെ കമ്പാര്‍ട്ടുമെന്റുകള്‍ പ്ലാറ്റുഫോമില്‍ വന്നു നിന്നു. വീതിയേറിയ വാതിലിലൂടെ കുറേ പേര്‍ പ്ലാറ്റുഫോമിലേക്കും പ്ലാറ്റ്ഫോമില്‍ നിന്ന ഞങ്ങള്‍ അകത്തേക്കും എത്തിച്ചേര്‍ന്നു. ഞാന്‍ കയറാന്‍ ഒരു ശ്രമവും നടത്താതെ ഉള്ളിലെത്തിയത് എന്നെ അല്‍ഭുതപ്പെടുത്തി. ഇതെന്തു വണ്ടിയാണ് ചേട്ടാ എന്നു ഞാന്‍ രണ്ടാമത്തെ ചേട്ടനോടു ചോദിച്ചു. ഇതാണ് ഇലക്ട്രിക് ട്രെയിന്‍. ഒരേസമയം നിരവധി കമ്പാര്‍ട്ടുമെന്റ് കഷ്ണങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്നതുകണ്ട് ഞാന്‍ അന്തം വിട്ടിരുന്നു. കുര്‍ളയില്‍ ഇറങ്ങി മറ്റൊരു പ്ലാറ്റുഫോമില്‍ പോയി വീണ്ടും കാത്തുനിന്നു. മാന്‍‌കുര്‍ദ് എന്ന ബോര്‍ഡുമായ് മറ്റൊരു ഇലക്ട്രിക് ട്രെയിന്‍ വന്നു. ഞങ്ങള്‍ അതില്‍ കയറി പിന്നെ ഗോവണ്ടി എന്ന സ്റ്റേഷനിലിറങ്ങി.

(തുടരും)

3 comments:

Murali K Menon said...

കൌമാരം - 8ലൂടെ കടന്നു പോകുന്നു. വായിക്കുന്നവര്‍ ക്ഷമിക്കുക....13ലേ അവസാനിക്കൂ.

Aravishiva said...

ചേട്ടന്റെ അടുത്തെത്തിയപ്പോള്‍ മാത്രമാണ്, ഛെ. ടോയ്‌ലെറ്റ് വണ്ടിയുടെ ഉള്ളില്‍ തന്നെയാണെന്നും ഓടേണ്ട ഒരാവശ്യവുമില്ലെന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടായത്...

അതു പൊളിച്ചു.

അടുത്തതും നാളത്തന്നെ പോരട്ടെ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേട്ടന്മാരുടെ ഒരു പട തന്നെ ഉണ്ടല്ലോ മാഷേ ........ബാക്കി കൂടെ വായിക്കട്ടെ