Monday, August 20, 2007

കോമരം പിന്നിട്ട കൌമാരം - 7

ബോംബെ യാത്രക്കുള്ള തയ്യാറെടുപ്പ്

ടിക്കറ്റ് ബുക്ക് ചെയ്ത് ചേട്ടന്‍ വന്നതറിഞ്ഞതു മുതല്‍ മനസ്സ് സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. അത് പ്രകടിപ്പിച്ചത് അമ്മ എന്തു പറഞ്ഞാലും അനുസരിക്കുക എന്ന പുതിയ രീതി അവലംബിച്ചുകൊണ്ടാണ്. കുടുംബത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതുണ്ടോ അതിലെല്ലാം പങ്കാളിയായ്. ഇവനെ ബോംബെക്ക് പറഞ്ഞയച്ചാല്‍ ഇവിടത്തെ കാര്യങ്ങളൊക്കെ ആരു നോക്കും എന്നു പറയാവുന്ന ഒരവസ്ഥ വരെയെത്തിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ പറഞ്ഞാല്‍ കേക്കാത്തവനായ് തീര്‍ന്നു. അപ്പഴാണ് അമ്മ എനിക്ക് അടുത്ത ഭീഷണിയുമായ് രംഗത്തെത്തിയത്. പറഞ്ഞത് അപ്പപ്പോ അനുസരിച്ചാ മാത്രേ നിന്നെ ബോംബെക്ക് വിടുള്ളു. ഇല്ലെങ്കില്‍ ഇപ്പ തന്നെ ഞാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറയാം. എന്തിനേറെ പറയുന്നു ബോംബെ എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനുമുകളില്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടന്നു.

അതുവരെ ഒരറ്റമുണ്ടും ഷര്‍ട്ടുമിട്ട് ചെരുപ്പിടാതെ നടന്ന എന്നെ ബോംബെയിലേക്ക് കെട്ടിയെടുക്കുമ്പോള്‍ ഒരു വിധം നല്ല രീതിയില്‍ കൂടെ കൊണ്ടുപോകേണ്ടത് ചേട്ടന്റെ കൂടി ആവശ്യമായതുകൊണ്ട് അതിനെക്കുറിച്ച് ചേട്ടനിങ്ങനെ പറഞ്ഞു, പുതിയ പാന്റും ഷര്‍ട്ടുമൊന്നും വാങ്ങാന്‍ എന്റെ കയ്യില്‍ കാശില്ല. അതോണ്ട്, എന്റെ ഒരു പാന്റ് തല്‍ക്കാലം അറ്റകുറ്റപണികള്‍ നടത്തി അവനെടുത്തോട്ടെ, അതുപോലെ എന്റെ പഴയ ഒരു ഷൂ ചായിപ്പില്‍ കെടക്കുന്നുണ്ട്. അതൊന്നു പോളീഷ് ചെയ്താല്‍ അവനിടാം. ഈ അ റ... റ കു റ... റ പണികള്‍ എനിക്കിഷ്ടമില്ലെങ്കിലും പുതുതായ് ഒന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്നറിയുന്ന ഞാന്‍ അതുകേട്ട പാടെ ചായിപ്പില്‍ പോയി പരതി. പഴയ കുറേ പാട്ടകളും കുപ്പികളും കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ നിന്ന് ഇനിയെന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്ന ആ പുരാവസ്തുവിനെ ഞാന്‍ പുറത്തെടുത്തു. ഏതോ മഴക്കാലത്ത് ഉപേക്ഷിച്ചിരുന്നതുകൊണ്ടാവണം പൂപ്പല്‍ പിടിച്ച് ഷൂവിന്റെ ബ്രൌണ്‍ കളര്‍ ഏതാണ്ട് പൂര്‍ണ്ണമായും മാഞ്ഞിരുന്നുവെന്നു പറയാം. ലേയ്സിനു മുകളില്‍ വഴുവഴുപ്പോടെ ഒരു വെളുത്ത കളര്‍ ഉണ്ടായിരുന്നത് കഴുകിയപ്പോള്‍ പോയി, അത് ഉണങ്ങാനിട്ടു. ഒരു പഴയ തുണിയെടുത്ത് എണ്ണയില്‍ മുക്കി ഷൂ വൃത്തിയാക്കിയപ്പോള്‍ തരക്കേടില്ലെന്നു തോന്നി. കാല് ഒരുവിധം ഷൂവിനകത്തേക്ക് തിരുകി നിന്നപ്പോള്‍ എന്റെ ഉയരം വര്‍ദ്ധിച്ചതറിഞ്ഞ് അല്‍പ്പം സന്തോഷം തോന്നി. ചായിപ്പില്‍ തന്നെ ഒന്നു രണ്ടു ചാല്‍ നടന്നു. അപ്പോള്‍ കാലിന്റെ ചെറുവിരലിനല്‍പ്പം വേദന തോന്നി. അങ്ങേരവിടെ ഞെരുങ്ങീ ഇരിക്കുന്നതിന്റെ വിഷമം അറിയിച്ചതായിരിക്കാം. പക്ഷെ ഇതൊക്കെ ഷൂ ആദ്യമായ് ഇടുന്ന ഒരാള്‍ക്കുണ്ടാവാം എന്ന പൊതു തത്വത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട്, അടുത്ത ഐറ്റമായ പാന്റ്സിന്റെ സ്ഥിതി അറിയാനായ് അമ്മയുടെ അടുത്തു ചെന്നു. അതവിടെ കഴുകി ഉണക്കാനിട്ടീട്ടുണ്ടെന്ന് അമ്മ പറഞ്ഞതനുസരിച്ച്, ചെന്ന് അഴയില്‍ നോക്കി. അവിടെ മുഴുവന്‍ മുണ്ടും സ്ത്രീ ജനങ്ങളുടെ വസ്ത്രങ്ങളും മാത്രമേ കണ്ടുള്ളു. ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ അതാ, എന്റെ ശരീരത്തിന്റെ ഭാഗമാകാന്‍ പോകുന്ന കറുത്ത പാന്റ് ഒരു വലിയ കൊഴിഞ്ഞിലിന്റെ മുകളില്‍ കാലും വിടര്‍ത്തി വെയിലു കായുന്നു. ആ ഒരു സ്റ്റൈല്‍ എനിക്കിഷ്ടമായി. ഓടി ചെന്ന് കയ്യിലെടുത്തപ്പോള്‍ വാതം പിടിച്ചവരെപോലെ രണ്ടുകാലും വിടര്‍ത്തി തന്നെ ഇരുന്നു. ഇനി മടക്കിയാല്‍ ഒടിഞ്ഞാലോ എന്ന് കരുതി തിരിച്ച് മറുവശം പരിശോധിച്ചു. അതിന്റെ മുടിന് അല്പം നര ബാധിച്ച ലക്ഷണം കണ്ടു. ഉം. സാരല്യ. ബോംബെയില്‍ പോയി ജോലി കിട്ടിയാല്‍ ഇഷ്ടമ്പോലെ പാന്റും ഷര്‍ട്ടും വാങ്ങണം മനസ്സില്‍ പറഞ്ഞു. ഇട്ടു നോക്കിയപ്പോള്‍ ലൂസാണ്. ബെല്‍റ്റ് വേണ്ടി വരും ഉറപ്പിച്ചു നിര്‍ത്താന്‍. ഇനിയിപ്പോ ചേട്ടനു‌പോലും ഇല്ലാത്ത ഈ പുതിയ ഐറ്റം വാങ്ങാന്‍ ചേട്ടനോടെങ്ങനെ പറയും.

അമ്മയുടെ അടുത്ത് ചെന്നു പറഞ്ഞു, പാന്റ് ലൂസാണ്. അപ്പോള്‍ അമ്മ പറഞ്ഞു, ഞാനിവിടെ മൊത്തത്തില്‍ ലൂസായിരിക്കാ. അതിന്റെടേലാ, നിന്റെ ഒരു പാന്റ്. ഇപ്പഴേ പാന്റിട്ട് നടക്കാന്‍ പൂവല്ലല്ലോ, അതിനൊക്കെ ഇനീം സമയംണ്ട്. മാത്രോം‌ല്ല, ഭക്ഷണം കഴിക്കാതെ ഇട്ടോണ്ടായിരിക്കും. ഞാനും അത് ശരിവെച്ചു. പക്ഷെ പിന്നീടാണ് ആലോചിച്ചത്, അപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പാന്റ് ഇടുകയും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഊരി വെക്കുകയോ അല്ലെങ്കില്‍ സ്വമേധയാ ഊരിപ്പോകുകയോ ചെയ്യും. ഞാന്‍ വീണ്ടും അമ്മയുടെ അടുത്തു ചെന്നു പറഞ്ഞു, അതേയ്, അതെങ്ങനെ ശരിയാവും, വണ്ടീല് രാത്രീം പകലും കഴിച്ചു കൂട്ടണ്ടതല്ലെ, ബെല്‍റ്റില്ലാണ്ട് ഈ പാന്റിടാന്‍ പറ്റില്ല. അതിനു മറുപടി അത്ര ആശ്വാസകരമായിരുന്നില്ല, വേണംങ്കിലിട്ടാ മതി.. ബെല്‍റ്റും പറഞ്ഞ് നീ അവന്റെ മുന്നിലൊന്നും ചെന്ന് പെടണ്ട, ഞാന്‍ പറഞ്ഞേക്കാം, അവന് പിരി പിടിച്ചിരിക്കാ.... വല്ല സൂചിയെങ്ങാന്‍ എടുത്തി കുത്തി നോക്ക്.. ഞാനൊന്നും മിണ്ടിയില്ല, തിരിച്ചു പോയി വലിയ സൂചി തിരഞ്ഞ് കൊണ്ടുവന്ന് വയറിനോട് ചേര്‍ത്തു പിടിച്ച് കുത്തി. ഹോ കുഴപ്പമില്ല, പിന്നെ പാന്റിന്റെ ചുറ്റും ചുളുങ്ങിയിരിക്കുന്നതിനാല്‍ ഇന്‍സര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന കുഴപ്പം ഉണ്ട്. ഉം സാരമില്ല, എല്ലാം അഡ്ജെസ്റ്റ് ചെയ്യാതെ പറ്റില്ല. അധികം ബലം പിടിച്ചാല്‍ ബോംബെ പോക്ക് നടക്കില്ല.

കാത്തു കാത്ത് ബോംബെക്കുപോകേണ്ട ആ ദിനം വന്നണഞ്ഞു. അക്കാലത്ത് രാത്രി 8 മണിയാവും ജയന്തിജനത (അതായിരുന്നോ അന്ന് ആ തീവണ്ടിയുടെ പേര്? എന്തൊരോ എന്തോ?) കല്ലേറ്റുംങ്കര റെയില്‍‌വേസ്റ്റേഷനില്‍ എത്തുമ്പോള്‍. ഒരു 7 1/4നു ഊണും കഴിഞ്ഞ് ഞാനും ചേട്ടനും ഡ്രസ് ചെയ്തു ഷൂ ധരിക്കുന്നതിനുമുമ്പ് ചേട്ടന്‍ സോക്സ് ഇടുന്ന കണ്ടു, അപ്പോള്‍ ഞാന്‍ ചേട്ടനെ നോക്കി ചേട്ടന്‍ ഒരു ജോഡി എനിക്കും തന്നു. വളരെ സന്തോഷം തോന്നി. പക്ഷെ അത് ധരിച്ചപ്പോള്‍ രണ്ടു കാലിന്റേയും തള്ള വിരല്‍ എന്നെ വിളിച്ചോ എന്ന മട്ടില്‍ പുറത്തേക്ക് തലയിട്ട് എന്നെ നോക്കി. അമ്മ ആരോടോ കടം വാങ്ങിയ ഒരു ചെറിയ എയര്‍ ബാഗില്‍ എന്റെ ഷോര്‍ട്ട് ഹാന്റു പുസ്തകവും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും, എന്റെ പാകമുള്ള രണ്ടുമൂന്നു ഷര്‍ട്ടുകളും, ഒറ്റമുണ്ടും, ലുങ്കിയും ഒക്കെ എടുത്ത് വെച്ച് ബാഗെടുത്ത് തോളത്തിട്ടു നിന്നപ്പോള്‍ ഞാന്‍ സ്വയം ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന തോന്നലായിരുന്നു. ഞങ്ങളെ യാത്രയാക്കുവാന്‍ അച്ഛനും സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അമ്മയുടെ കണ്ണില്‍ ഒരു ചെറിയ നനവ് കണ്ടപോലെ തോന്നി. ചേച്ചിമാരും അനുജത്തിയും ഞങ്ങള്‍ പോയിട്ടുവേണം വല്ലതും വാരി തിന്നു കിടന്നുറങ്ങാനെന്നമട്ടില്‍ നോക്കി നിന്നു. ഞാന്‍ എല്ലാവരോടും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു, ഔപചാരികത പ്രകടിപ്പിക്കാനെന്നമട്ടില്‍ ആരും കരയരുതെന്ന് പറയാനായ് ഞാന്‍ എല്ലാവരേയും നോക്കിയെങ്കിലും ആര്‍ക്കും അത്തരം ഒരു ചിന്ത തന്നെ ഉദിച്ചീട്ടില്ലായിരുന്നു. ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ ചേട്ടന്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ പിന്തിരിഞ്ഞുനോക്കിയതേ ഇല്ല, എനിക്ക് എത്രയും പെട്ടെന്ന് തീവണ്ടിയില്‍ കയറാനുള്ള കൊതിയായിരുന്നു മനസ്സില്‍. മാത്രവുമല്ല എന്റെ വേര്‍പാടില്‍ കരയാത്ത അന്തേവാസികളെ ശ്രദ്ധിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെടാ എന്നും മനസ്സു പറഞ്ഞു.

(തുടരും)

3 comments:

Murali K Menon said...

കൌമാരം 7 വരുന്നു....(ഇതിനി എന്നാണാവൊ എന്റീശ്വരാ അവസാനിക്കാന്‍ പോണത് എന്ന് ആരുടെയെങ്കിലും മനസ്സില്‍ തോന്നിയാല്‍ അതു സ്വാഭാവികം മാത്രം. പേടിക്കണ്ട. ഇപ്പ ശരിയാക്കിത്തരാം... ഒരു 13ല്‍ ഒതുക്കും..)വായിച്ചവര്‍ക്കും, കമന്റിട്ടവര്‍ക്കും, കമന്റിടാത്തവര്‍ക്കും, വായിക്കാത്തവര്‍ക്കും ഒക്കെ നന്ദിയും നമസ്ക്കാരവും...സസ്നേഹം

മുരളി

വേണു venu said...

വായിക്കുന്നു.:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'ഞാന്‍ ഇവിടെ മൊത്തത്തില്‍ ലൂസ് ആണ്. എന്നുള്ള അമ്മയുടെ ഹ്യുമര്‍ സെന്‍സില്‍ നിന്നും എഴുത്തുകാരന്റെ നര്‍മ്മത്തിന്റെ ഉറവിടം മനസ്സിലായി.